വിശ്വനാഥ - രവിചന്ദ്ര യുക്തി വിചാരധാരകളും ഇടതു വിരുദ്ധതയും

സൃഷ്​ടിപരമായും ക്രിയാത്മകമായും ആര് വിമർശനം ഉന്നയിച്ചാലും അതിനെ സ്വീകരിക്കാനും ആത്മവിമർശനം നടത്താനും വിമർശനങ്ങൾ പറഞ്ഞവരെ പ്രതിസ്ഥാനത്തു നിർത്താതിരിക്കാനുമുള്ള കഴിവ് ഇടതുരാഷ്ടീയത്തിൽ നിന്ന്​ അപ്രത്യക്ഷമാകാൻ അതിന്റെ ചരിത്രം അതിനെ അനുവദിക്കാൻ പാടില്ലാത്തതാകുന്നു. അത്തരം വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി പല ഇടതുപക്ഷ സംഘടനകൾക്കും പൊടുന്നനെ നഷ്ടപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെകൂടി സമകാലിക പ്രതിസന്ധിയാണ്.

ഴിഞ്ഞ ഒരു ദശകത്തോളമായി, സമൂഹമാധ്യമങ്ങളുടെ കാലത്ത്, കേരളത്തിൽ യുക്തിവാദത്തിന്റെ വിശാലമായ കുടക്കീഴിൽ പൊതുമണ്ഡലത്തിൽ പ്രവർത്തിച്ച പലരും ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ പലരുമുണ്ട്. ഇവരിൽ മിക്കവരും കേരളത്തിലെ യുക്തിവാദി സംഘം ഉൾപ്പടെയുള്ളവ പിന്തുടർന്നുപോന്നിരുന്ന പരമ്പരാഗത ധാരയിൽനിന്ന് മാറി സഞ്ചരിക്കാനാണ് ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ‘നവ' യുക്തിവാദികൾ രണ്ട്​ ആശയശാഖകളായി വേർതിരിഞ്ഞു സഞ്ചരിക്കുന്നതായി കാണാം.

2022ൽ ഒരേ ദിവസങ്ങളിൽ സമാന്തര സമ്മേളനങ്ങൾ വിളിച്ചു ചേർത്തിരുന്നതുമായി ബന്ധപ്പെട്ട്​ ഈ ധാരകൾ തമ്മിലുള്ള വിയോജിപ്പുകൾ പൊതുമണ്ഡലത്തിൽ ശ്രദ്ധയിൽ വന്നു. അതിൽ സി. രവിചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘എസ്സെൻസ്’ എന്ന സംഘടന പ്രചരിപ്പിക്കുന്ന ആശയധാരയുടെ തീവ്രവലതുപക്ഷ ചായ്​വ്​ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്, യുക്തിവാദത്തിന്റെ പേരിൽ വർഗീയതയുടെ ഒളിച്ചുകടത്തലായി ചിലർ അതിനെ നിരീക്ഷിക്കുന്നുണ്ട്. രണ്ടാമത്തെ ധാരയുടെ - അതിനെ നമുക്ക് ‘മാനവിക യുക്തിവാദം' എന്ന് വിളിക്കാം - കേന്ദ്രബിന്ദു എന്നുപറയാവുന്നത് ഡോ. സി. വിശ്വനാഥനാണ്. ഈ ധാരയുടെ കീഴിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രശാന്ത് അപ്പുൽ, ഇ.എ. ജബ്ബാർ എന്നിവരും പലപ്പോഴും സഹകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വിശ്വനാഥൻ ആണ് വിശദീകരിക്കുന്നത് എന്ന് നിരീക്ഷിച്ചാൽ തെറ്റുണ്ടാവില്ല. രവിചന്ദ്രനിൽ നിന്ന് വ്യത്യസ്തമായി മാനവിക യുക്തിവാദധാരയിൽ മതേതരത്വത്തോടുള്ള അചഞ്ചലമായ യോജിപ്പും മനുഷ്യത്വപൂർണമായ അനുകമ്പ നിറഞ്ഞ രാഷ്ട്രീയ നിലപാടുകളും പ്രകടമാണ്. സഹോദരൻ അയ്യപ്പന്റെ ആശയങ്ങളാണ് തന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്ന് സി. വിശ്വനാഥൻ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്.

സഹോദരൻ അയ്യപ്പൻ

ഈ രണ്ടു ധാരകൾ തമ്മിലുള്ള വലിയ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ഇവ രണ്ടും യോജിക്കുന്ന ഒരു മേഖലയുണ്ട്. കമ്മ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് ഇടതു രാഷ്ട്രീയത്തോടുള്ള തീക്ഷണമായ എതിർപ്പ് എന്നതാണ് അത്. രവിചന്ദ്രന്റെ ‘എസ്സെൻസ്’ എന്ന സംഘടനയും വിശ്വനാഥനും ഒരു മറയുമില്ലാതെ തങ്ങൾ കമ്മ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് വിരുദ്ധരാണ് എന്ന് പല അവസരങ്ങളിലും പ്രഖ്യാപിക്കുന്നുണ്ട്. ‘എസ്സെൻസി’ന്റെ കാര്യത്തിൽ ഈ നിലപാടിന്റെ അടിത്തറ അതിന്റെ തീവ്ര വലതുപക്ഷ നിലപാടുകളുമായി ചേർത്ത് വായിക്കുമ്പോൾ ഏറെക്കുറെ വ്യക്തമാണെങ്കിലും മാനവിക യുക്തിവാദത്തിന്റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ അത്ര വ്യക്തത ഉണ്ടെന്നു കരുതാൻ വയ്യ. മാനവിക യുക്തിവാദധാരയിലെ കമ്മ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് വിരുദ്ധ നിലപാടുകളുടെ വേരുകൾ ചികയാനും, അതിനെ വിമർശനബുദ്ധിയോടെ വിലയിരുത്താനും ആണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

രാഷ്ട്രീയ നിരീക്ഷണവും രാഷ്ട്രീയ ഇടപെടലും

മാനവിക യുക്തിവാദത്തിന്റെ നിലപാടുകൾ ഇന്നത്തെ ജാതീയത, സാമ്പത്തിക അസമത്വം എന്നീ പ്രതിസന്ധികളെ അർത്ഥശങ്കക്കിടയില്ലാതെ അംഗീകരിക്കുന്നുണ്ട്. ജാതീയതയുടെ ചരിത്രപരമായ കാരണങ്ങളെയും അതിനെതിരെ സഹോദരൻ അയ്യപ്പൻ നടത്തിയ വലിയ പോരാട്ടങ്ങളെയും അവർ വിലമതിക്കുന്നുണ്ട്. അംബേദ്കറൈറ്റ് രാഷ്ട്രീയത്തെയും അവർ അനുഭാവപൂർവം തന്നെയാണ് കാണുന്നത്. അതുപോലെ തന്നെ സാമ്പത്തിക അസമത്വം എന്നത് ഒരു അനിവാര്യത അല്ലെന്നും അതൊഴിവാക്കപ്പെടേണ്ടതാണെന്നും അവർ ശക്തമായി വർഷങ്ങളായി പറയുന്നുണ്ട്. ഇത്രയും പറയുമ്പോഴും സാമ്പത്തിക അസമത്വത്തിനെതിരായ ഒരു കാര്യപരിപാടിയെയും അവർ പിന്തുണക്കുന്നില്ല എന്നതിന് പ്രാധാന്യം ഉണ്ട്. സാമ്പത്തിക അസമത്വത്തിനെതിരായ കാര്യപരിപാടികളെക്കുറിച്ചുള്ള ഈ മൗനം മാനവിക യുക്തിവാദത്തിന്റെ ജാതീയതയ്ക്കെതിരായുള്ള നിലപാടിനെയും സാമ്പത്തിക അസമത്വത്തിനെതിരായ നിലപാടിനെയും വ്യത്യസ്തമാക്കുന്നു.

ഡോ. സി. വിശ്വനാഥൻ

ഇന്നത്തെ മുതലാളിത്ത സമൂഹം വേണോ അതോ കൂടുതൽ സാമ്പത്തിക സമത്വം പുലരുന്ന സമൂഹം വേണോ എന്ന് ചോദിച്ചാൽ മാനവിക യുക്തിവാദധാരയുടെ വക്താക്കൾക്ക് രണ്ടാമത്തേതിനോടുള്ള മമത വളരെ പ്രകടമാണ്. എന്നാൽ അങ്ങനെ രണ്ടു സമൂഹങ്ങൾ നമുക്ക് മുന്നിൽ വെച്ച് നീട്ടാൻ ആരുമില്ല തന്നെ. അതിനാൽ ഇന്നത്തേതിൽ നിന്ന് കൂടുതൽ സാമ്പത്തിക സമത്വത്തിലേക്കു പോകാൻ എന്ത് രാഷ്ട്രീയമാണ് വേണ്ടത് എന്നതിൽ ഒരു നിലപാടെടുക്കേണ്ട ആവശ്യമുണ്ട്; അതിലാണ് അവരുടെ നിലപാടിൽ വ്യക്തതയില്ലാത്തത്. ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷം മുന്നോട്ടു വെയ്കുന്ന മാർക്‌സിസ്റ്റ് കർമപദ്ധതി വേണം എന്നല്ല ഇവിടെ പറയുന്നത്. സമകാലിക മാർക്‌സിസത്തിന്റെ പ്രയോഗത്തിൽ അടിഞ്ഞു കൂടുന്ന യാന്ത്രികതയും വിയോജിപ്പുകളെ ഭയപ്പെടുന്ന അവസ്ഥയും അധികാര ഭ്രമവും ഒക്കെ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ആ കർമപദ്ധതിയെ പൂർണമായി നിരാകരിക്കുന്നവർ, മാർക്‌സിസ്റ്റ് വിരുദ്ധത പറയുന്നവർ, സാമ്പത്തിക സമത്വം എന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന മറ്റെന്തെങ്കിലും ബദൽ കർമ്മപദ്ധതിയെ പിന്തുണക്കേണ്ടതില്ലേ എന്നതാണ് ഇവിടെ ചോദ്യം.

Photo: Muhammed Fasil

ഇത്തരം ചോദ്യങ്ങൾ മാർക്‌സിന്റെ ജീവിതകാലത്തും ഉണ്ടായിരുന്നതാണ് എന്ന് വേണം കരുതാൻ. മാർക്‌സിന്റെ ശവകുടീരത്തിന്മേൽ എഴുതിവെച്ചിരിക്കുന്ന വരികൾ തന്നെ അന്നത്തെ സമാനമായ ചർച്ചകൾക്ക് ഒരു സാക്ഷ്യപത്രമാണ്, അതിങ്ങനെയാണ്: ‘തത്വചിന്തകർ ലോകത്തെ നാനാരീതികളിൽ വ്യാഖ്യാനിച്ചിട്ടേയുള്ളു, പക്ഷെ, എങ്ങനെ പരിവർത്തനം സാധ്യമാക്കാം എന്നുള്ളതാണ് സാരാംശം' (Philosophers have only interpreted the world in various ways. the point, however, is to change it). രാഷ്ട്രീയകാര്യപരിപാടിയാണ് കേന്ദ്രസ്ഥാനത്തുള്ളത് എന്നാണ് ഇവിടെ മാർക്‌സ് പറഞ്ഞുവെയ്ക്കുന്നത്.

ഒറ്റയും പറ്റവും

മാനവിക യുക്തിവാദ നിലപാടുകളിൽ പലപ്പോഴും പരോക്ഷമായിട്ടാണങ്കിലും കേന്ദ്രസ്ഥാനത്തു കാണുന്ന ഒരു ആശയധാരയാണ് വ്യക്തിപരത അഥവാ വ്യക്തിവാദം (individualism) എന്നത്. രവിചന്ദ്രനും ഈ ആശയത്തോട് മമത പുലർത്തുന്നുണ്ട്; വ്യക്തിയാണ് ഏറ്റവും വലിയ ന്യൂനപക്ഷം' എന്നുപോലും ‘എസ്സെൻസ്’ പരിപാടികളിൽ പറഞ്ഞുകേൾക്കാം. ചരിത്രവൽക്കരണത്തെ നിരാകരിക്കുന്നതും ഈ ലേഖനത്തിൽ തുടർന്ന് വിശദീകരിക്കുന്നത് പോലെ ആഗോള വലതുപക്ഷ വ്യാപനത്തിന് വഴിയൊരുക്കുന്നതുമായ ഈ വ്യക്തിവാദം പ്രാണവായു പോലെ അനായാസം ശ്വസിക്കാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അതിലടങ്ങിയ മാരകവിഷം - വ്യക്തികളുടെ വെറും ഒരു കൂട്ടമാണ് സമൂഹം എന്ന പുതിയ ‘പരമസത്യം' - ഭരണകൂടങ്ങളും അങ്ങാടിയും മതങ്ങളും മാധ്യമങ്ങളും സുഗന്ധം ചേർത്ത് വിതരണം ചെയ്യുന്നുമുണ്ട്.

നമുക്ക് മാനവിക യുക്തിവാദത്തിലേക്കു മടങ്ങിവരാം. അതിൽ സഹോദരൻ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും കടമെടുത്തുകൊണ്ടു വ്യക്തിസ്വാതന്ത്ര്യം എന്നതിനെ വിശ്വനാഥൻ ഊന്നിപ്പറയുന്നുണ്ട്. ഇടതു-വലതു പക്ഷങ്ങളെ വേർതിരിക്കുന്ന നാല് ആശയസംഘർഷങ്ങളിൽ ഒന്ന് സ്വയംനിർണയം- ഗോത്രീയത എന്നതാന്നെനും നിരീക്ഷിക്കുന്നുണ്ട്; മറ്റുള്ളവ: പുരോഗമനവാദം- സ്ഥിരതാവാദം, തുല്യത- ശ്രേണീബദ്ധത, യുക്തിചിന്ത-യുക്തിയേതരചിന്ത. വലതു പക്ഷം ഗോത്രീയതയെ സ്വീകരിക്കുമ്പോൾ ഇടതുപക്ഷം സ്വയം നിർണയം എന്ന ആശയത്തോട് ആഭിമുഖ്യം പുലർത്തണം എന്നതാണ് വാദം. സമാനമായ രീതിയിൽ അവർ ഒറ്റ-പറ്റം എന്ന വർണ്ണരാജിയെയും കാണുന്നത്. തുടർന്നുള്ള നിരീക്ഷണമാണ് കമ്മ്യൂണിസം എന്നതിനെ തങ്ങൾ ഒരു പുതിയ ഗോത്രീയതയായി കാണുന്നു എന്നത്, അതിലൂടെ മാനവിക യുക്തിവാദത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ ഉൾക്കൊള്ളിക്കുന്നതിന്റെ യുക്തിഭദ്രതയും താത്വവിക അടിത്തറയും അവർ പറയാതെ പറയുന്നു. ഇങ്ങനെ പരോക്ഷമായി പറയുന്നത് കൂടാതെ പ്രത്യക്ഷമായി തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് എടുത്തുപറയാൻ മടികാട്ടാത്തവരാണ് മാനവിക യുക്തിവാദധാരയിലെ പല പ്രാസംഗികരും. ഈ തീവ്ര കമ്മുണിസ്റ്റു വിരുദ്ധത ഇന്ത്യൻ ഉപഭൂഖന്ധത്തിൽ വാളയാർ ചുരം കഴിഞ്ഞാൽ എന്തായി മാറും എന്ന ചോദ്യവും ഈക്കൂട്ടർ സ്വയം ചോദിക്കേണ്ടതാണ് എന്ന് തോന്നുന്നു.

മാർഗരറ്റ് താച്ചർ, അരിസ്റ്റോട്ടിൽ

മതങ്ങൾ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളുടെ സമൂഹപ്രാർത്ഥനകൾ, സൃഷ്ടിക്കുന്ന ഒരു കൂടിച്ചേരലിന്റെ അന്തരീക്ഷമുണ്ട്. ശക്തങ്ങളായ മതങ്ങളുടെ ചട്ടക്കൂടുകൾ ഭേദിച്ചു വ്യക്തികളായി ഇറങ്ങിവരുന്നവരെ കമ്മ്യൂണിസ്റ്റ് കാര്യപരിപാടി സമത്വത്തിലൂന്നിയ ഒരു രാഷ്ട്രീയപദ്ധതിയുടെ കുടക്കീഴിൽ ഒരു പുതിയ കൂടിച്ചേരലിന്റെ അന്തരീക്ഷത്തിൽ ഉൾക്കൊണ്ടിരുന്നു എന്നത് ചരിത്രം. ഇന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന്റെ പകിടകളി ആണ് എന്നതും ശരിയാകാം. പക്ഷേ ആഗോള ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ തൊഴിലാളി യൂണിയനുകളും സഹകരണ സംഘങ്ങളും പല പരിമിതികളോടും തന്നെ വേറിട്ട പറ്റം ചേരലുകളായിരുന്നു. ഇന്നും എല്ലാ സാമൂഹിക ബദൽ ചെറുത്തുനിൽപ്പുകളിലും വേറിട്ട കൂടിച്ചേരലുകളുടെ അംശങ്ങളുണ്ട്, പറ്റങ്ങൾ ഉണ്ട്. പക്ഷെ, കൂടിച്ചേരലാണ് രണ്ടിടത്തും എന്നതുകൊണ്ട് എങ്ങനെയാണ് ഈ രണ്ടു കൂടിച്ചേരലും ഒരേ തരത്തിലാവുക. മതപരമായ പറ്റങ്ങളിൽ സദാചാര നിയമങ്ങൾ ആണുള്ളതെങ്കിൽ, തൊഴിലാളി യൂണിയനുകളിൽ സാഹോദര്യവും വർഗ്ഗപരമായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളും പ്രധാനമാണ്. ഒന്ന്, മനുഷ്യനെ ദൈവനിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭയപ്പെടുത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നെങ്കിൽ, മറ്റേതു മനുഷ്യർക്ക് ആശയങ്ങൾ പങ്കുവെക്കാനും പ്രശ്‌നങ്ങൾ വിശകലന വിധേയമാക്കി ഭേദപ്പെട്ട ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സാധ്യമാക്കുകയുമാണ് ചെയ്യുന്നത്. എങ്ങനെയാണ് ഇവ രണ്ടും വെറുക്കപ്പെടേണ്ട ഗോത്രീയതയുടെ രണ്ടു മാതൃകകൾ ആണ് എന്ന് പറയാനാവുക.

ഇടതുരാഷ്ട്രീയത്തിലെ കൂട്ടായ്മകളുടെ പ്രാധാന്യം മനസ്സിലാക്കാൻ നമുക്ക് ഏറെയൊന്നും കഷ്ടപ്പെടേണ്ടതില്ല. മനുഷ്യൻ ഒരു സാമൂഹികജീവിയാണെന്ന്​അരിസ്റ്റോട്ടിൽ മുതൽ പലരും പറഞ്ഞിട്ടുണ്ടെങ്കിൽ മനുഷ്യൻ സാമൂഹ്യബന്ധങ്ങളുടെ സഞ്ചയം ആണെന്ന് പറഞ്ഞത് മാർക്‌സ് ആണ്. ഇവരാരും പറഞ്ഞില്ലെങ്കിൽ തന്നെയും നമുക്ക് അറിയാത്തതല്ല സാമൂഹ്യജീവിതത്തിനു മനുഷ്യജീവിതത്തിൽ ഉള്ള പ്രസക്തി. ജീവിവംശങ്ങളിൽ ഒന്നിനുപോലും പരാശ്രിതമല്ലാത്ത നിലനിൽപ്പ് സാധ്യമല്ല എന്നത് ഇന്നോളമുള്ള മനുഷ്യ ജീവിയുടെ കാര്യത്തിൽ പ്രത്യേകിച്ചും പരമമായ ഒരു ജിവിത യാഥാർഥ്യമാണ്. ഭരണകൂടവും വിപണിയും മതങ്ങളും മാധ്യമങ്ങളും ഒന്നു ചേർന്ന് പരുവപ്പെടുത്തിയ വ്യക്തികൾ തുരുത്തുകളായി മാറുന്ന സാംസ്‌കാരിക പരിസരം ലോകമാകെ വ്യാപിക്കുകയാണ്, യുവാക്കളിലെ വർദ്ധിക്കുന്ന വിഷാദരോഗത്തിനും മാനസികപ്രശ്‌നങ്ങൾക്കും കുത്തഴിഞ്ഞ ജീവിത ക്രമങ്ങൾക്കും ഈ സാംസ്‌കാരിക പരിസരം ഒരളവുവരെ കാരണമാകുന്നുമുണ്ട്. ഈ അവസ്ഥ ആരെയും വിഷമിപ്പിക്കേണ്ടതാണ്. ഇതൊരു വലിയ പ്രതിസന്ധിയായി വളരുന്ന സമകാലിക ലോകത്ത് വ്യക്തിവാദത്തെ ചരിത്രവൽക്കരിക്കുന്ന ഒരു ദൗത്യമാകണം പുരോഗമനചിന്തകരിൽ നിന്നുണ്ടാവേണ്ടത്. അന്യോന്യതയും കൂടിച്ചേരലുകളും മനുഷ്യജീവിതത്തിൽ അനിവാര്യമാണ് എന്ന വസ്തുത നമ്മുടെ മുന്നിലുള്ളപ്പോൾ പറ്റങ്ങളെ തള്ളിക്കളയുന്ന യുക്തിവാദം സന്തുലിത ജീവിതത്തിന് ഉതകുന്നതല്ല.

ഒറ്റയും പറ്റവും എന്ന വേർതിരിവിൽ ഒരുപക്ഷെ മാനവിക യുക്തിവാദികൾ ഉദ്ദേശിക്കാതെ കടന്നുവരുന്ന മറ്റു ചിലതു കൂടിയുണ്ട്. സമൂഹത്തിലെ വ്യക്തികൾ തമ്മിലുള്ള കൊടുക്കൽ- വാങ്ങലുകൾ, അന്യോന്യത എന്നിവയുടെ വിലകുറച്ചു കണ്ട്​ വെറും വ്യക്തികളുടെ ഒരു കൂട്ടമായിട്ട് കാണാനാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ താല്പര്യം. ഇന്നത്തെ നവലിബറൽ കാലത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും വലതുപക്ഷ നേതാവുമായിരുന്ന മാർഗരറ്റ് താച്ചർ ഒരിക്കൽ പറഞ്ഞത്, ‘സമൂഹം എന്നൊന്നില്ല' (there is no such thing as Society) എന്നാണ്, കൃത്യമായ വ്യക്തിവാദം തന്നെയാണ് താച്ചർ പറഞ്ഞുവെയ്ക്കുന്നത്. നാം ഉൾപ്പെടുന്ന സമൂഹത്തിൽനിന്ന്​ വേറിട്ട രീതിയിൽ നാം തീരുമാനങ്ങൾ എടുക്കുമ്പോൾ - അതിപ്പോൾ അടുത്തുള്ളതും പരിചയമുള്ളതും ആയ പലചരക്കുകടയിൽ പോകുന്നതിനു പകരം കുറച്ചു വിലക്കുറവ് തേടിപ്പിടിച്ചു ദൂരെയുള്ള വലിയ സൂപ്പർമാർക്കറ്റിൽ പോകുന്നതുപോലും ആവാം - സമൂഹം എന്നത് വെറും വ്യക്തികളുടെ കൂട്ടമായി പൊടുന്നനെ മാറുന്നു, സാമൂഹിക ബന്ധങ്ങൾ തകരുന്നു. അത്തരം മാറ്റങ്ങൾ വിപണികേന്ദ്രീകൃത സമ്പദ്വ്യവസ്ഥയിലേക്കുള്ള വഴികൾ തന്നെയാണ് വെട്ടുന്നത്, വലതുരാഷ്ട്രീയം തന്നെയാണ് കടന്നുവരുന്നത്. വ്യക്തിവാദം വ്യാപിച്ചതിനോടൊപ്പം ഭരണകൂടങ്ങളും വിപണിയും മതങ്ങളും മാധ്യമങ്ങളും ഇതിന്റെ പ്രചാരകർ ആയിരിക്കുന്നു. ബദലുകളെക്കുറിച്ചുള്ള ചിന്തകൾ പോലും വിരളമാവുന്നതു അസ്വസ്ഥത ജനിപ്പിക്കുന്നു.

സമകാലിക ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി കരുതാവുന്നത് മനുഷ്യൻ നടത്തുന്ന പരിസ്ഥിതി ചൂഷണവും കാലാവസ്ഥാവ്യതിയാനവും ആണെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നുണ്ട്. മുതലാളിത്തം സൃഷ്ടിച്ച ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ ആദ്യം നാം മനസ്സിലാക്കേണ്ടത്, നമ്മുടെ ജീവിതം പുലരുന്നത് മറ്റു മനുഷ്യരുമായിട്ടുള്ള ബന്ധങ്ങളെ ആശ്രയിച്ചു മാത്രമല്ല, മറ്റു ജീവജാലങ്ങളുമായും പ്രകൃതിയുമായും ഉള്ള അന്യോന്യതയിൽ കൂടിയാണ് എന്നതാണ്. വ്യക്തികേന്ദ്രീകൃത നിലപാടുകളുടെ വലിയ ഒരു പോരായ്മ അവയ്ക്കു നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ പരിസ്ഥിതി പ്രതിസന്ധിയെ അഭിസംബോധന ചെയ്യാനുള്ള പദസഞ്ചയമോ ആശയവിശാലതയോ മനസ്സിന്റെ വ്യാപ്തിയോ ഇല്ലെന്നുള്ള വസ്തുതയാണ്. ഇവിടെയാകണം പരിസ്ഥിതി വാദികളും യുക്തിവാദികളും വ്യക്തിവാദികളും തങ്ങളുടെ ശങ്കുചിത താല്പര്യങ്ങൾക്ക് ഉപരിയായി വി ടി ഭട്ടതിരിപ്പാടിനെയും, കുറ്റിപ്പുഴയേയും സഹോദരൻ അയ്യപ്പെനേയും പോലുള്ളവർ ഉയർത്തിപ്പിടിച്ച സാമൂഹികതയുടെ മർമം നെഞ്ചോട് ചേർത്ത് വെക്കേണ്ടത്.

ഇടതുപക്ഷ സംഘടനകളും ജനാധിപത്യവും

ഇടതുപക്ഷ സംഘടനകളെക്കുറിച്ച് പലരും പറയാറുള്ള ഒരു വിമർശനം, അവയിൽ ജനാധിപത്യത്തിന്റെ അഭാവമുണ്ട് എന്നതാണ്. ഒരുപക്ഷെ ഗോത്രീയത എന്ന് മാനവിക യുക്തിവാദികൾ പറയുന്നതിൽ അതും ഉൾപ്പെടുന്നുണ്ടാവും. ഇടതുപക്ഷ സംഘടനകൾ പൊതുവെ തീരുമാനം എടുക്കുന്നതിൽ കേന്ദ്രീകൃത ജനാധിപത്യം (democratic centralism) എന്ന രീതിയാണ് അവലംബിക്കുന്നത്; പൊതുവെ അതിനെ ലെനിനിസം എന്നും പറയാറുണ്ട്. അതിന്റെ ചട്ടക്കൂടിൽ തീരുമാനം എടുക്കുന്നതിനു മുമ്പുവരെ ചർച്ചകൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ടെങ്കിലും, തീരുമാനത്തിലെത്തിയശേഷം എല്ലാവരും തീരുമാനത്തെ പിന്തുണയ്ക്കണം എന്നതാണ് രീതി. വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനും ഒരു സമയപരിധി നിശ്ചയിക്കുന്നത് യുക്തിരഹിതമല്ലേ എന്നും, വിഷയത്തിലെ തീരുമാനം എടുത്തതിനുശേഷം വെളിച്ചത്തു വരുന്ന വിവരങ്ങൾ വെച്ചുള്ള വിയോജിപ്പുകൾ പരിഗണിക്കപ്പെടേണ്ടേ എന്നും ന്യായമായും ചോദിക്കാം. അതിനുള്ള അവരുടെ ഉത്തരം നിലവിലെ വ്യവസ്ഥക്കെതിരെ പൊരുതുന്ന സംഘടനയുടെ ചലനശേഷി നിലനിർത്താനുള്ള കെട്ടുറപ്പിനായി കേന്ദ്രീകൃത ജനാധിപത്യം ഉപകരിക്കുന്നുണ്ട് എന്നാവും. ചർച്ചയോടൊപ്പം തന്നെ പ്രാധാന്യമുള്ള കർമപദ്ധതിയുടെ നിർവ്വഹണം എന്ന ദൗത്യത്തിനോട് നീതി പുലർത്താൻ ചില വിട്ടുവീഴ്ചകൾ ആവശ്യമായി വരും എന്നും ഉത്തരം വരാം. ഈ ഉത്തരങ്ങളുടെ ശരി തെറ്റുകൾ വിശകലനം ചെയ്യുവാൻ ഇവിടെ ഒരുമ്പെടുന്നില്ല. ഇവിടെയും കുഴപ്പം പ്രശ്‌നപരിസരം വാളയാർ ചുരത്തിനു അപ്പുറമോ ഇപ്പുറമോ എന്നതാകും!

എല്ലാ സംഘടനാസമ്പ്രദായങ്ങളിലും ജനാധിപത്യപരമായ വിയോജിപ്പുകളും ചർച്ചകളും കൂടുതൽ ഉണ്ടാവേണ്ടതുണ്ട് എന്നാരെങ്കിലും പറഞ്ഞാൽ അയ്യോ എന്ന് നിലവിളിക്കാൻ തോന്നും. സൃഷ്​ടിപരമായും ക്രിയാത്മകമായും ആര് വിമർശനം ഉന്നയിച്ചാലും അതിനെ സ്വീകരിക്കാനും ആത്മവിമർശനം നടത്താനും വിമർശനങ്ങൾ പറഞ്ഞവരെ പ്രതിസ്ഥാനത്തു നിർത്താതിരിക്കാനുമുള്ള കഴിവ് ഇടതുരാഷ്ടീയത്തിൽ നിന്ന്​അപ്രത്യക്ഷമാകാൻ അതിന്റെ ചരിത്രം അതിനെ അനുവദിക്കാൻ പാടില്ലാത്തതാകുന്നു. അത്തരം വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി പല ഇടതുപക്ഷ സംഘടനകൾക്കും പൊടുന്നനെ നഷ്ടപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെകൂടി സമകാലിക പ്രതിസന്ധിയാണ്.

ജനാധിപത്യകമ്മിയുടെ വിമർശനങ്ങൾ ലെനിനിസ്റ്റ് സംവിധാനങ്ങളുടെ നേർക്ക് നീളുമ്പോൾ, ഒട്ടുമേ ജനാധിപത്യമില്ലാത്ത ഒന്നോ രണ്ടോ പേർ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളെയും സ്വാഭാവികമായും വിമർശനവിധേയമാക്കേണ്ടതുണ്ട്. നിർഭാഗ്യകരമായ വസ്തുത, പല സംഘടനകളിലും അപ്രമാദിത്യമുള്ള വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളിൽ ജനാധിപത്യപരമായ യോജിപ്പും വിയോജിപ്പും നഷ്ടമാകുന്നു എന്നു മാത്രമല്ല, ഭിന്നത ഇല്ലാതിരിക്കുകയാണ് ജനാധിപത്യം എന്ന ചിന്ത കൂടി മുഖ്യധാരാവൽക്കരിക്കപ്പെടുന്നുണ്ട് എന്നതാണ്.

ഗോത്രീയതയുടെ മാനങ്ങൾ

ഗോത്രീയത എന്ന വാക്ക് ഇന്ന് മുഖ്യധാരാ ചർച്ചകളിൽ പലപ്പോഴും അവജ്ഞ നിറഞ്ഞ രീതിയിലാണ് ഉപയോഗിക്കുന്നത്. ഗോത്രീയത എന്നാൽ ട്രൈബലിസം. മാനവിക യുക്തിവാദസംഭാഷണങ്ങളിൽ ഗോത്രീയതയെ heteronomy എന്ന വാക്കായി ചിലപ്പോഴെങ്കിലും പരിഭാഷപ്പെടുത്തുന്നുണ്ടെങ്കിലും ബാഹ്യ ശക്തികളെ ഈ പ്രയോഗത്തിൽ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാണ് എന്നുള്ളത് കൊണ്ട് ട്രൈബലിസം എന്ന പരിഭാഷയാണ് കൂടുതൽ അനുയോജ്യം എന്ന് ഇവിടെ ലേഖകർ കരുതുന്നു. ട്രൈബൽ സമൂഹങ്ങൾ അപരിഷ്‌കൃതരല്ലേ, അവരെപ്പോലെയാകരുത് എന്ന് വ്യംഗ്യം. ഗോത്രങ്ങളിൽ ഒരു മൂപ്പന്റെ വാഴ്ചയാണ് നടക്കുന്നത്, അവിടെ വിയോജിപ്പ് പ്രകടിപ്പിച്ചാൽ നാടുകടത്തി കളയും എന്ന് നമ്മുടെ പല സിനിമകളും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഇതെല്ലാം അത്യാധുനിക വ്യക്തിവാദം കല്പിത ചരിത്രധാരണകളിൽ നിർമിക്കുന്നവയാകാം. പൊതുവിൽ ജ്ഞാനോദയ പൂർവ്വ സാമൂഹികഘടനകളോട് കേവല-മാനവിക യുക്തിവാദങ്ങൾക്ക് തീരെ പ്രതിപത്തിയില്ല എന്ന് നിരീക്ഷിച്ചാൽ തെറ്റുണ്ടാവില്ലെന്നു കരുതുന്നു.

എന്നാൽ ഗോത്രീയതയുടെ യാഥാർഥ്യം എന്താണ്? അത് മനസ്സിലാക്കാൻ അൽപം പിന്നോട്ട് പോവേണ്ടതുണ്ട്. നമുക്ക് രണ്ടായിരം വർഷം പിന്നിലേക്ക് പോയാലോ. അന്ന് മധ്യകേരളത്തിലെ പട്ടണം എന്ന ഇന്നത്തെ തീരദേശ ഗ്രാമം ഒരു തുറമുഖമായിരുന്നു. ലോകത്തിലെ അനേകം സംസ്‌കാരങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്ന ഇന്ത്യൻ ഉപഭൂഖന്ധത്തിന്റെ സുപ്രധാന തുറമുഖം. പട്ടണം ജനത എല്ലാ അർത്ഥത്തിലും ഗോത്രജനതയായിരുന്നു. ആദിമ കേരളമാകെയും. ഇന്ത്യൻ മഹാസമുദ്രത്തിനും സഹ്യപർവത നിരകൾക്കും ഇടയിൽ 44 പുഴകളും അവയുടെ കൈവഴികളും എണ്ണമറ്റ നീർച്ചാലുകളും വെള്ളക്കെട്ടുകളും ചതുപ്പുകളും തടാകങ്ങളും കായലുകളും അഴിമുഖങ്ങളും തീർത്ത മഴക്കാടുകളുടെ തുരുത്തുകളായിരുന്നു ആദിമ ചേരനാട്. ഉഷ്ണമേഖലയിലെ നിത്യഹരിത മഴക്കാടുകളിൽ കാണുന്ന നാനാവിധ സസ്യങ്ങളുടെ പരസ്പരപൂരകങ്ങളായ ഇഴചേർന്ന ജീവിതം പോലെ പലവിധ രീതിയിൽ ജീവിതം മുന്നോട്ടു നയിച്ചിരുന്ന മനുഷ്യർ പരസ്പരം ആശ്രയിച്ചു ജീവിച്ചു പോന്നു. പ്രകൃതിയുടെ വിഭവശേഷിയായിരുന്നു അവരുടെ കരുത്ത്. ചേര രാജാക്കന്മാർ മുതൽ മീൻ പിടിക്കുന്നവരും നാൽക്കാലികളെ വളർത്തിയവരും ലോഹപ്പണിക്കാരും തടിപ്പണിക്കാരും വൈദ്യന്മാരും കച്ചവടക്കാരും വഞ്ചിക്കാരും കൃഷിക്കാരും നെയ്തുകാരും ചെത്തുകാരും വാറ്റുകാരും കവികളും ചിന്തകരും വാദ്യമേളക്കാരും ഒന്നുചേർന്ന് ജീവിച്ച ഒരു മഹാ പെരുമയുടെ കാലമാണ് പട്ടണം ഉത്ഖനനങ്ങൾ നമുക്ക് മുന്നിൽ വരച്ചുകാട്ടുന്നത്.

മാർക്സിന്റെ ശവകുടീരത്തിലെ ആലേഖനം

അത്ഭുതകരമായ നാഗരിക ജീവിത്തിനുടമകളായിരുന്നു അവർ. അവരുടെ ജീവൽസാഹചര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. ഇന്നത്തെ കോൺക്രീറ്റ് റിങ്ങുകൾക്കു പകരം അവരുടെ കിണറുകൾ കളിമൺ റിങ്ങുകളായിരുന്നു. സ്വകാര്യത മാനിക്കുന്ന ശുചിമുറികളും ഒന്നാംതരം വെന്ത ഇഷ്ടികയിൽ പണിത ഓടിട്ട കെട്ടിടങ്ങളും അവരുടെ പരിഷ്‌ക്രിത ജീവിതത്തിന്റെ ഭാഗമായിരുന്നു. പടക്കോപ്പുകളുടെ അഥവാ ആയുധങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. ഇരുമ്പിന്റെ ഉൽപ്പാദനവും ഉപയോഗമികവും മികവുറ്റ അളവിൽ പട്ടണം കാട്ടിത്തരുന്നുണ്ട്. ഇരുമ്പിനുപുറമെ ചെമ്പ്, സ്വർണം, ഈയം എന്നീ ലോഹങ്ങളുടെ സാങ്കേതിക വിദ്യകളും അവർക്കറിയാമായിരുന്നു. പരുത്തിവസ്ത്രം നെയ്യാനും വർണക്കല്ലിൽ മനോഹരമായി കൊത്തുപണി ചെയ്യുവാനും സ്ഫടികത്തിലും സ്വർണത്തിലും, ചെമ്പിലും ആഭരണങ്ങളുണ്ടാക്കുവാനും കഴിവുള്ള അവർ സമീപ - വിദൂര പ്രദേശങ്ങളുമായി വലിയ തോതിലുള്ള വിനിമയങ്ങളിൽ ഏർപ്പെട്ടിരുന്നു. പട്ടണത്തുനിന്ന് ലഭിച്ച 45 ലക്ഷത്തിലധികം മൺപാത്ര കഷ്ണങ്ങളിൽ 1.40 ലക്ഷം പാത്രകഷ്ണങ്ങൾ മെഡിറ്ററേനിയൻ, ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ, ചെങ്കടൽ, ദക്ഷിണ അറേബ്യ, തെക്കൻ ചൈന എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവയാണ്.

അന്നത്തെ ലിഖിത തെളിവുകൾ പരിശോധിച്ചാൽ വകതിരിവും ഉൾനേരും വാത്സല്യവും അനുകമ്പയും നിറഞ്ഞതായിരുന്നു അവരുടെ മനോഭാവങ്ങൾ എന്ന് കാണുവാൻ കഴിയും. മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്റെ ഒരു വരി കടമെടുത്താൽ, അന്നാട്ടിലെ മനുഷ്യരെല്ലാം കവികളായി മാറിയ ഒരു കാലം. സഹോദര്യത്തിലും അന്യോന്യതയിലും അധിഷ്ഠിതമായ അത്തരം ഗോത്രവംശ ജീവിതസാഹചര്യങ്ങളെ നാം ഇന്ന് പരിഷ്‌കാരി ചമഞ്ഞ്​ ഗോത്രീയത പ്രാകൃതമാണ് എന്ന് പറയുന്നതിലെ വിരോധാഭാസം ഒരു സമൂഹം എന്ന നിലയിൽ നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ തിരിച്ചറിവിന്റെയും ബദൽ അന്വേഷണങ്ങളുടെയും സാധ്യതകളെ കേവല യുക്തിവാദം കൊണ്ടും മാനവികതയുടെ പേരിലുള്ള യുക്തിവാദം കൊണ്ടും കുഴച്ചുമറിച്ചില്ലാതാക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ സമൂഹവും പ്രകൃതിയും സന്തുലിതമായി നിലനിൽക്കുവാൻ യുക്തിചിന്തക്കൊപ്പം സമഗ്രതയിലും സൂക്ഷ്മതയിലുമുള്ള വിശകലന ശേഷിയും അപരാനുകമ്പയും സ്വയം നിർണയാവകാശവും സർഗാത്മകതയുടെ വെളിച്ചവും ആവശ്യമാണ്. ആദിമ മനസ്സിന്റെ വകതിരിവും വാത്സല്യവും അനുകമ്പയും ഉൾനേരും, ചിന്താശക്തിയുള്ളവരെ ഓർമപ്പെടുത്തുന്നതും എളിമയുടെ ആ ചരിത്രമാകണം.

ഉദ്ദേശം രണ്ടായിരം വർഷം മുമ്പെഴുതപ്പെട്ട പുറനാന്നൂറ് എന്ന കാവ്യസമാഹാരത്തിലെ 192- മത് കവിത എഴുതിയത് കണിയൻ പൂൻകുട്രനാർ എന്ന കവിയാണ്. പറ്റംചേർന്നുള്ള അന്നത്തെ ഗോത്രജീവിത സാഹോദര്യവും ജീവിത വിശകലന രീതികളും ദർശനവും ഇന്നും പ്രസക്തമാണ് എന്ന് തോന്നുന്നു.
ആ കവിതയുടെ മലയാള പരിഭാഷ മലയാളികളുടെ പ്രിയഗായകൻ രമേശ് നാരായണന്റെ സ്വരത്തിൽ കേൾക്കാം

എല്ലാ പട്ടണങ്ങളും എല്ലാവരുടെയും പട്ടണങ്ങളാണ്.
എല്ലാവരും നമ്മുടെ രക്തബന്ധുക്കളും
തോൽവിയോ സമുന്നതിയോ ആരെങ്കിലും നമുക്ക് അയച്ചുതരുന്നവയല്ല
കഷ്ട- ക്ലേശങ്ങൾ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും അങ്ങനെ തന്നെ
മരണത്തിൽ എന്താണ് പുതുമയായുള്ളത്?
ജീവിതം എത്രമേൽ രുചികരമെങ്കിലും
അതിൽ മാത്രം നമുക്ക് മുഴുകുവാനാകുമോ?.
കൊടും ദുരന്തങ്ങൾ വന്നാലും
ഇനി ജീവിതം വേണ്ടാന്ന് കരുതുകയും ആവതില്ല.
മുന്നേ നടന്നവർ പറഞ്ഞ് നമുക്കറിയാം -
ഓരോ ജീവനും ഇല്ലായ്മകളും കഷ്ടതകളും പേറുന്ന
പെരിയ പുഴയിൽ പ്പെട്ട ചെങ്ങാടം പോലെ
ഇടക്കത് പാറകളിൽ തട്ടും.
മിന്നൽപ്പിണരുകൾക്കിടയിലെ ഇരുണ്ട കാർമേഘപ്പാളികളുടെ
തണുത്തുറഞ്ഞ മഴത്തുള്ളികൾ അതിൽ പതിക്കും.
എന്നാലും അത് മുന്നോട്ടു തന്നെ നീങ്ങും.
അതുകൊണ്ടാവും, വലിയവരെ കണ്ട് നാം മതിമറക്കാറില്ല.
എളിയവരെ നിസാരമായി കരുതാറുമില്ല.

Comments