മനുഷ്യർക്ക് ആശയവിനിമയത്തിന് ഭാഷ ഉണ്ടായിത്തീർന്നത് എങ്ങനെയാണ്? അവർ ഒരു നിൽപ്പുജീവിയായി മാറുകയും അതിലൂടെ കൈകൾ സ്വതന്ത്രമാവുകയും അങ്ങനെ അധ്വാനം (labour) മനുഷ്യജീവിയുടെ മൗലികസ്വഭാവമായിത്തീരുകയും ചെയ്തതോടെയാണ് ഇതു സംഭവിച്ചത് എന്ന് നരവംശശാസ്ത്രകാരന്മാർ കരുതുന്നു.
അധ്വാനത്തിലൂടെ കൈകൾ സ്വതന്ത്രമായതാണെന്നും, അങ്ങനെയാണ് തലച്ചോർ വികസിച്ച് നാം ഇന്നത്തെ മനുഷ്യനായിത്തീർന്നതെന്നും അഭിപ്രായമുണ്ട്. അങ്ങനെ മനുഷ്യർ പ്രകൃതിയുടെ നിയമങ്ങളിൽ നിന്ന് ഭാഗികമായെങ്കിലും സ്വതന്ത്രമാവുകയോ, അതല്ലെങ്കിൽ അന്യവൽക്കരിക്കപ്പെടുകയോ ചെയ്തു. അവർ തലയുയർത്തിപ്പിടിച്ച് ചുറ്റും നോക്കുകയും, ആകാശം കാണുകയും, കണ്ണു തുറക്കുകയും, നോട്ടമുറയ്ക്കുകയും, സഹജീവികളെ കാണുകയും ചെയ്തു. സഹജീവികളുമായുള്ള ബന്ധത്തിലൂടെ മാത്രം നിലനിൽപ്പുള്ള ഒരു സാമൂഹിക ജീവിയായിത്തീരുകയും, പ്രകൃതിയുടെ മൗനത്തിൽ വിലയിച്ച മൃഗജീവിതത്തിൽ നിന്ന്, ഭാഷയിലൂടെ വിനിമയം നടത്തിക്കൊണ്ട്, ഭാഷണം ചെയ്തുകൊണ്ട്, പരസ്പരം ആശ്രയിച്ചു നിൽക്കേണ്ട അനിവാര്യമായ സാമൂഹ്യജീവിതം അവർക്കു ലഭിക്കുകയും ചെയ്തു.
ഈ പ്രക്രിയ ഉൽപാദനത്തിന്റെ വിവിധ ഉപകരണങ്ങൾക്ക് ജന്മം നൽകിയതിലൂടെ സങ്കീർണഘടന കൈവരിക്കുകയും, വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും, വാക്കും വരയും കൊണ്ട്, ആശയവിനിമയം നടത്തുന്ന ജീവിയായി മനുഷ്യൻ പരിവർത്തിക്കുകയും ചെയ്തുവത്രേ. അങ്ങനെ ഒരു ഭാഷാശാസ്ത്രം രൂപം കൊണ്ടു. വസ്തുതാഖ്യാനവും (propositional function) ഭാവിയെ സംബന്ധിച്ച വാഗ്ദാനവും (illocutionary function) അടങ്ങുന്ന ഒരു ഭാഷാവ്യവഹാരം നിലവിൽവന്നു. ഭാഷാ വിനിമയത്തിന്റെ യുക്തിയെയും അതിൽ വന്നുചേരാവുന്ന അയുക്തിയെയും സംബന്ധിച്ച തന്റെ അന്വേഷണങ്ങളിൽ നിന്നാണ് ജർമൻ തത്വചിന്തകനായ ഹേബർമാസ് പൊതുമണ്ഡലം (public sphere) എന്ന പരികൽപ്പന മുന്നോട്ടുവയ്ക്കുന്നത്.
ആധുനികതയുടെയും അതിന്റെ വ്യവഹാരരൂപമായി സങ്കൽപ്പിക്കപ്പെടുന്ന ജനാധിപത്യത്തെയും സാധ്യമാക്കുന്നത്, ഈ പൊതുമണ്ഡല രൂപീകരണമാണെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു. പലനിലയിൽ ജനാധിപത്യത്തിന് വെല്ലുവിളി വീഴുകയും, പൊതുമണ്ഡലം അപകടപ്പെടുകയും ചെയ്ത, ആധുനികാനന്തര യൂറോപ്യൻ പരിതസ്ഥിതികളിൽനിന്ന്, ജനാധിപത്യത്തെയും പൊതുമണ്ഡലത്തെയും തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന നിർദ്ദേശമാണ് ഹേബർമാസിന്റെ കൃതികൾ നിർദ്ദേശിക്കുന്നത്. യൂറോപ്പിനെ ഫാഷിസം ഗ്രസിച്ച ഇടവേളകളിൽ നിന്നാണ്, ഫ്രാങ്ക്‌ഫർട് സ്കൂൾ ചിന്തകനായ ഹേബർമാസ് തന്റെ ആശയങ്ങൾ മുന്നോട്ടുവെക്കുന്നത്.

യുക്തി ഒരു ഉപകരണയുക്തിയായി (instrumental rationality) അധഃപതിക്കുകയും, മനുഷ്യന്റെ സാമൂഹ്യവ്യവഹാരങ്ങൾ മുച്ചൂടും പണവും കൊമേഴ്സും അധികാരതാൽപര്യവും കയ്യാളാൻ തുടങ്ങുകയും ചെയ്ത, കൊളോണിയൽ അധിനിവേശങ്ങളുടെ യുഗത്തിലാണ്, ഹേബർമാസിന്റെ ചിന്തകൾ പരികല്പന കൈവരിക്കുന്നത്. അധികാരികൾക്കും ഏകാധിപതികൾക്കും കൈകാര്യം ചെയ്യാനുള്ള ഒരു കേവല ഉപകരണമായി കണ്ട്, യുക്തിയുടെ യുഗം (age of reason) അതിന്റെ ഉപകരണയുക്തിയുടെ തലത്തിൽ, ആത്മാവിൽ ഇരുമ്പുകഷ്ണങ്ങൾ (Iron in the soul) നിക്ഷേപിക്കപ്പെടുകയും, ജനതയും പൗരസമൂഹവും ഓഷ് വിറ്റ്സ് ക്യാമ്പുകളിലും ഡിറ്റെൻഷൻ സെന്ററുകളിലും തടവുകാരായി (The Reprieve) തീരുകയും ചെയ്ത "സാർത്രിയൻ യുഗ"ത്തെയാണ് ഹേബർമാസും അഭിമുഖീകരിച്ചത്.
ഈ അവസ്ഥയ്ക്ക് പരിഹാര നിർദ്ദേശവുമായി, യുക്തി കയ്യൊഴിയുന്ന പോസ്റ്റുമോഡേൺ യുഗത്തെ പ്രതിരോധിക്കാൻ യുക്തിയെ തന്നെ മുറുകെ പിടിക്കണം എന്നും, "ആധുനികത" അവസാനിച്ച ഒന്നല്ല, അതൊരു തുടർപദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനികതയെ ‘ഡെലിബറേറ്റീവ് ഡെമോക്രസി’ (deliberative democracy) ആയി പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നും, അതിന് ഉപകരണയുക്തിയുടെ (instrumental rationality) വ്യവഹാരത്തിനുപകരം, സംവാദയുക്തിയുടെ (communicative rationality) പുതിയൊരു ഗണത്തെ ഉദ്ഘാടനം ചെയ്യേണ്ടതുണ്ടെന്നും ഹേബർമാസ് പറഞ്ഞു. ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള ആശയവിനിമയത്തിന് ‘സംവാദ യുക്തി’യുടെ പൊതുമണ്ഡലങ്ങൾ ഉണ്ടായിവരേണ്ടതുണ്ടെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജനാധിപത്യത്തിന്റെ കാറ്റേറ്റുണ്ടായ രാഷ്ട്രീയ- സിവിൽ സമൂഹങ്ങൾ, ഇന്ന് അപചയത്തിന്റെയും ജീർണ്ണതയുടെയും മറ്റൊരു യുഗാന്തരമാണ് കുറിക്കുന്നത്. നമ്മുടെ പൊതുമണ്ഡലങ്ങൾ ചുരുങ്ങിപ്പോവുകയും അതില്ലാതാവുകയും ചെയ്യുന്നതിന്റെ ആശങ്കകൾ ഉയരുന്നത്, ഈ സാഹചര്യത്തിലാണ്.
എന്നാൽ സംവാദത്മകവും വിനിമയോന്മുഖവുമായ ഈ പുതിയ യുക്തിയുടെ ഗണം, ഒരു ഭാഷാശാസ്ത്ര പ്രശ്നമാണെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ തിരിച്ചറിയുന്നു. വ്യക്തികൾ തങ്ങളുടെ വളർച്ചയിലൂടെ, സാമൂഹികമായി ആർജ്ജിക്കുന്ന ഭാഷയിലൂടെ രൂപംകൊള്ളുന്ന ഭാഷാപ്രാവീണ്യത്തെ (liguistic competence), സംവാദാത്മക, അല്ലെങ്കിൽ വിനിമയയുക്തിയുമായി (commuicative rationality) ബന്ധിപ്പിച്ചുകൊണ്ടാണ് തന്റെ ആശയം അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. നോം ചോംസ്കിയുടെ ഭാഷാപ്രവീണ സിദ്ധാന്തങ്ങളെ ഇതിനായി അദ്ദേഹം വിമർശനാത്മകമായി സമീപിച്ചുകൊണ്ട് വികസിപ്പിക്കുന്നു. വ്യക്തി, സാമൂഹിക ജീവിതത്തിൽ നിന്നാർജ്ജിക്കുന്ന ഭാഷാവിനിമയപാടവം എന്ന് ചോംസ്കി നിർദ്ദേശിക്കുന്ന ‘ഭാഷാപ്രവീണത’, പക്ഷെ, സാമൂഹികവും മനഃശാസ്ത്രപരവുമായ പല തടസ്സങ്ങളിലൂടെയും അടിച്ചമർത്തലുകളുടെയും (hindrance and repression) കടന്നുപോകുന്നു എന്നതിനാൽ, വിനിമയത്തിനും ഭാഷണത്തിനും പല പരിമിതികളും വന്നുചേരുന്നുണ്ട് എന്നു തിരിച്ചറിയാതെ, ആശയവിനിമയത്തിന്റെയും ഭാഷാപ്രയോഗത്തിന്റെയും പൊതുമണ്ഡല രൂപീകരണത്തിന്റെയും പ്രശ്നത്തെ സമീപിക്കാനാവില്ല എന്നും ഹേബർമാസ് ചൂണ്ടിക്കാണിക്കുന്നു.
‘ഭാഷകർ’ തമ്മിലുള്ള ആശയവിനിമയതുല്യത, കർതൃത്വങ്ങളുടെ (subjectivity) ആന്തരികമായ പൊരുത്തത്തിനും ഹാർമണിക്കും ആവശ്യമുണ്ട് എന്ന തത്വമാണ് ഹേബർമാസ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ, ഇത്തരം ആശയവിനിമയ സന്തുലിതയും സമവായവും തത്വത്തിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. ഇവിടെ ‘ഭാഷകർ’ നേരിടുന്ന ഭാഷാശാസ്ത്രപൂർവ്വമായ (pre linguistic) പല പ്രേരണകളും പ്രശ്നങ്ങളും ട്രോമകളും അടിച്ചമർത്തലുകളും, ശുദ്ധമായ നിലയിലുള്ള ഒരു പൊതുമണ്ഡല സംവാദസ്ഥലിയെ അസാധ്യമാക്കുന്നു എന്ന് ഹേബർമാസ് പറയുന്നു. അപ്പോൾ ആശയവിനിമയം വികലമാകുന്നു. വ്യക്തികളും സവിശേഷ സാമൂഹികവിഭാഗങ്ങളും തമ്മിലുള്ള പൊതുമണ്ഡലസംവാദത്തിന്റെ ആരോഗ്യത്തെ അതു ബാധിക്കുന്നു. പൊതുമണ്ഡലത്തിന് സംഭവിക്കുന്ന ഈ വ്യതിയാനങ്ങൾ, അടിച്ചമർത്തപ്പെടുന്ന അവസ്ഥകളുടെയും, മേധാവിത്വം പുലർത്തുന്ന ശക്തികളുടെയും, കീഴടങ്ങാൻ നിർബന്ധിക്കപ്പെടുന്ന വിഭാഗങ്ങളുടെയും ആശയവിനിമയത്തിന്റെ തോതിനെയും അനുപാതത്തെയും ബാധിക്കുന്നു. അതോടൊപ്പം, രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തികൾ പൊതുമണ്ഡലത്തിന്റെ ശുദ്ധ സംവാദസാധ്യതകളെ വികലമാക്കുകയും ചെയ്യുന്നു.

ഇവിടെ കർതൃത്വങ്ങൾ തമ്മിലുള്ള ആന്തരിക പാരസ്പര്യം വികലമാക്കപ്പെടുന്നു. അവർ തമ്മിൽ പരസ്പരം സംവദിക്കാൻ ഒരു പൊതുഭാഷ നഷ്ടപ്പെടുകയും, വ്യക്തികളും സമൂഹങ്ങളും ഒരുതരത്തിലുള്ള ശിഥിലീകരണത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. അങ്ങനെ പൊതുമണ്ഡലത്തിലെ വ്യക്തികളും ചില സവിശേഷ സമൂഹങ്ങളും, ആശയവിനിമയസാധ്യതകളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നു. പ്രശ്നങ്ങൾ നിഗൂഢവൽക്കരിക്കപ്പെടുകയും, എന്താണ് സംഭവിച്ചത് എന്നു മനസ്സിലാകാത്ത നിലയിൽ വ്യക്തികളും സമൂഹങ്ങളും സ്വയം എത്തിച്ചേരുകയും ചെയ്യുന്നു. വ്യക്തിപരമായ തലത്തിൽ ഇത് ഒരു മനഃശാസ്ത്ര അടിച്ചമർത്തലിന്റെ (psychological repression) തലമാണ് കൈക്കൊള്ളുന്നത്. അത്തരം വ്യക്തികൾ പൊതുമണ്ഡലത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നു. അവർക്ക് പൊതുമണ്ഡലത്തിൽ പെരുമാറാനുള്ള അവരുടെ ഭാഷ കൈമോശം വരുന്നു. വിനിമയം ഭാഷയുടെ ഒരു പ്രച്ഛന്നരൂപം കൈക്കൊള്ളുന്നു. ഇത് സാമൂഹികമായ ഒരു പിളർപ്പ് ഉണ്ടാക്കുന്നു. സമൂഹവുമായി സംവദിക്കാൻ കഴിയാത്ത ആളുകളുടെ എണ്ണം വർദ്ധിക്കുന്നു. സമൂഹം ആഴത്തിലുള്ള മുറിവുകളാൽ ചിന്നഭിന്നമാക്കപ്പെടുന്നു. വ്യക്തി, മനഃശാസ്ത്ര ചികിത്സകന്റെ കൈവശം എത്തുന്നു. എന്നാൽ വ്യക്തികളിൽനിന്ന് വ്യത്യസ്തമായി, സാമൂഹിക വർഗ്ഗങ്ങൾക്ക് വന്നുചേരുന്ന ഇതേ അവസ്ഥ, പ്രശ്നകലുഷിതമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.
ഓരോ സമൂഹങ്ങൾക്കും അവരുടെ പ്രശ്നത്തിന്റ കാരണം, അവരുടെ ബോധത്തിൽ അപൂർവമായി മാത്രം "എത്തിനോക്കുന്ന" ഒന്നായിത്തീരുന്നു. അവരുടെ ഭാഷ അവരുടെ പ്രശ്നങ്ങളെ പ്രകാശിപ്പിക്കാനാവാത്ത വിധം വികലമാകുകയും ചിതറുകയും ചെയ്യുന്നു. പൊതുഭാഷയിൽ നിന്ന് "പ്രശ്നകാരണം" അപ്രത്യക്ഷമാകുന്നതിനുപകരം, ഇത് ബന്ധപ്പെട്ട സവിശേഷസമൂഹത്തിനിടയിൽ, ഒരു സ്വകാര്യ ഭാഷയെ" രൂപീകരിക്കുന്നു. ആ സമൂഹത്തിനുമാത്രം മനസ്സിലാകുന്ന ഒരു ഭാഷ. പിൽക്കാലത്ത് ആ സ്വകാര്യഭാഷ തന്നെ അതിനു മനസ്സിലാകാത്ത സ്ഥിതി വരുന്നു. ആ സമൂഹം പൊതുമണ്ഡലത്തിൽനിന്ന് അപ്രത്യക്ഷമാകുന്നു. മതന്യൂനപക്ഷങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, വയോജനങ്ങൾ, സവിശേഷ തൊഴിൽവിഭാഗങ്ങൾ എന്നിവയ്ക്കെല്ലാം, ഇപ്രകാരം പൊതുമണ്ഡലത്തിൽ ആശയവിനിമയത്തിനുള്ള ഭാഷാനഷ്ടം സംഭവിച്ച് അരികുവൽക്കരണത്തിനു വിധേയമാകുന്നു.
തർക്കം കൊണ്ടും സംവാദം കൊണ്ടും സാഹിത്യം കൊണ്ടും ചർച്ചകൊണ്ടും എഴുത്തുകൊണ്ടും കവിതകൊണ്ടും കല കൊണ്ടും, ഇങ്ങനെ ലഭ്യമായ എല്ലാ ഭാഷാപ്രയോഗങ്ങൾ കൊണ്ടും, യുക്തിയുടെ ഹേബർമാസിയൻ ഭാഷാശാസ്ത്രം സൃഷ്ടിക്കുന്നതിൽ, ആധുനികകാലത്ത് കേരളം ഏറ്റവും മുന്നോട്ടുപോയി.
ഒരു രാഷ്ട്രത്തിൽ ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് സംഭവിക്കുന്നതെങ്കിൽ, അന്താരാഷ്ട്ര സമൂഹത്തിൽ പൊതുഭാഷ നഷ്ടമാകുന്നത് ചില രാജ്യങ്ങൾക്കു തന്നെയാണ്. സത്യാനന്തര യുഗത്തിലെ ഉപകരണയുക്തിക്കു പകരം, സംവാദയുക്തിയുടെ "ഡെലിബറേറ്റീവ് ഡെമോക്രസി"ക്കുവേണ്ടി പ്രവർത്തിക്കുന്നതിലൂടെയും, പൊതുമണ്ഡലങ്ങളുടെ രൂപീകരണത്തിനുള്ള ബോധപൂർവ്വമായ ശ്രമങ്ങളിലൂടെയും, ഈ സ്ഥിതിവിശേഷം മറികടക്കാം എന്ന് ഹേബർമാസ് നിർദ്ദേശിക്കുന്നു.
ഡെലിബറേറ്റീവ് ഡെമോക്രസി, ആധുനികതാ പദ്ധതിയുടെ തുടർച്ച തന്നെയാണെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. "ഉപകരണയുക്തിക്കു" പകരം, "സംവാദയുക്തിയെ" പകരം വെച്ചുകൊണ്ടാണ് ഇത് സാധ്യമാകുക എന്നദ്ദേഹം പറയുന്നു. വളരെ സജീവമായ ഒരു പൊതുമണ്ഡലം, ഇത്തരത്തിൽ "ഡെലിബറേറ്റീവ് ആയ ജനാധിപത്യം" നിലവിൽ വരുത്തുവാനുള്ള മുന്നുപാധിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജനങ്ങൾ പരസ്പരം യുക്തിപരമായി പെരുമാറുകയും ഇടപെടുകയും സംവദിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളെയെല്ലാം പൊതുമണ്ഡലം എന്നു വിശേഷിപ്പിക്കാം. "സങ്കീർണ്ണമായ സമൂഹങ്ങളിൽ (അല്ലെങ്കിൽ വികസിത സമൂഹങ്ങളിൽ) പൊതുമണ്ഡലം എന്നത്, രാഷ്ട്രീയ സമൂഹവും, ജീവിതവ്യവഹാരത്തിന്റെ സ്വകാര്യലോകങ്ങളുടെയും ഇടയിലെ, ഇടനാഴി തീർക്കുന്ന ഘടനയാണ്" എന്ന് ഹേബർമാസ് നിർവ്വചിക്കുന്നു.
അദ്ദേഹം പൊതുമണ്ഡലത്തെ മൂന്ന് ഇനമായി തിരിക്കുന്നു.
സുഹൃദ് സംഗമങ്ങൾ, ബന്ധു സദസ്സുകൾ, സഹപ്രവർത്തകരുടെ കൂടിച്ചേരലുകൾ, അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന അപരിചിതർ തമ്മിലുള്ള വിനിമയങ്ങൾ, എന്നിവയെല്ലാം അടങ്ങുന്ന പ്രാഥമിക സ്ഥലിയെ "എപ്പിസോഡിക് പൊതുമണ്ഡലം" എന്നു വിശേഷിപ്പിക്കുന്നു. പ്രത്യേക ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത സഹവാസങ്ങളും സംഗമങ്ങളുമാണിത്. ചായക്കടകൾ, ക്ലബ്ബുകൾ, ബാർബർ ഷോപ്പുകൾ, ബാറുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രം, റെയിൽവേ സ്റ്റേഷനുകൾ, ഓവുപാലങ്ങളിലെ കൂടിയിരുപ്പ് എല്ലാം ഇതിൽ പെടാം. ഇവിടെ കൂടുന്ന ജനങ്ങൾ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നു. വ്യക്തിലാഭമൊന്നും പ്രതീക്ഷിക്കാതെ, തങ്ങളുടെ അനുഭവങ്ങളാണ്, ഇവിടെ പ്രസ്താവനകൾക്കും അഭിപ്രായങ്ങൾക്കും ഉപോൽബലകമായി മുന്നോട്ട് വെക്കുന്നത്. ഒരാളുടെ അനുഭവത്തിന്റെ തുറന്നുപറച്ചിൽ, മറ്റൊരാളുടെ അനുഭവങ്ങൾ പറയുന്ന പ്രതികരണങ്ങളെ ഉണ്ടാക്കുന്നു. ഇതിലൂടെ പരസ്പരം സാമൂഹികമായ ഒരു മനഃശാസ്ത്ര വിശകലനം സാധ്യമാകുന്നു.

സംഘടിതമായ നിലയിലുള്ള ആശയവിനിമയ മണ്ഡലത്തെയാണ് "സാന്ദർഭിക പൊതുമണ്ഡലം" (occasional public sphere) എന്ന് ഹെബർമാസ് വിശേഷിപ്പിക്കുന്നത്. ഇവിടെ വിനിമയം ഔപചാരികവും ഉദ്ദേശ്യപൂർണ്ണവും മുൻനിശ്ചിതവുമാണ്. സാമൂഹ്യസംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, സർക്കാർ, സർക്കാർ ഇതര സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, സമ്മർദ്ദ ഗ്രൂപ്പുകൾ, അക്കാദമിക സംഘടനകൾ എല്ലാം ഇത്തരം പൊതുമണ്ഡലങ്ങളെ ഉണ്ടാക്കുന്നു. എപ്പിസോഡിക് പൊതുമണ്ഡലത്തിൽ പങ്കുവെച്ച അനുഭവങ്ങൾ, ഇവിടെ പൊതുമണ്ഡലത്തിന്റെ "പൊതുപ്രശ്നമായി" പരിഗണിക്കപ്പെടുന്നു. ശാസ്ത്രീയമായ മൂല്യവിചാരത്തോടെ അവ ചർച്ച ചെയ്യുമ്പോൾ അവ പൊതുശ്രദ്ധയിൽ വരുന്നു.
"അബ്സ്ട്രാക്ട് പൊതുമണ്ഡലം" ആണ് മൂന്നാമത്തേത്. ബഹുജന മാധ്യമങ്ങൾ, പൊതുനിരീക്ഷകർ, ബഹുജന സദസ്സുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഇവിടെ ക്യാപ്പിറ്റലിസ്റ്റുകളുടെയും കോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും സമ്മർദ്ദസംഘങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങളാണ് പൊതുമണ്ഡലത്തെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നത്. ഈ മണ്ഡലത്തിലുള്ള പ്രസ്താവങ്ങളുടെയും വിനിമയത്തിന്റെയും "സത്യാവസ്ഥ" താല്പര്യങ്ങളാൽ നിർണ്ണീതമാണ്. അതിനാൽ ഇവിടെ സത്യം നിജപ്പെടുത്തുക എളുപ്പമല്ല. എന്നാലും പൊതുപ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഈ പൊതുമണ്ഡലം വലിയ പങ്കുവഹിക്കുന്നു. മാധ്യമ വിദഗ്ധർ, ലോബിസ്റ്റുകൾ, വക്താക്കൾ, വിദഗ്ധർ, സംരംഭകർ തുടങ്ങിയവരാണ് ഈ പൊതുമണ്ഡലത്തെ നിയന്ത്രിക്കുന്നത്. ഇത് ബഹുജന മാധ്യമങ്ങൾ "അബ്സ്ട്രാക്ട് പൊതുമണ്ഡലത്തെ" കയ്യാളുന്നതിൽ എത്തിക്കുന്നു. ബഹുജനമാധ്യമം കയ്യാളുന്ന പൊതുമണ്ഡലത്തിന് സമാന്തരം തീർത്തുകൊണ്ടാണ് ഒരർത്ഥത്തിൽ സാമൂഹ്യമാധ്യമങ്ങൾ രംഗത്തുവന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ തിരിച്ച് ബഹുജന മാധ്യമങ്ങളെ സ്വാധീനിക്കുന്ന സ്ഥിതിയും വന്നു ചേർന്നിരിക്കുന്നു.
രണ്ട്
ഇന്ത്യയിലെയും കേരളത്തിലെയും സാഹചര്യങ്ങളിൽ, പൊതുമണ്ഡലത്തെക്കുറിച്ചുള്ള ഈ ഫോയർബാഹിയൻ സങ്കൽപ്പനങ്ങളുടെ ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ, പാശ്ചാത്യഅനുഭവങ്ങളിൽ നിന്ന് വളരെ വ്യത്യസ്തതകൾ അതിലുണ്ട് എന്നു കാണാം.
യൂറോപ്യൻ സെർഫഡത്തിന്റെ (serfdom) അടിത്തറയുള്ള അടിയാളവ്യവസ്ഥകളിൽ അല്ല ഇന്ത്യൻ ഫ്യൂഡലിസം പ്രവർത്തിച്ചത്. യൂറോപ്യൻ അടിമവ്യവസ്ഥകളോട് തുലനം ചെയ്യാവുന്നതല്ല ഇന്ത്യൻ അടിമകാലം. ചതുർവർണ്യവും ജാതിവ്യവസ്ഥകളും ബ്രാഹ്മണ മേധാവിത്വവും, പൊതുമണ്ഡലങ്ങളെ അസാധ്യമാക്കിയ നൃശംസമായ ഒരു "മനുസ്മൃതി ചരിത്രം" ഇന്ത്യയുടെ ചരിത്രത്തിനും വർത്തമാനത്തിനും ഉണ്ട് എന്നിരിക്കലും, ശ്രമണപാരമ്പര്യങ്ങളുടെയും വിമതപാരമ്പര്യങ്ങളുടെയും പരിവ്രാജക പ്രസ്ഥാനങ്ങളുടെയും വലിയൊരു നീക്കിബാക്കി, ഇന്ത്യൻ ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നുണ്ട്. എന്നുമാത്രമല്ല, സംവാദസ്ഥലികളും പൊതു മണ്ഡലങ്ങളും മറ്റൊരിടത്തും ദൃശ്യമാവാത്തവിധം, ശക്തവും വിപുലവുമായി ഇന്ത്യൻ ചരിത്രത്തിൽ ഇന്നും നിലനിന്നുപോരുന്നുണ്ട്. അങ്ങനെയാണ് ഇന്ത്യക്കാരൻ, അമൃത്യാസെൻ മുന്നോട്ടുവെയ്ക്കും പോലെ, "ആർഗ്യുമെൻെററ്റീവ് ഇന്ത്യൻ" ആയിത്തീരുന്നത്. ചരിത്രത്തിന്റെ ചില ഘട്ടങ്ങളിൽ, പാശ്ചാത്യലോകത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം, ജനാധിപത്യവും പൊതുമണ്ഡലങ്ങളും പുലർന്നപ്പോൾ തന്നെ, അതേ തീക്ഷ്ണതയോടെ അരികുവത്കരണവും അടിച്ചമർത്തലും അടിയാള- അടിമവ്യവസ്ഥയും ചതുർവർണ്യവും ജാതിവ്യവസ്ഥയും ഇന്ത്യയിൽ മറ്റൊരിടത്തില്ലാത്ത വിധം കരാള ദ്രംഷ്ടകൾ കാണിക്കുകയും ചെയ്തു.
വരുമാനം വർദ്ധിപ്പിച്ച് വാങ്ങൽശേഷി കൂട്ടുക എന്ന നയം ജീവിതവ്രതമായി സ്വീകരിച്ച ഒരു മധ്യവർഗ്ഗം ഉയർന്നുവന്നു. സാമ്പത്തിക ജീവിതം സാംസ്കാരിക ജീവിതമായിക്കണ്ട്, "ആട് പട്ടിയായിത്തീർന്നു". വിദ്യാഭ്യാസം ഇതിനുള്ള കേവലം ഉപാധിയാക്കി മാറ്റപ്പെട്ടു. സാങ്കേതികവിദ്യ അറിവിന്റെ തലസ്ഥാനമേറ്റെടുത്തു.
കേരളത്തിന്റെ ആധുനിക നവോത്ഥാന ചരിത്രം തന്നെ, ഇത്തരത്തിൽ അയിത്തവും അരികുവൽക്കരണവും നീതിശാസ്ത്രം പണിത, ഒരു സമൂഹത്തിന്റെ ചരിത്രത്തിന്റെ ചക്രം തിരിക്കാനുള്ള, വലിയ സംരംഭങ്ങളായിരുന്നു എന്നു കാണാം. പൊതുസ്ഥലങ്ങളിൽ വഴി നടക്കാനും, അകറ്റിനിർത്തിയ അമ്പലങ്ങളിൽ പ്രവേശനം ലഭിക്കാനും, പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിനും, സംവരണത്തിനും എല്ലാം നടന്ന, അയ്യാവൈകുണ്ഡർ മുതൽ അയ്യങ്കാളി വരെയും, ചട്ടമ്പിസ്വാമികൾ മുതൽ നാരായണഗുരുവും വാഗ്ഭടാനന്ദനവും വരെയും, ബ്രഹ്മാനന്ദ ശിവയോഗി മുതൽ ആനന്ദതീർത്ഥരും പൊയ്കയിൽ അപ്പച്ചനും വരെയുള്ള ധൈഷണികർ, അവരുടെ അറിവും ആത്മീയശക്തിയും, കാലത്തിന്റെ ഗതിമാറ്റങ്ങളെ പിടിച്ചെടുക്കുന്ന ചരിത്രബോധവും കൊണ്ട് നടത്തിയ വിമോചന സംരംഭങ്ങളെല്ലാം തന്നെ, കേരളത്തിന്റെ പൊതുമണ്ഡലങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ചു. തർക്കം കൊണ്ടും സംവാദം കൊണ്ടും സാഹിത്യം കൊണ്ടും ചർച്ചകൊണ്ടും എഴുത്തുകൊണ്ടും കവിതകൊണ്ടും കല കൊണ്ടും, ഇങ്ങനെ ലഭ്യമായ എല്ലാ ഭാഷാപ്രയോഗങ്ങൾ കൊണ്ടും, യുക്തിയുടെ ഹേബർമാസിയൻ ഭാഷാശാസ്ത്രം സൃഷ്ടിക്കുന്നതിൽ, ആധുനികകാലത്ത് കേരളം ഏറ്റവും മുന്നോട്ടുപോയി.
കേരളത്തിലെ വായനശാലാ പ്രസ്ഥാനവും ഗാന്ധിയൻ-കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ അടങ്ങുന്ന രാഷ്ട്രീയ നൈതിക പ്രസ്ഥാനങ്ങളും എല്ലാം ചേർന്ന്, ഒരു ഇടതുപക്ഷ കേരളത്തിന് ദാർശനികമായ അടിത്തറ പണിയുന്നതിന്, ഈ പൊതുമണ്ഡല രൂപീകരണം നിർണായക പങ്കു വഹിച്ചു.
ആധുനിക പൂർവ്വകാലത്ത് ഭക്തിപ്രസ്ഥാനത്തിലും ഇത്തരമൊരു പൊതുമണ്ഡലത്തിന്റെ മുന്നൊരുക്കങ്ങൾ തന്നെയാണ് നടന്നത്. ഭക്തസംഗീതജ്ഞരും ഭക്തകവികളും പാടിയും പറഞ്ഞും സ്ഥാപിച്ചതും, ഈ പൊതുമണ്ഡലത്തിന്റെ ആദ്യകാലങ്ങൾ തന്നെ. ശ്രമണപാരമ്പര്യങ്ങളുടെ പൗരാണിക കാലമെടുത്താൽ, "ബുദ്ധകാല കേരളത്തിൽ" ഇവയ്ക്കെല്ലാം അടിത്തറ പണിതുവെന്നു പറയാം. ഇന്ത്യയിൽ ആകെ ഉയർന്നുവന്ന ബൗദ്ധപ്രസ്ഥാനം തന്നെ, ഇത്തരത്തിൽ ‘ചാതുർവർണ്യ ഇന്ത്യ’യെ നിരാകരിച്ച്, എല്ലാവർക്കും പ്രവേശനം സാധ്യമായ ഒരു പൊതുമണ്ഡലരൂപീകരണത്തിന് അടിത്തറയായിത്തീർന്നു. ഉത്സവങ്ങളും നേർച്ചകളും ഉറൂസുകളുമെല്ലാം, എല്ലാ വിഭാഗം ജനങ്ങൾക്കും സംവദിക്കാനും സഹവസിക്കാനും, ആശയങ്ങൾ കൈമാറാനും, കലാപ്രയോഗങ്ങൾ നടത്താനുമുള്ള അവകാശങ്ങൾ ഉറപ്പുവരുത്തിപ്പോന്നത് ഈ പാരമ്പര്യത്തിൽ നിന്നായിരുന്നു.

ബുദ്ധന്മാരുടെ ആശയങ്ങളിൽ രൂപപ്പെട്ട ഈ പൊതു മണ്ഡലങ്ങളിൽ, ജനാധിപത്യത്തിന്റെ കാറ്റേറ്റുണ്ടായ രാഷ്ട്രീയ- സിവിൽ സമൂഹങ്ങൾ, ഇന്ന് അപചയത്തിന്റെയും ജീർണ്ണതയുടെയും മറ്റൊരു യുഗാന്തരമാണ് കുറിക്കുന്നത്. നമ്മുടെ പൊതുമണ്ഡലങ്ങൾ ചുരുങ്ങിപ്പോവുകയും അതില്ലാതാവുകയും ചെയ്യുന്നതിന്റെ ആശങ്കകൾ ഉയരുന്നത്, ഈ സാഹചര്യത്തിലാണ്. പൊതുമണ്ഡലം ഒരു "മധ്യവർഗ്ഗ"ത്തിന്റെ മേൽക്കോയ്മയിൽ വന്നുപെടുന്നതുമായി ബന്ധപ്പെട്ടാണ് ഇതു സംഭവിക്കുന്നത്. ജീവിതം കച്ചവട താൽപര്യങ്ങളുടെയും വ്യാപാര മനോഭാവങ്ങളുടെയും അനുബന്ധമായിത്തീരുന്നതിന്റെ അനുരണനമാണിത്.
1990- കൾക്കുശേഷം, നിയോലിബറൽ ശക്തികൾ സാമ്പത്തിക രംഗത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ വ്യവഹാരത്തെയും ഗ്രസിക്കാൻ തുടങ്ങിയതു തൊട്ടാരംഭിക്കുന്ന പരിവർത്തനങ്ങളാകണം ഇത്. നിത്യജീവിതം മുതലാളിത്തശക്തികൾ കൈയ്യാളി. മാർക്കറ്റുകൾ മാളുകളായി വളർന്നു. സാംസ്കാരിക ജീവിതം ഉൾപ്പെടെയുള്ള എല്ലാം ചരക്കുവൽക്കരിക്കപ്പെട്ടു. വിവരവിനിമയ രംഗത്തിന്റെ എല്ലാ സാധ്യതകളും അറിവുൽപാദനത്തെ കയ്യൊഴിഞ്ഞുകൊണ്ട്, ചരക്കിന്റെ ഉത്പാദനവും ചോദനയും വിതരണവും വർധിപ്പിക്കാനുള്ള ഉപാധികളായി മാറി. ഉപഭോഗ സംസ്കാരം എന്നു വിളിക്കുന്ന "വാങ്ങിക്കൂട്ടൽ സംസ്കാരം" സാംസ്കാരിക ജീവിതമായി. വാങ്ങാനുള്ള നമ്മുടെ കഴിവാണ് നമ്മുടെ അസ്തിത്വത്തിന്റെ നിലനിൽപ്പ് എന്ന നിലയായി. വരുമാനം വർദ്ധിപ്പിച്ച് വാങ്ങൽ ശേഷി കൂട്ടുക എന്ന നയം ജീവിതവ്രതമായി സ്വീകരിച്ച ഒരു മധ്യവർഗ്ഗം ഇതിലൂടെ ഉയർന്നുവന്നു. സാമ്പത്തിക ജീവിതം സാംസ്കാരിക ജീവിതമായിക്കണ്ട്, "ആട് പട്ടിയായിത്തീർന്നു". വിദ്യാഭ്യാസം ഇതിനുള്ള കേവലം ഉപാധിയാക്കി മാറ്റപ്പെട്ടു. സാങ്കേതികവിദ്യ അറിവിന്റെ തലസ്ഥാനമേറ്റെടുത്തു. ഇംഗ്ലീഷ് മീഡിയം ഭാഷയ്ക്ക് ഭീഷണിയായി നിലവിൽവന്നു. ഇങ്ങനെ "ചാഞ്ചാട്ട മനോഭാവമുള്ള" ഒരു "പെറ്റി ബൂർഷ്വാ വർഗ്ഗം" സാമൂഹ്യജീവിതത്തെ വിഷമയമാക്കി. തങ്ങളുടെ സാമ്പത്തിക താൽപര്യത്തിന് അനുകൂലമാകുമ്പോൾ ഗവൺമെന്റുകളെ പിന്തുണയ്ക്കുകയും, അല്ലാത്തപ്പോൾ അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന, ഒരു ഉഭയനിലപാടിന്റെ (amphibian pose) ഉടമയായി മധ്യവർഗ്ഗം, രാഷ്ട്രീയത്തെയും സാമൂഹ്യ ജീവിതത്തെയും നിയന്ത്രിക്കുകയും കയ്യാളുകയും ചെയ്തു.
മാധ്യമങ്ങൾ, മധ്യവർഗ്ഗത്തിന്റെ ഈ നിലപാടിന്റെ ഭാഷയും ശൈലിയും കൈകൊണ്ടു. പൊതുമണ്ഡലത്തെ മധ്യവർഗ്ഗം കയ്യാളിയ അവസ്ഥ. രാഷ്ട്രീയപാർട്ടികളും പരമ്പരാഗത സാമുദായിക സംഘടനകളും മതവും പോലും, മധ്യവർഗ്ഗത്തിന്റെ കയ്യിലായി. രാഷ്ട്രീയപാർട്ടികളുടെ പരമ്പരാഗത സമരങ്ങൾക്ക് ലഭിക്കേണ്ട പ്രചാരണം ലഭിക്കാതെ, മധ്യവർഗ്ഗ ജീവിതത്തിന്റെ കെട്ടുകാഴ്ചകൾക്ക് പിറകെ പോകാൻ മാധ്യമങ്ങളും പൊതുമണ്ഡലവും നിർബന്ധിതമായി.
ഒരുകാലത്ത് നിയോലിബറൽ നയങ്ങളെയും ഫാഷിസ്റ്റ് പ്രവണതകളെയും പറഞ്ഞും പഠിപ്പിച്ചും മുൻപന്തിയിൽ നിന്ന എംപ്ലോയീസ് യൂണിയനുകളുടെയും എൻ ജി ഒ യൂണിയനുകളുടെയും അധ്യാപക സംഘടനകളുടെയും സമ്മേളനങ്ങൾ, തങ്ങളുടെ ആനുകൂല്യ വർദ്ധനവിന് മാത്രം ആളെ കൂട്ടുന്ന ബിസിനസ് സമ്മേളനങ്ങളായി മാറി.
പൊതുമണ്ഡലത്തിലെ ഈ മധ്യവർഗ്ഗസാന്നിധ്യം, രാഷ്ട്രീയപാർട്ടികൾ തിരിച്ചറിയുകയും, അവർ മധ്യവർഗ്ഗ അഭിരുചികളെ തൃപ്തിപ്പെടുത്തുംവിധം നയപരിപാടികൾ ആവിഷ്കരിക്കുകയും നിലപാടുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇടതുപക്ഷ പാർട്ടികളും കമ്യൂണിസ്റ്റുകാർ പോലും ഈ സ്വാധീനത്തിനു കീഴടങ്ങി, തങ്ങളുടെ നയ പരിപാടികളിൽ വെള്ളം ചേർത്തു. ആത്മനാശത്തിന് സ്വയം വിട്ടുകൊടുത്തുകൊണ്ട്, കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തിരിച്ചുകയറാൻ പറ്റാത്ത തകർച്ചകളിൽ കൂപ്പുകുത്തി. പൊതുമണ്ഡലത്തിന്റെ സെക്യുലറായ ആശയങ്ങളെ, മധ്യവർഗ്ഗത്തിന്റെ സാംസ്കാരിക പ്രതിസന്ധികളിൽനിന്ന് ഉദയം ചെയ്ത വർഗീയ-വിഘടനവാദ ആശയങ്ങൾ ഗ്രസിച്ചു. മതം എല്ലാ രംഗത്തും സ്വാധീനശക്തിയായി. പൊതു ഇടങ്ങളിൽ മതത്തിനും വർഗീയ ആശയങ്ങൾക്കും ലഭിച്ച ഈ സ്വാധീനം, ഉത്സവപ്പറമ്പുകളുടെയും ഉറൂസുകളുടെയും "പരമ്പരാഗത സെക്യുലർ സംസ്കാരത്തെ" നശിപ്പിച്ചു. കേരള സമൂഹം, ഇടതുപക്ഷം ഭരിക്കുമ്പോഴും, മത സാമുദായിക ചേരികളായി പിരിഞ്ഞു. ലജ്ജയേതുമില്ലാതെ വർഗ്ഗീയത സമൂഹത്തിന്റെ കണ്ണിലേക്ക് അശ്ലീലനോട്ടം അയച്ചു. തേക്കിൻകാട് മൈതാനത്തിനും തിരുനക്കര ക്ഷേത്രാങ്കണത്തിനും മാനാഞ്ചിറ സ്‌ക്വയറിനും എല്ലാം, പൊതുവിടങ്ങൾ എന്ന നിലയിലും സാഹിത്യ സംവാദസ്ഥലങ്ങൾ എന്ന നിലയിലും ഉണ്ടായിരുന്ന, പോയകാല പെരുമകൾ കുടിയൊഴിഞ്ഞു. അവിടങ്ങളിലെല്ലാം വർഗ്ഗീയശക്തികളും, നൂലും ചരടും സ്റ്റീൽ വളയും അണിഞ്ഞ സിന്ദൂരക്കുറികളുടെ ഭയപ്പെടുത്തുന്ന മനുഷ്യക്കോലങ്ങളും കയ്യാളി.
ഈ അപചയങ്ങളുടെ ഉത്തരവാദിത്വം ആരെറ്റെടുക്കും? ഒരുകാലത്ത് നിയോലിബറൽ നയങ്ങളെയും ഫാഷിസ്റ്റ് പ്രവണതകളെയും പറഞ്ഞും പഠിപ്പിച്ചും മുൻപന്തിയിൽ നിന്ന എംപ്ലോയീസ് യൂണിയനുകളുടെയും എൻ ജി ഒ യൂണിയനുകളുടെയും അധ്യാപക സംഘടനകളുടെയും സമ്മേളനങ്ങൾ, തങ്ങളുടെ ആനുകൂല്യ വർദ്ധനവിന് മാത്രം ആളെ കൂട്ടുന്ന ബിസിനസ് സമ്മേളനങ്ങൾ ആയി അധഃപതനം കൊള്ളുന്നത് നാം കണ്ടു. ഉള്ളിലുള്ള വിമ്മിട്ടങ്ങൾ പുറത്തുപറയാൻ പോലും കഴിയാത്ത നിലയിൽ, കലാസംഘങ്ങളും അക്കാദമികളും, എഴുത്തുകാരുടെയും കലാകാരരുടെയും ശവപ്പറമ്പായി. "ഇരുണ്ട കാലത്ത് പാട്ടുണ്ടാകുമോ" എന്ന ചോദ്യത്തിന്, "ഉണ്ടാകും, ഇരുണ്ട കാലത്തിന്റെ പാട്ട്" എന്നു പറയാനുള്ള ബ്രഹ്റ്റിയൻ നാടകവേദികൾ, പ്രൊഫഷണൽ, അമേച്വർ, മിമിക്രി, ഹാസ്യ, അശ്ലീല നാടകശാലകളായി. നാടകോത്സവവും ചലച്ചിത്രോത്സവവും, ആൾക്കൂട്ടങ്ങൾ അഭിരമിക്കുന്ന, നാടകത്തിന്റെയും സിനിമയുടെയും കുറുക്കന്മാർ ഓരിയിടുന്ന ശവപ്പറമ്പായിത്തീർന്നു. ഗൗരവമായ വായനയും എഴുത്തും കാഴ്ച്ചയും പമ്പ കടന്നു. കല ഒരു കെട്ടുകാഴ്ച്ചയായിത്തീർന്നു. കലയുടെ പൊതുമണ്ഡലം സെലിബ്രിറ്റികളുടെ അശ്ലീല ആട്ട വേദിയായി. പാട്ടുപാടിയും കവിത ആലപിച്ചും നാടകം കളിച്ചും സിനിമ കാണിച്ചും പുലർന്ന എഴുപതുകളുടെ വസന്തകാലം, കൂലിയെഴുത്തുകാരും പാർട്ടി എഴുത്തുകാരും അവാർഡ് മോഹികളും തിണ്ണനിരങ്ങികളും കയ്യടക്കി.

കേരളത്തിൽ നവോത്ഥാന സംരംഭങ്ങളും രാഷ്ട്രീയ ജാഗരണ പ്രസ്ഥാനങ്ങളും ബിസിനസുകാരുടെയും റിയൽ എസ്റ്റേറ്റുകാരുടെയും ക്വാറി മാഫിയകളുടെയും കരാറുകാരുടെയും കയ്യിലായതിന്റെ ദുരന്തമാണ് നാം ആശങ്കപ്പെടുന്ന "പൊതുമണ്ഡലത്തിന്റെ ശോഷണം". ഇനിയൊരിക്കലും ഇതൊന്നും തിരിച്ചെടുക്കാൻ കഴിയില്ല എന്ന ദുഃഖവും ആശങ്കയും രോഗാതുരതയായി മാറിയിരിക്കുന്നു.
ഇനിയീ പൊതുമണ്ഡലങ്ങളെ തിരിച്ചുപിടിക്കാൻ ഒരു മിശിഹാ വരുമോ?
വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ വന്നുചേരുമോ?
മാധ്യമപ്രവർത്തനം അതിന്റെ ഭ്രാന്തൻ ജീവിതവും കൂട്ടിരിപ്പ് രാഷ്ട്രീയവും കൈയൊഴിഞ്ഞ്, പുതിയ കാഹളങ്ങൾ മുഴക്കുമോ?
സൗഹൃദവേദികൾ മദ്യത്തിലും മദിരാക്ഷിയിലും കെട്ടടങ്ങാതെ, ആശയങ്ങളുടെയും സംവാദങ്ങളുടെയും വായനയുടെയും കാഴ്ചപ്പാടിന്റെയും, കൗതുകങ്ങളുടെ കൗമാര വിസ്മയങ്ങൾ വീണ്ടും ഉണർത്തുമോ?
ക്ലബ്ബുകളും പാർക്കുകളും കടൽത്തീരങ്ങളും ശരീരാരോഗ്യ പ്രേമികൾക്കു മാത്രമായി ചുരുങ്ങാതെ, അവിടങ്ങളിൽ അറിവിന്റെയും ആനന്ദത്തിന്റെയും ജീവവായു നിറയുമോ?
ആർത്തിപൂണ്ട അപിറ്റേറ്റ് ശമിപ്പിക്കാനുള്ള ഇടങ്ങൾ എന്ന നിലയിൽ നിന്ന്, ഭക്ഷണശാലകൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആശയസംവാദത്തിന്റെയും പുതിയ കോഫി ഹൗസ് വിപ്ലവങ്ങളുടെ, ഫ്രഞ്ച് തരംഗങ്ങൾ തീർക്കുമോ? പൊതുമണ്ഡലത്തെ പുരോഗമന ശക്തികൾക്കു തിരിച്ചുപിടിക്കാൻ കഴിയുമോ?
പുരോഗമന ശക്തികൾ തന്നെ പ്രതിലോമശക്തികളായിത്തീർന്ന പുതിയ ‘‘ആയിത്തീരലിന്റെ ഭവശാസ്ത്രം" നമുക്ക് മാറ്റിത്തീർക്കാൻ കഴിയുമോ?
"ചരിത്രത്തിന്റെ ചക്രം തിരിക്കുന്ന’’ പുതിയ തലമുറ വന്നെത്തുമോ?
ബാർബർ ഷോപ്പുകളും മക്കാനിക്കടകളും ടൈലർ ഷാപ്പുകളും പണിത, "വ്യത്യസ്തരായ ബാലന്മാർ" തീർത്ത, കമ്യൂണിസ്റ്റ് പൊതുമണ്ഡലങ്ങൾ ഇനിയുമുണ്ടായി വരുമോ?
സർവോദയ സംഘങ്ങളും ഭൂദാനപ്രസ്ഥാനങ്ങളും കൈത്തറിയുടെ മഹത്വങ്ങളും കബീറിന്റെ ചർക്കയും ഗാന്ധിയുടെ ഗ്രാമസ്വരാജും കൊണ്ട് ഒരു പുതിയ ഇന്ത്യ വീണ്ടും പുനർജ്ജനിക്കുമോ?
അതോ ഹൈവേകളും വികസന ഇടനാഴികളും, കാറോട്ടത്തിൽ കാണിക്കുന്ന ആഭിജാത്യവും കൊണ്ട്, സാമ്പത്തികശാസ്ത്രത്തിന്റെ കാണാചരടുകളിൽ, നാം നമുക്ക് ഒരു ഹംസഗാനം പാടുകയാണോ? ഹംസ, ഗാനം പാടുകയോ…?.
No, "There is a song.
There is always a song somewhere
hidden in breath"
എന്ന് ഇവാന്റെ വരികളുടെ പ്രതീക്ഷ...
തിരശ്ശീല. ശുഭം.
▮
1.ഹേബർമാസിന്റെ ആശയങ്ങൾ, കടപ്പാട്, Deliberative Democracy and Communicative Rationality: Principle, Competance and Practice
By Dr. P. Sreekumar.
2. Age of Reason, Iron in the Soul, The Reprieve എന്നിവ ഫാഷിസ്റ്റു കാലത്തെ മുൻനിർത്തിയുള്ള സാർത്രെയുടെ നോവൽത്രയം.
