മതേതര കേരളത്തിൽ മതങ്ങൾ വ്യക്തി- കുടുംബ ജീവിതത്തിൽ മാത്രം ഒതുങ്ങുന്ന ഒരു സംവിധാനമല്ല. ഭക്ഷണം മുതൽ രാഷ്ട്രീയം വരെ, വീട്ടുകാര്യം മുതൽ സംസ്ഥാന ഭരണം വരെ, സകലതിലും മതങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. മതങ്ങൾ ഇടപെടുന്നു എന്നാൽ മതപരമായ ആശയസംഹിതയും ദാർശനികതയുമല്ല, മതത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികൾ ഇടപെടുന്നു എന്നുതന്നെയാണ് അർഥം. ഈ വ്യക്തിത്വങ്ങളെ നമ്മൾ പൗരോഹിത്യം എന്നുവിളിക്കുന്നു. മതവിശ്വാസികൾക്കുവേണ്ടി എന്ന ലേബലിൽ എല്ലാതരം കാര്യങ്ങളും നിർണയിക്കുന്ന പൗരോഹിത്യത്തെ മതത്തിന്റെ പ്രതീകമായി വിശ്വാസികളും രാഷ്ട്രീയക്കാരും സർക്കാരുകൾ പോലും കാണുന്നു. അതിശക്തമായ കാണാക്കയർ കൊണ്ട് മതപൗരോഹിത്യം അവരവരുടെ വിശ്വാസികളെ കെട്ടിയുറപ്പിച്ച് കൂടെനിർത്തുകയും ചെയ്യുന്നുണ്ട്.
ഏതാണ്ട് രണ്ടു ദശകങ്ങളായി, നിർണീതമായ പൗരോഹിത്യത്തിനുപുറമെ 'നവലിബറൽ പ്രബോധകരും' വിശ്വാസികൾക്കുമേൽ പിടിമുറുക്കിയിരിക്കുന്നു. മതസംവിധാനങ്ങളിൽ നിന്നുള്ള ധനസമ്പാദനമാണ് അവരുടെ മുഖ്യലക്ഷ്യം. പല പേരുകളിൽ ഓരോ മതത്തിലും ഉയർന്നുവന്ന അവർ മതധാർമികതയുടെ പ്രതിനിധികളും പ്രചാരകരും വ്യാഖ്യാതാക്കളുമായി മാറിയിട്ടുണ്ട്.
വിശ്വാസികളെ ആശയപരമായി ഭയപ്പെടുത്തി വരുതിയിലാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട് എന്നത് സമകാലീന കേരളത്തിലെ ഒരു സാമൂഹിക വൈരുധ്യമാണ് (Social dichotomy). ഈ നവപ്രബോധകർ തുടങ്ങിവച്ച മത്സരാധിഷ്ഠിത മതപ്രചാരണം മതേതര പൊതുജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അതേറ്റവും പ്രതിഫലിക്കുന്നത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ്. യൂ ട്യൂബിലും, ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും, ക്ലബ്ബ് ഹൗസ് പോലുള്ള ഓഡിയോ ആപ്പുകളിലുമൊക്കെ മതവർഗീയത പുരട്ടിയ പ്രബോധനപരിപാടികൾ നിരവധി കാണാം; എല്ലാ മതങ്ങളുടെയും.
രാഷ്ട്രീയപാർട്ടികൾ, സർക്കാരുകൾ പോലും, ഇവരുടെ പ്രഭാവങ്ങൾക്കുമുമ്പിൽ സ്തംഭിച്ചുനിൽക്കുമ്പോൾ 'നിങ്ങൾ നഗ്നരാണ്' എന്ന് തുറന്നുപറഞ്ഞ് അതതു മതങ്ങളിൽ നിന്നുതന്നെ ചില എതിർവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. അവർ മതപ്രചാരകരോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. പ്രബോധകരുടെ വേലകൾ പലതും അനാവശ്യവും അന്ധവിശ്വാസപരവുമാണെന്ന തിരിച്ചറിവ് സ്വയം വെളിപ്പെടുത്തി പലരും മതം വിട്ട് പുറത്തുവരാനും തുടങ്ങിയിരിക്കുന്നു. ഇങ്ങനെ മതം വിട്ട് വരുന്നവരും മതപ്രബോധകരും തമ്മിലുള്ള വാക് തർക്കങ്ങളുടെ ആയിരക്കണക്കിന് വീഡിയോകളും ലൈവ് ചർച്ചകളും ഓൺലൈനിൽ ലഭ്യമാണ്.
മതം പഠിയ്ക്കുംതോറും കൂടുതൽ വിശ്വസിക്കുക എന്ന പ്രതീക്ഷിത പരിണാമത്തിനുപകരം പഠിച്ചവർ അത് വിട്ടുപോരുന്നു എന്ന വിരോധാഭാസമാണിപ്പോൾ ഉള്ളത്. കൊറോണ കാലത്തിന്റെ പ്രതിഫലനമായി അത്തരം ചർച്ചകളും വിശകലനങ്ങളും ന്യായീകരണങ്ങളും നടക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ്. അതിനെക്കുറിച്ചാണ് ഈ പഠനം.
മതം വിട്ടവരുടെ ന്യായവും കാരണവും
2021 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ മുപ്പതുവരെ വരെ ഓൺലൈനിൽ നവമാധ്യമങ്ങളെ നിരീക്ഷിച്ചതിലൂടെയാണ് മുഖ്യമായും ഈ ലേഖനത്തിലേയ്ക്കുവേണ്ട വസ്തുതകൾ ശേഖരിച്ചത്. യൂട്യൂബ് - ഫേസ്ബുക് വീഡിയോകളും, ക്ലബ് ഹൗസ് ചർച്ചകളുമാണ് നിരീക്ഷണവിധേയമാക്കിയത്. ചില ചർച്ചകളിൽ പങ്കെടുത്തും അഭിപ്രായങ്ങൾ രൂപീകരിച്ചു. മതം വിട്ടവർ ക്ലബ് ഹൗസിൽ നടത്തിവന്ന ചർച്ചകളിൽനിന്നാണ് മുഖ്യമായും അവരുടെ തീരുമാനത്തിനുപിന്നിലെ കാരണവും ന്യായവും കണ്ടെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ചിലരിൽനിന്ന് നേരിട്ടോ ഫോൺ വഴിയോ ദത്തങ്ങൾ ശേഖരിക്കുകയുണ്ടായി. ആ രീതിശാസ്ത്രത്തിലൂടെ ലഭിച്ച അറിവുകളുടെ ചുരുക്കമാണ് ഇവിടെ കുറിയ്ക്കുന്നത്. ഓൺലൈൻ റിസോഴ്‌സുകളല്ലാതെ, പ്രിന്റഡ് രചനകളെ അധികരിച്ചുള്ള പഠനം നടത്തിയിട്ടില്ല.
മതം വിടുന്നവരുടെയും, അവരെ എതിർക്കുന്നവരുടെയും മതപ്രബോധകരുടെയും യുക്തിവാദികളുടെയും ആയിരത്തിലേറെ വീഡിയോകളിൽ ഇനം തിരിച്ചെടുത്ത നൂറിലധികം എണ്ണം പരിശോധിയ്ക്കുകയുണ്ടായി. ക്ലബ്ബ് ഹൗസിൽ നൂറിലധികം ചർച്ചകളിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് ഹൗസ് റൂമുകളിൽ പലതവണ പങ്കെടുത്തു. ആശയസംവാദം തിരഞ്ഞെടുക്കപ്പെട്ടവരുമായി മാത്രം നടത്തി. ആശയ- അഭിപ്രായ ക്രോഡീകരണത്തിലൂടെയാണ് വിശകലനം നടത്തിയത്. ലേഖനത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങളും വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങളും പൊതു പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈനിൽ ലഭ്യമാണ്.
മതം വിട്ടവരും യുക്തിവാദികളും യൂ ട്യൂബിൽ മാത്രം പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ എണ്ണം ഒരാഴ്ചയിൽ (തിങ്കൾ മുതൽ ഞായർ വരെ കണക്കാക്കിയാൽ) ഇരുനൂറിനടുത്തു വരും. മതവിശ്വാസികളുടെ വീഡിയോ പോസ്റ്റുകളുടെ എണ്ണം ഇതിലും അധികമാണ്. ഇത് അവരവർ പോസ്റ്റ് ചെയ്യുന്നതിന്റെ എണ്ണം മാത്രമാണ്. ഒരാളുടെ പ്രസംഗമോ വ്യാഖ്യാനമോ മറ്റൊരാൾ എടുത്തു പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ പുറമെ വരും. മതവിശ്വാസികൾ പോസ്റ്റ് ചെയ്യുന്നതിനെ പ്രതിരോധിച്ചുകൊണ്ടാണ് മതരഹിതർ വീഡിയോ തയ്യാറാക്കുന്നത്.
കോവിഡിന്റെ വരവിനുമുമ്പ് സജീവമായിരുന്ന ഒരു കച്ചവടമേഖലയായിരുന്നു ആത്മീയ- മതപ്രഭാഷണവും അതിനോടൊപ്പമുള്ള പരിപാടികളും. ജനങ്ങളുടെ മതവിശ്വാസത്തെ മുതലെടുത്ത് സമ്പന്നരായ നിരവധി ആളുകളും സംഘടനകളുമുണ്ട്.
മതസംബന്ധമായ ചർച്ചകൾ നടക്കുന്ന മിക്ക ക്ലബ്ബ് ഹൗസ് റൂമുകളിലും ഉയർന്ന പങ്കാളിത്തമാണ്. മുന്നൂറിനുമുകളിൽ അയ്യായിരം വരെ! 2021 ഏപ്രിലിൽ 19 മുതൽ 25 വരെയുള്ള ആഴ്ചയിൽ മാത്രം ക്ലബ്ബ് ഹൗസിൽ നിരീക്ഷിച്ച മതസംബന്ധമായ ചർച്ചകളിൽ പങ്കെടുത്തവരുടെ ആകെ എണ്ണം 22610 ആണ്! (നിരീക്ഷിച്ചിട്ടില്ലാത്ത ചർച്ചകൾ വേറെയും ഉണ്ട്) അതായത് ദിവസം ശരാശരി 3230 പേർ മതത്തെ അനുകൂലിച്ചോ എതിർത്തോ ഉള്ള ചർച്ചകളിൽ ക്ലബ്ബ് ഹൗസിൽ പങ്കെടുക്കുന്നു എന്നർഥം. മിക്കവരും ആവർത്തിച്ചു പങ്കെടുക്കുന്നവരാണ്. അവർ ദിവസവും ചർച്ചകൾക്ക് രണ്ടുമണിക്കൂർ വരെ സമയം ചെലവഴിക്കുന്നു എന്ന് മനസ്സിലാക്കാം. ഇത്തരം വീഡിയോകളും ചർച്ചകളുമാണ് പഠനവിധേയമാക്കിയത്.
മതപ്രഭാഷകരും മതം വിട്ടവരും പറയുന്ന ഓരോ കാര്യത്തിന്റെയും റഫറൻസ് ഇവിടെ നൽകേണ്ടതില്ല എന്ന് തോന്നുന്നു. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്താൽ എല്ലാം മാലമാലയായി കാണാം
മതം വച്ചുള്ള ബിസിനസും എതിർപ്പുകളും
കോവിഡിന്റെ വരവിനുമുമ്പ് വളരെ സജീവമായിരുന്ന ഒരു കച്ചവട മേഖലയായിരുന്നു ആത്മീയ- മതപ്രഭാഷണവും അതിനോടൊപ്പമുള്ള പരിപാടികളും. ജനങ്ങളുടെ മതവിശ്വാസത്തെ മുതലെടുത്ത് സമ്പന്നരായ നിരവധി ആളുകളും സംഘടനകളുമുണ്ട്. 'വയള്' നടത്തിയിരുന്നവർ, (ഇസ്‌ലാമിക പ്രഭാഷകർ), ക്രിസ്തീയ ശുശ്രൂഷാ പ്രഭാഷണം ചെയ്തിരുന്ന ബ്രദറുമാർ, സപ്താഹവും ധർമഭാഷണവും ചെയ്തിരുന്ന 'ആനന്ദഗിരിമാർ' ഒക്കെ ഈ ഗണത്തിൽ ഉൾപ്പെട്ടവരാണ്.
മതവിശ്വാസവും മതാധിഷ്ഠിത ധാർമികതയും പ്രചരിപ്പിക്കൽ തന്റെ ഉത്തരവാദിത്തമാണെന്ന ധാരണയോടെ സദുദ്ദേശ്യത്തിൽ മാത്രം ഈ തൊഴിൽ ചെയ്യുന്നവരും (മതപ്രഭാഷണം ഒരു കർമമായല്ല, തൊഴിലായിത്തന്നെയാണ് മിക്കവരും ചെയ്യുന്നത്), വയറ്റുപ്പിഴപ്പിനുവേണ്ടി അത് ഏർപ്പാടാക്കിയവരും, വിശ്വാസപ്രഭാഷണം എന്നത് ഒരു വൻ ബിസിനസാണെന്ന യാഥാർഥ്യം മനസ്സിലാക്കി അതിനിറങ്ങിയവരുമൊക്കെ ‘‘മതപ്രബോധകർ/പ്രഭാഷകർ'' എന്ന വലിയ മേൽക്കൂരയ്ക്കുകീഴെയുണ്ട്. ഓരോ മതത്തിലയും വിശ്വാസികൾക്ക് അവരവരുടെ മതത്തിന്റെ പ്രഭാഷക വൃന്ദത്തോട് മമതയുണ്ടാവുക അസ്വാഭാവികമല്ലല്ലോ. ഇത്തരക്കാർ മതങ്ങളെ സംബന്ധിച്ച്ആവശ്യവുമായിരിക്കാം. പക്ഷേ, സമൂഹത്തിന്റെ മതേതര- സൗഹാർദ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്നതിന് ഇവർ കാരണമായിട്ടുണ്ട് എന്നു പറയാതെ വയ്യ.
മൈതാനങ്ങളിൽ ആളെക്കൂട്ടി ഒട്ടും അന്തസ്സും മാന്യതയുമില്ലാതെ മതപ്രഘോഷങ്ങളും വർഗീയത ഒളിപ്പിച്ചുവച്ച ‘സ്‌നേഹസംവാദങ്ങളും' നടത്തി വലിയ തുക സമ്പാദിച്ചിരുന്ന മതനേതാക്കൾ കോവിഡ് കാലത്ത് തങ്ങളുടെ വരുമാനമാർഗം മുട്ടുന്നതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും, അൽപകാലത്തിനകം നേരെ സോഷ്യൽ മീഡിയകളിലേയ്ക്ക് കുടിയേറി. ഒരു മടിയും കൂടാതെ മതമൗലികവാദവും വർഗീയതയും ഇതര മതങ്ങളെ ഇകഴ്ത്തലും അന്ധവിശാസ പ്രചാരണവുമൊക്കെ അവർ നവമാധ്യമങ്ങളിൽ തുടങ്ങി. അവരിൽ മിടുക്കന്മാർ യൂട്യൂബ് പോലുള്ള മാധ്യമങ്ങൾവഴി മതപ്രഭാഷണം വിൽപ്പനച്ചരക്കാക്കി നന്നായി പണം കൊയ്യുന്നുണ്ടാവാം. കാരണം, ഇത്തരം പ്രഖ്യാപിത ‘മതപ്രഭാഷണക്കാരുടെ' വീഡിയോകൾക്ക് പതിനായിരങ്ങളാണ് കാഴ്ചക്കാർ.
മതമൗലികതയോടുള്ള അകൽച്ച
മതവിശ്വാസികളുമായി എണ്ണത്തിന്റെയും വണ്ണത്തിന്റെയും കാര്യത്തിൽ താരതമ്യം സാധ്യമല്ലെങ്കിലും കേരളത്തിൽ നിരീശ്വരവാദവും യുക്തിവാദവും മതവിരുദ്ധതയുമൊക്കെ പൊതുവെ ശക്തമാണ്. ജോസഫ് ഇടമറുക്, കോവൂർ, സൈദ് മുഹമ്മദ് ആനക്കയം, കലാനാഥൻ മാസ്റ്റർ, സനൽ ഇടമറുക്, ഇ.എ. ജബ്ബാർ, ജാമിദ, ജസ്?ല മാടശ്ശേരി, സി. രവിചന്ദ്രൻ, ആരിഫ് ഹുസൈൻ തെരുവത്ത് തുടങ്ങി മതവിശ്വാസികളുടെപോലും അംഗീകാരം ലഭിച്ചിട്ടുള്ള യുക്തിവാദി/ നിരീശ്വരവാദി പ്രമുഖരുണ്ട്, കേരളത്തിൽ മുമ്പും ഇപ്പോഴും. കേരള യുക്തിവാദി സംഘം എന്ന സംഘടനയും സജീവമാണ്.
യുക്തിവാദികളും അവരുടെ സംഘടനകളും എല്ലാകാലത്തും ആശയപ്രചാരണം നടത്തിയിരുന്നെങ്കിലും, പൊതുവെ മതവിരുദ്ധ പ്രചാരണം മാത്രമായി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ കോവിഡിനൊപ്പം വന്ന ഓൺലൈൻ സംവാദങ്ങൾ അവരെ മുൻപില്ലാത്ത വിധം സക്രിയമാക്കിയിരിക്കുന്നു. ഇവർക്കുപുറമെ, ഓൺലൈൻ ചർച്ചാസംവാദങ്ങളുടെ ഫലമായി മതം ഉപേക്ഷിച്ചെത്തുന്നവരുടെ പുതിയ ചില സംഘടിത ഗ്രൂപ്പുകൾ കൃത്യമായ ലക്ഷ്യബോധത്തോടെ ഉദയം ചെയ്തിരിക്കുന്നു. ഇത്തരം "ഓർഗനൈസേഷനുകൾക്ക്' അവർ തന്നെ ഇട്ട ചുരുക്കപ്പേരാണ് "എമു, എക്രി, എഹി' എന്നീ കൗതുക നാമങ്ങൾ.
മുമ്പത്തെപ്പോലെ മതം വിടുന്നവരൊക്കെ യുക്തിവാദി സംഘടനകളിലേയ്ക്ക് വരുന്നില്ല. പലരും പല കൂട്ടായ്മകളിലേയ്ക്ക് / സംഘടനകളിലേയ്ക്കാണ് ചേരുന്നത്. അല്ലെങ്കിൽ പുതിയ ഗ്രൂപ്പുകൾക്ക് രൂപംനൽകുന്നു. എമു, എക്രി, എഹി സംഘങ്ങളൊക്കെ ഇത്തരത്തിൽ ഉടലെടുത്തവയാണ്. അവർ എതിർക്കുന്നത് സാധാരണക്കാരുടെ മതവിശ്വാസത്തെയല്ല. ഒരാൾ മതത്തിൽ വിശ്വസിക്കുന്നത് ഗുരുതരമായ എന്തെങ്കിലും കുഴപ്പമാണ് എന്ന് അവർ വാദിക്കുന്നുമില്ല. മറിച്ച് എല്ലാ മതങ്ങളുടെയും അന്ധമായ മൗലികവിശ്വാസത്തെയാണ് അവരെല്ലാം ശക്തമായി എതിർക്കുന്നത്.
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം -എമു, എക്രി, എഹി, മതം വിടുന്നവരുടെ ഓൺലൈൻ പോരാട്ടങ്ങൾ | ഡോ. ശങ്കരനാരായണൻ പാലേരി