Sune K. Bergström 2004 ൽ മരിച്ചു. അയാളാണ് ശരീരത്തിലെ ഏതാണ്ട് എല്ലാ കോശങ്ങളിലുമുള്ള പ്രോസ്റ്റാഗ്ലാൻഡിൻ എന്ന ഹോർമോണുകളോട് സാമ്യമുള്ള രാസപദാർത്ഥം വേർതിരിച്ചെടുത്തത്. ഇൻഫ്ളമേഷൻ, രക്തത്തിന്റെ ഒഴുക്ക്, ബ്ലഡ് പ്രഷർ, കുടൽ, യൂട്രസ്, ശ്വാസനാളം എന്നിവിടങ്ങളിലെ സ്മൂത്ത് മസിലുകളുടെ പ്രവർത്തനം, വയറിന്റെ ഉൾആവരണത്തിന്റെ പ്രൊട്ടക്ഷൻ, എന്നിങ്ങനെ ഒരുപാട് പ്രവർത്തനങ്ങളിൽ പ്രോസ്റ്റാഗ്ലാൻഡിൻ പ്രധാനമാണ്. വേദന, പനി, നീർക്കെട്ട്, ആസ്ത്മ, ഹാർട്ടിനെയും, പ്രത്യുല്പാദന അവയവങ്ങളേയും ബാധിക്കുന്ന രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പ്രോസ്റ്റാഗ്ലാൻഡിനെ കുറിച്ചുള്ള അറിവ് ഫലപ്രദമായ മാറ്റങ്ങൾ വരുത്തി.
Bergström-ന്റെ സഹപ്രവർത്തകരായിരുന്നു സാമുവൽസണും ജോൺ വെയ്‌നും. ജോൺ വെയ്‌നാണ് ആസ്പിരിനും, ചില ബ്ലഡ് പ്രെഷർ മരുന്നുകളും പ്രോസ്റ്റാഗ്ലാൻഡിനെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് കണ്ടത്തിയത്. 1982-ൽ ഇവർക്ക് മൂന്ന് പേർക്കും മെഡിസിനുള്ള നൊബേൽ പ്രൈസ് കിട്ടി.
കാലം കടന്നുപോയി. 2022 വന്നു. അക്കൊല്ലത്തെ മെഡിസിൻ നോബൽ പ്രൈസ് കിട്ടിയത് Svante Pääbo-നായിരുന്നു. ജീനുകൾക്ക് പരിണാമത്തിലുള്ള പങ്കിനെ പറ്റി പഠിക്കുന്ന എവല്യൂഷണറി ജെനറ്റിക്സിൽ വിദഗ്ദ്ധനായിരുന്നു പാബോ. ഭൂമിയിൽ അപ്രത്യക്ഷമായ ചില ആദിമ മനുഷ്യവംശക്കാരുടെ (നിയാണ്ടർത്താൽ, ഡെനിസോവൻസ്) ജനിതകഘടന കണ്ടുപിടിച്ചത് അദ്ദേഹമാണ്. നോബൽ പ്രൈസ് ആ കണ്ടുപിടുത്തത്തിനായിരുന്നു. അതിന് 17 കൊല്ലം മുമ്പ് അയാൾ വേറൊരു സംഗതി കണ്ടെത്തിയിരുന്നു. സമപ്രായക്കാരനായ ബിസിനസ്സ്കാരൻ Rurik Reenstierna തന്റെ അർദ്ധസഹോദരനാണെന്ന്. Bergström ന് വിവാഹേതരബന്ധത്തിലുണ്ടായ മകനായിരുന്നു പാബോ. പാബോ തന്റെ മകനാണെന്ന് അയാൾ പരസ്യമായി സമ്മതിച്ചിരുന്നില്ല. അയാൾ പാബോയെ കാണാൻ ചെല്ലാറുണ്ടായിരുന്നെങ്കിലും വൈകാരികമായ ഒരടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ നിശ്ചദാർഢ്യമായിരുന്നു സയന്റിസ്റ്റ് ആവാനുള്ള കരുത്ത് പാബോക്ക് നൽകിയത്.

കഴിഞ്ഞ ദിവസം കഫ്റ്റീരിയയിൽ വെച്ച് ഞാൻ പാബോന്റെ കഥ പറഞ്ഞപ്പോൾ പാത്തോളജിസ്റ്റ് ചെൽസി സിമ്മൺസ് ചോദിച്ചു,
"എന്തുകൊണ്ടായിരിക്കാം പ്രോസ്റ്റാഗ്ലാൻഡിൻ പോലുള്ള സങ്കീർണ്ണ സയന്റിഫിക് ദൗത്യങ്ങൾ വിജയിപ്പിച്ച്, ഒരുപാട് രോഗങ്ങൾക്ക് ചികിത്സ സാദ്ധ്യമാക്കിയ ഒരാൾക്ക് അതേ ബൗദ്ധികനിലവാരത്തിലുള്ള മകനെ അംഗീകരിക്കാനുള്ള ധൈര്യവും ഉത്തരവാദിത്വവും ഇല്ലാതെ പോയത്?"
ഞങ്ങളുടെ സംഭാഷണം കേട്ട് അപ്പുറത്തെ ടേബിളിലിൽ നിന്ന് ഓർത്തോപീഡിക് സർജൻ ജെയിംസ് മെഗ്രാത്ത് വന്നു,
"ഞാൻ വേറെയൊരാളുടെ കഥ പറയാം. അയാൾ അസാധാരണമാം വിധം ബുദ്ധിമാനായിരുന്നു. അയാളുടെ കണ്ടുപിടുത്തങ്ങളായിരിക്കാം ഒരു പക്ഷേ ഇന്നും ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നതും ആഘോഷിക്കപ്പെടുന്നതും. സ്പേസ് മിഷനിലായാലും, ക്വാണ്ടം ഫിസിക്സിലായാലും, അസ്ട്രോണമിയിലായാലും അയാളുടെ സിദ്ധാന്തങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്നു. തീവ്രമായ സയൻസ് പരീക്ഷണങ്ങൾക്കൊപ്പം അയാൾ കഠിനമായി പ്രയത്നിച്ചത് ലോകസമാധാനത്തിനും നീരായുധീകരണത്തിനും ആഗോളസഹകരണത്തിനും വേണ്ടിയായിരുന്നു.
എന്നാൽ ഇതിനൊരു മറുവശമുണ്ട്.
അയാൾ പഠനകാലത്ത് കണ്ടുമുട്ടിയ കൂട്ടുകാരി അയാൾക്കൊപ്പമോ, അതിലും മേലെയോ ഫിസിക്സിലും കണക്കിലും മിടുക്കിയായിരുന്നു. വിവാഹശേഷം അവളോടുള്ള അയാളുടെ പെരുമാറ്റം പുരുഷമേധാവിത്വത്തിന്റെ സകലസീമകൾക്കും അപ്പുറത്തായിരുന്നു. തന്റെ നിബന്ധനകൾ അനുസരിക്കാമെങ്കിൽ മാത്രമേ കൂടെ ജീവിക്കാൻ അനുവദിക്കൂ എന്ന അയാളുടെ നിലപാട് കർശനമായിരുന്നു. വിവാഹത്തിന് തൊട്ട് മുമ്പുണ്ടായ പെൺകുഞ്ഞിന് എന്ത് സംഭവിച്ചുവെന്നത് അയാളുടെ ചരിത്രത്തിൽ ദുരൂഹമായി തുടരുന്നു. ആർക്കോ ദത്തെടുക്കാൻ കൊടുത്തുവെന്നാണ് ഒരു നിഗമനം. പിന്നീട് അവർക്ക് രണ്ട് ആൺകുട്ടികളുണ്ടായി. പിതാവ് എന്ന നിലയിലുള്ള ഒരു ഉത്തരവാദിത്വവും അയാൾ നിറവേറ്റിയിരുന്നില്ല. മാനസികമായ അനാരോഗ്യം ഗുരുതരമായപ്പോഴും അയാൾ ഇളയ മകനെ ചികിൽസിക്കാനോ പരിചരിക്കാനോ തയ്യാറായില്ല. ആദ്യകാല ഗവേഷണങ്ങളിലും പ്രബന്ധരചനയിലും അയാളെ സഹായിച്ചത് ഭാര്യയായിരുന്നു. എന്നാൽ അർഹിക്കുന്ന ഒരു അംഗീകാരവും അവൾക്ക് കിട്ടിയില്ല. മകന്റെ ആവശ്യങ്ങൾക്കായി അവൾ അക്കാദമിക് ബ്രില്ല്യൻസ് ഉപേക്ഷിച്ചു. അവൾ പിരിഞ്ഞതിനുശേഷമുണ്ടായ റിലേഷൻഷിപ്പുകളിലും അയാൾ പ്രതിബദ്ധതയില്ലായ്മ തുടർന്നുകൊണ്ടേയിരുന്നു. ഡൈവേഴ്‌സ് സമയത്തുള്ള നിയമപരമായ ബാദ്ധ്യത അനുസരിക്കേണ്ടത് കൊണ്ട് പിൽക്കാലത്ത് കിട്ടിയ നോബൽ പ്രൈസ് മണി അയാൾ അവൾക്ക് കൊടുത്തു. അത് മാത്രമാണ് അയാൾ അവളോട് ചെയ്ത സത്യസന്ധമായ ഏക പ്രവർത്തി.
"അയാളാണ് എന്നും അത്യന്താപേക്ഷിതനായ ആൽബർട്ട് ഐൻസ്റ്റീൻ"
"മനുഷ്യന് എല്ലാ പ്രതലത്തിലും ഒരു പോലെയാകാൻ സാധിക്കാറില്ല"
"ഞാൻ എന്നാൽ മൂന്നാമത്തെ കഥ പറയാം. നിങ്ങൾക്കറിയാവുന്നതുപോലെ, അസ് യു നോ, ത്രിമാനമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന തന്മാത്രകൾ അടങ്ങിയ ഖരവസ്തുക്കളെയാണ് ക്രിസ്റ്റൽസ് എന്ന് പറയുന്നത്. ക്രിസ്റ്റലുകളുടെ ഘടന കണ്ടുപിടിക്കാൻ എക്സ്റേ ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം (X-ray crystallography) സയന്റിഫിക് ലോകത്ത് ഒരു മഹാവാതായനമാണ് തുറന്നിട്ടത്. അതിലൂടെയാണ് ഡി.എൻ.എ, എൻസൈംസ് എന്നിങ്ങനെ ഒരുപാട് ഘടനകൾ എന്തെന്നറിയാൻ കഴിഞ്ഞത്. ആധുനിക മോളിക്യൂലർ സയൻസിന്റെ തുടക്കമായിരുന്നു എക്സ്റേ ക്രിസ്റ്റലോഗ്രാഫി. അത് വികസിപ്പിച്ചെടുത്തത് ഒരു അച്ഛനും മകനും കൂടിയാണ്. 1915-ൽ നോബൽ പ്രൈസ് കിട്ടുമ്പോൾ അച്ഛൻ ഹെൻട്രി ബ്രാഗിന് (William Henry Bragg) വയസ്സ് 53, മകൻ ലോറൻസിന് 25. ഇന്നേവരെ നോബൽ പ്രൈസ് കിട്ടിയവരിൽ ഏറ്റവും ചെറു പ്രായക്കാരനാണ് ലോറൻസ് ബ്രാഗ് ( William Lawrence Bragg). ഒരുമിച്ച്, ഒരേ വിഷയത്തിന് പ്രൈസ് കിട്ടിയ ഒരേ ഒരു അച്ഛനും മകനും. അല്ലറ ചില്ലറ അക്കാദമിക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതൊഴിച്ചാൽ അച്ഛൻ-മകൻ ബന്ധം സ്ട്രോങ്ങ് ആയിരുന്നു"
"1915 കാലമല്ലേ? ആണുങ്ങളായതുകൊണ്ടാകാം എല്ലാം സ്മൂത്തായി പോയത്?" ഒരു ഫെമിനിസ്റ്റ് ടോണുണ്ടായിരുന്നു അപ്പോൾ അന്തരീക്ഷത്തിൽ.
"അങ്ങനെ പറയാമോ? അറിയില്ല. 5 നോബൽ പ്രൈസുകൾ കിട്ടിയ മേരി ക്യൂറിയുടെ കുടുംബം താരതമേന്യ ശാന്തമായിരുന്നു.”
"മെഡിസിനിൽ ആദ്യമായി നോബൽ പ്രൈസ് കിട്ടിയ (വനിത) ഗ്രെറ്റി (Gerty Theresa Cori)യും ഒപ്പം പ്രൈസ് കിട്ടിയ ഭർത്താവ് കാളും (Carl Ferdinand Cori) നല്ല മനുഷ്യരായിരുന്നു, ദേ വെർ ഇന്റിമേറ്റ്. 1947-ൽ കാർബോഹൈഡ്രേറ്റ് മെറ്റബോളിസം കണ്ടുപിടിച്ചതിനായിരുന്നു അവർ അംഗീകരിക്കപ്പെട്ടത്."
"ഇനി ആധുനിക കാലത്തോട്ട് വന്നാൽ 2014 ൽ ജോൺ ഒ കീഫ് നൊപ്പം (John O’Keefe) മെഡിസിൻ നോബൽ പ്രൈസ് പങ്കുവെച്ചത് ദമ്പതികളായ മെയ് ബ്രിറ്റ് മോസറും (May-Britt Moser), എഡ്‌വേഡ് മോസറു (Edvard Ingjald Moser) മായിരുന്നു. ബ്രെയിനിന് അകത്തെ ജിപിഎസ് കണ്ടുപിടിച്ചതിന്. 2016 ൽ പിരിഞ്ഞെങ്കിലും അവരിപ്പോഴും അടുത്ത സുഹൃത്തുക്കളും സഹഗവേഷകരുമാണ്"

“ശുഭപര്യവസായിയായ കഥകളുമുണ്ട്, ഐ മീൻ ഹാപ്പി എൻഡിങ്ങ്സ്”
“ലോകത്ത് സ്ത്രീകൾ ആകെ ജനസംഖ്യയിൽ എത്ര വരും?” ഞങ്ങൾ മൂവർക്കിടയിലേക്ക് വന്ന അടുത്ത ചോദ്യത്തിൽ പിന്നെയും ഫെമിനിസം.
“ഏതാണ്ട് പകുതി വരും. 101 പുരുഷൻമാർക്ക് 100 സ്ത്രീകൾ എന്നതാണത്രേ അനുപാതം”
“ഇതുവരെ എത്ര സ്ത്രീകൾക്ക് നോബൽ പ്രൈസ് കിട്ടി?”
“66 എന്നാണ് പറയുന്നത്”
“പുരുഷൻമാർക്ക് ?”
“918”
“വ്യത്യാസം അതിഭീകരം?”
“സ്ത്രീ അത്ര പോര എന്നായിരുന്നു നോബൽ കമ്മിറ്റിക്കാരുടെ പഴയ കാല നിലപാട്”
“ഫസ്റ്റ് ലേഡി ഓഫ് ഫിസിക്സ്, ക്വീൻ ഓഫ് ന്യൂക്ലിയർ റിസർച്ച് എന്നൊക്കെ അറിയപ്പെടുന്ന Chien-Shiung Wu ന് കിട്ടാതെ പോയ ഒരേ ഒരു അംഗീകാരം നോബൽ പ്രൈസ് ആണ്. കാരണം സ്ത്രീ ആയതും വംശീയ വിവേചനവും”
“66 ൽ 36 പേർക്കും പ്രൈസ് കിട്ടിയത് 2000-ത്തിന് ശേഷമാണ്. കാര്യങ്ങൾ മാറി വരുന്നുണ്ട്”
“പഴയ കാലത്ത് പല തെറ്റുകളും പറ്റിയിട്ടുണ്ടെങ്കിലും ഈ മോഡേൺ ടൈംസിൽ നോബൽ കമ്മിറ്റിക്കാർക്ക് പറ്റിയ ഹിമാലയൻ മണ്ടത്തരം (monumental mistake) ഒബാമക്ക് കൊടുത്തതാണ്”
“അതൊരു പ്രതീക്ഷാനിർഭരമായ പ്രതിഫലമായിരുന്നുവെന്ന് പറയാം. A hope-based honour or An anticipatory reward. പ്രതീക്ഷ അതോടെ അപ്രത്യക്ഷമായി എന്നത് പിൽകാല യാതാർത്ഥ്യം”
“ഇനി പറ്റാൻ പോകുന്നത് ഭയം കൊണ്ടുള്ള കീഴടങ്ങൽ ആയിരിക്കുമോ, ‘a surrender born of existential fear’?”
“ട്രംപിന് കിട്ടുകയാണെങ്കിൽ”
“കിട്ടാതിരിക്കട്ടെ” അത് ഞങ്ങൾ ഒരുമിച്ചാണ് പറഞ്ഞത്.
Cheers!
