വടക്കോട്ട്​ നോക്കുന്ന മേയറോട്​, ​ വടക്കിലെ ശിശുപരിപാലനത്തെക്കുറിച്ച്​...

കോഴിക്കോട്​ മേയർ ബീന ഫിലിപ്പ്​ ചെറുതാക്കി കാണിച്ച, "ശൈശവ അവസ്ഥയിലെ കേരളത്തിലെ മരണക്കുറവ്', വെറുമൊരു ഡാറ്റ മാത്രമല്ല. അതിനേക്കാളുപരി അത് ഒരു സാമൂഹ്യബോധമാണ്. കുട്ടികൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ കാണിക്കുന്നതാണ്. അറിയാവുന്ന ഏതോ ബന്ധത്തിലുള്ളവർ പറയുന്നത് കേട്ട്, പരിവാർ പന്തലിലെ പൊതുവേദിയിൽ അവാസ്തവം പറയുമ്പോൾ മേയർ റദ്ദുചെയ്യുന്നത് ഇടതുപക്ഷവും കൂടി ഭാഗമായ സാമൂഹ്യ പുരോഗതിയുടെ വലിയൊരു ചരിത്രവും കൂടിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ശൈശവ- ബാല വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളം കൂട്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും കൂടിയാണ്.

രംഗം ഒന്ന്:

നാലു വർഷം മുൻപ് നടന്ന സംഭവമാണ്.
വർഷങ്ങളായി വീടിനടുത്തുള്ള ഒരു പാർക്കിലാണ് വൈകുന്നേരം ഓടാൻ പോകുന്നത്. അന്നത്തെ ഓട്ടം കഴിഞ്ഞ് വാട്ടർബോട്ടിലിൽ നിന്ന് വെള്ളമെടുത്തു കുടിക്കുമ്പോൾ കുറച്ചപ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു കുട്ടി ഓടിവന്നു, "അങ്കിൾ കുറച്ചു വെള്ളം തരൂ, ദാഹിക്കുന്നു' എന്ന് അവശനായി പറഞ്ഞു. ഞാൻ കുടി മതിയാക്കി, ബോട്ടിൽ അവനു കൊടുത്തു, ബാക്കിയുള്ള വെള്ളം മുഴുവനും അവൻ ഒറ്റ വലിക്ക് കുടിച്ചു.

കുടിച്ചു കഴിഞ്ഞപ്പോൾ അവനോടു ചോദിച്ചു, "കുട്ടിയുടെ ഫ്രണ്ട്സിന്റെ കയ്യിലൊക്കെ ബോട്ടിലുണ്ടല്ലോ, അവരാരും തന്നില്ലേ?’
"ഇല്ല, ഞങ്ങൾക്ക് രണ്ടുപേർക്ക് ബോട്ടലിലെ വെള്ളം കുടിക്കാൻ തരരുതെന്ന് അവരോടു അവരുടെ അമ്മമാർ പറഞ്ഞിട്ടുണ്ടത്രെ.’
അപ്പോൾ ഞാനവനോട് പേര് ചോദിച്ചു.

സ്വന്തം ചങ്ങാതിമാർ, അവരുടെ അമ്മമാർ അവന് വെള്ളം നിഷേധിച്ചതിന്റെ കാരണം ജാതിയാണ്. അഞ്ചു വയസ്സുണ്ടാവും ഈ മിടുക്കൻ ക്രിക്കറ്റർക്ക്. മധ്യ-ഉപരിവർഗം മാത്രം താമസിക്കുന്ന ഒരു സ്ഥലത്തെ അവസ്ഥയാണിത്.

രംഗം രണ്ട്:

രണ്ടുമാസം മുൻപ് ഒരു ഇവിടെ ഒരു കോളേജിൽ ജോലിചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞു, ഡിഗ്രി ഒന്നാം സെമസ്റ്ററിലെ കുട്ടികളുടെ രക്ഷിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ, പ്രിൻസിപ്പലിനെ വിളിച്ചു പറഞ്ഞത്രേ, ഇയാളെ താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന്. ഇയാളുടെ ക്ലാസിൽ അവരുടെ കുട്ടികളെ ഇരുത്താൻ അവർക്കിഷ്ടമല്ലത്രേ. കുട്ടികൾ പലപ്പോഴും ഇദ്ദേഹത്തിന്റെ ക്ലാസിൽ കയറുന്നില്ലത്രേ.

പതിനേഴും പതിനാറും വയസ്സുള്ള കുട്ടികളാണ്, അധ്യാപകന്റെ മതം നോക്കി ക്ലാസ് ബഹിഷ്‌കരിക്കുന്നത്. വിളിക്കുന്നത് അമ്മമാരും. ഒന്ന് രണ്ട് നല്ല ജേർണലുകളിൽ പബ്ലിക്കേഷനുള്ള, മിടുക്കനായ അധ്യാപകനും, മധ്യവർഗം തങ്ങളുടെ കുട്ടികൾക്കുവേണ്ടി ആഗ്രഹിക്കുന്ന ഇംഗ്ലീഷ് മനോഹരമായി കൈകാര്യം ചെയ്യുന്ന ഗവേഷകനുമായ ആളുടെ കാര്യമാണ് ഈ പറഞ്ഞത്.

നസിയ എറും. / Photo : Nazia Erum, Fb Page
നസിയ എറും. / Photo : Nazia Erum, Fb Page

1985 ലെ വർഗീയ സംഘർഷങ്ങളിൽ, അയൽക്കാരുടെ വീടുകളിലേക്ക് മണ്ണെണ്ണയും, തീപ്പന്തവും എറിയാൻ വീടിന്റെ മേൽക്കൂരയിലെ ഓട് നീക്കിക്കൊടുത്ത് സ്വന്തം കുട്ടികൾക്ക് കൈസഹായം കൊടുക്കുന്ന അമ്മമാരെപ്പറ്റി ഓർണിത് ഷാനിയുടെ ഗവേഷണം വിശദമാക്കിത്തരും. നസിയ എറുമിന്റെ, "മദറിങ് എ മുസ്​ലിം' എന്ന വ്യാപകമായി ചർച്ച ചെയ്യപ്പെട്ട, എല്ലാവരും വായിക്കേണ്ട (പ്രത്യേകിച്ച്​ കോഴിക്കോട്ടെ മേയർ), ബുക്കിൽ ഡൽഹിയിൽ ഉപരിവർഗം മാത്രം പഠിക്കുന്ന സ്കൂളുകളിൽ പോലും, ചെറിയ കുട്ടികൾ മതത്തിന്റെ പേരിൽ സ്വന്തം അപ്പുറമിരിക്കുന്ന കുട്ടികളെ ബുള്ളിയിങ് ചെയ്യുന്ന കാര്യങ്ങൾ വിവരിക്കുന്നുണ്ട്. നെഞ്ചുപൊട്ടി മാത്രം വായിക്കാൻ പറ്റുന്നവയാണത്. മേയർ പറഞ്ഞ ഉത്തരേന്ത്യയിലെ "ഉത്തമ ശിശുപരിപാലകരായ" മാതാപിതാക്കളെ അതേപോലെ അനുകരിക്കുകയാണ് ഈ കുട്ടികൾ. ഇതിനെ പറ്റിയുള്ള ഒരു റിപ്പോർട്ട് 2018 ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നതിൽ കംസാവസ്ഥയിൽ നിൽക്കുകയാണ് പഞ്ചാബും ഹരിയാനയും. ഇങ്ങനെ കൊന്നൊടുക്കിയതുകൊണ്ട്, ഇന്ന് കല്യാണം കഴിക്കാനും, പ്രണയിക്കാൻ പോലുമാവാതെ, ഇവിടെയുള്ള വലിയൊരു വിഭാഗം ചെറുപ്പക്കാരും ഉത്തരാഖണ്ഡിൽ നിന്നും ബിഹാറിൽ നിന്നും നിശ്ചിതസമയത്തേക്ക് വിലകൊടുത്ത് പെൺകുട്ടികളെ താൽക്കാലിക ഭാര്യമാരാക്കിമാറ്റിയെടുക്കുന്ന ഏർപ്പാട് വളരെ പ്രചാരത്തിലുള്ളതാണ്. പെൺ ശിശുഹത്യ ആചാരമാക്കിയ പലപ്രദേശങ്ങളിലും, നേപ്പാളിൽ നിന്നുള്ള "വധുകുടിയേറ്റം' എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു സാമൂഹ്യ പ്രക്രിയ കാണാൻ കഴിയും.

ഉത്തർപ്രദേശിൽ, എട്ടാം ക്ലാസിനപ്പുറത്ത് പഠിക്കാൻ കഴിയാതെ, സ്നേഹത്താൽ വീർപ്പുമുട്ടിയ മാതാപിതാക്കൾക്ക് എപ്പോഴും കാണാൻ വേണ്ടി, 40 ശതമാനത്തിനടുത്ത് കുട്ടികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോവുകയാണ്. യു.പി സർക്കാരിന്റെതന്നെ കണക്കുകൾ അത് പറഞ്ഞുതരും. 2020 ലെ കണക്ക് പ്രകാരം യു.പിയിലെ മാത്രം ശൈശവവധുക്കളുടെ എണ്ണം നാല് കോടിയോളമാണ്. പരിപാലിച്ചു മടുത്ത്, പതിനഞ്ചു വർഷം പൂർത്തിയാവുന്നതിന് മുൻപ് കെട്ടിച്ചു വിട്ട പെൺകുട്ടികളുടെ എണ്ണമാണിത്. മത്സരിച്ചുകൊണ്ടു തന്നെ തൊട്ടടുത്ത് നിൽക്കുന്നുണ്ട് ബിഹാറും മധ്യപ്രദേശും.

മേയർ ബീന ഫിലിപ്പ്.
മേയർ ബീന ഫിലിപ്പ്.

മേയർ ചെറുതാക്കി കാണിച്ച, "ശൈശവ അവസ്ഥയിലെ കേരളത്തിലെ മരണക്കുറവ്', വെറുമൊരു ഡാറ്റ മാത്രമല്ല. അതിനേക്കാളുപരി അത് ഒരു സാമൂഹ്യബോധമാണ്. കുട്ടികൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ കാണിക്കുന്നതാണ്. ഒരു രാഷ്ട്രീയബോധത്തിൽ നിന്നും, സാമൂഹ്യബോധത്തിൽ നിന്നും പിറവിയുടുക്കുന്ന ആരോഗ്യ വളർച്ചയാണത്, കുട്ടികളുടെ കാര്യത്തിലെങ്കിലും. അറിയാവുന്ന ഏതോ ബന്ധത്തിലുള്ളവർ പറയുന്നത് കേട്ട്, പരിവാർ പന്തലിലെ പൊതുവേദിയിൽ അവാസ്തവം പറയുമ്പോൾ മേയർ റദ്ദുചെയ്യുന്നത് ഇടതുപക്ഷവും കൂടി ഭാഗമായ സാമൂഹ്യ പുരോഗതിയുടെ (ഒരു പാട് വേറെ പ്രശ്നങ്ങളുണ്ടെകിലും) വലിയൊരു ചരിത്രവും കൂടിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ശൈശവ- ബാല വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളം കൂട്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും കൂടിയാണ്.

ഇനിയും ഒരുപാട് ഈ മേഖലയിൽ മുന്നോട്ടു പോകാനുണ്ടെങ്കിലും, മലയാളി രക്ഷിതാക്കൾ, മാറിവന്ന സർക്കാരുകൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ശിശുപരിപാലന രംഗത്ത് നടത്തിയ മുന്നേറ്റം വിപ്ലവാത്മകമാണ് എന്നുതന്നെ പറയേണ്ടിവരും. സ്ത്രീകൾ ആർജ്ജിക്കുന്ന സ്വയം നിർണ്ണായകവശവും, തെരഞ്ഞെടുപ്പുകളും, ഫെമിനിസ്റ്റ് ആശയങ്ങളും ഒക്കെ "എല്ലാവർക്കും ആരോഗ്യമുള്ള കുഞ്ഞ്' (മാനസികവും ശാരീരികവും) എന്ന ഒരു ബോധം ഒരു ജനത എന്ന നിലക്ക് മലയാളികൾക്ക് ഉണ്ടാവാൻ കാരണമായിട്ടുണ്ട്, എന്ന വസ്തുതയും കൂടിയാണ് മേയർ മറന്നത്.

പതിനാറാം നൂറ്റാണ്ടുമുതൽ ശിശുക്കളെ വ്യക്തികളായി കണ്ടുകൊണ്ട്, പരിപാലനത്തിന്റെ വിവിധ മേഖലകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന, കേരളത്തിലുണ്ടായിട്ടുള്ള പുസ്തകങ്ങളും, ചർച്ചകളും, സാമൂഹ്യ പുരോഗതിയും, രാഷ്ട്രീയ ബോധവും, മത-ധാർമിക മൂല്യങ്ങളും, ആരോഗ്യ ചർച്ചകളും ഒക്കെ ഈ മുന്നേറ്റത്തെ സഹായിച്ചിട്ടുണ്ട്.

ശ്വാസം കിട്ടാതെ 63 കുട്ടികൾ മരിച്ചപ്പോൾ മരിക്കാതെ കിടന്നവർക്ക് ഓക്സിജൻ എത്തിച്ച ഡോക്ടരെ ജയിലിലടച്ച സ്ഥലവും കൂടി ചൂണ്ടിക്കാണിച്ചാണ്, "നോക്കൂ, മലയാളികളെ, ശിശുപരിപാലനം അവരെ കണ്ടു പഠിക്കൂ' എന്ന് മേയർ പരിവാർ വേദിയിൽ പറയുന്നത്.

Screengrab From The Quint
Screengrab From The Quint

ബാലഗോകുലം ഒരു പരിവാർ പോഷക സംഘടനായാണെന്നറിയാത്ത മേയർ, ഇത്തരം പല പരിപാടിയിലും പോകാറുണ്ടെന്ന് വിവാദത്തെത്തുടർന്നുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറയുന്ന മേയർ, ഇടതുപക്ഷത്തെ കുറച്ചു ദിവസം നന്നായി ബുദ്ധിമുട്ടിക്കുമെന്നുറപ്പാണ്. ഇത്തരം സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നത് പാർട്ടി വിലക്കിയിട്ടില്ല എന്നാണ് അവർ പറയുന്നത്. ഇതിന്റെ പ്രതികരണം രാഷ്ട്രീയ കേരളം സി. പി.എമ്മിൽ നിന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നുണ്ട്.

ഭർത്താവ് അന്ധനായതുകൊണ്ട് കണ്ണുകെട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ച, ജീവിതകാലം മുഴുവൻ കണ്ണുകെട്ടി, ഇരുട്ടിൽ തപ്പി ജീവിച്ച സ്ത്രീ കഥാപാത്രങ്ങളൊക്കെയാണ് ഇപ്പോഴും മേയറുടെ ഹീറോ.


Summary: കോഴിക്കോട്​ മേയർ ബീന ഫിലിപ്പ്​ ചെറുതാക്കി കാണിച്ച, "ശൈശവ അവസ്ഥയിലെ കേരളത്തിലെ മരണക്കുറവ്', വെറുമൊരു ഡാറ്റ മാത്രമല്ല. അതിനേക്കാളുപരി അത് ഒരു സാമൂഹ്യബോധമാണ്. കുട്ടികൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ കാണിക്കുന്നതാണ്. അറിയാവുന്ന ഏതോ ബന്ധത്തിലുള്ളവർ പറയുന്നത് കേട്ട്, പരിവാർ പന്തലിലെ പൊതുവേദിയിൽ അവാസ്തവം പറയുമ്പോൾ മേയർ റദ്ദുചെയ്യുന്നത് ഇടതുപക്ഷവും കൂടി ഭാഗമായ സാമൂഹ്യ പുരോഗതിയുടെ വലിയൊരു ചരിത്രവും കൂടിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ശൈശവ- ബാല വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളം കൂട്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും കൂടിയാണ്.


Comments