ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഹ്യുണ്ടായ്; പിന പറഞ്ഞ കഥകൾ

“പിന ഒരു സാധാരണ ടൂർ ഗൈഡായിരുന്നില്ല. കാഴ്ചകൾക്കൊപ്പം മനസ്സ് പങ്കുവെച്ച ഒരു സഹയാത്രികയായിരുന്നു അവൾ,” വടക്കൻ - ഉത്തര കൊറിയകളുടെ ചരിത്രവും വർത്തമാനവുമാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 49

“എന്നെ പിന എന്ന് വിളിച്ചാൽ സന്തോഷം, ലൂസി എന്നാണെങ്കിൽ ഐ ആം ഹാപ്പി”

അതും പറഞ്ഞ് അവൾ ചിരിച്ചു.

“എങ്കി പിന തന്നെ” നിഷ പറഞ്ഞു. ഉച്ചാരണം ശരിയല്ലെങ്കിൽ ക്ഷമിക്കണം എന്ന് ഞാനും.

പിനയുടെ സംസാരം ഒരു പ്രത്യേക രീതിയിലായിരുന്നു. വിവരിക്കുന്ന സംഭവങ്ങളുടെ അവസ്ഥ അവളുടെ മുഖത്തും ശബ്ദത്തിലും ഒരു പോലെ പ്രതിഫലിച്ചു. അതുകൊണ്ട് ദുഃഖവും സന്തോഷവും മാറി മാറി വന്നു. ദാരുണമായ സംഭവങ്ങളാണെങ്കിൽ അവൾക്ക് ശബ്ദം ഇടറി. ശുഭപര്യവസായിയായ സംഗതികൾ അവളുടെ വാക്കുകളെ ആഹ്ളാദഭരിതമാക്കി.

ബസ്സ് ഒരു ബ്രിഡ്ജിലേക്ക് കയറുകയായിരുന്നു.

“എല്ലാവരും ഫോട്ടോ എടുക്കാൻ റെഡിയായിക്കോളു. ദാ ഇപ്പോ വരും, ഒരു പശുവിൻ്റെ പ്രതിമ,” വാചാലയാകാൻ പോകുന്നതിന് മുമ്പുള്ള ചിരി അവളുടെ മുഖം നിറഞ്ഞു.

ഡ്രൈവർ സ്പീഡ് കുറച്ചു. ക്യാമറകളിൽ പശു പ്രതിമയിലുള്ളതിനേക്കാൾ ഭംഗിയിൽ പതിഞ്ഞു.

“ആർക്കെങ്കിലും ഈ പശുവിൻ്റെ കഥയറിയാമോ?”

കഥയറിയുന്നവരും അവളുടെ കഥനത്തിനായി കാത്തു നിന്നു.

കഥയിലെ നായകൻ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. ഈ ജീവിതം തനിക്കുള്ളതല്ല എന്നവൻ ബാല്യത്തിലേ തീരുമാനിച്ചു. സാമ്പത്തികമായി ഉയരണമെങ്കിൽ ഈ ദേശം വിടണം. അവന് പോകാനുള്ള ദേശമാണെങ്കിൽ അങ്ങ് ദൂരെയാണ്.

മാത്രമല്ല ഭരണാധികാരികൾ ആരേയും അവിടം വിട്ടു പോകാൻ അനുവദിക്കുകയുമില്ല. പട്ടിണിയാണെങ്കിലും അവൻ ഒരെത്തും പിടിയുമില്ലാത്ത നാട്ടിൽ പോകുന്നത് അവൻ്റെ കുടുംബത്തിനും പേടിയായിരുന്നു. പല കാലങ്ങളിലായി മൂന്ന് പ്രാവശ്യം അവൻ ശ്രമിച്ചു. പരാജയപ്പെട്ടു, അഥവാ പരാജയപ്പെടുത്തി. രഹസ്യ പോലീസ് അവനെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ശ്രമത്തിന് കിട്ടിയ മർദ്ദനത്തിൽ സാധാരണ നിലയ്ക്ക് ഒരു കൗമാരപ്രായക്കാരൻ തളർന്നു പോയേനെ. പക്ഷേ അവൻ്റെ തീരുമാനം അസാധാരണമാം വിധം തീവ്രമായിരുന്നു. പതിനെട്ടാം വയസ്സിൽ അവൻ വീണ്ടും ശ്രമിച്ചു.

ആ ശ്രമം അവസാനിച്ചത് ലോകത്തിലെ തന്നെ എറ്റവും വലിയ വ്യവസായ ശൃംഖലയുടെ സ്ഥാപകൻ എന്ന നിലയിലാണ്. പണക്കാരനായപ്പോൾ അയാൾ തൻ്റെ ദേശത്തെ കുറിച്ചോർത്തു. അപ്പോഴേക്കും അയാളെ വളർത്തി വലുതാക്കിയ ദേശവും അയാളുടെ ജന്മദേശവും രണ്ട് രാജ്യങ്ങളിലായി കഴിഞ്ഞിരുന്നു. അയാളെത്തി ചേർന്ന രാജ്യം അയാളൊടൊപ്പം വളർന്നു. സമ്പന്നവും വികസിതവുമായി. അയാളുടെ എട്ട് സഹോദരങ്ങളിൽ നാലുപേർ അയാൾക്കൊപ്പം ചേർന്നിരുന്നു. ഒരാൾ പത്രപ്രവർത്തകനായി ജർമ്മനിയിലെത്തി. ഏകാധിപത്യവും, ഭരണകൂടഭീകരതയും മാത്രം പുറത്തേക്കറിയുന്ന, ഇരുമ്പുമറക്കുള്ളിലെ രാജ്യത്തിനകത്തായി അയാളുടെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും. രാജ്യങ്ങൾ വീണ്ടുമൊന്നാകണമെന്നും വ്യവസായ നിക്ഷേപം വഴി മാതൃരാജ്യത്തെ സാമ്പത്തികമായി സഹായിക്കണമെന്നും അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. എന്നാൽ അവിടത്തെ ഭരണം നടത്തിയിരുന്നവർ അയാളുടെ ആത്മാർത്ഥത അവഗണിച്ചു. അയാൾ അവിടന്ന് രക്ഷപ്പെട്ടത് അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയിരുന്ന ഒരു പശുവിനെ മോഷ്ടിച്ച് വിറ്റ കാശ് കൊണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽ ഒരു കുടുംബത്തിന് താങ്ങാൻ പറ്റാത്ത ഒരു നഷ്ടമായിരുന്നു അത്. പകരം തനിക്ക് ചെയ്യാൻ പറ്റുന്നത് പ്രതീകാൽകമായ എന്തെങ്കിലും മാത്രമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ആ ദേശത്തെ പാവപ്പെട്ട കർഷകർക്ക് ആയിരത്തൊന്ന് പശുക്കളെ നൽകാൻ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ അയാൾക്ക് സാധിച്ചു. താൻ കട്ടെടുത്ത ഒന്നും, കൂടെ ആയിരവും. അതിൽ അധികവും ഗർഭിണികളായ പശുക്കളായിരുന്നു. പരിമിതമായ സാഹചര്യങ്ങളിൽ, വിഭജനമുണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളുടെ പശ്ചാത്തലത്തിൽ അയാൾ ചെയ്ത പ്രവർത്തി വേർപിരിഞ്ഞവരെയെല്ലാം ഒന്നായി കാണാനുള്ള നിസ്വാർത്ഥമായ ഒരാഗ്രഹത്തിൻ്റെ പ്രതിഫലനമായാണ് ജനങ്ങളുടെ മനസ്സിനെ സ്പർശിച്ചത്.

2001-ൽ അയാൾ മരിച്ചു, താൻ സ്ഥാപിച്ച സ്ഥാപനം പിൽക്കാലത്ത് ലോകം മുഴുവൻ ആളുകൾ ഓടിക്കുന്ന കാറുകൾ നിർമ്മിക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ. Asan-ri എന്ന സ്ഥലത്ത് ജനിച്ചത് കൊണ്ട് അയാളെ എല്ലാവരും സ്നേഹപൂർവ്വം asan എന്ന് വിളിച്ചു. ഔദ്യോഗികമായി അയാൾ Chung Ju-yung എന്നും അയാൾ പടുത്തുയർത്തിയ വ്യവസായം Hyundai എന്നും അറിയപ്പെട്ടു.

 Chung Ju-yung
 Chung Ju-yung

പിനാ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ബസ്സിലുള്ള എല്ലാവരും എണീറ്റ് നിന്ന് അവളോട് കൊറിയൻ ഭാഷയിൽ നന്ദി പറഞ്ഞു. ഒരാളുടെ അതിജീവനത്തിനായുള്ള പോരാട്ടം വാക്കുകൾക്ക് ആവേശമായപ്പോഴും ഉത്തര കൊറിയൻ ജനതയുടെ നിസ്സഹായത അവളെ ഇടക്കിടെ നിശ്ശബ്ദയാക്കി. ആ വേദന അവളോടൊപ്പം എല്ലാവരും അനുഭവിച്ചു.

“പ്രത്യേകിച്ച് 1970 വരെ സൗത്തിനേക്കാൾ വികസിതമായിരുന്നു നോർത്ത് കൊറിയ. അക്കാലത്ത് ആളോഹരി വരുമാനം സൗത്ത് കൊറിയക്കാരുടേതിനേക്കാൾ കൂടുതൽ നോർത്തിലായിരുന്നു. പിന്നീടാണ് എല്ലാം തകർന്നത്” ജർമ്മൻകാരി മരിയയാണത് പറഞ്ഞത്.

“ശരിയാണ്” പിനാ തലയാട്ടി.

സംസാരം യുദ്ധങ്ങളിൽ നിന്നും മാറി. കൊറിയൻ ഫുഡ്, മ്യൂസിക്, കൾച്ചർ അങ്ങനെ പോയി ബുസാനിലെ ഫിലിം ഫെസ്റ്റിവൽ വരെയെത്തി.

“ഇനിയാരും ഫോട്ടോ എടുക്കരുത്,” മിലിട്ടറി ഇല്ലാത്ത പ്രദേശം എന്നറിയപ്പെടുന്ന ഉത്തര - ദക്ഷിണ കൊറിയകൾക്കിടയിലുള്ള Demilitarized zone (DMZ)-ൽ എത്തിയപ്പോഴായിരുന്നു പിനയുടെ ഗൗരവപൂർണ്ണമായ ഓർമ്മപ്പെടുത്തൽ. കാരണം അപ്പുറവും ഇപ്പുറവും നിറയെ പട്ടാളക്കാരാണ്. സദാ തോക്ക് ചൂണ്ടി പേടിപ്പിച്ച് പരസ്പരം ഒരാക്രമണം പ്രതിരോധിക്കുമ്പോൾ DMZ അവർക്കിടയിൽ പേരിനൊരു പ്രസക്തിയുമില്ലാത്ത 250 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയുമുള്ള ഒരു തുണ്ട് ഭൂമി മാത്രമാണ്.

അതിർത്തികളിലേക്ക് എത്തിനോക്കുന്ന ദൂരദർശിനികൾക്കടുത്തേക്ക് പോകുമ്പോൾ പിന കൊറിയൻ ചരിത്രവുമായി ഒപ്പം നടന്നു.

രാജാവിനെ തോൽപ്പിച്ച് ജപ്പാൻകാർ കൊറിയ ഭരിച്ചു. ക്രൂരൻമായിരുന്നു ജപ്പാൻ കൊളോണിയലിസ്റ്റുകൾ. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റപ്പോൾ പിന്നെ വന്നത് സോവിയറ്റ് യൂണിയനും അമേരിക്കക്കും, ചൈനക്കും കൊറിയയിലുണ്ടായിരുന്ന താൽപ്പര്യങ്ങളായിരുന്നു. ഒരേ ഭാഷയും രൂപവും ഭാവവുമുണ്ടായിരുന്ന മനുഷ്യർ ശത്രുക്കളായി. അങ്ങനെയാണ് രാജ്യം വിഭജിക്കപ്പെട്ടത്. 10 മില്യൺ കുടുംബങ്ങളായിരുന്നു വേർപെട്ടു പോയത്. അവരിൽ ജീവിച്ചിരുന്നവർ തങ്ങളുടെ മക്കളേയും സഹോദരങ്ങളേയും, ബന്ധുക്കളേയും കാണാൻ 1980-കളിൽ വലിയൊരു ശ്രമം നടത്തി. അതിൻ്റെ സ്മാരകമായി പണിത കരിങ്കൽ ചുമരിൽ  ഫോട്ടോയും രേഖകളുമില്ലാതിരുന്ന മനുഷ്യർ ഓർമ്മകളും പഴയ കഥകളും പറഞ്ഞ് തിരിച്ചറിയാൻ നടത്തിയ വികാരാധീനമായ രംഗങ്ങൾ പതിഞ്ഞ് കിടന്നിരുന്നു.

തൊട്ടടുത്ത് വെങ്കലത്തിൽ തീർത്ത രണ്ട് പ്രതിമകൾ ചെറുപ്പക്കാരായ രണ്ട് സ്ത്രീകളുടേതായിരുന്നു.

“ജപ്പാൻ പട്ടാളക്കാർക്ക് വേണ്ടി കൊറിയൻ പെൺകുട്ടികളെ അടിമകളായി മാറ്റിയിരുന്നു. ഗർഭിണികളായാൽ അവരെ കൊന്നുകളയും. 2 ലക്ഷം പെൺകുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്, അവരുടെ ഓർമ്മക്ക്”

ആ ക്രൂരതയെ കുറിച്ചോർത്താവണം ആരും ഒന്ന് പറയാതായപ്പോൾ പിന ചോദിച്ചു,

“എന്തിനാണ് ഈ രണ്ട് പ്രതിമകൾ?”

എന്നിട്ട് അവൾ തന്നെ ഉത്തരം പറഞ്ഞു,

“എന്നെങ്കിലും സൗത്തും നോർത്തും അതായത് ഞങ്ങൾ ഒന്നാവുകയാണെങ്കിൽ… ഒരു പ്രതിമ അവർക്ക് വേണ്ടിയുള്ളതാണ്. എന്നെങ്കിലും, നിങ്ങൾ വീണ്ടും വരികയാണെങ്കിൽ ഞങ്ങൾ ഒന്നായിട്ടുണ്ടാവും. നടക്കില്ലെന്നറിയാം. എന്നാലും ആഗ്രഹിക്കാമല്ലോ?”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പിന ഒരു സാധാരണ ടൂർ ഗൈഡായിരുന്നില്ല. കാഴ്ചകൾക്കൊപ്പം മനസ്സ് പങ്കുവെച്ച ഒരു സഹയാത്രികയായിരുന്നു അവൾ.

കൊറിയൻ യാത്രയിൽ DMZ ഒരു നൊമ്പരമായി കൂടെ പോന്നു. ഒപ്പം പിനയുടെ സംസാരങ്ങളും.

Cheers!


Summary: History and some facts about North Korea South Korea and Hyundai, Dr Prasannan PA's Good Evening Friday continues from Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments