പിണറായിപ്പൊലീസിന്റെ
കരുണാകരബാധകൾ

യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണകൂടങ്ങളും മുഖ്യമന്ത്രിമാരും പൊലീസ് സംവിധാനത്തെ എങ്ങനെയാണ് ഉപയോഗിച്ചതും ദുരുപയോഗിച്ചതും എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി. ഒപ്പം, കെ. കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ കാലത്ത് ആഭ്യന്തര വകുപ്പുകളിൽ നടന്ന രാഷ്ട്രീയ ബലാബലങ്ങളുടെ രസതന്ത്രവും.

സംസ്ഥാന പൊലീസിൽ ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡി ജി പി എം.ആർ. അജിത്കുമാർ കഴിഞ്ഞവർഷം രഹസ്യമായി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ എന്ന നിലയിലാണെന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാനായി മുഖ്യമന്ത്രി ആശ്രയിച്ചത് കേരളത്തിലെ പൊലീസ് സേന കണ്ട ഏറ്റവും വലിയ വിവാദപുരുഷനായ ജയറാം പടിക്കലിന്റെ ആത്മകഥയാണ്.
1991-ലെ തെരഞ്ഞെടുപ്പു കാലത്ത് വടകരയിലും ബേപ്പൂരിലും ബി ജെ പിയുമായി സഖ്യം സ്ഥാപിക്കാൻ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുവേണ്ടി കരു നീക്കിയത് താനാണെന്ന വെളിപ്പെടുത്തൽ അതിൽ ജയറാം പടിക്കൽ നടത്തുന്നുണ്ട്. അതൊക്കെ വലതുപക്ഷ രാഷ്ട്രീയക്കാരുടെ രീതിയാണ്. എന്നാൽ ഇടതുപക്ഷത്ത് പ്രവർത്തിക്കുന്ന തങ്ങളാരും രാഷ്‌ടീയദൂതിന് പോലീസിനെ ഉപയോഗിക്കുന്ന പതിവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഡീഷണൽ ഡി ജി പി എം.ആർ. അജിത്കുമാർ എന്തിന് ആർ.എസ്.എസ് നേതാക്കളെ കാണാൻ പോയി എന്നതിന്റെ സത്യം വെളിപ്പെടാൻ കേരളം ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരും.
അഡീഷണൽ ഡി ജി പി എം.ആർ. അജിത്കുമാർ എന്തിന് ആർ.എസ്.എസ് നേതാക്കളെ കാണാൻ പോയി എന്നതിന്റെ സത്യം വെളിപ്പെടാൻ കേരളം ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരും.

അദ്ദേഹം പറഞ്ഞത് സത്യമാകാം; ഒരുപക്ഷേ അല്ലെന്നും വരാം.
ഭരണ നടത്തിപ്പിൽ പലപ്പോഴും ഇത്തരം പിൻവാതിൽ സമ്പർക്കങ്ങൾ അധികാരികൾക്ക് ആവശ്യമായി വരും. അത്തരം ബന്ധങ്ങൾ സ്ഥാപിക്കുന്നത് ചിലപ്പോൾ സ്വകാര്യ താല്പര്യങ്ങൾക്ക് വേണ്ടിയാകാം; പൊതുതാല്പര്യങ്ങൾക്കു വേണ്ടിയും അത്തരം ബന്ധങ്ങളും ചർച്ചകളും ആവശ്യമായി വരും. അതിനാൽ അജിത്കുമാർ എന്തിനു പോയി എന്നതിന്റെ സത്യം വെളിപ്പെടാൻ കേരളം ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരും. പോലീസുകാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും അടുത്തൂൺ പറ്റിയാൽ സർവീസ് സ്റ്റോറി എഴുതുന്ന പതിവുള്ള ഇക്കാലത്ത് അജിത്കുമാറും തൂലിക കയ്യിലെടുക്കും എന്നു പ്രതീക്ഷിക്കുക. അല്ലെങ്കിൽ പിണറായി വിജയൻ തന്നെ തന്റെ സംഭവബഹുലമായ ജീവിതത്തെപ്പറ്റി ചിലതൊക്കെ ഭാവിയിൽ എഴുതും എന്നു വിശ്വസിക്കുക. കാരണം അത്തരം വെളിപ്പെടുത്തലുകൾ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ നൽകുന്ന രേഖകളാണ്. ചരിത്രം അതിനായി കാതോർത്തിരിക്കുകയും ചെയ്യുന്നു.

കരുണാകരകാലം,
കരുണാകരപാഠം

പൊലീസ് സംവിധാനത്തിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച ചർച്ചക്കിടയിൽ തന്റെ ഭാഗം ന്യായീകരിക്കാൻ പിണറായി വിജയൻ അറിഞ്ഞോ അറിയാതെയോ കരുണാകരനെ വലിച്ചു കൊണ്ടുവന്നത് ചരിത്രത്തിലെ മറ്റൊരു തമാശയായി കാണണം. കാരണം, ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പൊലീസിനെ ഏറ്റവുമധികം ദുരുപയോഗം ചെയ്‌ത ആഭ്യന്തരമന്ത്രി എന്ന പട്ടം കരുണാകരനിൽ ചാർത്തപ്പെട്ടതാണ്.

മലയാളമാസം ഒന്നാം തിയ്യതി ഗുരുവായൂരിൽ തൊഴാനായി  കരുണാകരൻ എത്തുംമുമ്പ് ഒരു പോലീസ് പട തന്നെ മഞ്ജുളാലിന്റെ ചുറ്റുമായി നിലയുറപ്പിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു.
മലയാളമാസം ഒന്നാം തിയ്യതി ഗുരുവായൂരിൽ തൊഴാനായി കരുണാകരൻ എത്തുംമുമ്പ് ഒരു പോലീസ് പട തന്നെ മഞ്ജുളാലിന്റെ ചുറ്റുമായി നിലയുറപ്പിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു.

അതദ്ദേഹം പൂർണമായും അർഹിക്കുകയും ചെയ്യുന്നു. വലിയ അഭ്യാസിയെപ്പോലെ പോലീസ് യജമാനന്മാരെ പരസ്‌പരം അടിപ്പിച്ചും പാര വെപ്പിച്ചും ചാരപ്പണി നടത്തിച്ചും ഒക്കെ അദ്ദേഹം പൊതുസമൂഹത്തെ അമ്പരപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ മലയാളമാസം ഒന്നാം തിയ്യതി ഗുരുവായൂരിൽ തൊഴാനായി കരുണാകരൻ എത്തുംമുമ്പ് ഒരു പോലീസ് പട തന്നെ മഞ്ജുളാലിന്റെ ചുറ്റുമായി നിലയുറപ്പിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. നിവേദ്യം വാങ്ങി തൃശ്ശൂരിലെ വീട്ടിൽ മുഖ്യമന്ത്രിപത്നി കല്യാണിക്കുട്ടിയമ്മയ്ക്കു കാഴ്ചവെക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ മത്സരം തന്നെയുണ്ടായിരുന്നു. അതൊക്കെ കേരളീയർ ശരിക്കും ആസ്വദിച്ചു. വിനീതവിധേയരായി കാണപ്പെട്ട അതേ പോലീസിന്റെ വിക്രിയകളുടെ ഇരയായി കരുണാകരൻ രണ്ടുവട്ടം അധികാരത്തിൽ നിന്ന് പുറത്തേക്കു തെറിച്ചു വീണ സന്ദർഭത്തിലും ജനം അത് ആസ്വദിക്കുകയുണ്ടായി. ഗുരുവായൂരപ്പ ഭക്തനായ കവി പൂന്താനം പറഞ്ഞത് എത്ര സത്യം എന്നും അവരിൽ ചിലർ അത്ഭുതം കൂറി:
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ;
രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ;
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ…

ആഭ്യന്തരമന്ത്രി എന്ന നിലയിൽ കരുണാകരന്റെ അനുഭവങ്ങൾ അതിനുശേഷമുള്ള മിക്ക ആഭ്യന്തരമന്ത്രിമാരും ഒരു പാഠമായി കണക്കാക്കിയിരുന്നു എന്നു സംശയിക്കണം. പൊലീസ് ഇരുതല മൂർച്ചയുള്ള വാളാണെന്നും അത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ സ്വന്തം ശരീരത്തിൽ തന്നെയാണ് പരിക്കുകൾ കൂടുതൽ വന്നുഭവിക്കുക എന്നും മിക്കയാളുകളും മനസ്സിലാക്കി. പ്രത്യേകിച്ച്, ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുമ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ അത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാൽ എൺപതുകളുടെ ആരംഭത്തിൽ എൽ ഡി എഫ് സംവിധാനം നിലവിൽ വന്ന കാലം മുതൽ അത്തരം മന്ത്രിസഭകളിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത രീതി സവിശേഷപഠനം അർഹിക്കുന്നതു തന്നെയാണ്. 1980-ലെ ആദ്യത്തെ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലം മുതൽ 2006-2011 കാലത്ത് വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം കൈകാര്യം ചെയ്ത കോടിയേരി ബാലകൃഷ്ണൻ വരെയുള്ള മന്ത്രിമാർ കരുണാകരന്റെ അനുഭവങ്ങളിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊണ്ടിരുന്നു. വലിയ ചതിക്കുഴികളിൽ നിന്ന് അവരിൽ പലരെയും രക്ഷിച്ചതും ഇങ്ങനെയുള്ള മുൻകരുതൽ നടപടികളായിരുന്നു എന്നതും സത്യമാണ്.

പൊലീസ് സംവിധാനത്തിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച ചർച്ചക്കിടയിൽ തന്റെ ഭാഗം ന്യായീകരിക്കാൻ പിണറായി വിജയൻ അറിഞ്ഞോ അറിയാതെയോ കരുണാകരനെ വലിച്ചു കൊണ്ടുവന്നത് ചരിത്രത്തിലെ മറ്റൊരു തമാശയായി കാണണം.

1971-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ കാലം മുതലാണ് കരുണാകരന്റെ ഐതിഹാസികമായ പൊലീസ് ഭരണം കേരളത്തിൽ ആരംഭിക്കുന്നത്. വലിയ വെല്ലുവിളികൾ നിറഞ്ഞ കാലമായിരുന്നു അത്. സി പി എം നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ചാണ് അച്യുതമേനോൻ മന്തിസഭ അധികാരത്തിലേക്ക് വന്നത്. സി പി എം നേതൃത്വത്തിൽ സി പി ഐയും ആർ എസ്‌ പിയും മുസ്‍ലിം ലീഗും ഉൾപ്പെട്ട സപ്‌തകക്ഷി മുന്നണിയെ അട്ടിമറിച്ച് കോൺഗ്രസ് പിന്തുണയോടെയാണ് അന്നത്തെ സർക്കാർ അധികാരമേറ്റത്. രണ്ടാം തവണയും അധികാരത്തിൽ നിന്ന് പുറത്തായ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും അതൊരു കൊടും ചതിയായിത്തന്നെയാണ് കണക്കാക്കിയത്. അതിനാൽ എന്തുവില കൊടുത്തും അച്യുതമേനോൻ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നുതാനും. അതിനാൽ കേരളം അന്നൊരു യുദ്ധഭൂമിയായി മാറി. ആഭ്യന്തരമന്ത്രിയും ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ നേരെ തലശ്ശേരി സർക്കാർ അതിഥിമന്ദിരത്തിൽ വെച്ച് ഒരു സി പി എം പ്രവർത്തകൻ ആസിഡ് ബോംബെറിഞ്ഞ സംഭവം അതിൽ ആദ്യത്തേതായിരുന്നു. പിന്നീട് തലശ്ശേരിയിൽ വർഗീയ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. തൊട്ടുമുമ്പുള്ള കാലത്ത് സഖ്യകക്ഷികളായി പ്രവർത്തിച്ച മുസ്‍ലിം ലീഗും സി പി എമ്മും ഏറ്റവും പ്രബല കക്ഷികളായി നിന്ന തലശ്ശേരി അതോടെ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷങ്ങളുടെ മുഖ്യവേദിയായി പരിണമിച്ചു. അതിനകം കരുണാകരൻ ആഭ്യന്തര വകുപ്പിന്റെ ചുമതല സി.എച്ചിൽ നിന്ന് ഏറ്റെടുത്തിരുന്നു.

കലാപം അടിച്ചമർത്താൻ ശക്തമായ നടപടികളാണ് അന്ന് കരുണാകരൻ കൈക്കൊണ്ടത്. അതിനായി പൊലീസിലെ ഏറ്റവും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി അദ്ദേഹം തലശ്ശേരിയിലേക്കു നിയോഗിച്ചു. അങ്ങനെ തലശ്ശേരിയിൽ ചുമതലയേറ്റ യുവ ഓഫീസറാണ് ഇന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കുന്ന അജിത് ദോവൽ. അന്ന് കോട്ടയത്തു പ്രവർത്തിച്ച ദോവലിനെ കണ്ടെത്തി വടക്കൻ കേരളത്തിൽ സമാധാന പുനഃസ്ഥാപനത്തിനു നിയോഗിച്ച കരുണാകരന്റെ തന്ത്രങ്ങൾ വിജയം കാണുകയും ചെയ്‌തു.

തലശ്ശേരി കലാപം അടിച്ചമർത്താൻ കെ. കരുണാകരൻ തലശ്ശേരിയിലേക്കു നിയോഗിച്ച യുവ ഓഫീസറാണ് ഇന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കുന്ന അജിത് ദോവൽ.
തലശ്ശേരി കലാപം അടിച്ചമർത്താൻ കെ. കരുണാകരൻ തലശ്ശേരിയിലേക്കു നിയോഗിച്ച യുവ ഓഫീസറാണ് ഇന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കുന്ന അജിത് ദോവൽ.

എന്നാൽ, പൊലീസിലെ രാഷ്ട്രീയ ഇടപെടൽ അതിനു മുമ്പും നടപ്പിലിരുന്ന കാര്യമായിരുന്നു. തലശ്ശേരി കലാപം സംബന്ധിച്ചു അന്വേഷണം നടത്തിയ ജസ്റ്റിസ് വിതയത്തിൽ കമീഷന്റെ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിൽ നിന്ന് പുറത്തായ സി പി എം ബോധപൂർവം സൃഷ്‌ടിച്ചതാണ് കലാപം എന്ന് സി പി ഐ, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ആരോപിച്ചു. എന്നാൽ മുസ്‍ലിം ലീഗ് ആഭ്യന്തരം കൈകാര്യം ചെയ്‌ത അവസരത്തിൽ പോലീസ് ഭരണം സാമുദായികമായ താല്പര്യങ്ങൾക്ക് അടിപ്പെട്ടു എന്നതാണ് കലാപത്തിന്റെ യഥാർത്ഥ കാരണം എന്ന് മറ്റു പല പാർട്ടികളും അഭിപ്രായപ്പെട്ടു. പൊലീസിലെ രാഷ്ട്രീയ ഇടപെടൽ ഒരു സാമൂഹിക ദുരന്തമായി കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് തലശ്ശേരി കലാപം മുതലാണ്. പിന്നീടുള്ള ഓരോ വർഗീയ കലാപത്തിലും ഇത്തരം താല്പര്യങ്ങൾ പ്രവർത്തിക്കുന്നത് നമുക്ക് സ്പഷ്ടമായി കാണാനും കഴിയും.

ആഭ്യന്തര ഭരണത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട രീതികൾ ഏതൊക്കെ എന്ന് പിൽക്കാല ആഭ്യന്തരമന്ത്രിമാർക്കു കരുണാകരന്റെ ജീവിതവും ഭരണപ്രവർത്തനവും മാതൃകാപാഠമായി മാറുകയുണ്ടായി.

അന്നത്തെ സർക്കാരിന്റെ ഏഴു വർഷം നീണ്ട ഭരണം അവസാനിക്കുന്നത് അടിയന്തരാവസ്ഥയിലെ ദുരനുഭവങ്ങളിലാണ്. രാഷ്‌ട്രീയ എതിരാളികളെ പോലീസ് അടിച്ചമർത്തി. നക്സലൈറ്റുകളെ തെരഞ്ഞുപിടിച്ചു ഭേദ്യം ചെയ്‌തു. കേരളമങ്ങോളമിങ്ങോളം ഇത്തരം അമിതാധികാര പ്രയോഗങ്ങൾ നടന്നു. ശക്തനായ ഭരണാധികാരിയായി എന്നും അറിയപ്പെട്ടിരുന്ന അച്യുതമേനോൻ തന്റെ കണ്മുന്നിൽ നടന്ന അത്യാചാരങ്ങൾ കണ്ടില്ലെന്നു നടിച്ചു. എഞ്ചിനീയറിംഗ് കോളജിൽ പഠിക്കുന്ന തന്റെ മകൻ രാജനെ പോലീസ് പിടിച്ചുകൊണ്ടുപോയതിൽ പിന്നെ കാണാതായി എന്ന് പഴയ സുഹൃത്തും സഹപാഠിയുമായ ഈച്ചരവാര്യർ വന്നു പറഞ്ഞപ്പോൾ അദ്ദേഹം കുപിതനായി: “തന്റെ മകനെ തേടി ഞാനിനി രണ്ടാം മുണ്ടും തോളിലിട്ട് അന്വേഷിച്ചു ഇറങ്ങണോ” എന്നാണ് ചേലാട്ട് കുടുംബത്തിലെ കാരണവർ ചോദിച്ചത്. ‘വേണം’ എന്നു തന്നെയാണ് കേരളത്തിന്റെ മനഃസ്സാക്ഷി ഉത്തരം നൽകിയത്. അച്യുതമേനോന്റെ ജീവിതത്തിൽ അടിയന്തരാവസ്ഥയിലെ ദുർദിനങ്ങളുടെ കറ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

അച്യുതമേനോന്റെ ജീവിതത്തിൽ അടിയന്തരാവസ്ഥയിലെ ദുർദിനങ്ങളുടെ കറ ഇന്നും മായാതെ നിൽക്കുന്നുണ്ട്.
അച്യുതമേനോന്റെ ജീവിതത്തിൽ അടിയന്തരാവസ്ഥയിലെ ദുർദിനങ്ങളുടെ കറ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

കരുണാകരനെയും അത് വേട്ടയാടി.
തന്റെ മുമ്പിൽ വിനീത വിധേയരായി നിന്ന ജയറാം പടിക്കൽ മുതൽ ലക്ഷ്മണ വരെയുള്ള പോലീസ് പ്രമാണിമാർ എങ്ങനെയാണ് തങ്ങളുടെ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്‌ത് കേരളത്തിലെ പൊലീസ് സംവിധാനത്തിന് എക്കാലത്തെയും വലിയ ചീത്തപ്പേരുണ്ടാക്കിയത് എന്ന് അദ്ദേഹത്തിന് തിരിച്ചറിയാനായില്ല. അതിനാൽ 1977-ൽ വീണ്ടും അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അദ്ദേഹത്തിന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. പിന്നാലെ മൂന്നു മുഖ്യമന്ത്രിമാർ ആ സർക്കാരിനെ നയിച്ചു. പക്ഷേ അഭിശപ്തമായ ആ സർക്കാരിന് മേൽഗതിയുണ്ടായില്ല. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നായനാരുടെ ആദ്യ സർക്കാരിന്റെ രൂപീകരണത്തിലേക്കു നയിച്ചത് കരുണാകരന്റെ പോലീസ് ഭരണത്തിലെ പാളിച്ചകളായിരുന്നു എന്ന് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാണ്.

എന്നാൽ കരുണാകരൻ അതിൽ നിന്ന് എന്തെങ്കിലും പാഠങ്ങൾ പഠിക്കുകയുണ്ടായോ എന്ന കാര്യം സംശയമാണ്. അദ്ദേഹം പൊലീസ് ഭരണം നടത്തിയത് ഒരു ട്രപ്പീസ് കളിക്കാരന്റെ വൈഭവത്തോടെയാണ്. പ്രേക്ഷകരെ ഞെട്ടിച്ച് അവരെ ഇതികർത്തവ്യഥാമൂഢരാക്കുന്ന ഒരു മായാജാലരീതിയാണ് കരുണാകരന്റെ പോലീസ് ഭരണരീതി. അന്നത്തെ കേരളത്തിലെ ഇടുങ്ങിയ നിരത്തുകളിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഇരമ്പിയാർത്തു കുതിച്ചുപാഞ്ഞു. ജനങ്ങൾ പ്രാണരക്ഷാർത്ഥം വഴിയരികിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അക്കാലത്ത് പോലീസ് പ്രമാണിമാർ തങ്ങളുടെ കൈത്തരിപ്പു മാറാൻ സാധാരണ ജനങ്ങളുടെ നെടുംപുറമാണ്‌ പറ്റിയ വേദിയായി കണ്ടെത്തിയത്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന സിറാജുന്നീസയുടെ നേരെ വെടിയുണ്ട പായിച്ചതും കരുണാകരന്റെ കാലത്തെ പൊലീസ് ലീലാവിലാസങ്ങളിൽ പലതിലൊന്നാണ്.

അത്തരം ദുർനീതിയുടെ നിഴലുകൾ കരുണാകരന്റെ മേൽ വീണ്ടും പതിച്ചത് ഐ എസ് ആർ ഒ ചാരക്കേസിൽ ആരോപണമുയർന്ന് വീണ്ടും രാജി സമർപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായ ഘട്ടത്തിലാണ്. പൊലീസിലെ തട്ടിപ്പുകളും ഉദ്യോഗസ്ഥരുടെ ദുർനടപ്പും അധികാര ദുർവിനിയോഗവുമാണ് പ്രമാദമായ അന്നത്തെ കേസിനു പിന്നിലെ യഥാർത്ഥ വസ്തുത എന്ന് പിൽക്കാലത്ത് സി ബി ഐയും സുപ്രീംകോടതിയും കണ്ടെത്തി. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കരുണാകരന് ഒരിക്കലും ഒഴിഞ്ഞു മാറാനായില്ല എന്നതാണ് സത്യം. കാരണം പോലീസ് സംവിധാനത്തെ രാഷ്ട്രീയവും വ്യക്തിഗതവുമായ താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്‌ത ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. ആ നിലയിൽ അദ്ദേഹം ഒരു മാതൃകയുമാണ്. ആഭ്യന്തര ഭരണത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട രീതികൾ ഏതൊക്കെ എന്ന് പിൽക്കാല ആഭ്യന്തരമന്ത്രിമാർക്കു അദ്ദേഹത്തിന്റെ ജീവിതവും ഭരണപ്രവർത്തനവും മാതൃകാപാഠമായി മാറുകയുണ്ടായി.

പോലീസ് ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഒരുപക്ഷേ എതിരാളികളെ മാത്രമല്ല, തന്നെയും അത് മുറിവേല്പിക്കും എന്നും അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനം ഏറ്റുവാങ്ങിയ പിണറായി വിജയന് അറിയാതെയിരിക്കാൻ തരമില്ല.

തന്റെ മുൻഗാമി സി.എച്ച്. മുഹമ്മദ് കോയയുടെ അനുഭവങ്ങളിൽ നിന്ന് കരുണാകരനും വേണമെങ്കിൽ ചില പാഠങ്ങൾ പഠിക്കാമായിരുന്നു. കാരണം, എഴുപതിന്റെ തുടക്കത്തിൽ ചുരുങ്ങിയ കാലം ആഭ്യന്തവകുപ്പ് കൈകാര്യം ചെയ്‌ത സി.എച്ച്. മുഹമ്മദ്കോയ അതിന്റെ പേരിൽ പാർട്ടിയിൽ നിന്നും സമൂഹത്തിൽ നിന്നും ധാരാളം പഴികൾ കേട്ടയാളാണ്. ഭരണാധികാരി എന്ന നിലയിൽ സി.എച്ച് യഥാർത്ഥത്തിൽ ഒരു മാതൃകയായിരുന്നു. കാരണം പൊലീസിലെ രാഷ്ട്രീയ ഇടപെടൽ അദ്ദേഹം കർക്കശമായി തടയുകയാണുണ്ടായത്. അദ്ദേഹം തന്നെ പറഞ്ഞത് ഇപ്രകാരമാണ്: “ഞാൻ ആഭ്യന്തരവകുപ്പിൽ അധികാരം ഏറ്റെടുക്കുമ്പോൾ ഓരോ പൊലീസ് സ്റ്റേഷനിലും രണ്ടു കസേരകൾ ഉണ്ടായിരുന്നു. ഒന്ന് ഇൻസ്പെക്ടർക്കുള്ളത്; മറ്റേത് സ്ഥലത്തെ പാർട്ടി നേതാവിനുള്ളതും. അതിൽ രണ്ടാമത്തെ കസേര ഞാൻ എടുത്തുമാറ്റി.”
അത് പലർക്കും കടുത്ത അലോസരമുണ്ടാക്കി എന്ന് പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു. എതിരാളികൾ അദ്ദേഹത്തോടു ക്ഷമിച്ചില്ല. ഏതാനും വർഷത്തിനകം സി.എച്ചിന് കേരള മന്ത്രിസഭയിലെ സ്ഥാനം പോലും നഷ്ടമായി. 1974-ൽ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിലെ എം. പി. മുഹമ്മദ് ഇസ്മായിൽ സാഹിബ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ അവിടെ നിർത്തി മത്സരിപ്പിച്ചു ഡൽഹിയിലേക്ക് കെട്ടുകെട്ടിച്ചു.

പോലീസിനാൽ തകർന്ന
ഭരണകൂടങ്ങൾ

പോലീസ് ഭരണത്തെ സംബന്ധിച്ച തർക്കങ്ങളും ഭിന്നതകളുമാണ് കേരളത്തിൽ പല സർക്കാരുകളുടെയും തകർച്ചയ്ക്ക് കാരണമായത് എന്ന കാര്യം ഓർമിക്കപ്പടണം. ജനായത്ത ഭരണത്തിന്റെ തുടക്കം മുതൽ ഇത്തരം അനുഭവങ്ങൾ നമുക്കുണ്ട്. പോലിസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചൂടുപിടിച്ച ചർച്ചകളെ കുറിച്ച് പിൽക്കാലത്ത് കെ. ദാമോദരൻ താരിഖ് അലിയുമായുള്ള ദീർഘസംഭാഷണത്തിൽ ഓർമിക്കുന്നുണ്ട്. ചന്ദനത്തോപ്പ്‌ വെടിവെപ്പ് പാർട്ടിയിൽ വലിയ ഞെട്ടലുണ്ടാക്കി. ഇടതുസർക്കാരിന്റെ പൊലീസ് തൊഴിലാളികളെയാണ് വെടിവെച്ചുകൊന്നത്. അതിനെ ശക്തിയുക്തം അപലപിക്കണം എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാൽ സർക്കാരിന്റെ താല്പര്യങ്ങൾക്കും വാദങ്ങൾക്കുമാണ് അവസാനം മുൻതൂക്കം കിട്ടിയത്. അതിനോടു വിയോജിച്ച ദാമോദരനെത്തന്നെ പൊതുയോഗത്തിൽ സർക്കാരിനു അനുകൂലമായി കാര്യങ്ങൾ വിശദീകരിക്കാനായി നിയോഗിച്ചുകൊണ്ട് പാർട്ടി അദ്ദേഹത്തോട് കണക്കു തീർക്കുകയും ചെയ്‌തു.

സി.എച്ച്. മുഹമ്മദ് കോയ
സി.എച്ച്. മുഹമ്മദ് കോയ

പിന്നീട്, 1967-ൽ ഇത്തരമൊരു അനുഭവം മന്ത്രിസഭയിൽ അംഗമായിരിക്കെ തനിക്കും ഉണ്ടായതായി സി.എച്ച്. മുഹമ്മദ്‌കോയ മന്ത്രിസഭയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമസഭാ പ്രസംഗത്തിൽ പറയുന്നുണ്ട്. താൻ മന്ത്രിയായിരുന്ന അവസരത്തിൽ കോഴിക്കോട്ടുവെച്ച് ചിലർ തന്റെ വണ്ടി തടഞ്ഞു. സി പി എം പ്രവർത്തകരാണ്‌ വണ്ടി തടഞ്ഞത്. എന്നാൽ പൊലീസ് തിരിഞ്ഞു നോക്കിയില്ല. ഇ എം എസ് മന്ത്രിസഭയിൽ നിന്ന് ലീഗ് വിട്ടുപോകാൻ തീരുമാനിച്ചതിനുള്ള കാരണങ്ങൾ നിരത്തുന്ന അവസരത്തിലാണ് പോലിസിലെ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച ആരോപണങ്ങൾ അദ്ദേഹം ഉയർത്തിയത്.

ഇതേതരം പ്രശ്നങ്ങളും തർക്കങ്ങളും പിന്നീടുള്ള സർക്കാരുകളിലും ഗുരുതര പ്രതിസന്ധികൾ ഉയർത്തിയതായി കാണാം. ഐ എസ് ആർ ഒ ചാരക്കേസ് കാലത്ത് കോൺഗ്രസിൽ കരുണാകരനെതിരെയുണ്ടായ പടയൊരുക്കത്തിൽ പോലീസ് ഭരണം ഒരു പ്രധാന തർക്കവിഷയം തന്നെയായിരുന്നു. കേന്ദ്രത്തിൽ പ്രധാനമന്ത്രി നരസിംഹറാവുവും കേരളത്തിൽ ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസിലെ എതിർ ചേരിയും പൊലീസ് വിഷയം ഉയർത്തിയാണ് കരുണാകരനെ പൂട്ടാൻ ശ്രമിച്ചത്. അദ്ദേഹത്തിന് രാജി നൽകേണ്ടിയും വന്നു.

കരുണാകരനെതിരെ താൻ പ്രയോഗിച്ച തന്ത്രങ്ങൾ പിൽക്കാലത്തു തനിക്കെതിരെ പ്രയോഗിക്കപ്പടുന്നത് ഉമ്മൻചാണ്ടിയും അനുഭവിക്കുകയുണ്ടായി. സരിതക്കേസിൽ ആരോപണങ്ങളുയർന്ന് അദ്ദേഹം നാണംകെട്ട അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വിദേശത്തു പോയ സന്ദർഭത്തിൽ എന്തിന് അങ്ങനെയൊരു അറസ്റ്റുണ്ടായി എന്ന ചോദ്യത്തിന് അന്നുമിന്നും ഉത്തരമില്ല. അറസ്റ്റ് വേണമെങ്കിൽ നേരത്തെ ആകാമായിരുന്നു; അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ തിരിച്ചുവരവിനുശേഷം. ആരാണ് അതിന് അനുമതി നൽകിയത്? പോലിസിന്റെ ദൈനംദിന കാര്യങ്ങളിൽ താൻ ഒരിക്കലും ഇടപെടുകയുണ്ടായില്ല എന്നാണ് അന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. പക്ഷേ രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളിൽ പരസ്യ നടപടികൾ സ്വീകരിക്കും മുമ്പ് പൊലീസ് അധികാരികൾ വകുപ്പിന്റെ ചുമതലയുള്ള രാഷ്ട്രീയ അധികാരികളിൽനിന്ന് അനുമതി വാങ്ങിയിരിക്കണം എന്നത് അലിഖിത നിയമമാണ്. അതൊന്നും അക്കാലത്ത് ആരും പാലിച്ചില്ല എന്നൊക്കെ പറഞ്ഞാൽ കാര്യബോധമുള്ളവർ ചിരിക്കുകയേ ഉള്ളൂ.

1987-ൽ രണ്ടാം നായനാർ മന്ത്രിസഭയുടെ കാലമായപ്പോഴേക്കും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കരുണാകരൻശൈലി സി പി എം സ്വീകരിക്കാൻ തുടങ്ങി.  വി. എസ്. അച്യുതാനന്ദൻ അധികാരത്തിൽ വന്നപ്പോഴാണ് അതിനു മാറ്റമുണ്ടായത്.
1987-ൽ രണ്ടാം നായനാർ മന്ത്രിസഭയുടെ കാലമായപ്പോഴേക്കും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കരുണാകരൻശൈലി സി പി എം സ്വീകരിക്കാൻ തുടങ്ങി. വി. എസ്. അച്യുതാനന്ദൻ അധികാരത്തിൽ വന്നപ്പോഴാണ് അതിനു മാറ്റമുണ്ടായത്.

കേരളത്തിൽ പോലീസ് വകുപ്പ് കൈകാര്യം ചെയ്‌ത മന്ത്രിമാരിൽ പലരും ഇത്തരം കാര്യങ്ങളിൽ വലിയ ശ്രദ്ധയും കരുതലും സ്വീകരിച്ചിരുന്നു. 1980-ലെ നായനാർ മന്ത്രിസഭയിൽ ആഭ്യന്തര ചുമതല നിർവഹിച്ച ടി. കെ. രാമകൃഷ്ണനും 1982-ലെ രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരം ഭരിച്ച ഉമ്മൻചാണ്ടിയും പിന്നീട് വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ അതേ ചുമതല നിർവഹിച്ച കോടിയേരിയും ഒക്കെ അധികാരം കൈകാര്യം ചെയ്യുന്നതിൽ ഇങ്ങനെയൊരു നിഷ്‌കർഷ കാണിച്ചിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമാണ്.

എന്നാൽ, 1987-ൽ രണ്ടാം നായനാർ മന്ത്രിസഭയുടെ കാലമായപ്പോഴേക്കും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കരുണാകരൻശൈലി സി പി എം സ്വീകരിക്കാൻ തുടങ്ങി. അന്നാണ് പൊളിറ്റിക്കൽ സെക്രട്ടറി എന്നൊരു അവതാരം സെക്രട്ടറിയറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ആഭ്യന്തരവകുപ്പ് ഭരിക്കാൻ പാർട്ടി നിയോഗിക്കുന്ന ആദ്യത്തെയാൾ കണ്ണൂരിൽ നിന്നുള്ള പഴയ എസ് എഫ് ഐ നേതാവ് പി. ശശി ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ഉദ്യോഗസ്ഥരുമായുണ്ടാക്കിയ വഴിവിട്ട ബന്ധങ്ങളും മസാലക്കഥകളും പാർട്ടിയിലും സമൂഹത്തിലും വലിയ ചർച്ചയായതാണ്. എന്നാൽ, നായനാർ മൂന്നാംതവണ വന്നപ്പോഴും ആഭ്യന്തരം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ തന്നെ നിലനിർത്തി. വി. എസ് അധികാരത്തിൽ വന്നപ്പോഴാണ് അതിനു മാറ്റമുണ്ടായത്. എന്നാൽ പിണറായി വിജയൻ വന്നപ്പോൾ പാർട്ടി വീണ്ടും കരുണാകരൻ ശൈലിയിലേക്കുതന്നെ മാറി.

മുഖ്യമന്ത്രിയുടെ
ആഭ്യന്തര വകുപ്പ്

എന്തുകൊണ്ട് ആഭ്യന്തര ഭരണത്തിന് മുഖ്യമന്ത്രി തന്നെ കോപ്പിട്ടിറങ്ങുന്നു എന്ന ചോദ്യവും ഉന്നയിക്കപ്പെടണം. ആഭ്യന്തരം മറ്റു സാധാരണ വകുപ്പുകളിൽ നിന്ന് വ്യത്യസ്‌തമാണ്‌ എന്നാണ് ഉത്തരം. പൊലീസിനെ വഴിവിട്ട് ഉപയോഗിക്കാനും രാഷ്ട്രീയശത്രുക്കളെ കൈകാര്യം ചെയ്യാനും ഫോൺ ചോർത്തൽ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമപാലന വകുപ്പിനെ തന്നെ ഉപയോഗിച്ച് നിർബാധം നടത്താനും വകുപ്പിന്റെ മേലുള്ള നിയന്ത്രണം സഹായിക്കും. പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യവും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വവും നിലനിൽക്കുന്ന അവസരങ്ങളിൽ ഇത്തരം കാര്യങ്ങൾ അങ്ങനെ വ്യാപകമായി നടക്കുന്ന പതിവില്ല. എന്നാൽ പാർട്ടികളിൽ ആഭ്യന്തര തർക്കങ്ങൾ ശക്തമാകുകയും ഓരോ ഗ്രൂപ്പും മറുഭാഗത്തെ എന്തുവില കൊടുത്തും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് പോലീസ് നിയന്ത്രണം നിലനില്പിന്റെ ഭാഗമായി മാറുന്നു. അധികാരത്തിലുള്ള പാർട്ടിയിൽ രണ്ടു ഗ്രൂപ്പുകൾ തുല്യബലമുള്ള ശക്തികളായി പോരടിക്കുമ്പോൾ മുഖ്യമന്ത്രിപദവും ആഭ്യന്തരവും ഇരു ഗ്രൂപ്പുകൾക്കുമിടയിൽ വിഭജിക്കുകയാണ് ഒന്നിച്ചു മുന്നോട്ടുപോകാനുള്ള ഒരേയൊരു മാർഗം.

1987-ൽ രണ്ടാം നായനാർ മന്ത്രിസഭയുടെ കാലമായപ്പോഴേക്കും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കരുണാകരൻശൈലി സി പി എം സ്വീകരിക്കാൻ തുടങ്ങി. അന്നാണ് പൊളിറ്റിക്കൽ സെക്രട്ടറി എന്നൊരു അവതാരം സെക്രട്ടറിയറ്റിൽ പ്രത്യക്ഷപ്പെടുന്നത്.

രണ്ടാം കരുണാകരൻ മന്തിസഭയിൽ ഉമ്മൻചാണ്ടി ആഭ്യന്തരം കയ്യേൽക്കുന്നതും വി.എസ് മന്ത്രിസഭയിൽ പാർട്ടിയിൽ മറുപക്ഷത്തെ കോടിയേരി വകുപ്പിനെ നിയന്ത്രിക്കുന്നതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. അവസാനത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് തുടക്കത്തിൽ ആഭ്യന്തരം കൈവശം വെച്ച മുഖ്യമന്ത്രി പിന്നീട് ആദ്യം സ്വന്തം ഗ്രൂപ്പിലെ തിരുവഞ്ചൂരിനും തടുർന്ന് എതിർ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലയ്ക്കും വകുപ്പ് കൈമാറുന്നതും ഇത്തരത്തിലുള്ള ആഭ്യന്തര രാഷ്‌ടീയ ബലാബലങ്ങളിലെ ചാഞ്ചാട്ടങ്ങൾ കാരണം തന്നെ.

പിണറായി വിജയൻ 2016-ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ കാലത്ത് പാർട്ടിയിലെ ബലാബലങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞിരുന്നു. ഒരു കാലത്ത് പ്രബലനായിരുന്ന അച്യുതാനന്ദൻ പി ബിയിൽ നിന്ന് പുറത്താവുകയും പാർട്ടിയിൽ ഒറ്റപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു. കേരളത്തിൽ പിണറായി വിജയൻ സി പി എമ്മിൽ എതിരില്ലാ ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ പാർട്ടിയിലും സർക്കാരിലും അമിതമായ അധികാര കേന്ദ്രീകരണത്തിന്റെ ലക്ഷണമായാണ് ആഭ്യന്തരവും കൈവശം വെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ കാണേണ്ടത്.

പി.വി. അൻവർ പ്രധാനമായും വിരൽചൂണ്ടിയത് ആഭ്യന്തരവകുപ്പിനുനേരെ തന്നെയാണ്. അത് ആത്യന്തികമായി സർക്കാരിലെ അധികാര കേന്ദ്രങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയുമാണ്.
പി.വി. അൻവർ പ്രധാനമായും വിരൽചൂണ്ടിയത് ആഭ്യന്തരവകുപ്പിനുനേരെ തന്നെയാണ്. അത് ആത്യന്തികമായി സർക്കാരിലെ അധികാര കേന്ദ്രങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയുമാണ്.

വീണ്ടും 2021-ൽ മുന്നണി അധികാരം പിടിച്ചതോടെ അദ്ദേഹത്തിന്റെ അധികാരവും അപ്രമാദിത്വവും കൂടുതൽ ദൃഢമായി. മന്ത്രിസഭ ഒരു നിഴൽക്കുത്ത് സംഘമായി രൂപം മാറി. എന്നാൽ പാർട്ടിയിലും പൊതുസമൂഹത്തിലും പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ് ചെയ്‌തത്‌. അതൊരു പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ് എന്നും സംശയിക്കണം. നിലമ്പൂരിൽ നിന്നുള്ള എൽ ഡി എഫ് നിയമസഭാംഗം പി.വി. അൻവർ ഉയർത്തിയ വെല്ലുവിളികൾ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥയാണ്. അദ്ദേഹം പ്രധാനമായും വിരൽ ചൂണ്ടിയതും ആഭ്യന്തരവകുപ്പിനുനേരെ തന്നെയാണ്. അത് ആത്യന്തികമായി സർക്കാരിലെ അധികാര കേന്ദ്രങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയുമാണ്. സി പി എം രാഷ്ട്രീയത്തിൽ ആദ്യമായി പോലീസ് നിയന്ത്രണം ഗുരുതരമായ ഒരു തർക്കവിഷയമാവുകയാണ്. പോലീസ് ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഒരുപക്ഷേ എതിരാളികളെ മാത്രമല്ല, തന്നെയും അത് മുറിവേല്പിക്കും എന്നും അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദനം ഏറ്റുവാങ്ങിയ പിണറായി വിജയന് അറിയാതെയിരിക്കാൻ തരമില്ല. എന്നാൽ പുലിപ്പുറത്തു കയറിയ ആൾക്ക് അവിടെ നിന്നിറങ്ങാൻ എളുപ്പമല്ല എന്നു പറയുന്ന പോലെയുള്ള പ്രതിസന്ധി അദ്ദേഹവും അനുഭവിക്കുന്നുണ്ട്. എങ്ങനെ അതിൽ നിന്ന് അദ്ദേഹവും പാർട്ടിയും പരിക്കൊന്നും ഏൽക്കാതെ തലയൂരും എന്ന കാര്യം കാത്തിരുന്നു കാണുക തന്നെ.

Comments