Good Evening Friday - 11
‘ആര് ഭരിച്ചാലും ഒരു കാര്യവുമില്ല, എന്റെ അശോകാ’,
ലേഖ ജയകുമാറിന്റെ അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷം. ഞാനിരുന്നിരുന്ന ടേബിളിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തുനിന്ന് കേട്ട ഒരു വേവലാതിയായിരുന്നു അത്.
‘അത് നീ പറഞ്ഞത് നൂറ് ശതമാനം കറക്റ്റാണ്, ഗോപൻ’.
‘എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമല്ലേ?’ ആ ചോദ്യം പുറത്തുവന്നതും, ഒരു ചെറിയ ചിക്കൻ ടിക്കാ ഗണേഷിന്റെ അകത്തുപോയതും ഒരുമിച്ചാണ്.
‘എങ്ങനെ വന്ന അഴിമതി കേസുകളാ? മലപോലെ വന്നു എലിപോലെ പോയി’ ,യോജിച്ച പഴഞ്ചൊല്ല് കിട്ടിയതിൽ ഗോപന് അഭിമാനമുണ്ടെന്നത് സ്പഷ്ടം.
‘മുഖ്യൻ തന്നെ തെറിക്കേണ്ടതായിരുന്നല്ലോ?’ ഒരു ചോദ്യചിഹ്നംപോലെ അശോകൻ വിരലുയർത്തി.
‘ഹരീഷ് സാൽവേഷൻ ഉണ്ടായിരുന്നില്ലെങ്കിൽ’ താൻ പറഞ്ഞത് ഒരു തമാശയല്ലേയെന്ന മട്ടിൽ ഗോപൻ നോക്കിയപ്പോഴേക്കും രണ്ടുമൂന്ന് ചിരികൾ മേശപ്പുറത്ത് വീണ് പൊട്ടിച്ചിതറി. അതിലൊന്ന് സുഗതന്റെയായിരുന്നു. എന്ത് കേട്ടാലും സാധാരണ നിസ്സംഗനായിരിക്കുന്ന ജോണിയും തള്ളവിരലുയർത്തിയതോടെ ഗോപൻ സ്പെഷ്യൽ ജൂറി പരാമർശം കിട്ടിയ ലെവലിലായി.
ഗ്ലാസിലേക്ക് മൂന്ന് ഐസ് ക്യൂബുകൾ ഒരുമിച്ചിട്ട് ഗ്ലും എന്ന ശബ്ദമുണ്ടാക്കി ചിരിച്ചോ, ഇല്ലയോ എന്ന സംശയമായിരുന്നു ആ സംഭാഷണത്തിലേക്ക് എന്റെ സംഭാവന. അത് പോരല്ലോ എന്ന മട്ടിൽ അശോകൻ ചോദിച്ചു,

‘വാട്ട് ഡു യു തിങ്ക് പ്രസന്നൻ?’
‘ഞാനിപ്പോഴും ഗവേഷണം നടത്തികൊണ്ടിരിക്കുന്നതേയുള്ളൂ’
‘ഗവേഷണമോ?’
‘അതേന്ന്, വിഷയം ഭരണമാറ്റവും, നയവ്യതിയാനങ്ങളും. പിന്നെ 'Very superior extra old pale Napoléon' നുമായിട്ടിരിക്കുമ്പോൾ ഞാനീ വക കാര്യങ്ങളിൽ അഭിപ്രായം പറയാറില്ല’.
‘നാട്ടിൽ പോയപ്പോൾ കൊണ്ടുപോയിരുന്നോ ഈ Napoléon- നെ?’
‘ഒൺലി ടു ബോട്ടിൽസ്’.
‘ഞാൻ കഴിഞ്ഞ തവണ പോയപ്പം ആറോ ഏഴോ കൊണ്ടുപോയി’.
‘അതെങ്ങനെ അശോകൻ, എയർപോർട്ടിൽ അനുവദിക്കുമോ? ഈസ് ഇറ്റ് എഗൈൻസ്റ്റ് ദ റൂൾ?’
‘പ്രസന്നേട്ടാ, അശോകന്റെ ഭാര്യയുടെ കസിൻ കസ്റ്റംസിലുണ്ട്, ഹി യൂസ്ഡ് റ്റു ലുക്ക് ആഫ്റ്റർ അശോക്’.
‘അതുകൊണ്ടാണ് ഗോപാ, 'NRIs induced local corruptive behaviours' നെ ഗവേഷണത്തിൽ ഞാൻ അനുബന്ധ വിഷയമാക്കിയിരിക്കുന്നത്’.
തത്സമയം രണ്ടു ശത്രുക്കളെ ഉണ്ടാക്കിയ നിലയ്ക്ക് ഇനി അവിടെയിരുന്നാൽ ശരിയാവില്ല. ഞാൻ ഗ്ളാസ്സുമെടുത്ത് അടുത്ത സംഭാഷണചേരികളിലേക്ക് നടന്നു. നാല് സ്റ്റെപ്പ് നടന്നപ്പോഴേക്കും സൈഡീന്നൊരു കിതപ്പ് ഒപ്പമെത്തുന്നു.
‘ആർ യു എന്ജോയിങ്?’
‘ഓഫ് കോഴ്സ് ലേഖ’
‘അച്ഛന്റെ കുറച്ച് പഴയ സുഹൃത്തുക്കൾ വന്നിട്ടുണ്ട്, പലരെയും ഞാൻ ചെറുപ്പത്തിൽ കണ്ടതാ. ഞാൻ അവരെയൊന്ന് കണ്ടിട്ട് വരാം’.

‘നീ ധൈര്യമായി പോകൂ. വരണമെന്നില്ല എന്ന് മാത്രമല്ല, ആതിഥേയലേഖനത്തിൽ എന്നെ പരാമർശിക്കണമെന്നുമില്ല’.
‘താങ്ക്സ് പ്രസന്നൻ, പ്ളീസ് ഫീൽ ഹോം’.
‘സേർട്ടൻലി, എന്നും എപ്പോഴും’.
പൂക്കളും, ചിത്രപ്പണികളും നിറഞ്ഞ സാരിയിൽ, വർണ്ണം വിതറി ചെറുകുണുക്കത്തോടെ ലേഖ റിട്ടയേർഡ് മേജർ ജനറൽ മാധവദാസിന്റെ പഴയ ചങ്ങാത്തങ്ങളിലേക്ക് പയ്യെ പയ്യെ വേഗം കൂടുന്ന ചുവടുകളോടെ പോകുന്നത് ഞാൻ നോക്കി നിന്നു.
അടുത്ത സിപ്പിൽ ഗ്ളാസ്സിൽ നിന്ന് മനസ്സിലേക്ക് വീണ,
‘വാതിൽ പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകെ
അതിലോലമെൻ ഇടനാഴിയിൽ നിൻ
കളമധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു'- വിൽ ലയിച്ച് നിൽക്കുമ്പോഴാണ് പുറത്താരോ തട്ടിയത്.
‘‘ഹലോ പ്രസന്നനങ്കിൾ, ഇതേത് ലോകത്താണ്? ഞാൻ അവിടെനിന്ന് കുറെ നേരമായി കൈ കാണിക്കുന്നു".
‘‘ആ നവീനോ, ഞാൻ നിന്റെ അമ്മായി പോകുന്നത് നോക്കുകയായിരുന്നു".
‘‘ലേഖാന്റി ഇന്ന് വളരെ സ്റ്റൈലിഷ് ആയിട്ടുണ്ട്".
‘‘നീയെപ്പോ നാട്ടീന്ന് വന്നു?"
‘‘മൂന്നാഴ്ചയായി, അങ്കിൾ യൂറോപ്പീന്ന് എത്തിയതിന്റെ പിറ്റേ ദിവസം ഞാനിങ്ങോട്ട് പോന്നു, ഞാനങ്കിളിനെ വിളിച്ചിരുന്നു, യു മേ ബി ഓൺ ദ ഫ്ലൈറ്റ്"
‘‘ലേഖ പറഞ്ഞു നീ കല്യാണം നോക്കാൻ പോയതാണെന്ന്".
‘‘അതിനും കൂടാ പോയത്".
‘‘പിന്നെന്തുപറ്റി? ഇപ്പൊ ജോലിയൊക്കെ സ്റ്റേബിൾ ആയില്ലേ?"
‘‘അത് അങ്കിളേ, ജാതകം നോക്കിയപ്പോ രണ്ടു കൊല്ലം കഴിഞ്ഞേ ശരിയാവുള്ളൂന്നാ പറയുന്നത്".
‘‘ഓ നീ ജാതകം നോക്കീ?”
‘‘വീട്ടുകാരൊക്കെ പറയുമ്പോ..."
‘‘നീ നിന്റെ കാര്യം പറ നവീനെ".
‘‘ചെറിയ തോതിലൊക്കെ വിശ്വാസമുണ്ട്".
‘‘നവീൻ, വയസ്സ് 27, ഡിഗ്രി ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, മാസ്റ്റേഴ്സ് ഇൻ ടെലികമ്യൂണിക്കേഷൻസ് ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, വർക്ക്ഡ് അസ് UX specialist, നൗ ജോയ്ൻഡ് റ്റു ഗൂഗിൾ ഓസ്ട്രേലിയ, വീക്നെസ് ഇൻ ഹോറോസ്കോപ്പ്".
‘‘അങ്കിളേ ആ സുമനോടൊന്നും പറഞ്ഞേക്കല്ലേ, അവനത് പാട്ടാക്കും".
‘‘അല്ല, നിന്നെ ഞാനന്ന് പാർക്കിൽ വച്ച് കാണുമ്പോൾ ഒരു ഇറാനിയൻ പെൺകുട്ടിയുണ്ടായിരുന്നില്ലേ കൂടെ? നീ വളരെ സീരിയസ് എന്നാണല്ലോ സുമൻ പറഞ്ഞത്?"
‘‘ശരിയാണ്, സീരിയസ് ഫ്രണ്ട്ഷിപ്പ്"
‘‘കള്ളച്ചിരി വേണ്ട നവീൻ, ആ ജാതകനോട് നീയതും വെരിഫൈ ചെയ്താ?"
‘‘ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അമ്മയുണ്ടായിരുന്നു കൂടെ".
‘‘ഞാനീയിടെ ഒരു പതിനഞ്ചുവയസ്സുകാരന്റെ കവിത വായിച്ചിരുന്നു. അത് നിനക്കുവേണ്ടിയാവുമ്പോ ഇങ്ങനെ പാടാം 'ഉൽകണ്ഠ ഒരു രാജ്യമാണ്, നീ അതിൽ അടിമയും!"

നവീന്റെ പ്രതികരണത്തിന് കാത്തുനിൽക്കാതെ, ഇനിയൊരാളെ വിമർശിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചാണ് തീരെ പരിചയമില്ലാത്തവരുടെ അടുത്ത് ഒരൊഴിഞ്ഞ കസേരയിൽ ഞാനിരുന്നത്.
‘‘എന്തോന്നാണ് പ്രസന്നൻ, ഒരു ഗ്ലാസും പിടിച്ച് കുറെ നേരമായല്ലോ?" ആക്റ്റിംഗ് ബാർടെണ്ടർ മുരളിയാണ്.
‘‘ആത്മഹത്യക്ക് മാത്രമല്ല ഇത്തരം പ്രേരണകളും ക്രിമിനൽകുറ്റമാക്കാൻ നിയമം വരുന്നുണ്ട് മുരളി".
‘‘എങ്കിൽ കേസ് മുൻകാലപ്രാബല്യത്തോടെയാകട്ടെ", പറഞ്ഞുതീരും മുമ്പ് പ്രേരണ ഗ്ളാസ്സിൽ വീണു.
മുരളി പോയതും അപകടങ്ങൾ മൂന്നാണ് എനിക്ക് നേരെ വന്നത്. മൂന്ന് റിട്ടയേർഡ് ആർമി സിംഹങ്ങൾ; അനന്തകൃഷ്ണൻ, രാജശേഖരൻ, ഓ മൂന്നാമന്റെ പേരെന്താണ്? ശ്രീകുമാർ ഓഫീസിൽ വെച്ച് അവന്റെ അച്ഛനെ പരിചയപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. പേരറിഞ്ഞില്ലെങ്കിൽ മോശമാണ്.
സൈന്യം അടുത്തെത്തും മുമ്പ് നിഷയെ വിളിച്ചു, ‘‘ഡീ നമ്മടെ ശ്രീകുമാറിന്റെ അച്ഛന്റെ പേരെന്താണ്?"
‘‘ഏത് ശ്രീകുമാർ?"
‘‘ടെൽസ്ട്രയിൽ ജോലി ചെയുന്ന, നമ്മൾ കഴിഞ്ഞ മാസം അവരുടെ ഓഫീസിൽ പോയില്ലേ?"
‘‘നിന്നോടല്ലേ സംസാരിച്ചത്?"
‘‘അപ്പൊ നീ അടുത്തുണ്ടായിരുന്നില്ലേ?".
‘‘ഞാൻ ശ്രദ്ധിച്ചില്ല".
‘‘ബെസ്റ്റ്".
ഏതായാലും എല്ലാവരെയും സാർന്ന് തന്നെ വിളിച്ചുകളയാം. പ്രശ്നം അതല്ല!
ഇപ്പോൾ ആർമി തലൈവന്മാരെല്ലാം 'അൺലെസ്സ് അദർവൈസ് പ്രൂവ്ഡ്' മോഡി ഫാൻസുകാരാണ്. അനന്തകൃഷ്ണനെ എനിക്ക് നന്നായിട്ടറിയാം. കുഭമേള മുതൽ ബോബി ചെമ്മ വരേയുള്ള ചോദ്യങ്ങൾ വരും. എന്തായാലും ഞാൻ മറുപടി പറയില്ല, ഗ്ലാസ്സിൽ കിടക്കുന്ന Napoléon പറയും, അങ്ങേരാണല്ലോ 'nothing is impossible' ന്റെ ആള്.
‘‘ഹലോ പ്രസന്നൻ"
മൂന്ന് പേരും നല്ല ഫോമിലുമാണ്.
ഗ്ലാസുയർത്തി ഞാൻ പ്രത്യഭിവാദ്യം ചെയ്തു, ‘‘സല്യൂട്ടെ, ആർമി ജെന്റിൽമെൻ".
വരിവരിയായി അറ്റെൻഷനിൽ കുശലാന്വേഷണങ്ങൾ വന്നു. പിന്നെ മൈനർ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഫ്രീ കൺസൾട്ടേഷൻ. എല്ലാവരും അതാത് സ്പെഷ്യൽറ്റിയിലെ പേരുകേട്ട ഡോക്ടർമാരുടെ വേണ്ടപ്പെട്ടവരാണ്. എന്നാലും കണ്ട നിലയ്ക്ക് ചില്ലറ ക്രോസ്സ് വിസ്താരം. ‘മറ്റേ ഡോക്ടർ പറഞ്ഞത് തന്നെയാണോ ഞാനും പറയുന്നത്?’
സൈനികനടപടി എപ്പോൾ ആരംഭിക്കുമെന്നതാണ് എന്റെ കൂതൂഹലം. ഞാൻ ഉള്ളിലെ ഫ്രഞ്ച് സൈന്യത്തെ മാർച്ച് പാസ്റ്റ് ചെയ്ത് അപ്പ്റ്റുഡേറ്റ് ആക്കി നിറുത്തി. ഇപ്പോഴും തുടരുന്ന ആഗ്ലോ-ഇന്ത്യൻ സൈനികരീതികളെ നേരിടാൻ ഫ്രഞ്ച് മതി.
‘‘രാമനാഥനറിയില്ലേ (അതാണ് ഞാൻ മറന്നു പോയത്, രാമനാഥൻ) പ്രസന്നൻ ലെഫ്റ്റിസ്റ്റാ" അനന്തകൃഷ്ണൻ ഫൈറിങ് തുടങ്ങി.
‘‘ഇപ്പോഴും അങ്ങനെയൊന്നുണ്ടോ?" രാമനാഥന്റെ ബറ്റാലിയൻ.
അതിനെ ഞാൻ ഷോർട്ട് ഡിസ്റ്റൻസ് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് തടുത്തിട്ടു.
‘‘നോക്കൂ അനന്തകൃഷ്ണൻ സർ, 2004-ൽ പാർട്ടിവിരുദ്ധപ്രവർത്തനത്തിന് എന്നെ പുറത്താക്കിയപ്പോഴാണ് ഞാൻ രാജ്യം വിട്ടതെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?"
‘‘റിയലി, എന്താണ് വിരുദ്ധമായത്?" രാജശേഖരൻ തയ്യാറെടുത്ത് വരുന്നേയുള്ളൂ.
‘‘കാഷ്‌ലെസ്സ് ട്രാൻസാക്ഷൻ, ക്ളോണിങ്, ബഹിരാകാശയാത്ര, ഡ്രോൺ ഇവയെല്ലാം ഭാരതപുരാണങ്ങളിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പേ പറഞ്ഞിട്ടുള്ളതാണെന്നും, അതുകൊണ്ട് ബോൾഷെവിക് രീതിയിലല്ല ആർഷഭാരത സംസ്കാരത്തിന്റെ പാതയിലാണ് വിപ്ലവം കൊണ്ടുവരേണ്ടതെന്നും കാണിച്ച് ഞാൻ ജില്ലാ കമ്മിറ്റിയിൽ പ്രമേയം പാസ്സാക്കാൻ ശ്രമിച്ചതാണ് കാരണം", ശത്രുവിന് പറ്റിയ ആയുധമേ ഉപയോഗിക്കാവൂ, ഫ്രഞ്ച് അഡ്‌വൈസ്.
‘‘അപ്പൊ ജില്ലാ കമ്മിറ്റിയിലൊക്കെ ഉണ്ടായിരുന്നോ?" കമ്മിറ്റിയെന്നൊക്കെ പറയുമ്പോ എന്തോ ഒരു ഇതുണ്ട്, രാമനാഥൻ എ.കെ 47 ലേശം ഒന്ന് താഴ്ത്തി പിടിച്ചു.
‘‘അവൈലബിൾ പോളിറ്റ്ബ്യൂറോന്റെ തൊട്ടടുത്ത് വരെയെത്തിയതാ".
‘‘ശരിക്കും?" രാജശേഖരന് വിശ്വാസം പോരാ. Research and Analysis Wing ലെ ചാര ശിരോമണികളെ ദാ ഇപ്പൊ വിളിക്കും എന്ന ഭാവത്തിലാണ്.
‘‘യെസ് സർ, (ഞാനല്ല Napoléon, ‘അശ്വത്ഥാമാ ഹത: കുഞ്ജര!’എന്ന മട്ടിൽ). അവിടന്നാണ് തരം താഴ്ത്തിയത്".
‘‘എങ്കിൽ യു ജോയിൻ വിത്ത് അസ്" ഒത്തുതീർപ്പ് സ്വരത്തിൽ രാമനാഥൻ.
അത്ര പെട്ടെന്ന് സീസ്‌ഫയർ വേണ്ടെന്ന് ഞാനും,
‘‘അത് പാകിസ്ഥാൻ പട്ടാളത്തീന്ന് പുറത്താക്കിയവനെ ഇന്ത്യൻ ആർമിയിലേക്ക് ക്ഷണിക്കുന്ന പോലെയല്ലേ സർ?"
‘‘ഹ ഹാ ഹാ’’, അനന്തകൃഷ്ണനും രാമനാഥനും ഒരേ ഫ്രീക്വൻസിയിൽ ചിരിച്ചു. ഇവർക്ക് ചിരിക്കാനും ആർമിയിൽ പരിശീലനമുണ്ടോ?
‘‘പ്രസന്നാ, ഭാവിയുടെ പക്ഷത്തോട്ട് വരൂ. ഉത്തർപ്രദേശ് ഒരു സൈൻ ബോർഡ് ആണ്", ക്ഷണം നിരസിച്ചതിന് രാജശേഖരന്റെ ഒരു സർജിക്കൽ പിൻപ്രിക്. ഇതൊക്കെ പ്രതീക്ഷിച്ചതാണ്.
‘‘ശരിയുടെ അഭാവത്തിൽ തെറ്റിലേക്ക് പോകുക ജനാധിപത്യത്തിന്റെ ഇൻഹെറന്റ് വീക്നെസ് ആണ് രാജശേഖർജി".
‘‘അപ്പൊ പിന്നെ കേരളം മാത്രമാണോ ശരി?"
വിമാനവേധമിസൈലുകൾ വരും, സൂക്ഷിക്കണം, ഫ്രഞ്ച് ഇന്റലിജൻസ് മുന്നറിയിപ്പ് തരുന്നു.
‘‘പോളിനോമിയലുകൾ പെർമ്യൂട്ടെഷനെ മറികടക്കുമെന്ന് ഞാൻ പറഞ്ഞൊ?" ഞാൻ തന്ത്രം മാറ്റി. ഇനി Napoléon തന്നെ പട നയിക്കട്ടെ.
‘‘നമുക്ക് രാഷ്ട്രീയം വിടാം" ആർമിയും എയർ ഫോഴ്സും നാവികസേനയും ഒരുമിച്ചുള്ള കോമ്പ്രമൈസ് ഡീൽ.
‘‘എനിക്കറിയാം, വേറൊരു പോർമുഖം തുറക്കാനുള്ള സ്ട്രാറ്റജിക്കൽ വിത്ത്ഡ്രോവൽ" സിരകളിൽ ഫ്രഞ്ച് സൈന്യം പ്രത്യാക്രമണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
‘‘ഒരു പ്രൊഫഷണൽ എന്ന നിലയിൽ പറയൂ, ഹണിറോസിന്റെ അറ്റയറിനെ കുറിച്ച് പ്രസന്നന്റെ അഭിപ്രായമെന്താണ്?" സബ്മറൈനിൽ നിന്ന് ഡ്രോൺ ആക്രമണം നടത്തിയെന്ന നാട്യത്തോടെ രാമനാഥൻ. വേണ്ടി വന്നാൽ കര വഴിയും സൈന്യം സജ്ജമെന്ന സ്റ്റൈലിൽ രാജശേഖരൻ.
‘‘വളരെ നല്ല അഭിപ്രായമാണ്”
പറഞ്ഞു കഴിഞ്ഞതും ഞാൻ എം.ടിയുടെ രണ്ടാമൂഴം ഓർത്തു. ഇവർക്ക് ഇനിയൊവസരം കൊടുത്തു കൂടാ. ഫയറിങ്ങ് ലൈനിൽ തയ്യാറെടുപ്പിന് ഗ്യാപ്പ് കൊടുക്കാതെ എന്നിലെ ഫ്രഞ്ച് സൈന്യം മോഡേൺ ല്ങ്ഗ്വിസ്റ്റിക് മിസൈൽ തൊടുത്തു.
“എന്നാൽ he did parade a burlesque panoply of sublethal weapons constructed by mouth covered in the bumpkin attire (അവൻ നാടൻ വേഷത്തിൽ, വായിലൂടെ നിർമ്മിച്ച ഉപജീവനായുധങ്ങളുടെ ഒരു പരിഹാസപരമായ പ്രദർശനം നടത്തി) എന്നായിരിക്കും നിങ്ങൾ പറയാൻ പോകുന്നത്"
Napoléon ഞാൻ ആവശ്യപ്പെട്ടതിലേറെ സംഗതി നാടകീയമാക്കി.
‘‘പ്രസന്നൻ, ആർ യു ഓക്കെ?" സ്തംഭിച്ചുപോയ ശത്രുസേനാവിഭാഗങ്ങൾ സഡൻലി ദയാവായ്പ്പുള്ളവരായി.
‘‘നോ വേർ നിയർ റ്റു മൈ കപ്പാസിറ്റി" ഗ്ലാസ്സിലുണ്ടായിരുന്ന രണ്ടു തുള്ളി ദ്രാവകം കുലുങ്ങി ചിരിച്ചു.
‘‘നമ്മൾക്ക് തത്ക്കാലം ലൈറ്റ് വെയ്റ്റ് സബ്ജക്ട് മതി"
സിംഹങ്ങൾ ആർദ്രമായി.
‘‘അതെ, നമ്മുക്ക് ഫ്രഞ്ച് പ്രസിഡന്റ് Macron- ന്റെ 'May-September romance' അപഗ്രഥിക്കാം" Napoléon അവസരത്തിനപ്പുറം ഉയർന്നു.
Cheers…