മതം, മദ്യം, മൂലധനം

കൊറോണ വൈറസ് വ്യാപനം മനുഷ്യസമൂഹത്തെ പല രീതിയിൽ മാറ്റിപ്പണിയാൻ നിർബന്ധിതമാക്കിക്കൊണ്ടിരിക്കുന്നു. എവിടെ തുടങ്ങണം, എന്തൊക്കെ ചെയ്യണം എന്നൊന്നും നിശ്ചയിക്കുക സാധ്യമല്ലാത്ത വിധം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് മനുഷ്യനുമുന്നിലെ പ്രശ്നങ്ങളും സാധ്യതകളും. വർത്തമാന കാലത്തിന്റെ നേരുകളെ സൂക്ഷ്മദൃഷ്ടിയോടെ ഒപ്പിയെടുക്കാറുള്ള എഴുത്തുകാരൻ എൻ.എസ്. മാധവൻ പുതിയ കാലത്തെ വിചാരം പങ്കുവെക്കുകയാണ് എൻ.ഇ. സുധീറുമായുള്ള സംഭാഷണത്തിൽ.

എൻ.ഇ. സുധീർ: കൊറോണയുടെ കലാശക്കൊട്ട് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുവാൻ ആഗ്രഹമുണ്ടോ?
എൻ.എസ്. മാധവൻ: കൊറോണ തീർച്ചയായും ഒരു വിധ്വസംകശക്തിയാണ്. അത് മനുഷ്യനെയും മനുഷ്യനെയും വേർപ്പെടുത്തുന്നു; അത് കൂട്ടുകൂടുന്നതിന് എതിരാണ്. ഈ ഒരൊറ്റ കാരണം, പ്രത്യേകിച്ച് നിയന്ത്രണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് മനുഷ്യജീവിതത്തെ മാറ്റുമെന്ന് തോന്നുന്നു. പരിണാമത്തിന്റെ ഭാഗമായി ജീവികൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മാറ്റങ്ങളിലൂടെയാണ് അവ അതിജീവിച്ചതെന്ന് ഓർക്കുക. എല്ലാ ഭാഗത്തും നിന്നും കിട്ടുന്ന വിവരങ്ങൾ നിർഭാഗ്യവശാൽ ചൂണ്ടിക്കാണിക്കുന്നത് ഒരേ ദിശയിലേയ്ക്കാണ്: ഇപ്പോൾ കാണുന്നത് കൊറോണയുടെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. കൊറോണാനന്തരജീവിതത്തെ കുറിച്ച് ദക്ഷിണ കൊറിയ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്ന മാർഗനിർദേശങ്ങളനുസരിച്ച് രണ്ടുകൊല്ലത്തേയ്ക്ക് സൂക്ഷിച്ചിരിക്കണമെന്നാണു പറയുന്നത്. ചുരുക്കത്തിൽ, തുടങ്ങുമ്പോൾ തന്നെ ഇതെങ്ങനെ കലാശംകൊട്ടുമെന്ന് പറയുക പ്രയാസമായിരിക്കും.

ചിത്രങ്ങൾ: അബിൻ സോമൻ
ചിത്രങ്ങൾ: അബിൻ സോമൻ

മനുഷ്യരില്ലാത്ത പട്ടണങ്ങൾ, ഒഴിഞ്ഞ തെരുവുകൾ, യാത്രകളില്ലാത്ത ആകാശം, കളികളില്ലാത്ത സ്റ്റേഡിയങ്ങൾ... അങ്ങനെ എല്ലാം ശൂന്യമായി കിടക്കുന്ന ഒരവസ്ഥ, അതും ആഗോളതലത്തിൽ. സാമൂഹിക അകലം, രാജ്യങ്ങളുടെ അടച്ചിടൽ തുടങ്ങിയ പുതിയ സാമൂഹ്യ ക്രമീകരണങ്ങൾ നിലവിൽ വരുന്നു. മാറ്റങ്ങൾ പലതും അസാധാരണ വേഗതയിലാണല്ലോ?
തൊഴിൽ, വിനോദസഞ്ചാരം, ഹോട്ടൽ വ്യവസായം, സമൂഹമാദ്ധ്യമങ്ങൾ തുടങ്ങി എല്ലാ രംഗങ്ങളേയും ഇത് സാരമായി ബാധിക്കാൻ ഇടയുണ്ട്. മൂന്നിലൊരു സീറ്റ് വീതം വിമാനങ്ങളിൽ ഒഴിച്ചിടേണ്ടി വരുമ്പോൾ യാത്രക്കൂലി ആകാശംമുട്ടെ വളരും. പല മലയാളിയുടെയും ഗൾഫ് സ്വപ്നം ഇതൊടെ അവസാനിച്ചേക്കാം.

സാമൂഹിക അകലത്തിന്റെ ശീലത്തിൽ നിന്ന് അയിത്തത്തിലേയ്ക്ക് വലിയ ദൂരമില്ല; അതായത് ഇപ്പോഴേ അരികുപറ്റി ജീവിക്കുന്നവർ കൂടുതൽ അരികിലേയ്ക്ക് നീങ്ങാം.

ജോലിയെ മാത്രമല്ല ഇത് ബാധിക്കുക. വിനോദസഞ്ചാരവും ഹോട്ടൽ വ്യവസായവും അടുത്ത കുറേകാലത്തേയ്ക്ക് പ്രതിസന്ധിയിലായിരിക്കും. യാത്ര കുറയുമ്പോൾ സ്വാഭാവികമായി ജീവിതത്തിന്റെ പ്രധാനഭാഗമായ സമൂഹമാദ്ധ്യമങ്ങളെ അത് സാരമായി ബാധിച്ചേയ്ക്കാം. പുതിയസ്ഥലങ്ങളിൽ താൻ എത്തി എന്ന് വിളംബരം ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾ കുറയാം. മറിച്ച് അടച്ചിട്ട ഇടങ്ങളിൽ ജീവിക്കുന്നത് കൊണ്ട് ടിക് ടോക്ക് കൂടുതൽ ജനപ്രീതി നേടാം!
സാമൂഹിക അകലത്തിന്റെ ശീലത്തിൽ നിന്ന് അയിത്തത്തിലേയ്ക്ക് വലിയ ദൂരമില്ല; അതായത് ഇപ്പോഴേ അരികുപറ്റി ജീവിക്കുന്നവർ കൂടുതൽ അരികിലേയ്ക്ക് നീങ്ങാം. അടച്ചിടൽ തുടങ്ങിയ കർശനമായ നടപടികൾ ലോകത്തിലെ മിക്ക സർക്കാറുകളും നടപ്പിലാക്കിയിട്ടുണ്ട്. സർവെലൻസും വർദ്ധിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നതിനും നമ്മൾ എവിടെയാണെന്ന് കാണിക്കുന്നതുമായ ഇലക്ട്രോണിക് ടാഗുകളുടെ വലിയ ടെണ്ടർ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനു പുറമേയാണ് അടച്ചിടൽ കർശനമായി നടപ്പിലാക്കാൻ കേരളം പോലത്തെ സ്ഥലങ്ങളിൽ പൊലീസിനു അധികാരം നൽകുന്നത്. അതിന്റെ ഉദ്ദേശ്യശുദ്ധി ഇപ്പോൾ ചോദ്യം ചെയ്യാൻ ആകില്ല, കാരണം, വലിയൊരു പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമാണത്. ഭാവിയിലേയ്ക്ക്, അത് പൊലീസ്‌ രാജിലേയ്ക്ക് വഴിവെക്കില്ലെന്ന് ഉറപ്പാക്കണ്ടേതുണ്ട്. ഇതിനു പുറമേയാണു സ്പ്രിംഗ്ളർ തൊട്ട് ആരോഗ്യസേതു വരെ പൗരന്മാരുടെ ഡാറ്റ ശേഖരിക്കാനുള്ള ത്വര. ഓർവെല്ലിന്റെ ബിഗ് ബ്രദറിന് ബിഗ് ഡാറ്റ ഒട്ടും മുഷിയില്ല.

അധികാരത്തിന്റെ ഇത്തരം കരുതലുകൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണോ?
ചരിത്രം പഠിപ്പിക്കുന്നത് ഇത്തരം അധികാരങ്ങൾ സ്ഥിതി സാധാരണമായാലും ഭരണകൂടങ്ങൾ വിട്ടുകൊടുക്കില്ലെന്നാണ്. ചുരുക്കത്തിൽ ജനാധിപത്യവേരുകൾ ദുർബലമായ രാജ്യങ്ങൾ കൂടുതൽ ഏകാധിപത്യപരമാകാം.

ചരിത്രം പഠിപ്പിക്കുന്നത് ഇത്തരം അധികാരങ്ങൾ സ്ഥിതി സാധാരണമായാലും ഭരണകൂടങ്ങൾ വിട്ടുകൊടുക്കില്ലെന്നാണ്. ചുരുക്കത്തിൽ ജനാധിപത്യവേരുകൾ ദുർബലമായ രാജ്യങ്ങൾ കൂടുതൽ ഏകാധിപത്യപരമാകാം.

കൊറോണാകാലത്ത് നടന്ന ചില സംഭവങ്ങൾ ഭൂരിപക്ഷവാദം വർദ്ധിക്കാനുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. എല്ലാ മഹാമാരിയുടെ കാലത്തും ഒരു പറ്റം ‘കുറ്റക്കാരെ’ കണ്ടെത്തുന്ന പ്രവണതയുണ്ട്. 16ാം നൂറ്റാണ്ടിലെ ബ്ലാക്ക് പ്ലേഗിന്റെ കാലത്ത് യൂറോപ്പിൽ ചിലയിടങ്ങളിൽ അത് ജൂതരായിരുന്നു; അവരെ ചുട്ടുകൊന്നു. ഇന്ത്യയിലും മഹാമാരിയുടെ പേരിൽ ന്യൂനപക്ഷങ്ങളെ പ്രതി ചേർത്ത സംഭവങ്ങളുണ്ടായി.
എന്തൊക്കെ സാമൂഹ്യ മാറ്റങ്ങൾ വരാനുള്ള സാധ്യതകളാണ് മുന്നിൽ കാണുന്നത്? വ്യക്തികളുടെ പ്രായോഗിക ജീവിതത്തിലും ധാരാളം മാറ്റങ്ങൾ ഇപ്പോൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയിൽ പലതും നമ്മുടെയൊക്കെ ഭാവി ജീവിതത്തിന്റെ ഭാഗമായി തുടരാനും ഇടയില്ലേ?
ചില നല്ല കാര്യങ്ങളും സംഭവിക്കാം. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകാം. കൊറോണാകാലത്ത് ഗാർഹികപീഢനം വർദ്ധിച്ചിട്ടില്ലേ എന്ന് ചോദിച്ചാൽ, ഇല്ല എന്നാണ് എന്റെ ഊഹം. ഇപ്പോൾ പുറത്തു വന്ന കാര്യങ്ങളിൽ മിക്കപേരും പണ്ടേ ഇണയെ തല്ലുന്നവരായിരിക്കും. അടച്ചിട്ട വീട്ടിൽ ഈ പ്രവണത വർദ്ധിച്ചിട്ടുണ്ടാകാം. പുരുഷാധിപത്യ സ്വഭാവമുള്ള ഗൃഹസ്ഥർ സ്ത്രീകളെ കൂടുതൽ ബഹുമാനിച്ചേയ്ക്കാം - ഉള്ളി തൊലിക്കുക അത്ര ചില്ലറ പണിയല്ല. എന്നാൽ സ്ത്രീകൾക്ക് — പ്രത്യേകിച്ച് ജോലിയുള്ളവർക്ക് — ലോക്ക്ഡൗൺ അത്ര നല്ല കാലമല്ല. കുട്ടികൾ ഓൺലൈൻ പഠനത്തിനായി വീട്ടിൽ ഇരിക്കുമ്പോൾ അവരുടെ പണി വർദ്ധിച്ചു.

കൊറോണയ്ക്ക് മുമ്പ് കുടുംബങ്ങളുടെ ഒരാഹ്ലാദം, ഈറ്റിങ് ഔട്ട്, കുറെ കാലത്തേയ്ക്ക് നടക്കാൻ സാദ്ധ്യത ഇല്ല. പിന്നെ സിനിമ കാണൽ... അത് നിലച്ചു പോയേക്കാം. ഇടക്ക് ഒരു സീറ്റ് ഒഴിച്ചിടാനുള്ള നിബന്ധന അവിടെ വന്നാൽ തീയറ്ററുകളുടെ നടത്തിപ്പ് ബുദ്ധിമുട്ടിലാകും. പെട്ടെന്നുള്ള അടച്ചിടൽ മൂലം പല ചലച്ചിത്രങ്ങളുടെയും റിലീസ് മാറ്റിവെച്ചു. സിനിമ വ്യവസായം ശരിക്കും പ്രതിസന്ധിയിലാണ്. ഭാവിയിലെ സിനിമകൾ നെറ്റ്ഫ്ലിക്സ്, പ്രൈം, തുടങ്ങിയ സ്ട്രീമിങ് സർവീസസിലൂടെ വീട്ടിലിരുന്നു കാണുന്നവയാകുമോ എന്നതാണ് അടുത്ത ചോദ്യം. റിമോട്ടിനുവേണ്ടിയുള്ള യുദ്ധം ഒഴിച്ചാൽ അതും കുടുംബബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്നു. എന്നാൽ അത് വലിയൊരു വ്യവസായത്തെ - തിയറ്ററുകൾ - തകർക്കും. യു.എസിലെ ഏറ്റവും വലിയ പ്രദർശന ശൃംഖലയായ എം.ജി.എമ്മിന്റെ ആയിരത്തിൽ പരം സിനിമാകോട്ടകൾ അടഞ്ഞു കിടക്കുകയാണ്. അപ്പോഴാണ് നിർമ്മാതാവായ യൂണിവേഴ്‌സൽ അവരുടെ പുതിയ പടം സ്ട്രീമിങിന് നൽകുന്നത്. എം.ജി.എം, യൂണിവേഴ്സലിനു വിലക്ക് എർപ്പെടുത്തുന്നു. ഇത്തരം യുദ്ധങ്ങൾ മലയാളത്തിലും പ്രതീക്ഷിക്കാം.
മറ്റൊരു കാര്യം ദൈവവുമായിട്ടുള്ള വ്യക്തികളുടെ ബന്ധമാണ്.

കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം കുറയുമായിരിക്കും. ഇതു മദ്യനിരോധനക്കാർ പറയുന്നപോലെ ബെവറെജസ് കടകൾ പൂട്ടിയത് കൊണ്ടല്ല; അതിനു കാരണവും കൊറോണ തന്നെയാണ്.

ആരാധനാലയങ്ങൾ എല്ലാം അടച്ചിട്ടാലും വിശ്വാസിയുടെ മനസ്സിലെ ദൈവത്തിന് ഒന്നും സംഭവിക്കുന്നില്ല. വിശ്വാസിയും ദൈവവും ആയിട്ടുള്ള ബന്ധം കൂടുതൽ വൈയക്തികമാകും. പൗരോഹിത്യത്തിനും മതനേതൃത്വങ്ങൾക്കും വിശ്വാസികളുമായിട്ടുള്ള ബന്ധങ്ങൾക്ക് മാറ്റം സംഭവിക്കുമോ എന്നറിയാൻ കോവിഡാനന്തരകാലം വരെ കാത്തിരിക്കണം. തൊട്ടതിനും പിടിച്ചതിനും വികാരം വ്രണപ്പെടുന്ന ശീലവും ഇന്ത്യക്കാരിൽ കുറയുമോ എന്നും കണ്ടറിയണം. മനുഷ്യരുടെ ആഹ്ലാദങ്ങൾ മിക്കതും കൂട്ടുചേർന്നുകൊണ്ടുള്ളതാണ്. കൊറോണ അതാണു ഇല്ലാതാക്കിയത്. സിനിമാകോട്ടകൾ, സംഗീതകച്ചേരികൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, ഫിലിം, ലിറ്റററി ഫെസ്റ്റിവലുകൾ, സ്റ്റേഡിയങ്ങൾ... ഇതെല്ലാം ഇനി നമുക്കറിയാവുന്ന രീതിയിലേയ്ക്ക് മാറുമോ? സമീപഭാവിയിൽ ഇല്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്.
കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം കുറയുമായിരിക്കും. ഇതു മദ്യനിരോധനക്കാർ പറയുന്നപോലെ ബിവറെജസ് കടകൾ പൂട്ടിയത് കൊണ്ടല്ല; അതിനു കാരണവും കൊറോണ തന്നെയാണ്. സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ മദ്യാസക്തിയുള്ളവർ (ആൽക്കഹോളിക്കുകളും ആൽക്കഹോൾ ദുരുപയോഗം ചെയ്യുന്നവരും) മദ്യം ഉപയോഗിക്കുന്നവരിൽ നാലു ശതമാനമാണ്. ബാക്കിയുള്ളവരിൽ വലിയൊരു ശതമാനം ആളുകൾ സോഷ്യൽ ഡ്രിങ്കിങ് നടത്തുന്നവരാണ്. അതായത് കൂട്ടംചേർന്ന് കുടിക്കുന്നവർ. കൊറോണക്കു ശേഷം ഈ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാകുമോ? പ്രത്യേകിച്ച് കുറച്ചു വർഷങ്ങളിലേക്കു കൂടി നിയന്ത്രണങ്ങൾ നീളുകയാണെങ്കിൽ...

മറ്റൊരു കാര്യം, ഒരു നല്ല കാര്യം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവയുടെ വികസനത്തിന് ഇതുവരേ വിലങ്ങുതടിയായിരുന്നത് മൂലധനചെലവാണ്. ഇപ്പോൾ കെട്ടിടങ്ങൾ ഇല്ലാതെ തന്നെ, ഡിജിറ്റലായി, അവ നടന്നുപോകാം എന്നായിട്ടുണ്ട്. പിന്നെ സംഘം ചേർന്ന് തീരുമാനം എടുക്കുന്നത് ഇപ്പോൾ എളുപ്പമായിരിക്കുന്നു. വിഡിയോ കോൺഫറൻസിങ് സാധാരണയായി. ടി എ, ഡി എ, താമസം, സൽക്കാരം തുടങ്ങിയ ഇപ്പോൾ സംഘടനകൾ വഹിക്കുന്ന ചെലവ് പൂജ്യമാകുന്നു. ഇവയെല്ലാം ഗതാഗത, ഹോട്ടൽ വ്യവസായങ്ങളുടെ കടക്കലാണു കത്തി വയ്ക്കുന്നതെന്നതു മറുവശം. ഉന്നതവിദ്യാഭ്യാസത്തിൽ വലുതും നല്ലതുമായ മാറ്റങ്ങൾ സംഭവിക്കാം, കുസാറ്റിൽ പഠിപ്പിക്കാൻ ബോസ്റ്റണിലെ നല്ലൊരു പ്രൊഫസർക്ക് കൊച്ചിയിലേക്ക് വീട് മാറേണ്ടതില്ല.
ചുരുക്കത്തിൽ ചെറുതും വലുതുമായ കാര്യങ്ങളിൽ മാറ്റങ്ങൾക്ക് നാം തയാറാകേണ്ടതുണ്ട്. ഗൃഹാതുരത്വത്തിന് ഈ രോഗത്തിൽ സ്ഥാനമില്ല. മാറ്റങ്ങൾ മനുഷ്യന് സഹജമാണ്. ഞാൻ താമസിക്കുന്ന അപാർട്ട്മെന്റിൽ ഒരു ടീൻ എജ് പെൺകുട്ടിയുണ്ട്. അവൾ ഇപ്പോൾ തന്നെ ഡ്രെസ്സിനു മാച്ച് ചെയ്യുന്ന മാസ്കുകൾ ധരിക്കാൻ തുടങ്ങിയിരിക്കുന്നു. ഫാഷൻ ഇൻഡസ്ട്രിയെവരെ കൊറോണ മാറ്റാം!
മുൻകാല പകർച്ചവ്യാധികളുടെ അനുഭവത്തിൽ നിന്ന് മാനവരാശി വലുതായൊന്നും പഠിച്ചില്ലെന്നുണ്ടോ? നമ്മൾ വേണ്ടത്ര തയ്യാറെടുപ്പുകൾ എടുത്തില്ല എന്നല്ലേ ഈ അടച്ചിടൽ തന്ത്രം കാണിക്കുന്നത്? സത്യത്തിൽ മറ്റൊന്നും ചെയ്യാനില്ലാത്ത വിധം മനുഷ്യർ നിസ്സഹായരായി പോയില്ലേ? ഇവിടെ ഉരുത്തിരിഞ്ഞു വരുന്ന മറ്റൊരു ചോദ്യം ആരാണ് മുഖ്യ പ്രതി എന്നതാണ്. ശാസ്ത്രലോകമോ അതോ രാഷ്ട്രീയ അധികാരികളോ?
മുൻകാല പകർച്ചവ്യാധികളിൽ നിന്ന് കൊറോണ വ്യത്യസ്തമാണ്. പേര് തന്നെ നോവൽ (പുതിയ) കൊറോണാവൈറസ് എന്നാണ്. മാത്രമല്ല എനിക്കു തോന്നുന്നത്, പൂർവകാല പ്രവചന മോഡലുകൾ പുതുപുത്തൻ കൊറോണയിൽ അപ്ലൈ ചെയ്യുന്നത് തെറ്റായിരിക്കും എന്നാണ്. ഇപ്പോൾ രോഗവ്യാപനത്തെ കുറിച്ച് തയാറാക്കുന്ന ഗ്രാഫുകൾ പഴയ ഫ്ലൂ രോഗങ്ങളുടെ ബൈനറികളുടെ ചുവട് പിടിച്ചിട്ടാണ്. അതുകൊണ്ടായിരിക്കാം അവ മിക്കപ്പോഴും ശരിയാകാത്തത്, അല്ലെങ്കിൽ, ഇടക്കിടെ മാറ്റുന്നത്. നീതി ആയോഗിലെ ഡോ. വി കെ. പാൽ ഏപ്രിൽ 24ന് അവതരിപ്പിച്ച വക്രരേഖ അനുസരിച്ച് മേയ് 16ന് ഇന്ത്യ കൊറോണാമുക്തമാകേണ്ടതാണ്. അവ തികച്ചും ഉപയോഗശൂന്യമല്ല താനും; ആരോഗ്യപ്രവർത്തകർക്ക് സാമഗ്രികൾ - ബെഡുകൾ, വെൻറിലേറ്ററുകൾ തുടങ്ങിയവ, തയാറാക്കുവാൻ ഈ കണക്കുകൾ സഹായകമാണ്.
ശാസ്ത്രജ്ഞന്മാരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. 2004 മുതൽ, അതായത് സാർസിനെ തുടർന്ന്, മഹാമാരികളെ കുറിച്ചുള്ള യോഗങ്ങളിൽ ‘അടുത്ത മഹാമാരിയ്ക്കുള്ള തയാറെടുപ്പിനെ’ കുറിച്ച് ഒരു സെഷനെങ്കിലും സാധാരണയായി കാണാമായിരുന്നു. ഒരു ലക്ഷം വർഷം മുൻപാണ് അതിലും ദീർഘമായ സമയമെടുത്ത് പരിണാമത്തിലൂടെ മനുഷ്യവർഗം, ഹോമോ സാപ്പിയൻസ്, ഉണ്ടാകുന്നത്. എന്നാൽ കൊറോണ വൈറസിനു രൂപാന്തരം ഭവിക്കുന്നത് ദിവസം കൊണ്ടാണ്. രോഗം പ്രവചനാതീതമാണെങ്കിലും മുൻകാല മഹാമാരികൾ ചില പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്: മാസ്കുകൾ, പി.പി.ഇകൾ, ഐ.സി.യു ബെഡുകൾ ഇവ പകർച്ചവ്യാധി ചികിത്സയ്ക്ക് ആവശ്യമാണെന്ന്. എന്തിട്ടെന്താണു സംഭവിച്ചത്? ദരിദ്രരാജ്യമായ ഇന്ത്യതൊട്ട് ഏറ്റവും സമ്പന്നരാജ്യമായ യു.എസ് വരെ ആ രീതിയിൽ തയാറായിരുന്നില്ല. ഇന്ത്യയുടെ ഉദാഹരണം എടുക്കുക: പഴുപ്പ് (inflammation) തടയുന്നതിന് ഉപയുക്തമാണ് ക്ലോരോക്വിൻ, ഇപ്പോൾ വലിയ ആവശ്യമുള്ള മരുന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആ മരുന്ന് ഉണ്ടാക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ അതിലെ മുഖ്യഘടകമായ എ.പി.എ (active pharmaceutical agent)യുടെ 70% ചൈനയിൽനിന്നാണ് വരുന്നത്. ഇത് പ്രശ്നമുണ്ടാക്കുമെന്ന് ഇപ്പോഴത്തെ എൻ.എസ്.എ അജിത് ഡോവൽ മുൻകൂട്ടി പ്രവചിട്ടുണ്ട്. എ.പി.എ പരിസ്ഥിതിനാശമുണ്ടാക്കുമെന്ന പേടിയിലാണ് നമ്മൾ ഉണ്ടാക്കാതിരുന്നത്. കൊറോണ പടർന്നപ്പോൾ പരിസ്ഥിതി ക്ലിയറൻസ് പ്രക്രിയ ലഘൂകരിച്ചു. പലരും ലൈസൻസിനായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതെല്ലാം മുൻപായിരുന്നെങ്കിൽ ഒരു സമവായം കണ്ടെത്താമായിരുന്നില്ലേ?
ചുരുക്കത്തിൽ ലോകരാഷ്ട്രങ്ങൾ മുൻമഹാമാരികളിൽ നിന്ന് ഒന്നും പഠിച്ചില്ല. പ്രതിരോധകുത്തിവെപ്പ്, ആധുനികവൈദ്യശാസ്ത്രം എന്നിവയോടുള്ള മത, സമുദായനേതാക്കളുടെ മനോഭാവവും സഹായകമായിരുന്നില്ല. യു.എസിൽ തന്നെ പരിണാമം വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് കോടതി ഇടപെട്ടതിനുശേഷമാണ്. അവിടത്തെ മതനേതാക്കൾ ബൈബിളിൽ പറഞ്ഞ പോലെ പ്രപഞ്ചസൃഷ്ടി ആറുദിവസം കൊണ്ട് ദൈവം നടത്തിയതാണെന്നതിന് വിരുദ്ധമായാണ് പരിണാമസിദ്ധാന്തത്തെ കാണുന്നത്. മതനേതാക്കളുടെ മേൽ ശാസ്ത്രജ്ഞർ നേടിയ വിജയമായിട്ടാണ് കൊറോണാ പ്രതിരോധത്തെ യുവാൽ നോഹ ഹരാരി കാണുന്നത്. അത്രയും നല്ലത്.

ഏതു പ്രതിസന്ധിയിലും നിർണ്ണായക ഘടകമാവുന്നത് രാഷ്ട്രീയ നേതൃത്വമാണ്. വർത്തമാനകാലത്ത് വിവിധ രാഷ്ട്രങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ നേതൃത്വങ്ങൾ ഒരേ പ്രതിസന്ധിയെ പല രീതിയിൽ നേരിടുന്നുണ്ട്. അസാധാരണ പ്രതിസന്ധിയെ പരിചയിച്ച വഴികളിലൂടെ മാത്രം നേരിടുക എന്ന ഒരു രീതി പ്രശ്നമായി വന്നേക്കാം. ഒരു വിഷണറി ലീഡർഷിപ്പിന്റെ അഭാവം ലോകം ഇപ്പോൾ നേരിടുന്നുണ്ടോ?
ഈ മാതിരി പ്രതിസന്ധികളിൽ ലോകത്തിന്റെ നേതൃത്വം സാധാരണയായി യു.എസ് ആണ് ഏറ്റെടുക്കുക. അതിന്റെ അടുത്ത കാലത്തെ ഉദാഹരണം ആഫ്രിക്കയിലെ എബോള പകർച്ചവ്യാധിയാണ്. അതിന്റെ പ്രതിരോധപ്രവർത്തനങ്ങൾ 2014 ജൂൺ മുതൽ (ആ വർഷം മാർച്ചിലാണ് ആഫ്രിക്കയിലെ ആദ്യത്തെ കേസ്) യു.എസ് ആണ് ഏകോപിപ്പിക്കുന്നത്.

നേതൃത്വശൂന്യമായ ഒരു യുദ്ധമാണ് കൊറോണയ്ക്കെതിരെ നടക്കുന്നത്.
കൊറോണയെ കുറിച്ചുള്ള ഭാവിപഠനങ്ങളിൽ മരുന്നും, ഗവേഷണവും, പ്രതിരോധപ്രവർത്തനങ്ങളും മാത്രമായിരിക്കുകയല്ല അപഗ്രഥിക്കുക. ആ പഠനങ്ങളിൽ രാഷ്ട്രീയനേതൃത്വം ഏറ്റവും പ്രധാനഘടകമായിരിക്കും.

എന്നാൽ ട്രംപിന്റെ അമേരിക്കയുടെ നയം യു.എസ് കഴിഞ്ഞിട്ടുമതി മറ്റു രാഷ്ട്രങ്ങൾ എന്നാണ്. ഈ ‘യു.എസ് ഫസ്റ്റ്’ നയത്തിന്റെ ഭാഗമായിട്ടാണ് ജർമ്മനിയിൽ വികസിപ്പിച്ചെടുക്കുന്ന മരുന്നിന്റെ പേറ്റൻറ് ഒരു ബില്യൺ ഡോളർ കൊടുത്ത് യു.എസ് കടത്താൻ ശ്രമിച്ചത്. കൊറോണയ്ക്കെതിരെ യു.എസ് നേതൃത്വം നൽകാതിരുന്നപ്പോൾ കുറച്ചുകാലത്തേയ്ക്ക് ചൈന ആ വിടവിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. മരുന്നും സാമഗ്രികളുമായി അവർ പലതും വിവിധ രാജ്യങ്ങൾക്ക് നൽകി. എന്നാൽ ഇപ്പോൾ ചൈനയുടെ വിശ്വാസ്യതയുടെ മേൽ വലിയ കരിനിഴൽ വീണിരിക്കുകയാണ്. പിന്നെ സ്വാഭാവിക നേതൃത്വം നൽകേണ്ടത് ലോകാരോഗ്യസംഘടനയാണ്; അവർക്കെതിരെ ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അവരെ ട്രംപ് നീർവീര്യമാക്കാൻ ശ്രമിക്കുന്നു. അങ്ങനെ നേതൃത്വശൂന്യമായ ഒരു യുദ്ധമാണ് കൊറോണയ്ക്കെതിരെ നടക്കുന്നത്.
കൊറോണയെ കുറിച്ചുള്ള ഭാവിപഠനങ്ങളിൽ മരുന്നും, ഗവേഷണവും, പ്രതിരോധപ്രവർത്തനങ്ങളും മാത്രമായിരിക്കുകയല്ല അപഗ്രഥിക്കുക. ആ പഠനങ്ങളിൽ രാഷ്ട്രീയനേതൃത്വം ഏറ്റവും പ്രധാനഘടകമായിരിക്കും. അതിൽതന്നെ കൂടുതൽ ശ്രദ്ധ ഊന്നാൻ പോകുന്നത്, രോഗവിവരവും അതിന്റെ മഹാമാരി സ്വഭാവവും അറിഞ്ഞതിനു ശേഷം എപ്പോഴാണ് രാഷ്ട്രീയ നേതൃത്വം സടകുടഞ്ഞു എഴുന്നേറ്റത് എന്നതായിരിക്കും. മാർച്ച്11നാണ് ലോകാരോഗ്യസംഘടന കൊറോണയെ വിശ്വമഹാമാരി (pandemic) ആയി പ്രഖ്യാപിക്കുന്നത്. അന്ന് 114 രാജ്യങ്ങളിൽ രോഗം പടർന്നു കഴിഞ്ഞിരുന്നു. ചൈനയിലെ സ്ഥിതി വളരെ മോശമായിരുന്നു. അന്നുമുതൽ ഇന്നുവരെ യു.എസ് പ്രസിഡൻറ് ട്രംപ് ചെയ്തതെന്താണെന്ന് പത്രങ്ങളിലൂടെ നമുക്കറിയാം. എന്നാൽ ട്രംപിനെക്കാൾ മോശമായ രാജ്യത്തലവന്മാരുണ്ട്: അതിൽ പ്രധാനി ബ്രസീൽ പ്രസിഡൻറ് യൈർ ബോൽസൊനറോയാണ് (Jair Bolsonaro). വെറുമൊരു ചില്ലറ പനി പേടിച്ച് വീട്ടിൽ ഇരിക്കുന്നതെന്തിനാണെന്നാണ് പുള്ളിയുടെ ചോദ്യം. ആളെ കൂട്ടി ബോൽസൊനറോ യോഗങ്ങൾ നടത്തി. അവിടെ ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിക്കുകയും 7000ത്തിൽപരം ആളുകൾ മരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അവിടത്തെ പ്രധാനമന്ത്രിയ്ക്കും കീരീടാവകാശിക്കും രോഗം വന്നശേഷമാണു ലോക്ക്ഡൗണിലേയ്ക്കും മറ്റും നീങ്ങുന്നത്. പാശ്ചാത്യ ജനാധിപത്യരാജ്യങ്ങൾ പൊതുവേ വിലക്കുകൾ ഏർപ്പെടുത്താൻ വിമുഖരായിരുന്നു. യുറോപ്യൻ യൂണിയനിൽ ഏറ്റവും ആദ്യം വിലക്കുകൾ ഏർപ്പെടുത്തിയ ഇറ്റലിയിൽ രോഗം പടർന്നു. അവിടത്തെ രാഷ്ട്രീയനേതൃത്വത്തിനെ അധികം ആരും പഴി പറയുന്നില്ല. എന്നാൽ ജപ്പാനിലെ പ്രസിഡൻറ് ഷിൻസോ അബെ അവിടെ ഇതുവരെ വിലക്ക് എർപ്പെടുത്തിയിട്ടില്ല. കൊറോണ കൈകാര്യം ചെയ്യുന്ന രീതിയിൽ അബെയുടെ ജനപ്രീതിക്ക് ഇടിവുണ്ടായിട്ടുണ്ട്. അദ്ദേഹത്തിെൻറ ഭാര്യ, സാമൂഹിക അകല നിയമങ്ങളെല്ലാം തെറ്റിച്ച്, ചെറിബ്ലോസം പുഷ്പങ്ങൾ പൂക്കുന്ന വേളയിലെ ഉത്സവത്തിൽ പങ്കെടുത്തു. ഇതെല്ലാം കഴിഞ്ഞിട്ടും ജപ്പാനിലെ മരണനിരക്ക് കുറവാണ്. അതിനുകാരണം അവിടത്തെ ജനങ്ങളുടെ ഉയർന്ന സമൂഹബോധവും അച്ചടക്കവുമാണ്.

‘ജാൻ ഹെ തൊ ജഹാൻ ഹെ’ എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. ഉയിരുണ്ടെങ്കിലെ ലോകമുള്ളൂ എന്ന് അർത്ഥം. ആ ലോകത്ത് ഒഴിഞ്ഞ വയറുംവച്ച് ജീവിക്കാൻ പറ്റുമോ എന്നാണു ജനകോടികളുടെ പ്രശ്നം.

ഇന്ത്യയിലേക്കു വന്നാൽ കൊറോണയ്ക്ക് എതിരായി നടപടികൾ സ്വീകരിക്കുന്നതിൽ രാജ്യം വൈകിയോ എന്നത് ഒരു കക്ഷിരാഷ്ട്രീയ പ്രശ്നമായി തുടരും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തവും ബൃഹത്തുമായ ലോക്ക്ഡൗൺ ഇവിടെ ഏർപ്പെടുത്തി. ദരിദ്രരാജ്യമായ ഇന്ത്യ അതിന്റെ ജനസംഖ്യയുടെ നല്ലൊരു ഭാഗമായ പാവപ്പെട്ടവരുടെ ഉപജീവനനഷ്ടത്തെ മറികിടക്കുന്നതിനുള്ള പരിഹാരനടപടികൾ ഇതുവരെ കാര്യമായി സ്വീകരിച്ചിട്ടില്ല. ‘ജാൻ ഹെ തൊ ജഹാൻ ഹെ’ എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. ഉയിരുണ്ടെങ്കിലെ ലോകമുള്ളൂ എന്ന് അർത്ഥം. ആ ലോകത്ത് ഒഴിഞ്ഞ വയറുംവച്ച് ജീവിക്കാൻ പറ്റുമോ എന്നാണു ജനകോടികളുടെ പ്രശ്നം.
ഈ പ്രതിസന്ധിയുടെ കാരണത്തിനും നേരിടുന്നതിലെ പരാജയത്തിനും കാപ്പിറ്റലിസത്തെ പ്രതിക്കൂട്ടിലാക്കുന്നവർ ഏറെയാണ്. ഒരു പക്ഷേ, കൊറോണാനന്തര ലോകത്തെ നിർമിച്ചെടുക്കുന്നതിലും കാപ്പിറ്റലിസം പഴി കേൾക്കേണ്ടി വരും. എന്താണ് യാഥാർത്ഥ്യം?

മുതലാളിത്തത്തിന്റെ അടിസ്ഥാനതത്വം സ്വാർത്ഥതയാണ്. പ്ലേഗ്കാലത്തെ പൊതുശത്രു സ്വാർത്ഥതയാണെന്ന് പറഞ്ഞത് അൽബേർ കമ്യു അദ്ദേഹത്തിന്റെ ‘ദ് പ്ലേഗ്' എന്ന നോവലിലാണ്. യു.എസിലെ രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീമമായ ചികിത്സാചെലവാണ്. ഇത് സ്വകാര്യ ഇൻഷൂറൻസിലൂടെയാണ് കണ്ടെത്തേണ്ടത്. അവയുടെ പ്രിമീയമാകട്ടെ വൻതുകയും. അതു കുറക്കാനുള്ള ഒബാമയുടെ ശ്രമം - ഒബാമ കെയർ - ട്രംപ് പിൻവലിച്ചു. ട്രംപ് സ്വീകരിക്കുന്ന ഒരോ നടപടിയും, അതായത് ലോക്ക്ഡൗൺ പിൻവലിക്കുക തുടങ്ങിയ, മുതലാളിത്ത സ്വാർത്ഥതയിൽ നിന്നാണ് ഉടലെടുക്കുന്നത്. കൊറോണകാലത്ത് നാം യു. എസിൽ കാണുന്നത് മുതലാളിത്തത്തിന്റെ കാരാളമുഖമാണ്. ഇതിന്റെ പല രൂപഭേദങ്ങൾ പാശ്ചാത്യനാടുകളിലും കാണാം. ജനങ്ങളിൽ നിന്ന് പിരിച്ചെടിക്കുന്ന നികുതികൊണ്ടു നടത്തുന്ന, തികച്ചും സൗജന്യചികിത്സ നൽകുന്ന യു.കെയിലെ നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ നിന്ന് കേൾക്കുന്നതു മറ്റൊരു വാർത്തയാണ്: മരിക്കുന്ന ആരോഗ്യപ്രവർത്തകരിൽ കൂടുതൽ കറുത്ത വർഗക്കാരും ഏഷ്യാക്കാരും ആണ്. (മുതലാളിത്ത സാമ്പത്തികനയവും കമ്യൂണിസ്റ്റ് ചട്ടക്കൂടുമുള്ള ചൈനയിൽ എന്താണു നടക്കുന്നതെന്നുപോലും അറിയില്ല.)

ജനങ്ങളിൽ നിന്ന് പിരിച്ചെടിക്കുന്ന നികുതികൊണ്ടു നടത്തുന്ന, തികച്ചും സൗജന്യചികിത്സ നൽകുന്ന യു.കെയിലെ നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ നിന്ന് കേൾക്കുന്നതു മറ്റൊരു വാർത്തയാണ്: മരിക്കുന്ന ആരോഗ്യപ്രവർത്തകരിൽ കൂടുതൽ കറുത്ത വർഗക്കാരും ഏഷ്യാക്കാരും ആണ്.

കൊറോണ മുതലാളിത്തത്തെ തകർക്കുമോ? യു.എസിലെ മുതലാളിത്തത്തിന്റെ ഒരു വൻപ്രത്യേകത, അത് നൂതനാശങ്ങളിൽ (innovation) അധിഷ്ഠിതമാണ് എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ പത്ത് പണക്കാരെ എടുക്കുക. ആദ്യം ജെഫ് ബെസോസ് (ആമസോൺ) ആണ്. രണ്ടാമത്തേത് ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ്), അഞ്ചാമത്തേത് ലാറി എല്ലിസൺ (ഒറാക്ക്ൾ), ആറാമത്തേത് മാർക്ക് സുക്കർബർഗ് (ഫേസ്ബുക്ക്)... ഇവരെല്ലാം സാധാരണക്കാരായി ജനിച്ച്, നൂതനാശയങ്ങളുടെ ബലത്തിൽ പണക്കാരായവരാണ്. എല്ലാ ദശകങ്ങളിലും ആവർത്തിച്ച ഒരു പ്രതിഭാസമാണിത്. ഇത്തരം നൂതനാശയങ്ങളെ ബിസിനസ് ആക്കിമാറ്റാനുള്ള ഒരു വ്യവസ്ഥ യു.എസിൽ നിലനിൽക്കുന്നുണ്ട്. അതിനെ കൊറോണയും ട്രംപ് അതു കൈകാര്യം ചെയ്ത രീതിയും ബാധിച്ചോ എന്നതിലായിരിക്കും അവിടത്തെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി. പെട്ടന്ന് എനിക്കുതോന്നുന്നത് ഇല്ല എന്നാണ്.
ആഗോളവൽക്കരണം പ്രശ്നത്തെ ലോകവ്യാപകമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രോഗത്തെ പിടിച്ചുകെട്ടുന്നതിൽ, പുതിയ ലോകക്രമം കെട്ടിപ്പടുക്കുന്നതിലുമൊക്കെ ആഗോളവൽക്കരണം എന്തു പങ്കായിരിക്കും വഹിക്കുക ?
ആഗോളവത്കരണമാണ് കൊറോണയുടെ പ്രധാനകാരണം. ഒരു ഫ്രിക്വന്റ് ഫ്ലൈയർ സഞ്ചരിച്ചതിനേക്കാൾ കൂടുതൽ രാജ്യങ്ങൾ അത് സന്ദർശിച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും എല്ലാ തുറമുഖങ്ങളും അടച്ച സ്ഥിതിയിൽ സ്വയം‌പര്യാപ്തമാകുക എന്നത് രാജ്യങ്ങളുടെ ആവശ്യമായിരിക്കുന്നു. ഇന്ത്യ എ.പി.എ നിർമ്മിക്കാനൊരുങ്ങുന്നതും അമേരിക്കയിലെ വലിയ കാർ ഫാക്റ്ററികൾ വെന്റിലേറ്റർ നിർമ്മിക്കാൻ ഒരുങ്ങുന്നതും, എന്തിനു കേരളം കൃഷിയെ പറ്റി ചിന്തിച്ചു തുടങ്ങുന്നതും സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. കൊറോണ രാജ്യങ്ങളെ പഠിപ്പിക്കുന്ന പാഠം ‘പരന്ന’ ലോകത്തെ വിശ്വസിക്കാൻ പറ്റില്ലെന്നാണ്. മറുവശത്ത് ആഗോളവത്കരണം തിരിച്ചുപോകാൻ പറ്റാത്ത രീതിയിൽ രാജ്യങ്ങളെ തമ്മിൽ ബന്ധിച്ചിരിക്കുന്നു. ചൂടുവെള്ളത്തിൽ വീണ പൂച്ചകളാണു ലോകരാജ്യങ്ങളെല്ലാം; അവ എങ്ങനെ പെരുമാറുമെന്നു പറയുക പ്രയാസം.
ഇതിനൊക്കെയിടയിലും നമ്മുടെ സംസ്ഥാനം വേറിട്ടു നിൽക്കുകയാണല്ലോ. ലോകത്തിനു മുന്നിൽ കൊറോണ പ്രതിരോധത്തിൽ നമ്മുടെ കൊച്ചു കേരളം അഭിമാനകരമായ നേട്ടമാണ് കാഴ്ചവെച്ചത്. അത് ചരിത്രപരമായ കാരണങ്ങൾ കൊണ്ടു നേടിയതാണ്. ശ്രദ്ധിച്ചു കാണുമല്ലോ?
കേരളത്തിലെ കാര്യമെടുത്താൽ ഇവിടെയുള്ളത് ജപ്പാൻ പോലെ ഉയർന്ന സമൂഹബോധമുള്ള ജനതയാണ്. അതിനുപുറമേയാണു ശക്തവും വ്യക്തതയുമുള്ള രാഷ്ട്രീയനേതൃത്വം. നിപ്പാ കാലത്തുതന്നെ കോണ്ടാക്റ്റ് ട്രേസിങിൽ നമ്മുടെ മുൻനിര പ്രവർത്തകർ വൈദഗ്ധ്യം നേടി. കൊറോണയുടെ തുടക്കംമുതലേ അത് സഹായകമായി. കൊറൊണാവൈറസിന്റെ പ്രവചനാതീതമായ സ്വഭാവം മാറ്റിവച്ചാൽ ഇന്ന് ലോകത്തിൽ ഏറ്റവും സുരക്ഷിതങ്ങളായ ഇടങ്ങളാണു കേരളവും അന്റാർട്ടിക്കയും. ആ ഭൂഖണ്ഡത്തിൽ കൊറോണ ഇല്ലത്രെ.
വ്യക്തിപരമായി ഈ ദുരന്തകാലത്തെ എങ്ങനെ നേരിട്ടു എന്നറിയാൻ ആഗ്രഹമുണ്ട്. മാനസികമായി എതെല്ലാം തരം ചിന്തകളിലൂടെയാണ് കടന്നു പോയത് ?
വ്യക്തിപരമായി ആദ്യമാദ്യം പകച്ചുപോയ ദിവസങ്ങളായിരുന്നു. അപ്പോൾ യാതൊരു തിരഞ്ഞെടുപ്പും കൂടാതെ വായിക്കുകയും സിനിമ കാണുകയും ചെയ്തു. പിന്നെ പൊരുത്തപ്പെട്ടു തുടങ്ങിയപ്പോൾ ഒരു പുതിയ ഷോണറിൽ വ്യാപൃതനായി — ഫ്ലാഷ് ഫിക്ഷൻ അഥവാ മിന്നൽക്കഥകൾ. അതു വളരെ ആനന്ദം നൽകി. ഇപ്പോൾ ദിവസങ്ങൾക്ക് ഒരു ഘടനയെല്ലാം വന്നുതുടങ്ങി.


Summary: NE Sudheer interviews NS Madhavan about social changes at the peried of COVID-19 Pandemic.


എൻ. എസ്. മാധവൻ

കഥാകൃത്ത്, നോവലിസ്റ്റ്. സിവിൽ സർവീസ്​ ഉദ്യോഗസ്​ഥനായിരുന്നു. ​​​​​​​ഹിഗ്വിറ്റ, തിരുത്ത്, ചൂളൈമേടിലെ ശവങ്ങൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ തുടങ്ങിയ പ്രധാന കൃതികൾ.

എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments