ഇനിയും
നേരം വെളുക്കാത്ത
ഓാാ… അബ്ദുള്ളമാർ

മനുഷ്യരെ സിനിമകളിലൂടെ പ്രചോദിപ്പിക്കുകയും മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഓർത്തിരിക്കേണ്ട അനേകം അഭിനയ മുഹൂർത്തങ്ങളിലൂടെ അത്ഭുതപ്പെടുത്തകയും ചെയ്ത രണ്ടു നടന്മാർ തമ്മിലുള്ള മതനിരപേക്ഷ ആത്മീയതയെ മനസ്സിലാക്കാൻ ഒ. അബ്ദുള്ളക്ക് സാധിക്കില്ല. ഒ. അബ്ദുള്ളയെ സംബന്ധിച്ച് ഭൂമിയിലെ സ്വർഗം താലിബാൻ ആയിരിക്കാനിടയുണ്ട്- താഹ മാടായി എഴുതുന്നു.

രിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്നാണ് ഒരു മലയാളി മുസ്ലിം ഈ റമദാനിൽ നെഞ്ചുരുകി പ്രാർഥിക്കേണ്ടത്?
സംശയമില്ല, മതത്തിൻ്റെ പേരിൽ വെറുപ്പുൽപ്പാദിപ്പിക്കുന്ന ഒ. അബ്ദുള്ളയെ പോലെയുള്ള, മുസ്ലിംകളുടെ ഉപദ്രവങ്ങളിൽ നിന്ന്.

പുനത്തിൽ കുഞ്ഞബ്ദുള്ളയും സക്കറിയയും വർഷങ്ങൾക്കുമുമ്പ് ശബരിമലയിൽ, കെട്ടും നിറച്ച് പതിനെട്ടു പടവുകൾ കയറി.
ഞാൻ ചോദിച്ചു: ‘താങ്കൾ ശബരിമലയിൽ?’
പുനത്തിൽ ചിരിച്ചു: ‘വാവരും അയ്യപ്പനുമാണ് മലയാളി. മൈത്രിയുമായി മലമുകളിൽ അബ്ദുള്ള’.

എന്നാൽ ഈ ഒ. അബ്ദുള്ള ‘മത മുകളിൽ’ കയറിയിരുന്ന് മലയാളികളുടെ മുഖത്തേക്ക് കാറിത്തുപ്പുയാണ്.

ഈ അബ്ദുള്ള ആരാ?
ഒരു കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ മൂർച്ച കൂട്ടിയ ഒരാൾ. ജനാധിപത്യസമൂഹത്തിലുള്ള എല്ലാ അഭിപ്രായസ്വാതന്ത്ര്യവും മുതലെടുത്ത് വെറുപ്പ് ഉൽപ്പാദിപ്പിക്കുയാണ് ആ മനുഷ്യൻ.

ഹേ, മനുഷ്യാ…

മമ്മൂട്ടി എന്ന ആത്മബന്ധുവിനുവേണ്ടി മോഹൻലാൽ ശബരിമലയിൽ കയറിയാൽ അത് നിങ്ങളെ അസ്വസ്ഥനാക്കുന്നത് എന്തിനാണ്? ആരാണ് നിങ്ങളെ ഇസ്ലാമിനെ ഏൽപിച്ചത്? മമ്മൂട്ടി  തൗബ (പശ്ചാത്തപിക്കണം) ചെയ്യണം എന്നു പറയാൻ നിങ്ങൾ ആരാണ്? സിനിമ തന്നെ ഹറാം അല്ലേ നിങ്ങൾ പറയുന്ന ഇസ്ലാമിൽ? മനുഷ്യരെ സിനിമകളിലൂടെ പ്രചോദിപ്പിക്കുകയും മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഓർത്തിരിക്കേണ്ട അനേകം അഭിനയ മുഹൂർത്തങ്ങളിലൂടെ അത്ഭുതപ്പെടുത്തകയും ചെയ്ത രണ്ടു നടന്മാർ തമ്മിലുള്ള മതനിരപേക്ഷ ആത്മീയതയെ മനസ്സിലാക്കാൻ ഒ. അബ്ദുള്ളക്ക് സാധിക്കില്ല. ഒ. അബ്ദുള്ളയെ സംബന്ധിച്ച് ഭൂമിയിലെ സ്വർഗം താലിബാൻ ആയിരിക്കാനിടയുണ്ട്.

മാടായിയിയിൽ കർക്കടകത്തിൽ ഊരു ചുറ്റുന്ന മാരിത്തെയ്യങ്ങളുണ്ട്. മനുഷ്യരെ ബാധിച്ച ആധിവ്യാധികൾ ഒഴിപ്പിക്കാനാണ് ഈ ഊരുചുറ്റൽ. മാടായിയിലെ മുസ്ലിം വീടുകളിലും ഒരു കാലത്ത് ഈ തെയ്യങ്ങൾ വലം വെച്ചോടും. അഞ്ചു നേരം നിസ്കരിക്കുന്ന ആസീത്തയും തെയ്യത്തെ വീടിന് ചുറ്റും വലം വെച്ചോടാൻ പറയും: ‘‘പടച്ചോനെ, ഈ പൊരയെ ശൈത്താന്മാരിൽ നിന്ന് കാത്തോളണേ. ഈ തെയ്യത്തിൻ്റെ പോരിശ കൊണ്ട് ശൈത്താൻമാർ ഓടിപ്പോകണേ’’.

ഇതാണ് ആസീത്തയുടെ ദുആ. ആസീത്ത ദൈവത്തെ മനസ്സിലാക്കിയത് ഒ. അബ്ദുള്ളയുടെ മതം അന്ധമാക്കിയ കണ്ണിലൂടെയല്ല.

മോഹൻലാലും മമ്മൂട്ടിയും മതമുകളിൽ കയറി, ഒന്നും വിളിച്ചു കൂവുന്നില്ല. സൗഹൃദത്തെ തിരിച്ചറിയാൻ സാധിക്കാത്ത ഒരാൾ അഞ്ചുനേരം  നിസ്കരിച്ചിട്ടെന്തു കാര്യം?

ഓണത്തിനും വിഷുവിനും മുസ്ലിംകൾ ഹിന്ദു സഹോദരന്മാർ തരുന്ന സദ്യ കഴിക്കരുത് എന്ന് പറഞ്ഞവരുടെ നാടാണ് കേരളം. ആ കൊടും വിഷമുള്ള മനസ്സുമായി ജീവിക്കുന്നവരെ  പ്രചോദിപ്പിക്കാൻ പുതിയ ഇനം വെറുപ്പുമായി ഇറങ്ങിയിരിക്കയാണ് ഒ. അബ്ദുള്ള. 

വെറുതെയല്ല, മതം വിട്ട് മനുഷ്യർ ജീവനും കൊണ്ടോടുന്നത്.


Summary: Thaha Madayi criticizes O Abdullah's controversial statement on Malayalam actor Mohanlal's puja for Mammootty in Sabarimala.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments