പൊതുസ്ഥലം, മാന്യത, ഉപജീവനം: 'ആലുവ ക്ലീനിങ്' എന്ന സദാചാര ഇടപെടലിനെക്കുറിച്ച്...

ഒരു നഗരത്തിന്റെ ജനാധിപത്യ നിലവാരം അവിടുത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് എത്രമാത്രം മാന്യതയോടെ ജീവിക്കാനും സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയുന്നു എന്നതിലൂടെയാണ് അളക്കേണ്ടത്. ‘ആലുവ ക്ലീനിങ്’ എന്ന സദാചാര ഇടപെടലുകളെ മുൻനിർത്തി അരവിന്ദ് സുമ രവീന്ദ്രൻ, ആദിത്യ സുമ രവീന്ദ്രൻ എന്നിവർ എഴുതുന്നു.

ഒരു നഗരത്തിലെ പൊതുസ്ഥലം യഥാർത്ഥത്തിൽ ആരുടേതാണ്? ഈ ചോദ്യം സാധാരണയായി ഉയരുന്നത് ഒരു പ്രദേശത്തെ ഭൗതിക സാഹചര്യങ്ങളുമായി അനുബന്ധിച്ചാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ അതിന്റെ അർത്ഥം കൂടുതൽ ആഴമുള്ളതാകുന്നു. ഒരു നഗരത്തിൽ ആരാണ് പൊതുവായി കാണപ്പെടാൻ അർഹർ, ആരുടെ സാന്നിധ്യമാണ് അസ്വസ്ഥതയായി കണക്കാക്കപ്പെടുന്നത്, ആരെയാണ് നഗരത്തിന്റെ “ക്രമത്തിനും സുരക്ഷയ്ക്കും” ഭീഷണിയായി ചിത്രീകരിക്കുന്നത് എന്നതും ഇതിന്റെ ഭാഗമാണ്.

ആലുവയിൽ നടന്ന ചില സംഭവങ്ങളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് ഈ ചോദ്യത്തെ വീണ്ടും പൊതുചർച്ചയുടെ കേന്ദ്രത്തിലെത്തിക്കുന്നു. രാത്രിയിൽ ഉപജീവനത്തിനായി പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീകളോട് “പ്രായമായില്ലേ, വീട്ടിൽ ഇരുന്നുകൂടെ”, തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും അവരോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ദൃശ്യത്തിൽ ഒരു അന്തർസംസ്ഥാന സെക്സ് വർക്കറെ അപമാനിക്കുന്നതായും, അവരെ “AIDS പരത്തുന്നവർ” എന്ന രീതിയിൽ വിശേഷിപ്പിച്ചതായും ആരോപണമുണ്ട്. ഈ ദൃശ്യങ്ങളിലെ ഓരോ സംഭവത്തിന്റെയും നിയമപരമായ വസ്തുതകൾ അന്വേഷണത്തിന്റെയും ആവശ്യമായ നടപടികളുടെയും അടിസ്ഥാനത്തിലാണ് അന്തിമമായി വിലയിരുത്തേണ്ടത്. എന്നാൽ അതിനപ്പുറം ഒരു അടിസ്ഥാനപരമായ ചോദ്യം ഇവിടെ ഉയരുന്നുണ്ട്, ഒരു വിഭാഗം മനുഷ്യരുടെ സാന്നിധ്യം എന്തുകൊണ്ടാണ് ഒരു നഗരപ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത്?

“കുട്ടികളുടെ സുരക്ഷ”, “പൊതുസ്ഥലത്തിന്റെ വൃത്തി”, “സദാചാരം”, “സാമൂഹിക സുരക്ഷ” തുടങ്ങിയ വാക്കുകൾ പലപ്പോഴും സംരക്ഷണത്തിന്റെ ഭാഷയാണ്. പക്ഷേ ആ ഭാഷയ്ക്കുള്ളിൽ ആരുടെ സാന്നിധ്യമാണ് അസ്വീകാര്യമെന്ന് തീരുമാനിക്കുന്ന ഒരു അധികാരബന്ധം ഒളിഞ്ഞിരിക്കാം. അതുകൊണ്ടുതന്നെ ആലുവയിലെ സംഭവത്തെ ഒരു സാധാരണ തെരുവുതർക്കമായി മാത്രം കാണുന്നത് അതിന്റെ സാമൂഹിക അർത്ഥം ചുരുക്കിക്കളയുന്നതായിരിക്കും. കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ഒരു പൊതുബോധത്തിനെ ധാർമിക മാനം കൊടുത്തു കൊണ്ട് പിന്തുണ സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ. അതിനു പൊതുധാരയിൽ ധാർമിക ഉത്തരവാദിത്വം എന്ന പേര് നൽകുകയും ചെയ്യുന്നു.

സമൂഹത്തിൽ “വൃത്തിയുള്ളത്” എന്നും “വൃത്തികെട്ടത്” എന്നും നാം തീരുമാനിക്കുന്നത് എല്ലായ്പ്പോഴും സ്വാഭാവികമായ മാനദണ്ഡങ്ങളിലൂടെ മാത്രമല്ല. Mary Douglas തന്റെ 1966-ലെ Purity and Danger എന്ന കൃതിയിൽ “matter out of place” എന്ന ആശയത്തിലൂടെ കാണിച്ചത്, ഒരു വസ്തു അഴുക്കാകുന്നത് അത് സ്വതവേ അഴുക്കായതിനല്ല, മറിച്ച് ഒരു പ്രത്യേക ക്രമത്തിനുള്ളിൽ അത് “തെറ്റായ സ്ഥലത്ത്” എത്തിയതിനാലാകാമെന്നാണ്. ഈ ആശയം മനുഷ്യരുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണ്. ഒരാളെ “ഇവിടെ നിൽക്കാൻ പാടില്ലാത്ത വ്യക്തി”യായി നിർവചിക്കുന്ന നിമിഷം, ആ വ്യക്തിയുടെ സാന്നിധ്യം തന്നെ ഒരു സാമൂഹിക “അഴുക്കായി” നിർമ്മിക്കപ്പെടുന്നു . അല്ലെങ്കിൽ അതിനെ അങ്ങനെ നിർമ്മിച്ചെടുക്കുന്നു.

രാത്രിയിൽ ഉപജീവനത്തിനായി പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീകളോട് “പ്രായമായില്ലേ, വീട്ടിൽ ഇരുന്നുകൂടെ”, തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും അവരോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
രാത്രിയിൽ ഉപജീവനത്തിനായി പൊതുസ്ഥലത്ത് നിൽക്കുന്ന സ്ത്രീകളോട് “പ്രായമായില്ലേ, വീട്ടിൽ ഇരുന്നുകൂടെ”, തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും അവരോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇവിടെയാണ് “ക്ലീനിങ്” എന്ന വാക്കിന്റെ രാഷ്ട്രീയ അർത്ഥം തുടങ്ങുന്നത്. നഗരത്തെ വൃത്തിയാക്കുന്നു എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ മാലിന്യം നീക്കം ചെയ്യുകയാണോ, അതോ നഗരത്തിൽ കാണാൻ ഇഷ്ടപ്പെടാത്ത ചില മനുഷ്യരുടെ സാന്നിധ്യം കുറയ്ക്കുകയാണോ? Neil Smith (1996) അവതരിപ്പിച്ച “revanchist city” എന്ന ആശയം ഇതിനെ മനസ്സിലാക്കാൻ സഹായിക്കുന്നു. നഗരത്തെ “തിരിച്ചുപിടിക്കുക” എന്ന പേരിൽ ദരിദ്രർ, തെരുവിൽ ജീവിക്കുന്നവർ, അനൗപചാരിക തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത് പലപ്പോഴും സുരക്ഷ, ശുചിത്വം, കുട്ടികളുടെ സംരക്ഷണം, നഗരത്തിന്റെ പ്രതിച്ഛായ എന്നിവയുടെ പേരിലാണ് നടക്കുന്നത്. അതിനാൽ പ്രശ്നം വ്യക്തികളുടെ പെരുമാറ്റത്തിൽ മാത്രം ഒതുങ്ങുന്നില്ല, നഗരത്തെ ആർക്കുവേണ്ടിയാണ് ക്രമീകരിക്കുന്നത് എന്ന ചോദ്യവും അതിനൊപ്പം വരുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ Gautam Bhan (2016) ചൂണ്ടിക്കാണിക്കുന്നതുപോലെ, “public interest” എന്ന പേരിലുള്ള നഗരവികസനവും ഒഴിപ്പിക്കലുകളും ചില വിഭാഗങ്ങളുടെ പൗരത്വത്തെ മറ്റുള്ളവരേക്കാൾ രണ്ടാംതരം പൗരത്വമായി അനുഭവിപ്പിക്കാം. പൊതുസ്ഥലത്ത് സാന്നിധ്യമുണ്ടാകാനുള്ള അവകാശം എല്ലാവർക്കും ഒരേ രീതിയിൽ ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ അടിസ്ഥാന പ്രശ്നം.

ഇവിടെ നിയമപരമായ വശവും വളരെ പ്രധാനമാണ്. ഇന്ത്യയിൽ പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള സെക്സ് വർക്ക് സ്വതന്ത്രമായി തന്നെ ഒരു കുറ്റമല്ല. എന്നാൽ Immoral Traffic (Prevention) Act, 1956, 1986-ലെ ഭേദഗതികളോടെ, ബ്രോത്തൽ നടത്തൽ, മറ്റൊരാളുടെ സെക്സ് വർക്കിൽ നിന്നുള്ള വരുമാനത്തിൽ ജീവിക്കൽ, ചില സാഹചര്യങ്ങളിലെ പൊതുസ്ഥലത്തെ soliciting തുടങ്ങിയ പ്രവർത്തനങ്ങളെ കുറ്റകരമാക്കുന്നു. Prabha Kotiswaran (2011) ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇത്തരം നിയമപരമായ നിയന്ത്രണങ്ങൾ ചിലപ്പോൾ സെക്സ് വർക്കിനെ ഇല്ലാതാക്കുന്നതിനുപകരം കൂടുതൽ മറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടാൻ ഇടയാക്കാം.

ഇതേ പശ്ചാത്തലത്തിലാണ് Budhadev Karmaskar v. State of West Bengal കേസിലെ സുപ്രീംകോടതിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്. സെക്സ് വർക്കർമാർക്കും ഭരണഘടനയുടെ Article 21 പ്രകാരമുള്ള മാന്യതയുടെ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 2022 മെയ് മാസത്തിലെ സുപ്രീംകോടതി നിർദ്ദേശങ്ങൾ പ്രായപൂർത്തിയായ, സമ്മതത്തോടെയുള്ള സെക്സ് വർക്കർമാരെ പോലീസ് അനാവശ്യമായി ഉപദ്രവിക്കുകയോ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും അവരുടെ വ്യക്തിത്വം മാധ്യമങ്ങൾ വഴി വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും വ്യക്തമാക്കി. അതായത്, നിയമത്തിന്റെ പേരിൽ പോലും ഒരു വ്യക്തിയുടെ മാന്യത ഇല്ലാതാക്കാനുള്ള അധികാരം സമൂഹത്തിന് ലഭിക്കുന്നില്ല. ഈ കാര്യങ്ങൾ നിലനിൽക്കെയാണ് ആലുവയിൽ ഈ തരത്തിൽ ഉള്ള ഇടപെടലുകൾ ചിലർ നടത്തുന്നത്.

ഇന്ത്യയിൽ പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള സെക്സ് വർക്ക് സ്വതന്ത്രമായി തന്നെ ഒരു കുറ്റമല്ല.
ഇന്ത്യയിൽ പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള സെക്സ് വർക്ക് സ്വതന്ത്രമായി തന്നെ ഒരു കുറ്റമല്ല.

അതുപോലെ Olga Tellis v. Bombay Municipal Corporation (1985) കേസിൽ ഉപജീവനം Article 21-ന്റെ ഭാഗമാണെന്ന് സുപ്രീംകോടതി അംഗീകരിച്ചു. പൊതുസ്ഥലത്തെ എല്ലാ സാന്നിധ്യങ്ങളും നിയമപരമായി സംരക്ഷിക്കപ്പെടുന്നു എന്നല്ല ഇതിന്റെ അർത്ഥം. എന്നാൽ ഒരാളുടെ ഉപജീവനം ഇല്ലാതാക്കുമ്പോൾ Due process, അവകാശങ്ങൾ, പകരം മാർഗങ്ങൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്. K.S. Puttaswamy v. Union of India (2017) സ്വകാര്യതയെ അടിസ്ഥാനാവകാശമായി അംഗീകരിച്ചതിനാൽ, ഒരാളുടെ ചിത്രം പകർത്തി അപമാനകരമായ രീതിയിൽ പ്രചരിപ്പിക്കുന്നതും മറ്റൊരു ചോദ്യമുയർത്തുന്നു. Tehseen S. Poonawalla v. Union of India (2018) കേസിലെ vigilantism-നെതിരായ നിലപാടും ഇവിടെ പ്രസക്തമാണ്, നിയമം കൈയിലെടുത്ത് മറ്റൊരാളെ ശിക്ഷിക്കാനുള്ള അവകാശം സാധാരണ പൗരർക്കില്ല. ഈ തരത്തിലുള്ള വ്യവഹാരപരമായ നിബന്ധനകളും നിയമങ്ങളും നിലനിൽക്കെയാണ് ധാർമിക രോഷം, ധാർമിക ഉത്തരവാദിത്വം എന്നിങ്ങനെയുള്ള ലേബലിൽ വ്യക്തി ജീവിതത്തെയും തൊഴിൽ അവകാശത്തെയും പ്രത്യക്ഷമായിത്തന്നെ അവഗണിക്കുകയും തടയുകയും ചെയ്യുന്നത്. ഇത്തരം സംഭവങ്ങളിൽ BNS 2023-ലെ 126, 351, 352, 79, 356 തുടങ്ങിയ വകുപ്പുകൾ സാഹചര്യത്തിനനുസരിച്ച് ബാധകമാകാം. എന്നാൽ, ഏത് വകുപ്പ് ചുമത്തണമെന്നത് തെളിവുകളും അന്വേഷണവും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്. അതിനാൽ, വ്യക്തികളെ പരസ്യമായി അപമാനിക്കുന്നതിനുപകരം നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

HIV and AIDS (Prevention and Control) Act, 2017 വിവേചനം തടയുന്നതിനും വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നു. ഒരാളെ ‘AIDS പരത്തുന്നവർ’ എന്ന് മുദ്രകുത്തുന്നത് ശാസ്ത്രീയമായ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും വ്യക്തിയുടെ അന്തസ്സിനെ മുറിപ്പെടുത്തുകയും ചെയ്യുന്നു. ഈ സമീപനത്തിന് ഒരു ചരിത്രമുണ്ട്. കോളനി ഭരണകാലത്ത്, പ്രത്യേകിച്ച് 1860-കളിൽ സൈനിക ക്യാമ്പുകൾ കേന്ദ്രീകരിച്ച്, സ്ത്രീകളെ രജിസ്റ്റർ ചെയ്യുകയും നിർബന്ധിത മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുകയും “lock hospitals”ൽ തടവിലാക്കുകയും ചെയ്തിരുന്നു (Levine, 2003). സ്ത്രീകളുടെ ശരീരത്തെ രോഗത്തിന്റെ ഉറവിടമായി കാണുന്ന ഈ സമീപനം പിന്നീട് HIV/AIDS കാലത്തും മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ആദ്യ HIV കേസുകൾ 1986-ൽ ചെന്നൈയിൽ കണ്ടെത്തിയതും സെക്സ് വർക്കർമാരെ ചുറ്റിപ്പറ്റിയുള്ളതുമായിരുന്നു. അതോടെ “Disease spreaders” എന്ന സാമൂഹിക മുദ്ര ശക്തമായി. എന്നാൽ പിന്നീട് പൊതുജനാരോഗ്യ സമീപനങ്ങൾ മറ്റൊരു വഴി കാണിച്ചു. പശ്ചിമ ബംഗാളിലെ Sonagachi Project പോലുള്ള community-based Interventions ഉൾപ്പെടുത്തലും അവകാശബോധവും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും കൂടുതൽ ഫലപ്രദമാണെന്ന് തെളിയിച്ചു. അതിനാൽ “AIDS പരത്തുന്നവർ” എന്ന വിശേഷണം അപമാനകരമെന്നതിലുപരി പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയും പുനരുത്പാദിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യ HIV കേസുകൾ 1986-ൽ ചെന്നൈയിൽ കണ്ടെത്തിയതും സെക്സ് വർക്കർമാരെ ചുറ്റിപ്പറ്റിയുള്ളതുമായിരുന്നു. അതോടെ “Disease spreaders” എന്ന സാമൂഹിക മുദ്ര ശക്തമായി.
ഇന്ത്യയിലെ ആദ്യ HIV കേസുകൾ 1986-ൽ ചെന്നൈയിൽ കണ്ടെത്തിയതും സെക്സ് വർക്കർമാരെ ചുറ്റിപ്പറ്റിയുള്ളതുമായിരുന്നു. അതോടെ “Disease spreaders” എന്ന സാമൂഹിക മുദ്ര ശക്തമായി.

Louis Wirth-ന്റെ ‘ghetto’ എന്ന ആശയവും Loïc Wacquant (2008) മുന്നോട്ടുവെച്ച ‘territorial stigmatization’ എന്ന ആശയവും ഈ സാഹചര്യത്തെ വിശകലനം ചെയ്യാൻ സഹായിക്കുന്നു. ഒരു പ്രദേശത്തെയും അവിടെ ജീവിക്കുന്ന മനുഷ്യരെയും ഒരുപോലെ അപമാനകരമായ തിരിച്ചറിയലിലേക്ക് ചുരുക്കുന്ന പ്രവണതയെയാണ് Wacquant വിശദീകരിക്കുന്നത്. ആലുവയെ ഒരു ഗെറ്റോ ആയി വിശേഷിപ്പിക്കുന്നത് കൃത്യമല്ലെങ്കിലും, നഗരത്തിലെ ചില ഇടങ്ങളിൽനിന്ന് ആളുകളെ മാറ്റിനിർത്തുകയും മറ്റിടങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന പ്രവണതയിൽ ഈ ആശയങ്ങളുടെ പ്രസക്തി കാണാം. Erving Goffman-ന്റെ stigma എന്ന ആശയം ഇത്തരം മുദ്രകുത്തലുകൾ ഒരാളുടെ സാമൂഹിക വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ദാരിദ്ര്യം, തൊഴിൽ, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ചിലരെ പ്രശ്നക്കാരായി കാണുമ്പോൾ, അവരുടെ ജീവിതസാഹചര്യങ്ങളേക്കാൾ അവർ സമൂഹത്തിന് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കാണ് പ്രാധാന്യം ലഭിക്കുന്നത്. ഇതിലൂടെയാണ് അപരവൽക്കരണം (Othering) സംഭവിക്കുന്നത്, ചിലർ പൊതുസമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുമ്പോൾ, മറ്റുചിലർ അതിന്റെ ഭാഗമല്ലെന്ന മട്ടിൽ മാറ്റിനിർത്തപ്പെടുന്നു. അങ്ങനെ, ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ മാത്രം ഈ പ്രക്രിയ അവസാനിക്കുന്നില്ല; പൊതുസ്ഥലങ്ങളിൽ ഇടം നേടാനും അന്തസ്സോടെ ജീവിക്കാനുമുള്ള അവരുടെ അവകാശവും ചോദ്യം ചെയ്യപ്പെടുന്നു. അതിനാൽ, ഇത്തരം സംഭവങ്ങൾ പൊതുസ്ഥലങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള തർക്കം മാത്രമല്ല, നഗരത്തിൽ ആർക്കാണ് ഇടം ലഭിക്കുന്നത്, ആരാണ് മാറ്റിനിർത്തപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള സാമൂഹികമായ ചോദ്യവും ഉയർത്തുന്നു. ഇതുമായി Henri Lefebvre-ന്റെ “right to the city” ആശയവും ബന്ധിപ്പിക്കാം. നഗരം കെട്ടിടങ്ങളുടെയും റോഡുകളുടെയും ഉടമസ്ഥത മാത്രമല്ല; നഗരത്തിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മനുഷ്യരുടെ സാമൂഹിക അവകാശവുമാണ്. അതുകൊണ്ട് “നഗരം ആർക്കുള്ളതാണ്?”എന്ന ചോദ്യം വികസനത്തിന്റെ ചോദ്യത്തോടൊപ്പം തന്നെ പൗരത്വത്തിന്റെ ചോദ്യവുമാണ്.

“നമ്മുടെ കുട്ടികളെ വഴിതെറ്റിക്കാനാണോ?” എന്ന ചോദ്യം അതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തീർച്ചയായും ആവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ മറ്റൊരു സ്ത്രീയുടെ സാന്നിധ്യത്തെ സ്വതവേ അപകടമായി നിർവചിക്കുന്നത് മറ്റൊരു പ്രശ്നമാണ്. ആ സ്ത്രീയുടെ പ്രായം, കുടുംബസ്ഥിതി, ആരോഗ്യസ്ഥിതി, വരുമാനാവശ്യകത, താമസസാഹചര്യം, അവൾ നേരിടുന്ന അക്രമം എന്നിവയെക്കുറിച്ച് ചോദിക്കാതെയാണ് അവളോട് “വീട്ടിൽ ഇരിക്കണം” എന്ന് പറയുന്നത്. ഇവിടെയാണ് Feminist standpoint theory പ്രസക്തമാകുന്നത്. Sandra Harding (1991) മുന്നോട്ടുവച്ച ഈ സമീപനം സമൂഹത്തെ അധികാരത്തിന്റെ കേന്ദ്രത്തിൽ നിന്ന് മാത്രമല്ല, അതിന്റെ അരികിൽ നിൽക്കുന്നവരുടെ അനുഭവങ്ങളിൽ നിന്നുകൂടി മനസ്സിലാക്കണമെന്ന് പറയുന്നു. “എന്തുകൊണ്ട് ഇവിടെ നിൽക്കുന്നു?” എന്നതിന് മുമ്പ് “ഈ നഗരത്തിൽ ജീവിക്കാൻ നിങ്ങൾക്ക് എന്തെല്ലാം വഴികളുണ്ട്?” എന്ന് ചോദിക്കേണ്ടതിന്റെ ആവശ്യകത ഇതിലൂടെ മനസ്സിലാക്കാം.

ആ സ്ത്രീയുടെ പ്രായം, കുടുംബസ്ഥിതി, ആരോഗ്യസ്ഥിതി, വരുമാനാവശ്യകത, താമസസാഹചര്യം, അവൾ നേരിടുന്ന അക്രമം എന്നിവയെക്കുറിച്ച് ചോദിക്കാതെയാണ് അവളോട് “വീട്ടിൽ ഇരിക്കണം” എന്ന് പറയുന്നത്.
ആ സ്ത്രീയുടെ പ്രായം, കുടുംബസ്ഥിതി, ആരോഗ്യസ്ഥിതി, വരുമാനാവശ്യകത, താമസസാഹചര്യം, അവൾ നേരിടുന്ന അക്രമം എന്നിവയെക്കുറിച്ച് ചോദിക്കാതെയാണ് അവളോട് “വീട്ടിൽ ഇരിക്കണം” എന്ന് പറയുന്നത്.

അതുപോലെ Kimberlé Crenshaw-ന്റെ intersectionality ആശയം ഈ സംഭവത്തെ കൂടുതൽ ആഴത്തിൽ വായിക്കാൻ സഹായിക്കുന്നു. ഇവിടെ ലിംഗവ്യത്യാസത്തിനൊപ്പം സ്ത്രീ എന്ന നില, ദാരിദ്ര്യം, പ്രായം, തൊഴിൽ, കുടിയേറ്റ പശ്ചാത്തലം, ഭാഷ, സാമൂഹിക Stigma എന്നിവ പരസ്പരം ചേരുന്നു. ഒരു അന്തർസംസ്ഥാന സെക്സ് വർക്കർ അനുഭവിക്കുന്ന വിവേചനം ഒരു സ്ത്രീ എന്ന നിലയിലെ വിവേചനത്തിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച് ദേശം, ഭാഷ തുടങ്ങിയവയിലുള്ള അന്തരം അത്തരത്തിൽ ഉള്ള വിവേചനത്തിനും അതിലൂടെ പ്രത്യക്ഷ ആക്രമണത്തിനും കൂടുതൽ വഴിയൊരുക്കുകയും ദുർബലരാക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിലും കണ്ടത്.

മൊബൈൽ ക്യാമറ ഈ അധികാരബന്ധത്തെ കൂടുതൽ ശക്തമാക്കുന്നു. ആരാണ് വീഡിയോ പകർത്തുന്നത്, ആരുടെ ശബ്ദമാണ് കേൾക്കുന്നത്, ആരുടെ മുഖമാണ് പൊതുവിൽ പ്രചരിക്കുന്നത്, ആരെയാണ് കുറ്റക്കാരായി അവതരിപ്പിക്കുന്നത് എന്നതെല്ലാം ഒരു പുതിയ സാമൂഹിക അധികാരമാണ്. വ്യക്തികളെ അപമാനിച്ച് ചിത്രീകരിക്കുന്നത് ചിലപ്പോൾ “നല്ല പൗരരായി” സ്വയം അവതരിപ്പിക്കാനുള്ള മാർഗമായി മാറുന്നു. എന്നാൽ ദൃശ്യമായി ഒരാളെ പുറത്താക്കുന്നത് സാമൂഹിക പ്രശ്നം പരിഹരിക്കുന്നില്ല. നല്ലത് പ്രവർത്തിക്കുക എന്ന പേരിൽ വ്യക്തി ജീവിതത്തെ ഉപജീവന മാർഗത്തെ ജീവിക്കാൻ ഉള്ള അവകലാശത്തെ ഒക്കെ ലംഘിക്കുകയാണ് ഇവിടെ പൊതുബോധത്തിനു എതിരായി പ്രവർത്തിക്കുന്നു എന്നാണ് ഇതിനെ സാധുകരിക്കാൻ പ്രധാനമായും ഈ കൂട്ടർ ഉയർത്തുന്ന വാദം ചില സമയങ്ങളിൽ സമൂഹത്തെ ഉദ്ധരിക്കാൻ എന്ന രീതിയിലും ഈ തരം പ്രവർത്തനങ്ങളെ അവർ പൊതു സമൂഹത്തിൽ നിറവേറ്റുന്നു

അതുകൊണ്ട് പരിഹാരം “ക്ലീനിങ്” ആയിരിക്കരുത്. ചൂഷണം, മനുഷ്യക്കടത്ത്, നിർബന്ധിത സെക്സ് വർക്ക്, അക്രമം എന്നിവയ്‌ക്കെതിരെ ശക്തമായ നിയമനടപടി ആവശ്യമാണ്. എന്നാൽ പ്രായപൂർത്തിയായ ഒരാളുടെ Agency ഇല്ലാതാക്കുന്നത് അതിന്റെ പരിഹാരമല്ല. സുരക്ഷിതമായ താമസം, ആരോഗ്യ സേവനങ്ങൾ, നിയമസഹായം, ബദൽ തൊഴിൽ അവസരങ്ങൾ, അക്രമത്തിൽ നിന്ന് സംരക്ഷണം എന്നിവയാണ് യഥാർത്ഥ സാമൂഹിക ഇടപെടലിന്റെ മാനദണ്ഡങ്ങൾ.

വ്യക്തികളെ അപമാനിച്ച് ചിത്രീകരിക്കുന്നത് ചിലപ്പോൾ “നല്ല പൗരരായി” സ്വയം അവതരിപ്പിക്കാനുള്ള മാർഗമായി മാറുന്നു.
വ്യക്തികളെ അപമാനിച്ച് ചിത്രീകരിക്കുന്നത് ചിലപ്പോൾ “നല്ല പൗരരായി” സ്വയം അവതരിപ്പിക്കാനുള്ള മാർഗമായി മാറുന്നു.

അതിനാൽ ഓരോ “social action”-നോടും മൂന്ന് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്, ആരുടെ ജീവിതമാണ് ഇതിലൂടെ മെച്ചപ്പെട്ടത്? ആരുടെ ശബ്ദമാണ് കേട്ടത്? ആരുടെ സാന്നിധ്യമാണ് പ്രശ്നമായി നിർവചിച്ചത്? ഒരു നഗരത്തിലെ പൊതുസ്ഥലം എല്ലാവർക്കുമുള്ളതാണെന്ന് പറയുന്നത് മാത്രം പോര. ചില മനുഷ്യരുടെ ശരീരവും തൊഴിലും ദാരിദ്ര്യവും ലിംഗവും പ്രായവും നഗരത്തിന്റെ കാഴ്ചയിൽ “അസ്വീകാര്യമായത്” ആകുന്നുവെങ്കിൽ ആ പൊതുസ്ഥലം യഥാർത്ഥത്തിൽ എല്ലാവരുടേതുമല്ല. ഒരു നഗരത്തിന്റെ ജനാധിപത്യ നിലവാരം അവിടുത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് എത്രമാത്രം മാന്യതയോടെ ജീവിക്കാനും സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയുന്നു എന്നതിലൂടെയാണ് അളക്കേണ്ടത്. അതുകൊണ്ട് “ആലുവ ക്ലീനിങ്” എന്ന പ്രയോഗം നമ്മെ അസ്വസ്ഥരാക്കേണ്ടതുണ്ട്. വൃത്തിയാക്കപ്പെടുന്നത് മാലിന്യമാണോ, അതോ നഗരത്തിൽ കാണാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുടെ സാന്നിധ്യമാണോ? ചിലർ അപ്രത്യക്ഷരാകുമ്പോൾ നഗരം യഥാർത്ഥത്തിൽ കൂടുതൽ വൃത്തിയാകുന്നില്ല. നഗരത്തെക്കുറിച്ചുള്ള നമ്മുടെ അസ്വസ്ഥത മാത്രമായിരിക്കാം അങ്ങനെ കുറയുന്നത്.

Comments