Photo: Sharada Prasad CS

നിരോധിക്ക​പ്പെട്ടിട്ടും
പ്രായോഗികമായി തുടരുന്ന തോട്ടിപ്പണി

2018- ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്, ഈ ജില്ലകളിൽ 600-ഓളം തോട്ടിക്കാരുണ്ടെന്നാണ്. മാനവ വികസന സൂചികയിൽ ഒന്നാമതാണെന്ന് വീമ്പു കൊള്ളുന്ന കേരളത്തിലും, യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആയിരക്കണക്കിന് മാനുവൽ തോട്ടിപ്പണിക്കാർ ജോയിയെപ്പോലെ സ്വജീവൻ പണയംവെച്ച് ഭരണകൂട ഒത്താശയോടെ ഈ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നുണ്ട്- ശ്രീനിജ് കെ.എസ്, മുഹമ്മദ് അജ്മൽ എം. എന്നിവർ എഴുതുന്നു.

‘‘ഞാൻ വീണ്ടും ജനിക്കില്ല, എന്നാൽ സംഭവിച്ചാൽ, തോട്ടിപ്പണിക്കാരുടെ കുടുംബത്തിൽ ജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം രാത്രി മണ്ണ് തലയിൽ ചുമക്കുന്ന മനുഷ്യത്വരഹിതവും അനാരോഗ്യകരവും വെറുപ്പുളവാക്കുന്നതുമായ ആചാരത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ’’. - മഹാത്മാഗാന്ധി.

തോട്ടിപ്പണി എന്ന മഹാമാരി അക്കാലത്തും വ്യാപകമായിരുന്നു, മഹാത്മാഗാന്ധി തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി അവരെ അതിൽ നിന്ന് രക്ഷിക്കാൻ. പലപ്പോഴും തൊട്ടുകൂടാത്തവരുടെ ശബ്ദമായി മാറി. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഒട്ടും തൃപ്തികരമല്ല. ബോധവൽക്കരണങ്ങളുണ്ടായിട്ടും ഏറിയും കുറഞ്ഞും പ്രശ്നങ്ങൾ നിലനിൽക്കുന്നു.

തോട്ടിപ്പണി അടക്കമുള്ള തൊഴിലിൽ ഏർപ്പെടുന്നവരുടെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നത്, ഈ തൊഴിലിടങ്ങളിൽ ജാതി അദൃശ്യമായി പ്രവർത്തിക്കുന്നുണ്ട് എന്നു തന്നെയാണ്. / Photo: Sharada Prasad CS
തോട്ടിപ്പണി അടക്കമുള്ള തൊഴിലിൽ ഏർപ്പെടുന്നവരുടെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നത്, ഈ തൊഴിലിടങ്ങളിൽ ജാതി അദൃശ്യമായി പ്രവർത്തിക്കുന്നുണ്ട് എന്നു തന്നെയാണ്. / Photo: Sharada Prasad CS

‘‘മനുഷ്യവിസർജനം വൃത്തിയാക്കുകയോ കൊണ്ടുപോകുകയോ, അല്ലെങ്കിൽ വൃത്തിഹീനമായ അഴുക്കുചാലിലോ കുഴിയിലോ മനുഷ്യവിസർജ്യം നീക്കം ചെയ്യുകയോ ചെയ്യുന്ന തൊഴിലാളികളെ മാനുവൽ സ്കാവഞ്ചർ അഥവാ തോട്ടിപ്പണിക്കാരൻ എന്ന് വിളിക്കാം’’. (ശങ്കറും സ്വരൂപ്- 2021).

ഇന്ത്യൻ ജനസംഖ്യയിൽ പകുതിപ്പേർ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലവിസർജനം നടത്തുന്നത്. അതുകൊണ്ട് ഇന്ത്യയിൽ വിസർജ്യങ്ങൾ സ്വകാര്യ ശൗചാലയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. പൊതു ഇടങ്ങളിലും അത് വ്യാപിച്ചു കിടക്കുന്നുണ്ട്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ തുറന്ന പ്രദേശങ്ങളിൽ ‘മലമൂത്ര വിസർജനം’ നടത്തുന്നു. പ്രതിദിനം 65,000 ടൺ മനുഷ്യവിസർജ്യം രാജ്യത്തെ തെരുവോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമായി കുമിഞ്ഞുകൂടുന്നുവെന്ന് പഠനങ്ങൾ പറയുന്നുണ്ട് (ബിജു ഗോവിന്ദ്- 2024).

ഇന്ത്യയിലെ വലിയ നഗരപ്രദേശങ്ങളിൽ ഇന്ന് ഏകദേശം 1.2 ദശലക്ഷം ആളുകൾ ഈ തൊഴിൽ മേഖലയിലേക്കെത്താൻ നിർബന്ധരാകുന്നു. (ശങ്കറും സ്വരൂപ്- 2021). കൂടാതെ ട്രെയിൻ ടോയ്ലറ്റുകലും റെയിൽവേ ട്രാക്കുകളും വൃത്തിയാക്കുന്നവർ (പാലിയത്ത്- 2019), മാലിന്യ കൂമ്പാരങ്ങളും മലമൂത്രവിസർജനം നടത്തുന്ന ഇടങ്ങളിലെ മലിനജല സംവിധാനങ്ങളും പൊതു ഇടങ്ങളിലെ ശൗചാലയങ്ങളും വൃത്തിയാക്കുന്നവർക്കും വിസർജ്യമാലിന്യം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നു.

മാലിന്യ കൂമ്പാരങ്ങളും മലമൂത്രവിസർജനം നടത്തുന്ന ഇടങ്ങളിലെ മലിനജല സംവിധാനങ്ങളും പൊതു ഇടങ്ങളിലെ ശൗചാലയങ്ങളും വൃത്തിയാക്കുന്നവർക്കും വിസർജ്യമാലിന്യം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നു.
മാലിന്യ കൂമ്പാരങ്ങളും മലമൂത്രവിസർജനം നടത്തുന്ന ഇടങ്ങളിലെ മലിനജല സംവിധാനങ്ങളും പൊതു ഇടങ്ങളിലെ ശൗചാലയങ്ങളും വൃത്തിയാക്കുന്നവർക്കും വിസർജ്യമാലിന്യം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നു.

തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി തുടരുന്നു എന്നതാണ് വസ്തുത. 2011 -ലെ സെൻസസ് പ്രകാരം ഏതാണ്ട് രണ്ടു ലക്ഷം ആളുകൾ മാനുവൽ സ്കാവഞ്ചറായി ജോലി ചെയ്യുന്നുണ്ട്. അവരിൽ ഏതാണ്ട് തൊണ്ണൂറു ശതമാനവും മാതാപിതാക്കൾക്കുശേഷം അവരുടെ സ്ഥാനത്തേക്ക് വന്നവരാണ്. അതായത് തൊഴിലിനകത്തെ ജാതിപാരമ്പര്യം അതേപടി ഇന്ത്യയിൽ മിക്കയിടങ്ങളിലും തുടരുന്നു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവരുടെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നത്, ഈ തൊഴിലിടങ്ങളിൽ ജാതി അദൃശ്യമായി പ്രവർത്തിക്കുന്നുണ്ട് എന്നു തന്നെയാണ്. (മാനുരാജ് & ശ്രീനിജ്- 2024).

നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന തോട്ടിപ്പണിക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് (രേഷ്മ ചന്ദ്രൻ- 2022). മാനുവൽ തോട്ടിപ്പണി നിരോധനത്തിനെതിരായി 1993-ലെ നിയമം നിലവിലുണ്ടായിട്ടും അത് സമൂഹത്തിൽ നിലനിന്നുപോകുന്നതിനാൽ രണ്ട് പതിറ്റാണ്ടിനുശേഷം 2013-ൽ ‘മാനുവൽ തോട്ടിപ്പണി നിരോധന നിയമവും അവരുടെ പുനരധിവാസ നിയമവും’ എന്ന പേരിൽ പാർലമെൻ്റ് മറ്റൊരു നിയമം കൊണ്ടുവന്നു. 2013-ലെ നിയമം, മാനുവൽ തോട്ടിപ്പണി നിരോധിച്ചും അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കുറച്ച് തിരുത്തലുകൾ ഉൾപ്പെടുത്തിയും പുറപ്പെടുവിച്ചതാണ്. ഈ നിയമാനുസരണം 'മാനുവൽ സ്കാവഞ്ചർ' എന്നാൽ ഒരു വ്യക്തി, പ്രാദേശിക അതോറിറ്റി, ഏജൻസി അല്ലെങ്കിൽ ഒരു കരാറുകാരൻ വൃത്തിഹീനമായ ശൗചാലയത്തിലോ തുറന്ന അഴുക്കുചാലിലോ കുഴിയിലോ, റെയിൽവേ ട്രാക്ക് പോലുള്ള സ്ഥലങ്ങളിലോ മനുഷ്യ വിസർജ്യമോ വൃത്തിഹീനമായ മറ്റു മാലിന്യമോ നീക്കം ചെയ്യുന്നതാണ് (ഇന്ത്യ ഗവൺമെൻ്റ്, 2013).

തോട്ടിപ്പണി ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും സെപ്റ്റിക്ക് ടാങ്കും മറ്റും വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്‌. ഇന്ത്യയിൽ 2018- ൽ മാത്രം 68 പേരാണ് മരിച്ചതെങ്കിൽ 2019- ൽ 110 പേർ മരിച്ചു.

മുൻകാലങ്ങളിൽ 'തോട്ടിപ്പണിക്കാർ' എന്നു വിളിച്ചിരുന്നു ഈ കൂട്ടരെ ഈ തൊഴിലിൽ തന്നെ നിലനിർത്താൻ ഇന്ത്യൻ സമൂഹത്തിൽ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നത് മനുസ്മൃതിയിൽ അധിഷ്ഠിതമായ ജാതിവ്യവസ്ഥയുടെ ഭാഗമായ ജാതിശ്രേണി തന്നെയാണ്. ജാതി പ്രകാരം ജനിച്ചപ്പോൾ തന്നെ അവരുടെ തൊഴിൽ തീരുമാനിക്കപ്പെടുകയാണ്. പാരമ്പര്യമായി ലഭിച്ച തൊഴിൽ എന്ന കാരണം പറഞ്ഞാണ് ബഹുഭൂരിപക്ഷവും ഈ തൊഴിലിൽ ഏർപ്പെടേണ്ടിവരുന്നത്. ദരിദ്രരും ഭൂരഹിതരും ദലിതരുമായ, തൊട്ടുകൂടാത്തവർ എന്നറിയപ്പെടുന്ന ജാതികളിൽ നിന്നുള്ളവരാണിവർ. ഉപജീവനത്തിന് തോട്ടിപ്പണി ചെയ്യണമെന്ന വ്യവസ്ഥ സാമൂഹികഘടന പ്രകാരം ജാതിയിൽ നിന്നാണ് പ്രായോഗികമായി വിവർത്തനം ചെയ്യപ്പെടുന്നത്. ജാതി പോലെ ഇന്ത്യൻ വ്യവസ്ഥയിൽ ഇഴചേർന്നുകിടക്കുന്ന ഒന്നാണ് പുരുഷാധിപത്യം എന്നതുകൊണ്ട് തോട്ടിപ്പണിയുടെ ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഇന്ത്യയിലുള്ളതിൽ വെച്ച് പകുതിയിലേറെ തോട്ടിപ്പണിക്കാരും ഉത്തർപ്രദേശിലാണ്. അവിടത്തെ തോട്ടിപ്പണിക്കാരായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. സുരക്ഷാപ്രശ്നങ്ങൾ കാരണം സ്വച്ഛ് ഭാരത് മിഷൻ ശൗചാലയങ്ങൾ പോലും അവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ അതെല്ലാം വൃത്തിയാക്കാൻ അവർ വേണം. തോട്ടിപ്പണി ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും സെപ്റ്റിക്ക് ടാങ്കും മറ്റും വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്‌. ഇന്ത്യയിൽ 2018- ൽ മാത്രം 68 പേരാണ് മരിച്ചതെങ്കിൽ 2019- ൽ 110 പേർ മരിച്ചു.

നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന തോട്ടിപ്പണിക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന തോട്ടിപ്പണിക്കാരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

കേരളത്തിലെ മാനുവൽ തോട്ടിപണിക്കാരെ പറ്റി, അതായത് ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി തകഴി 1947 രചിച്ച പ്രസിദ്ധമായ തോട്ടിയുടെ മകൻ എന്ന നോവലിലൂടെ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെയുള്ള ചുരുൾ നിവരുന്നുണ്ട്.
മരണാസന്നസമയത്ത് ഇശുക്കു മുത്തു തന്റെ പരമ്പരാഗത തൊഴിലുപകരണങ്ങളായ പാട്ടയും മമ്മട്ടിയും മകനായ ചുടലമുത്തുവിനെ ഏൽപ്പിക്കുന്നു. എന്നാൽ തന്നത്താൻ വന്നുചേരുന്ന തന്റെ പാരമ്പര്യ തൊഴിലിൽനിന്ന് അതിജീവനത്തിനു ശ്രമിക്കുന്ന ചുടലമുത്തു അവസാനം പരാജയപ്പെട്ട് ഒരു തോട്ടിയായി തന്നെ മാറുന്നു. കേരളത്തിന്റെ ജാതീയശരീരം ഇത്രത്തോളം അടുത്തറിഞ്ഞ ഒരു പുസ്തകം വേറെയുണ്ടാകില്ല.

മാനവ വികസന സൂചികയിൽ ഒന്നാമതാണെന്ന് വീമ്പു കൊള്ളുന്ന കേരളത്തിലും, യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആയിരക്കണക്കിന് മാനുവൽ തോട്ടിപ്പണിക്കാർ ജോയിയെപ്പോലെ സ്വജീവൻ പണയംവെച്ച് ഭരണകൂട ഒത്താശയോടെ ഈ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നുണ്ട്.

2024 -ലും കേരളത്തിൽ മാനുവൽ തോട്ടിപ്പണിക്കാരുണ്ടോ എന്ന സംശയം എന്തായാലും ആർക്കും ഉണ്ടാക്കാൻ സാധ്യതയില്ല. തിരുവനന്തപുരം നഗരത്തിലൂടെ ഒഴുക്കുന്ന ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം ശുചീകരണത്തിനിടെ മരിച്ച ജോയി ദാരിദ്രനും മാനുവൽ തോട്ടിപ്പണിക്കാരനായിരുന്നുവല്ലോ.
ഇതുകൂടാതെ 2018- ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്, ഈ ജില്ലകളിൽ 600-ഓളം തോട്ടിക്കാരുണ്ടെന്നാണ്. കൊല്ലം- 274, എറണാകുളം -155, ആലപ്പുഴ -96, പാലക്കാട് -75; ഇതാണ് ഈ ജില്ലകളുടെ സ്ഥിതി. ഇങ്ങനെയാണെങ്കിൽ കേരളത്തിൽ മറ്റ് ജില്ലകളെ കൂടി എടുക്കുമ്പോൾ ഈ കണക്ക് വർധിക്കും (രേഷ്മ ചന്ദൻ- 2022 ).
മാനവ വികസന സൂചികയിൽ ഒന്നാമതാണെന്ന് വീമ്പു കൊള്ളുന്ന കേരളത്തിലും, യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആയിരക്കണക്കിന് മാനുവൽ തോട്ടിപ്പണിക്കാർ ജോയിയെപ്പോലെ സ്വജീവൻ പണയംവെച്ച് ഭരണകൂട ഒത്താശയോടെ ഈ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നുണ്ട്.

ലോകത്ത് പല വികസിത രാജ്യങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും വിസർജ്യങ്ങളും നീക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മാതൃകകൾ ധാരാളമുണ്ട്. തിരുവനന്തപുരത്ത് തന്നെ വികസിപ്പിച്ച ബന്ദികൂട്ട് (bandicoot) എന്ന റോബോട്ട് മാൻഹോളുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം തന്നെ ‘മാൻഹോൾ’ എന്ന വാക്ക് മാറ്റി ‘റോബോ ഹോൾ’ എന്നാക്കലാണ്. അതിലൂടെ ഒരുപാട് തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുക. ഇന്ന് കേരളത്തിലും പുറത്തുമായി ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗിച്ചുവരുന്നു. മൂന്നു പേർ ചേർന്ന് മൂന്നു മണിക്കൂർ കൊണ്ട് ഒരു മാൻഹോൾ വൃത്തിയാക്കുമെങ്കിൽ ബന്ദി കൂട്ട് 30 മിനിറ്റിനുള്ളിൽ അത് പൂർത്തിയാക്കുന്നു എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. പരസ്പരം പഴിപറഞ്ഞ് ഭരണകൂടസ്ഥാപനങ്ങൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാതെ നിലവിലുള്ള ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം.
മനുഷ്യാധ്വാനം വളരെ കുറഞ്ഞ ഇത്തരം മാലിന്യനിർമാർജന സംസ്കരണം നമ്മുടെ നാട്ടിലും നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇനിയും ഒരു മനുഷ്യജീവൻ ഇത്തരം അഴുക്കു ചാലുകളിൽ പൊഴിയാതിരിക്കട്ടെ.

Reference:
-Ambedkar, B. R. (1979). Annihilation of caste. In V. Moon (Ed.), Dr. Babasaheb Ambedkar:writings and speeches, vol. 1. Mumbai: Government of Maharashtra Press.
-Shankar, S., & Swaroop, K. (2021). Manual Scavenging in India. CASTE: A Global Journal on Social Exclusion, 2(1), 67-76.
-Pandey, Y. (2022). Manual Scavenging in India: Denial of Human Rights. Issue 5 Indian JL & Legal Rsch., 4, 1.
-Shukla, R. S. (2009). Manual Scavenging: The Story of Untouchables Among Untouchables. Available at SSRN 1501265.
-Raj, N., Tiwari, M., & Isser, S. S. (2024). From Shadows to Spotlight: Unveiling the Saga of Manual Scavenging in India. Rupkatha Journal, 16(2), 2.
-Bose, R. (2019). For women safai karamcharis,‘liberation’is manual scavenging with a makeover. News18. com.
-The Hindu online news April 29,2024.
-https://luca.co.in/world-toilet-day/
-https://truecopythink.media/society/the-death-of-sanitation-worker-joy-in-amayizhanjan-canal-biju-govind-writes?fbclid=IwZXh0bgNhZW0CMTEAAR0kIwynl9N6L1C8HxNF-MdLfaf40yZrw1P6wBPZjB_QkpYQd6wJ1j6PUnw_aem_y9L0VDxjOLKuVpvuIUzfTQ.
-https://www.madhyamam.com/opinion/open-forum/when-garbage-disposals-take-life-1310035.

Comments