പ്രതിമാസം 33, 333 രൂപ വരുമാനമുള്ള, പഞ്ചായത്തിൽ രണ്ടര കോടിയുടെ സ്വത്തുള്ള പാവം മുന്നാക്ക പിന്നാക്കക്കാരൻ

നിലവിൽതന്നെ ജനസംഖ്യാനുപാതത്തേക്കാൾ അധിക പ്രാതിനിധ്യമുള്ള മുന്നാക്ക സമുദായങ്ങൾക്ക് തന്നെയാണ് 10% കൂടി തസ്തിക സംവരണം ചെയ്തിട്ടുള്ളത്. പ്രാതിനിധ്യക്കൂടുതലുള്ള മുന്നാക്ക സമുദായങ്ങൾക്ക് സംവരണത്തിലൂടെ കൂടുതൽ തസ്തിക സൃഷ്ടിക്കുന്ന നടപടി പോലെ തന്നെ അസംബന്ധമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ 'കാഞ്ഞബുദ്ധി'യിലുദിച്ച സാമ്പത്തിക സംവരണം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ നൂറാം വാർഷികാഘോഷ വേളയിൽ 'ജാതി'സംവരണമായിതന്നെ നടപ്പിലാക്കേണ്ട ഗതികേടിലെത്തിനിൽക്കുകയാണ്.

പി.എസ്.സി നിയമനങ്ങളിൽ മുന്നാക്ക സംവരണം 2020 ഒക്ടോബർ 23 വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സംസ്ഥാനത്തെ 511, 484 (2017 ലെ കണക്ക്) ഉദ്യോഗങ്ങളിൽ രണ്ട് ലക്ഷം പേരെ മാത്രമാണ് നിലവിൽ പബ്ലിക് സർവ്വീസ് കമീഷൻ വഴി നിയമിക്കുന്നത്. ബാക്കി മൂന്നുലക്ഷത്തിലധികം നിയമനങ്ങളും രാഷ്ട്രീയപാർട്ടികളിലെ മുന്നാക്കക്കാർക്കും മുന്നാക്കക്കാരടക്കമുള്ള എയ്ഡഡ് മാനേജ്‌മെന്റുകൾക്കും സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

സംസ്ഥാനത്തെ എല്ലാ സമുദായങ്ങൾക്കും നിയമനാവകാശമുള്ള പബ്ലിക് സർവ്വീസ് കമ്മീഷനിൽക്കൂടി 10% മുന്നാക്ക സംവരണം നടപ്പിലാക്കിയതിലൂടെ പ്രാതിനിധ്യത്തിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽതന്നെ ജനസംഖ്യാനുപാതത്തേക്കാൾ (+ 40; കേരള പഠനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006) അധിക പ്രാതിനിധ്യമുള്ള മുന്നാക്ക സമുദായങ്ങൾക്ക് തന്നെയാണ് 10% കൂടി തസ്തികകൾ സംവരണം ചെയ്തിട്ടുള്ളത്. പ്രാതിനിധ്യക്കൂടുതലുള്ള മുന്നാക്ക സമുദായങ്ങൾക്ക് സംവരണത്തിലൂടെ കൂടുതൽ തസ്തിക സൃഷ്ടിക്കുന്ന നടപടി പോലെ തന്നെ അസംബന്ധമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും.

പിണറായി വിജയൻ

പഞ്ചായത്തിൽ രണ്ടര ഏക്കറും കോർപ്പറേഷൻ പരിധിയിൽ 50 സെന്റും ഭൂമിയുള്ള മുന്നാക്ക സമുദായക്കാർ സംവരണത്തിന് അർഹരാണ്. സെന്റിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചാൽ തന്നെ പഞ്ചായത്ത് പരിധിയിൽ രണ്ടര കോടി രൂപയുടെ സ്വത്തുള്ളയാളാണ് മുന്നാക്കത്തിലെ പിന്നോക്കക്കാരൻ എന്നർത്ഥം. അതുപോലെ 4 ലക്ഷം രൂപ വാർഷിക വരുമാനമുള്ള മുന്നാക്കക്കാരനും സംവരണത്തിനർഹനാണ്. എന്നുവച്ചാൽ പ്രതിമാസം 33, 333 രൂപ വരുമാനമുള്ള മുന്നാക്ക സമുദായാംഗം സംവരണത്തിന് അർഹനാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ഒരു ഹൈസ്‌കൂൾ അധ്യാപകന്റെ ശമ്പളത്തിന് തുല്യമായ വരുമാനമുള്ള മുന്നാക്കക്കാരൻ ദരിദ്രനും സംവരണത്തിന് അർഹനുമാണ് എന്നാണ് സർക്കാർ നിഗമനം.

1958-ലെ ഭരണ പരിഷ്‌കാര കമ്മീഷനിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് പ്രസ്താവിച്ചത്, ‘ജാതി' അടിസ്ഥാനമാക്കിയുള്ള സംവരണം ജാതിചിന്ത ശാശ്വതീകരിക്കുമെന്നും അതുകൊണ്ട് സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടത് എന്നുമായിരുന്നു. ജാതിയും ജാതിചിന്തയും ഇല്ലായ്മ ചെയ്യാൻ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ‘കാഞ്ഞബുദ്ധി'യിലുദിച്ച സാമ്പത്തിക സംവരണം പക്ഷെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ നൂറാം വാർഷികാഘോഷ വേളയിൽ ‘ജാതി' സംവരണമായിതന്നെ നടപ്പിലാക്കേണ്ട ഗതികേടിലെത്തിനിൽക്കുകയാണ്.

1957ലെ സർക്കാറിന്റെ തുടർച്ചയാണ് ഈ സർക്കാറെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ ഒരു പടി കൂടി കടന്ന് മുന്നാക്ക സംവരണത്തിന് 4 ലക്ഷം രൂപയുടെയും രണ്ടരയേക്കർ ഭൂമിയുടെയും പരിധി നിശ്ചയിച്ച് മുന്നാക്ക ജാതിക്കാരുടെ ദാരിദ്ര്യത്തിന് ഒരാഢ്യപദവി കൂടി കൽപ്പിച്ചരുളിയിരിക്കുന്നു.

29 വർഷം മുൻപ് 1891 ൽ കേരള ചരിത്രത്തിലാദ്യമായി മലയാളി മെമ്മോറിയലിലൂടെ സംവരണ പ്രക്ഷോഭം നയിക്കുകയും സംവരണം നേടിയെടുക്കുകയും, സമ്പത്തും വിദ്യാഭ്യാസ- വ്യവസായ സ്ഥാപനങ്ങളും നേടിയെടുക്കുകയും സർക്കാറിനെപ്പോലും നിയന്ത്രിക്കാൻ ശേഷി കൈവരിക്കുകയും ചെയ്ത മുന്നാക്ക ജാതിക്കാരുടെ ദാരിദ്യം അട്ടപ്പാടിയിൽ പട്ടിണിയിൽ മരിക്കുന്ന കുഞ്ഞുങ്ങളുള്ള ആദിവാസികളുടെ ദാരിദ്ര്യവുമായി താരതമ്യം ചെയ്യുന്നതിലെ ‘മ്ലേച്ചത്വം' ഒന്നുകൊണ്ടുമാത്രമാകാം മുന്നാക്കക്കാരുടെ ദാരിദ്ര്യത്തിന് നാല് ലക്ഷത്തിന്റെയും രണ്ടരയേക്കർ ഭൂമിയുടേയും പരിധി നിശ്ചയിച്ചിട്ടുണ്ടാവുക. അതല്ലാതെ മുന്നാക്കക്കാരുടെ പ്രാതിനിധ്യ നഷ്ടത്തിന്റെ രേഖകളൊന്നും സർക്കാറിന്റെ കൈവശമുണ്ടാകാൻ തരമില്ല.

ഇ.എം.എസ് നമ്പൂതിരിപ്പാട്

എയ്ഡഡ് മേഖലയിൽ തന്നെ പട്ടികജാതി-വർഗ സംവരണം നടപ്പിലാക്കാത്തതുമൂലം 20,000 അധ്യാപക പോസ്റ്റുകൾ നഷ്ടപ്പെട്ടതോ ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാത്തതോ ദളിത് ജനസംഖ്യയുടെ 50 ശതമാനത്തോളം വീടോ ഭൂമിയോ ഇല്ലാതെ ജീവിക്കുന്നതോ ആയ വസ്തുതകളൊന്നും സർക്കാറിന്റെ പരിഗണനാ വിഷയമല്ല. അത്തരം വസ്തുതകൾ നിരത്തി സർക്കാറിനെ സംഘർഷത്തിലാക്കാമെന്നതും മിഥ്യാധാരണയാണ്. മുന്നാക്ക പ്രീണനത്തിലൂടെ വോട്ടുബാങ്ക് മാത്രമാണ് ഇടതുസർക്കാറിന്റെ ലക്ഷ്യം.

ലോകം കോവിഡിന്റെ പിടിയിലമർന്നപ്പോൾ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നതിനെ അയിത്താചരണവുമായി ബന്ധപ്പെടുത്തി മേനി നടിക്കുന്ന സവർണ വിഭാഗങ്ങൾക്ക് ഭരണഘടന അട്ടിമറിച്ച് നൽകുന്ന അധിക പ്രാതിനിധ്യം സർക്കാർ സംവിധാനങ്ങളെ ബ്രാഹ്മണവത്കരിക്കുന്ന പദ്ധതിയാണ്.

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭാഷ കടമെടുത്താൽ ജാതിചിന്ത ശാശ്വതീകരിക്കുക മാത്രമല്ല മുന്നാക്ക ജാതികളും പിന്നാക്ക ജാതികളും തമ്മിലുള്ള ജാതീയ ഉച്ചനീചത്വങ്ങളെ നിയമവത്കരിക്കുക കൂടിയാണ്. ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കിയ ഇടതുപാർട്ടികളുടെയും ബി.ജെ.പിയുടെയും നയങ്ങളെ ഒരേപോലെ ചെറുത്തുകൊണ്ടേ സംവരണീയരുടെ പ്രതിരോധം സാധ്യമാകൂ.

Comments