ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് നൂറ് ദിനം പിന്നിട്ടിരിക്കുന്നു. ജൂൺ രണ്ടിന് തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം ചെയ്യുമ്പോൾ കേരള പൊലീസ് മുന്നോട്ടുവെച്ചത് ഒരു സാധാരണ ലഹരിവിരുദ്ധ പരിശോധനയുടെ പ്രഖ്യാപനമായിരുന്നില്ല. ലഹരിമാഫിയയുടെ വേരറുക്കുക, സിന്തറ്റിക് ഡ്രഗുകളുടെ അതിവേഗ വ്യാപനം തടയുക, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിതരണ ശൃംഖലകളെ കണ്ടെത്തുക, ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുക, സ്കൂൾ-കോളജ് തലത്തിൽ പ്രതിരോധ സംവിധാനം ശക്തമാക്കുക തുടങ്ങി പല തലങ്ങളിലായി പ്രവർത്തിക്കുന്ന ഒരു സംസ്ഥാനവ്യാപക സംവിധാനമായാണ് പൊലീസ് തൂഫാനെ അവതരിപ്പിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കേരള പൊലീസ് വ്യക്തമാക്കിയിരുന്നു.
നൂറാം ദിവസത്തിലേക്ക് എത്തുമ്പോൾ ആ ദൗത്യത്തിന്റെ വ്യാപ്തി കണക്കുകളിൽ വ്യക്തമാണ്. സെപ്റ്റംബർ 8 വരെയുള്ള കണക്കനുസരിച്ച് 10,256 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11,085 പേർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം 58 കേസുകളിലായി 64 പേർ കൂടി അറസ്റ്റിലായിരുന്നു. കോപ്ട പ്രകാരം 5692 കേസുകളാണ് ഉള്ളത്. ഇതുവരെ 23,527.153 ഗ്രാം എംഡിഎംഎയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 4740.839 ഗ്രാം ഹാഷിഷ് ഓയില്‍, 529.047 ഗ്രാം ഹെറോയിന്‍, 99.104 ഗ്രാം ബ്രൗൺഷുഗർ, 68 ഗ്രാം നൈട്രാസെപാം എന്നിവ പിടിച്ചെടുത്തതായാണ് പൊലീസ് കണക്ക്. ഇതോടൊപ്പം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 27 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസുകളുടെ എണ്ണം 9595, കൗൺസിലിങ്ങുകളുടെ എണ്ണം 653 എന്നിങ്ങനെയാണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6,729 ബോധവത്ക്കരണ പരിപാടികളും നടത്തി.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ കുറഞ്ഞ അളവിൽ കൈവശം വെച്ചതിന് 14 കേസുകളും ഇടത്തരം അളവിലുള്ളവയും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിനും ഒരു കേസും 27 എൻഡിപിഎസ് ആക്ട് പ്രകാരം 42 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 55.200 ഗ്രാം എംഡിഎംഎയും 5.060 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ഈ കണക്കുകൾ തൂഫാന്റെ വലിപ്പം കാണിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ ലഹരി വിപണിയുടെ വലിപ്പം അളക്കാനുള്ള അവസാന കണക്കായി അവയെ കാണാനാകില്ല. കാരണം പൊലീസ് പിടികൂടിയ ലഹരിയാണ് ഈ കണക്കിലുള്ളത്. വിപണിയിൽ എത്തിയിട്ടുള്ളതോ എത്തിക്കൊണ്ടിരിക്കുന്നതോ ആയ ലഹരിയുടെ അളവ് അതിനേക്കാൾ എത്രയോ വലുതായിരിക്കാം. മറുവശത്ത്, പതിനായിരത്തിലധികം കേസുകളും അറസ്റ്റുകളും ഉണ്ടായത് സംസ്ഥാനത്ത് ലഹരി വിതരണം എത്രമാത്രം വ്യാപകമാണെന്നതിന്റെ മറ്റൊരു സൂചന കൂടിയാണ്.
തൂഫാന്റെ ആദ്യദിവസം തന്നെ 104 കേസുകളും 137 അറസ്റ്റുകളും രേഖപ്പെടുത്തിയിരുന്നു. 37 കിലോഗ്രാം കഞ്ചാവും അരക്കിലോയോളം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്റലിജൻസ് വിഭാഗത്തിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട പരിശോധനകൾ. ലഹരി മാഫിയയുടെ ഉറവിടത്തിലേക്കെത്തുകയാണ് പ്രധാന വെല്ലുവിളിയെന്ന് സംസ്ഥാന പൊലീസ് മേധാവി അന്ന് വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവരെയും ചെറുകിട വിൽപ്പനക്കാരെയും കണ്ടെത്തുന്നതിൽനിന്ന് വലിയ വിതരണ ശൃംഖലകളിലേക്കും അവയുടെ സാമ്പത്തിക ഉറവിടങ്ങളിലേക്കും അന്വേഷണം എത്തുന്നുണ്ടോ എന്നതും പ്രധാനമാണ്.
2025 മുതൽ 2026 വരെയുള്ള കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ വർഷത്തിനേക്കാൾ ഈ വർഷത്തിൽ ലഹരിവസ്തു പിടിച്ചെടുത്ത കണക്കിൽ നേരിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2025ൽ ആകെ 9208 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2026 ആയപ്പോൾ അത് 9896 ആയി ഉയർന്നിട്ടുണ്ട്. അറസ്റ്റിലായവരുടെ എണ്ണത്തിലും അത്തരത്തിൽ തന്നെയാണ്. 9947 പേരാണ് മുൻ വർഷത്തിലേതെങ്കിൽ ഈ വർഷം അത് 10,680 ആയി. കഴിഞ്ഞ വർഷം 1058.66 കി.ഗ്രാം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തിരുന്നത്. 2026 ൽ അത് 1168.38 കി.ഗ്രാം ആയി. കഞ്ചാവ്, ഹെറോയിൻ, എംഡിഎംഎ, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഒരു ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വയ്ക്കുന്നയാൾക്ക് പിന്നിലും വിതരണ ശൃംഖലയുണ്ടാകാം. എന്നാൽ നിയമനടപടിയുടെ ഭാരം ഏറ്റവും താഴത്തെ തലത്തിലുള്ള ഉപയോക്താക്കളിലും ചെറുകിട വിതരണക്കാരിലും മാത്രം വരുകയാണെങ്കില്‍, ലഹരിയുടെ യഥാർത്ഥ സാമ്പത്തിക ശൃംഖലയിലേക്ക് അന്വേഷണം എത്താതെ പോകാനുള്ള സാധ്യതയുണ്ട്. തൂഫാന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ പ്രധാനപ്പെട്ടതും ഇതായിരുന്നു. ജൂലൈ 18ന് 44 ദിവസം പൂർത്തിയായപ്പോൾ ഏകദേശം 7,000 പേരെ അറസ്റ്റ് ചെയ്തതായും 6,500 കേസുകൾ രജിസ്റ്റർ ചെയ്തതായും 70 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സംസ്ഥാനത്ത് സ്ഥിരമായ ലഹരിവിരുദ്ധ സംവിധാനം രൂപീകരിക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ ആദ്യവാരത്തിലെ കണക്കിൽ 23 കിലോഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. ഒരു ടണ്ണിലധികം കഞ്ചാവും പിടിച്ചെടുത്തു. ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത കഞ്ചാവ് വിപണിയിൽനിന്ന് വ്യത്യസ്തമായി സിന്തറ്റിക് ഡ്രഗുകൾ ചെറിയ അളവിൽ തന്നെ ഉയർന്ന സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയുടെ കടത്ത്, സംഭരണം, വിതരണം എന്നിവയ്ക്ക് കൂടുതൽ സംഘടിതമായ ശൃംഖലകൾ ഉണ്ടാവുന്നു.

കേരളത്തിലേക്ക് ലഹരി എത്തുന്ന വഴികളും പ്രധാനമാണ്. ആന്ധ്ര-ഒഡിഷ അതിർത്തി പ്രദേശങ്ങളും ബെംഗളൂരുവും പ്രധാന ഉൽപാദന-വിതരണ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവിടങ്ങളിൽനിന്നുള്ള ശൃംഖലകൾ തടയുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി വിവരങ്ങൾ പങ്കുവയ്ക്കാനും സംയുക്ത പ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ തൂഫാൻ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധി കടന്ന് അന്തർസംസ്ഥാന അന്വേഷണമായി മാറുന്നു. കേരളത്തിലെ നഗരത്തിൽ പിടിയിലാകുന്ന ഒരു ചെറുകിട വിതരണക്കാരനിൽനിന്ന് അന്വേഷണം മറ്റൊരു സംസ്ഥാനത്തെ വിതരണക്കാരനിലേക്കും അവിടെനിന്ന് ഉൽപാദന കേന്ദ്രത്തിലേക്കും പോകേണ്ടിവരും. അതിനൊപ്പം പണമിടപാടും പരിശോധിക്കേണ്ടിവരും. ലഹരിവ്യാപാരത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാതെ വിതരണശൃംഖല പൂർണമായി തകർക്കുക എളുപ്പമല്ല. തൂഫാന്റെ ആദ്യഘട്ടത്തിൽ തന്നെ പൊതുജനങ്ങളിൽനിന്നുള്ള വിവരശേഖരണത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു.
ഈ ജനപങ്കാളിത്തം തൂഫാന്റെ മറ്റൊരു പ്രത്യേകതയായി മാറി. പെരുമ്പാവൂരിലെ പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു സോഷ്യൽ മീഡിയ വീഡിയോ വൈറലായ സംഭവം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. സ്കൂൾ-കോളജ് തലത്തിലുള്ള ഇടപെടലുകളും ആദ്യഘട്ടം മുതൽ പദ്ധതിയുടെ ഭാഗമായിരുന്നു. കോഴിക്കോട് മാത്രം 175 വിദ്യാലയങ്ങളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ തൂഫാൻ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികളെ നേരിട്ട് ബോധവത്കരണത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടന്നു.
ജൂൺ 10ന് തന്നെ വിദ്യാർത്ഥികളിൽ ‘തൂഫാൻ വാരിയേഴ്സ്’ രൂപീകരിക്കണമെന്ന ആശയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പങ്കാളിത്തത്തോടെ സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികളിൽ എത്രത്തോളം പെരുമാറ്റപരമായ മാറ്റമുണ്ടായി, ലഹരി ഉപയോഗിക്കുന്നവരെ നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ശക്തമായോ, ചികിത്സയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചോ എന്നതാണ് അടുത്ത ഘട്ടത്തിൽ പരിശോധിക്കേണ്ടത്.
ലഹരി ഉപയോഗിക്കുന്ന ഒരാളെ പിടികൂടുക എന്നത് നിയമനടപടിയുടെ ഭാഗമാണ്. എന്നാൽ അയാൾ വീണ്ടും ലഹരിയിലേക്ക് പോകാതിരിക്കാനുള്ള ചികിത്സയും പുനരധിവാസവും ഉറപ്പാക്കുക എന്നത് മറ്റൊരു സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. വിതരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി ആവശ്യമാണ്. അതേസമയം ആശ്രിതരായ ഉപയോക്താക്കൾക്ക് ആരോഗ്യപരമായ ഇടപെടലും ആവശ്യമാണ്.

നിലവിൽ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. ആദ്യഘട്ടത്തിലെ പൊലീസ്-സ്കൂൾ-കോളജ് കേന്ദ്രീകൃത പ്രവർത്തനത്തിൽനിന്ന് തദ്ദേശതലത്തിലുള്ള സാമൂഹിക ഇടപെടലിലേക്ക് മാറുകയാണ് ‘തൂഫാൻ 2.0’-യുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിതകർമസേന, പ്രാദേശിക ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ, അയൽക്കൂട്ടങ്ങൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. 1,034 വാർഡുകളിൽ പത്ത് അംഗങ്ങളടങ്ങുന്ന സമിതികൾ രൂപീകരിക്കുമെന്നും തൂഫാൻ ഗ്രാമസഭകൾ സംഘടിപ്പിക്കുമെന്നും ബീറ്റ് പൊലീസിന്റെ സാന്നിധ്യം ശക്തമാക്കുമെന്നും പ്രഖ്യാപനമുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക സംവിധാനവും രണ്ടാം ഘട്ടത്തിന്റെ ഭാഗമാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഇത് തൂഫാന്റെ സ്വഭാവത്തിലെ നിർണായക മാറ്റമാണ്. ആദ്യഘട്ടത്തിൽ പൊലീസ് ലഹരി വിപണിയെ തേടി വീടുകളിലും സ്ഥാപനങ്ങളിലും റോഡുകളിലും പരിശോധന നടത്തി. രണ്ടാംഘട്ടത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താൻ സമൂഹത്തെ തന്നെ ഒരു നിരീക്ഷണ സംവിധാനമാക്കാനാണ് ശ്രമം. ആദ്യഘട്ടത്തിന്റെ കണക്കെടുപ്പിനുള്ള ഒരു ഇടവേള മാത്രമാണ് ഇത്.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

