ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് കുറ്റകൃത്യങ്ങളുടെ വർധനവും ലഹരിവസ്തുക്കളുടെ വ്യാപനവും. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വ്യാപകമാകുകയാണ്. മാനവവികസന സൂചികയിൽ മുൻപന്തിയിലുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ഈ പ്രവണത സൃഷ്ടിക്കുന്ന ആഘാതം അങ്ങേയറ്റം ആശങ്കാജനകമാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളും കേരള പൊലീസിന്റെ ഔദ്യോഗിക കേസ് ഡയറികളും പരിശോധിക്കുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവവും സിന്തറ്റിക് രാസലഹരികളുടെ ഭയപ്പെടുത്തുന്ന വ്യാപനവും വ്യക്തമാകും. നിയമസംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകൾ ഒരു വശത്ത് നടക്കുമ്പോഴും, ലഹരി മാഫിയ സംഘടിതമായിതന്നെ കവർന്നെടുക്കുന്നത് യുവത്വത്തെയാണ്.
കേവലം വ്യക്തിഗതമായ ഒരു ആരോഗ്യപ്രശ്നം എന്നതിനപ്പുറം, കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും ക്രൂരമായ അക്രമങ്ങളിലേക്കും വഴിമാറുന്ന വലിയ സാമൂഹിക വിപത്തായി ലഹരി ഉപയോഗം ഇന്ന് മാറിയിരിക്കുന്നു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം ലക്ഷക്കണക്കിന് കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. 2024-ൽ രാജ്യത്താകെ 58,85,867 ഗുരുതര കുറ്റകൃത്യങ്ങൾ (പൊലീസിന് നേരിട്ട് നടപടിയെടുക്കാവുന്ന കുറ്റകൃത്യങ്ങൾ- Cognizable Crimes) രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ 35,44,608 ഭാരതീയ ന്യായ സംഹിത (BNS) കുറ്റകൃത്യങ്ങളും, 23,41,259 പ്രത്യേക പ്രാദേശിക നിയമങ്ങൾ (SLL) പ്രകാരമുള്ള കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ രജിസ്ട്രേഷനിൽ 6.0% കേസുകളുടെ കുറവുണ്ട്. ഒരു ലക്ഷം ജനസംഖ്യയിൽ രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് 2023-ലെ 448.3-ൽ നിന്നും 2024-ൽ 418.9 ആയി കുറഞ്ഞു.
2024-ൽ IPC, BNS കേസുകളിലും SLL കേസുകളിലും 2023-നെ അപേക്ഷിച്ച് യഥാക്രമം 5.8%, 5.5% എന്നിങ്ങനെ കുറവുണ്ടായി. മൊത്തം കുറ്റകൃത്യങ്ങളിൽ IPC, BNS കേസുകളുടെ പങ്ക് 60.2 ശതമാനവും, SLL കേസുകളുടെ പങ്ക് 39.8 ശതമാനവുമായിരുന്നു.ശാരീരിക ഉപദ്രവം ഏൽപ്പിക്കൽ വിഭാഗത്തിൽ പെടുന്ന കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് .2023-ൽ 6,36,767 കേസുകൾ ആയിരുന്നത് 2024-ൽ 4,41,996 ആയി കുറഞ്ഞു.
എന്നാൽ, ഈ കുറവ് യഥാർത്ഥത്തിൽ അക്രമങ്ങൾ കുറഞ്ഞതുകൊണ്ടല്ല, മറിച്ച് നിയമത്തിലെ സാങ്കേതിക മാറ്റങ്ങൾ കൊണ്ടാണ് എന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഉദാഹരണത്തിന്, സാധാരണ ഗതിയിലുണ്ടാകുന്ന നിസ്സാരമായ അടിപിടികളും പരിക്കേൽപ്പിക്കലുകളും പുതിയ BNS നിയമപ്രകാരം പൊലീസ് നേരിട്ട് കേസെടുക്കാത്ത 'നോൺ-കോഗ്നിസബിൾ' വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് ഇത്തരം കേസുകളിൽ വലിയ കുറവുണ്ടായത്. അതേസമയം, അന്യായമായി തടഞ്ഞുെവെയ്ക്കൽ കേസുകളും, സംസ്ഥാനങ്ങളിലെ മദ്യ, ലഹരി നിരോധന നിയമപ്രകാരമുള്ള കേസുകളും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം കേവലം ഒരു വ്യക്തിഗത ആരോഗ്യപ്രശ്നമല്ല, മറിച്ച് അത് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ പ്രധാന ചാലകശക്തിയാണ്.
2024-ൽ ആകെ 51,24,205 IPC, BNS കേസുകൾ അന്വേഷണത്തിലുണ്ടായിരുന്നു. ഇതിൽ 35,21,488 കേസുകൾ പൊലീസ് തീർപ്പാക്കി. ഇതിൽ 25,40,668 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഇത് 72.1% കുറ്റപത്ര സമർപ്പണനിരക്ക് കാണിക്കുന്നു. അന്വേഷണ കാര്യക്ഷമതയുടെ കാര്യത്തിൽ, കൈകാര്യം ചെയ്ത കേസുകളിൽ 72.1% കേസുകളിലും കൃത്യമായി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിയമപാലന രംഗത്തെ നല്ലൊരു ചുവടുവെപ്പാണ്.
പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ 17% ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം ഒരു ലക്ഷത്തിലധികം സൈബർ കേസുകൾ ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
2024-ൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളായി ആകെ 2,84,530 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇത് ആ വർഷം രേഖപ്പെടുത്തിയ മൊത്തം IPC, BNS കുറ്റകൃത്യങ്ങളുടെ 8.0% ആണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ 'ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരത' വിഭാഗത്തിലായിരുന്നു. 1,20,227 കേസുകൾ. തുടർന്ന് 'സ്ത്രീയുടെ ആത്മാഭിമാനത്തിനെതിരായി നടത്തിയ ആക്രമണം' എന്ന വിഭാഗത്തിൽ 48,303 കേസുകളും, 'ബലാത്സംഗം' വിഭാഗത്തിൽ 29,536 കേസുകളും രജിസ്റ്റർ ചെയ്തു.
ദേശീയ തലത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും അവയ്ക്ക് മേൽ കുറ്റപത്രം സമർപ്പിക്കുന്നതിലും കേരളം മുന്നിലാണ്. കേരള പൊലീസിന്റെ കൃത്യമായ കേസ് രജിസ്ട്രേഷൻ രീതികൾ കാരണം ഇവിടെ ഉയർന്ന കേസ് നിരക്ക് കാണിക്കാറുണ്ട്. എന്നാൽ, ഇതിന്റെ മറുവശം പരിശോധിക്കുമ്പോൾ ഗാർഹിക പീഡനങ്ങൾ, റോഡപകടങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ എന്നിവയിൽ വലിയ വർധനവാണ് കേരളത്തിൽ ദൃശ്യമാകുന്നത്.

കേരളത്തിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് ഏകദേശം 80%-ൽ അധികമാണ്, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. എങ്കിലും സൈബർ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും കേരളത്തിൽ സമീപകാലത്ത് കുതിച്ചുയർന്നിട്ടുണ്ട്.
ഇന്ത്യയും കേരളവും നേരിടുന്ന ഏറ്റവും മാരകമായ വിപത്ത് മയക്കുമരുന്ന് ഉപയോഗമാണ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും ഇരട്ടിയായി മാറുകയാണ്.
കേരള പൊലീസിന്റെയും എക്സൈസിന്റെയും കനത്ത നിരീക്ഷണങ്ങൾക്കിടയിലും മയക്കുമരുന്ന് മാഫിയകൾ ശക്തമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് സംസ്ഥാനത്ത് പിടിക്കപ്പെടുന്ന ലഹരിമരുന്നുകളുടെ അളവ്. കഞ്ചാവ് പോലുള്ള പരമ്പരാഗത ലഹരികളിൽ നിന്ന് മാറി എം.ഡി.എം.എ, എൽ.എസ്.ഡി, ഹെറോയിൻ തുടങ്ങിയ മാരകമായ സിന്തറ്റിക് രാസലഹരികളിലേക്ക് യുവാക്കളും വിദ്യാർത്ഥികളും ആകർഷിക്കപ്പെടുന്നു.
കേരള പൊലീസിന്റെ സജീവമായ ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട്' അടക്കമുള്ള സ്പെഷ്യൽ ഡ്രൈവുകളുടെ ഫലമായി ആയിരക്കണക്കിന് കേസുകളാണ് ഓരോ മാസവും രജിസ്റ്റർ ചെയ്യുന്നത്. ഉദാഹരണത്തിന്, കൊച്ചി നഗരത്തിൽ മാത്രം ഒരൊറ്റ മാസം കൊണ്ട് 500-ലധികം ലഹരി കേസുകളും അറസ്റ്റുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലഹരി ഉപയോഗം കേവലം ഒരു വ്യക്തിഗത ആരോഗ്യപ്രശ്നമല്ല, മറിച്ച് അത് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ പ്രധാന ചാലകശക്തിയാണ്. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണത്തിനായി യുവാക്കൾ മോഷണം, പിടിച്ചുപറി, ക്വട്ടേഷൻ ആക്രമണങ്ങൾ എന്നിവയിലേക്ക് തിരിയുന്നു.

കേരള പൊലീസിന്റെ കൗണ്ടർ അഫിഡവിറ്റ് വ്യക്തമാക്കുന്നതനുസരിച്ച് സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും നടക്കുന്ന ലേറ്റ് നൈറ്റ് ഡി.ജെ പാർട്ടികൾ പലപ്പോഴും മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളായി മാറുന്നു. ഇത് പിന്നീട് വൻ സംഘർഷങ്ങളിലും സ്ത്രീപീഡനങ്ങളിലും ക്രമസമാധാന തകർച്ചയിലുമാണ് കലാശിക്കുന്നത്. രാസലഹരി ഉപയോഗിക്കുന്ന വ്യക്തികളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാനസിക വ്യതിയാനങ്ങൾ ക്രൂരമായ കൊലപാതകങ്ങളിലേക്കും ഗാർഹിക പീഡനങ്ങളിലേക്കും നയിക്കുന്നു.
സിന്തറ്റിക് ലഹരിമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യത, അതിർത്തി കടന്ന് വരുന്ന മാരക ലഹരിവസ്തുക്കൾ, വിദ്യാലയങ്ങളിലേക്ക് പോലും എളുപ്പത്തിൽ എത്തുന്ന അതിമാരക ലഹരിവസ്തുക്കൾ എന്നിവയാണ് ലഹരിയുടെ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങൾ.ഡാർക്ക് വെബ് രഹസ്യ ചാറ്റുകൾ എന്നിവ വഴി ലഹരി വ്യാപാരം ഡിജിറ്റലൈസ് ചെയ്യപ്പെട്ടതും വലിയ പ്രതിസന്ധി ഉയർത്തുന്നു.
ലഹരി ഇടപാടു കേസുകളിൽ 63 മലയാളികൾ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലുണ്ടെന്ന് കർണാടക ജയിൽ വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂൺ 15 വരെയുള്ള കണക്കാണിത്. ഇതിലേറെയും ചെറുപ്പക്കാരാണ്.
മാനസിക സമ്മർദ്ദവും തൊഴിലില്ലായ്മയും യുവാക്കളിൽ ഉണ്ടാകുന്ന ഡിപ്രഷനും വഴിതെറ്റിയ ജീവിതശൈലിയും ലഹരി ഉപയോഗത്തിന് ആക്കം കൂട്ടുന്നു. NCRB യുടെ അപകട മരണങ്ങളും ആത്മഹത്യകളും (ADSI) റിപ്പോർട്ട് പ്രകാരം രാജ്യത്ത് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.
നിയമസംവിധാനങ്ങൾ ശക്തമാക്കുന്നതും സ്കൂളുകളിലും കോളേജുകളിലും ആന്റി-നാർക്കോട്ടിക് ക്ലബ്ബുകൾ കൂടുതൽ സജീവമാക്കുന്നതും ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ അവരെ ചികിത്സിച്ചു ഭേദമാക്കാനുള്ള കൗൺസിലിംഗ് കേന്ദ്രങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്നതുമെല്ലാം ഒരു പരിധിവരെ ലഹരിയുടെ വ്യാപനത്തെ ചെറുക്കുന്നതിന് സഹായകമാകും.

കേരളത്തിലെ ലഹരി മാഫിയയുടെ വിതരണ ശൃംഖലകളെ അടിമുടി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പൊലീസും എക്സൈസും സംയുക്തമായി ‘ഓപ്പറേഷൻ തൂഫാൻ: ദി നർക്കോ ഹണ്ട്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടത്. മുൻകാലങ്ങളിലെ ഒറ്റപ്പെട്ട റെയ്ഡുകളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് സെല്ലുകളുമായും കേന്ദ്ര ഏജൻസികളുമായും കൈകോർത്ത് ഒരു 'യൂണിഫൈഡ് കമാൻഡ് സ്ട്രക്ചർ' (Unified Command Structure) രൂപീകരിച്ചാണ് ഈ ഓപ്പറേഷൻ പ്രവർത്തിക്കുന്നത്.
ഇതിന്റെ ആദ്യ 72 മണിക്കൂറിനുള്ളിൽ തന്നെ 1,500-ലധികം കേസുകളും ആയിരത്തിലേറെ അറസ്റ്റുകളും രേഖപ്പെടുത്തി, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടായി ഓപ്പറേഷൻ തൂഫാൻ മാറി. ആദ്യത്തെ ഒരു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിപണിയിൽ 30 കോടിയിലധികം രൂപ വിലമതിക്കുന്ന മാരക രാസലഹരിവസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹെറോയിൻ, കൂടാതെ വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുക്കാൻ പൊലീസിന് സാധിച്ചു. എറണാകുളത്തുനിന്നുമാത്രം 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തതും, ദൽഹി, കർണാടക എന്നിവടങ്ങളിൽ നിന്ന് നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരിവ്യാപാരികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പാതനംതിട്ട പൊലീസ് കുടുക്കിയതും ഈ ഓപ്പറേഷന്റെ വലിയ വിജയങ്ങളാണ്.

കേവലം പ്രതികളെ പിടികൂടുന്നതിനപ്പുറം, ലഹരി വ്യാപാരത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനുമുള്ള കടുത്ത നടപടികളും ഇതിലൂടെ സ്വീകരിക്കുന്നുണ്ട്. കൂടാതെ സൈബർ-ഡ്രോൺ നിരീക്ഷണങ്ങൾക്കായി 'T-INT' എന്ന പ്രത്യേക യൂണിറ്റും രൂപീകരിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിതരണം തടയാൻ അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവയുമായി ചേർന്ന് അന്തർസംസ്ഥാന അതിർത്തികളിൽ കനത്ത പരിശോധനയാണ് ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.
ലഹരിയുടെ വ്യാപനം നടക്കുന്നുണ്ടെന്ന സംശയത്തിന്റെ പേരിൽ, നിയമപരമായ അന്വേഷണങ്ങൾക്കോ തെളിവുകൾക്കോ കാത്തുനിൽക്കാതെ ജനങ്ങൾ തന്നെ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുനിയുന്നത് ഭീതിജനകമായ ഒരു സാമൂഹികാവസ്ഥയെയാണ് കാണിക്കുന്നത്.
ലഹരി ഇടപാടു കേസുകളിൽ 63 മലയാളികൾ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലുണ്ടെന്ന് കർണാടക ജയിൽ വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂൺ 15 വരെയുള്ള കണക്കാണിത്. ഇതിലേറെയും ചെറുപ്പക്കാരാണ്. കേരളത്തിലേക്ക് ബെംഗളൂരുവിൽനിന്നു വൻ തോതിൽ ലഹരി എത്തുന്നതായി പൊലീസ് സംശയിക്കുന്നതിനിടെയാണ് ഇത്തരം കേസുകളിൽ പിടിയിലായ മലയാളികളുടെ എണ്ണത്തിലെ അസാധാരണ വർധന.
ഇതേതുടർന്ന് കർണാടകയിൽനിന്നു കേരളത്തിലേക്കുള്ള ലഹരിക്കടത്തു തടയുന്നതിനായി അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് നിരീക്ഷണ സംവിധാനം ശക്തമാക്കാനും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചു. സംസ്ഥാനാന്തര ബസുകളിൽ നിരീക്ഷണം ഊർജിതമാക്കും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബെംഗളൂരു വിധാൻ സൗധയിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ദൗത്യമെന്നാണ് ശിവകുമാർ ഓപ്പറേഷൻ തൂഫാനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് അന്തർ സംസ്ഥാന ലഹരിക്കടത്ത് തടയാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം അറിയിക്കുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിലെത്തുമെന്നും മോഹൻലാലിനോടൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11മണിക്ക് ചെന്നൈയിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം അറിയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് ആഭ്യന്തര വകുപ്പിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണമായ 'ഓപ്പറേഷൻ തൂഫാൻ' വലിയ രീതിയിൽ ശക്തി പ്രാപിക്കുകയാണ്.
കേരളത്തിലെ ജനങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ട് കൂട്ടായ പ്രവർത്തനങ്ങളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തുന്നത്. 'തൂഫാൻ ജാഗരൺ', 'തൂഫാൻ വാരിയേഴ്സ്' തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികളിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ നിയമസംവിധാനങ്ങളെ കയ്യിലെടുക്കുന്ന ജനങ്ങളുടെ മനോഭാവം ഇത്തരം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ലഹരിഉപയോഗം ആരോപിച്ച് നടന്ന ആൾക്കൂട്ട വിചാരണ ഇതിനൊരു ഉദാഹരണമാണ്. ആറു പേരടങ്ങുന്ന സംഘം യുവാക്കളെ ക്രൂരമായി മർദിച്ചതും 3 യുവാക്കളെ മൊട്ടയടിച്ചതും ക്രമസമാധാനം തകർക്കുന്ന ജനാധിപത്യവിരുദ്ധ പ്രവൃത്തികളാണ്.

ലഹരിയുടെ വ്യാപനം നടക്കുന്നുണ്ടെന്ന സംശയത്തിന്റെ പേരിൽ, നിയമപരമായ അന്വേഷണങ്ങൾക്കോ തെളിവുകൾക്കോ കാത്തുനിൽക്കാതെ ജനങ്ങൾ തന്നെ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുനിയുന്നത് ഭീതിജനകമായ ഒരു സാമൂഹികാവസ്ഥയെയാണ് കാണിക്കുന്നത്. കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനും ഇവിടെ കൃത്യമായ നിയമസംവിധാനങ്ങളും പൊലീസും കോടതിയുമുണ്ട്. ഇത്തരം ആൾക്കൂട്ട വിചാരണകൾ യഥാർത്ഥത്തിൽ ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്.
ലഹരിവിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ആവശ്യമാണെന്നത് പോലെ തന്നെ പ്രധാനമാണ് ജനാധിപത്യ ബോധവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുക എന്നതും. ആൾക്കൂട്ട നീതിയല്ല, മറിച്ച് നിയമവാഴ്ചയുടെ ശക്തിയാണ് ലഹരി മാഫിയയെ ഇല്ലാതാക്കാൻ ഉപയോഗിക്കേണ്ടത്. നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകേണ്ടതുണ്ട്.
ഇന്ത്യയും കേരളവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യയുടെ വലിയൊരു പങ്കായ യുവതലമുറയെ ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. ലഹരിയുടെ വ്യാപനം തടഞ്ഞാൽ മാത്രമേ സമൂഹത്തിലെ പകുതിയിലധികം കുറ്റകൃത്യങ്ങളും ഇല്ലാതാക്കാൻ സാധിക്കൂ എന്ന് NCRB സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. പൊലീസിന്റെയും എക്സൈസിന്റെയും ശ്രമങ്ങൾക്ക് ഒപ്പം കുടുംബവും സമൂഹവും ഒരുമിച്ച് കൈകോർത്താൽ മാത്രമേ ഈ മഹാവിപത്തിനെ വേരോടെ പിഴുതെറിയാൻ സാധിക്കുകയുള്ളൂ.
