ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് / photo: Vishwa Samvad Kendra Kerala

നാം മറന്നുവെയ്ക്കുന്നിടങ്ങളാണ്
​ഹിന്ദുത്വത്തിന്റെ ആയുധപ്പുര

ആർ. എസ്. എസിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെക്കുറിച്ച് കേരളം വെച്ചു പുലർത്തുന്ന വിമുഖതയ്ക്കും അജ്ഞതയ്ക്കും ഏറ്റവും പ്രധാനപ്പെട്ട കാരണമായി തോന്നുന്നത് കേരളത്തിൽ അവർക്ക് വലിയ രാഷ്ട്രീയ വിജയങ്ങൾ നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ്. എന്നാൽ, തെരഞ്ഞെടുപ്പുകൾ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ചില ചവിട്ടുപടികൾ മാത്രമാണ്. തെരഞ്ഞെടുപ്പ് എന്ന സേഫ്റ്റി വാൽവ് അടഞ്ഞുപോയാൽ നാം എവിടെയാണ് നമ്മുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ കൊണ്ടുവെയ്ക്കുക എന്ന ചോദ്യത്തെ ഇന്നുതന്നെ നാം അഭിമുഖീകരിച്ചു തുടങ്ങേണ്ടതുണ്ട്.

1978 ലാണ് എന്നുതോന്നുന്നു, അന്ന് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. സ്‌കൂൾ വിട്ടുവന്നാൽ ഞങ്ങൾ ആൺകുട്ടികളുടെ പ്രധാനപ്പെട്ട ജോലി കളിയാണ്. ആറുമണിക്ക് പോളാ ടാക്കീസിൽ നിന്ന് ഫസ്റ്റ് ഷോയ്ക്ക് മുന്നോടിയായി സിനിമാപാട്ടുകളുടെ പ്രക്ഷേപണം തുടങ്ങും വരെ തിമിർത്ത് കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജീവിതചര്യ. നാടൻകളികളിൽ നിന്ന് അന്താരാഷ്ട്ര കളികളായ ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയവയിലേയ്ക്ക് പിച്ചവെച്ചു തുടങ്ങുകയായിരുന്നു ഞങ്ങളുടെ കളിജീവിതം. വെളിമ്പറമ്പുകളിലെ മരയിടകളിൽ നിന്ന് പൊതുമൈതാനങ്ങളിലേയ്ക്ക് സ്വയം പറിച്ചുനട്ടിട്ടില്ല. മരത്തലപ്പുകളിൽ പിടിച്ചുകയറിയും കുളങ്ങളിൽ നീന്തിമറിഞ്ഞും സാഹസികതയുടെ അദ്ധ്യായങ്ങൾ എഴുതിച്ചേർക്കുന്നത് പൂർണമായും നിർത്തിയിട്ടില്ല. ഉത്സാഹഭരിതമായ ആ നാളുകളിലൊന്നിലാണ്, ഒരു വൈകുന്നേരം എന്റെ കളിക്കൂട്ടുകാരെ കാണാതായത്. കളിയിടങ്ങളിൽ ഒരു കുഞ്ഞിന്റെ നിഴൽ പോലുമില്ല.

ശ്രീനാരായണപുരം ക്ഷേത്രവളപ്പിലെ ശാഖയിൽ വട്ടത്തിലിരുന്ന് കഥപറയുന്നതിനിടയിൽ എന്റെ ഊഴം വന്നു. ഞാൻ പണ്ട് അമ്മിണി ടീച്ചറോ അമ്മയോ പഠിപ്പിച്ച അക്ബറിന്റേയും ബീർബലിന്റേയും കഥ പറയാൻ തുടങ്ങി.
‘അതുവേണ്ട', ഞങ്ങളെ നയിച്ചിരുന്ന മുതിർന്ന മനുഷ്യൻ സ്‌നേഹത്തോടെ തടഞ്ഞു; ‘മുഗളർ ഭാരതത്തിന്റെ ശത്രുക്കളായിരുന്നു.'

പിന്നീടറിഞ്ഞു, അവരെല്ലാം ശാഖയിൽ പോയിരിക്കുകയാണ്. ശ്രീനാരായണപുരം ക്ഷേത്രവളപ്പിൽ ശാഖ തുടങ്ങിയിരിക്കുകയാണ്. ശാഖയിൽ കളികളുണ്ട്, കഥ പറച്ചിലുണ്ട്, എൻ.സി.സി പോലെ പരേഡുണ്ട്, അദ്ധ്യാപനമുണ്ട്. ആകെക്കൂടി ബഹുരസമാണ്. പിറ്റേന്നുമുതൽ ഞാനും പോയിത്തുടങ്ങി. പറഞ്ഞത് ശരിയാണ്. ജീവിതത്തിന് ഒരു പുതുമ നൽകുന്ന അന്തരീക്ഷം. കബഡി കളിയുണ്ട്, ഖോ ഖോ എന്ന നമ്മൾ ഇതുവരെ പരിചയിക്കാത്ത ഒരു കളിയുണ്ട്. കാവിപ്പതാകയ്ക്ക് മുന്നിലുള്ള പ്രണാമമുണ്ട്. വട്ടത്തിലിരുന്നുള്ള കഥ പറച്ചിലുണ്ട്.

എസ്​.എൻ. പുരത്തെ പോള തിയറ്റർ

ഒന്നോ രണ്ടോ ദിവസമേ അവിടെ പോകേണ്ടിവന്നുള്ളു. വട്ടത്തിലിരുന്ന് കഥപറയുന്നതിനിടയിൽ എന്റെ ഊഴം വന്നു. ഞാൻ പണ്ട് അമ്മിണി ടീച്ചറോ അമ്മയോ പഠിപ്പിച്ച അക്ബറിന്റേയും ബീർബലിന്റേയും കഥ പറയാൻ തുടങ്ങി.
‘അതുവേണ്ട', ഞങ്ങളെ നയിച്ചിരുന്ന മുതിർന്ന മനുഷ്യൻ സ്‌നേഹത്തോടെ തടഞ്ഞു; ‘മുഗളർ ഭാരതത്തിന്റെ ശത്രുക്കളായിരുന്നു.'

അത് ഒരു തടസ്സമായി മനസ്സിൽ നിറഞ്ഞു. പിറ്റേന്നുമുതൽ ശാഖയിൽ പോയില്ല.

എസ്.എൻ.പുരം രാഷ്ട്രീയമായി ഒരു കുഗ്രാമമൊന്നും ആയിരുന്നില്ല. ഹിറ്റ്‌ലറെ സഖ്യകക്ഷികൾ തോൽപ്പിച്ചതിനെ പറ്റി കമ്യൂണിസ്റ്റുകാർ എസ്. എൻ. പുരം കവലയിൽ പ്രസംഗിച്ചിരുന്നു. ‘ഹംഗറിക്കൊലയാളികൾക്ക് വോട്ടില്ല’ എന്ന് കോൺഗ്രസുകാർ എഴുതിയ ചുവരെഴുത്ത് മായാതെ നിന്നിരുന്നു. ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കോളനികളിൽ നക്‌സൽ നേതാക്കൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സർദാർ ഗോപാലകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്തസാക്ഷിയായത് തൊട്ടടുത്ത മതിലകം പൊലീസ് സ്റ്റേഷനിൽ വെച്ചാണ്. എന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന പരിമിതമായ പുസ്തകങ്ങളിലൊന്ന്​, ‘പാർട്ടി എങ്ങനെ നിലവിൽ വന്നു’ എന്ന ഒന്നായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായി ബെല്ലാരി ജയിലിൽ കഴിഞ്ഞിരുന്ന കേശവൻനായർ എല്ലാ ആഗസ്റ്റ് 15 നും ജനുവരി 26നും ഞങ്ങൾ കുട്ടികളുടെ മുന്നിൽ കണ്ണീർവാർത്ത് ത്യാഗോജ്ജ്വലമായ ആ ദിവസങ്ങളെ അനുസ്മരിച്ചിരുന്നു. ശ്രീനാരായണവിലാസം ഗ്രന്ഥശാല സജീവമായി പ്രവർത്തിച്ചിരുന്നു. എസ്. എഫ്. ഐ യും കെ. എസ്. യുവും സജീവമായി എസ്. എൻ. പുരത്തെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പനങ്ങാട് ഹൈസ്‌കൂളിൽ പ്രവർത്തിച്ചിരുന്നു.

ആർ.എസ്​.എസ്​ ശാഖ

അങ്ങനെയുള്ള എസ്. എൻ പുരത്താണ് ആർ.എസ്.എസ്, അവരുടെ ശാഖ യാതൊരു തരം രാഷ്ട്രീയചർച്ചകൾക്കും വഴിയൊരുക്കാതെ സ്വഭാവികകാര്യം പോലെ പ്രവർത്തിച്ചുതുടങ്ങിയത്. എവിടെയും പ്രവർത്തിക്കാനുള്ള ജനാധിപത്യാവകാശം അവർക്കുണ്ട് എന്നത് നിഷേധിക്കണം എന്നല്ല ഈ പറഞ്ഞതിന്റെ കാതൽ. മറിച്ച്, ഹിന്ദുത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ഒരു അറിവില്ലായ്മ എല്ലാക്കാലത്തും കേരളത്തിന്റെ രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലത്തിൽ തങ്ങി നിന്നിരുന്നു എന്നത് ചൂണ്ടിക്കാണിക്കാനാണ്. മലയാളികളുടെ പൊതുബോധത്തിൽ ഹിന്ദുത്വരാഷ്ട്രീയം, പ്രത്യേകിച്ച് ആർ.എസ്.എസിന്റെ രാഷ്ട്രീയ ബ്രാഹ്മണിസം ഒരു അറിവായി പതിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ഫാസിസത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും കാപിറ്റലിസത്തെക്കുറിച്ചുമുള്ള വലിയ അറിവുകൾക്കിടയിൽ ഈ അജ്ഞത ആരും കാര്യമാക്കിയതുമില്ല. അക്ബറിനേയും ബീർബലിനേയും ഒക്കെ രസികൻ കഥാപാത്രങ്ങളാക്കി മാറ്റിയ അമ്മിണിടീച്ചർമാരുടേയും സരസ്വതിടീച്ചർമാരുടേയും കഥനവൈഭവങ്ങൾ എന്നെപ്പോലുള്ള തൊട്ടാവാടികളെ ആ ബ്രാഹ്മണരാഷ്ട്രീയത്തിൽ നിന്ന്​രക്ഷിച്ചെടുത്തു എന്നുമാത്രം.

ആരാണ് സവർക്കർ എന്ന ചോദ്യത്തിന് ഇന്ന് മലയാളി ഉത്തരം തന്നേക്കും. കാരണം, ഇന്നത്തെ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ദേശീയബിംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റേതാണ്.

ഈ അജ്ഞതയുടെ ആഴമറിയണമെങ്കിൽ ഒന്നുരണ്ട് ഉദാഹരണങ്ങൾ കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്. മലയാളിക്ക് പ്രിയപ്പെട്ട ജനകീയ വിഷയങ്ങളിലൊന്നായ സിനിമയിലെ ഉദാഹരണങ്ങൾ തന്നെയെടുക്കാം.1996 ൽ പുറത്തുവന്ന മലയാളസിനിമയാണ് കാലാപാനി. മലയാളികളുടെ പ്രിയ സംവിധായകനായ പ്രിയദർശൻ സംവിധാനം ചെയ്ത, അന്നുവരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് നിർമ്മിച്ച മലയാള സിനിമയായിരുന്നു അത്. 1915 കാലഘട്ടത്തെ ആസ്പദമാക്കി എടുത്ത, ചരിത്രകാല്പനികം എന്ന് വിശേഷിപ്പിക്കാവുന്ന ആ സിനിമ ഹിന്ദിയടക്കം നിരവധി ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത് ഇന്ത്യയൊട്ടാകെ പ്രദർശിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഗാന്ധിപൂർവ്വഘട്ടത്തെ ആസ്പദമാക്കി നിർമ്മിച്ച ആ ചിത്രത്തിൽ ചരിത്രാടിത്തറയുള്ളതും ഇല്ലാത്തതുമായ കഥാപാത്രങ്ങൾ അണിനിരന്നിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഗോവർദ്ധൻ മേനോൻ എന്ന കഥാപാത്രം പൂർണമായും ചരിത്രാടിത്തറ ഇല്ലാത്ത നിർമിതിയായിരുന്നു. അങ്ങനെ ഒരടിത്തറയുണ്ട് എന്നവകാശപ്പെടാവുന്ന മൂന്ന് കഥാപാത്രങ്ങൾ അന്നു കപൂർ അവതരിപ്പിച്ച വി.ഡി.സവർക്കർ, അമരീഷ് പുരി അവതരിപ്പിച്ച മിർസാഖാൻ, അലക്‌സ് ഡ്രാപ്പർ അവതരിപ്പിച്ച ഡേവിഡ് ബാരി എന്ന അയർലണ്ടുകാരൻ തുടങ്ങിയവരായിരുന്നു. ഈ മൂന്നു കഥാപാത്രങ്ങളും കയറിവന്നത് യഥാർത്ഥത്തിൽ വി.ഡി. സവർക്കർ രചിച്ച ‘എന്റെ നാടുകടത്തൽ' (My transportation of life) എന്ന, അദ്ദേഹത്തിന്റെ ആൻഡമാൻ സെല്ലുലാർ ജയിൽ സ്മരണകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

കാലാപാനി സിനിമയിൽ വി.ഡി.സവർക്കറായി അന്നു കപൂർ

ആരാണ് സവർക്കർ എന്ന ചോദ്യത്തിന് ഇന്ന് മലയാളി ഉത്തരം തന്നേക്കും. കാരണം, ഇന്നത്തെ ഹിന്ദുത്വഫാസിസ്റ്റ് ഭരണകൂടം ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ദേശീയബിംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റേതാണ്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണടിഞ്ഞ ഒരു ബിംബമായിരുന്നു സവർക്കറുടേത്. അതിന്റെ പ്രധാന കാരണം, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാന ദാരുണസംഭവങ്ങളിലൊന്നായ ഗാന്ധിവധത്തിൽ അദ്ദേഹം വഹിച്ചു എന്ന് പറയപ്പെടുന്ന പങ്കാണ്. മാത്രമല്ല, ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവുപുള്ളിയായി കിടക്കുന്ന കാലത്ത് അദ്ദേഹം ബ്രിട്ടീഷുകാർക്കെഴുതിയ മാപ്പപേക്ഷകളും ഇക്കാലത്ത് പൊതുമണ്ഡലത്തിൽ വീണ്ടും ചർച്ചാവിഷയമാകുകയുണ്ടായി. ഹിന്ദു ഫാസിസ്റ്റുകൾ അദ്ദേഹത്തെ ദേശീയബിംബമായി, ഒരർത്ഥത്തിൽ ഗാന്ധിക്കുപകരം വെയ്ക്കുന്ന തരത്തിൽ, ഉയർത്തിക്കൊണ്ടുവരുന്നതിന്റെ കാരണം, ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് അദ്ദേഹം ആയതുകൊണ്ടാണ്. അദ്ദേഹം 1923 ൽ രചിച്ച ‘ഹിന്ദുത്വത്തിന്റെ സാരാംശങ്ങൾ' (The Essentials of Hindutva) എന്ന പുസ്തകമാണ് ‘ഹിന്ദുത്വ' എന്ന സങ്കല്പനത്തിന് ജന്മം നൽകിയത്.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയ്ക്കിടെ. അവസാനത്തെ വരിയിൽ കറുത്ത തൊപ്പി ധരിച്ചിരിക്കുന്നത് വി.ഡി. സവർക്കർ, ആദ്യവരിയിൽ ഇരിക്കുന്നത് നാഥുറാം ഗോഡ്‌സയെ, നാരായൺ ആപ്‌തെ എന്നിവർ. / Photo: Photo Division, GOI

അങ്ങനെയുള്ള സവർക്കറുടെ സ്മരണാപുസ്തകത്തെ അധികരിച്ച്, അതുവരെ കേരളം കണ്ടിട്ടില്ലാത്ത വിധം ഉയർന്ന ബജറ്റിൽ, വളരെ പ്രസിദ്ധനായ സംവിധായകൻ, കേരളത്തിലെയും തമിഴിലെയും ഹിന്ദിയിലേയും വൻകിട താരങ്ങളായ മോഹൻലാൽ, പ്രഭു, തബു, അമരീഷ് പുരി, അന്നു കപൂർ തുടങ്ങിയവരെ അണിനിരത്തി ഒരു ദൃശ്യവിരുന്നായ ചിത്രം പുറത്തിറക്കിയിട്ടും, ആൻഡമാൻ ജയിലിൽ വെച്ച് സവർക്കർ എഴുതിയ മാപ്പപേക്ഷകളെ കുറിച്ചോ, മുസ്​ലിം വിരുദ്ധത ആളിക്കത്തിക്കുന്ന തരത്തിൽ ആ സ്മരണാപുസ്തകത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളെക്കുറിച്ചോ യാതൊരു ചർച്ചയും ഉയർന്നുവരികയുണ്ടായില്ല. അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എം.പി.സുകുമാരൻ നായരുടെ കഴകം ആയിരുന്നു ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. കാലാപാനിക്ക് ഏറ്റവും നല്ല രണ്ടാമത്തെ സിനിമ ഉൾപ്പെടെ ഏഴ് അവാർഡുകൾ ലഭിച്ചു. അന്ന് അവാർഡ് കമ്മറ്റിയിലുണ്ടായിരുന്ന സീമ എന്ന പ്രശസ്ത നടി, ആ അവാർഡ് പ്രഖ്യാപനത്തിനുശേഷം ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാർഡ് കാലാപാനിക്കാണ് നൽകേണ്ടിയിരുന്നത് എന്ന് ശക്തമായ അഭിപ്രായപ്രകടനം നടത്തിയതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെടുകയുണ്ടായി. പിന്നീട് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നാല് അവാർഡുകൾ കാലാപാനിക്ക് ലഭിക്കുകയും ചെയ്​തു.

കാലാപാനിയെക്കുറിച്ച് നിരവധി ചർച്ചകൾ പൊതുമണ്ഡലത്തിൽ നടന്നിട്ടും ഹിന്ദുത്വഫാസിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന വി.ഡി.സവർക്കറുമായുള്ള ആ ചിത്രത്തിന്റെ ബന്ധം പരിശോധിക്കപ്പെടുകയുണ്ടായില്ല, സവർക്കർ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുപോലും

ഇങ്ങനെ, കാലാപാനിയെക്കുറിച്ച് നിരവധി ചർച്ചകൾ പൊതുമണ്ഡലത്തിൽ നടന്നിട്ടും ഹിന്ദുത്വഫാസിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന വി.ഡി.സവർക്കറുമായുള്ള ആ ചിത്രത്തിന്റെ ബന്ധം പരിശോധിക്കപ്പെടുകയുണ്ടായില്ല, സവർക്കർ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുപോലും. സവർക്കർ മാത്രമല്ല, ഹിന്ദുത്വ ഫാസിസത്തിന്റെ മറ്റൊരു വ്യക്താവായ ഭായ് പരമാനന്ദും ആ ചിത്രത്തിൽ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാസിസത്തെപ്പറ്റി പലതരത്തിൽ ബോധവാന്മാരും ബോധവതികളും ആയിരുന്നിട്ടും, ഹിന്ദുത്വവാദികൾ ബാബ്‌റി മസ്ജിദ് തകർത്തെറിഞ്ഞ അന്തരീക്ഷത്തിൽ പ്രദർശനത്തിനെത്തിയിട്ടും ഈ സിനിമ വഹിച്ച ‘സവർക്കർ പദ്ധതി' യെ മലയാളി തിരിച്ചറിഞ്ഞതേയില്ല.

'ഹേ റാം ' സിനിമയിൽ അതുൽ കുൽക്കർണ്ണി

ഇതോടൊപ്പം അനുസ്മരിക്കേണ്ട മറ്റൊരു സിനിമ രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ സംവിധാനം ചെയ്ത് 2000 ത്തിൽ പ്രദർശനത്തിനെത്തിയ ‘ഹേ റാം' ആണ്. ഗാന്ധിവധം ആസ്പദമാക്കിയ കഥാതന്തുവാണ് ഈ സിനിമയുടേത്​. കാലാപാനിയെ ഓർമ്മിപ്പിക്കും വിധം, ഒരു പാൻ ഇന്ത്യൻ കാണിക്കൂട്ടത്തെ ലക്ഷ്യം വെച്ച് ദൃശ്യവിരുന്നായാണ് ആ സിനിമ ഇറങ്ങിയത്. കമൽഹാസൻ, ഷാറൂഖ് ഖാൻ, അതുൽ കുൽക്കർണ്ണി, ഓംപുരി, ഹേമമാലിനി, നസിറുദ്ദീൻ ഷാ, റാണി മുഖർജി തുടങ്ങി വിവിധ ഭാഷകളിലെ വൻകിട താരങ്ങൾ ആ സിനിമയിൽ നടിച്ചിരുന്നു. കാലാപാനിക്ക് വിരുദ്ധമായി വി.ഡി. സവർക്കറുടെ ഇന്ത്യാ ചരിത്രത്തിലെ പങ്കിനെ വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു മുഖ്യധാരാ സിനിമയായിരുന്നു അത്. അതുൽ കുൽക്കർണ്ണി അഭിനയിച്ച അഭയങ്കർ എന്ന കഥാപാത്രത്തെ സവർക്കറുടെ ‘ഹിന്ദുത്വ ' സങ്കല്പത്തെ സ്വാംശീകരിച്ച ആളായിട്ടാണ് ഈ സിനിമ വ്യക്തമായി കാണിക്കുന്നത്. സവർക്കറുടെ ഛായാചിത്രത്തെ അഭയങ്കർ എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫ്രെയിമുകൾ പോലും സിനിമയിലുണ്ട്. ഹിന്ദു- മുസ്​ലിം മൈത്രിയുടെ ക്ലീഷേ ആയിക്കഴിഞ്ഞ ശൈലികളും പ്രയോഗങ്ങളും പേറുന്നുണ്ടെങ്കിലും ഇന്ത്യൻ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസത്തിനുപിന്നിലുള്ള പുതു ബ്രാഹ്മണിസത്തെ കാണാനും വിഭജനം മുതൽ ഗാന്ധിവധം വരെയുള്ള കാലയളവിൽ അത് എങ്ങനെ പ്രവർത്തിച്ചു എന്നത് സർഗ്ഗാത്മകമായി പരിശോധിക്കാനുമുള്ള ആത്മാർത്ഥശ്രമം അതിനുപിന്നിലുണ്ടായിരുന്നു. ഈ ചിത്രവും ഇറങ്ങിയ കാലത്ത് പൊതുമണ്ഡലത്തിൽ നിരവധി ചർച്ച ഉയർത്തിവിടുകയുണ്ടായി. മൂന്ന് ദേശീയ അവാർഡുകൾ അത് നേടി. എന്നിട്ടും, കേരളത്തിൽ സവർക്കറുമായി ബന്ധപ്പെട്ട ഈ ചിത്രത്തിന്റെ വിമർശനാത്മക സമീപനം പരിശോധിക്കപ്പെട്ടില്ല.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേന്ദ്രമായ ഒരു വിവാദം നിലനിൽക്കുന്നതുകൊണ്ടാണ്, സി.സി.ടി.വിയെ അതിശയിക്കുന്ന മാധ്യമപ്രവർത്തനം നടത്തുന്ന കേരളത്തിൽ, ആർ.എസ്.എസ് സർസംഘ ചാലക് ആയ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്നത് അറിയാൻ കഴിഞ്ഞത്.

രാഷ്ട്രീയമായി പ്രബുദ്ധസമൂഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരള സമൂഹത്തിൽ, സാംസ്‌കാരികമായി ഹിന്ദുത്വരാഷ്ട്രീയത്തെ അറിയുന്നതിലും എതിർക്കുന്നതിലും ഈ അജ്ഞത പ്രവർത്തിക്കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഏക ഉത്തരം അതിനെതിരെയുള്ള സർഗാത്മക സ്‌ഫോടനം സംസ്‌കാരത്തിലുണ്ടാക്കുക എന്നതാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേന്ദ്രമായ ഒരു വിവാദം നിലനിൽക്കുന്നതുകൊണ്ടാണ്, സി.സി.ടി.വിയെ അതിശയിക്കുന്ന മാധ്യമപ്രവർത്തനം നടത്തുന്ന കേരളത്തിൽ, ആർ.എസ്.എസ് സർസംഘ ചാലക് ആയ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്നത് അറിയാൻ കഴിഞ്ഞത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഇല്ലെന്നും അഭിമാനി ഹിന്ദു, വിമുഖ ഹിന്ദു, വിരോധി ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെ നാലു വിഭാഗങ്ങളായി തരംതിരിച്ചാണ് ഇന്ത്യൻ സമൂഹത്തെ കാണേണ്ടത് എന്നുമുള്ള, ഇന്ത്യൻ സമൂഹത്തെപ്പറ്റിയുള്ള ആർ. എസ്. എസിന്റെ വളരെ പ്രധാനപ്പെട്ട പ്രഖ്യാപനത്തിന്റെ അനന്തരഫലങ്ങളെപ്പറ്റി ഒരു പക്ഷെ ഏറ്റവും കുറവ് ചർച്ച ചെയ്തത് കേരളമായിരിക്കും.

ആർ. എസ്. എസിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെക്കുറിച്ച് കേരളം വെച്ചു പുലർത്തുന്ന വിമുഖതയ്ക്കും അജ്ഞതയ്ക്കും ഏറ്റവും പ്രധാനപ്പെട്ട കാരണമായി തോന്നുന്നത് കേരളത്തിൽ അവർക്ക് വലിയ രാഷ്ട്രീയ വിജയങ്ങൾ നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയാണ്. എന്നാൽ, തെരഞ്ഞെടുപ്പുകൾ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ചില ചവിട്ടുപടികൾ മാത്രമാണ്. ആവശ്യമുള്ളപ്പോൾ തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കാൻ പറ്റും എന്നതുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് ആവശ്യമുള്ളപ്പോൾ അവർക്കതിനെ മാറ്റിവെയ്ക്കാനും കഴിയും എന്നത്. തെരഞ്ഞെടുപ്പ് എന്ന സേഫ്റ്റി വാൽവ് അടഞ്ഞുപോയാൽ നാം എവിടെയാണ് നമ്മുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ കൊണ്ടുവെയ്ക്കുക എന്ന ചോദ്യത്തെ ഇന്നുതന്നെ നാം അഭിമുഖീകരിച്ചു തുടങ്ങേണ്ടതുണ്ട്. അതിനായി തയ്യാറെടുക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രം എന്നത് ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ ബ്രാഹ്മണിസമാണ്. അത് മനുവാദത്തെ മാത്രം ആശ്രയിച്ചുനിൽക്കുന്ന ബ്രാഹ്മണമേൽക്കോയ്മാ വാദം മാത്രമല്ല. അങ്ങനെയാണെങ്കിൽ കേരളം പോലെ ശൂദ്രരും പിന്നാക്കക്കാരും ദലിതരും ആദിവാസികളും ചേർന്ന ഹിന്ദുഭൂരിപക്ഷത്തിൽ ഒരു ചലനം പോലും ഉണ്ടാക്കാൻ അവർക്ക് സാധിക്കാതെ പോകുമായിരുന്നു. നേരെമറിച്ച്, ഇരപിടിയൻ ബ്രാഹ്മണിസത്തിന്റെ രീതിയാണ് അവരുടെ സാംസ്‌കാരിക രാഷ്ട്രീയ രീതി. അത് വ്യക്തമാക്കാൻ ഒന്നുരണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.

വാമനജയന്തിയാണ് ഓണം എന്നത്​,​ വി. മുരളീധരനെപ്പോലെ ഒരാളുയർത്തിയ ആനുഷംഗിക പരാമർശമായാണ് പലരും കരുതുന്നത്. ഏതാണ്ട് മുക്കാൽ നൂറ്റാണ്ടിൽപ്പരം വർഷങ്ങളായി ഹിന്ദുത്വരാഷ്ട്രീയം ഉയർത്തുന്ന നിലപാടാണിത്​

ഒന്നാമത്തേത്, ഓണമായി ബന്ധപ്പെടുത്തി അവർ ഉയർത്തുന്ന വാദഗതിയാണ്. മാവേലിസ്മരണയല്ല, വാമനജയന്തിയാണ് ഓണം എന്നത്​,​ വി. മുരളീധരനെപ്പോലെ ഒരാളുയർത്തിയ ആനുഷംഗിക പരാമർശമായാണ് പലരും കരുതുന്നത്. ഏതാണ്ട് മുക്കാൽ നൂറ്റാണ്ടിൽപ്പരം വർഷങ്ങളായി ഹിന്ദുത്വരാഷ്ട്രീയം ഉയർത്തുന്ന നിലപാടാണിത്​ എന്ന് മനസ്സിലാക്കിയില്ലെങ്കിൽ ട്രോളുകൾ കൊണ്ട് നേരിടാവുന്ന ഒന്നായി ഇതിനെ ലഘൂകരിച്ചുകാണും.

ഇന്ത്യൻ സിനിമാചരിത്രത്തിലെ പ്രധാനിയായ ഒരു നിർമ്മാതാവാണ് ജെ.ബി.എച്ച്. വാഡിയ. 1934 ൽ പാഴ്‌സിയായ അദ്ദേഹം നിർമിച്ച ഏക പുണ്യപുരാണചിത്രമായ വാമൻ അവതാർ എങ്ങനെയാണ് കുഴപ്പങ്ങളിൽ പെട്ടതെന്ന് വാഡിയയുടെ വാക്കുകൾ തന്നെ തെളിയിക്കുന്നു: ‘‘ശബ്ദചിത്രങ്ങളുടെ ആദ്യ രണ്ടു ദശാബ്ദങ്ങളിൽ ഹിന്ദു, മുസ്​ലിം സംസ്‌ക്കാരങ്ങളുടെ സ്വയംകൃത നായകരായി ചമഞ്ഞവരിൽ നിന്ന്​സിനിമാനിർമ്മാതാക്കൾ പല തരം ഭർത്സനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. അവർ സ്വയം സൂപ്പർ സെൻസർമാരായി ഉയരുകയും അവരുടെ പ്രവൃത്തികൾ കേവലഭീഷണിക്കപ്പുറത്തേയ്ക്ക് പലപ്പോഴും വ്യാപിക്കുകയും ചെയ്തു. എന്റെ ആദ്യ രണ്ടു ചിത്രങ്ങൾ പ്രാചീന മുസ്​ലിം ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനീകരിച്ചത്. ഹിന്ദു പ്രാചീന പാരമ്പര്യം സംരക്ഷിക്കുന്നതിൽ വ്യാകുലരായ ചില യാഥാസ്ഥിതിക ഹിന്ദുക്കൾ എന്നെ മുസ്​ലിംകളോട് ആഭിമുഖ്യം പുലർത്തുന്ന പാഴ്‌സി എന്ന നിലയിൽ മാത്രമല്ല ആക്ഷേപിച്ചത്. പാകിസ്ഥാൻ വാദി എന്നുകൂടിയാണ് (അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ പാകിസ്ഥാൻ വാദം ഉയർന്നു വന്നിരുന്നു - വിവ.). ഞാനൊരു സ്വാതന്ത്ര്യസമര സേനാനിയാണെന്നോ രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമയത്ത് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരാൾ ആയിരുന്നുവെന്നോ അവർക്ക് തരിമ്പും അറിവുണ്ടായിരുന്നില്ല. നിഷ്പക്ഷത തെളിയിക്കുന്നതിനായി എന്റെ മൂന്നാം ചിത്രമായി ഒരു പുണ്യപുരാണ ചിത്രം നിർമിക്കാൻ ഞാൻ തുനിഞ്ഞു. എപ്പോഴും ആശ്രയിക്കാവുന്ന ജോസഫ് ഡേവിഡിന്റെ നോട്ടുപുസ്തകത്തിൽ വാമനാവതാരകഥയുണ്ടായിരുന്നു. പക്ഷെ, ബാവാജി എന്ന് പ്രിയപൂർവ്വം അറിയപ്പെടുന്ന സേത്ത് റുത്തോൻഷാ ദൊറാബ്ജി വെല്ലിങ്ങ്ടണിന്റെ സൂപ്പർ സിനിമ എന്ന തിയറ്ററിൽ സിനിമ റിലീസ് ചെയ്തപ്പോൾ ചില യാഥാസ്ഥിതിക ഹിന്ദുക്കളുടെ പക്ഷത്തുനിന്ന്​, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത എതിർപ്പുണ്ടായി.

ഡോ. ബി.ആർ. അംബേദ്കർ. കീഴാളചരിത്രത്തെ ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം, അംബേദ്ക്കറെ ആഗിരണം ചെയ്യാനുള്ള ശ്രമമാണ്.

പുരാണകഥാപാത്രമായ ബലി, ഇന്ദ്രനെ പുച്ഛിക്കുകയും നിരവധി യജ്ഞങ്ങൾ തുടർച്ചയായി നടത്തിയശേഷം സ്വർഗം കീഴടക്കുകയും ചെയ്തു. തന്റെ ഗുരുവായ ശുക്രാചാര്യന്റെ സഹായത്താൽ ത്രിലോകങ്ങളുടെ - സ്വർഗ, മൃത്യു, പാതാളലോകങ്ങളുടെ - അധിപനായി അദ്ദേഹം മാറി. രാവണനെപ്പോലെ, തിന്മ നിറഞ്ഞ ഒരു കഥാപാത്രമായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. (കേരളത്തിൽ നിന്ന് വിരുദ്ധമായി - വിവ. ). എങ്കിലും ദാദയും ഞാനും അദ്ദേഹത്തെ അസുരൻ എന്നതിലുപരി ഉദാരനായ ഒരു ദാനവനായാണ് ചിത്രീകരിച്ചത്. ഭൂലേശ്വർ ക്ഷേത്രത്തിലെ ഉന്നതനായ പൂജാരിയെ (വൈഷ്ണവരുടെ പൂജനീയ വ്യക്തിത്വം - വിവ.) പോയിക്കാണാമെന്ന് ദാദ നിർദ്ദേശിച്ചു. അദ്ദേഹം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ ഞാൻ കഥ വിശദീകരിച്ചു. അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു. ഡൽഹി - യു.പി മേഖലയിൽ ഒരു ഹിന്ദു വാർത്താപത്രത്തിന്റെ പത്രാധിപർ സിനിമയ്ക്കെതിരെ വൻ പ്രചാരണം അഴിച്ചുവിട്ടു. (വിഷ്ണുവിന്റെ വാമനാവതാരം ഒരിക്കലും ഒരു പാഴ്‌സിയെക്കൊണ്ട് അഭിനയിപ്പിക്കരുത്. അത് ചെയ്യാൻ വെറും ഹിന്ദു പോലും പോരാ, ബ്രാഹ്മണൻ തന്നെ വേണം.)’’

ഹിന്ദുത്വ എന്ന രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം, കീഴാള ചരിത്രത്തെയും ആഖ്യാനങ്ങളേയും ആഗിരണം ചെയ്യുകയെന്നതാണ്. അങ്ങനെയാണ് അത് ഇരപിടിയൻ ബ്രാഹ്മണിസമാകുന്നത്.

അങ്ങനെ ഭൂലേശ്വർ ക്ഷേത്രത്തിലെ ‘ഉന്നതനായ പൂജാരി ' ഇടപെട്ടിട്ടാണ് വാമനാവതാരത്തിന് പ്രദർശനത്തിനെത്താൻ കഴിഞ്ഞത്. ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ അക്കാദമീഷ്യരിൽ പ്രധാനിയും ഹിന്ദുത്വവാദത്തിന്റെ സഹയാത്രികനുമായ മകരന്ദ് പരഞ്ജ് പൈ ഓണം മാവേലിസ്മരണയാക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ പാഠപുസ്തക ഇടപെടലാണെന്ന് ആക്ഷേപിച്ചത്.

ഓണം പോലുള്ള ഉത്സവങ്ങളുടെ സാംസ്‌കാരിക ഉള്ളടക്കം പിടിച്ചെടുക്കുന്നത് ഒരു പദ്ധതിയുടെ ഭാഗമായി കാണണം എന്നാണ് ഈ ഉദാഹരണം നൽകുന്ന പാഠം . ഹിന്ദുത്വ എന്ന രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം, കീഴാള ചരിത്രത്തെയും ആഖ്യാനങ്ങളേയും ആഗിരണം ചെയ്യുകയെന്നതാണ്​ എന്നാണ്​ ഇതിൽ നിന്ന്​ മനസ്സിലാക്കേണ്ടത്. അങ്ങനെയാണ് അത് ഇരപിടിയൻ ബ്രാഹ്മണിസമാകുന്നത്. ചരിത്രവും ആഖ്യാനങ്ങളും നഷ്ടപ്പെട്ടാൽ ബ്രാഹ്മണികദേശീയതയുടേയും സംസ്‌കാരത്തിന്റേയും കുടക്കീഴിലേയ്ക്ക് അവർ സ്വമേധയാ എത്തും എന്നത് സവർക്കർ 1923 ൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് രത്‌നഗിരി ജില്ലയിൽ അദ്ദേഹം നടത്തിയ പന്തിഭോജനങ്ങളെയും ഗോഡ്‌സേയെപ്പോലുള്ളവർ പ്രവർത്തിച്ചിരുന്ന ആർ. എസ്.എസിന്റെ ജാതിവിരുദ്ധശാഖയെയും കാണേണ്ടത്. ഈ രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ തുടക്കം മഹാത്മ ഫൂലേയും അദ്ദേഹത്തിന്റെ സത്യശോധക് സമാജവും മുന്നോട്ടുവെച്ച കീഴാള മുന്നേറ്റത്തിനെ ഇല്ലാതാക്കാനും കൂടിയായിരുന്നു എന്നറിഞ്ഞില്ലെങ്കിൽ അതിനെ നേരിടുക പ്രയാസമാണ്.

പി.എൻ. ഗോപീകൃഷ്​ണൻ

കീഴാളചരിത്രത്തെ ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം, അംബേദ്ക്കറെ ആഗിരണം ചെയ്യാനുള്ള ശ്രമമാണ്. ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു കെട്ടുകഥയെ നിരന്തരം പുനരുത്പാദിപ്പിക്കുന്നതാണ് അതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു സാംസ്‌കാരിക പ്രവർത്തനം. ഗാന്ധിവധത്തിൽ ജീവപര്യന്തം തടവുശിക്ഷ ഏറ്റുവാങ്ങിയ പ്രതിയും നാഥുറാം ഗോഡ്‌സേയുടെ സഹോദരനുമായ ഗോപാൽ ഗോഡ്സേ, ഗാന്ധിവധത്തെ ന്യായീകരിക്കാൻ പുറത്തിറക്കിയ സ്മരണാപുസ്തകത്തിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗാന്ധിവധത്തിന്റെ വിചാരണ റെഡ് ഫോർട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ സവർക്കറുടേയും മറ്റും അഭിഭാഷകനായിരുന്ന ഹിന്ദുമഹാസഭാ നേതാവ് ബോപ്പട്ക്കറെ അന്ന് നിയമമന്ത്രിയായിരുന്ന അംബേദ്ക്കർ രഹസ്യമായി സന്ദർശിക്കുകയും അവർ ആവശ്യപ്പെടുകയാണെങ്കിൽ നാഥുറാം ഗോഡ്‌സേയെ കൊലക്കയറിൽ നിന്ന്​രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി എന്ന കഥയാണത്. അതോടൊപ്പം, നെഹ്‌റുവാണ് സവർക്കറെ ഈ കേസിൽ കുടുക്കിയത് എന്ന് നെഹ്‌റുവിന്റെ പേര് വെളിപ്പെടുത്താതെ പരാമർശിക്കുകയും ചെയ്തു എന്നും. ഹിന്ദുത്വ ഭരണത്തിൻ കീഴിൽ പ്രളയം പോലെ പ്രത്യക്ഷപ്പെടുന്ന സവർക്കറെ ചുറ്റിപ്പറ്റിയുള്ള പുസ്തകങ്ങളിലൊക്കെ ഈ കഥ യാതൊരു തെളിവുമില്ലാതെ പുനരുത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. മോഹൻ ഭാഗവത് തന്നെ അവതാരികയെഴുതിയ അത്തരമൊരു പുസ്തകത്തിൽ, ജാതി ഉന്മൂലനം എഴുതുകയും ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കുകയും ചെയ്​ത അംബേദ്ക്കർ, ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ എഴുതിയ സവർക്കറുടെ ഏറ്റവും വലിയ പിന്തുണക്കാരനായി പ്രത്യക്ഷപ്പെടുന്നു.

കീഴാളചരിത്രത്തെ ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം, അംബേദ്ക്കറെ ആഗിരണം ചെയ്യാനുള്ള ശ്രമമാണ്. ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു കെട്ടുകഥയെ നിരന്തരം പുനരുത്പാദിപ്പിക്കുന്നതാണ് അതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു സാംസ്‌കാരിക പ്രവർത്തനം.

ഇങ്ങനെ, കീഴാളചരിത്രത്തേയും ആഖ്യാനങ്ങളേയും വിഴുങ്ങിക്കൊണ്ടുള്ള പദ്ധതിയാണ്, പ്രത്യക്ഷ ബ്രാഹ്മണിസത്തേക്കാൾ സഫലമായി പ്രയോഗിക്കാൻ കഴിയുക എന്ന തിരിച്ചറിവാണ് കേരളത്തിൽ സംഘപരിവാറിനും അതിന്റെ കേന്ദ്രമായ ആർ. എസ്​. എസിനുമുള്ളത്. ആർ. എസ്. എസ് എന്തായിരുന്നു എന്നുള്ളത് 1948 ഫെബ്രുവരി നാലിന് അതിനെ നിരോധിച്ച്​ ഉത്തരവിറക്കിയ അംബേദ്കർ ഉൾപ്പെട്ട ഗവണ്മെന്റിന് നന്നായറിയാമായിരുന്നു എന്നത് അന്നത്തെ ഗവണ്മെൻറ്​ കമ്യൂണിക്കേ തന്നെ വെളിപ്പെടുത്തുന്നു: ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർ.എസ്. എസിന്റെ അംഗങ്ങളായ വ്യക്തികൾ തീവെയ്പും കൊള്ളയും കവർച്ചയും കൊലയും നിയമവിരുദ്ധമായ ആയുധ, വെടിമരുന്ന് ശേഖരണങ്ങളും നടത്തി ഹിംസാത്മകപ്രവൃത്തികളിൽ ഏർപ്പെടുന്നതായി മനസ്സിലാക്കുന്നു. ജനങ്ങളെ ഭീകരവാദത്തിലേയ്ക്കും ആയുധശേഖരണത്തിലേയ്ക്കും ഗവണ്മെൻറ്​ വിരുദ്ധ വികാരത്തിലേയ്ക്കും പൊലീസിനേയും പട്ടാളത്തിനേയും സ്വാധീനിക്കാനുള്ള നീക്കത്തിലേയ്ക്കും പ്രേരിപ്പിക്കുന്ന ലഘുലേഖകൾ അവർ വിതരണം ചെയ്യുന്നു. എതിർക്കപ്പെടേണ്ട വിനാശകാരിയായ പ്രവർത്തനങ്ങൾ സംഘം തുടർച്ചയായി നടത്തുന്നു. സംഘത്തിന്റെ പ്രവർത്തനങ്ങളാൽ സംരക്ഷിക്കപ്പെട്ടും ഉത്തേജിക്കപ്പെട്ടും സൃഷ്ടിക്കപ്പെട്ട ഹിംസയുടെ സംസ്‌ക്കാരം ധാരാളം ഇരകളെ സൃഷ്ടിക്കുകയുണ്ടായി.’

ഈ കമ്യൂണിക്കേ പുറത്തിറക്കിയത് ഹിന്ദുത്വവാദികൾ തോളിലേറ്റുന്ന സർദാർ പട്ടേൽ ആണെന്ന വസ്തുത മറക്കാതിരിക്കാം. അതിലുപരി, കേരളത്തിന്റെ ഘടനയിൽ നിശ്ശബ്ദമായി, തൃണമൂലതല പ്രവർത്തനം നടത്തുന്ന ഹിന്ദുത്വത്തിന്റെ കേന്ദ്രസംഘടനയുടെ ഡി. എൻ. എ അതിൽ തെളിയുന്നു എന്ന വസ്തുതയും മറക്കാതിരിക്കാം. ▮


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments