പണ്ഡിറ്റ് കറുപ്പൻ, ജാതിക്കുമ്മിയുടെ സമകാലിക പ്രസക്തി

“പണ്ഡിറ്റ് കറുപ്പന്റെ പ്രാധാന്യം ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ പരിധിക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് കേരളത്തിന്റെ ബൗദ്ധിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തെ തന്നെ പുനർനിർവചിച്ച ഒരു ശക്തമായ ഇടപെടലാണ്.” പണ്ഡിറ്റ് കറുപ്പന്റെ ഓർമ്മദിനത്തിൽ രസ്നി ബായ് എഴുതുന്നു.

ന്റെ വാക്കുകളിലൂടെയും രചനകളിലൂടെയും സമൂഹത്തെ ചോദ്യം ചെയ്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് അടിത്തറ പാകിയ മഹാനായ പണ്ഡിറ്റ് കറുപ്പൻ കേരള നവോത്ഥാനത്തിലെ ഒരു നിർണായക ശബ്ദമായിരുന്നു. 1885 മേയ് 24-ന് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ ബാല്യനാമം ശങ്കരൻ എന്നായിരുന്നു. കുടുംബ സുഹൃത്തായിരുന്ന തമിഴൻ ഗോസായി അദ്ദേഹത്തെ “കറുപ്പൻ ” (പണ്ഡിതൻ) എന്നു വിളിച്ചതോടെയാണ് പിന്നീട് അദ്ദേഹം പണ്ഡിറ്റ് കറുപ്പൻ എന്ന പേരിൽ അറിയപ്പെട്ടത്. സത്യത്തിന് വിലകുറയുകയും, ചരിത്രത്തെ ഭയക്കുകയും, സാഹിത്യത്തിന് കത്തി വെക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ 88-ാം ചരമവാർഷികം അനുസ്മരിക്കുമ്പോൾ, സാഹിത്യം ഒരു ശക്തമായ സാമൂഹിക ആയുധമായി ഉപയോഗിച്ച് മാറ്റം സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സാഹിത്യം സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശക്തമായ ആയുധമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, അറിവും ,നീതിയും എല്ലാവര്ക്കും ലഭിക്കണമെന്ന് വിശ്വസിച്ചു.

ധീവര മത്സ്യതൊഴിലാളി സമൂഹത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ബാല്യം, ജാതിയാധിപത്യത്തിന്റെ കടുത്ത നിയന്ത്രണങ്ങളും അവഗണനകളും നിറഞ്ഞതായിരുന്നു. താഴ്ന്ന ജാതിയായി കണക്കാക്കപ്പെട്ടിരുന്ന മത്സ്യതൊഴിലാളി സമൂഹത്തിന് ക്ഷേത്രങ്ങൾക്കും പാഠശാലകൾക്കും പലപ്പോഴും പൊതുവഴികൾക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഒരു കഠിനമായ സാമൂഹിക സാഹചര്യത്തിലായിരുന്നു അദ്ദേഹം വളർന്നത്. എന്നാൽ അതിനെ എല്ലാം മറികടന്ന് അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും പ്രാവീണ്യം നേടി. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ മുന്നോട്ട് നയിച്ചതിനാൽ അദ്ദേഹം “കേരളത്തിന്റെ ലിങ്കൺ” എന്നറിയപ്പെട്ടു. 1904-ൽ അദ്ദേഹം രചിച്ച ജാതിക്കുമ്മി മലയാള സാഹിത്യത്തിൽ ജാതിവ്യവസ്ഥയെയും അനീതിയെയും തുറന്നു ചോദ്യം ചെയ്ത ആദ്യ കൃതികളിലൊന്നായി മാറി. അതോടൊപ്പം, വേല, സാമ്പവ, ഉള്ളാട, കുടുമ്പി തുടങ്ങിയ പിന്നാക്ക സമൂഹങ്ങളെ സംഘടിപ്പിച്ച് സാമൂഹിക അനീതിക്കെതിരെ പൊരുതാൻ പ്രേരിപ്പിച്ച അദ്ദേഹം, പേനയിലൂടെ വിപ്ലവം സൃഷ്ടിക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു; കേരളത്തിന്റെ ബൗദ്ധികവും സാംസ്കാരികവുമായ പരിവർത്തനത്തിൽ അദ്ദേഹത്തിന്റെ പങ്കു അതീവ പ്രാധാന്യമുള്ളതാണ്.

അദ്ദേഹം തന്റെ സാഹിത്യപ്രവർത്തനങ്ങളിൽ നാടൻ പാട്ടുകളെ ഒരു ശക്തമായ സാമൂഹിക ആയുധമായി ഉപയോഗിച്ച് വിദ്യാഭ്യാസം സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക ഉയർച്ചയ്ക്ക് നിർണായകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, ലൈബ്രറികൾ സ്ഥാപിക്കുകയും തുടർന്ന് വായനയുടെ സംസ്കാരം യുവ തലമുറയിലേക്ക് പകർന്ന് നൽകുകയും ചെയ്തു . സാഹിത്യത്തെ ഒരു പ്രേരകശക്തിയായി ഉപയോഗിച്ച് സാമൂഹിക അസമത്വങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പൊതുസ്ഥലങ്ങൾ സൃഷ്ടിക്കാനും അദ്ദേഹം ശ്രമിച്ചു. ആ കാലഘട്ടത്തിൽ കൊച്ചിയിൽ അസമത്വവും അനീതിയും നേരിട്ടിരുന്ന ജനങ്ങൾ അവരുടെ വീടുകളിൽ അദ്ദേഹത്തിന്റെ രചനകൾ കേട്ട് പഠിച്ച് പാട്ടുകളായി പകർന്നു പ്രചരിപ്പിക്കുന്ന ഒരു പതിവ് നിലനിന്നിരുന്നു; അതിലൂടെ അദ്ദേഹത്തിന്റെ ചിന്തകളും പ്രതിരോധവും സമൂഹത്തിൽ വ്യാപകമായി പടർന്നു.

ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിനും സാമൂഹിക അനീതികൾക്കും എതിരായ ശക്തമായ ഒരു പ്രതിഷേധസ്വരമായിരുന്നു പണ്ഡിറ്റ് കറുപ്പൻ രചിച്ച ജാതിക്കുമ്മി. ലളിതമായ ഭാഷയും കുമ്മി എന്ന ജനകീയ പാട്ടിന്റെ നാടൻ ശൈലിയും സ്വീകരിച്ചതിലൂടെ സാധാരണ ജനങ്ങളിലേക്കും, പ്രത്യേകിച്ച് വായനാശേഷിയില്ലാത്തവരിലേക്കും ഈ കൃതി ആഴത്തിൽ എത്തി; വായ്മൊഴി പാരമ്പര്യത്തിലൂടെ അത് വ്യാപകമായി പ്രചരിച്ചു. ശങ്കരാചാര്യരും ഒരു പുലയനും തമ്മിലുള്ള ജ്ഞാനസംവാദത്തെ ആധാരമാക്കിയ ഈ കൃതി, ജാതിവ്യവസ്ഥയുടെ യുക്തിഹീനതയും അതിന്റെ കൃത്രിമ സ്വഭാവവും ശക്തമായി തുറന്നുകാട്ടുന്നു. ജാതി മനുഷ്യനിർമ്മിതമായ ഒരു വ്യവസ്ഥ മാത്രമാണെന്നും, അത് മനുഷ്യരെ വിഭജിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഒരു സാമൂഹിക ഉപാധിയാണെന്നും പണ്ഡിറ്റ് കറുപ്പൻ വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരും ദൈവസൃഷ്ടിയിൽ തുല്യരാണെന്നും, അശുദ്ധത എന്ന ആശയം ക്ഷമിക്കാനാവാത്ത ഒരു സാമൂഹിക കുറ്റമാണെന്നും ഈ കൃതി ശക്തമായി പ്രഖ്യാപിക്കുന്നു. ഇത് ഒരു കവിത എന്നതിലുപരി, സമൂഹത്തെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ച ഒരു ബോധോദയ പ്രസ്ഥാനമായി വായിക്കേണ്ടതാണ്. അദ്വൈതവേദാന്തസാരത്തെയും അതിന്റെ യുക്തിഘടനയെയും വിശദീകരിക്കുകയും അദ്വൈതയുക്തിക്കും ഭാരതീയപാരമ്പര്യത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാണ് ജാതിഭേദവിചാരം എന്നു സംസ്ഥാപിക്കുകയും ചെയ്യുന്ന കൃതി എന്ന നിലയ്ക്കും ജാതിക്കുമ്മിക്ക് പ്രസക്തിയുണ്ട്. മാത്രമല്ല, ഹിന്ദുമതാസക്തി മുഴക്കുക കൊണ്ടിവണ്ണം യുക്തി പറഞ്ഞതാണെന്ന് ഈ കൃതിയിൽ കവി വിശദീകരിക്കുന്നുമുണ്ട്.

ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിനും സാമൂഹിക അനീതികൾക്കും എതിരായ ശക്തമായ ഒരു പ്രതിഷേധസ്വരമായിരുന്നു പണ്ഡിറ്റ് കറുപ്പൻ രചിച്ച ജാതിക്കുമ്മി.
ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിനും സാമൂഹിക അനീതികൾക്കും എതിരായ ശക്തമായ ഒരു പ്രതിഷേധസ്വരമായിരുന്നു പണ്ഡിറ്റ് കറുപ്പൻ രചിച്ച ജാതിക്കുമ്മി.

"ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാമൊരു ജാതി; നീക്കി നിറുത്താമോ സമസൃഷ്ടിയെ?ദൈവം നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണേ!"

"നല്ല പറയൻ നീ ജ്ഞാനിയല്ലോ ഇല്ലെനിക്കൊട്ടുമസൂയ നിന്നിൽ വല്ലാഹീസുരജാതികളും കേട്ടാൽ തല്ലുമല്ലോ നിന്നെ യോഗപ്പെണ്ണേ! പക്ഷേ കൊല്ലുകയും ചെയ്യും ജ്ഞാനപ്പെണ്ണേ!"

"മലമൂത്രമുള്ളതുകൊണ്ടു ദൂരേ വിലക്കിനിറുത്താം ചില ജനത്തെ; മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്ഭൂമി വലയത്തിലില്ലല്ലോ യോഗപ്പെണ്ണേ! പിന്നെ ഫലമുണ്ടോതീലാൽ ജ്ഞാനപ്പെണ്ണ!"

(ജാതിക്കുമ്മി )

“ബാലകലേശം” എന്ന തന്റെ നാടകത്തിലൂടെയും പണ്ഡിറ്റ് കറുപ്പൻ പരിഹാസവും ഹാസ്യവും ആയുധമാക്കി ജാതിവ്യവസ്ഥയുടെ അസംബന്ധതയും സമൂഹത്തെ ബന്ധിച്ചിരുന്ന അന്ധവിശ്വാസങ്ങളും ശക്തമായി ചോദ്യം ചെയ്തു. ഗൗരവമേറിയ ആശയങ്ങളെ പോലും ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ഈ നാടകത്തിലൂടെയാണ്. ഒരു വിഭാഗം ജനങ്ങൾക്ക് വിദ്യാഭ്യാസവും പൗരാവകാശങ്ങളും നിഷേധിക്കുന്നതിന്റെ അനീതിയെ അദ്ദേഹം തുറന്നുകാട്ടി, സമത്വവും യുക്തിയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സാമൂഹിക ക്രമത്തെ അദ്ദേഹം ഈ കൃതിയിലൂടെ ആവശ്യപ്പെടുന്നു. കേരള നവോത്ഥാനചരിത്രത്തിൽ ശ്രദ്ധേയ സ്ഥാനമുളള ഈ നാടകത്തിന്റെ പ്രധാന പ്രമേയം കൊച്ചിൻ സംസ്ഥാനത്തിലെ ഭരണപരിഷ്കാരങ്ങളെ ചുറ്റിപ്പറ്റിയാണ്. നമ്പൂതിരി, നായർ, ഈഴവ, പുലയ തുടങ്ങിയ വിവിധ ജാതികളിൽപ്പെട്ട കഥാപാത്രങ്ങളെ ഉൾപ്പെടുത്തി, സമൂഹത്തിന്റെ സങ്കീർണ ഘടനയെ അദ്ദേഹം അവതരിപ്പിക്കുന്നു. ഭരണത്തിൽ ജനപ്രതിനിധിത്വം ഉറപ്പാക്കണം, വിദ്യാഭ്യാസം മുഖേന പിന്നാക്ക വിഭാഗങ്ങളെ ഉയർത്തണം, ജാതിവിവേചനവും അശുദ്ധതയും നിയമപരമായി നിരോധിക്കണം തുടങ്ങിയ പരിഷ്കാര ആശയങ്ങൾ ഈ നാടകത്തിലൂടെ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. ഒരു പുലയ കഥാപാത്രം മേൽജാതിക്കാരെ നേരിട്ട് ചോദ്യം ചെയ്യുകയും ജാതി അടിസ്ഥാനമാക്കിയുള്ള അശുദ്ധത യുക്തിഹീനമാണെന്നും മതത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രഖ്യാപിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ഈ നാടകം ശക്തമായ ഒരു രാഷ്ട്രീയ സ്വരമായി മാറുന്നു.

കൊച്ചിയിൽ സംഘടിപ്പിച്ച മിശ്രഭോജനം ആസ്പദമാക്കി അദ്ദേഹം രചിച്ച ഉദ്യാനവിരുന്ന് (1913) എന്ന കവിതയിലൂടെയും, ശുദ്ധി–അശുദ്ധി ചിന്തകൾ കൊണ്ട് ആളുകളെ വേർതിരിച്ചിരുന്ന സാമൂഹികക്രമത്തിനെ അദ്ദേഹം വെല്ലുവിളിക്കുന്നു. ഈ കവിതയിലൂടെ മനുഷ്യസഹോദരത്വവും ഒരുമയും സമത്വത്തിലേക്കുള്ള വഴിയും ഒരുമിച്ച് ഭക്ഷണം പങ്കിടുക എന്ന ആ കാലഘട്ടത്തിലെ ഒരു വിപ്ലവകരമായ പ്രവർത്തിയിലൂടെ അദ്ദേഹം മുന്നോട്ട് വെക്കുന്നു.

കൊച്ചിയിൽ സംഘടിപ്പിച്ച  മിശ്രഭോജനം  ആസ്പദമാക്കി അദ്ദേഹം രചിച്ച ഉദ്യാനവിരുന്ന് (1913) എന്ന കവിതയിലൂടെയും, ശുദ്ധി–അശുദ്ധി ചിന്തകൾ കൊണ്ട് ആളുകളെ വേർതിരിച്ചിരുന്ന സാമൂഹികക്രമത്തിനെ അദ്ദേഹം വെല്ലുവിളിക്കുന്നു.
കൊച്ചിയിൽ സംഘടിപ്പിച്ച മിശ്രഭോജനം ആസ്പദമാക്കി അദ്ദേഹം രചിച്ച ഉദ്യാനവിരുന്ന് (1913) എന്ന കവിതയിലൂടെയും, ശുദ്ധി–അശുദ്ധി ചിന്തകൾ കൊണ്ട് ആളുകളെ വേർതിരിച്ചിരുന്ന സാമൂഹികക്രമത്തിനെ അദ്ദേഹം വെല്ലുവിളിക്കുന്നു.

സാഹിത്യത്തിനൊപ്പം സംഘടനാത്മക പ്രവർത്തനങ്ങളിലൂടെയും പണ്ഡിറ്റ് കറുപ്പൻ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ചു. 1913-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കൊച്ചിൻ പുലയ മഹാസഭ, പുലയ സമൂഹത്തിന്റെ ഉയർച്ച ലക്ഷ്യമാക്കിയ ഒരു നിർണായക മുന്നേറ്റമായിരുന്നു. മേൽജാതിക്കാർ “അയിത്തജാതി”യായി കണ്ടിരുന്ന സമൂഹത്തിന് കരയിൽ ഒന്നിച്ചു കൂടാനും യോഗങ്ങൾ നടത്താനും പോലും അനുമതി നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ, അതിനെ മറികടന്നു. കൊച്ചിയിലെ കായൽപ്പരപ്പിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി പലക വിരിച്ച് ചങ്ങാടമാക്കി, നടുക്കായലിൽ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ ചേർന്ന ചരിത്ര സമ്മേളനമാണ് “കായൽ സമ്മേളനം” എന്നറിയപ്പെടുന്നത്. ക്ഷേത്രങ്ങളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ പ്രവേശനം മാത്രമല്ല, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുപോലും കരയിൽ എത്താൻ കഴിയാത്തത്ര രൂക്ഷമായ തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലഘട്ടത്തിൽ, ഈ സമ്മേളനം തന്നെ ഒരു വലിയ പ്രതിരോധമായി മാറി. തുടർന്ന്, ഈ സമ്മേളനത്തിന്റെ തീരുമാനപ്രകാരം എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ ചേർന്ന യോഗത്തിലാണ് പുലയ മഹാസഭ ഔപചാരികമായി രൂപം കൊണ്ടത്. കടലലകളിൽ ആടിയുലയുന്ന വള്ളങ്ങൾക്കുമേൽ തന്നെ തങ്ങൾക്കൊരു വേദി സൃഷ്ടിച്ച കീഴാള ജനത, ജാതിവ്യവസ്ഥ നിർണയിച്ചിരുന്ന “സ്ഥല”ത്തിന്റെ ആശയത്തെയും അധികാരത്തെയും വെല്ലുവിളിക്കുകയായിരുന്നു. ഈ കായൽ സമ്മേളനം അവകാശസമരങ്ങളുടെ തുടക്കമായും, ജാതിവ്യവസ്ഥിതിക്കെതിരായ അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ശക്തമായ മുന്നേറ്റമായും കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ഒരു നാഴികകല്ലായി കായൽ സമ്മേളനം നിലകൊള്ളുന്നു.

1934-ൽ ശ്രീജിത് ജി.കെ. ദേവധർക്ക് നൽകിയ തന്റെ റിപ്പോർട്ടുകളിൽ, കൊച്ചിയിലെ പുലയ സമൂഹം നേരിട്ടിരുന്ന അമാനുഷിക അവസ്ഥകളെ അദ്ദേഹം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നു. അന്നത്തെ സാഹചര്യത്തിൽ പുലയർക്കു പൊതുവഴികളിലൂടെ സഞ്ചരിക്കാനോ, ചന്തകളിലേക്കോ കടന്നുപോകാനോ പോലും സ്വാതന്ത്ര്യമില്ലായിരുന്നു; പലപ്പോഴും അവരെ മനുഷ്യരെന്നതിലുപരി വസ്തുക്കളായി കാണുകയും ലേലം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്ന വാസ്തവം തന്നെ ആ കാലഘട്ടത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നു

"ചില ദിക്കിൽ പുലയസ്ത്രീകൾ പുല്ലുകൊണ്ടാണു അവരുടെ നഗ്നത മറച്ചിരുന്നത്. കല്ലിട്ടു വച്ച ഭവനങ്ങൾ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാ അധഃകൃതരും അന്ന് എന്റെ അറിവിൽ ഒന്നോ രണ്ടോ കുടുംബക്കാർക്കുമാത്രമേ വയൽവക്കുകളിലെ പാഴ്മാടങ്ങളിലാണ് അധിവസിച്ചിരുന്നത്. സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. നമ്പൂതിരിമാർ നായന്മാരെയും, നമ്പൂതിരിയും നായരും പൊതുനിരത്തുകളിൽക്കൂടി അവർക്കു സഞ്ചരിക്കുവാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും ഞങ്ങളെ (വിദ്യാഭ്യാസത്തിൽ പിന്നോക്കം നില്ക്കുന്ന ഈഴവർ, അരയർ മുതലായവർ)യും ജാതിയുടെ പേരിൽ പലവിധത്തിലും ശല്യപ്പെടുത്തിയിരുന്നു. ഒരു അധഃകൃതനെ ജാതിയുടെ പേരിൽ ഉപദ്രവിക്കാൻ സന്ദർഭം കിട്ടുമ്പോളൊക്കെ നമ്പൂതിരിയും നായരും ഞങ്ങളും ഒരുമിച്ച് ഈ പാപകർമ്മം സമാചരിച്ചിരുന്നു. ഒരു പുലയന് ഒരു നമ്പൂതിരിയുമായിട്ടുള്ള തീണ്ടൽ 64 അടിയാണ്. സൗകര്യം കിട്ടുന്നപക്ഷം ഒരു പുലയനെ അത്രതന്നെ അകറ്റിനിറുത്തി ജാത്യാചാരത്തെ പരിപാലിച്ചാൽ കൊള്ളാമെന്നുള്ള യാഥാസ്ഥിതികന്മാർ അവിടെയുമി വിടെയുമായി ധാരാളം കാണും. അന്ന് തീണ്ടലിന്റെ അല്ലെങ്കിൽ അയിത്തത്തിന്റെ പേരിൽ അപമാനം അനുഭവിക്കാതെ അധഃകൃതരില്ലെ നല്ല അവർണ്ണരിൽ പോലും ഒരാളെങ്കിലും ഉണ്ടായിരുന്നുവോ എന്ന് എനിക്കു സംശയമാണ്. അയിത്തത്തിന്റെ പേരിൽ ഞാൻ തന്നെ അനു ഭവിച്ചിട്ടുള്ള സങ്കടങ്ങളെക്കുറിച്ചു ഞാൻ “സഹോദരൻ പത്രത്തിൽ ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു വായിക്കാനിടയായാൽ ദയാലുവായ അങ്ങു കരഞ്ഞുപോകും. ഞങ്ങളുടെ സ്ഥിതിതന്നെ അങ്ങനെയാണെങ്കിൽ അധഃകൃതരുടെ സ്ഥിതി പിന്നെ പറയേണ്ടതുണ്ടോ!” (പ്രശസ്ത സാമൂഹിക പരിഷ്കർത്താവായ ശ്രീജിത്ത് ജി .കെ .ദേവധാർ (പ്രസിഡന്റ് ,സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ) 1934-ൽ എറണാകുളത് വന്നപ്പോൾ ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം പണ്ഡിറ്റ് കറുപ്പൻ അദ്ദേഹത്തിന് ഇംഗ്ലീഷിൽ കൊടുത്ത റിപ്പോർട്ടിൻെറ മലയാള പരിഭാഷ)

ക്ഷേത്രങ്ങളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ പ്രവേശനം മാത്രമല്ല, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുപോലും കരയിൽ എത്താൻ കഴിയാത്തത്ര രൂക്ഷമായ തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലഘട്ടത്തിൽ, കായല്‍ സമ്മേളനം തന്നെ ഒരു വലിയ പ്രതിരോധമായി മാറി. | Illustration / bali_mahabali
ക്ഷേത്രങ്ങളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ പ്രവേശനം മാത്രമല്ല, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുപോലും കരയിൽ എത്താൻ കഴിയാത്തത്ര രൂക്ഷമായ തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലഘട്ടത്തിൽ, കായല്‍ സമ്മേളനം തന്നെ ഒരു വലിയ പ്രതിരോധമായി മാറി. | Illustration / bali_mahabali

എറണാകുളത്തെ സവർണപെൺകുട്ടികൾക്കുള്ള പ്രത്യേകസ്ഥാപനമായ സെയ്‌ന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ സംസ്കൃത അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗികജീവിതം തുടങ്ങുന്നത്. സവർണഹിന്ദുക്കളുടെ പ്രതിഷേധമുണ്ടായെങ്കിലും മഹാരാജാവ് അതു തള്ളിക്കളഞ്ഞു. പിന്നീട് തൃശ്ശൂരിലെ വിക്ടോറിയ ഗേൾസ് ഹൈസ്കൂളിലും,ടീച്ചർ ട്രെയിനിങ് സ്കൂളിലും അധ്യാപകനായശേഷം 1921-ൽ സെയ്‌ന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വീണ്ടും നിയമിതനായി.1925-ൽ പിന്നാക്കവിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. 1931-ൽ അദ്ദേഹം പഴയ കൊച്ചിസംസ്ഥാനത്തിന്റെ പ്രാദേശിക വിദ്യാഭ്യാസസൂപ്രണ്ടായി. നാലുവർഷത്തിനുശേഷം മഹാരാജാസ് കോളേജിൽ മലയാളം ലക്ചററായി നിയമിക്കപ്പെടുകയും ചെയ്തു.

പണ്ഡിറ്റ് കറുപ്പന്റെ പ്രാധാന്യം ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ പരിധിക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് കേരളത്തിന്റെ ബൗദ്ധിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തെ തന്നെ പുനർനിർവചിച്ച ഒരു ശക്തമായ ഇടപെടലാണ്. സാഹിത്യത്തെ ആയുധമാക്കി ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തതിലുപരി, സംഘടനകളിലൂടെ അടിച്ചമർത്തപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്താനും, നിയമപരമായ ഇടപെടലുകളിലൂടെ അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു , പണ്ഡിറ്റ് കറുപ്പൻ ഒരു സമൂഹത്തിന്റെ വേദനയെ മാത്രം രേഖപ്പെടുത്തിയ എഴുത്തുകാരനല്ല, മറിച്ച് ആ വേദനയെ രാഷ്ട്രീയബോധമായി മാറ്റിയ സാമൂഹിക നേതാവാണ് . ജാതി നിർണയിച്ചിരുന്ന ‘സ്ഥലം’, ‘ശരീരം’, ‘അവകാശം’ എന്നീ ആശയങ്ങളെയെല്ലാം അദ്ദേഹം വെല്ലുവിളിച്ചു; വായിക്കാൻ അറിയാത്തവരിലേക്കുപോലും തന്റെ ചിന്തകൾ എത്തിക്കാൻ ജനകീയ രൂപങ്ങൾ ഉപയോഗിച്ചതിലൂടെ, അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും അദ്ദേഹം വഴിയൊരുക്കി. ഇന്നും സാമൂഹിക അസമത്വങ്ങളും വിവേചനങ്ങളും വിവിധ രൂപങ്ങളിൽ തുടരുന്ന ഈ കാലഘട്ടത്തിൽ, കറുപ്പന്റെ ഇടപെടലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു അടിസ്ഥാന സത്യമാണ് ,മാറ്റംചിന്തയിലും, വാക്കുകളിൽ തുടങ്ങുന്നു, പക്ഷേ അത്ജീ വിതത്തിലേക്ക് പ്രാവർത്തികമാക്കുമ്പോഴാണ് സമൂഹം മാറുന്നത്. അതുകൊണ്ടുതന്നെ, പണ്ഡിറ്റ് കറുപ്പൻ ഒരു ചരിത്രപുരുഷൻ മാത്രമല്ല; ഇന്നും പ്രസക്തമായ ഒരു ചിന്തയും ഒരു പ്രചോദനവുമാണ്.

Comments