‘പെപ്പർ സ്പ്രേ അപകടകരമായ ആയുധം,
ജീവന് ഭീഷണിയില്ലാത്ത സാഹചര്യത്തിൽ ഉപയോഗിക്കരുത്’

ജീവന് ഭീഷണിയോ അപകടമോ ഉണ്ടാകാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ആവശ്യത്തിനായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ പാടില്ലെന്ന് കർണാടക ഹൈകോടതി.

National Desk

കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്ന് കർണാടക ഹൈക്കോടതി. ജീവന് ഭീഷണിയോ അപകടമോ ഉണ്ടാകാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ആവശ്യത്തിനായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാൻ പാടില്ലെന്നാണ് കോടതി നിർദേശം. സ്വകാര്യ കമ്പനി ഉടമസ്ഥരായ ഗണേഷ് നാരായണൻ, പങ്കാളി വിദ്യ നടരാജ് എന്നിവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എം. നാഗകൃഷ്ണയുടെ നിരീക്ഷണം.

'പ്രഥമദൃഷ്ട്യാ പരാതിക്കാരുടെ ജീവന് ഭീഷണിയോ അപകടമോ ഉണ്ടായിട്ടില്ലാത്തതിനാൽ, കുരുമുളക് സ്‌പ്രേ പ്രതിരോധ മാർഗമായി ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ നിലവിലുള്ള കേസിൽ ചുരുങ്ങിയത് ഒരു അന്വേഷണമെങ്കിലും ആവശ്യമായി വരും’, കോടതി പറഞ്ഞു.

വസ്തു തർക്കവുമായി ബന്ധപ്പെട്ട് ദമ്പതികൾ തനിക്കെതിരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്പനിയിലെ ജീവനക്കാരനായ രാജ്ദീപ് ദാസ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. തുടർന്നാണ് തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചത്.

സ്വയം രക്ഷക്ക് പെപ്പർ സ്‌പ്രേ ഉപയോഗിക്കാൻ തങ്ങൾ നിർബന്ധിതരായെന്നാണ് ഹർജിക്കാർ വാദിച്ചത്, ഇതിന് ഐ.പി.സി സെക്ഷൻ 100 പ്രകാരമുള്ള സംരക്ഷണവുമുണ്ടെന്ന് അവർ വാദിച്ചു. പ്രതികൾ സെക്യൂരിറ്റിക്കാരുടെ സഹായത്തോടെ തങ്ങളുടെ സ്വത്ത് കൈയേറാൻ ശ്രമിക്കുകയും തങ്ങളിലൊരാൾക്ക് കൈമുട്ടിന് പരിക്കേറ്റുവെന്നുമായിരുന്നു ദമ്പതികളുടെ വാദം. എന്നാൽ ആ വാദം തള്ളിയ കോടതി ജീവന് ഭീഷണിയുണ്ടാകുന്ന ഘട്ടത്തിൽ മാത്രമെ കുരുമുളക് സ്‌പ്രേ ഉപയോഗിക്കാവു എന്ന് പറഞ്ഞു.

സ്വകാര്യ പ്രതിരോധത്തിനുള്ള വ്യക്തികളുടെ അവകാശത്തെ ഇരുവരും ദുരുപയോഗം ചെയ്തുവെന്നാണ് രാജ്ദീപ് ദാസിന്റെ അഭിഭാഷകൻവാദിച്ചത്. അതോടൊപ്പം പരാതിക്കാരുടെ ജീവന് യാതൊരു ഭീഷണിയും നിലനിന്നിരുന്നില്ലെന്നും അവർ വാദിച്ചു. കുരുമുളക് പോലെയുള്ള വിനാശകരമായ രാസവസ്തുക്കൾ അപകടകരമായ ആയുധങ്ങളാണെന്ന് യു.എസ് കോടതി വിധി ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കാനികില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയത്. United States of America in PEOPLE v.SANDEL 84 N.Y.S. 3d 340 (N.Y. Sup.Ct.2018) എന്ന കേസിലാണ് യു എസ് കോടതിയുടെ ഈ നിരീക്ഷണം.

സ്വയം രക്ഷക്ക് എന്ന പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പെപ്പർ സ്‌പ്രേ പലതരം ആക്രമണങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. യു.എസ് കാമ്പസുകളിൽ ഇപ്പോൾ നടക്കുന്ന ഇസ്രായേൽ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ കാമ്പസുകളിൽ തമ്പടിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് പെപ്പർ സ്‌പ്രേ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്.

കണ്ണുനീർ ഉൽപാദനത്തിന് സഹായിക്കുന്ന ലാക്രിമേറ്റർ എന്ന രാസവസ്തുവാണ് കുരുമുളക് സ്‌പ്രേയിൽ അടങ്ങിയിരിക്കുന്നത്. ഇത് കണ്ണ്, ചർമ്മം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ തീവ്രമായ പ്രകോപനം സൃഷ്ടിച്ച് പ്രവർത്തന രഹിതമാക്കുകയാണ് ചെയ്യുന്നത്.

Comments