നിതിനയുടെ കഴുത്തിലേക്കുനീണ്ട കത്തി പ്രണയത്തിന്റെ അടയാളമാകരുത്

അടുത്ത കാലത്തായി പ്രണയം വളരെ മാരകമാകുന്നത് നാം കാണുന്നു. വളരെ അടുത്തടുത്തായി കേരളത്തെ ഞെട്ടിച്ചു കൊണ്ടുണ്ടാവുന്ന സംഭവങ്ങൾ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ മാനസികാരോഗ്യ നിലയുടെ അപകടകരമായ അവസ്ഥയെ തുറന്നുകാണിക്കുന്നു. ഒരു പെണ്ണും ആണും തമ്മിലുള്ള ബന്ധം വഷളായതിന്റെ പരിണതഫലം എന്ന രീതിയിൽ വളരെ സാമാന്യവൽക്കരിച്ച് ലാഘവത്തോടെ സമീപിക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.

പ്രണയങ്ങൾ വിവാഹത്തിലവസാനിക്കുന്ന, അല്ലെങ്കിൽ നിരാശ കാമുകരെല്ലാം ദേവദാസുകളായി മാറിയിരുന്ന കാലത്തു നിന്ന് പ്രണയം നിർബന്ധമായി അടിച്ചേൽപ്പിക്കുന്ന ഒരു കാലത്തിലേക്കുള്ള മാറ്റത്തെ നാം എങ്ങനെയാണ് നോക്കി കാണേണ്ടത്. വളരെ കാൽപനികവും പ്ലേറ്റോണിക്കുമായ ഒരു വസ്തുതയായിട്ടാണ് പ്രണയത്തെ സമൂഹവും സാഹിത്യവും എല്ലാ കാലവും കണ്ടിട്ടുള്ളത്. പക്ഷെ ഈ അടുത്ത കാലത്തായി പ്രണയം വളരെ മാരകമാകുന്നതും നാം കാണുന്നുണ്ട്. വളരെ അടുത്തടുത്തായി കേരളത്തെ ഞെട്ടിച്ചു കൊണ്ടുണ്ടാവുന്ന സംഭവങ്ങൾ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ മാനസികാരോഗ്യ നിലയുടെ അപകടകരമായ അവസ്ഥയെ തുറന്നു കാണിക്കുന്നു. ഒരു പെണ്ണും ആണും തമ്മിലുള്ള ബന്ധം വഷളായതിന്റെ പരിണതഫലം എന്ന രീതിയിൽ വളരെ സാമാന്യവൽക്കരിച്ച് ലാഘവത്തോടെ സമീപിക്കുന്നതാണ് പൊതുവെ കണ്ടു വരുന്നത്. മാധ്യമങ്ങൾ ബന്ധങ്ങളിലേക്ക് ചുഴിഞ്ഞു നോക്കിയും നിയമം അതിന്റെ വഴിക്കും ഉണർന്നെഴുന്നേൽക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ ജെൻഡേർഡ് യുദ്ധങ്ങൾ നടക്കുന്നു. അവസാനം പെണ്ണിന്റെ അടക്കത്തിലും ഒതുക്കത്തിലും ആണ് നന്മ എന്ന വിധിയെഴുത്തോടെ അങ്കം അവസാനിക്കുന്നു.

ഒരു വ്യക്തിയെ ശിക്ഷിച്ചതുകൊണ്ട് പാടെ മാറ്റി മറിക്കാവുന്ന കാര്യമല്ലിത്. അടിസ്ഥാനപരമായി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പുരുഷകേന്ദ്രീകൃത വ്യവസ്ഥയും അതിന്റെ ഉപോത്പന്നമായ സ്ത്രീവിരുദ്ധതയും തന്നെയാണ് മൂലകാരണം. പരസ്പരബഹുമാനത്തിലധിഷ്ഠിതമായ ജൻഡർ റിലേഷൻഷിപ് പൊതുവെ അന്യമാണ്. അധികാരത്തിലൂന്നിയ ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന അവസ്ഥയാണ് പലപ്പോഴും കണ്ടുവരുന്നത്. ഭാര്യ, കാമുകി എന്നീ സ്ഥാനങ്ങൾ പുരുഷന്റെ കാഴ്ചപ്പാടിൽ നിന്ന് മാത്രം നിർവചിക്കപ്പെടേണ്ട രീതിയിൽ സമൂഹം പാകപ്പെടുത്തുമ്പോൾ ആ ചിന്ത ഉൾക്കൊണ്ടും, കണ്ടും വളരുന്ന തലമുറക്ക് കിട്ടുന്ന പാഠങ്ങൾ എത്രയോ അപക്വമാണ്. എന്ന് മാത്രമല്ല, അവർ പുരുഷന്റെ സ്വകാര്യസ്വത്തു പോലെയാണ് കണക്കാക്കപ്പെടുന്നത്. പ്രണയ നിരാസം സ്വകാര്യ സ്വത്ത് നഷ്ടപ്പെടുന്നുപോലെയോ, അതിലേറെയോ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അതിനെ അക്രമം കൊണ്ടു നേരിടണം എന്നതാണ് സമൂഹം പൊതുവെ നൽകുന്ന പാഠം. പ്രണയം അധികാരത്തിനു വഴിമാറുമ്പോൾ അതിന്റെ നിരാസം അധികാരത്തിനു നേരെയുള്ള വെല്ലുവിളി പോലെയാവും വ്യാഖ്യാനിക്കപ്പെടുന്നത്. അധികാരസ്ഥാപനം കൈയൂക്കിന്റെ ബലത്തിലാണല്ലോ സാമാന്യമായി സംഭവിക്കുന്നത്. ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങളിൽ ബാധ്യതകളില്ലാത്ത പ്രണയത്തിനു എന്ത് പ്രസക്തി?
‘നിങ്ങളുടെ ബന്ധത്തിൽ വേണ്ടത്ര ഇടങ്ങൾ ഉണ്ടാകട്ടെ' എന്ന് ഖലീൽ ജിബ്രാൻ പറയുന്നു. പ്രണയം, സ്‌നേഹം എന്നീ പേരുകളിൽ ഞെരുങ്ങി കഴിയുന്ന എത്രയോ ജീവിതങ്ങളുണ്ട്. ഇതിൽ നിന്ന് മാറ്റം വരണമെങ്കിൽ ആണിനെയും പെണ്ണിനേയും, ആണത്ത ത്തെയും പെണ്ണത്തത്തെയും കുറിച്ചുള്ള ചിന്തകളിലും മനോഭാവങ്ങളിലും മാറ്റം വന്നേ മതിയാവൂ.

ഭാര്യ, കാമുകി എന്നീ സ്ഥാനങ്ങൾ പുരുഷന്റെ കാഴ്ചപ്പാടിൽ നിന്ന് മാത്രം നിർവചിക്കപ്പെടേണ്ട രീതിയിൽ സമൂഹം പാകപ്പെടുത്തുകയും, അവരെ പുരുഷന്റെ സ്വകാര്യസ്വത്തു പോലെ കണക്കാക്കപ്പെടുകയുമാണ് ചെയ്തുപോരുന്നത് / Ilustration: Holly Stapleton

ജൻഡർ ഫ്‌ളൂയിഡ്റ്റി എന്നത് കേരളത്തിൽ സാമാന്യേനെ ചിന്തിക്കാൻ പോലും കഴിയാത്ത വാക്കാണ്. ഇത്തരം കാര്യങ്ങളിൽ കേരളത്തിന്റെ വിദ്യാഭ്യാസനിലവാരവും, ചിന്താഗതിയും സാംസ്‌കാരിക അന്തരീക്ഷവും വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്. ലിംഗനീതിയിലും തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമല്ല നമ്മുടെ സാമൂഹിക ഘടന.
കുഞ്ഞുണ്ടാവുമ്പോൾ തന്നെ അതിനെ ഭാവിയിൽ ആണോ പെണ്ണോ ആക്കി മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. അതോടൊപ്പം പ്രതീക്ഷകൾ, സങ്കല്പനങ്ങൾ എന്നിവ പുരോഗമിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഇത്തരം ‘അനിവാര്യമായ' പൊതുബോധങ്ങളിൽ നിന്ന് മാറി നടക്കുന്നത് എളുപ്പമല്ല.പൊതുബോധങ്ങളിൽ നിന്നുള്ള മാറ്റം പൊതുധാരയിൽ നിന്നുള്ള പുറത്താക്കൽ അല്ലെങ്കിൽ ഒഴിവാക്കൽ കൂടിയാണ്. അത് കൊണ്ടാണ് കരയുന്ന ആൺകുട്ടികളോട്, നീ ഒരു ആണാണോടാ എന്ന് സമൂഹം കുത്തിനോവിക്കുന്നത്. ആണത്തം എന്നത് ബലത്തിന്റെയും അധികാരത്തിന്റെയും പ്രയോഗവും പ്രകടനവും ആവുന്നത്. മൃദു സ്വഭാവികളായ പുരുഷന്മാരെ, വീട്ടു ജോലികൾ ചെയ്യുന്ന, അതിന് സഹായിക്കുന്നവരെ പെൺകോന്തൻ എന്ന് പരിഹസിക്കുന്നത്. മനസ്സിന്റെ വലിപ്പത്തെക്കാൾ മസ്സിലിന്റെ പെരുപ്പം പുരുഷനെ നിർവചിക്കുന്ന സമൂഹത്തിൽ പരുഷവും പരുക്കനുമായ പുരുഷനായാൽ മാത്രമേ സ്വീകാര്യത ഉണ്ടാവുന്നുള്ളൂ, മൃദുത്വം പെണ്ണത്തമായി ദുർവ്യാഖ്യാനിക്കുമ്പോൾ, സമൂഹത്തിന്റെ പൊതു ധാരയിൽ നിൽക്കണമെങ്കിൽ നടുവേ ഓടണം.

വെള്ളിത്തിരയിലെ അമാനുഷിക നായകന്മാരെ പോലെ ആക്റ്റീവ് ആണത്തങ്ങളുടെ ആൾരൂപമാകണം. അത് പലപ്പോഴും ടോക്‌സിക് പുരുഷത്വത്തിന്റെ നേർ രൂപങ്ങളുമായിരിക്കും. അല്ലെങ്കിൽ "ആണും പെണ്ണും കെട്ടവൻ' എന്ന് പ്രബുദ്ധ, പുരോഗമന കേരളം കളിയാക്കും.
എന്താണ് ഇന്നത്തെ പെണ്ണത്തം? അടക്കവും ഒതുക്കവും കാര്യപ്രാപ്തിയും കഴിവും പുറത്ത് ആധുനികവും അകത്തു പഴമയും തൊഴിലിടങ്ങളിലെ മികവും വീട്ടു "ഭരണ'ത്തിലെ തികവും എല്ലാം കൃത്യമായ ചേരുവകളിൽ ഒത്തു ചേർന്നിരിക്കണം, പക്ഷെ ശമ്പളം സ്വന്തമായി ചിലവാക്കുന്നത് പെണ്ണത്തമല്ല. ഒരു കാര്യത്തിലും തന്റേതായ ഇടങ്ങൾ, തീരുമാനങ്ങൾ ആവശ്യമില്ല.

മറ്റുള്ളവരുടെ ഇടങ്ങളിൽ അടങ്ങി ഒതുങ്ങി അമങ്ങി ഇരിക്കുന്നവൾ തന്നെയാണ് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെയും സങ്കല്പത്തിലെ പെണ്ണ്... ഇതിനെല്ലാം അപവാദങ്ങൾ കണ്ടേക്കാം. പക്ഷെ ഇന്നും പൊതുവായ ചിന്താഗതികൾ സാമാന്യമായി ഇങ്ങനെത്തന്നെയാണ്. ഇത്തരംപൊതുബോധങ്ങൾ ഉള്ളിലേറ്റിയാണ് ഓരോ കുഞ്ഞും പെണ്ണോ ആണോ ആയിത്തീരുന്നത്. ഈ ശക്തമായ സാംസ്‌കാരികനിർമിതി സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. അത് കൊണ്ടാണ് സ്ത്രീ സുരക്ഷയും , സ്ത്രീയുടെ അഭിമാനവും കാത്തു സൂക്ഷിയ്ക്കാൻ ഉള്ള സ്ഥാപനങ്ങൾ പോലും തികച്ചും സ്ത്രീ വിരുദ്ധ നിലപാടുകൾ വെച്ചു പുലർത്തുന്നത്. അത്തരം സ്ഥാപനങ്ങൾ ലിംഗനീതിയുടെ നിഷേധം അനുവർത്തിക്കുന്നത്. സുരക്ഷിതമെന്നു ആഘോഷിക്കപ്പെടുന്ന പരിശുദ്ധമായ ഇടങ്ങൾ/ അകങ്ങൾ പൊതുവഴിയേക്കാൾ അപകടകരമാകുന്നത്.

ജൻഡർ ഫ്‌ളൂയിഡ്റ്റി എന്നത് കേരളത്തിൽ സാമാന്യേനെ ചിന്തിക്കാൻ പോലും കഴിയാത്ത വാക്കാണ്. കുഞ്ഞുണ്ടാവുമ്പോൾ തന്നെ അതിനെ ഭാവിയിൽ ആണോ പെണ്ണോ ആക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാവേണ്ട ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത്? പുറത്തു പുരോഗമനവും അകത്തു പാരമ്പര്യവും സമമായി ചേർത്തു വിളമ്പുന്ന മാതൃക അവരും പിന്തുടരുന്നു. മോഹൻലാലിന്റെയും, മമൂട്ടിയുടെയും നായക കഥാപാത്രങ്ങൾ ങ്ങൾക്ക് ചുറ്റും കറങ്ങുന്ന കൂടുതലൊന്നും ചെയ്യാനില്ലാത്ത നിറവും മണവും ഗുണവും തികഞ്ഞ നായികമാരെയാണ് നമുക്ക് പഥ്യം.

ബാംഗ്ലൂർ നഗരത്തിൽ പഠിക്കുന്ന, അവിടെനിന്നു സ്വയം കാർ ഓടിച്ചു ഒറ്റയ്ക്ക് വരാൻ ധൈര്യം കാണിക്കുന്ന തികച്ചും മോഡേൺ ആയ നായിക യോട് മോഹൻലാലിന്റെ നായകകഥാപാത്രം പറയുന്ന ഒരു ധിക്കാരം നിറഞ്ഞ ഡയലോഗ് നിറഞ്ഞ കൈയടികളോടെ കേരളത്തിന്റെ പുരുഷയുവത്വം സ്വാഗതം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ ഡയലോഗ് ഇപ്പോഴും അതേ പ്രകമ്പനം തന്നെ ഉണ്ടാക്കുന്നു. ‘നായകന്റെ പിള്ളേരെ പെറ്റു വളർത്താനും, നായകന് കള്ളു കുടിച്ചുവന്നു രണ്ടു പൊട്ടിക്കാനും, മഴക്കാലത്തു കെട്ടിപ്പിടിച്ചു കിടക്കാനും' പെണ്ണിനെ ആവശ്യമുണ്ട് പോലും.
വെള്ളിത്തിരയിലും, സാധാരണ ജീവിതത്തിലും പ്രതീക്ഷകൾ ഏതാണ്ട് ഒരേ പോലെ തന്നെയാണ്. പുരുഷകാമനകളെ തൃപ്തിപ്പെടുത്തുന്ന ഒരു സാധനം/ചരക്ക് മാത്രമാണ് പൊതുവെ പെണ്ണ് എന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം കരുതുന്നു. ഒരു പക്ഷെ സദാചാര ബോധവും അരുതുകളും അല്പം കൂടുതലാണെങ്കിലേ ഉളളൂ. ഒരു പുരോഗമന സമൂഹത്തിനു ഭൂഷണമല്ലാത്ത വിധം ഇരുണ്ടും അടഞ്ഞും പോകുന്നുണ്ട് സമൂഹം ഇന്ന്. ആണത്തത്തെയും പെണ്ണത്തത്തെയും കുറിച്ചുള്ള കാലഹരണപ്പെട്ട സങ്കൽപ്പങ്ങൾക്കിടയിൽ ജീവിക്കുന്ന ഈ സമൂഹത്തിൽ പൊതു ധാരയിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാൻ ജാതി, മത വർഗ ഭേദമന്യേ നാം നാട്ടു നടപ്പനുസരിച്ച് ജീവിക്കുന്നു.. പെണ്ണു പെണ്ണായി നിൽക്കണമെന്നും ആണ് ആണായിരിക്കണമെന്നും വാശിപിടിക്കുന്നു. മനുഷ്യനാവണം എന്ന വാശി ഇല്ലാതെയുമാവുന്നു.

പൊതുബോധത്തിൽ നിന്ന് മാറി സ്വന്തം ഇടങ്ങളെ തേടുന്നവൾ, ശബ്ദം കേൾപ്പിക്കുന്നവൾ തന്റേടിയും പോക്ക് കേസും ഭാവശുദ്ധിയില്ലാത്തവളും ആവുന്നു. ബന്ധങ്ങളിലെ ബന്ധനങ്ങൾ നിയമത്തിനു മുൻപിൽ പലപ്പോഴും റിപ്പോർട്ട് ചെയ്യാത്തതിനും എത്തിയാൽ തന്നെ ഒത്തു തീർപ്പിൽ എത്തുന്നതും, ഇത്തരം ഒറ്റപ്പെടുത്തലുകൾ കാരണമാണ്.

സമൂഹത്തിന്റെ ആധുനിക കഥയിൽ ഒരു ടോക്‌സിക് ബന്ധത്തിൽ നിന്ന് അകന്നു പോകുമ്പോൾ അവരെ തേപ്പുകാർ എന്ന് മുദ്രകുത്തുന്നു. കൂടുതൽ അടുക്കുമ്പോൾ കൂടുതൽ അകലാൻ തോന്നുന്നെങ്കിൽ ആ ബന്ധത്തിന്റെ കൂട്ട് ശരിയല്ല എന്ന് കരുതാനുള്ള പക്വത പ്രബുദ്ധ കേരളത്തിനില്ല. അത് കൊണ്ടാണ് വിവാഹമോചനത്തിനെയും, പ്രേമ നിരാസത്തെയുമെല്ലാം നാം ലാഘവത്തോടെ വിധിക്കുന്നത്. സമൂഹത്തിന്റെ പൊതു ചിന്തകളെ പ്രതിരോധിക്കാൻ വേണ്ട ശേഷി നൽകിയല്ല പെൺകുട്ടികളെ വളർത്തുന്നത്.

വെള്ളിത്തിരയിലെ അമാനുഷിക നായകന്മാരെ പോലെ ആക്റ്റീവ് ആണത്തങ്ങളുടെ ആൾരൂപങ്ങൾ പലപ്പോഴും ടോക്‌സിക് പുരുഷത്വത്തിന്റെ നേർ രൂപങ്ങളുമായിരിക്കും.

എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള ആർജിത പാഠങ്ങൾക്കെതിരെ പൊരുതാൻ സാമൂഹിക സുരക്ഷ വ്യവസ്ഥകൾ ശക്തമായേ പറ്റൂ. അറു പഴഞ്ചൻ പ്രത്യയശാസ്ത്രങ്ങളുമായി നില നിൽക്കുന്ന സ്ഥാപനങ്ങൾക്ക് പൊളിച്ചെഴുത്തു കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് കുടുംബങ്ങളിൽ തുടങ്ങണം. അതിന് മാതാപിതാക്കളും വിദ്യാഭ്യാസസ്ഥാപനങ്ങളും സാമൂഹിക സുരക്ഷാ വ്യവസ്ഥകളും മാധ്യമങ്ങളും ധാരണങ്ങളെ തിരുത്തേണ്ടതുണ്ട്.

മറ്റൊന്ന് മാനസികാരോഗ്യത്തേക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ്. ശാരീരിക സ്വാസ്ഥ്യത്തിന് നൽകുന്ന യാതൊരു പ്രാധാന്യവും നാം മാനസിക ആരോഗ്യത്തിന് നൽകുന്നില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും അറിയാതെ ഒളിച്ചു നടത്തുന്ന ഒന്നായിട്ടാണ് പലപ്പോഴും കൗൺസിലിങ് സംഭവിക്കുന്നത്. വാഷ്‌റൂമുകൾ പോലെ, ഓഡിറ്റോറിയം പോലെ, തന്നെ ആവശ്യമാണ് ഓരോ സ്ഥാപനത്തിനും കൗൺസിലിങ് കേന്ദ്രങ്ങൾ. പഠനകാര്യങ്ങളിൽ നടത്തുന്ന തുടർ ശ്രദ്ധ തന്നെ ഇതിനും നൽകേണ്ടതാണ്. മാനസികമായ അസ്വസ്ഥതകളെ പലപ്പോഴും ലാഘവത്തോടെ സമീപിച്ചു, അതൊക്കെ അങ്ങ് മാറിക്കോളും എന്ന് ഒതുക്കലാണ് നമ്മുടെ ഒരു പൊതുവായ രീതി. ഒരു സൈക്കോളജിസ്റ്റനെയോ, സൈക്യാട്രിസ്റ്റി നെയോ ആരെങ്കിലും സമീപിച്ചാൽ അവനു/ അവൾക്ക് വട്ടായി എന്ന സാമാന്യതത്വത്തിലെത്തുന്ന അപക്വമായ സമീപനം സമ്പൂർണ സാക്ഷരത വീമ്പുകളിൽ വിലസുന്ന കേരളസമൂഹത്തിന് ഭൂഷണമേയല്ല.
കുടുംബത്തിന് ഒരുമിച്ചോ വേവേറെയൊ ഉള്ള കൗൺസിലിംഗ് / തെറാപി സേഷൻസ് അത്യാവശ്യമാണ് എന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങളാണ് നാം കാണുന്നത്.

ജൻഡർ സങ്കൽപ്പങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടണം. ലൈംഗിക വിദ്യാഭ്യാസം, പരസ്പരബഹുമാനം, സമത്വം എന്നിവ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. ബന്ധങ്ങൾ അതിക്രമത്തിലൂടെയും/ ശക്തിപ്രകടനത്തിലൂടെയുമല്ല തെളിയിക്കേണ്ടത് എന്ന് മാറ്റി പഠിപ്പിക്കണം. ആണിനും പെണ്ണിനും, ഭരണഘടന നൽകുന്നത് തുല്യസ്വാതന്ത്ര്യ മാണെന്നും ഒന്ന് മറ്റൊന്നിലും മീതെയല്ല എന്നും ചെറിയ ക്ളാസുകളിൽ തന്നെ മനസ്സിലാക്കിക്കണം. ജൻഡർ റോളുകളെപ്പറ്റിയുള്ള പഴയ പാഠങ്ങൾ മാറ്റിയെഴുതണം. അതിലേക്ക് സത്വരശ്രദ്ധ പതിയണം. അല്ലെങ്കിൽ വികല സങ്കൽപ്പങ്ങൾ നെഞ്ചിലേററി തകരുന്ന യുവത്വത്തിന് കാലം സാക്ഷിയാകും. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുകയും ചെയ്യും.

കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങളും സാംസ്‌കാരിക അവകാശവാദങ്ങളും സമഗ്രമായ മാറ്റത്തിനു വിധേയമാവേണ്ടതുണ്ട്. വിദ്യാഭ്യാസവും തൊഴിലും സാംസ്‌കാരികമായ വളർച്ചക്ക് ഉതകണം. സംവേദനക്ഷമതയുള്ള സ്വാതന്ത്ര്യബോധമുള്ള ധൈര്യമുള്ള, തന്റെടമുള്ള പെൺകുട്ടികൾക്കും ടോക്‌സിക് മാസ്‌ക്യൂലിനിറ്റിയുടെ സഹായമില്ലാതെ ആൺകുട്ടികൾക്കും വളരാൻ പറ്റിയ സാഹചര്യമില്ലെങ്കിൽ പിന്നെ പുരോഗമനം വെറും പ്രഹസനം മാത്രം.


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments