പ്രിയ കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ,
ഞാൻ പി.എൻ.ഗോപീകൃഷ്ണൻ, കവി.
പേരുകൾ ഒന്നായതുകൊണ്ടുള്ള കുഴപ്പങ്ങൾ ധാരാളം അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ. കേരള ലിറ്റററി ഫെസ്റ്റിവലിൽ താങ്കളെ കവി എന്ന് വിളിച്ചുകേട്ടപ്പോഴുണ്ടായ പുകിലിനെപ്പറ്റി താങ്കൾ തന്നെ പരാമർശിച്ചിരുന്നല്ലോ. എങ്കിലും ജനകീയമായ ഒരു കലാവ്യവഹാരത്തിൽ ഏർപ്പെടുന്നതിന്റെ ഭാഗമായ പ്രശസ്തി താങ്കളുടെ ഭാഗത്തേയ്ക്ക് കൂടുതൽ ചാഞ്ഞുനിൽക്കുന്നതിനാൽ ‘അപരത്വ' ത്തിന്റെ തമാശ നിറഞ്ഞ അനുഭവങ്ങൾ കുറേക്കൂടി ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കാണുണ്ടായിട്ടുള്ളത്. അതിൽ ചിലത് ഇപ്പോഴും ആലോചിക്കുമ്പോൾ ചിരിയുണർത്തുന്നവയാണ്.
എനിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയപ്പോൾ, 2015ലാണെന്നു തോന്നുന്നു, എന്റെ ജന്മനാട്ടിൽ ഒരു സ്വീകരണം നൽകുകയുണ്ടായി. അതിലെ ഒരു പ്രസംഗക, എന്റെ സ്‌കൂൾ സഹപാഠിയും അപ്പോൾ പഞ്ചായത്തംഗവുമായ ഒരാൾ ആയിരുന്നു. മാറിത്താമസിച്ചതിന് ശേഷം എന്റെ ജന്മദേശത്തേയ്ക്കുള്ള വരവുകൾ പരിമിതപ്പെട്ടിരുന്നു. പ്രസംഗവേദിയിൽ എല്ലാ അനുമോദന സമ്മേളനങ്ങളിലും എന്നപോലെ ഒന്ന് മനസ്സയച്ചാൽ പുളകം പൊള്ളിച്ചേക്കാവുന്ന പൊള്ളവാക്കുകൾ മുഴങ്ങിയിരുന്നു. അവിടെ ഈ സഹപാഠിയുടെ ഊഴമെത്തിയപ്പോൾ, സംശയലേശമന്യേ തുടങ്ങിയത് ഇങ്ങനെയാണ്: ‘പഠിക്കുന്ന കാലത്തുതന്നെ ഇവൻ ടെക്സ്റ്റുബുക്കുകളുടെ മാർജിനിലടക്കം കുത്തിവരയ്ക്കുമായിരുന്നു. അന്നേ ഞാൻ വിചാരിച്ചിരുന്നു, വലുതാകുമ്പോൾ ഇവൻ വരച്ച് വശം കെടുത്തുമെന്ന്'
എനിക്കവളെ പിടിച്ച് ഒരിടി കൊടുക്കാൻ തോന്നി. സഹപാഠി കവിതകൾ എഴുതിയ വിവരം അറിയാഞ്ഞതിനല്ല. കവിയെന്ന നിലയിൽ കിട്ടിയ പുരസ്‌കാര ലബ്ധിയുടെ അനുമോദന നോട്ടീസ് പോലും വായിക്കാതെ വന്നതിന്. അപ്പോൾ തന്നെ ഞാൻ സ്വയം തിരുത്തി. പഞ്ചായത്ത് അംഗമെന്ന നിലയിൽ ഗംഭീരപ്രവർത്തനമാണ് അവൾ നടത്തിവരുന്നതെന്ന് എനിക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. അങ്ങനെ ജനകീയയായ ഒരു പഞ്ചായത്തംഗം അവൾ ഉൾപ്പെട്ട രാഷ്ട്രീയരംഗത്തെ നേതാക്കളെ കൈവിരലുകൾക്കിടയിലിട്ട് അമ്മാനമാടുന്ന ഒരാളായാണ് ഇത്രയും കാലം എന്നെ കരുതിയിരുന്നത്. ആ സ്‌നേഹവും ബഹുമാനവും ഒക്കെയാണ് മൈക്കിന് മുന്നിൽ അവൾ കെട്ടഴിക്കുന്നത്. പ്രസംഗശേഷം എന്റെ അടുത്ത് വന്നിരുന്ന് പഴയ സ്‌കൂൾ കഥകൾ പറയുമ്പോഴും ഞാൻ അവളെ തിരുത്തിയില്ല. ഇപ്പോഴും അവൾ കരുതുന്നുണ്ടാകും അവളുടെ പ്രഭാതങ്ങളെ പ്രസന്നമാക്കുന്ന, ആ ചിരി വിടർത്തുന്ന പഹയൻ ഞാനാണെന്ന്.
ഇത്രയും എഴുതിയപ്പോൾ മറ്റൊന്നുകൂടി എഴുതാതെ വയ്യ. കമൽറാം സജീവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന കാലത്ത്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവർഷങ്ങളിലൊന്നിൽ, നിരക്ഷരൻ എന്ന പേരിൽ എന്റെ കവിത, അന്നത്തെ നിലയിൽ ഗംഭീരമായ ലേ ഔട്ടോടുകൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. സ യും ശ യും ഷ യും തെറ്റിച്ചുപറയുന്ന ഒരാളായിരുന്നു ആ കവിതയിലെ നായകൻ. എന്നത്തേയും പോലെ ഒരു പ്രത്യേക അഭിരുചിയിൽ ഉറച്ചുപോയ കാവ്യാസ്വാദകർക്ക് ആ കവിത ഇഷ്ടമായേ ഇല്ല. പിന്നത്തെ ആഴ്ചയിലെ സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായരുടെ നിശിതവിമർശനം വന്നു. വരും ലക്കങ്ങളിലൊന്നിൽ വേറൊരു വ്യക്തിയുടെ കത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മാതൃഭൂമിയിൽ വരയ്ക്കുന്നു എന്നത് പീറക്കവിതയെഴുതി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനുള്ള ലൈസൻസ് അല്ല എന്നോ മറ്റോ ഉള്ള വരികളിലാണ് ആ കത്ത് അവസാനിച്ചത്. ആദ്യ കവിതാസമാഹാരമിറക്കുന്ന കാലത്ത് ആ കത്ത് അവതാരികയോ ബ്ലർബോ ആയി ചേർത്തുകളയാം എന്ന എന്റെ നിർദ്ദേശത്തെ ‘ബാഡ് ടേസ്റ്റ് ' എന്നുപറഞ്ഞ് എന്റെ പ്രസാധകർ തള്ളിക്കളഞ്ഞു.
ഇങ്ങനെ താങ്കളുടെ പേരിൽ പ്രശസ്തി എനിക്കും എന്റെ പേരിൽ പരിമിതമായെങ്കിലും തെറി താങ്കൾക്കും കിട്ടിയിട്ടുള്ള, ഏതാണ്ട് ഒരേ കാലത്ത് എഴുത്തും വരയും ആരംഭിച്ച രണ്ടുപേരാണ് നമ്മൾ. താങ്കൾ വ്യാപരിക്കുന്ന ലോകം എത്രയോ വഴുക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിൽ അല്പം താഴെയുള്ള ആണുങ്ങളിൽ ഭൂരിഭാഗവും മോശമായ തരത്തിൽ പാർട്ടി വത്ക്കരിക്കപ്പെട്ടവരാണ്. മനസ്സുകൊണ്ട് കോൺഗ്രസും കമ്യൂണിസ്റ്റും ബി.ജെ.പിയും യു.ഡി.എഫും എൽ.ഡി.എഫും നക്‌സലൈറ്റും എസ്.ഡി.പി.ഐയും അംഗത്വമെടുത്തവരായി അവർ സ്വയം കരുതുന്നു.എന്നാൽ പ്രായോഗിക രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന സഹിഷ്ണുതയോ ജനാധിപത്യബോധമോ തരിമ്പും ഇവരെ തീണ്ടിയിട്ടുണ്ടാകില്ല. അധികാരം അരനിമിഷത്തേയ്ക്ക് കിട്ടിയാൽ എതിരാളിയെ തച്ചുകൊല്ലാൻ മാത്രം പക , വെറുതെ പത്രം വായിച്ചും ടി.വി കണ്ടും ഉണ്ടാക്കുന്നവർ. സോഷ്യൽ മീഡിയ വന്നതോടെ അവരുടെ പകയ്ക്കും വിഡ്ഢിത്വത്തിനും പരക്കാൻ ഒരു മാധ്യമവുമായി.
അത്തരക്കാരുടെ വിദ്വേഷം പലപ്പോഴും താങ്കൾ ഏറ്റുവാങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. സംസ്‌കാരത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പുരാഷ്ട്രീയമല്ല എന്ന പ്രാഥമികജ്ഞാനം, താങ്കളെപ്പോലൊരു കാർട്ടൂണിസ്റ്റിന്റെ സൃഷ്ടികളെ വിലയിരുത്തുമ്പോൾ കൈയ്യിൽ സൂക്ഷിക്കേണ്ടത്, ഒരിക്കലും അവരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ‘എന്നെ വെറുതെ വിടരുത്’ എന്ന് സുഹൃത്തായ ശങ്കറിനോട് പറഞ്ഞ നെഹ്‌റുവിന്റെ ഉന്നതമായ പാരമ്പര്യത്തിന്റെ അയലത്തെങ്ങും അവർ എത്തുമായിരുന്നില്ല. എന്നാൽ ഭാഗ്യമെന്ന് പറയട്ടെ അധികാരത്തിന്റെ കുലകളിലേയ്ക്ക് എറിയുന്ന കല്ലാണ് കാർട്ടൂൺ എന്നത് കാർട്ടൂണിസ്റ്റുകളും പാടേ കൈയ്യൊഴിഞ്ഞില്ല. പാപം ചെയ്യാത്തവരായി അവർ സ്വയം കരുതി. ആ കരുതലാണ് കാർട്ടൂണിസ്റ്റിന്റെ ഇന്ധനം എന്നവർ ഉറപ്പിച്ചു.
ഞാൻ ആദരിക്കുന്ന കാർട്ടൂണിസ്റ്റുകൾ ആരെന്ന് ചോദിച്ചാൽ, ക്ഷമിക്കണം, അതിൽ താങ്കളുടെ പേരുണ്ടാകില്ല. എനിക്ക് ഒറ്റയടിക്ക് പറയാവുന്ന ഉത്തരം അബു, വിജയൻ, രജീന്ദർ പുരി, ഇ.പി. ഉണ്ണി എന്നായിരിക്കും. ഇന്ത്യ എന്ന അനുഭവത്തിനുള്ളിലെ അഗാധ രാഷ്ട്രീയസംഘർഷങ്ങൾ അവർ കാർട്ടൂണിൽ ആവാഹിച്ചു. ഇന്നും അടിയന്തരാവസ്ഥക്കാലത്ത് വിജയൻ വരച്ച ‘ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനം ' എന്ന കാർട്ടൂൺ പരമ്പര ധർമ്മപുരാണം എന്ന നോവലിനേക്കാൾ ഒരു പക്ഷെ അഗാധമാണെന്ന് ഞാൻ പറയും. പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ കവിതകൾ കൂടിയായാണ് ഞാനത് ഇപ്പോഴും കരുതുന്നത്. അങ്ങനെ, നേരമ്പോക്ക് അല്ല കാർട്ടൂണിലെ കുത്തിവരകൾ എന്ന് വിജയനും കൂട്ടരും നമ്മെ ചെറുപ്പന്നേ പഠിപ്പിച്ചു.
എന്നാൽ, താങ്കൾ അങ്ങനെ ആയിരുന്നില്ല. അതേസമയം, ദിവസങ്ങളെ പ്രകാശമാനമാക്കുന്ന ഒരു തെളിച്ചം താങ്കൾക്കുണ്ടായിരുന്നു. അതാർക്കും നിഷേധിക്കാൻ കഴിയുമായിരുന്നില്ല. ശങ്കറിനെ മൂർച്ചവെപ്പിക്കുകയായിരുന്നു താങ്കൾ ചെയ്തത്. ലക്ഷ്മൺ പൊതുജനത്തെ എങ്ങനെ ‘ഹുക്ക് ' ചെയ്‌തോ, അതിനേക്കാൾ ഭംഗിയായി താങ്കൾ അവരെ ‘ഹുക്ക് ' ചെയ്തു. മറ്റൊരു ജനകീയ കലയായ സിനിമയെ കാർട്ടൂണിന്റെ മൂല്യവർദ്ധനവിന് ഉപയോഗിക്കാൻ കഴിയും എന്ന് സഫലമായി കാണിച്ചത് താങ്കൾ ആണ്. ട്രോൾ എന്ന് നാം ഇന്ന് വിളിക്കുന്ന ഒരു ജനുസ്സ് അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ തുടങ്ങിയത് താങ്കളാണ്. ഇതൊന്നും നേരത്തെ പറഞ്ഞ വിജയൻ, അബു കാർട്ടൂൺ ജനുസ്സിനെ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തില്ല. പക്ഷേ, അവരെയെല്ലാം അല്പനേരമെങ്കിലും അശിക്ഷിതരാക്കി പൊട്ടിച്ചിരിപ്പിക്കുന്ന പ്രതലം താങ്കൾ ഒട്ടും ആയാസം കൂടാതെ സൃഷ്ടിച്ചു. ഒരുതരം സ്പഷ്ടത താങ്കളുടെ വരകൾക്കും വരികൾക്കുമുണ്ടായിരുന്നു. പോക്കറ്റ് കാർട്ടൂണുകളിൽ ആ സ്പഷ്ടത പരിമിതപ്പെടാറുണ്ടെങ്കിലും. പക്ഷെ, നമ്മൾ നിത്യവും കാണുന്ന നേതൃ കഥാപാത്രങ്ങളെ വരച്ചെടുത്ത് ഉണ്ടാക്കുന്ന അരങ്ങിൽ താങ്കൾ ഒരടക്കവും കൂടാതെ തകർത്താടി. ലക്ഷ്മണിൽ നിന്ന് താങ്കളുടെ 'ഹുക്കിങ്ങ് ' വേർപിരിയുന്നത് അവിടെയായിരുന്നു. ലക്ഷ്മണ് നേതൃകഥാപാത്രങ്ങളെ നേരെ തൊടാൻ ഇഷ്ടമില്ലായിരുന്നു. അവരുടെ ഇമേജുകളിൽ അദ്ദേഹം തൃപ്തിപ്പെട്ടു.
ഇത്രയും പറഞ്ഞത്, ഇന്നലെ, ജൂലൈ 14ന്, താങ്കൾ എന്നെ ഞെട്ടിച്ചതുകൊണ്ടാണ്. പതിവിൽ നിന്ന് വിരുദ്ധമായി ഞാൻ അത് കണ്ടിരുന്നില്ല. പ്രിയപ്പെട്ട ഒരു സുഹൃത്ത് അത് കാണാനാവശ്യപ്പെട്ട് അയച്ചു തന്നപ്പോൾ ഒരു പ്രത്യേകതരം തണുപ്പ് എന്റെ എല്ലുകളെ കോച്ചി വലിപ്പിച്ചു. ആ കാർട്ടൂൺ താഴെ കൊടുക്കുന്നു.
സാരാനാഥത്തിലെ അശോകസ്തംഭം പാർലിമെന്റിലെ സിംഹസ്തംഭമാകുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന് രാജ്യത്തിലെ വിവേകികൾ അന്തംവിട്ടും ആകുലപ്പെട്ടും രോഷപ്പെട്ടുമിരിക്കുമ്പോഴാണ് ഈ കാർട്ടൂൺ പ്രത്യക്ഷപ്പെടുന്നത്. സൗമ്യതയുടേയും ശൗര്യത്തിന്റേയും പരസ്പരവിരുദ്ധമായ ഭാവങ്ങളെ കൂട്ടിക്കലർത്തിയ അപൂർവ്വമായ ഒരു ദർശനം സാരാനാഥിലെ ആ ശില്പം പ്രക്ഷേപിക്കുന്നുണ്ട്. അഹിംസയും സമാധാനവും മൈത്രിയും ദൗർബല്യത്തിന്റേയും അശക്തിയുടേയും ഉല്പന്നങ്ങൾ അല്ല എന്നാണത് പറയുന്നത്. ഏറ്റവും വലിയ കരുത്തുകൊണ്ടാണ് അഹിംസ എന്ന ദർശനം പടുത്തുയർത്തിയത് എന്ന് ഗാന്ധിയെപ്പോലെ ഒരാൾ പറയുമ്പോൾ അതിനുപിന്നിൽ ഈ ശില്പത്തിന്റെ അഗാധ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടാണത് സ്വാതന്ത്ര്യശേഷം നമ്മുടെ ദേശീയഭാവനയിൽ കയറിപ്പറ്റിയതും നിതാന്ത സാന്നിദ്ധ്യമായതും. ഭരണകൂടങ്ങൾ തിരിച്ചും മറിച്ചുമിട്ട് ശോഭകെടുത്താൻ പരമാവധി ശ്രമിച്ചിട്ടും അത് കരുത്തുറ്റ സാന്നിദ്ധ്യമായി തുടരുന്നത് ഈ ദർശനഗരിമ കൊണ്ടാണ്. സിംഹങ്ങളേ അല്ല അത്. ചോദനയാൽ മാത്രം ചലിക്കുന്ന ഒരു ജീവിയുമല്ല. അത് ഒരു അക്ഷരമാലയാണ്. അത് സിംഹങ്ങൾ ആണെങ്കിൽ സാഞ്ചിയിലെ സ്തൂപം വെറും അലങ്കരിച്ച ചുമടുതാങ്ങിയായിപ്പോകും.
നമ്മുടെ സംസ്‌കാരത്തിലെ അഹിംസയുടെ, സമാധാനത്തിന്റെ, മൈത്രിയുടെ ആ വലിയ അക്ഷരത്തെ ക്രൗര്യവും അധികാരവും ഹിംസയും ധ്വനിപ്പിക്കുന്ന ശില്പമായി പരിവർത്തിപ്പിച്ചതിനാലാണ് പുതിയ സിംഹസ്തംഭത്തിന്റെ ഫോട്ടോ, നമ്മെ അസ്വസ്ഥമാക്കുന്നത്. അനുപാതത്തിന്റെ അളവുവ്യതിയാനങ്ങളേക്കാൾ ദർശനത്തിന്റെ ഈ മറച്ചിടലാണ് സംഭവിച്ചത് എന്നത് യാദൃച്ഛികമല്ല എന്നത് നമ്മെ ഭീതിപ്പെടുത്തുന്നു. കാരണം, ഈ ശില്പത്തിന്റെ രക്ഷാകർത്തൃത്വം ഹിംസയിലും യുദ്ധത്തിലും വിശ്വസിക്കുന്ന ഒരു തത്വശാസ്ത്രത്തിലാണ്. ‘ദി എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന ഹിന്ദുത്വ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പുസ്തകത്തിൽ സവർക്കർ ബുദ്ധനെ വിമർശിക്കുന്ന ഒരു രീതിയുണ്ട്. ബുദ്ധധർമത്തേയും സംഘത്തെയും നാം ആദരിക്കുന്നു, ബഹുമാനിക്കുന്നു എന്നൊക്കെ പതുങ്ങിത്തുടങ്ങുന്നത് വളരെപ്പെട്ടെന്ന് തനിനിറം കാണിക്കുന്നു. ശാക്യന്മാർ വീണത് അവരുടെ ബന്ധുമിത്രാദികളുടെ കീഴിലല്ല, ലിച്ചികളുടേയും ഹൂണരുടേയും മുന്നിലാണ്, സവർക്കർ പറയുന്നു. അപ്പോഴും പ്രബുദ്ധനെ അതൊന്നും സ്പർശിച്ചില്ല. എന്നാൽ മറ്റ് ഹിന്ദുക്കൾ കയ്പിന്റേയും രാഷ്ട്രീയ സേവകത്വത്തിന്റേയും ഈ കോപ്പ കുടിച്ചില്ല. അഹിംസയുടേയും ആത്മീയ സാഹോദര്യത്തിന്റേയും വായ് നിറയ്ക്കുന്ന സമവാക്യങ്ങളല്ല അവർ പിന്തുടർന്നത്.
ബുദ്ധമതം പിന്തുടർന്നത് യഥാർത്ഥലോകത്തിൽ നിന്ന് അകലെയുള്ള ഒരു ലോകത്തേയാണ് എന്ന് സവർക്കർ പ്രഖ്യാപിക്കുന്നു. അവിടെ കളിമൺകാലുകൾക്ക് നിൽക്കുവാൻ കഴിയില്ല. വാളുകളാണ് കൂർപ്പിക്കേണ്ടത്. തൃഷ്ണയാണ് ഏറ്റവും ശക്തിമത്തായ സത്യം. നിറം പിടിപ്പിച്ച അരുവികൾ സ്വർഗ്ഗത്തിൽ മാത്രമേ ഒഴുകൂ. ഹൂണരും ശാകരും അഗ്‌നിപർവ്വതങ്ങളെപ്പോലെ പൊട്ടിയൊഴുകിയപ്പോൾ ഹിന്ദുക്കൾ അതിജീവിച്ചത് രണ്ടു വാക്കുകളിൽ പിടിച്ചാണ്, തീയും വാളും. ബുദ്ധയുക്തിക്ക് ഈ ഭീകരദ്വന്ദ്വത്തിന്; തീയ്യിന്റേയും വാളിന്റേയും അപരിചിത ബൈബിളിന്; മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അങ്ങനെ ഹിന്ദുക്കൾ അവരുടെ വിശുദ്ധ ഹോമകുണ്ഡം വീണ്ടും തുറന്നു. വാളുകൾ വീണ്ടെടുക്കുന്നതിന് വേദകാലത്തിന്റെ ഖനികൾ വീണ്ടും തുറന്നു. കാളിയുടെ അൾത്താരയിൽ അവർ അവയെ മൂർച്ച കൂട്ടി. മഹാകാലന്റെ രൗദ്രമാണ് കാലത്തിന്റെ സത്യം. സമവാക്യങ്ങൾ തോറ്റിടത്ത് ധീരത വിജയിച്ചു. വേദകാലത്തിനൊത്ത് ഉയരുക, വേദകാലത്തേയ്ക്ക് മടങ്ങുക എന്ന ദേശീയമായ അലർച്ച വീണ്ടും വീണ്ടും മുഴങ്ങി. കൂടുതൽ കൂടുതൽ ധിക്കാരത്തോടെ. കാരണം അത് ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു.
ഗുണാഢ്യന്റെ ശ്ലോകങ്ങൾ എന്നുപറഞ്ഞ് സവർക്കർ മേല്പറഞ്ഞതിനെ ഉറപ്പിക്കാൻ പറയുന്നവ ഇവയാണ്
ദൈവമേ, വിഷ്ണുഭഗവാനാൽ ഒരിക്കൽ കൊല്ലപ്പെട്ട അസുരർ മ്ലേച്ഛരായി വീണ്ടും തിരിച്ചുവന്നിരിക്കുന്നു അവർ ബ്രാഹ്മണരെ കൊല്ലുന്നു. ബലി / യജ്ഞം പോലുള്ള മതാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മുനികന്യകമാരുടെ മാനം കവരുന്നു. അവർ ചെയ്യാത്ത പാപങ്ങൾ ഒന്നുമില്ല.
3 .മ്ലേച്ഛർ ഈ ഭൂമി കൈയ്യടക്കിയാൽ ദൈവങ്ങളുടെ ഈ രാജ്യം നശിക്കും. കാരണം അവർ ബലികളും / യജ്ഞങ്ങളും അനുഷ്ഠാനങ്ങളും നിരോധിക്കും
അതുകൊണ്ട് ശാകരും ഹൂണരും കടന്നുവന്നപ്പോൾ അഹിംസയും സഹവർത്തിത്വവും വലിച്ചെറിഞ്ഞ് എണീറ്റു. ധീരതയും ശക്തിയും ദേശീയബോധമാകുന്ന കാലത്താണ് ഭാവി സുരക്ഷിതമാകുക എന്നും സവർക്കർ പറഞ്ഞുവെയ്ക്കുന്നു. ബുദ്ധിസത്തിന് ഭൂമിശാസ്ത്രപരമായ ഒരു ഭൂഗുരുത്വകേന്ദ്രം ഇല്ലാതിരുന്നത് കൊണ്ടാണ് അത് പരാജയപ്പെട്ടതെന്നും നിരീക്ഷിക്കുന്നു.
ഇങ്ങനെ ബുദ്ധിസത്തിന്റെ അഹിംസയും മൈത്രിയും വലിച്ചെറിഞ്ഞ് സവർക്കർ പറഞ്ഞ ധീരതയും ശക്തിയും പകരം വെച്ചതാണ് പുതിയ സിംഹസ്തംഭത്തിൽ നാം കാണുന്നതെന്നും അതാണ് അതിനുപിന്നിലെ തത്വം എന്നും ഞാൻ വിചാരിക്കുന്നു. 2023 ൽ 100 വർഷമാകാൻ പോകുന്ന എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വ എന്ന സവർക്കറുടെ പുസ്തകത്തോട്, മോദി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ആദ്യ പ്രഖ്യാപനത്തോടുള്ള ആദരവാണ് ആ രൗദ്രസിംഹസ്തംഭം. അതിനടിയിലെ കെട്ടിടത്തിനുള്ളിൽ അവർ ഒരുക്കാൻ പോകുന്നതോ, സവർക്കറുടെ അൾത്താരയും എന്ന് അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നത്
ഇങ്ങനെയൊരു കാലത്താണ് മൻമോഹൻസിംഗിന്റെ ‘ദൗർബല്ല്യ' വും മോദിയുടെ ‘ശക്തി ' യും എടുത്തുകാട്ടി താങ്കൾ വരയ്ക്കുന്നത്. സാഹിത്യവും കലയുമല്ല വാളും യുദ്ധവുമാണ് ഭാരതത്തിനാവശ്യം എന്നുപറഞ്ഞ സവർക്കർ യുക്തിയെ മറ്റൊരുതരത്തിൽ ആ കാർട്ടൂൺ ഉൾക്കൊള്ളുന്നതായി ഞാൻ പേടിക്കുന്നു. ആര്യാവർത്തത്തിന്റെ ബ്രാഹ്മണ്യത്തെ ശ്രീലങ്കയോളം വ്യാപിപ്പിച്ച ആദ്യ ചക്രവർത്തിയായി രാമനെ കണ്ട സവർക്കറെ ഓർമ്മിച്ചുകൊണ്ട് രാമായണത്തിന്റെ മറ്റൊരു പാഠം സ്വാതന്ത്ര്യമെടുത്ത് ഞാൻ ഓർമ്മിപ്പിക്കട്ടെ; മാ, ഗോപീകൃഷ്ണാ...
കല എന്ന കുഴപ്പിക്കുന്ന പ്രപഞ്ചത്തിൽ വീണ്ടും വീണ്ടും ആണ്ടു മുങ്ങാനും കൂടുതൽ സങ്കീർണതകൾ അനുഭവിക്കാനും വിധിക്കപ്പെട്ടവരാണ് നമ്മൾ. ദൈനംദിനതയുടെ ഇന്ധനം താങ്കളുടെ കലാപ്രവർത്തനത്തിന്റെ അനിവാര്യതയാണ്. അതംഗീകരിക്കുമ്പോൾ തന്നെ ഓരോ ദിവസവും സർവ്വാധികാരം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നീതിയെങ്കിലും കണ്ടെടുക്കാൻ ഇക്കാലത്ത് നമുക്ക് കഴിയണം. നമ്മുടെ കലയിൽ ആനന്ദിച്ച് ചുമലിൽ തട്ടുന്ന കൈ സർവ്വാധികാരത്തിന്റേതാകരുത്. ഒരു പാർട്ടി ഉപസമൂഹത്തിന്റെ താൽപര്യങ്ങൾക്കും നാം, കലയിലും സാഹിത്യത്തിലും ആണ്ടു മുഴുകുന്നവർ അടിമപ്പെട്ടുകൂടാ. എന്നാൽ അത് പാർട്ടികളുടെ ലഘുവായ ഫുട്ബാൾ മത്സരങ്ങൾക്കപ്പുറം നമ്മുടെ അസ്തിത്വത്തെ പിടിച്ചുകുലുക്കുന്ന സർവ്വാധികാരിയെ കാണുന്നതിൽ നിന്നും നമ്മെ മറയ്ക്കരുത്.
ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിരന്തരം ഹനിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. ഇതിനെ പ്രതിരോധിക്കാൻ സഫലമായൊരു രാഷ്ട്രീയസഖ്യം, കഷ്ടകാലത്തിന് നമുക്കില്ല. ഫാസിസത്തിനെതിരെ ഐക്യമുന്നണി എന്നത് പേരിനെങ്കിലും നടപ്പാകുന്നത് എഴുത്തും കലയും കൊണ്ടുനടക്കുന്നവരാണ്, എന്നത് നമുക്ക് പ്രധാനപ്പെട്ട ഒന്നാണ്. ‘നെഹ്‌റുവിന്റെ മരണമുറിയിൽ തുറന്നു വെച്ച ആ കവിത, റോബർട്ട് ഫ്രോസ്റ്റിന്റേത്, നമുക്ക് നടക്കാനുള്ള ദീർഘദൂരങ്ങളെ ഓർമിപ്പിക്കുന്നതുകൂടിയാണ്
നമ്മുടെ കൂടെ നടക്കേണ്ടവർ ജയിലിലോ പൗരത്വപ്പട്ടികയിൽ നിന്ന് പേരുവെട്ടി എന്നാശങ്കപ്പെട്ടോ ബുൾഡോസറിന്റെ കീഴിൽ വാസസ്ഥലം ഞെരിഞമർന്ന് കുടിയൊഴിക്കപ്പെട്ടോ കഴിയുന്ന നാളുകളിൽ സ്ഥലജലഭ്രമം നമ്മെ ബാധിക്കാൻ പാടില്ല എന്ന് വിനീതമായി, ഒരു സഹജീവി എന്ന നിലയിലും സഹകലാപ്രവർത്തകൻ എന്ന നിലയിലും താങ്കളെ സ്‌നേഹപൂർവ്വം അറിയിക്കട്ടെ. ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ട കഥാകാരൻ, സക്കറിയ പറഞ്ഞു തന്ന ആർതർ സി. ക്ലർക്കിന്റെ മനോഹരമായ കഥയിലെ; ദൈവത്തിന്റെ ഒമ്പത് ദശലക്ഷം പേരുകൾ; പ്രപഞ്ചാവസാനം കാണുന്ന കഥാപാത്രങ്ങൾ ആകാതിരിക്കണം നമ്മൾ. അധികാരികൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും.
ഒരേകാലത്ത് കലയിലും സാഹിത്യത്തിലും ഏർപ്പെടുന്നവരെ വിമർശിക്കുന്നവരിൽ ശരിയല്ലാത്ത ഒന്നുണ്ട് എന്നെനിക്കറിയാം. പലതരം കലാഖ്യാനങ്ങളിലൂടെയാണ് ഒരു യുഗം ഇതൾ വിരിക്കുക എന്നറിയാമെന്നിരിക്കേ. പക്ഷെ, താങ്കളോടുള്ള അടുപ്പവും സ്‌നേഹവും ഈ തുറന്നുപറച്ചിൽ കൊണ്ടുമാത്രമേ അതിന്റെ ശരിയായ തരംഗദൈർഘ്യത്തിൽ വർത്തിക്കൂ എന്ന ഉൾത്തള്ളലാണ് ഈ എഴുത്ത്. അതിനാൽ ക്ഷമാപണമോ കുറ്റബോധമോ ഇതിന്റെ പിന്നിൽ കൊളുത്തിയിടേണ്ട കാര്യമില്ല എന്ന് ഞാൻ കരുതുന്നു.
സ്‌നേഹത്തോടെ,
സ്വന്തം പി.എൻ. ഗോപീകൃഷ്ണൻ.