ആരുടേയും ഉടമസ്ഥതയില്ലാത്ത, എല്ലാവരുടേയും ഉടമസ്ഥതയുള്ള ഇടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള മനുഷ്യരുടെ കനിവ് ഞങ്ങളിൽ ധാരാളം ചൊരിഞ്ഞിട്ടുണ്ട്. മഴയോ വെയിലോ പോലെ ഒരു സ്വാഭാവികത അവിടെ മൂടി നിന്നതുകൊണ്ട് ഞങ്ങൾ അത് തിരിച്ചറിഞ്ഞിരുന്നില്ല. പ്രാകൃതികമായ സ്ഥലങ്ങൾ എന്ന മട്ടിൽ ഞങ്ങൾ കരുതിയിരുന്നവ ചരിത്രസ്ഥലികളായിരുന്നു എന്ന് ചിലപ്പോൾ വിഷാദത്തോടെ തിരിച്ചറിയുന്നു. സാമൂഹ്യാനുഭവം എന്നത് നമ്മിൽനിന്ന് എങ്ങനെ പറിച്ചുമാറ്റപ്പെട്ടു എന്ന് ഒരു പഠിതാവിനെപ്പോലെ മാറിനിന്ന് പഠിക്കാൻ പറ്റും വിധം വ്യക്തിപരത ആർജ്ജിക്കാനും കഴിഞ്ഞിട്ടില്ല. അതാണ് ഇക്കാര്യത്തിലുള്ള ധർമ്മസങ്കടം.
ഞങ്ങളുടെ കൗമാരകാലത്ത് കളിച്ചുനടക്കുന്നു എന്നതായിരുന്നു, മാതാപിതാക്കളുടെ പരാതി. കളി എന്നത് ഒരു കൂടിച്ചേരലായിരുന്നു. ഒക്ടേവിയോ പാസിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകാന്തത (communion). ഏകാന്തതയുടെ (Solitude) എതിർധ്രുവം. സാമ്പത്തികശാസ്ത്രത്തിൻ്റെ ദൃഷ്ടിയിൽ നോക്കിയാൽ ഉല്പാദനസ്ഥലികൾ ആയിരുന്ന പാടത്തും പറമ്പുകളിലും ഞങ്ങൾ കളി നിവർത്തിയിട്ടു. സമയവുമായി ഏറ്റവും നല്ല കരാറുണ്ടാക്കി. എന്താണ് കളി? അത് ഉല്പാദനമോ വിതരണമോ അല്ല. മിച്ചമൂല്യത്തിൻ്റെ വിനിയോഗവും അല്ല. മനുഷ്യർ തൻ്റെ സമയവുമായി അത്രമേൽ ഇഴുകിച്ചേരുന്ന ഒന്നാണത്. ഒരർത്ഥത്തിൽ സെക്കൻ്റും മിനിറ്റും ദിവസവും മാസവും വർഷവും പ്രായവും പിറന്നാളും ഒക്കെയായി വിഭജിക്കപ്പെട്ട ഒരു സമയക്രമത്തിൻ്റെ നിരാകരണം.
ശ്രീനാരായണ വിലാസം വായനശാലയിൽ പുസ്തകങ്ങൾ വ്യക്തികളെപ്പോലെ ഞങ്ങളെ കാത്തുനിന്നു. പുസ്തകങ്ങളേക്കാൾ അവയൊക്കെ പൂർണ്ണ മനുഷ്യരായിരുന്നു.
എല്ലാം മറന്ന് കളിക്കുമ്പോൾ നാം ഒരു വലിയ സമയഖണ്ഡത്തിലാണ്. മുറിഞ്ഞ ഇടത്തല്ല. നമ്മുടെ കരഭൂമി, ഭൂഖണ്ഡങ്ങളായി പിരിയാത്ത ഒരിടത്ത് നിന്നിരുന്നു എന്ന് പറയപ്പെടും പോലെ ചരിത്രം തീയ്യതികളും കൊല്ലങ്ങളുമായി തിരിച്ച സമയഭൂഖണ്ഡങ്ങളെ അതിനും മുമ്പുള്ള ഒരിടത്തേയ്ക്ക്, അഖണ്ഡമായ ഒന്നിലേയ്ക്ക് തിരിച്ചിടുന്ന ഒരിടം. അവിടെ ഭൂതമോ ഭാവിയോ ഇല്ല. അനന്തമായ വർത്തമാനം. എന്നാൽ അതൊരു ചരിത്രസ്ഥലി തന്നെയാണ്. ചരിത്രത്തിന് പുറത്തുള്ള ഇടമല്ല. മുതിർന്നവരുടെ അപായ സൂചനയുള്ള ശബ്ദമോ, അമ്പലത്തിലെ വെടിയൊച്ചയോ, ദൂരെ നഗരത്തിലെ സൈറണോ, പുതുതായി വന്ന സിനിമാ തിയ്യേറ്ററിൽ നിന്ന് ഒഴുകിവന്ന സൈറണോ പോലുള്ള ബാഹ്യലോകത്തിൻ്റെ ഇടപെടലാണ് നമ്മെ അവിടെ നിന്നും തിരിച്ചെടുക്കുന്നത്. നമ്മെ സാമൂഹ്യശാസ്ത്ര പരമായ ഗണത്തിലേയ്ക്ക് തിരിച്ച് സ്വത്വപ്പെടുത്തിയത്.
പനങ്ങാട് ഹൈസ്കൂൾ ഗ്രൗണ്ടിനെ ഞാനിന്നും ഓർക്കും. എത്രമാത്രം ഉടമസ്ഥതാ ബോധത്തോടെയാണ് ഞങ്ങൾ അവിടെ കടന്നുകയറിയത്. അവിടെ മതമോ ജാതിയോ പാർട്ടിയോ ഞങ്ങൾക്കൊരു മുൻഗണനയായിരുന്നില്ല. ഞങ്ങളുടെ വ്യത്യസ്തതകൾ നിരവധി പെർമ്യുട്ടേഷൻ കോമ്പിനേഷനുകൾ അവിടെ നിർമ്മിച്ചു. കളി കഴിഞ്ഞു വരുമ്പോൾ ഡീൻസ് ഹോട്ടലിൽ കയറി കഴിച്ച ഇറച്ചിക്കും പെറോട്ടയ്ക്കും ആരോ കാശുകൊടുത്തു. ചിലപ്പോൾ ഞാൻ- മറ്റാരുടേയോ സന്തോഷത്തിന്, വിശപ്പടക്കുക എന്നതിനേക്കാൾ സന്തോഷമായിരുന്നു ഹോട്ടൽ തീറ്റ- പണം കൊടുത്തു. അതൊന്നും ആരും ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്തിയില്ല. പണത്തിൻ്റെ ചെറുചെറു യൂണിറ്റുകൾ മതിയായിരുന്നു, സന്തോഷത്തിന്റെ ഒരു പൊതുമേഖലാസ്ഥാപനം പെട്ടെന്ന് നിർമ്മിക്കാൻ. അത് ഞങ്ങൾക്കെല്ലാവർക്കും തുല്യ ഓഹരിയുള്ള ഇടമായിരുന്നു.

ശ്രീനാരായണ വിലാസം വായനശാലയിൽ പുസ്തകങ്ങൾ വ്യക്തികളെപ്പോലെ ഞങ്ങളെ കാത്തുനിന്നു. പുസ്തകങ്ങളേക്കാൾ അവയൊക്കെ പൂർണ്ണ മനുഷ്യരായിരുന്നു. അവർക്ക് പ്രായമുണ്ടായിരുന്നില്ല. കളിസ്ഥലങ്ങളിൽ എന്ന പോലെ ഖണ്ഡിക്കപ്പെടാത്ത സമയത്തിൽ ആയിരുന്നു അവരുടെ വാസം. സി.വി. രാമൻ പിള്ള കൂടെപ്പോന്ന ഒരു രാത്രി ഓർക്കുന്നു. എനിക്ക് തിരുവിതാംകൂർ ചരിത്രം സൂക്ഷ്മതയിൽ അറിയില്ല. ആ ഭാഷ പരിചയമില്ല. മലബാറിൻ്റെ ഒരറ്റത്തായിരുന്നത് കൊണ്ട് രാജഭരണത്തിൻ്റെ അനുഭവം മുൻതലമുറകൾക്കും ഇല്ല. എന്നാൽ കളിപ്പറമ്പിലെന്ന പോലെ ആ നോവലുകളിൽ മുഴുകി.
മേതിൽ രാധാകൃഷ്ണൻ പതിനഞ്ചാം വയസ്സിൽ വായനശാലയിൽ ബൈൻഡ് ചെയ്ത വാരികകളിൽ നിന്ന് കൂടെ പോന്നു. പ്രസാദും ചക്രപാണിയും ജയദേവനും യമുനയും കൂടെപ്പോന്നു. സമയമാപനം പോലുള്ള അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ കൂടെപ്പോന്നു. യമുന എഴുതിയ അർക്കം എന്ന കവിത കൂടെപ്പോന്നു. ഹൊറേസ് എന്ന കുരങ്ങൻ കൂടെപ്പോന്നു. കെ.ജി.എസ് ബംഗാളും കഷണ്ടിയുമായി വന്നു. കിഴക്കേപ്പുറത്തെ വേപ്പിൽ കാക്കകൾ മാത്രമല്ല ഇരുന്നത്. വരും വരും എന്ന പ്രതീക്ഷയുടെ വരികൾ കൂടിയാണ്. മാധവിക്കുട്ടിയെ വായിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമാകും പോലെയാണ്.
പോളാ ടാക്കീസിലായിരുന്നു എൻ്റെ സിനിമാനുഭവങ്ങളുടെ തുടക്കം. അടുത്ത സീറ്റിൽ ഇരിക്കുന്ന ആളുടെ ജാതിയോ മതമോ അറിയേണ്ട കാര്യമില്ലെന്നല്ല, അയാളുടെ പേരും ഊരും തൊഴിലും കൂടി അറിയേണ്ടതില്ലായിരുന്നു. ഒരാൾക്ക് രണ്ട് വെച്ചുള്ള നൂറുകണക്കിന് കണ്ണുകൾ വെള്ളിത്തിരയ്ക്ക് ജീവൻ പകരുന്ന ഇടത്തിൽ നിന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ മാറ്റു കുറഞ്ഞ സ്ക്രീനിൽ എത്തുമ്പോഴേയ്ക്കും അടുത്തിരിക്കുന്ന ആൾ ആരെന്ന് അറിയണം എന്ന് തോന്നി. ഞാൻ കണ്ട കാഴ്ചയും അയാൾ കണ്ട കാഴ്ചയും ചേർത്തുവെയ്ക്കണം എന്ന് തോന്നി. സിനിമയെപ്പറ്റി സംസാരിച്ച് പരസ്പരം പൂരിപ്പിക്കണം എന്ന് തോന്നി. എതിർ പറഞ്ഞാലും ചങ്ങാതിയാകാം എന്ന് മനസ്സിലാക്കി.

ഇതെല്ലാം അകത്ത് ഒരു പൊതുമണ്ഡലം പണിതു. നമ്മുടെ അകം നാം മാത്രം ഇരിക്കുന്ന ഇടമല്ലാതായി. മതസൗഹാർദ്ദമല്ല മതേതരത്വം എന്ന് മനസ്സിലായി. സ്നേഹമെന്നാൽ ഇടുങ്ങിയ ഗോത്രവികാരമല്ലെന്ന് മനസ്സിലായി. ഇവയുടെ വലിച്ചുനീട്ടൽ ആയിരുന്നു ഞങ്ങളുടെ പള്ളിക്കൂടങ്ങളും. ബഞ്ചിലെ ഇരിപ്പുകളും നോക്കിയെഴുതലുകളും സേവനവാരവും ആ വാരത്തിൽ ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് കഴിച്ച കപ്പപ്പുഴുക്കും ഉള്ളിലെയും പുറത്തേയും പൊതുമണ്ഡലത്തെ വലുതാക്കി. പ്രാണികൾക്ക് ചെറുചെടികൾ കൊടും കാടായി തോന്നുന്ന പോലെ ഞങ്ങളുടെ ചെറുഇടങ്ങളെ വലിയ പ്രപഞ്ചങ്ങളായി ഈ പൊതുമണ്ഡലത്തിൻ്റെ വളർച്ച കാണിച്ചു തന്നു. പാലപ്പെട്ടിയുടെ ചായക്കടയിൽ പരിപ്പുവട തിന്ന് ഞങ്ങളിരിക്കുമ്പോൾ അപ്പുറത്തെ ബഞ്ചിലിരുന്ന് ‘പ്രചാരണമല്ല രാഷ്ട്രീയം’ എന്ന് രണ്ട് വാക്കോതിയ ആളുടെ പേർ നോം ചോംസ്കി എന്നായിരുന്നില്ല. ഇപ്പുറത്തെ ബഞ്ചിലിരുന്ന് ‘പാട്ടല്ല കവിത’ എന്ന് പറഞ്ഞയാളുടെ പേർ എലിയറ്റ് എന്നും ആയിരുന്നില്ല.
സോഷ്യൽ മീഡിയ ഉരുത്തിരിഞ്ഞുവരുന്നതുകണ്ട് ഞങ്ങൾ സന്തോഷിച്ചു. ഇതാ പൊതുമണ്ഡലം വീണ്ടും വലുതാകാൻ പോകുന്നു. ഇന്നലെയില്ലാത്ത സൂക്ഷ്മതകളിലേയ്ക്ക് നാം പോകാൻ പോകുന്നു.
സോഷ്യൽ മീഡിയ ഉരുത്തിരിഞ്ഞുവരുന്നതുകണ്ട് ഞങ്ങൾ സന്തോഷിച്ചു. ഇതാ പൊതുമണ്ഡലം വീണ്ടും വലുതാകാൻ പോകുന്നു. ഇന്നലെയില്ലാത്ത സൂക്ഷ്മതകളിലേയ്ക്ക് നാം പോകാൻ പോകുന്നു. അതിൻ്റെ അടിസ്ഥാനങ്ങളെല്ലാം അപ്പറഞ്ഞതിന് ചേർന്നതായിരുന്നു. പരസ്പരമുള്ള ഇടപെടലിനുള്ള സാഹചര്യം ഞങ്ങളുടെ കുളത്തിൽ നിന്ന് പസഫിക് സമുദ്രത്തിലേയ്ക്ക് ഉള്ള വളർച്ചയ്ക്ക് സമാനമായിരുന്നു. പക്ഷെ, എന്തുകൊണ്ടോ അത് അനുഭവത്തിൽ പ്രാകൃതമായ ഗോത്രങ്ങളെ പുനഃ സൃഷ്ടിക്കുകയാണ് ചെയ്തത്. കുടുംബവും സമുദായവും അരാഷ്ട്രീയതയിൽ പണിതുയർത്തിയ പാർട്ടിദർശനവും അവിടെ കൊഴുത്തു. പ്രാചീനമായ അങ്കം വെട്ടലുകൾ എന്തെന്ന് വാക്കിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞു. ആളുകളിൽ ഹിംസ നിറഞ്ഞു. ആധുനികമാകേണ്ട പാർട്ടിസംവാദങ്ങൾ വൃത്തികെട്ട ശത്രുതയായി. എൻ്റെ- നിൻ്റെ എന്നായി ലോകം. ഞങ്ങളും നിങ്ങളുമായി അതിൻ്റെ അൽഗോരിതം. അത് ഫാഷിസത്തിനോ തെമ്മാടിരാഷ്ട്രീയത്തിനോ എൻ പി കെ മിശ്രിതം നിർമ്മിക്കുന്ന ഫാക്ടറികളായി. അത് ഏറ്റവും കൂടുതൽ സഹായിച്ചത് മോദിമാരേയും ട്രംപുകളേയും സൃഷ്ടിക്കാനാണ്. മാർക്കറ്റിൻ്റെ രീതിശാസ്ത്രം സാംസ്കാരികമായി വെളിപ്പെടുന്നതിന്റെ അനുഭവസ്ഥലമായി അത് മാറി.

ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കിൽ നെഹ്റുവിയൻ യുഗം കൊളുത്തിവെച്ച പൊതുബോധത്തെ, സാമൂഹിക മാധ്യമങ്ങളുടെ സാധ്യത ഉപയോഗിച്ച് എങ്ങനെ പുനർനിർമ്മിക്കാം എന്നത് ഭാവിയെ നിർണ്ണയിക്കുന്ന ഒന്നാണ്. അല്ലെങ്കിൽ മാർക്കറ്റിൽ പത്ത് രൂപ ചെലവാക്കിയാൽ അഞ്ചു രൂപ ലോകത്തിലെ സമ്പന്നരിൽ തന്നത്താൻ ചെന്ന് ചേരും പോലെ സാമൂഹ്യ മാധ്യമത്തിൽ എന്ത് ഇടപെടൽ നടത്തിയാലും അതിൻ്റെ ആത്യന്തിക ഗുണഭോക്താക്കൾ തെമ്മാടിവലതുപക്ഷം ആയിരിക്കും എന്ന സ്ഥിതി വരും. അതിൻ്റെ വയറിങ്ങും പ്ലംബിങ്ങും അമ്മട്ടിലാണ്. അതെങ്ങനെ വികേന്ദ്രീകരിക്കാൻ കഴിയും എന്ന ആലോചന ഇന്നത്തെ ചിന്താവിഷയങ്ങളിൽ ഒന്നായി തോന്നുന്നു.
