മകളെ കൊന്നവരെന്ന് പോലീസ് മുദ്രകുത്തിയ അച്ഛനും അമ്മയും സംസാരിക്കുന്നു...

കോവളം ആഴാകുളത്തെ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും തങ്ങളുടെ മകൾ ഗീതുവിന്റെ കൊലപാതകത്തിന്റെ പേരിൽ ഒരുവർഷമായി പീഡനമനുഭവിക്കുകയായിരുന്നു. വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന കേസിൽ റഫീഖ ബിവി (50) മകൻ ഷെഫീഖ് (21) എന്നിവർ അറസ്റ്റിലായപ്പോഴാണ് ഗീതുവിന്റെ മരണത്തിന് പിന്നിലെ സത്യവും പുറത്തുവന്നത്. ഒരു വർഷത്തിന് ശേഷം നീതി കിട്ടിയെങ്കിലും സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടും എല്ലാവരുടെയും മുന്നിൽ മകളുടെ ഘാതകരായും ജീവിക്കേണ്ടി വന്ന വേദനയിലാണ് ക്യാൻസർ രോഗിയായ ഗീതയും ഭർത്താവും. പൊലീസിൽ നിന്നും സമൂഹത്തിൽ നിന്നും തങ്ങളനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ആനന്ദനും ഗീതയും പറയുന്നു.

കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വന്നത്. ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിന് കാരണം തങ്ങളാണെന്ന് സമ്മതിച്ചതോടെ ഒരു വർഷമായി വളർത്തുമകളുടെ ഘാതകരെന്ന് പോലീസും സമൂഹവും മുദ്രകുത്തിയ വൃദ്ധദമ്പതികളുടെ ദുരിതത്തിനാണ് അറുതിയായത്. കോവളം ആഴാകുളത്തെ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയുമാണ് തങ്ങളുടെ മകൾ ഗീതുവിന്റെ കൊലപാതകത്തിന്റെ പേരിൽ ഒരുവർഷമായി പീഡനമനുഭവിച്ചിരുന്നത്. വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന കേസിൽ റഫീഖ ബിവി (50) മകൻ ഷെഫീഖ് (21) എന്നിവർ അറസ്റ്റിലായപ്പോഴാണ് ഗീതുവിന്റെ മരണത്തിന് പിന്നിലെ സത്യവും പുറത്തുവന്നത്. ഈ കേസിൽ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഒരു വർഷം മുമ്പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണെന്ന സത്യം ഇവർ തുറന്നുപറഞ്ഞത്. കുട്ടിയെ ഷഫീഖ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞതാണ് നാല് വർഷമായി ഇവരുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിക്കുന്ന റഫീഖയെയും ഷഫീഖിനെയും പ്രകോപിതരാക്കിയത്. കഴിഞ്ഞവർഷം ജനുവരി 14നായിരുന്നു സംഭവം. അന്ന് വൈകിട്ട് ഗീതു വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരിച്ചു.

കുട്ടിയുടെ രക്ഷിതാക്കൾക്കും ബന്ധുവിനുമെതിരെയായിരുന്നു പോലീസ് അന്വേഷണം. കുട്ടി മരിച്ചതിന്റെ തലേദിവസം ഈ വീട്ടിൽ ബഹളം നടന്നുവെന്ന ഇപ്പോൾ പിടിയിലായ റഫീഖയുടെ മൊഴിയാണ് പോലീസ് കണക്കിലെടുത്തത്. കോവളം പോലീസിന്റെ അന്വേഷണം പരിധിവിട്ട് മൂന്നാം മുറയിലേക്കും നീങ്ങി. പല തവണ ചോദ്യം ചെയ്തു. ആനന്ദൻ ചെട്ടിയാരുടെ ഉള്ളംകാലിൽ ചൂരൽകൊണ്ട് അടിച്ചു. വിവസ്ത്രനാക്കി വിരലുകളിൽ സൂചി കുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ ബന്ധുവായ ചെറുപ്പക്കാരനെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഇവർ കുറ്റം സമ്മതിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഒരു വർഷത്തിന് ശേഷം നീതി കിട്ടിയെങ്കിലും ഈ ഒരു വർഷക്കാലം സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടും എല്ലാവരുടെയും മുന്നിൽ മകളുടെ ഘാതകരായും ജീവിക്കേണ്ടി വന്ന വേദനയിലാണ് ക്യാൻസർ രോഗിയായ ഗീതയും ഭർത്താവും. തങ്ങൾ അനുഭവിച്ച ദുരന്ത ജീവിതത്തെക്കുറിച്ച് അവർ ട്രൂ കോപ്പി പ്രതിനിധിയുമായി സംസാരിച്ചതിൽ നിന്നും.

ഞങ്ങൾ ഞങ്ങളുടെ മോളെ കൊന്നുവെന്ന് എല്ലാവരും വിശ്വസിച്ചു

പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ കിട്ടിയ കുഞ്ഞിനെ ഞാൻ പതിനാല് വയസ്സ് വരെ വളർത്തിയിട്ട് കൊല്ലുമെന്ന് പറയുമ്പോൾ അത് വിശ്വസിക്കുന്നവരും കാണും വിശ്വസിക്കാത്തവരും കാണും. ഞങ്ങളുടെ കാര്യത്തിൽ അത് വിശ്വസിച്ചവരായിരുന്നു കൂടുതലും. കഴിഞ്ഞ ഒരു വർഷമായി ഒരാളും നമ്മുടെ വീട്ട് നടയിൽ പോലും വരാത്ത അവസ്ഥയായിരുന്നു. അത്ര ഭീകരരാണ് ഞങ്ങളെന്നാണ് എല്ലാവരും കരുതിയിരുന്നത്.

ആനന്ദൻ ചെട്ടിയാരുടേയും ഗീതയുടെയും ആഴാകുളത്തെ വീട്

ഞങ്ങൾ വന്നപ്പോൾ ഗീതു മരിച്ചിട്ടില്ല. ഒരു അസുഖവും ഞങ്ങളോട് പറഞ്ഞിട്ടുമില്ല. ആളുകൾ ഇല്ലാത്തതാണ് കുറെയൊക്കെ പറഞ്ഞ് നടന്നത്. കുഞ്ഞിനെ വളർത്തി വലുതാക്കി ഒമ്പതാം ക്ലാസ് വരെയെത്തിച്ചപ്പോൾ ഒരു ഈച്ച കടിച്ചു. കാലിൽ മന്ത് പോലെയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇരുപത് ദിവസം കിടക്കേണ്ടി വന്നു. വിഴിഞ്ഞത്തെ ആശുപത്രിയിലും രണ്ട് മാസം കിടന്നു. മെഡിക്കൽ കോളേജിലായിരുന്നപ്പോൾ എവിടെയാണെന്ന് പോലുമറിയാതെ എന്റെ ഭർത്താവ് ബ്ലഡ്ഡും കൊണ്ട് ഓടിയിട്ടുണ്ട്. കാല് ഡ്രസ്സ് ചെയ്യാൻ പോകുമ്പോൾ ഡോക്ടർമാർ ഉപയോഗിക്കുന്ന ബ്ലെയിഡ് കൊണ്ട് കാലിലെ നീര് ചീകിക്കളയും. അതിന്റെ വേദനയിൽ മോള് കരയുമ്പോൾ അച്ഛൻ ആ മുറിക്ക് പുറത്തുനിന്ന് കരയുമായിരുന്നു. അത്രയുമാക്കിയ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ കൊല്ലുമോ? മെഡിക്കൽ കോളേജിലെ ചികിത്സ കൊണ്ട് കാര്യമില്ലാതെ വന്നപ്പോൾ തൃശൂരിൽ ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയാണ് മോൾക്ക് ഇപ്പോൾ ചെയ്തിരുന്നത്.

പ്രസവിച്ച അമ്മയെക്കാൾ ശ്രദ്ധിച്ചാണ് ഞാൻ ഞങ്ങളുടെ മോളെ വളർത്തിയത്. ആ എന്നെയാണ് ഈ സമൂഹം കൊലപാതകിയാക്കി മുദ്രകുത്തിയത്. കോവിഡ് തുടങ്ങിയതിന് ശേഷം ഓൺലൈൻ ക്ലാസുകൾ ആക്കിയപ്പോൾ മൊബൈൽ വാങ്ങാൻ കാശില്ലാത്തതിനാൽ എന്റെ ആങ്ങളയുടെ മകൻ കല്യാണം കഴിച്ച് കൊണ്ടുവന്ന പെൺകുട്ടിയുടെ മൊബൈൽ ഉപയോഗിച്ചാണ് അവൾ പഠിച്ചുകൊണ്ടിരുന്നത്. ഒരു കൊല്ലമായി അവളുടെ കൊലപാതകികളെന്ന വിളി കേട്ട് നരകിക്കുന്നു. സത്യം തെളിയിക്കണേയെന്ന് ദൈവത്തോട് വിളിച്ചുപറയാത്ത ദിവസങ്ങളില്ല.

അന്ന് സംഭവിച്ചത്

കഴിഞ്ഞ വർഷം ജനുവരി 14ന് സൊസൈറ്റി കമ്മിറ്റി ഉണ്ടായിരുന്നു. വൈകിട്ട് മൂന്നരയായപ്പോഴേക്കുമാണ് ഞാൻ മോളോട് പറഞ്ഞിട്ട് കമ്മിറ്റിക്ക് പോയത്. സാധാരണ ആറ് മണി വരെ അവിടെ വർത്തമാനം പറഞ്ഞിരിക്കാറുള്ള ഞാൻ അന്ന് നാലരയായപ്പോഴേക്കും തിരിച്ചെത്തി. അപ്പോൾ ഗീതു ഇവിടെയിരുന്ന് പഠിക്കുകയായിരുന്നു. കുളിച്ച് നല്ല വൃത്തിയായാണ് ഇരുന്നത്. അടുത്ത വീട്ടിലെ മാമി അവളെ കണ്ട് "ഇതെന്തൊരു ചന്തം മക്കളേ'യെന്ന് പറയുകയും ചെയ്തു. ഞാൻ വന്നപ്പോൾ അവൾ പറഞ്ഞു :അമ്മ അച്ഛൻ കേക്ക് കൊണ്ടുവന്നു. അതില് ഞാൻ ഒന്നെടുത്തേ' എന്ന് പറയുകയും ചെയ്തു. ആറ് മണിയായപ്പോഴേക്കും അവൾ വന്നിട്ട് പനിക്കുന്നുവെന്ന് പറഞ്ഞു. കാലിൽ നീര് വന്നതിന് ശേഷം രണ്ട് മൂന്ന് ആഴ്ച ഇടവിട്ട് ഒരു പനി വരുമായിരുന്നു. ഈ പനി വരുമ്പോൾ ശരീരം മുഴുവൻ വേദനയും വിറയലുമുണ്ടാകും. രണ്ട് മൂന്ന് ഷീറ്റ് കമ്പളിയിട്ട് പുതച്ചാലും വിറയൽ മാറില്ല. ഞാൻ കെട്ടിപ്പിടിച്ചാണ് ആ വിറയൽ മാറ്റിയിരുന്നത്. മരുന്ന് കൊടുത്തു കഴിയുമ്പോൾ കുറേശ്ശെയായി അത് മാറുകയും ചെയ്യും. അത്തരമൊരു പനിയായിരിക്കുമെന്ന് കരുതി ഞാൻ ആ മരുന്നെടുത്ത് കൊടുത്ത് കമ്പളിയിട്ട് പുതപ്പിച്ചു. അവളായിട്ട് തലയിടിച്ച കാര്യമൊന്നും പറഞ്ഞില്ല. വെളുക്കുവോളം ഞാൻ കാത്തിരുന്നു. ഈ പനി വരുമ്പോൾ മോള് ശർദ്ദിക്കും. കൂടാതെ വയറ്റിൽ നിന്ന് പോകുകയും ചെയ്യും. ഇതത്രയും രാത്രിയിലിരുന്ന് കഴുകി ഞാൻ കൂട്ടിരിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയായിട്ടും വെള്ളം കുടിക്കുന്നതല്ലാതെ എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല. പതിനൊന്ന് പന്ത്രണ്ട് മണിയായിട്ടും എന്റെ പിള്ള എഴുന്നേൽക്കുന്നില്ലെന്ന് കണ്ടാണ് നിർബന്ധിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്.

പതിനാല് വയസ്സേ ഉള്ളൂവെങ്കിലും കുട്ടിക്കാലം മുതൽ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് 120 കിലോ ഭാരമുണ്ടായിരുന്നു. അതുകൊണ്ട് ഒരാൾക്ക് ഒറ്റയ്ക്ക് തൂക്കിയെടുക്കാൻ പറ്റില്ലായിരുന്നു. 108 വിളിച്ചാണ് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് മണി കഴിഞ്ഞിരുന്നു. വിഴിഞ്ഞം ആശുപത്രിയിലെ ജസ്റ്റിൻ ഡോക്ടറാണ് മോളെ നോക്കിയിരുന്നത്. അവിടെ ചെന്നപ്പോൾ ബെഡ്ഡില്ലെന്ന് പറഞ്ഞു. തൽക്കാലം മരുന്നും കൊണ്ട് പോയിട്ട് നാളെ വരാനാണ് ഡോക്ടർ ആദ്യം പറഞ്ഞത്. നമ്മളും വേറെയൊന്നും പറയാത്തത് കൊണ്ട് പതിവായി വരുന്ന പനിയാണെന്നാണ് ഡോക്ടറും കരുതിയിരുന്നത്. തിരിച്ച് പോകാൻ തുടങ്ങിയപ്പോഴേക്കും ഒരു ബെഡ്ഡ് ഒഴിഞ്ഞെന്ന് അവര് വന്ന് പറഞ്ഞു. സിസ്റ്റർമാരെല്ലാം ചേർന്ന് എന്റെ പിള്ളയെ മുറിക്കുള്ളിലാക്കി രണ്ട് ഇൻജക്ഷനും രണ്ട് ട്രിപ്പും കൊടുത്തു. എന്നിട്ട് അവര് പറഞ്ഞു കുറച്ചു നേരം ഉറങ്ങട്ടെ വിളിക്കണ്ട എന്നും പറഞ്ഞു. തലേന്നും ഒന്നും കഴിച്ചിട്ടില്ലെന്ന് ഓർത്ത് കുറച്ച് വെള്ളം കൊടുക്കാമെന്ന് കരുതി സ്പൂണിൽ വെള്ളമെടുത്ത് ചുണ്ടിനോട് അടുപ്പിച്ചപ്പോൾ പല്ല് കോർത്ത് കിടക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ട് വന്നു.

കൊല്ലപ്പെട്ട ഗീതുവിന്റെ സ്‌കൂൾ യൂണിഫോം

എന്റെ ആങ്ങളയുടെ മോൻ മണികണ്ഠനാണ് ഞങ്ങൾക്കൊപ്പം ആശുപത്രിയിൽ വന്നിരുന്നത്. അവൻ ഞങ്ങളെ അവിടെയാക്കിയിട്ട് തിരിച്ചുപോന്നിരുന്നു. നിങ്ങളുടെ കൂടെ വന്ന പയ്യനെ ഒന്ന് വിളിക്കാൻ ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾ മണികണ്ഠനെ തിരിച്ചുവിളിച്ചു. അച്ഛൻ മോൾക്ക് തലയിണ വാങ്ങാൻ വിഴിഞ്ഞത്തേക്ക് പോയിരുന്നു. മണികണ്ഠൻ വന്നപ്പോൾ അവനോടാണ് കൊച്ച് മരിച്ചുപോയെന്ന് ഡോക്ടർ പറയുന്നത്. ഇവൻ അവിടെ കിടന്ന് കരഞ്ഞ് വിളിച്ചു. ഞാൻ കരയാൻ വാ തുറന്നതും അടുത്ത ബെഡ്ഡിലൊക്കെ ആളുകൾ കിടക്കുന്നുണ്ട്, അതുകൊണ്ട് കരയരുത് അമ്മേയെന്ന് സിസ്റ്റർ പറഞ്ഞു. ഏഴ് എട്ട് മണിയായപ്പോൾ എല്ലാവരും ചേർന്ന് എന്നെ വണ്ടി കയറ്റി വിടുകയും ചെയ്തു. കൊറോണ നോക്കാൻ വേണ്ടി മോളുടെ ബോഡി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. രാത്രി ആയതുകൊണ്ട് പിറ്റേന്ന് വരാനാണ് അവിടെ നിന്നും പറഞ്ഞത്. രാവിലെ മണികണ്ഠനും കൂട്ടുകാരുമെല്ലാം അവിടെ ചെന്നു. അവർ അവിടെ നിന്ന് വിളിച്ചാണ് മോൾ എവിടെയെങ്കിലും വീണോയെന്ന് ചോദിക്കുന്നത്. അപ്പോഴാണ് അങ്ങനെയൊരു കാര്യം ഞാൻ അറിയുന്നത് പോലും. ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ തലയുടെ പിറകിൽ ഒരു പാടുണ്ടെന്ന് പറഞ്ഞു.

ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അല്ലാതെ ആളുകൾ പറയുന്നത് പോലെ ഇവിടെ മരിച്ച് കിടക്കുകയായിരുന്നില്ല. ഞങ്ങൾ ആശുപത്രിയിൽ കൊണ്ട് പോയി ട്രിപ്പ് വരെ കൊടുത്തതാണ്. അതുവരെയും എന്റെ പിള്ളയ്ക്ക് ഉയരൊണ്ട്. പക്ഷെ ഈ അടി എങ്ങനെ സംഭവിച്ചെന്ന് എനിക്കറിയാൻ പാടില്ല. അടികൊണ്ടാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഞങ്ങൾ അടിച്ചുകൊന്നെന്ന് വാർത്ത വന്നു. ഇത്രയും ആത്മാർത്ഥതയോടെയും സ്നേഹത്തോടെയും വളർത്തിയ എന്റെ മോളെ ഞങ്ങൾ അല്ലെങ്കിൽ അപ്പുറത്തെ മണികണ്ഠൻ അടിച്ചുകൊന്നുവെന്നാണ് വാർത്തകളിൽ പറഞ്ഞത്.

കുറ്റവാളികളായി മുദ്രചാർത്തുന്നു

ഗീതുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവരുന്നതിന് മുമ്പ് പോലീസെത്തി. ഇപ്പോൾ പിടിയിലായ റഫീഖ പോലീസിനോട് പറഞ്ഞത് രാത്രി ഇവിടെ ബഹളം കേട്ടുവെന്നാണ്. കൊച്ചിനെ അടിക്കുന്നതിന്റെയും തള്ളിയിടുന്നതിന്റെയും ബഹളം കേട്ടുവെന്നാണ് അവർ പറഞ്ഞത്. പോലീസ് അതങ്ങ് വിശ്വസിക്കുകയും ചെയ്തു. മൃതദേഹം ഇവിടെ എത്തിക്കാനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് പോലീസ് വന്ന് എന്റെ ഭർത്താവിനെ കൊണ്ടുപോകുന്നത്. ബോഡി കൊണ്ടുവന്നപ്പോൾ ആള് ഇവിടെയുണ്ടായിരുന്നില്ല. ഞാനിതൊന്നും അറിയുന്നുണ്ടായിരുന്നില്ല. മരണത്തിൽ വിഷമിച്ച് അകത്ത് തന്നെയിരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും വെങ്ങാനൂർ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന റൂപ്പസ് ഡാനിയേൽ ഇടപെട്ടാണ് എന്റെ ഭർത്താവിനെ സ്റ്റേഷനിൽ നിന്ന് കൊണ്ടുവന്നത്. ഗീതുവിന് വയ്യാതിരുന്നപ്പോൾ കടയിൽ നിന്നും ദോശ വാങ്ങിക്കൊടുത്തിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞതിന്റെ പിറ്റേന്നോ അതിന്റെ പിറ്റേന്നോ വീണ്ടും പോലീസ് വന്ന് അണ്ണനെ കൊണ്ടുപോയി. ദോശ വാങ്ങിയ കടയിലൊക്കെ കൊണ്ടുപോകുകയായിരുന്നു. ഒരു മണി കഴിഞ്ഞപ്പോൾ വേറെ രണ്ട് പോലീസുകാർ കൂടി വന്നു. നിങ്ങൾ രണ്ട് പേരുമുണ്ടെങ്കിലേ മൊഴിയെടുക്കാൻ പറ്റൂവെന്ന് പറഞ്ഞു.

ഇട്ടിരുന്ന നൈറ്റിയിൽ തന്നെയാണ് എന്നെ കൊണ്ടുപോയത്. ഒരു മുറിയിൽ എന്നെയിരുത്തി അണ്ണനെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല. എന്നോട് അവർ ഇനി പറയാനൊന്നുമുണ്ടായില്ല. അടിച്ചില്ലെങ്കിലും അവര് വിളിച്ച ഓരോ പള്ളും എന്റെ ഹൃദയത്തെയാണ് നോവിച്ചത്. നീ നിന്റെ മോളെ വിറ്റതല്ലേ? അത് നിന്റെ മോളല്ലല്ലോടീ എന്നൊക്കെയാണ് അവർ ചോദിച്ചുകൊണ്ടിരുന്നത്. നിന്റെ ഭർത്താവും കൂടി ചേർന്നല്ലേടീ വിറ്റത്. ഒരു കുഞ്ഞിനെ അമ്മ വിൽക്കുമോ സാറേ എന്ന് ചോദിച്ചപ്പോഴാണ് നിന്റെ മോളല്ലല്ലോടീ എന്ന് ചോദിച്ചത്. വിറ്റവർക്ക് വഴങ്ങാൻ കുഞ്ഞ് സമ്മതിക്കാത്തതുകൊണ്ടല്ലേടീ നീയതിനെ അടിച്ച് കൊന്നത് എന്നൊക്കെയാണ് ചോദിച്ചുകൊണ്ടിരുന്നത്. അടിക്കാനോങ്ങുകയും വിരലുകൾ മേശ വലിപ്പിനുള്ളിൽ വച്ച് അടയ്ക്കാൻ പോകുന്നതുപോലെ കാണിച്ച് പേടിപ്പിക്കുകയും ഒക്കെ ചെയ്തു. നഖത്തിനുള്ളിൽ കയറ്റുമെന്ന് പേടിപ്പിച്ച് മൊട്ടുസൂചിയും എടുത്തു. ഒരു നാല് മണി വരെ ഇത് തുടർന്നു. കമ്മിഷണറും സി.ഐ.യും എസ്.ഐ.യുമെല്ലാം ഇടയ്ക്കിടെ കോവളം സ്റ്റേഷനിൽ വന്ന് പോയി.

'ഇട്ടിരുന്ന നൈറ്റിയിൽ തന്നെയാണ് പൊലീസ് എന്നെ കൊണ്ടുപോയത്. നീ നിന്റെ മോളെ വിറ്റതല്ലേ? അത് നിന്റെ മോളല്ലല്ലോടീ എന്നൊക്കെയാണ് അവർ ചോദിച്ചുകൊണ്ടിരുന്നത്. അടിക്കാനോങ്ങുകയും വിരലുകൾ മേശ വലിപ്പിനുള്ളിൽ വച്ച് അടയ്ക്കാൻ പോകുന്നതുപോലെ കാണിച്ച് പേടിപ്പിക്കുകയും ഒക്കെ ചെയ്തു.'

പിന്നെ അവർ ആരോപിച്ചത് ഞാനും ഭർത്താവും ചേർന്ന് ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ആരെയും രക്ഷിക്കുന്നില്ലെന്നും മക്കളില്ലാത്ത ഞങ്ങൾക്ക് വയസ്സാൻകാലത്ത് കിട്ടിയ കുഞ്ഞാണെന്നും ഒക്കെ പറഞ്ഞിട്ടും അവർ ചെവിക്കൊണ്ടില്ല. പന്ത്രണ്ട് വർഷം മക്കളില്ലാതെ ജീവിച്ചവരാണ് ഞങ്ങൾ. ഒടുവിൽ വയസ്സാൻകാലത്താണ് ഒരു കുഞ്ഞിനെ ദത്തെടുത്തത്. ഈ പ്രായത്തിൽ എന്തിനാണ് ഒരു കുഞ്ഞിനെ ദത്തെടുത്തതെന്ന് വരെ ചോദിച്ചവരുണ്ട്. ഒരു പെൺകുട്ടിയല്ലേ? ഞങ്ങൾക്ക് കിടപ്പാടമെങ്കിലുമുണ്ട്. ഞങ്ങളുടെ കാലം കഴിയുമ്പോൾ അതിനൊരു ജീവിതമുണ്ടാകുമല്ലോയെന്നൊക്കെയാണ് ചിന്തിച്ചത്. ഇതൊക്കെ പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഒടുവിൽ സഹോദരന്റെ മകൻ മണികണ്ഠനായിരിക്കും കുട്ടിയെ കൊന്നതെന്ന് പറഞ്ഞപ്പോഴാണ് ഞാൻ കുറ്റം സമ്മതിച്ചത്. അവനങ്ങനെ ചെയ്യില്ലെന്നും എന്റെ സഹോദരന്റെ മക്കളെല്ലാം നല്ല കുട്ടികളാണെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. അവര് രണ്ട് പേരും എന്റെ മോളെ പെങ്ങളെപ്പോലെയാണ് നോക്കിയത്. അവന് ഒരു കുട്ടി ജനിച്ചിട്ട് അധികമായിരുന്നില്ല. അവനെ കുറ്റവാളിയാക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ തന്നെയാണ് ചെയ്തതെന്ന് സമ്മതിക്കേണ്ടി വന്നത്. ഇല്ലെങ്കിൽ അവന്റെയും ആ കുട്ടിയുടെയും ജീവിതം നശിക്കുമെന്ന് ഞാൻ പേടിച്ചു. സാറിന് ഒരു പ്രതിയെയല്ലേ ആവശ്യം ഞാനേറ്റോളാം എന്ന് പോലീസിനോട് പറഞ്ഞാണ് ഞാൻ കുറ്റമേറ്റത്. അവർക്ക് ഈ വീട്ടിൽ നിന്ന് തന്നെ ഒരു പ്രതിയെയായിരുന്നു ആവശ്യം. ഞങ്ങളെയുമല്ല അവർ ലക്ഷ്യമിട്ടത് മണികണ്ഠനായിരുന്നു അവരുടെ നോട്ടം. എന്നാൽ ഞാൻ വളർത്തിയ കുട്ടിയാണ് അതും അതിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടാൻ ഞാൻ അനുവദിക്കില്ല.

പോലീസുകാർ ഉപദ്രവിച്ചിട്ടില്ല. പക്ഷെ, അവർ അടിക്കുമെന്ന പേടിയുണ്ടാക്കി. ഒരു പോലീസുകാരൻ വന്ന് അവിടെ കിടന്ന കസേരയെടുത്ത് അടിച്ച് പൊട്ടിക്കുകയൊക്കെ ചെയ്തു. അതൊക്കെ കണ്ടപ്പോൾ ഞാൻ പേടിച്ച് പോയി. അതിലും വലിയ വേദനയാണ് എന്റെ മോളെ ഞാൻ വിൽക്കാൻ നോക്കിയെന്ന് പറഞ്ഞപ്പോഴും മണികണ്ഠനെ കേസിൽ പ്രതിയാക്കാൻ നോക്കിയപ്പോഴും ഉണ്ടായത്. അതുകൊണ്ടാണ് കുറ്റമേൽക്കാൻ ഞാൻ തീരുമാനിച്ചത്. ഇതെല്ലാം പോലീസ് സ്റ്റേഷനുകളിൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പുറംലോകം അറിയണം. ഒരാളെ കസ്റ്റഡിയിലെടുത്താൽ സത്യം തെളിയിക്കുകയല്ലേ ആദ്യം വേണ്ടത്? അതിന് ശേഷമല്ലേ ശാരീരികമായും മാനസികമായു ഉപദ്രവിക്കേണ്ടത്? ആ കുഞ്ഞിനെ ഇന്നേവരെ ഞങ്ങൾ ഉപദ്രവിച്ചിട്ടില്ല. അവൾ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടാണ് ഇത് ഞങ്ങൾ ചെയ്തുവെന്ന് പോലീസുകാർ പറഞ്ഞുകൊണ്ടിരുന്നത്.

പിന്നീട് എന്തുവച്ചാണ് കുട്ടിയെ അടിച്ചതെന്നായി ചോദ്യം. അടിക്കാത്ത ഞാൻ എന്തെടുത്ത് കൊടുക്കാനാണ്. എന്നിട്ടും ഞാൻ ഒരു തടിക്കഷണം വച്ച് അടിച്ചുവെന്ന് പറഞ്ഞു. അവർ വീട്ടിൽ വന്ന് ആ തടിക്കഷണം എടുത്തുകൊണ്ട് പോയി. ഞാൻ ചായയുണ്ടാക്കുന്ന പാത്രം വരെ എടുത്തുകൊണ്ട് പോയി. അതുവച്ചായിരിക്കും അടിച്ചതെന്ന് പറഞ്ഞ്. ഇഞ്ചിയും മറ്റും ഇടിച്ചുചതയ്ക്കുന്ന ഒരു ചെറിയ കല്ലുണ്ട്. അതും എടുത്തുകൊണ്ട് പോയി. ഇതൊന്നും പോരാഞ്ഞ് എന്റെ കുട്ടിയുടെ സകല തുണികളും എടുത്തുകൊണ്ട് പോയി. ഇതിൽ നിന്നൊന്നും കുട്ടിയെ കൊന്നത് ഞങ്ങളാണെന്ന് തെളിയിക്കാൻ പറ്റുന്ന യാതൊന്നും കിട്ടിയില്ല.

ആനന്ദൻ ചെട്ടിയാർക്ക് പറയാനുള്ളത്

ഗീതു പനിച്ച് കിടന്നപ്പോൾ മെത്തയിൽ തന്നെയാണ് മലവിസർജ്ജനം നടത്തിയത്. അതുകൊണ്ട് ബോഡി കൊണ്ടുവരുന്നതിന് മുമ്പ് അത് അടുത്തുള്ള പറമ്പിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞിരുന്നു. മരണവീട്ടിലേക്ക് ആളുകൾ വരുമ്പോൾ അത് കാണേണ്ടല്ലോയെന്ന് കരുതി ചെയ്തതാണ്. പോലീസ് ഭീഷണിപ്പെടുത്തി ചോദിച്ചപ്പോൾ മണികണ്ഠന്റെ ഭാര്യ രാജിയും മെത്ത പിടിക്കാൻ കൂടെയുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. പോലീസ് അടിച്ചപ്പോൾ അതിന്റെ ഭവിഷ്യത്ത് ഓർക്കാതെ പറഞ്ഞുപോയതാണ്. അതോടെ അവളെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിക്കാതെയാണ് അവളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇരുത്തിയത്. തുടർച്ചയായി എല്ലാ ദിവസവും ഇത് ആവർത്തിച്ചു. ഒടുവിൽ ഗീത പോലീസിനോട് കാല് പിടിച്ചു പറഞ്ഞു. രാജി ഒന്നും ചെയ്തിട്ടില്ല. പൊടിക്കുഞ്ഞുള്ളതാണ് അവളെ ബുദ്ധിമുട്ടിക്കരുതെന്ന്. ഞങ്ങൾ കുറ്റം സമ്മതിച്ചുകഴിഞ്ഞ് പിന്നെ രാജിയെ അവർ ബുദ്ധിമുട്ടിച്ചിട്ടില്ല. മാത്രമല്ല, രാത്രിയായപ്പോൾ ഞങ്ങളെ രണ്ട് പേരെയും സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.

ഗീതു

മോളുടെ ബോഡി വീട്ടിൽ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ എന്നെ കൊണ്ടുപോയി. എങ്ങനെയാണ് മരിച്ചതെന്നൊക്കെയാണ് ആദ്യം ചോദിച്ചത്. ആദ്യം മുതൽ സംഭവിച്ചത് പറഞ്ഞെങ്കിലും അതൊന്നും അവർക്ക് കേൾക്കണ്ടായിരുന്നു. മരിച്ചതിന് ശേഷം മോളുടെ ബെഡ്ഡ് കൊണ്ടുപോയി നശിപ്പിച്ചതിനെക്കുറിച്ചാണ് അവർ കൂടുതലും ചോദിച്ചത്. ഞങ്ങളെന്തോ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. മൂന്ന് നാല് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇവിടെ നിന്ന് ആരോ വിളിച്ചിട്ടാണ് എന്നെ തിരിച്ചുവിട്ടത്. കൊച്ചിനെ അടക്കം ചെയ്തതിന്റെ പിറ്റേന്ന് വീണ്ടും കൊണ്ടുപോയി. പിന്നീട് എല്ലാ ദിവസവും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. രാവിലെ ചെന്നിരുന്നാൽ വൈകിട്ട് നാല് മണി അഞ്ച് മണിയാകുമ്പോഴാണ് തിരിച്ചുവിടുന്നത്.

അവരുടെ വിരട്ടലിൽ പേടിച്ച് വായിൽ നിന്നും അടുത്ത വീട്ടിലെ രാജിയുടെ പേര് വീണ് പോയതാണ്. നനഞ്ഞ മെത്ത ഒറ്റയ്ക്ക് എടുക്കാനാകില്ലല്ലോയെന്ന് ചോദിച്ചപ്പോൾ രാജിയുടെ കൈസഹായമുണ്ടായെന്ന് പറഞ്ഞു. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴാണ് പോലീസുകാർ ഉപദ്രവിച്ചത്. വീട്ടിൽ ഷർട്ടൊന്നുമിടാതെ നിൽക്കുമ്പോഴാണ് പോലീസ് വന്നത്. ഷർട്ടെടുത്തിട്ട് വരാൻ പറഞ്ഞു. ദോശ വാങ്ങിയ കടയിലേക്കാണ് വണ്ടിയിൽ കൊണ്ടുപോയത്. കട കാണിച്ചുകൊടുത്തപ്പോൾ ഒന്ന് സ്റ്റേഷനിൽ പോയിട്ട് വരാമെന്ന് പറഞ്ഞു. കോവളം സ്റ്റേഷന്റെ മൂന്നാമത്തെ നിലയിൽ കൊണ്ടുചെന്നാണ് എന്നെ അടിച്ചത്. ഭിത്തിയിൽ ചാരിയിരുത്തി കാല് പൊക്കി വയ്പ്പിച്ചിട്ട് കാലിന്റെ വെള്ളയിൽ ചൂരല് പോലുള്ള എന്തോകൊണ്ട് അടിക്കുകയായിരുന്നു. അടികൊണ്ടപ്പോൾ വേദന സഹിക്കാൻ വയ്യാതെ എന്തൊക്കെയോ ഞാൻ പറഞ്ഞു.

അതിലും വേദനയായിരുന്നു ഞാനെന്റെ മോളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞപ്പോൾ ഉണ്ടായത്. മാത്രമല്ല, അവളെ കൂട്ടിക്കൊടുക്കാൻ വേണ്ടി ഞാൻ ഉപദ്രവിച്ചുവെന്നുമൊക്കെ പറഞ്ഞു. പച്ചവെള്ളം പോലും കുടിക്കാൻ സമ്മതിക്കാതെയുള്ള ആ പീഡനങ്ങളാണ് കുറ്റം സമ്മതിക്കാൻ കാരണമായത്. ലൈംഗിക പീഡനം നടന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഒന്നും പറയുന്നില്ല. ഫോറൻസികിൽ നിന്നുള്ളവർ ഇവിടെ വന്ന് പരിശോധന നടത്തിയിരുന്നു. അവർക്കും ഞങ്ങൾക്കെതിരായ യാതൊരു തെളിവുകളും ലഭിച്ചില്ല.

നാട്ടുകാരിൽ നിന്നും ഒറ്റപ്പെടുന്നു

ജാമ്യത്തിൽ വിട്ടെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പോലീസ് വന്ന് ഞങ്ങളെ കൊണ്ടുപോകും. ഞങ്ങൾ ആരെയോ രക്ഷിക്കാൻ നോക്കുകയാണെന്നാണ് പിന്നീടും അവർ പറഞ്ഞുകൊണ്ടിരുന്നത്. അവർക്ക് ഞങ്ങൾ അല്ലെങ്കിൽ ആ കൊച്ച് ചെറുക്കൻ വേണം. അതിനിടയ്ക്ക് നാട്ടുകാരും എതിരായി തുടങ്ങി. ഓരോ തവണയും പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ഇറങ്ങുന്നത് പേടിച്ചാണ്. ആളുകൾ കല്ലെറിഞ്ഞ് കൊല്ലുമോയെന്ന പേടിയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഇരുട്ടവെളുക്കെ പീഡിപ്പിക്കുന്നത് തുടർന്നപ്പോൾ ഞങ്ങൾ രണ്ടാളും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ്. എന്നാൽ അങ്ങനെ ചെയ്താൽ മണികണ്ഠനെ പോലീസ് പ്രതിയാക്കുമെന്ന് പോലീസുകാർ തന്നെ പറഞ്ഞു. മാത്രമല്ല, നമ്മടെ പിള്ളേടെ സത്യം നമുക്കറിയണം. ഇപ്പോൾ ഞാനൊരു ക്യാൻസർ രോഗിയാണ്. ആർ.സി.സിയിലെ ചികിത്സ കഴിഞ്ഞ് വന്നിട്ട് പതിനഞ്ച് ദിവസമേ ആയിട്ടുള്ളൂ. ഈ ഒരു വർഷമായിട്ട് ആരും ഞങ്ങളെ തിരിഞ്ഞ് നോക്കുന്നു പോലുമുണ്ടായില്ല.

നമ്മൾ ചെയ്യാതെ എങ്ങനെ മരിച്ചുവെന്നാണ് നാട്ടുകാർ പരസ്പരം ചോദിച്ചിരുന്നത്. റഫീഖ തന്നെ ഇത് പറഞ്ഞുപരത്തുകയും ചെയ്തു. നാട്ടുകാർ ദേഹോപദ്രവമൊന്നും ചെയ്തില്ലെങ്കിലും അവർ നമ്മളെ കാണുമ്പോൾ തിരിഞ്ഞ് നടക്കുന്നത് വലിയ വേദനയാണ് തന്നത്. ജോലിക്ക് പോലും ആരും വിളിക്കാതെയായി. ഇതിനിടയിലാണ് ക്യാൻസർ ബാധയുണ്ടാകുന്നതും. മകളെ കൊന്നവർ എന്ന രീതിയിലാണ് ഈ സമൂഹം മുഴുവൻ ഞങ്ങളെ നോക്കിയത്.

വാണിയ വൈശ്യ സമുദായക്കാരാണ് ഞങ്ങൾ. കുഞ്ഞിന്റെ ചടങ്ങിന് സമുദായത്തിൽ നിന്നുള്ളവർ വന്നെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോൾ എല്ലാവരും വന്ന് ഞങ്ങളുണ്ട് കൂടെയെന്ന് പറയുന്നുണ്ട്. മാനനഷ്ടത്തിന് കേസ് കൊടുത്താൽ ഞങ്ങൾ മുന്നിൽ നിൽക്കാമെന്നാണ് അവർ പറയുന്നത്. എന്നാൽ ഇത്രയും നാൾ ഇവരൊക്കെ എവിടെയായിരുന്നുവെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പോലീസ് സ്റ്റേഷനിൽ ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ഇവരോടൊക്കെ സഹായം ചോദിച്ചിട്ടുണ്ട്. അന്ന് ഇവർ പറഞ്ഞത് പഴയ കാലമല്ലാത്തതുകൊണ്ട് ഇടപെടാനാകില്ലെന്നാണ്.

ഒടുവിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന ഫോമിൽ ഒപ്പിട്ട് കൊടുത്തപ്പോഴാണ് ഇനി വീട്ടിൽ പോലീസ് വരില്ലെന്ന ഉറപ്പ് ലഭിച്ചത്. കഴിഞ്ഞവർഷത്തെ ലോക്ക്ഡൗൺ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളെ വിളിച്ചിട്ട് രണ്ട് പേരും പത്ത് മണിയോടെ ചെല്ലാൻ പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ കാണണമെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിലേക്കാണ് കൊണ്ടുപോയത്. മാനസികാരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് നോക്കാനാണെന്നാണ് അവിടെയുണ്ടായിരുന്ന പെൺകുട്ടി പറഞ്ഞത്. എന്നോട് സംസാരിച്ചു കഴിഞ്ഞ് അണ്ണനോടും സംസാരിച്ചു. അതുകഴിഞ്ഞ് പോലീസുകാർ തന്നെ ജംഗ്ഷനിലെത്തിച്ചു. പിന്നീടൊരിക്കലും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ല. അതിന് ശേഷം എനിക്ക് സുഖമില്ലാതായി സ്ഥിരം ആശുപത്രിയിലും മറ്റുമായി ജീവിതം.

ആ സമയത്ത് നാട്ടുകാരോ ബന്ധുക്കളോ പോലും മിണ്ടാതായി. നേരത്തെ പറഞ്ഞതുപോലെ മോളെ കൊന്നവർ എന്ന കണ്ണിലൂടെയാണ് എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടിരുന്നത്. മണികണ്ഠന്റെ കുഞ്ഞിനെ പോലും അവർ ഈ മുറ്റത്തേക്ക് വിടില്ലായിരുന്നു. ബന്ധുക്കൾ പോലും അകന്നുപോയി. ചേച്ചിമാർ ആരെങ്കിലുമൊക്കെ ഫോണിൽ വിളിക്കുന്നത് മാത്രമായിരുന്നു ആകെ ഒരു തുണ. ഇതിനിടയ്ക്കാണ് റഫീഖ വീട് മാറുന്നതിനെക്കുറിച്ച് പറയുന്നത്. നാട്ടുകാർ ആരും മിണ്ടില്ലെങ്കിലും റഫീഖ ഞങ്ങളോട് അപ്പോഴും മിണ്ടുമായിരുന്നു. ഞങ്ങൾക്കെതിരെ നാട്ടുകാരോട് പറഞ്ഞുനടന്നിട്ടും ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ ചീത്തവിളിക്കുമായിരുന്നിട്ടും അവൾ ഇങ്ങോട്ട് വലിഞ്ഞുകയറി വരാറുണ്ടായിരുന്നു. ഞാൻ പിന്നെ യാതൊന്നിനും പ്രതികരിക്കാനുള്ള ആരോഗ്യമില്ലാത്ത അവസ്ഥയിലായി. അവളെ ആരും സംശയിക്കാതിരിക്കാനായിരുന്നു ഇതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.

റഫീഖയും മകനും വീട് മാറുന്നു

ഈ വീടിന്റെ പിൻഭാഗത്താണ് റഫീഖയും മകനും താമസിച്ചിരുന്നത്. 108 ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനൊരുങ്ങിയപ്പോൾ ആദ്യം ചാടിക്കയറിയത് റഫീഖയാണ്. തലേദിവസം ഇവിടെ അടിയും ബഹളവും നടക്കുന്നത് കണ്ടെന്ന് റഫീഖ പോലീസിന്റെ പിന്നാലെ നടന്ന് പറയുകയായിരുന്നു. അവൾക്ക് ഞങ്ങളെ കുറ്റക്കാരാക്കാൻ എന്തോ താൽപര്യമുണ്ടായിരുന്നത് പോലെ. എന്നിട്ടും ആരും അവളെ സംശയിച്ചില്ല. സംശയിക്കാതിരിക്കാൻ വേണ്ടി അവർ എല്ലാക്കാര്യത്തിനും ഞങ്ങൾക്കൊപ്പമുണ്ടാകുകയും ചെയ്തു.

ആ വീട്ടിൽ എന്നും വഴക്കായിരുന്നു. ഒരു ദിവസം ഞാൻ തന്നെ ഇത്തരത്തിൽ ചീത്തവിളിക്കുന്നതൊന്നും നല്ലതല്ലെന്ന് പറഞ്ഞിട്ടുണ്ട്. പോലീസിൽ വിളിച്ച് പറയുമെന്ന് പറയുമ്പോൾ ഒരിക്കലത്തേക്ക് ക്ഷമിക്കാൻ പറഞ്ഞ് പോകും. പിന്നീട് നാട്ടുകാർ തന്നെ അവരുടെ ബന്ധുക്കളെ വിവരം അറിയിച്ചപ്പോൾ അവർ വന്നാണ് ഇവരെ ഇവിടെ നിന്നും മാറ്റുന്നത്. അവളുടെ ഫോൺ നമ്പർ കയ്യിലുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും വിളിച്ചിട്ടില്ല. അപ്പോഴാണ് വിഴിഞ്ഞം മുല്ലൂരിൽ ഒരുമാസമായി താമസിക്കുന്ന അമ്മയും മകനും ചേർന്ന് അടുത്ത വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ വാർത്ത പത്രത്തിൽ വായിക്കുന്നത്. പടമില്ലാത്തതുകൊണ്ട് ഇവരാണെന്ന് മനസ്സിലായില്ലെങ്കിലും റഫീഖയെന്ന പേര് സംശയമുണ്ടാക്കി. ആ ചെറുക്കന്റെ പേര് ഇതാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പിറ്റേന്നത്തെ പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോഴാണ് ഇത് ഇവർ തന്നെയാണെന്ന് മനസ്സിലായത്. ആ റിപ്പോർട്ടിൽ നിന്നാണ് ഞങ്ങളുടെ മകളെ കൊന്നതും അവരാണെന്ന് അറിഞ്ഞത്.

അമ്മയും മകനും തമ്മിൽ വഴക്ക് കൂടിയപ്പോൾ "നീയല്ലേടാ ഒരു പെങ്കൊച്ചിന്റെ ആയുസ്സിനെ കെടുപ്പിച്ചത്' എന്ന് റഫീഖ മകനോട് ചോദിച്ചത് അവരുടെ ഇപ്പോഴത്തെ വീട്ടുടമ കേട്ടതാണ് ഞങ്ങൾക്ക് ഗുണം ചെയ്തതെന്നും ആ വാർത്തയിൽ നിന്നും മനസ്സിലായി. എന്നാൽ അവള് പോലീസിനോട് പറഞ്ഞത് എന്റെ മോളും അവളുടെ മോനും തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നാണ്. അതെനിക്ക് വിശ്വസിക്കാനാകില്ല. ആ പയ്യൻ ഈ വീട്ടിൽ ഒരിക്കൽ പോലും വന്നതായി എനിക്ക് ഓർമ്മയില്ല. അവൻ എന്റെ മോളെ കയറിപ്പിടിക്കാൻ നോക്കിയപ്പോൾ അവൾ എതിർത്തുവെന്നും ഞങ്ങളോട് പറയുമെന്ന് പറഞ്ഞുവെന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. അവൻ അത് റഫീഖയോട് പോയി പറഞ്ഞപ്പോൾ അവൾ കൊച്ചിനെ പേടിപ്പെടുത്താൻ വേണ്ടി തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയായിരുന്നെന്നും പറഞ്ഞുകേൾക്കുന്നു.

ഞങ്ങളുടെ മകൾക്ക് നീതി കിട്ടി; ഇനി ഇതിന്റെ പിന്നാലെ പോകാനില്ല

ഇപ്പോൾ സങ്കടമല്ല തോന്നുന്നത്. മനസ്സ് വല്ലാതെ മരവിച്ച് പോയി. എന്റെ കുഞ്ഞ് എങ്ങനെ മരിച്ചെന്നായിരുന്നു ഇത്രയും കാലം ഞാൻ ചിന്തിച്ചത്. മോളുടെ മൃതദേഹം ഇവിടെ കിടക്കുമ്പോൾ 'എന്റെ രാസാത്തി' എന്നൊക്കെ പറഞ്ഞ് അലറി വിളിച്ചവളാണ് റഫീഖ. പെൺമക്കളില്ലാത്തവരുടെ വേദനയെന്ന് മാത്രമാണ് അന്നൊക്കെ അതിനെ കണ്ടിരുന്നത്.

യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തിയപ്പോൾ കമ്മിഷണർ വന്നിരുന്നു. പോലീസിന് വീഴ്ച പറ്റിപ്പോയി ചേച്ചി ക്ഷമിക്കണമെന്നൊക്കെ പറഞ്ഞു. അവർക്കങ്ങനെ തെറ്റ് പറ്റാൻ പാടുണ്ടോ? ഒരു കുഞ്ഞിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോൾ പോലീസുകാർക്കായാലും വേദനയുണ്ടാകില്ലേ? കുറ്റവാളിയെ പിടിക്കുന്നതിന് പകരം പോലീസ് എന്നെയും എന്റെ കുടുംബത്തെയും സഹോദരന്റെ മകനെയും പ്രതികളാക്കാനാണ് അവർ ശ്രമിച്ചത്. എല്ലാവരെയും ഒരു അമ്മ പ്രസവിച്ചതല്ലേ? പോലീസായാൽ ഇങ്ങനെ ഹൃദയമില്ലാത്തവരാകരുത്. തമിഴ്നാട്ടിലും പാലോടും മരുതംകുഴിയിലുമൊക്കെ കഴിയുന്ന ഞങ്ങളുടെ ബന്ധുക്കളെയൊക്കെ പോലീസ് ശല്യപ്പെടുത്തിയിരുന്നു. എന്നാൽ യഥാർത്ഥ കുറ്റവാളി ഈ മുറ്റത്ത് തന്നെയുണ്ടെന്ന് അവർ തിരിച്ചറിഞ്ഞില്ല. എന്റെ ഒരു ചേച്ചിയുടെ മകൻ ഫോറസ്റ്റിലെ ഉദ്യോഗസ്ഥനാണ്. എന്റെ ഫോണിലേക്ക് വിളിച്ചുവെന്ന് പറഞ്ഞ് ആ വീട്ടിൽ ചെന്ന് മൂന്ന് മണിക്കൂറോളം സുഖമില്ലാതെ കിടക്കുന്ന ചേച്ചിയെ പോലീസ് ചോദ്യം ചെയ്തു. സഹോദരങ്ങളാകുമ്പോൾ പരസ്പരം ഫോൺ വിളിക്കുമെന്ന് പോലും അവർ ഓർത്തില്ല.

പോലീസ് എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന് പറയുന്നുണ്ട്. അവരെന്ത് ചെയ്താലും എനിക്കെന്റെ മോളെ കിട്ടില്ലല്ലോ? അതുപോലെ ഒരു വർഷം ഞങ്ങൾ രണ്ട് പേരും അനുഭവിച്ച വേദന ആർക്കെങ്കിലും തിരിച്ചെടുക്കാനാകുമോ? ഞങ്ങളുടെ മാനം പോയി. കുറ്റവാളികളല്ലെന്ന് പത്രത്തിൽ വന്നതിൽ പിന്നെയാണ് ഞാൻ ആരോടെങ്കിലുമൊക്കെ സംസാരിക്കാൻ തുടങ്ങിയത് തന്നെ. ഇത്രയും കാലം മുറ്റമടിക്കാൻ പോലും പുറത്തിറങ്ങാൻ പേടിയായിരുന്നു. അണ്ണനാണ് എല്ലാം ചെയ്തിരുന്നത്. കുളിക്കാനിറങ്ങാൻ പോലും പേടിയായിരുന്നു. അവള് കൊന്നിട്ട് കുളിച്ചൊരുങ്ങി നടക്കുന്നുവെന്ന് നാട്ടുകാർ പറയുമോയെന്നായിരുന്നു പേടി.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് മകൾ മരിച്ച് കൃത്യം ഒരു വർഷം കഴിഞ്ഞ ഈ വർഷം ജനുവരി 14ന് ഈ വാർത്ത ഞാനറിയുന്നത്. ഞങ്ങൾ നന്മ ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇത് തെളിഞ്ഞതെന്നാണ് ഞാൻ കരുതുന്നത്. ഇത്രയും നാൾ കുറ്റവാളികളെ പോലെ നാട്ടുകാരുടെ മുന്നിൽ തലകുനിച്ചാണ് ജീവിച്ച്ത്. ഇനി ഞങ്ങൾക്ക് തല ഉയർത്തിപ്പിടിച്ച് തന്നെ നടക്കാം. കാരണം, ഞങ്ങളുടെ മോളെ കൊന്നത് ഞങ്ങളല്ലെന്ന് തെളിഞ്ഞു. എന്നാലും മണികണ്ഠന്റെ വീട്ടുകാർ ഇപ്പോഴും സംസാരിക്കാത്തതിൽ വേദനയുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങൾ കാരണം ചെയ്യാത്ത കുറ്റത്തിന് കുറ്റവാളിയാകേണ്ടിയിരുന്ന അനുഭവം കൊണ്ടാകും ആ ദേഷ്യം.

ഞങ്ങളുടെ കുഞ്ഞ് പോയി. ഇനി മാനനഷ്ടക്കേസ് കൊടുത്ത് അതിൽ നിന്നും ലഭിക്കുന്ന കാശ് ഞങ്ങൾക്കെന്തിനാണ്? അതുകൊണ്ട് തന്നെ ഇനി ഞങ്ങൾ അതിന്റെ പുറകേ പോകാൻ തയ്യാറല്ല. പോലീസുകാരുടെ പേരൊന്നും അറിയില്ലെങ്കിലും പേപ്പറുകളിൽ നോക്കിയാൽ ആരൊക്കെയാണെന്ന് വ്യക്തമാകും. ഞങ്ങൾ ഒരു കേസ് കൊടുത്ത് അവരുടെ ജോലി പോയതുകൊണ്ട് ഞങ്ങളുടെ കുഞ്ഞിനെ തിരികെക്കിട്ടുമോ?

Comments