Photo: www.karthikdhar.in

പരിഹാരം
പോപ്പുലർ ഫ്രണ്ട്​ അല്ല

​ഇന്ത്യയിലെ ന്യൂനപക്ഷത്തെ പോപ്പുലർ ഫ്രണ്ടിന് രക്ഷിക്കാൻ കഴിയില്ല. അത്തരം സംഘടനകൾ എത്ര വന്നാലും ഈ ചുറ്റികപ്രഹരം അവർക്കുമേൽ വീഴും. അപ്പോൾ എന്താണ് ബദൽ രാഷ്ട്രീയം? അതിന് ഉത്തരം ഐഡിയൽ സെക്യുലർ പ്ലാറ്റ്ഫോം എന്നാണ്.

കേരളത്തിലെ എൻ.ഡി.എഫും കർണാടകയിലെ ഫോറം ഫോർ ഡിഗ്​നിറ്റിയും തമിഴ്‌നാട്ടിലെ മനിതാ നീതി പാസറൈയും (Manitha Neethi Pasarai) ചേർന്നാണ് 2006 ൽ പോപ്പുലർ ഫ്രണ്ട് ആയി മാറുന്നത്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ പാലിച്ച്​ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആ സംഘടനയുടെ പ്രവൃത്തിപദത്തിലുള്ള സ്വഭാവം വർഗീയതയിലൂന്നിയതാണെന്ന് (Politics of Exclusivism) അവർ ഇതിനകം തെളിയിച്ചതാണ്. കേരളത്തിലും കർണാടകയിലെ തീരപ്രദേശങ്ങളിലുമൊക്കെയുണ്ടായ വർഗീയരാഷ്ട്രീയ മാനമുള്ള അക്രമപ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെങ്കിലും ഹിന്ദുത്വതയുടെ ഏറ്റവും ഹിംസാത്മകമായ വളർച്ചയുടെ അതേകാലത്താണ് പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയും സംഭവിക്കുന്നത്.

ഹിന്ദുത്വം അതിന്റെ രണോത്സുകമായ പാപത്തിലേക്ക് പകർന്നാടിയ കാലഘട്ടം 90 കളും 21ാം നൂറ്റാണ്ടിന്റെ ഒന്നും രണ്ടും പതിറ്റാണ്ടുമാണ്. ഹിന്ദുത്വ നവഫാഷിസത്തിന്റെ വളർച്ചയോടൊപ്പമാണ്​ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ സ്വഭാവത്തിലുള്ള പ്രസ്ഥാനങ്ങളും വളരുന്നത്. ഹിന്ദുത്വ നവഫാഷിസം ന്യൂനപക്ഷങ്ങളിൽ, വിശിഷ്യ, മുസ്​ലിംകളിൽ വലിയ തോതിലുള്ള നീരസവും അസ്വസ്ഥതയും അതൃപ്തിയും ഭീതിയുമുണ്ടാക്കി. ഈ അരക്ഷിതാവസ്ഥയും ഭീതിയുമാണ് പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയ്ക്ക് വളം വെച്ച പ്രധാന കാരണങ്ങൾ.

ഒഡീഷയിലെ കണ്ഡമാലിൽ ക്രൈസ്തവർക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണത്തിൽ ഭർത്താക്കൻമാർ കൊല്ലപ്പെട്ട സ്ത്രീകൾ. / Photo: Binu Mathew, Fb

ബാബരി മസ്ജിദ്​ ധ്വംസനം, 2002 ലെ ഗുജറാത്ത് വംശഹത്യ, ഒഡീഷയിലെ കണ്ഡമാലിൽ ക്രൈസ്തവർക്കുനേരെ നടന്ന ആക്രമണം, ഉത്തരേന്ത്യയിൽ കന്യാസ്ത്രീകൾക്കുനേരെയും പാതിരിമാർക്കുനേരെയും നടന്ന ആക്രമണങ്ങൾ, 1999ൽ ആസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും (പത്ത് വയസ്സായ ഫിലിപ്പ്, ആറ് വയസ്സായ തിമോത്തി) തീയിട്ടുകൊന്നത് ബജ്‌റംഗദളാണ്. ഹിന്ദുത്വ നവഫാഷിസം അതിന്റെ ഏറ്റവും രൗദ്രമായ ഭാവം പൂണ്ട കാലഘട്ടത്തിൽ തന്നെയാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുമുണ്ടാകുന്നത്.

തിരക്കുപിടിച്ച നിരോധനം കൊണ്ട്​ സംഭവിക്കുന്നത്​

2022 സെപ്തംബർ 27 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിയമ വിധേയമല്ലാത്ത സംഘടനയായി പ്രഖ്യാപിച്ചു. അത് രഹസ്യാത്മക അജണ്ടകളുള്ള സംഘടനയാണെന്നും അവർ മുസ്​ലിം സമുദായത്തിലെ ഒരു പ്രത്യേക വിഭാഗത്തെ റാഡിക്കലൈസ് ചെയ്ത് ഇന്ത്യൻ ജനാധിപത്യത്തെ തുരങ്കം വെക്കുകയാണെന്നും പറഞ്ഞാണ് നിരോധിച്ചത്. ഒപ്പം, കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങളിൽ വ്യാപക റെയ്​ഡും അറസ്റ്റും ഉണ്ടാവുകയും ചെയ്തു. എന്നാൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിക്കപ്പെട്ടപ്പോൾ അവരുടെ രാഷ്ട്രീയരൂപമായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടില്ല.

പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ സംഘടനയാണ് എന്നതിന് ഇവരുടെ കയ്യിൽ തെളിവുണ്ടെങ്കിൽ സംഘടനയുടെ തീവ്രവാദബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, വിദേശബന്ധം എന്നിവയിലെല്ലാം കേസെടുത്ത്​ ജുഡീഷ്യൽ പ്രക്രിയയിലൂടെ ഇത്തരം കാര്യങ്ങൾ പരിഹരിക്കാമായിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ ധൃതിപിടിച്ച ചുറ്റികപ്രഹരസമീപനം ഉണ്ടാകേണ്ടിയിരുന്നോ എന്ന ചോദ്യം പല രാഷ്ട്രീയനിരീക്ഷരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ സംഘടനയാണ് എന്നതിന് ഇവരുടെ കയ്യിൽ തെളിവുണ്ടെങ്കിൽ സംഘടനയുടെ തീവ്രവാദബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, വിദേശബന്ധം എന്നിവയിലെല്ലാം കേസെടുത്ത്​ ജുഡീഷ്യൽ പ്രക്രിയയിലൂടെ ഇത്തരം കാര്യങ്ങൾ പരിഹരിക്കാമായിരുന്നു. വാസ്തവത്തിൽ നടത്തേണ്ടിയിരുന്നത് അതായിരുന്നു. അതിനുപകരം തിരക്കുപിടിച്ച നിരോധനം, ഫലത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടെങ്കിലുമായി വലിയ തോതിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നയത്തോട് അതൃപ്തിയും നീരസവുമുള്ള ന്യൂനപക്ഷങ്ങളിൽ വലിയൊരു വിഭാഗത്തെ കൂടുതൽ റാഡിക്കലൈസ് ചെയ്യാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.

പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിക്കപ്പെട്ടപ്പോൾ അവരുടെ രാഷ്ട്രീയരൂപമായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടില്ല. / Photo: @sdpikarnataka, Twitter

ഡീ റാഡിക്കലൈസേഷൻ വെറും നിയമനിർവഹണം കൊണ്ടുമാത്രം സാധിക്കുന്ന ഒന്നല്ല. അതായിരുന്നു ഭരണകൂടത്തിന്റെ യഥാർഥ ലക്ഷ്യമെങ്കിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിന്ദുത്വശക്തികൾ നടത്തിവരുന്ന, അല്ലെങ്കിൽ 2014 മുതൽ ഭരണകൂട പിന്തുണയോടെ നടത്തിവരുന്ന ഭരണഘടനാവിരുദ്ധമായ, മതനിരപേക്ഷയ്ക്ക് നിരക്കാത്ത, നിരവധി ഹിംസാത്മക പ്രവർത്തനങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്. 2013 ലാണ് യുക്തിവാദിയും സാമൂഹിക പ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കർ കൊല്ലപ്പെടുന്നത്. ഹിന്ദുത്വ ഫ്രിഞ്ച് സംഘടനയായ സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി തുടങ്ങിയ സംഘടനകളൊക്കെ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അതിനുപിന്നാലെയാണ് ഗോവിന്ദ് പൻസാരെയും എം.എം. കൽബുർഗിയും 2017 ൽ ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നത്. ഈ കൊലപാതകങ്ങളൊക്കെ ചെയ്യുന്നത് സംഘപരിവാറിനോട് കൂറും വിധേയത്വവുമുള്ള പരിവാറിൽ തന്നെ അംഗങ്ങളായ സംഘങ്ങളാണ്. രാജ്യത്തെ തലയെടുപ്പുള്ള ഇത്തരം എഴുത്തുകാരെയും ഉൽപ്പതിഷ്ണുക്കളെയും സ്വതന്ത്രചിന്തകരെയും പട്ടാപ്പകൽ കൊന്നുതള്ളിയപ്പോൾ ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗമായ ബി.ജെ.പി നേതാക്കളാരും അപലപിച്ചിട്ടില്ല, മിണ്ടിയില്ല. ആ നിലപാടിനെ ജനാധിപത്യവാദികൾ കണ്ടത് അത്തരം സംഘങ്ങൾക്കുള്ള മൗനാനുവാദമായാണ്. പിന്നീട് പശുരാഷ്ട്രീയത്തിന്റെ പേരിൽ മുസ്​ലിംകളും ദലിതരും കൊല്ലപ്പെട്ടതും നിരന്തരം ആൾക്കൂട്ടാക്രമണങ്ങൾക്ക് വിധേയമായതും നാം കണ്ടതാണ്. ആ രീതിയിൽ ഭരണഘടനാ മൂല്യങ്ങൾക്കുതന്നെ വലിയ രീതിയിലുള്ള പ്രഹരം ഹിന്ദുത്വ നവ ഫാഷിസ്റ്റുകൾ ഏൽപിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ, പോപ്പുലർ ഫ്രണ്ട് എന്ന സംഘടനക്ക്​, സംഘ്പരിവാറിനെതിരെ പ്രതിരോധം തീർക്കുന്നു എന്ന മട്ടിൽ, സംഘ്പരിവാറിന്റെ വളർച്ചയിൽ അസംതൃപ്തിയും നീരസവും ഭയവുമുള്ള വലിയൊരു വിഭാഗം മുസ്​ലിംകളെ ആകർഷിക്കാൻ കഴിഞ്ഞു എന്നതിൽ അത്ഭുതമില്ല. ഇന്ത്യയിലെ നവഫാഷിസ്റ്റുകളായ സംഘപരിവാർ വാസ്തവത്തിൽ അതിഭീമൻ മദയാനയാണ്. എന്നുവെച്ചാൽ കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയുടെ രാഷ്ട്രശരീരത്തിലെ എല്ലാ തന്മാത്രകളിലും കോശങ്ങളിലും വേരാഴ്ത്തിയ, ഭരണഘടനാസ്ഥാപനങ്ങളെ പോലും വരുതിക്കുനിർത്താൻ പ്രാപ്തി നേടിയ, ഇന്ത്യയുടെ എല്ലാ നാഡീ ഞരുമ്പുകളിലും രാഷ്ട്രശരീരത്തിലെ സകല കോശങ്ങളിലേക്കും പടർന്നുകയറിയ, യഥാർത്ഥ ഫാഷിസ്റ്റ് സ്വഭാവം പ്രകടമാക്കുന്നൊരു സംഘത്തെ പ്രതിരോധിക്കാൻ പോപ്പുലർ ഫ്രണ്ടിനെ പോലെ, ന്യൂനപക്ഷവിഭാഗത്തിൽ തന്നെ കാര്യമായ പിന്തുണയോ സ്വാധീനമോ ഒന്നുമില്ലാത്ത സ്വച്ഛ മതാതിഷ്ടിത തീവ്രമനക്കൂട്ടുള്ള ഒരു സംഘടനയക്ക് സാധിക്കില്ല എന്നതാണ് ഒരു കാരണം.

Photo: Dalit Christians Cbci

ഇത്തരം സംഘടനകൾ കൂടുതൽ വളരേണ്ടതും, കൂടുതൽ അക്രമ പ്രവർത്തനങ്ങൾ നടത്തേണ്ടതും സംഘ്പരിവാറിന്റെ ആവശ്യമാണ്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഏറ്റവും ഒടുവിലത്തെ ഹർത്താലിൽ നമ്മൾ കണ്ടത്, ഭരണഘടനാമൂല്യങ്ങളോ, ജനാധിപത്യ മൂല്യങ്ങളോ, മതനിരപേക്ഷ മൂല്യങ്ങളോ ഉയർത്തിപ്പിടിക്കുന്ന മുഖമല്ല. സംഘ്പരിവാർ എന്താണോ ആഗ്രഹിക്കുന്നത് ആ മുഖമാണ് ഹർത്താലിൽ അവർ പ്രദർശിപ്പിച്ചത്. അതിനുമുമ്പ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടിയെ കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യവും, പോപ്പുലർ ഫ്രണ്ട് പൊതുവിൽ മുന്നോട്ട് വെക്കുന്ന റിപബ്ലിക്കിനെ സംരക്ഷിക്കുക എന്ന അവരുടെ തന്നെ മുദ്രവാക്യത്തിന് എതിരായിരുന്നു. റിപബ്ലിക്കിനെ ഭിന്നിപ്പിക്കുന്ന മുദ്രാവാക്യമായിരുന്നു അവിടെ ഉയർന്നത്. ഭരണഘടനാമൂല്യങ്ങളോടോ മതനിരപേക്ഷതയോടൊ ഒരു കൂറും അതിലുണ്ടായിരുന്നില്ല.

അഭിമന്യു വധം, ജോസഫ് മാഷിന്റെ കൈവെട്ടൽ തുടങ്ങിയവയൊക്കെ തീർത്തും അപലപനീയമായ കാര്യങ്ങളാണ്. അഭിമന്യു എസ്.എഫ്.ഐക്കാരനായിരുന്നു. ജോസഫിന്റെ കൈ വെട്ടുന്നത് മതനിന്ദയുടെ പേരിലായിരുന്നു. സംഘപരിവാർ പ്രതിരോധമായിരുന്നില്ല.

പോപ്പുലർ ​ഫ്രണ്ടിന്റെ ശത്രുക്കൾ

സംഘ്പരിവാറിന്റെ രണോത്സുക രാഷ്ട്രീയത്തിന്റെ ആ കാലത്ത് തന്നെയാണ്, പോപ്പുലർ ഫ്രണ്ടിന്റെ ഈ തീവ്രരാഷ്ട്രീയവും വളർന്നുവന്നത്. അതിൽ ഒരു വിഭാഗം മുസ്​ലിംകൾ ആകർഷിക്കപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. പോപ്പുലർ ഫ്രണ്ട് ഉണ്ടാകുന്ന കാലത്തും അതിനുശേഷവും സംഘപരിവാർ അനുക്രമം ഏറ്റവും ഹിംസാത്മകമായി മാറി എന്നതാണ്. ആ ഹിംസാത്മകതയോട് നേരിടാൻ ന്യൂനപക്ഷങ്ങളിൽ തന്നെ ന്യൂനപക്ഷമായ (Minorities within minorities) പോപ്പുലർ ഫ്രണ്ടിന് സാധിക്കില്ല. സകലതും കുത്തിമലർത്തി മുന്നോട്ടുവരുന്ന മദമിളകിയ ആനയെ ചെറുക്കാൻ തീവ്രസ്വഭാവമുള്ളൊരു എലിക്കുട്ടിക്ക് പറ്റില്ല. മുസ്​ലിംകളിൽ അരക്ഷിതാവസ്ഥയുണ്ട് എന്നതിന് പോപ്പുലർ ഫ്രണ്ട് അല്ല പരിഹാരം.

അഭിമന്യു വധം, ജോസഫ് മാഷിന്റെ കൈവെട്ടൽ തുടങ്ങിയവയൊക്കെ തീർത്തും അപലപനീയമായ കാര്യങ്ങളാണ്. അഭിമന്യു എസ്.എഫ്.ഐക്കാരനായിരുന്നു. ജോസഫിന്റെ കൈ വെട്ടുന്നത് മതനിന്ദയുടെ പേരിലായിരുന്നു. സംഘപരിവാർ പ്രതിരോധമായിരുന്നില്ല.

Photo: Senselens Photography, Fb Page

പോപ്പുലർ ഫ്രണ്ടിന്റെ പ്രഥമ ശത്രു ഇപ്പോൾ സംഘ്പരിവാർ ആണെങ്കിലും മാർക്‌സിസ്റ്റുകാരെയും മതനിരപേക്ഷവാദികളെയും ലിബറലുകളെയും യുക്തിവാദികളെയും എന്തിന്, ഇസ്​ലാമിനെ ലിബറലായി സമീപിക്കുന്ന മിതവാദികളെ പോലും പോപ്പുലർ ഫ്രണ്ട് ശത്രുപക്ഷത്താണ്​ നിർത്തുന്നത്​. ഇപ്പോൾ തൽക്കാലം സംഘ്പരിവാറാണ് ഏറ്റവും വലിയ ഭീഷണി എന്നതുകൊണ്ട് മറ്റുള്ളവരോടുള്ള ശത്രുത ഇല്ലാതാവുന്നില്ല. അതുകൊണ്ടുതന്നെ ഫാഷിസ്റ്റ് രൂപം പ്രാപിച്ച് കഴിഞ്ഞ സംഘപരിവാറിനെ ചെറുക്കാൻ പോപ്പുലർ ഫ്രണ്ടിനെ കൊണ്ട് പറ്റില്ല. ഫാഷിസത്തെ ചെറുക്കാൻ മുസ്​ലിം ന്യൂനപക്ഷം എന്നല്ല, ലോകത്തെ മറ്റേത് രാജ്യത്തെ ന്യൂനപക്ഷമായാലും ഏറിവന്നാൽ അവർക്ക് ചെയ്യാൻ പറ്റുക തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെടുക എന്നതുമാത്രമാണ്. അത് വാസ്തവത്തിൽ സംഘപരിവാറിനെ ശക്തിപ്പെടുത്തും. ഫാഷിസ്റ്റുകൾക്ക് അതാണ് വേണ്ടത്.

ഐഡിയലി, ഒരു മതനിരപേക്ഷ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ടേ സംഘപരിവാറിനെ എതിർക്കാൻ പറ്റുകയുള്ളൂ. ദൗർഭാഗ്യവശാൽ ഇന്നത്തെ ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികളിൽ ഒരു ഐക്യനിരയില്ല. മതനിരപേക്ഷ പാർട്ടികൾ എന്ന് പറയുന്നവർ തന്നെ തരം കിട്ടുമ്പോഴൊക്കെ ബി.ജെ.പിയുമായി ഭരണം പങ്കിട്ടവരാണ്. മായാവതി, നിതീഷ് കുമാർ, മമത ബാനർജി തുടങ്ങിയവരൊന്നും നിഷ്‌ക്കളങ്ക മതനിരപേക്ഷവാദികളല്ല. അധികാരം ലഭിക്കാൻ ബി.ജെ.പിയുമായി ഭരണം പങ്കിട്ടവരാണ്, പങ്കിടാൻ തയാറായവരാണ്, ഇനിയും തയാറാവുകയും ചെയ്യും. വളരെ സോളിഡായ മതനിരപേക്ഷ പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രമേ സംഘ്പരിവാറിന്റെ വിധ്വംസക - പ്രതിലോമ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാൻ പറ്റുകയുള്ളൂ. നിർഭാഗ്യവശാൽ അതുപോലൊരു ഐഡിയൽ പ്ലാറ്റ്ഫോം രൂപപ്പെട്ടുവന്നിട്ടില്ല. കോൺഗ്രസാണെങ്കിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംഘ്പരിവാറിനെ എതിർക്കാൻ മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. അത് സംഘ്പരിവാർ രാഷ്ട്രീയത്തെ സാധൂകരിക്കുന്നതും അതിന് സമ്മതപത്രം നൽകുന്നതുമാണ്.

നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ക്കിടെ. / Photo: Wikimedia Commons

രാജ്യത്ത് സംഘപരിവാർ രാഷ്ട്രീയത്തിന് മേധാവിത്വമുള്ളിടത്തോളം കാലം, രാജ്യത്തെ ഭരണനിർവഹണ വ്യവസ്ഥ സെക്യുലർ മൂല്യങ്ങളിലേക്കും ഭരണഘടനാനുസൃതമായ ഭരണനിർവ്വഹണത്തിലേക്കും തിരിച്ചുപോകാത്തിടത്തോളം കാലം, സ്വഭാവികമായും പോപ്പുലർ ഫ്രണ്ടിന് സമാനമായ സംഘടനകൾ വളർന്നുവരും. പോപ്പുലർ ഫ്രണ്ടിൽ ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ബന്ധവും നിയമ വിരുദ്ധ പ്രവർത്തനവുമൊക്കെ ജുഡീഷ്യൽ പ്രോസസിന് വിധേയമാക്കാം എന്നിരിക്കെ തൽക്ഷണമുള്ള നിരോധനവും കൂട്ട അറസ്റ്റും മുസ്​ലിംകളെയാകെ സംഘപരിവാർ ഉന്നംവെക്കുന്നു എന്ന പ്രതീതി സമൂഹത്തിൽ സൃഷ്ടിക്കും. സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കാൻ വരുന്നവരെ ഈ മട്ടിലാണ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. തൽക്ഷണമാണ് നിരോധനം വരുന്നത്. ഫാഷിസ്റ്റ് രൂപം പ്രാപിച്ച ഒരു ഭരണകൂടം നിലവിലുള്ളപ്പോൾ ഇത്തരം പ്രതിരോധങ്ങൾ കൗണ്ടർ പ്രൊഡക്ടീവ് ആയാണ് മാറുന്നത്. ഇത്തരം സംഘടനകളിൽ അംഗത്വമില്ലാത്ത, അനുഭാവം പോലുമില്ലാത്ത മുസ്​ലിംകളെ പോലും സംഘപരിവാർ രാഷ്ട്രീയത്തിന് ഉന്നം വെക്കാൻ അവസരം സൃഷ്ടിക്കുന്നു. മാത്രമല്ല, മതനിരപേക്ഷവാദികളായ മുസ്​ലിംകളല്ലാത്ത രാഷ്ട്രീയ എതിരാളികളെയും വിമതരെയും അടിച്ചൊതുക്കാനും ജയിലിലിടാനുമുള്ള വീര്യം പൂർവ്വാധികം നൽകുകയും ചെയ്യുന്നു.

സംഘപരിവാറിന്റെ അക്രമോത്സുക ഫാഷിസ്റ്റ് രാഷ്ട്രീയത്തെ നിയമാനുസൃതമായും ഭരണഘടനാപരമായും എതിർക്കുന്ന ജനാധിപത്യവാദികളായ രാഷ്ട്രീയ വിമതരെ കൂടുതൽ തീവ്രതയോടെ ലക്ഷ്യംവെക്കാനും അവരെ ഒതുക്കാനും അടിച്ചമർത്താനും ഈ നിരോധനം സംഘപരിവാറിന് കൂടുതൽ ഉത്തേജനം നൽകും. മുസ്​ലിംകളെ മാത്രമല്ല, സംഘ്പരിവാർ രാഷ്ട്രീയത്തെ എതിർക്കുന്ന എല്ലാ മനുഷ്യരെയും അവർ ഉന്നം വെച്ചിട്ടുണ്ട്. മുംബൈയിലെ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദ്, റിട്ടയേർഡ് ഡി.ജി.പി ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരെ തുറുങ്കിലടച്ചു. ആനന്ദ് തെൽതുംബ്​ദെ, ഗൗതം നവ്‌ലാഖ തുടങ്ങി അനേകം സാമൂഹ്യ പ്രവർത്തകർ ഇപ്പോൾ ജയിലിലാണ്.

ടീസ്റ്റ സെതൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, ആനന്ദ് തെൽതുംബ്​ദെ, ഗൗതം നവ്‌ലാഖ.

തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ മുസ്​ലിംകളെ മാത്രമല്ല, മുസ്​ലിംകളല്ലാത്ത തങ്ങളെ എതിർത്ത് സംസാരിക്കുന്ന ആളുകളെയും ഇതിനകം തടവറയിലാക്കിക്കഴിഞ്ഞു. അതിന് കൂടുതൽ തുടർച്ചയുണ്ടാകും. ഇവരൊക്കെ സംഘപരിവാറിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ മാനം വളരെ വലുതാണ്. പോപ്പുലർ ഫ്രണ്ട് നടത്തിയതുപോലെയായിരുന്നില്ല അവരുടെ പ്രവർത്തനം. മതവും വർഗീയതയും തീവ്രസമീപനങ്ങളും കടന്നുവരുമ്പോൾ മതനിരപേക്ഷ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് നിയമാനുസൃതമായി പോരാടുന്നവരെ ദുർബലപ്പെടുത്തുകയാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ചെയ്യുന്നത്.

‘സിമി’യുടെ തുടക്കം

1977ൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അലിഗഡ് മുസ്​ലിം സർവകലാശാലയിൽ ഒത്തുചേർന്ന വിദ്യാർത്ഥികളാണ് ‘സിമി’ (സ്റ്റുഡൻ്​റ്​ ഇസ്ലാമിക് മൂവ്‌മെൻറ്​ ഓഫ് ഇന്ത്യ) രൂപവത്കരിച്ചത്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതുപോലെ ഉത്തരേന്ത്യയിലെ പാസ്​മാണ്ട മുസ്​ലിംകൾ (ദലിത് മുസ്​ലിംകൾ) വളരെ പിന്നാക്കാവസ്ഥയിലുള്ള വിഭാഗമായിരുന്നു. അവിടെ നടന്ന അനവധി വർഗീയ കലാപങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ഈ ദലിത് മുസ്​ലിംകളാണ്. പാർശ്വവൽക്കരിക്കപ്പെടുന്ന മുസ്​ലിംകളെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് ‘സിമി’ ഉണ്ടാകുന്നത്. ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യകാല വിദ്യാർത്ഥി സംഘടനയായിട്ടാണ് ‘സിമി’ കടന്നുവരുന്നത്.

‘സിമി’യുടെ പ്രത്യയശാസ്ത്ര പ്രചോദന കേന്ദ്രം മൗലാനാ മൗദൂദിയുടെ ആശയ പ്രപഞ്ചവും മുസ്​ലിം ബ്രദർ ഹുഡിന്റെ നേതാക്കളിലൊരാളായ സയ്യിദ് ഖുത്വുബിന്റെ ആശയ പ്രപഞ്ചവുമാണ്. 1979 ൽ നടന്ന ഇസ്​ലാമിക വിപ്ലവത്തെ വലിയ ആദരവോടെയും ആശ്ചര്യത്തോടെയും കണ്ടവരും ആഘോഷിച്ചവരുമായിരുന്നു ‘സിമി’ നേതാക്കൾ. ‘സിമി’യുടെ ആശയ പ്രചോദന കേന്ദ്രമായ മൗദൂദിയുടെ ഗ്രന്ഥങ്ങളും സയ്യിദ് ഖുത്വുബിന്റെ വഴിയടയാളങ്ങൾ പോലുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്​ലാമിയുടെ പ്രസിദ്ധീകരണമായ ഐ.പി.എച്ച് ബുക്‌സ് ആണ്.

ഇങ്ങനെയാണ് സംഘപരിവാറിനെ എതിർക്കുന്നത് എങ്കിൽ അതിന്റെ പരിണിത ഫലം എന്തായിരിക്കും എന്ന് നമ്മൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സൈന്യവും അതിന്റെ സംവിധാനങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ കയ്യിലാണ്​. അപ്പോൾ ഇതിനെ ചെറുക്കാനുള്ള രാഷ്ട്രീയം ഏതുവിധമായിരിക്കണം.

1980 കളുടെ തുടക്കത്തിൽ ഇറാനിയൻ ഇസ്​ലാമിക വിപ്ലവത്തെ പ്രമേയമാക്കി ഒരു നാടകം അവതരിപ്പിച്ചിരുന്നു. അതിന്റെ കേന്ദ്രകഥാപാത്രം ആയത്തുള്ള ഖൊമൈനി ആയിരുന്നു. ‘അള്ളാഹുവിന്റെ ഭൂമിയിൽ അള്ളാഹുവിന്റെ ഭരണം’ എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. അക്കാലത്തുതന്നെ പി.എൽ.ഒ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ ‘സിമി’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അറഫാത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പാവയാണ് എന്നായിരുന്നു ‘സിമി’യുടെ വിലയിരുത്തൽ. അതിനുശേഷമാണ് ‘ഇന്ത്യയുടെ മോചനം ഇസ്​ലാമിലൂടെ’ എന്ന ചുമരെഴുത്തൊക്കെ പ്രത്യക്ഷപ്പെടുന്നത്. ‘ഇസ്​ലാമിന്റെ അന്ത്യം ഇന്ത്യയിൽ തന്നെ’ എന്നായിരുന്നു അന്ന് അതിന് ഹിന്ദുത്വവാദികൾ തിരിച്ചടിച്ചത്.

ഞാൻ ചേന്ദമംഗലൂർ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സംഘപരിവാറിന് ബാലഗോകുലം ഉള്ളതുപോലെ ‘സിമി’ക്ക് ബലസരണി എന്നൊരു സംഘടനയുണ്ടായിരുന്നു. ഞാൻ അംഗമായിരുന്നില്ലെങ്കിലും ബാലസരണി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ അന്ന് പങ്കെടുത്തിരുന്നു. മതവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും അന്ന് ആ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നീടാണ് ജമാഅത്തെ ഇസ്​ലാമി ഇവരുമായി ബന്ധം വേർപ്പെടുത്തുന്നത്. പിന്നീട്​, ജമാഅത്തെ ഇസ്​ലാമി എസ്.ഐ.ഒ ഉണ്ടാക്കി.

യാസർ അറഫാത്ത്. / Photo: Wikimedia Commons

‘സിമി’ സംസ്ഥാന പ്രസിഡന്റായിരുന്ന, പിന്നീട് ജമാഅത്തെ ഇസ്​ലാമിയുടെ അസിസ്​റ്റൻറ്​ അമീറായി മാറിയ ശൈഖ്​ മുഹമ്മദ് കാരക്കുന്ന് അന്ന് ‘സിമി’ വിട്ട് എസ്.ഐ.ഒയിലേക്ക് പോവുകയായിരുന്നു. ‘സിമി’യിലെ ഒരു വിഭാഗം വിട്ടുപോയെങ്കിലും ഒരു വിഭാഗം അതിൽ തന്നെ തുടർന്നു. അക്കാലത്ത് വിവേകം എന്ന ഒരു മാസികയും ‘സിമി’യുടെ നേത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഖലീം എന്ന തൂലിക നാമത്തിൽ പ്രൊഫ. പി. കോയ നല്ല ഭാഷയിൽ ദേശീയ അന്തർദേശീയ വിഷയത്തെ കുറിച്ച് ‘സിമി’ എന്ന സംഘടനയുടെ പരിപ്രേക്ഷ്യത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നത് ഞാൻ വായിക്കാറുണ്ടായിരുന്നു. അന്നൊന്നും എന്തെങ്കിലും തരത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള പ്രായമല്ലായിരുന്നു. സ്‌കൂൾ വിദ്യാർത്ഥിയാണ്. നന്നായി വായിക്കുമായിരുന്നു. മാസികയ്ക്ക് ഒരുപാട് വായനക്കാരുമുണ്ടായിരുന്നു.

1992 ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നു. അതോടെ അബ്ദുന്നാസർ മഅ്ദ​നി ഇസ്​ലാമിക് സ്വയം സേവാ സംഘം ഉണ്ടാക്കുന്നു. അത് പിന്നീട് നിരോധിച്ചു. പിന്നീടാണ് 1993 ൽ എൻ.ഡി.എഫ് ഉണ്ടാവുന്നത്. അതോടെ സമാന ചിന്താഗതിക്കാർ എൻ.ഡി.എഫിലേക്ക് ചേക്കേറി. ‘സിമി’ക്കാർ മുഴുവൻ എൻ.ഡി.എഫിലേക്ക് പോയി, ഐ.എസ്.എസിലുണ്ടായിരുന്ന ആളുകളും അതിൽ സഹകരിച്ചു. പിന്നീട് കർണാടകയിൽ ഫോറം ഫോർ ഡിഗ്​നിറ്റി വന്നു. തമിഴ്‌നാട്ടിൽ മനിതാ നീതി പാസറൈ വന്നു. ഇതൊക്കെ ലയിച്ചാണ് 2006 ൽ പോപ്പുലർ ഫ്രണ്ട് ഉണ്ടാവുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ആശയവും അടിത്തറയും ‘സിമി’ തന്നെയാണ്.

നിരോധനങ്ങൾ,​ പ്രത്യാഘാതങ്ങൾ

ഇന്ത്യയിൽ ആദ്യമായി നിരോധിച്ച സംഘടന ആർ.എസ്.എസാണ്. 1948 ൽ ഗാന്ധിവധത്തെ തുടർന്ന്. സർദാർ വല്ലഭായ് പട്ടേലായിരുന്നു അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രി. 18 മാസത്തേക്കായിരുന്നു ആ നിരോധനം. തങ്ങൾ ഇനി രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് എഴുതിക്കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനൗദ്യോഗികമായി ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ 18 മാസത്തിന് ശേഷം ആ നിരോധനം പിൻവലിക്കുകയായിരുന്നു. അവരൊരു സാംസ്‌കാരിക സംഘടനയാണ് എന്നാണ് പറയുന്നത്. അത് അങ്ങനെയല്ല എന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പി ഉൾപ്പടെ സംഘപരിവാറിന്റെ എല്ലാ സംഘടനകളുടെയും കടിഞ്ഞാൺ ആർ.എസ്.എസിന്റെ കയ്യിലാണ് എന്നതാണ് സത്യം. അതായത് തികഞ്ഞ രാഷ്ട്രീയ സംഘടനയാണ് ആർ.എസ്.എസ് എന്നർത്ഥം.

മാലേഗാവ് സ്‌ഫോടന കേസിൽ പ്രതിയായിരുന്ന പ്രഖ്യാസിംഗ് ഠാക്കൂർ ഉൾപ്പടെയുള്ളവർ ഇപ്പോൾ എം.പിമാരായി വിരാജിക്കുകയാണ്. / Photo: Sadhvi Pragya Singh Thakur

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ്, ജമാഅത്തെ ഇസ്​ലാമി ഹിന്ദ്, ബജ്​റംഗ്​ ദൾ, വി.എച്ച്.പി ഇവയൊക്കെ നിരോധിച്ചു. പിന്നീട് നിരോധനം നീക്കി. 1992 ൽ ബാബരി മസ്ജിദ് തകർത്തപ്പോൾ ആർ.എസ്.എസ്, ജമാഅത്തെ ഇസ്​ലാമി ഹിന്ദ്, സിമി എന്നിവരെ നിരോധിച്ചു. നിരോധനം വാസ്തവത്തിൽ ആരെയും തളർത്തില്ല. അവരൊക്കെയും വളർന്ന ചരിത്രമാണ് ഇന്ത്യൻ യാഥാർത്ഥ്യം. നിരോധനമല്ല ഫലപ്രദമായ മാർഗം. അന്നത്തെ നിരോധനത്തിന് തക്കതായ കാരണങ്ങൾ കേന്ദ്ര ട്രൈബ്യൂണലിനുമുന്നിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാറിന് പറ്റാത്തയാപ്പോൾ നിരോധനം നീക്കേണ്ടിവന്നു.

സംഘ്പരിവാറിന്റെ ഒരുപാട് ഫ്രിഞ്ച് ഓർഗനൈസേഷനുകൾ, ആർ.എസ്.എസിന്റെ അനുഗ്രഹത്തോടെയും ആശിർവാദത്തോടെയും എത്രയോ കൊലകൾ നടത്തിയിട്ടുണ്ട്, നടത്തുന്നുമുണ്ട്. മാലേഗാവ് സ്‌ഫോടന കേസിൽ പ്രതിയായിരുന്ന പ്രഖ്യാസിംഗ് ഠാക്കൂർ ഉൾപ്പടെയുള്ളവർ ഇപ്പോൾ എം.പിമാരായി വിരാജിക്കുകയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളിൽ തന്നെ ഭൂരിപക്ഷം അംഗീകരിക്കാത്ത ഇത്തരം സംഘടനകളെ നിരോധിക്കുമ്പോൾ ന്യൂനപക്ഷങ്ങളിലെ ഡീ റാഡിക്കലൈസേഷൻ അല്ല നടക്കുന്നത്. ന്യൂനപക്ഷങ്ങളിൽ തന്നെ റാഡിക്കൽ അല്ലാത്തവർ പോലും റാഡിക്കലായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് ഇത് പരിണമിക്കാൻ സാധ്യത ഏറെയാണ്.

ഇങ്ങനെയാണ് സംഘപരിവാറിനെ എതിർക്കുന്നത് എങ്കിൽ അതിന്റെ പരിണിത ഫലം എന്തായിരിക്കും എന്ന് നമ്മൾ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സൈന്യവും അതിന്റെ സംവിധാനങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ കയ്യിലാണ്​. അപ്പോൾ ഇതിനെ ചെറുക്കാനുള്ള രാഷ്ട്രീയം ഏതുവിധമായിരിക്കണം. മൃദുഹിന്ദുത്വം പരിഹാരമല്ല. അത് തീവ്രഹിന്ദുത്വത്തിനെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയ സമീപനമാണ്. അതാണ് നിർഭാഗ്യവശാൽ കോൺഗ്രസിനെ പോലുള്ള രാഷ്ട്രീയ പാർട്ടികൾ കുറച്ചുകാലമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷത്തെ പോപ്പുലർ ഫ്രണ്ടിന് രക്ഷിക്കാൻ കഴിയില്ല. അത്തരം സംഘടനകൾ എത്ര വന്നാലും ഈ ചുറ്റികപ്രഹരം അവർക്കുമേൽ വീഴും. അപ്പോൾ എന്താണ് ബദൽ രാഷ്ട്രീയം? അതിന് ഉത്തരം ഐഡിയൽ സെക്യുലർ പ്ലാറ്റ്ഫോം എന്നാണ്. അതിനെ എങ്ങനെ ശക്തിപ്പെടുത്താൻ പറ്റുമെന്നാണ് ന്യൂനപക്ഷങ്ങൾ ചിന്തിക്കേണ്ടത് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ചിന്തിക്കേണ്ടത്. ▮


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments