പൊയ്​കയിൽ അപ്പച്ചനിസം: കേരളത്തിന്റെ അടിമ ജനത നവോത്ഥാന മാനിഫെസ്റ്റോ

ഇനിയും എത്രകാലം മുഖ്യധാരാ നവോത്ഥാനചരിത്രത്തില്‍ പൊയ്​കയിൽ അപ്പച്ചൻ പാർശ്വവൽകൃതനായി തുടരേണ്ടിവരും എന്ന ചോദ്യത്തിൽനിന്ന്​ ക്രൈസ്​തവ മതത്തിൽ ഇപ്പോഴും തുടരുന്ന ജാതീയവിവേചനത്തെക്കുറിച്ച്​ അന്വേഷണം.

ഭാഗം ഒന്ന്: മതം വിമോചന സാധ്യതയല്ല, വിവേചന സാധ്യതയാണ്

കേരള ചരിത്രത്തിന്റെ മഹാഖ്യാനങ്ങളില്‍ ഇടം ലഭിക്കാതിരുന്നെങ്കിലും തിരസ്‌കൃതരെ തിരഞ്ഞറിയുന്ന സമകാലത്ത് പ്രാധാന്യമേറിവരുന്ന നവോത്ഥാനനായകരില്‍ പ്രമുഖ സാന്നിധ്യമായി അടയാളപ്പെടേണ്ടത് പൊയ്കയില്‍ അപ്പച്ചന്‍, പൊയ്കയില്‍ യോഹന്നാന്‍, കുമാരഗുരുദേവന്‍ എന്നിങ്ങനെ ഭിന്ന പേരുകളില്‍ അറിയപ്പെടുന്ന കീഴാള വിമോചകനാണ്. കേരള നവോത്ഥാനത്തിന്റെ പുതുവായനകളായി പുറത്തുവരുന്ന രചനകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കാണാം. ഒഴിവാക്കപ്പെട്ടവരെ കുറിച്ച് കേരളം കൂടുതലറിയുന്നത് പാര്‍ശ്വധാരകളായി പുറത്തുവരുന്ന ഇത്തരം ചരിത്രരചനാ ഇടപെടലുകളിലൂടെയാണ്.

ജീവചരിത്ര രചനകള്‍, പ്രത്യക്ഷരക്ഷാ ദൈവസഭാചരിത്രം, പ്രത്യക്ഷരക്ഷാ ദൈവസഭാ പാട്ടുകള്‍ എന്നിങ്ങനെ ഭിന്ന രചനകളിലൂടെയാണ് അപ്പച്ചന്‍ ആരാണെന്നും എന്തായിരുന്നുവെന്നും പൊതുമലയാളത്തിന് വിനിമയസാന്നിധ്യമായത്. അപ്പച്ചനെക്കുറിച്ച് ലഭ്യമായ പ്രസ്തുത രേഖാസഞ്ചയം വായിച്ചറിയുമ്പോള്‍ നവോത്ഥാനകേരളത്തിലെ കീഴാള വിമോചന വ്യവഹാരത്തിന്റെ ശക്തിയും ആഴവും വ്യക്തമാകുന്നുണ്ട്. അതോടൊപ്പം, മുഖ്യധാരാ നവോത്ഥാന ചരിത്രത്തില്‍ നിന്ന് അപ്പച്ചന്‍ ഒഴിവാക്കപ്പെട്ടതാണെന്നും ബോധ്യമാകും. അപ്പച്ചന്‍ എത്രകാലം ഇനിയും പാര്‍ശ്വവത്കൃതനായി തുടരണം എന്നാലോചിക്കുമ്പോഴാണ് അപ്പച്ചന്റെ സാന്നിധ്യത്തെ മുഖ്യധാരയുമായി എങ്ങനെയൊക്കെ ചേര്‍ത്തുവെക്കാമെന്ന ആലോചനയായി അത് മാറുന്നത്.

ക്രൈസ്തവവത്കരണത്തിന് വിധേയരാകാത്ത ജനവര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഗുരുവിന്റെയും അയ്യങ്കാളിയുടെയും അനുഭവലോകമല്ല അപ്പച്ചന്റേത്.

കീഴാള ജനതയും ക്രൈസ്തവവല്‍ക്കരണവും

കേരളത്തിന്റെ റാഡിക്കല്‍ വിനിമയ, പ്രചാരണ, വിമോചന പാരമ്പര്യഘടനകളുമായി കണ്ണിചേര്‍ത്ത് അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍, അപ്പച്ചന്‍ കേരളത്തിന് എന്തായിരുന്നുവെന്നു വിളിച്ചറിയിക്കും.

നവോത്ഥാന മുന്നേറ്റങ്ങളെയും കൊളോണിയല്‍ ആധുനികതയെയും ബന്ധപ്പെടുത്തിയാണ് പൊതുവില്‍ കേരളത്തിന്റെ ആധുനികീകരണത്തെ മനസിലാക്കുന്നത്. കൊളോണിയല്‍ ആധുനികത വ്യക്തിബോധം നിര്‍മിച്ചെടുത്തുവെന്നും ആത്മീയമായ പുതിയ തിരിച്ചറിവുകള്‍ നല്‍കിയെന്നും വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയപ്രതിനിധാനം, ഭരണപങ്കാളിത്തം എന്നിവ നേടിയെടുക്കാന്‍ ജാതിമേല്‍ക്കോയ്മക്കെതിരായ സമരങ്ങള്‍ സമുദായവത്കരണത്തിലൂടെ സാധ്യമായെന്നുമൊക്കെ ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, സാമുദായവത്കരണത്തിലൂടെ പൊതുമണ്ഡലത്തില്‍അടയാളപ്പെടുക എന്ന നവോത്ഥാന പ്രക്രിയ മിക്ക സമുദായങ്ങളെയും പൊതുമണ്ഡലത്തില്‍ സാന്നിധ്യമുറപ്പിച്ചു. ജാതീയ ഉച്ചനീചത്വ അവസ്ഥയില്‍നിന്നുള്ള വിമോചനപ്രക്രിയ എന്ന നിലയില്‍ സാമുദായികവത്കരണത്തെ മനസിലാക്കുന്നുണ്ട്. എസ്.എന്‍.ഡി.പിയുടെ രൂപീകരണത്തെ തുടര്‍ന്ന് കീഴാള ജനവിഭാഗങ്ങളുടെ ഉന്നമനവും സാമൂഹികനീതിയും ലക്ഷ്യംവച്ച് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സാധുജന പരിപാലനസംഘം പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് ഒട്ടേറെ ജാതിവിഭാഗങ്ങള്‍ സംഘടിതശക്തിയായി മാറി. ഈ പശ്ചാത്തലത്തിലാണ് അപ്പച്ചനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തേണ്ടത്.

കീഴാള വിമോചന സാധ്യത നഷ്ടപെട്ടതുവഴിയുള്ള മതനിഷേധവും കീഴാളജനതയുടെ അടിമാനുഭവചരിത്രത്തിന്റെ രാഷ്ട്രീയവത്കരണവും ജാതിരഹിത സമൂഹസൃഷ്ടിയും എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് അപ്പച്ചന്റെ സംഭാവനകളെ വിലയിരുത്തി അദ്ദേഹത്തിന്റെ നവോത്ഥാന സ്വത്വം ഇവിടെ അവതരിപ്പിക്കുന്നത്.

മൂന്നാറിലെ ടീ പ്ലക്കേഴ്‌സ് ചര്‍ച്ച്‌ / Photo: Shafeeq Thamarassery

ജാതി ഉച്ചനീചത്വത്തില്‍നിന്ന് കുതറിമാറാന്‍ അവർണ ജനതയെ പ്രേരിപ്പിച്ച മതപരമായ രണ്ടു പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനകാലത്തുണ്ടായി. പ്രാഥമികമായി ക്രൈസ്തവവത്കരണമാണ്. മിഷനറിമാര്‍ തുറന്നിട്ട വിദ്യാഭ്യാസ സാധ്യതകളും ക്രിസ്തുമതാനുയായികളാകുന്നതോടെ കൈവരുന്ന സാമൂഹികഘടനാമാറ്റവും കീഴാളജനതയെ സ്വാധീനിച്ചു. മതപരിവര്‍ത്തനത്തിലൂടെയുള്ള സാമൂഹികമാറ്റം എന്ന കൊളോണിയല്‍ കുറുക്കുവഴിയെ പ്രതിരോധിക്കാന്‍ ശ്രീനാരയണഗുരുവും അയ്യങ്കാളിയുമൊക്കെ തങ്ങള്‍ക്കു നിഷേധിക്കുകയും സവര്‍ണര്‍ അനുഭവിച്ചുവരുന്നതുമായ സാമൂഹികവും ആത്മീയവുമായ അവകാശങ്ങളെ അവര്‍ണര്‍ക്കും കൂടി അവകാശപ്പെടുത്തിയെടുക്കുന്നതില്‍ ശ്രദ്ധിച്ചു. ക്രൈസ്തവവത്കരണത്തിന് വിധേയരാകാത്ത ജനവര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഗുരുവിന്റെയും അയ്യങ്കാളിയുടെയും അനുഭവലോകമല്ല അപ്പച്ചന്റേത്. മിഷനറിലോകം ആവേശപൂര്‍വം വിശ്വസിപ്പിച്ച വിമോചന സ്വപ്നത്തിന്റെ നഷ്ടവും കൊളോണിയല്‍വാഴ്ച അവകാശപ്പെട്ട സമത്വവും സ്വാതന്ത്ര്യവും പൊള്ളയാണെന്നുള്ള തിരിച്ചറിവും നല്‍കിയ കൊളോണിയല്‍ വിരുദ്ധ നവ സാമൂഹിക അവബോധമാണ് അപ്പച്ചനെ നവോത്ഥാന പ്രക്രിയയില്‍ വ്യത്യസ്തനാക്കുന്നത്.

അപ്പച്ചന്‍ സ്വീകരിച്ച തനതുവഴിക്ക് അക്കാലത്തുനടന്ന ഇതര പ്രവര്‍ത്തനങ്ങളുമായുള്ള ഭിന്നത വെളിപ്പെടുത്തി കൊണ്ടുവേണം നവോത്ഥാന പാരമ്പര്യത്തില്‍ മൗലികധാരയായ അപ്പച്ചനിസത്തെ മനസിലാക്കാന്‍.

മറ്റു നവോത്ഥാന നായകര്‍ കോളനി ഭരണത്തെ പ്രത്യക്ഷമായി എതിര്‍ക്കാതെ, കോളനിഭരണം അനുവദിച്ച സന്ദര്‍ഭം പ്രയോജനപ്പെടുത്തി അവകാശസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നുള്ള മാറ്റം അനുകൂലമാക്കി, കൊളോണിയല്‍ ആധുനികത അനുവദിച്ച അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഭിന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറിയതുവഴി സവര്‍ണമേധാവിത്വത്തില്‍ നിന്നനുഭവിച്ച ഉച്ചനീചത്വത്തെയും അവകാശനിഷേധങ്ങളെയും അവകാശസംരക്ഷണ സമരങ്ങളിലൂടെ മറികടക്കാനായി. ഈ മുന്നറ്റങ്ങളെ നവോത്ഥാന മുന്നേറ്റങ്ങളായി സാധാരണ കണക്കാക്കിവരുന്നു. പ്രവര്‍ത്തനകാലം കണക്കിലെടുത്തു മാത്രം അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളെ അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കി സമാനമായി പറഞ്ഞുവയ്ക്കാനാവില്ല. അപ്പച്ചന്‍ സ്വീകരിച്ച തനതുവഴിക്ക് അക്കാലത്തുനടന്ന ഇതര പ്രവര്‍ത്തനങ്ങളുമായുള്ള ഭിന്നത വെളിപ്പെടുത്തി കൊണ്ടുവേണം നവോത്ഥാന പാരമ്പര്യത്തില്‍ മൗലികധാരയായ അപ്പച്ചനിസത്തെ മനസിലാക്കാന്‍.

ശ്രീനാരായണഗുരു, അയ്യങ്കാളി

കൊളോണിയല്‍ ആധുനികതയെയും സവര്‍ണ മേധാവിത്വത്തെയും അപ്പച്ചന്‍ അഭിമുഖീകരിച്ചത് വ്യത്യസ്തമായാണ്. അപ്പച്ചന്‍ ആര്‍ക്കുവേണ്ടിയാണോ നിലനിന്നത് അവര്‍ ഒരേസമയം സവര്‍ണ വരേണ്യതയുടെ നികൃഷ്ടമായ ഇരയായവരും കൊളോണിയല്‍ വിമോചന തന്ത്രമായ ക്രൈസ്തവവല്‍ക്കരണത്തിലും സമാനമായി ഇരയായവരുമാണ്. കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും തള്ളിക്കളയാതെ, എന്നാല്‍ അത് മതപരിവര്‍ത്തനത്തിലൂടെ മുന്നോട്ടുവച്ച വിമോചന സങ്കല്‍പ്പത്തെ എതിര്‍ക്കുകയും, ശ്രീനാരയണഗുരു ഉള്‍പ്പടെയുള്ളവര്‍ അക്കാലത്തു പ്രാവര്‍ത്തികമാക്കിയ അവര്‍ണ ഹൈന്ദവീയത ഏറ്റെടുക്കാതിരിക്കുകയും മതേതരവും ജാതി- ഉപജാതിയേതരവുമായ കീഴാള നവീകരണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തുവെന്നതാണ് അപ്പച്ചനെ വ്യത്യസ്തനാക്കുന്നത്.

ക്രിസ്തുവിന്റെ മോചനവഴിയും ദലിതർക്ക്​ സമത്വം ഉറപ്പിക്കുന്നില്ല; അതും വിവേചനതുടര്‍ച്ചയേ ഒരുക്കുന്നുള്ളൂ എന്ന തിരിച്ചറിവ് ആദ്യമായി അവതരിപ്പിച്ചത് അപ്പച്ചനാണ്.

അപ്പച്ചന്റെ മതവിരുദ്ധമായ വിമോചനവഴി

ബ്രാഹ്മണിക മൂല്യങ്ങളോടും കൊളോണിയല്‍ മൂല്യങ്ങളോടും അപ്പച്ചന്‍ പ്രതികരിച്ചതെങ്ങനെ?

വിവേചനവും അസമത്വവും അനുഭവിച്ച് പുറന്തള്ളപ്പെട്ട, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയെ ക്രൈസ്തവ മതത്തിലേക്കാകര്‍ഷിച്ച്, സാമൂഹികമായി സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്നു പ്രചരിപ്പിക്കുകയും ചെയ്തുവെന്നത് മിഷനറി പ്രവര്‍ത്തനത്തില്‍ പ്രധാനമായിരുന്നു. കീഴാള ജനതയെ ക്രൈസ്തവരാക്കി മികച്ച തൊഴില്‍സേനയെ കൂടെ നിറുത്തുകയായിരുന്നു ലക്ഷ്യം. കീഴാളര്‍ക്ക് വരേണ്യ ഹൈന്ദവിക ഘടനയില്‍ അനുഭവിച്ചുവന്ന ജാതീയ വിവേചനത്തില്‍ നിന്നുമുള്ള രക്ഷയായിരുന്നു ക്രിസ്തുമതത്തിലേക്കുള്ള പ്രവേശനം. ഏതായാലും വളരെ വേഗം അടിത്തട്ടു ജനതയ്ക്ക് വിമോചനവഴിയായി ക്രിസ്തുവഴി മാറി. നിലവിലെ അധമാവസ്ഥയ്ക്ക് പരിഹാരമായി ക്രിസ്തുമത സ്വീകരണത്തെ പരക്കെ നോക്കിക്കണ്ടു. ഈ സാമൂഹിക പരിവര്‍ത്തന സാധ്യത പ്രയോജനപ്പെടുത്തുകയായിരുന്നു മിഷനറിമാരും.

കീഴാളര്‍ക്ക് വരേണ്യ ഹൈന്ദവിക ഘടനയില്‍ അനുഭവിച്ചുവന്ന ജാതീയ വിവേചനത്തില്‍ നിന്നുമുള്ള രക്ഷയായിരുന്നു ക്രിസ്തുമതത്തിലേക്കുള്ള പ്രവേശനം. / Photo: Pixabay

ക്രിസ്തുവിന്റെ വഴി സമത്വത്തിന്റെയും വിവേചനരഹിതമായ സാഹോദര്യത്തിന്റെയും ഉന്നമനത്തിന്റെയും സാധ്യതയായി അവതരിപ്പിക്കപ്പെട്ടു. കോളനിവാഴ്ചയുടെ രാഷ്ട്രീയതാല്‍പര്യങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു ക്രൈസ്തവവത്കരണം. സമത്വം, സാഹോദര്യം, വിമോചനം എന്നിങ്ങനെ പ്രചരിപ്പിച്ച ക്രൈസ്തവികത താഴെത്തട്ടില്‍ വിവേചനയിരകളായി അടിമത്തം അനുഭവിക്കുന്നവര്‍ക്ക് വന്‍തോതില്‍ പ്രത്യാശ നല്‍കി. അടിമത്തത്തില്‍ നിന്നും അക്ഷരജ്ഞാനലോകത്തേക്കു കടക്കുകവഴി ദീര്‍ഘകാലമായി അനുഭവിക്കുന്ന വിവേചനത്തില്‍ നിന്ന് മുക്തി നേടാമെന്നായിരുന്നു പ്രതീക്ഷ. വിവേചനത്തില്‍ നിന്ന് രക്ഷതേടി എത്താനൊരിടം കൈവന്നതോടെ പാര്‍ശ്വവത്കൃത ജനതയ്ക്ക് ക്രിസ്തുവിന്റെ പാതയിലെത്തുക എന്നത് വിമോചനവഴിയായി മാറി. കൊളോണിയല്‍ ആധുനികതയായി തിരിച്ചറിയുന്ന ഭൗതിക നേട്ടങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ അപ്പച്ചന്‍ ഈ നേട്ടങ്ങളുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നത്തെ തിരിച്ചറിഞ്ഞു. അതായത്, ക്രൈസ്തവികത ഒളിപ്പിച്ച പൈതൃക രഹസ്യത്തെയാണ് അപ്പച്ചന്‍ തൊട്ടുകാണിച്ചത്. ക്രിസ്തുവിന്റെ മോചനവഴിയും ദലിതനു സമത്വം ഉറപ്പിക്കുന്നില്ല; അതും വിവേചനതുടര്‍ച്ചയേ ഒരുക്കുന്നുള്ളൂ എന്ന തിരിച്ചറിവ് ആദ്യമായി അവതരിപ്പിച്ചത് അപ്പച്ചനാണ്.

ഒരുപക്ഷേ കേരളത്തില്‍ നിന്ന് മിഷനറി ആധുനികതക്ക് നേരിട്ട ആദ്യ വിമര്‍ശനവും ഇതുതന്നെ. കൊളോണിയല്‍ തന്ത്രമായ ക്രൈസ്തവവത്കരണം അടിമാവസ്ഥയില്‍നിന്ന് തങ്ങളെ മോചിപ്പിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുന്നതോടെ അപ്പച്ചന്‍ കൊളോണിയല്‍ ആശയലോകത്തെത്തന്നെ സംശയിക്കുകയാണ്. സമത്വം എന്നതിന് മതത്തില്‍ പോലും വരേണ്യനിഷ്ഠ അര്‍ത്ഥമാണുള്ളതെന്ന സാമൂഹികവും രാഷ്ട്രീയവുമായ ബോധ്യമാണ് അപ്പച്ചനുണ്ടായത്. കോളനിയുടെ മതതാല്പര്യത്തില്‍ നിന്ന് വിരുദ്ധമായി, അധിനിവേശ മതത്തെ ധിക്കരിച്ചു പുറത്തുവന്നാലേ തന്റെ ജനതയ്ക്ക് വിമോചനം സാദ്ധ്യമാകൂവെന്ന തിരിച്ചറിവ് കൊളോണിയല്‍ വിരുദ്ധമായ നിലപാടുതന്നെയായിരുന്നു.

സമത്വം എന്നതിന് മതത്തില്‍ പോലും വരേണ്യനിഷ്ഠ അര്‍ത്ഥമാണുള്ളതെന്ന സാമൂഹികവും രാഷ്ട്രീയവുമായ ബോധ്യമാണ് അപ്പച്ചനുണ്ടായത്. / Photo: NoConversion, FB

വിവേചനരഹിതമായ ക്രിസ്തുലോകം വരുമെന്നു വിശ്വസിച്ചുതന്നെയാണ് അപ്പച്ചന്‍ യോഹന്നാന്‍ എന്ന പേരില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നതും ഉപദേശിയായതും. താനും തന്റെ വര്‍ഗവും അനുഭവിക്കുന്ന വിവേചനത്തില്‍നിന്ന് മോചനമൊരുക്കാന്‍ ക്രിസ്തുമതത്തിനു കഴിയുമെന്ന പ്രതീക്ഷ അപ്പച്ചനുണ്ടായിരുന്നു. അപ്പച്ചന് വിമോചന രാഷ്ട്രീയമായിരുന്നു സുവിശേഷ പ്രവര്‍ത്തനങ്ങള്‍. ഇതിനിടയില്‍ തന്റെ ബൈബിള്‍ജ്ഞാനമോ സുവിശേഷമികവോ വരേണ്യ ക്രിസ്ത്യാനികള്‍ക്കിടയില്‍ അംഗീകാരം നേടാന്‍ സഹായിക്കുന്നില്ല എന്നു മാത്രമല്ല വിദേശികളും ജാതീയമായേ തന്നെയും തന്റെ വര്‍ഗ്ഗത്തെയും കാണുന്നുള്ളുവെന്നും അദ്ദേഹത്തിന് ബോധ്യമായി. ഇതിന്റെ കാരണം, കായികാധ്വാനത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി പാര്‍ശ്വവത്കരിച്ച അധഃസ്ഥിത ജാതി പശ്ചാത്തലമാണെന്നും ക്രൈസ്തവര്‍ക്കിടയിലും പഴയ ജാതിവരേണ്യതക്കു മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും തിരിച്ചറിഞ്ഞതോടെ അപ്പച്ചന് വിമോചനത്തിന് പുതിയ വഴി അന്വേഷിക്കേണ്ടിവന്നു.

ക്രൈസ്തവരെ ആശ്ലേഷിച്ചിരിക്കുന്ന സവര്‍ണ വിഭാഗീയത സ്വാനുഭവങ്ങളായപ്പോള്‍ പള്ളിക്കെതിരെ തിരിയാതിരിക്കാന്‍ അപ്പച്ചന്​ കാരണമേ ഉണ്ടായില്ല.

മാര്‍ത്തോമ്മാ സഭയുടെ ഭാഗമായി നിന്നുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനാശയങ്ങള്‍ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ത്തു. അവിടെനിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് ബ്രദര്‍ മിഷന്‍, വേര്‍പാടു സഭ തുടങ്ങി അന്ന് നിലനിന്നിരുന്ന പല ക്രിസ്ത്യന്‍ സഭകളിലും പ്രവര്‍ത്തിച്ചു. എന്നാലിവയൊന്നും അധഃസ്ഥിത വിമോചനം ഉറപ്പുവരുത്തുന്നില്ല എന്ന ബോധ്യമാണ് അപ്പച്ചന്‍ നേടിയത്. ക്രിസ്തുമതത്തെ അടിമതാല്പര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള ശ്രമം, ശ്രീനാരായണ ഗുരു നടപ്പിലാക്കിയ അവര്‍ണ ഹൈന്ദവികതക്കു സമാനമായി അപ്പച്ചനും ഏറ്റെടുത്തുവെങ്കിലും ശക്തമായ ക്രൈസ്തവ വരേണ്യത അപ്പച്ചന്റെ ശ്രമങ്ങളെ അംഗീകരിച്ചില്ല. ശക്തമായി എതിര്‍ക്കുകയും ചെയ്തു. എതിര്‍പ്പ് അധികമായതോടെ ഓര്‍ഗാനിക് ഇന്റലക്ച്വലായിരുന്ന അപ്പച്ചന് മതവിരുദ്ധമായ വിമോചനവഴി തേടേണ്ടിവന്നു. വിമോചനത്തിന്റെ കൊളോണിയല്‍ മിഷനറി മാതൃകയെ ആദ്യമായി തള്ളിപ്പറയാന്‍ അപ്പച്ചന് ശക്തി ലഭിച്ചുവെന്നതാണ് ബൈബിളും സുവിശേഷവൃത്തിയും നല്കിയപാഠം.

പൊയ്കയില്‍ അപ്പച്ചന്‍

അപ്പച്ചന്‍ ക്രിസ്ത്യാനിയായത് ജാതിവിവേചനത്തില്‍നിന്ന് സാമൂഹിക സമത്വം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്. ക്രൈസ്തവരെ ആശ്ലേഷിച്ചിരിക്കുന്ന സവര്‍ണ വിഭാഗീയത സ്വാനുഭവങ്ങളായപ്പോള്‍ പള്ളിക്കെതിരെ തിരിയാതിരിക്കാന്‍ കാരണമേ ഉണ്ടായില്ല. സമത്വവും സാഹോദര്യവും ജാതിയേതരവും ഉദ്ഘോഷിച്ച ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ ഭൂതകാലം അതേപടി തുടരുന്നുവെന്നായപ്പോള്‍ പള്ളിക്കെതിരെ ബോധവത്കരിക്കേണ്ടത് അവശ്യമായി തീര്‍ന്നു. ക്രൈസ്തവവത്കരണത്തിന്റെ ജാതീയ അടിത്തറ തുറന്നുകാട്ടുകയും അതോടൊപ്പം മിഷനറിയാധുനികത സമത്വത്തിനല്ല അസമത്വത്തിനായാണ് നിലകൊള്ളുന്നതെന്ന സത്യം വെളിപ്പെടുത്തുകയുമായിരുന്നു അപ്പച്ചന്‍. അക്കാലത്ത് ഇത്തരമൊരു വിമര്‍ശനം മറ്റാരുടെയും ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നില്ല.

'പുലയനൊരു പള്ളി
പറയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി
തമ്പുരാനൊരു പള്ളി
അടിയനൊരു പള്ളി
അക്കൂറ്റം ഇക്കൂറ്റം വെവ്വേറെ പള്ളി
തെക്കൊരു പള്ളി
വടക്കൊരു പള്ളി
കിഴക്കൊരു പള്ളി
പടിഞ്ഞാറൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല കേട്ടോ
പുലയാനൊരു പള്ളി
പറയാനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി
തമ്പുരാനൊരു പള്ളി അടിയനൊരു പള്ളി
അക്കൂറ്റം ഇക്കൂറ്റം വെവ്വേറെ പള്ളി
തെക്കൊരു പള്ളി വടക്കൊരു പള്ളി
കിഴക്കൊരു പള്ളി പടിഞ്ഞാറൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല കേട്ടോ'

ജാതിയുടെ ഉച്ചനീചത്വം നിലനില്‍ക്കുന്നതുകൊണ്ടും തന്റെ പ്രതീക്ഷകള്‍ വിഫലമായതുകൊണ്ടും പള്ളിയില്‍ വരുന്നില്ല എന്നുറക്കെ പറയാന്‍ അപ്പച്ചനു കഴിഞ്ഞു. മിഷനറി - കൊളോണിയല്‍ സമത്വ വിമോചന പ്രഖ്യാപനങ്ങളുടെ മുഖത്തടിച്ച് സംവാദം ഒരുക്കുകയാണ് അപ്പച്ചന്‍ ചെയ്തത്. അക്കാലത്ത് അപ്പച്ഛനല്ലാതെ കേരളത്തിലെ മറ്റൊരു നവോത്ഥാന നായകരും അധിനിവേശമതവും ജാതീയ ഉച്ചനീചത്വം നിലനിറുത്തുന്നുണ്ടന്നോ, മതപരിവര്‍ത്തനം കീഴാള സാമൂഹിക പരിവര്‍ത്തനത്തിനു കാരണമാകുന്നില്ലന്നോ ഉള്ള ബോധ്യം ആര്‍ജിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല എന്നത് സവിശേഷമായി ഓര്‍ക്കേണ്ടതാണ്.

ക്രിസ്തുമതത്തില്‍ ചേർന്നതുകൊണ്ട് പുലയനും പറയനും കുറവനും അടിസ്ഥാന സാമൂഹികാവസ്ഥയില്‍ നിന്ന് ഒരു പരിവര്‍ത്തനവും ഉണ്ടായില്ല എന്ന് ആക്ഷേപ ഹാസ്യരൂപേണ പറഞ്ഞുവയ്ക്കുകയാണ് അപ്പച്ചന്‍. മതപരിവര്‍ത്തനത്തിനെതിരായ ശക്തമായ ബോധവല്‍ക്കരണം ഇതിനെക്കാള്‍ മെച്ചമായി അക്കാലത്തെ ക്രൈസ്തവ വിരുദ്ധ ഹിന്ദുവാദികള്‍ പോലും അവതരിപ്പിച്ചിട്ടില്ല.

ജാതിയുടെ ഉച്ചനീചത്വം നിലനില്‍ക്കുന്നതുകൊണ്ടും തന്റെ പ്രതീക്ഷകള്‍ വിഫലമായതുകൊണ്ടും പള്ളിയില്‍ വരുന്നില്ല എന്നുറക്കെ പറയാന്‍ അപ്പച്ചനു കഴിഞ്ഞു.

കേരളത്തിലെ സാമൂഹിക ഘടനയില്‍ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വം അതേപടി അധിനിവേശ മതഘടനയിലും സ്വാംശീകരിക്കപ്പെട്ടുവെന്നത് പാശ്ചാത്യ ആധുനികത വിഭാവനം ചെയ്ത സമത്വത്തിന് വിപരീതമാണെന്നു പറയുകവഴി, ക്രൈസ്തവത്കരണത്തിന്റെ പൊള്ളയായ സമത്വ അവകാശവാദത്തെ തള്ളിക്കളയുന്നുവെന്നതും അപ്പച്ചന്റെ സവിശേഷ നിരീക്ഷണമാണ്. അപ്പച്ചന്‍ തന്റെ ബോധ്യങ്ങള്‍ കേള്‍പ്പിക്കുകയാണ്. കൊളോണിയല്‍ - മിഷനറിലോകവും വരേണ്യ ക്രൈസ്തവരും തന്റെ അനുയായികളും മറ്റുള്ളവരും കേട്ടറിയാന്‍ സത്യാവസ്ഥ പാടി കേള്‍പ്പിച്ചു. ശ്രീനാരായണഗുരു സമാന്തര ക്ഷേത്രനിര്‍മിതി ഏറ്റെടുത്ത് ഒരുവശത്ത് അവര്‍ണ ആരാധനാ സ്വാതന്ത്ര്യം ബദല്‍മുറയായി വളരുന്ന പശ്ചാത്തലത്തിലാണ് ജാതിപ്പള്ളികളില്‍ വരുന്നില്ല എന്ന നിലപാട് അപ്പച്ചന്‍ സ്വീകരിക്കുന്നത് എന്നതു സവിശേഷമായി മനസ്സിലാക്കണം.

''ക്രിസ്തുവിന്റെ രക്തത്തില്‍ മുങ്ങിയതുമൂലമെന്റെ
തീരാപുലയങ്ങു തീര്‍ന്നുപോയ് കേട്ടോ,
പിന്നെ പുലയനെന്നെന്നെ വിളിച്ചാല്‍
ആ പള്ളിലെങ്ങും വരുന്നില്ല കേട്ടോ,
ക്രിസ്തുവിന്റെ രക്തത്തില്‍ മുങ്ങിയതുമൂലമെന്റെ
തീരാപ്പഴിയങ്ങു തീര്‍ന്നുപോയ് കേട്ടോ,
പിന്നെ പറയനെന്നെന്നെ വിളിച്ചാല്‍
വേദപുസ്തകമായ ആ പള്ളിലെങ്ങും വരുന്നില്ല കേട്ടോ,
ക്രിസ്തുവിന്റെ രക്തത്തില്‍ മുങ്ങിയതു മൂലമെന്റെ
തീരാകുറവങ്ങു തീര്‍ന്നുപോയ് കേട്ടോ,
പിന്നെക്കുറവനന്നെന്നെ വിളിച്ചാല്‍
ആ പള്ളിലെങ്ങും വരുന്നില്ല കേട്ടോ.''

താന്‍ ആവേശപൂര്‍വം നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളും അചഞ്ചലമായ ബൈബിള്‍ വിശ്വാസവും ഒരുതരത്തിലും രക്ഷയാകുന്നില്ല എന്ന് ബോധ്യപ്പെടുന്നതോടെ മിഷനറി ആധുനികതയെ പരിഹസിച്ചുകൊണ്ടുതന്നെ അവരുടെ സമത്വവാദത്തിലെ പൊള്ളത്തരത്തെ തുറന്നുകാട്ടുകയാണ് അപ്പച്ചന്‍, സാമൂഹികരക്ഷക്കു ക്രിസ്തുമതം പോരാ എന്ന് അനുഭവസ്ഥന്റെ സാക്ഷ്യം.

'വാദ്യഘോഷങ്ങള്‍ നടത്തുന്നവരും
രക്ഷയ്ക്കു മാര്‍ഗങ്ങള്‍ ചെയ്യുന്നവരും
ഈ വിധമൊക്കെ നടത്തി തുടങ്ങീട്ടും
രക്ഷയ്ക്കു നിശ്ചയം വന്നില്ല കേട്ടോ.'

താന്‍ ഒരുജാതിയിലും മതത്തിലും പെട്ട ആളല്ല എന്ന് ഗുരുവിന് പ്രഖ്യാപിക്കേണ്ടി വന്നുവെങ്കിലും കൂടെ ആരുമുണ്ടായില്ല. ഈ പ്രഖ്യാപനത്തിനു മുമ്പുതന്നെ അപ്പച്ചന്‍ ജാതിയേതര മതേതര സമൂഹത്തെ വിഭാവനം ചെയ്തു, കൂടെ ആയിരക്കണക്കിന് അനുയായികള്‍ ഒപ്പം നിന്നു.

സഭയില്‍നിന്ന് പുറത്തുവന്ന അപ്പച്ചന്‍

ക്രൈസ്തവവല്‍കരണം സാമൂഹിക ഉച്ചനീചത്വ വിമോചനം സാധ്യമാക്കുന്നില്ല എന്ന ബോധ്യം ക്രൈസ്തവ സഭകളില്‍നിന്ന് പുറത്തുവന്ന് പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിക്കാന്‍ അപ്പച്ചനെ സഹായിച്ചു. ജാതിരഹിതമായ സാമൂഹികഘടന ക്രൈസ്തവവത്കരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടില്ല എന്ന അപ്പച്ചന്റെ നിരീക്ഷണം കേരളത്തില്‍ ജാതിയേതരമായ സാമൂഹികഘടന പിൽക്കാലത്തും രൂപപ്പെട്ടില്ല എന്ന സാമൂഹിക യാഥാര്‍ഥ്യത്തിന്റെ പ്രഥമ വെളിപാടായിരുന്നു. അതിനുശേഷമാണ് ക്രിസ്തുമതം സ്വീകരിച്ച് സവര്‍ണ ഹിന്ദുവിവേചനത്തില്‍ നിന്ന് വിമോചനം നേടാമെന്ന അഭിപ്രായത്തിനെതിരെ ശ്രീനാരായണഗുരു 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന നിലപാടെടുത്തത്. ജാതിക്കതീതമായ ഒരു സമൂഹം എന്ന ആശയം ഗുരുവിനുണ്ടായിരുന്നെങ്കിലും അതിലെത്തിച്ചേരാന്‍ ഒറ്റക്കേ കഴിഞ്ഞുള്ളൂ. താന്‍ ഒരുജാതിയിലും മതത്തിലും പെട്ട ആളല്ല എന്ന് ഗുരുവിന് പ്രഖ്യാപിക്കേണ്ടിവന്നുവെങ്കിലും കൂടെ ആരുമുണ്ടായില്ല. ഈ പ്രഖ്യാപനത്തിനു മുമ്പുതന്നെ അപ്പച്ചന്‍ ജാതിയേതര മതേതര സമൂഹത്തെ വിഭാവനം ചെയ്തു, കൂടെ ആയിരക്കണക്കിന് അനുയായികള്‍ ഒപ്പം നിന്നു.

ചട്ടമ്പിസ്വാമികള്‍

പ്രത്യക്ഷരക്ഷാസഭയുടെ ജ്ഞാനവിഷയ യോഗങ്ങളില്‍ യഹൂദന്മാരുടെ ദൈവവ്യവസ്ഥയായ ആ വേദപുസ്തകം നിലച്ചുപോയ ദൈവശബ്ദമാണെന്നും അത് നമുക്കുള്ളതല്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനും ബൈബിള്‍ കത്തിക്കാനും അപ്പച്ചന് കഴിഞ്ഞു. ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം (1890 ) എന്ന രചനയ്ക്കുശേഷം മലയാളത്തില്‍ അവതരിപ്പിക്കപ്പെട്ട അപ്പച്ചന്റെ അനുഭവ സാക്ഷ്യo കീഴാള വിമോചനപ്രത്യയശാസ്ത്രത്തിന്റെ തനത് വഴിതുറക്കലിന്റെ ചൂടും ചൂരും അവകാശപ്പെടുന്നുണ്ട്.

''ദൈവത്തിന്‍ ശബ്ദം നിന്നു.
ദുതരില്‍ യാത്ര നിന്നു.
വേലക്കാരാരുമില്ല.
എഴുതപ്പെട്ടെഴുത്തുകള്‍ എന്റേതെന്നോര്‍ത്തുകൊണ്ട്
ഇതുവരെ ജീവിച്ചു ഞാന്‍.
പഴയനിയമം മുഴുവന്‍ ഭദ്രമായ് വായിച്ചിട്ടും
സത്യം ഞാന്‍ അറിഞ്ഞില്ലല്ലോ.
പുതിയനിയമം മുഴുവന്‍ വായിച്ചു ധ്യാനിച്ചിട്ടും
സത്യം ഞാന്‍ അറിഞ്ഞില്ലല്ലോ.
ലേഖനങ്ങള്‍ മുഴുവന്‍ ഭദ്രമായ് വായിച്ചിട്ടും
സത്യം ഞാന്‍ അറിഞ്ഞില്ലല്ലോ.
സത്യവേദപുസ്തകം എന്റേതെന്നു കണ്ട്
അന്ധതയിലാണ്ടുപോയി.’’

തന്റെ തെറ്റു മനസിലാക്കി ക്രിസ്തുമതത്തില്‍നിന്ന് പുറത്തുവരാന്‍ അപ്പച്ചന് കഴിഞ്ഞു. ക്രൈസ്തവസഭകളില്‍ നിന്നുകൊണ്ട് അടിമവിമോചനവുമായി കണ്ണിചേര്‍ത്ത് ക്രിസ്തുമതത്തെ നവീകരിക്കാമെന്നുള്ള യോഹന്നാന്‍ ഉപദേശിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും, സവര്‍ണ മേധാവിത്വം ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന ബോധ്യവും ക്രൈസ്തവവത്കരണത്തിലൂടെ തങ്ങളുടെ ചരിത്രസ്വത്വമായ അടിമബോധം നഷ്ടപ്പെടുന്നതും വിമോചനം അസാധ്യമാണെന്ന നേരറിവും ക്രൈസ്തവ മതഘടനയില്‍ നിന്ന് പുറത്തുവരാന്‍ പ്രേരിപ്പിച്ചു. സുവിശേഷ പ്രവര്‍ത്തനത്തെ പാവനമായ സാമൂഹിക- രാഷ്ട്രീയ കര്‍ത്തവ്യമായിട്ടാണ് യോഹന്നാന്‍ ഉപദേശി കണ്ടതും വിശ്വാസപൂര്‍വം പ്രവര്‍ത്തിച്ചതും. അതിനെ കേവലം ഭൗതികമായി കണ്ട നോയല്‍ സായിപ്പ് സുവിശേഷ പ്രസംഗത്തിന് 50 രൂപ പ്രതിമാസ ശമ്പളം നിശ്ചയിച്ചതോടെ അപ്പച്ചനു വിലയിട്ട സഭയില്‍ തുടരാന്‍ കഴിഞ്ഞില്ല. തൊഴില്‍, കൂലി എന്നീ സംവര്‍ഗങ്ങളെ കുറിച്ചുള്ള യൂറോ കേന്ദ്രിത സങ്കല്പങ്ങളോടു വിശ്വാസപരമായ വിയോജിപ്പ് വേര്‍പാട് സഭയില്‍നിന്ന് വേര്‍പെടാന്‍ കാരണവുമായി.

ഡോ. ബി.ആര്‍. അംബേദ്കര്‍

1888- ലെ അരുവിപ്പുറം ശിവ പതിഷ്ഠ ഒരു വിപ്ലവ സംഭവമായിരുന്നു. 1903- ല്‍ എസ്.എന്‍.ഡി.പി യും 1907- ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘവും രൂപം കൊണ്ടു. 1907- ലാണ് (1906 എന്നും കാണുന്നുണ്ട്) മുക്കാലിയില്‍ വച്ച് അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചത്, ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം, 1927 ഡിസംബര്‍ 27 നാണ് അംബേദ്കര്‍ മനുസ്മൃതി കത്തിച്ചത് എന്നും ഓര്‍ക്കേണ്ടതാണ്.

ബൈബിള്‍ കത്തിച്ചതെന്തുകൊണ്ട്?

അടിമവര്‍ഗ്ഗത്തിന്റെ മോചനം ക്രിസ്തുമതത്തിലൂടെ സാധ്യമല്ല എന്ന ബോധ്യം കൊണ്ടാണ്. 'ബൈബിള്‍ വായിച്ചു രക്ഷപ്പെടാമെന്ന് നിങ്ങളിലാരെങ്കിലും കരുതുന്നുണ്ടോ' എന്ന് സദസ്സിനോട് ചോദിച്ച് എതിരഭിപ്രായമില്ലെന്ന് ബോധ്യപ്പെട്ടശേഷം, 'എങ്കില്‍പ്പിന്നെ ഈ ബൈബിള്‍ നമുക്കാവശ്യമില്ല, ഇത് ഞാന്‍ തീയിലേക്കിടുകയാണ്, നിങ്ങളും അത് ചെയ്യുക' എന്നു പറഞ്ഞു. അങ്ങനെ എല്ലാവരും വേദപുസ്തകം ഉപേക്ഷിച്ചു. അടിമാനുഭവത്തെ രാഷ്ട്രീയവത്കരിച്ചു മുന്നോട്ടുപോകാനാണ് അപ്പച്ചന്‍ തീരുമാനിച്ചത്. ഇതാകട്ടെ, അന്നുവരെ കേരളം സാക്ഷിയാകാത്ത ഒരു നവോത്ഥാനപ്രവര്‍ത്തനമായിരുന്നു. അടിമത്തത്തെ രാഷ്ട്രീയ മൂലധനമാക്കിയുള്ള കീഴാള സ്വത്വരൂപീകരണവും പ്രതിരോധവഴിയും നിര്‍ണയിച്ചുറപ്പിക്കുകയായിരുന്നു. ക്രിസ്തീയ വഴി വിമോചന വഴിയല്ല എന്ന കൊളോണിയല്‍ വിരുദ്ധ നിലപാടും അതില്‍ ഉള്ളടങ്ങുന്നുണ്ട്. അപ്പച്ചനു മുന്നില്‍ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഒക്കെ ഒരുക്കിയ പശ്ചാത്തലമുണ്ടായിരുന്നു. എങ്കിലും അപ്പച്ചന്‍ അടിമജനതയുടെ, പ്രത്യേകിച്ച് അവശ ക്രിസ്ത്യാനികളുടെ പ്രശ്‌നങ്ങളെ ഇതര വിഭാഗങ്ങളില്‍ നിന്ന് സവിശേഷമായി കാണാനും തനതു വഴിയേ ഏറ്റെടുക്കാനും ശ്രമിച്ചു. അടിമലോകത്തിന്റെ ചരിത്രപരമായ നില മനസിലാക്കിക്കൊണ്ടാണ് അക്കാലത്തെ ഇതര സാമുദായിക പരിവര്‍ത്തനശ്രമങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാതെ സ്വതന്ത്രമായ നിലപാടുതറ ഒരുക്കാന്‍ അപ്പച്ചന്‍ ശ്രമിച്ചത്.

ഹൈന്ദവ മതത്തിനുള്ളിലരങ്ങേറിയിരുന്ന വിവേചന യുക്തി അതേപടി ക്രിസ്തുമതത്തിലും തുടരുന്നുവെന്ന അപ്പച്ചന്റെ നിരീക്ഷണത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

കീഴാളരുടെ വിമോചനത്തിന് അധിനിവേശ മതമോ പ്രത്യയശാസ്ത്രങ്ങളോ സഹായകമാകില്ലെന്നും അത് തനതായി രൂപംകൊടുത്തു വികസിപ്പിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവാണ് അപ്പച്ചനെ സമകാലികരില്‍ വ്യത്യസ്തനാക്കുന്നത്. സായിപ്പ് ആധുനികനല്ലെന്ന തിരിച്ചറിവും സമത്വത്തിനായി തനതു സ്വത്വരൂപീകരണം നിര്‍ബന്ധമായും വേണ്ടതാണെന്നും എന്നാല്‍ അതിന് മതാടിസ്ഥാനമല്ല, പൈതൃക ഓര്‍മകളുടെ പിന്‍ബലമാണ് വേണ്ടതെന്നും അപ്പച്ചന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശ്രീനാരയണഗുരു ഉള്‍പ്പടെയുള്ളവര്‍ നടപ്പാക്കിയ രീതിയില്‍നിന്ന് വ്യത്യസ്തമായ സമീപനം വികസിപ്പിച്ചെടുക്കാനും അപ്പച്ചന്‍ തീരുമാനിച്ചു. അധിനിവേശ മതാത്മകത, സാമൂഹിക വിമോചനം സാധുവാക്കാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവാണ് അടിമാനുഭവങ്ങളെ വീണ്ടെടുത്ത് ജാതിയേതര കീഴാള സമൂഹ സൃഷ്ടിക്ക് അപ്പച്ചന്‍ ഇറങ്ങിയതിനുപിന്നില്‍ പ്രകടമാകുന്നത്.

അടിമാനുഭവങ്ങളാണ് താന്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെ ഒന്നാക്കി നിര്‍ത്താന്‍ സഹായിക്കുക എന്ന സാമൂഹികവും രാഷ്ട്രീയവുമായ അപ്പച്ചന്റെ തീരുമാനത്തിന് അക്കാലത്തു കേരളത്തില്‍പൂര്‍വ മാതൃകകളില്ലെന്നതും സവിശേഷമാണ്. ഹൈന്ദവ മതത്തിനുള്ളിലരങ്ങേറിയിരുന്ന വിവേചനയുക്തി അതേപടി ക്രിസ്തുമതത്തിലും തുടരുന്നുവെന്ന അപ്പച്ചന്റെ നിരീക്ഷണത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. മതം ഒന്നാക്കുകയല്ല, ഭിന്നിച്ചു നിലനില്‍ക്കാനേ സഹായിക്കൂ, അതുകൊണ്ടുതന്നെ മതം വിമോചന സാധ്യതയല്ല, മറിച്ച് വിവേചന സാധ്യതയാണ് നിലനിര്‍ത്തുന്നത് എന്ന ബോധ്യമാണ് അപ്പച്ചനെ മതേതരവും ജാതിയേതരവുമായ പ്രത്യക്ഷരക്ഷാ ദൈവസഭാരൂപീകരണത്തിലെത്തിച്ചത്.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments