ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു സമൂഹത്തിന്റെ യഥാർഥ നിലവാരം അളക്കുന്നത് ആ സമൂഹം പ്രായമായവരോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ് എന്ന നയത്തിന്റെ ഭാഗമായി, പുതിയ സംസ്ഥാന സർക്കാർ രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുകയും ആദ്യ ബജറ്റിൽ അതിനാവശ്യമായ ധനസഹായം അനുവദിക്കുകയും ചെയ്തതിട്ടുണ്ട്.
കേരളത്തിന്റെ ജനസംഖ്യയിലുണ്ടാകുന്ന പ്രകടമായ ഈ മാറ്റത്തിന് നയതലത്തിൽ നൽകുന്ന ശ്രദ്ധ സ്വാഗതാർഹമാണ്. അതോടൊപ്പം, ഈ ചര്‍ച്ചകള്‍ സംസ്ഥാനത്തിന്റെ ജീവിതസാഹചര്യങ്ങളെ അടിസ്ഥാനപരമായി മാറ്റിമറിച്ച നഗരവൽക്കരണത്തെയും അതിന്റെ വേഗതയേയും വ്യാപനതതെയും പലപ്പോഴും പരിഗണിക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്.
സംസ്ഥാനത്തിന്റെ നഗരവൽക്കരണം ഏകദേശം 60% ആണെന്നും 2050- ഓടെ ഇത് 80 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഥവാ, വാർദ്ധക്യം എന്നത് ഇന്ന് പ്രധാനമായും നഗരസാഹചര്യങ്ങളിലാണ് അനുഭവപ്പെടുന്നത്. ഭാവിയിൽ ഇതിന്റെ തോത് വർദ്ധിക്കും. അതുകൊണ്ടുതന്നെ, കേരളത്തിലെ പ്രായമായവരുടെ ജീവിതനിലവാരവും ക്ഷേമവും നിർണയിക്കുന്നതിൽ നഗരനയങ്ങൾക്ക് നിർണായക പ്രാധാന്യമുണ്ട്.
സാമൂഹിക ബന്ധങ്ങൾ വളരാനും നിലനിൽക്കാനും പൊതു ഇടങ്ങൾ അനിവാര്യമാണ്. പൊതു പാർക്കുകൾ, വായനശാലകൾ, ചായക്കടകൾ തുടങ്ങിയ ഇടങ്ങൾ പ്രായമായവർക്ക് മറ്റുള്ളവരുമായി ഇടപഴകാനും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും അവസരം നൽകുന്നു.
വയോജന സൗഹൃദ നഗരം
വയോജന സൗഹൃദ നഗരം എന്നത് പുതിയ ആശയമല്ല. ജനസംഖ്യാപരമായ വാർദ്ധക്യത്തിന്റെയും നഗരവൽക്കരണത്തിന്റെയും പ്രത്യാഘാതങ്ങൾ വികസിത രാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്കുമുമ്പേ പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകാരോഗ്യസംഘടന (WHO) ‘വയോജന സൗഹൃദ നഗരങ്ങളും സമൂഹങ്ങളും’ (Age-Friendly Cities and Communities - AFCC) എന്ന ആശയം മുന്നോട്ടുവച്ചത്. നഗരങ്ങൾ പ്രായമായവർക്കെത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്തുന്നതിനുള്ള ചട്ടക്കൂടായാണ് ഇത് വികസിപ്പിക്കപ്പെട്ടത്.
ലോകാരോഗ്യസംഘടനയുടെ കാഴ്ചപ്പാടിൽ, മികച്ച ഭവന രൂപകൽപ്പന, പ്രായമായവർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ആശയവിനിമയ സംവിധാനങ്ങൾ, അനുയോജ്യമായ തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം, പൗരപ്രക്രിയകളിലെ പങ്കാളിത്തം എന്നിവ വയോജന സൗഹൃദ നഗരത്തിന്റെ പ്രധാന ഘടകങ്ങളാണ്.
അതോടൊപ്പം, എല്ലാവർക്കും ഉപയോഗിക്കാനാകുന്ന പൊതുഗതാഗത സംവിധാനങ്ങൾ, സാമൂഹിക ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുള്ള അവസരങ്ങൾ തുടങ്ങിയവ പ്രായമായവരുടെ സ്വതന്ത്രസഞ്ചാരശേഷിയും ജീവിതനിലവാരവും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. നഗര അടിസ്ഥാന സൗകര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഈ ഘടകങ്ങളാണ് വയോജന സൗഹൃദ നഗരങ്ങളുടെ അടിത്തറ.

വാർദ്ധക്യവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതര വെല്ലുവിളികളിലൊന്നാണ് സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും (social isoloation). അതുകൊണ്ടുതന്നെ, സാമൂഹിക ബന്ധങ്ങൾ നിലനിർത്താനുള്ള അവസരങ്ങൾ വയോജനക്ഷേേമത്തിന് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരങ്ങൾ കുറയുന്നത് ആരോഗ്യപരമായും പരിചരണവുമായും ബന്ധപ്പെട്ട ആവശ്യങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുന്നു.
സാമൂഹിക ഒറ്റപ്പെടൽ സഞ്ചാരശേഷിയെയും ദൈനംദിന ജീവിതത്തിലെ സജീവ പങ്കാളിത്തത്തെയും പ്രതികൂലമായി ബാധിക്കുകയും ചില സാഹചര്യങ്ങളിൽ ഡിമെൻഷ്യ (dementia) പോലുള്ള അവസ്ഥകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, ആളുകൾക്ക് പരസ്പരം ഇടപഴകാനും ബന്ധങ്ങൾ നിലനിർത്താനും സഹായിക്കുന്ന അടിസ്ഥാന പൊതുസൗകര്യങ്ങളും സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
സാമൂഹിക ബന്ധങ്ങൾ വളരാനും നിലനിൽക്കാനും പൊതു ഇടങ്ങൾ അനിവാര്യമാണ്. പൊതു പാർക്കുകൾ, വായനശാലകൾ, ചായക്കടകൾ തുടങ്ങിയ ഇടങ്ങൾ പ്രായമായവർക്ക് മറ്റുള്ളവരുമായി ഇടപഴകാനും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും അവസരം നൽകുന്നു. ഇവയിൽ, പൊതുപാർക്കുകൾ പോലുള്ള വാണിജ്യേതര ഇടങ്ങൾ ഒരു പ്രദേശത്തിന്റെ വയോജന സൗഹൃദ സ്വഭാവത്തിന്റെ പ്രധാന സൂചകങ്ങളാണ്. സാമൂഹിക ഇടപെടലുകൾക്ക് ഉപഭോക്താവാകേണ്ട സാഹചര്യം ഉണ്ടാകരുത് എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. അതിനായി, പാർക്കുകളും മറ്റ് പൊതുഇടങ്ങളും രൂപകൽപ്പന ചെയ്യുമ്പോൾ പ്രായമായവരുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. മതിയായ വെളിച്ചം, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, സുരക്ഷിതവും സഞ്ചരിക്കാൻ എളുപ്പവുമായ നടപ്പാതകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
നഗരങ്ങളിലെ ഗതാഗത സംവിധാനം പ്രായമായവരെയല്ല, മറിച്ച് തൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്യുന്നത്. അതോടൊപ്പം, വിവിധ ഗതാഗത മാർഗങ്ങൾ തമ്മിൽ വേണ്ടത്ര ബന്ധിപ്പിക്കപ്പെടുന്നില്ല.
എന്നാൽ വയോജന സൗഹൃദമായ പൊതുയിടങ്ങള്‍ സൃഷ്ടിക്കാന്‍ ഭൗതിക സൗകര്യങ്ങൾ മാത്രം മതിയാകില്ല. അതില്‍ ഈ പൊതുയിടങ്ങളില്‍ നടക്കുന്ന പ്രവർത്തനങ്ങളുടെ സ്വഭാവവും പ്രാധാന്യമർഹിക്കുന്നു. അത്യധികം ശബ്ദമുള്ളതോ വളരെ വേഗതയേറിയതും പ്രവചനാതീതവുമായ ചലനങ്ങൾ നിറഞ്ഞതോ ആയ അന്തരീക്ഷം പ്രായമായവർക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. അതിനാൽ, പൊതുഇടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ അവിടുത്തെ സാമൂഹിക അന്തരീക്ഷവും ഉപയോഗരീതികളും കൂടി പരിഗണിക്കേണ്ടതുണ്ട്.
പുതിയ ബജറ്റിൽ പാർക്കുകളുടെ വികസനത്തെയും സജീവ വാർദ്ധക്യത്തെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് സ്വാഗതാർഹമായ ഒരു നീക്കമായിരിക്കുമ്പോള്‍ തന്നെ, പ്രായമായവർക്ക് അവരുടെ വീടുകളിൽനിന്ന് ഈ പൊതുഇടങ്ങളിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ കഴിയുന്ന ഗതാഗത സംവിധാനങ്ങൾ ഇല്ലെങ്കിൽ പാർക്കുകളുടെ പ്രയോജനം പരിമിതമായിരിക്കും. നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങൾ സാധാരണയായി പ്രായമായവരെയല്ല, മറിച്ച് തൊഴിൽ ചെയ്യുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്യുന്നത്. അതോടൊപ്പം, വിവിധ ഗതാഗത മാർഗങ്ങൾ തമ്മിൽ വേണ്ടത്ര ബന്ധിപ്പിക്കപ്പെടുന്നില്ല എന്നതും വീടുകളിൽനിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര പ്രായമായവർക്ക് ബുദ്ധിമുട്ടേറിയതാകുന്നു.

അതുകൊണ്ടുതന്നെ, സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുന്നതിനും പ്രായമായവരുടെ സ്വാതന്ത്ര്യവും സഞ്ചാരശേഷിയും ഉറപ്പാക്കുന്നതിനും സുരക്ഷിതവും പ്രാപ്യവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുമായ സംയോജിത ഗതാഗത സംവിധാനം ആവശ്യമാണ്. ഓട്ടോറിക്ഷ, ബസ്, മെട്രോ, നടപ്പാതകൾ തുടങ്ങിയ വിവിധ യാത്രാമാർഗങ്ങൾ തടസ്സങ്ങളില്ലാതെ പരസ്പരം ബന്ധിപ്പിക്കപ്പെടേണ്ടതുണ്ട്. ഇതിനായി വാഹനങ്ങളും ഗതാഗതകേന്ദ്രങ്ങളും (mobility hubs) പൊതുഇടങ്ങളും പ്രായമായവരുടെ ആവശ്യങ്ങൾ മുൻനിർത്തി പുനർരൂപകൽപ്പന ചെയ്യേണ്ടതുണ്ട്.
വയോജന സൗഹൃദ നയങ്ങൾ നടപ്പിലാക്കുന്നതിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. വാർദ്ധക്യത്തിന്റെ അനുഭവം പ്രധാനമായും പ്രാദേശിക സാഹചര്യങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. ഒരു പ്രദേശത്തെ തകർന്ന നടപ്പാതകൾ, അപര്യാപ്തമായ തെരുവുവിളക്കുകൾ, ഗതാഗത ക്രമീകരണങ്ങൾ, പൊതു ഇടങ്ങളുടെ ഉപയോഗരീതി തുടങ്ങി ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നത് പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്കാണ്. ഈ പശ്ചാത്തലത്തിൽ, 2024-25 കാലയളവിൽ കൊച്ചി കോർപ്പറേഷൻ, കോഴിക്കോട് കോർപ്പറേഷൻ, ഷൊർണൂർ മുനിസിപ്പാലിറ്റി എന്നീ മൂന്ന് നഗരസഭകൾ ലോകാരോഗ്യ സംഘടനയുടെ ‘വയോജന സൗഹൃദ നഗരങ്ങളും സമൂഹങ്ങളും’ (AFCC) ശൃംഖലയിൽ അംഗങ്ങളായത് ശ്രദ്ധേയമാണ്. ദക്ഷിണേഷ്യയിൽ ഈ ശൃംഖലയിൽ അംഗത്വം നേടുന്ന നഗരസഭകൾ ഇവ മാത്രമാണ്. സംസ്ഥാനത്തെ നയരൂപീകരണ തലത്തിലും പ്രാദേശിക ഭരണ തലത്തിലും ഈ വിഷയത്തോടുള്ള വളരുന്ന അവബോധത്തിന്റെയും പ്രതിബദ്ധതയുടെയും സൂചന കൂടിയാണിത്.
വാർദ്ധക്യവുമായി ബന്ധപ്പെട്ട നയങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു പ്രവണത, ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ ഉത്തരവാദിത്തം വ്യക്തിയിൽ മാത്രം നിക്ഷിപ്തമാക്കുന്നതാണ്.
സ്വയംനിർണ്ണയശേഷി,
ആയുർദൈർഘ്യം, രോഗാതുരത
ഒരു നഗരത്തിന്റെ വയോജന സൗഹൃദ സ്വഭാവം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്, അത് പ്രായമായവർക്ക് എത്രത്തോളം സ്വയംനിർണ്ണയശേഷി (autonomy) ഉറപ്പാക്കുന്നു എന്നത്. കാരണം, വാർദ്ധക്യത്തിലെ അന്തസ്സിന്റെ (dignity) അടിത്തറ സ്വയംനിർണ്ണയശേഷിയാണ്. പൊതുഇടങ്ങൾ ഉപയോഗിക്കാനും, രാഷ്ട്രീയ- സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും, പുതിയ സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും പ്രായമായവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും അവസരങ്ങളും സ്വയംനിർണ്ണയശേഷിയുടെ പ്രകടനങ്ങളാണ്.
എന്നാൽ, വാർദ്ധക്യവുമായി ബന്ധപ്പെട്ട നയങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു പ്രവണത, ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ ഉത്തരവാദിത്തം വ്യക്തിയിൽ മാത്രം നിക്ഷിപ്തമാക്കുന്നതാണ്. നല്ല ഭക്ഷണശീലം, ശാരീരിക സജീവത, വാർദ്ധക്യത്തിനായുള്ള സാമ്പത്തിക തയ്യാറെടുപ്പ് എന്നിവ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളായി കണക്കാക്കപ്പെടുന്നു. പലപ്പോഴും ഇവ വിപണിയിൽനിന്ന് വാങ്ങാവുന്ന സേവനങ്ങളുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വാർദ്ധക്യത്തെ അതിന്റെ സാമൂഹികവും നഗരപരവുമായ സാഹചര്യങ്ങളുമായി ചേർത്ത് നോക്കുമ്പോൾ, ഈ ഉത്തരവാദിത്തം വ്യക്തിയുടേതുമാത്രമല്ലെന്ന് വ്യക്തമാകുന്നു. പ്രായമായവർക്ക് സുരക്ഷിതമായും ആരോഗ്യകരമായും അന്തസ്സോടെയും ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ഭരണസംവിധാനത്തിന്റെ കൂടി ഉത്തരവാദിത്വമായി മാറേണ്ടതുണ്ട്.
വാർദ്ധക്യം എന്നത് ഉയർന്ന ആയുർദൈർഘ്യവും (longevity) വർദ്ധിക്കുന്ന രോഗാതുരതയും (morbidity) ചേർന്ന അനുഭവമാണ്. ആയുർദൈർഘ്യം എന്നത് ഒരു വ്യക്തിയുടെ പ്രതീക്ഷിത ആയുസ്സിനെ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇത് ഏകദേശം 75 വർഷമാണെങ്കിലും ഭാവിയിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗാതുരത എന്നത് പ്രായം കൂടുന്നതിനനുസരിച്ച് ഉണ്ടാകുന്ന ശാരീരിക- മാനസിക ബലഹീനതകളുടെ തോതാണ്. ചലനശേഷിയിലോ ഓർമശക്തിയിലോ മറ്റ് വൈജ്ഞാനിക കഴിവുകളിലോ ഉണ്ടാകുന്ന കുറവുകൾ ഇതിന്റെ ഭാഗമാണ്.
രോഗാവസ്ഥ വർദ്ധിക്കുന്നതോടെ നഴ്‌സിംഗ് പരിചരണവും ദൈനംദിന സഹായവും കൂടുതൽ ആവശ്യമായി വരുന്നു. വികസിത ജനാധിപത്യ രാജ്യങ്ങളിലെ വാർദ്ധക്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, ആളുകൾ എത്ര വർഷം ജീവിക്കുന്നു എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അവർ എത്ര വർഷം ആരോഗ്യത്തോടെയും സ്വയംപര്യാപ്തതയോടെയും ജീവിക്കുന്നു എന്നതിലേക്കാണ് നയപരമായ ശ്രദ്ധ മാറേണ്ടതെന്നാണ്. അതായത്, രോഗാവസ്ഥയുടെ കാലഘട്ടം കഴിയുന്നത്ര വൈകിപ്പിക്കുകയും ആരോഗ്യകരമായ ജീവിതവർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രായമായവർക്ക് കൂടുതൽ കാലം ആരോഗ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും, അവർ പരിചരണ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഘട്ടം കഴിയുന്നത്ര വൈകിപ്പിക്കുന്നതിലേക്കും കേരളത്തിന്റെ നയപരമായ ശ്രദ്ധ മാറ്റേണ്ടതുണ്ട്.

മുന്നോട്ടുള്ള പാത
കേരളത്തിലെ ഉയർന്ന ആയുർദൈർഘ്യം, രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളമുള്ള സർക്കാരുകൾ പതിറ്റാണ്ടുകളായി പൊതുജനക്ഷേമത്തിനായി നടത്തിയ നിക്ഷേപങ്ങളുടെ ഫലമാണ്. സംസ്ഥാനത്തിന്റെ ഒരു പ്രധാന നേട്ടമായി കണക്കാക്കപ്പെടേണ്ട ഈ സാഹചര്യം ഒരു പേടിസ്വപ്നമായോ സമൂഹത്തിന് ഭാരമായോ കാണാൻ പാടില്ല. വാർദ്ധക്യത്തിന്റെ ഘട്ടമോ സാമ്പത്തികനിലയോ എന്തായാലും, സംസ്ഥാനത്ത് വർധിച്ചുവരുന്ന പ്രായമായ ജനവിഭാഗങ്ങൾക്ക് മറ്റേതൊരു വ്യക്തിക്കും ലഭ്യമാകുന്ന ജീവിതാനുഭവങ്ങളുടെയും അവസരങ്ങളുടെയും പൂർണ്ണമായ വ്യാപ്തി കഴിയുന്നത്ര കാലം ആസ്വദിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിലേക്കാണ് നയപരമായ ശ്രദ്ധ മാറേണ്ടത്. ഒരു സമൂഹത്തെ വിലയിരുത്തേണ്ടത് പ്രായമായവരെ എങ്ങനെ പരിപാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല; മറിച്ച്, പ്രായമായവർക്ക് കൂടുതൽ കാലം സ്വയംനിർണയാവകാശത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനും, പരിചരണത്തെ ആശ്രയിക്കേണ്ട ഘട്ടം വൈകിപ്പിക്കുന്നതിനുമായി ആ സമൂഹം സ്വീകരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കണം.
പ്രായമാകുന്ന ഒരു ജനവിഭാഗത്തിന് സ്വയംനിർണയാവകാശം ഉറപ്പാക്കുക എന്നത് പരിചരണവിദഗ്ധരുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാളും പാർക്കുകൾ നിർമ്മിക്കുന്നതിനേക്കാളും സങ്കീർണ്ണമായ ദൗത്യമാണ്. പ്രായമായവരിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത് എന്നതിനാൽ, നഗരനയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന, വിവിധ വകുപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നയസമീപനമാണ് ആവശ്യം.
അതുകൊണ്ടുതന്നെ, ഏറ്റവും ചുരുങ്ങിയത് ഗതാഗതം, പൊതുജനാരോഗ്യം, സാമൂഹിക നീതി തുടങ്ങിയ മേഖലകൾ തമ്മിൽ ഏകോപനം സാധ്യമാക്കുക എന്നത് പ്രധാനമാണ്. ഈ പ്രക്രിയയ്ക്ക് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം. ഇത്തരത്തില്‍, പ്രായമായവരുടെ ക്ഷേമത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പുതിയതും നിർണായകവുമായ ശ്രദ്ധയ്ക്ക് ദിശയും ഏകോപനവും നൽകുന്ന ഒരു മാർഗദർശക തത്വമായി ‘വയോജന സൗഹൃദം’ മാറേണ്ടതുണ്ട്.
(Translation: Sanoop Suresh M.V, Urban Fellow, Kerala Institute of Local Administration- KILA).
