സി.പി. ജലീലിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലക്ക് തെളിവായി, എന്നിട്ടും അന്വേഷിക്കാത്തതെന്ത്?

വൈത്തിരിയിൽ സി.പി. ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഉറപ്പിക്കാവുന്ന തരത്തിൽ ഔദ്യോഗിക അന്വേഷണത്തിൽത്തന്നെ തെളിവുകൾ പുറത്തുവന്നുകഴിഞ്ഞു. എന്നാൽ, ഈ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ പൗരസമൂഹം കാണിക്കുന്ന സന്ദേഹം ആത്മഹത്യാപരമാണ്. വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഇത്തരത്തിൽ കടന്നുപോകാൻ അനുവദിച്ചാൽ അതിന് ഒരു പൗര-രാഷ്ട്രീയ സമൂഹം എന്ന നിലയിൽ നാം നൽകുന്ന വില ഭയാനകമായിരിക്കും

മിഴ്ന്നുവീണുകിടക്കുന്ന ഒരു ശരീരത്തിന്റെ അരികിൽ ഒരു തോക്കുണ്ട്. അയാൾ വെടിയേറ്റു കൊല്ലപ്പെട്ടതാണ്. അയാളൊരു മാവോവാദിയാണ് എന്ന് പൊലീസ് പറയുന്നതോടെ, എന്നാൽ നമുക്ക് പിരിയാം, നേരമിരുട്ടാനും തുടങ്ങി, വീട്ടിലെത്തേണ്ടതല്ലേ എന്ന് ആശ്വസിക്കാനും തിടുക്കപ്പെടാനുമുള്ള പാകത്തിൽ ഒരു മുഖ്യധാരാ സമൂഹത്തെ രൂപപ്പെടുത്തുന്നതോടെയാണ് വാസ്തവത്തിൽ ഭരണകൂടം ശരിക്കുമുള്ള കൊല നടത്തുന്നത്. ഒന്ന് വ്യാജ ഏറ്റുമുട്ടലും മറ്റൊന്ന് വ്യാജ ജീവിതവുമാണെന്ന് പിരിഞ്ഞുപോകുന്നവർ ആകുലപ്പെടാത്ത കാലത്തിലേക്ക് ഒരു മരണം കൂടി അനാഥമാകുന്നു.

വൈത്തിരിയിൽ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ മരണം അനാഥമായിക്കൂടാ. കാരണം, കേരളത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കാവുന്ന തരത്തിൽ ഔദ്യോഗിക അന്വേഷണത്തിൽത്തന്നെ തെളിവുകൾ പുറത്തുവരുന്നതാണ് ഈ കൊലപാതകം. ഭരണകൂടത്തിന് സമൂഹത്തിനെ ഭയപ്പെടുത്താനുള്ള, പ്രതിഷേധങ്ങളെ, അവയെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്നുതന്നെ തടയാൻ കഴിയുന്ന തരത്തിൽ നടത്തുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഇത്തരത്തിൽ കടന്നുപോകാൻ അനുവദിച്ചാൽ അതിന് ഒരു പൗര-രാഷ്ട്രീയ സമൂഹം എന്ന നിലയിൽ നാം നൽകുന്ന വില ഭയാനകമായിരിക്കും.

ഇന്ത്യയിലെങ്ങും ഇത്തരം വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ട്. സുപ്രീംകോടതിയും, മനുഷ്യാവകാശ കമീഷനുമൊക്കെ ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടും പ്രത്യേകിച്ചൊരു മാറ്റവും വന്നിട്ടില്ല. അതിൽ കോടതികളും ഒരു വലിയ പരിധിവരെ കുറ്റക്കാരാണ്.

ചെറുകുറി രാജ്കുമാർ ആസാദ് എന്ന സി.പി.ഐ (മാവോവാദി) നേതാവിനെ സമാധാന ചർച്ചക്ക് വിളിച്ചുവരുത്തി വ്യാജ ഏറ്റുമുട്ടലിൽ കൊന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ അവസാനിപ്പിക്കണമെങ്കിൽ അതിന് കോടതിയുടെ ശക്തമായ ഇടപെടൽ കൂടിയേതീരൂ. കൊല്ലുന്ന സർക്കാർ തന്നെ കൊലപാതകക്കുറ്റം സമ്മതിക്കുമെന്ന് കരുതാനാകില്ലല്ലോ.

പി.യു.സി.എൽ കേസിൽ (PUCL v. State of Maharashtr, 2014) സുപ്രീംകോടതി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് 16 നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ മിക്കതും പാലിക്കാതിരിക്കുകയും അട്ടിമറിക്കുകയും ചെയ്യുകയാണ്. ഉദാഹരണത്തിന് കോടതി നിർദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്ന്, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച മജിസ്ട്രേറ്റ് തല അന്വേഷണമാണ്.

എന്നാൽ എല്ലാ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും നിയമസാധുത നൽകുന്ന തരത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണങ്ങൾ നടക്കുന്നത്. പൊലീസ് നൽകുന്ന വിവരങ്ങൾ പകർത്തിവെക്കുന്ന പണിയാണ് ഇപ്പോൾ മജിസ്ട്രേറ്റ് തല അന്വേഷണമെന്ന പ്രഹസനം. ഉത്തർപ്രദേശിൽ 2017നു ശേഷം നടന്ന 74 ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ എല്ലാത്തിലും മജിസ്ട്രേറ്റ് തല അന്വേഷണത്തിൽ പൊലീസ് ഭാഷ്യം അംഗീകരിക്കുകയായിരുന്നു. പൊലീസ് Closure report നൽകിയ കേസുകളിൽ 61 എണ്ണത്തിലും കോടതികളും അവ അംഗീകരിച്ചു. ഏതാണ്ട് സമാനമായ FIR-കൾ രേഖപ്പെടുത്തി സമാനമായ ഏറ്റുമുട്ടൽ സാഹചര്യങ്ങൾ ഉള്ള കൊലപാതകങ്ങളിലാണ് ഈ പ്രഹസനം നടക്കുന്നത്.

ചെറുകുറി രാജ്കുമാർ ആസാദ്

വികാസ് ദൂബെ എന്ന കുറ്റവാളിയെ പിടികൂടുകയും അയാളുടെ രാഷ്ട്രീയബന്ധങ്ങൾ പുറത്തുവരാതിരിക്കാൻ മാധ്യമപ്രവർത്തകരെ വഴിയിൽ തടഞ്ഞുവെച്ച്, ഒരു വാഹനാപകട രംഗം ഉണ്ടാക്കി, രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ വെടിവെച്ചുകൊന്നു എന്ന മട്ടിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം നടത്തിയതും ഉത്തർപ്രദേശ് പൊലീസാണ്. പകൽവെളിച്ചത്തിൽ അത്തരത്തിലൊരു കൊലപാതകം നടത്താൻ മടിയില്ലാത്തവണ്ണം സർക്കാരുകൾ മാറിയിരിക്കുന്നു.

സി.പി. ജലീലിന്റെ കൊലപാതകവും ഇതിൽനിന്ന് അതിന്റെ നിർവഹണരീതികളിൽ വലിയ വ്യത്യാസം കാണിക്കുന്നില്ല. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വ്യാജ ഏറ്റുമുട്ടൽ കൊലകളിലെല്ലാം എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസും കേന്ദ്ര അന്വേഷണ സംവിധാനങ്ങളും പറയാറ്. ജലീലിന്റെ കൊലപാതകത്തിനുശേഷവും അതുതന്നെയാണ് സംഭവിച്ചത്.

ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വൈകീട്ട് 7.45ന് സായുധരായ മാവോവാദികൾ വന്നു എന്ന വിവരം വൈത്തിരി പൊലീസ് സ്റ്റേഷൻ SHO-ക്ക് ലഭിക്കുന്നത് രാത്രി 8.40 നാണ് എന്നാണ് പൊലീസ് തങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്. ഒട്ടും വൈകാതെ മാവോവാദികളെ അടിച്ചമർത്താൻ രൂപംകൊടുത്ത പ്രത്യേക സേന തണ്ടർബോൾട്ടിലെ അഞ്ചു പേരെയും കൂട്ടി SHO സ്ഥലത്തെത്തി. ഈ സമയം മാവോവാദികൾ ചെയ്തിരുന്നതിനെക്കുറിച്ച് വളരെ കൗതുകമുണ്ടാക്കുന്ന വിവരണം പൊലീസ് നൽകുന്നു.

സി.പി. ജലീൽ

ഉപവൻ റിസോർട്ടിൽ എത്തുന്ന മാവോവാദികൾ 50000 രൂപ ആവശ്യപ്പെടുന്നു. പണം മാത്രം ആവശ്യപ്പെട്ടാൽ പാർട്ടിയിൽ നിന്ന് പുറത്തായേക്കും എന്നതുകൊണ്ട് പത്തു പേർക്ക് ഭക്ഷണവും പച്ചക്കറികളും എണ്ണയും അവർ റിസോർട്ട് ജീവനക്കാരോട് ചോദിക്കുന്നു. അതായത് ഒരു കൈവണ്ടിയെങ്കിലും കൊണ്ടുവന്നിട്ടുണ്ടാകണം മാവോവാദികൾ. രണ്ടുപേർക്ക് രണ്ടു കൈകളിലായി കൊണ്ടുപോകാവുന്നതിനൊക്കെ ഒരു കണക്കില്ലേ. എന്തായാലും രസച്ചരട് പൊട്ടിക്കുന്നില്ല, പൊലീസ് കഥ തുടരുന്നു.
ഇനി മാവോവാദികൾ വളരെ ബുദ്ധിപൂർവം ഒരു കാര്യം ആവശ്യപ്പെടുന്നു എന്നാണ് പൊലീസിന് നമ്മെ അറിയിക്കാനുള്ളത്. അതായത് അവർ റിസോർട്ട് നടത്തിപ്പുകാരോട് എല്ലാ വർഷവും ഒന്നര ലക്ഷം രൂപ തരണമെന്ന് ചട്ടം കെട്ടുന്നു.

തീർച്ചയായും അത് സംഭവിച്ചിരിക്കാം എന്ന് നമ്മൾ വിശ്വസിക്കണം. അതായത് ഇങ്ങനെ തോക്കൊക്കെയായി വന്ന് പത്തുപേർക്ക് ഭക്ഷണം ആവശ്യപ്പെടുന്ന മാവോവാദികൾ എല്ലാ വർഷവും ഒന്നര ലക്ഷം രൂപ ലഭിക്കാനുള്ള ഏർപ്പാടാണ് ഉണ്ടാക്കുന്നത്. വിപ്ലവസാഹിത്യം വായിക്കുന്നതുകൊണ്ട് പൊലീസുകാർക്ക് ഇന്ത്യൻ വിപ്ലവത്തിന്റെ ദീർഘകാല തന്ത്രത്തെക്കുറിച്ചുള്ള ബോധ്യം ജനത്തിനില്ലാത്തതുകൊണ്ടാകും നമുക്ക് ഇതിലൊരു പന്തികേട് തോന്നുന്നത്.

എന്നാൽ അതുകൊണ്ട് തീരുന്നില്ല കഥ. ഒന്നരലക്ഷം തരാം എന്ന് പറയുന്ന റിസോർട്ട് മുതലാളി അത് തരാതെ അടുത്ത വർഷം പറ്റിക്കുമെന്ന് മാവോവാദികൾക്കറിയാം. അപ്പോൾ ഉണ്ണി താമസിക്കുന്ന വീടേതാണ് എന്ന് ചോദിക്കാൻ വിട്ടുപോയ പൂതത്തെപ്പോലെ ഓരോ കൊല്ലവും കാടിറങ്ങിവരുമ്പോൾ ആളുകൾ വെറുതെ വെടിപൊട്ടിച്ചു കളിപ്പിക്കും എന്ന ധാരണയുള്ളതുകൊണ്ട് വീണ്ടും മാവോവാദികൾ ബുദ്ധി ഉപയോഗിച്ചതായി പൊലീസ് പറയുന്നു. അതായത് വർഷം തോറുമുള്ള ഒന്നരലക്ഷത്തിന്റെ കപ്പം തരാമെന്നത് ഒരു കടലാസിൽ എഴുതി ഒപ്പിട്ട് നൽകാൻ അവർ ആവശ്യപ്പെട്ടു.

അതോടെ റിസോർട്ട് മുതലാളി കുടുങ്ങിയില്ലേ. ഇനി വർഷാവർഷം കാശ് കൊടുക്കാതിരുന്നാൽ മാവോവാദികൾ വീണ്ടും വരും, ഈ കടലാസ് കാണിക്കും, തനിക്ക് വാക്കിനു വ്യവസ്ഥയില്ലേ എന്ന് ചോദിക്കും, മുതലാളി ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും. അതുകൊണ്ടും ശരിയായില്ലെങ്കിൽ ഈ പരസ്പര ധാരണയുടെ കടലാസുമായി മാവോവാദികൾ വയനാട്ടിലെ സബ് കോടതിയിൽ കേസ് കൊടുക്കും. വൈത്തിരി പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് പരാതി നൽകും. ഇതിനൊന്നുമല്ലെങ്കിൽ ഈ ഒപ്പിട്ട കടലാസിൽ വലിയ കാര്യമൊന്നുമില്ലല്ലോ.

എന്തായാലും റിസോർട്ടുകാർ 10,000 രൂപ കൊടുത്തു. വീണ്ടും മാവോവാദികൾ ചതിക്കപ്പെടാൻ തയ്യാറായിരുന്നില്ല. അടുത്ത തവണ വരുമ്പോൾ ബാക്കി തരണമെന്ന് പറഞ്ഞു എന്നുകൂടി പൊലീസ് പറയുന്നു. ഇത്ര സമാധാനപരമായ ഇടപാടാണ് മാവോവാദമെങ്കിൽ പിന്നെന്തിനു തണ്ടർബോൾട്ട് എന്നാകും നിങ്ങൾ ചിന്തിക്കുക. അവിടെവെച്ചാണ് കാര്യങ്ങൾ മാറുന്നത്.
പൊലീസ് സംഘം എത്തുന്നതോടെ മാവോവാദികൾ ഓടിപ്പോയി, വെടിവെക്കാൻ തുടങ്ങി. അതാണ്, ഓടിയങ്ങോട്ട് പോവുകയല്ല, നിന്ന് വെടിവെക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും വെടി എന്നാണ് പൊലീസ് റിപ്പോർട്ട്. എന്തായാലും നീണ്ടുനിന്ന വെടിവെപ്പിനുശേഷം ഒരു മാവോവാദി ഓടിപ്പോവുകയും മറ്റൊരാൾ കമിഴ്ന്ന് കിടക്കുന്നത് കാണുകയും ചെയ്തു. കമിഴ്ന്നു കിടന്നിരുന്ന ആളുടെ അടുത്തൊരു നാടൻ തോക്കുണ്ടായിരുന്നു. അയാൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

പക്ഷെ പൊലീസിന്റെ ഈ ആക്ഷൻ ത്രില്ലറിൽ മാവോവാദികളുടെ കരാർ ഒപ്പിടീക്കൽ മാത്രമല്ല, പിന്നെയുള്ളതും കല്ലുവെച്ച നുണകളാണ്. പൊലീസും മാവോവാദികളും തമ്മിൽ നടന്ന വെടിവെപ്പിനൊടുവിൽ പ്രദേശം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊലീസ് ഫോറൻസിക് പരിശോധനക്കായി നൽകിയ വെടിയുണ്ടകൾ മുഴുവൻ പൊലീസിന്റെ 7.62mm calibre service rifle-ൽ നിന്നുള്ളവയാണ്.

അതായത് ഓടിപ്പോയ മാവോവാദി അയാളുടെ തോക്കിൽ നിന്ന് വെച്ച എല്ലാ വെടിയുണ്ടകളുടെയും ഒഴിഞ്ഞ ഷെല്ലുകൾ പെറുക്കിക്കൊണ്ടുപോയിക്കാണണം. ധർമ്മയുദ്ധമായതുകൊണ്ട് എതിരാളിയുടെ വെടിയുണ്ടകൾ എടുത്തുമാറ്റാനുള്ള സാവകാശം പൊലീസ് നൽകിയിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. പോലീസ് പറയുന്നതനുസരിച്ച് വെടിവെപ്പോക്കെ കഴിഞ്ഞ് ഒരു മണിക്കൂറോളം വീണ്ടും കാത്തുനിന്നാണ് മറഞ്ഞുനിന്ന ഇടങ്ങളിൽ നിന്ന് പൊലീസുകാർ പുറത്തേക്ക് വരുന്നതും ജലീലിന്റെ മൃതദേഹം കാണുന്നതും.

ഇത്രയും നേരം നടന്ന വെടിവെപ്പിൽ ഒരൊറ്റ പൊലീസുകാരനുപോലും വെടിയേൽക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല. അതിൽ അത്ഭുതം വേണ്ട. ഏതാണ്ടെല്ലാ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഈ തിരക്കഥയിലാണ്. അതായത് പരിക്കേൽക്കാൻ മാത്രമുള്ള ശമ്പളം കൊടുക്കാത്തതുകൊണ്ടാകും പൊലീസുകാർ അതിനു മുതിരാത്തത്.

ജലീലിന്റെ സമീപത്തുനിന്ന് ഒരു നാടൻ തോക്ക് കണ്ടെടുത്തു എന്ന് പറയുന്നു. ഈ തോക്കിൽ നിന്ന് ഒരു വെടി പോലും പൊട്ടിച്ചിട്ടില്ല എന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒഴിഞ്ഞ വെടിയുണ്ടകളിൽ ഒന്നുപോലും ഇതിൽ നിന്നുള്ളതല്ല. എല്ലാം പൊലീസുകാരുടെ തോക്കുകളിൽ നിന്നുള്ളവയാണ്. ഫോറൻസിക് പരിശോധന റിപ്പോർട്ട് പൊലീസിന്റെ നുണക്കഥകൾ വീണ്ടും പൊളിക്കുന്നുണ്ട്. ജലീലിന്റെ കയ്യിൽ നിന്ന് കണ്ടെടുത്ത Swab -ൽ വെടിമരുന്നിന്റെ അംശം കണ്ടെത്താനായിട്ടുമില്ല.

അതായത് ഒരു വെടിപോലും പൊട്ടിക്കാത്ത രണ്ടു പേർക്കെതിരെയാണ് പൊലീസ് നീണ്ടുനിന്ന 'ഏറ്റുമുട്ടൽ' നടത്തിയത്. ഈ കഥ ചോദ്യം ചെയ്യുകയും ജലീലിന്റെ കൊലപാതകത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിൽ നടന്ന മറ്റു മാവോവാദി 'ഏറ്റുമുട്ടൽ' കൊലകളും സമാനമായ കള്ളക്കഥകളാണ്. കൊല്ലപ്പെട്ടവർ മാവോവാദികളാണ് എന്നതും അവർ സായുധരായിരുന്നു എന്നതും അവർ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയാണ് എന്ന് തീർപ്പാക്കുന്നില്ല.

നൂറുകണക്കിന് ആദിവാസികളെയാണ് മാവോവാദികൾ എന്ന പേരിൽ സായുധസേനാ കൊന്നൊടുക്കുന്നത്. പിടികൂടുന്ന മാവോവാദികളെ വെടിവെച്ചുകൊല്ലുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾ വേറെയും. വ്യാജ ഏറ്റുമുട്ടൽ കൊലകളിലെ ഇരകളായ സ്ത്രീകളിൽ മിക്കവരും കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. കൊന്നതിനുശേഷം സ്ഥിരം മാവോവാദി യൂണിഫോമും ഒരു തോക്കും വെച്ച് ചിത്രമെടുത്ത് പരസ്യപ്പെടുത്തുന്നതോടെ ആരും ഒരു ചോദ്യവും ചോദിക്കില്ല.

2016 ജൂൺ 13 ന് ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ സുക്മ ജില്ലയിൽ സായുധ സേന കൊന്ന മഡ്കം ഹിദ്മേ എന്ന 23-കാരി ഇതുപോലൊരു വ്യാജ ഏറ്റുമുട്ടൽ കഥയുടെ കൃത്യമായ ഉദാഹരണമാണ്.
അമ്മയുമൊത്ത് വീട്ടിനകത്തിരിക്കുകയായിരുന്ന ഹിദ്മേയെ സുരക്ഷാസേന പെട്ടെന്ന് കടന്നുവന്ന് പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കാണുന്നത് മാവോവാദി യൂണിഫോമിൽ വെടിയേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന ഹിദ്മേയുടെ മൃതദേഹമാണ്.

വീട്ടിനകത്ത് സാധാരണ വസ്ത്രം ധരിച്ച് ഇരുന്ന ഹിദ്മേയുടെ ശരീരം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണുമ്പോൾ ചുളിവുകളില്ലാത്ത പുത്തൻ മാവോവാദി കുപ്പായമായിരുന്നു. കയ്യിലൊരു തോക്കും വെച്ചുകൊടുത്തതോടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദിയുടെ ചിത്രം പൊലീസ് നൽകി.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സായുധ സേന വധിച്ച മഡ്കം ഹിദ്മേയുടെ മൃതദേഹം

എന്നാൽ തങ്ങളുടെ മകളെ പോലീസ് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും പരാതിപ്പെട്ട് ഹിദ്മേയുടെ അമ്മ മഡ്കം ലക്ഷ്മി ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി നിർദ്ദേശപ്രകാരം ഹിദ്മേയുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്തി. ആദ്യ പോസ്റ്റ്‌മോർട്ടം മനഃപൂർവം പരാമർശിക്കാത്തതും തെറ്റായി നിരീക്ഷിച്ചതുമായ പല വസ്തുതകളും രണ്ടാം പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. ഇടത്തെ കാൽപ്പാദത്തിലുണ്ടായിരുന്ന 11x7 cm വലിപ്പത്തിലുള്ള ഒരു വെട്ട് പോലും ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടിട്ടേയില്ല എന്നതായിരുന്നു അവസ്ഥ. ശരീരത്തിൽ കയറിയ നാല് വെടിയുണ്ടകളുടെ സ്ഥാനം പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.

ലൈംഗിക പീഡനം തെളിയിക്കാൻ വേണ്ട പരിശോധനയോ അതിനു വേണ്ട നിയമപരമായ മാനദണ്ഡങ്ങളോ പാലിക്കാതെ ബലാത്സംഗത്തിന് തെളിവില്ല എന്നായിരുന്നു ആദ്യ റിപ്പോർട്ട്. Vaginal swab, Viscera, Semen എന്നിങ്ങനെ ബലാത്സംഗം തെളിയിക്കാൻ വേണ്ട ഒന്നുംതന്നെ ശേഖരിക്കുകയോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയോ ചെയ്തില്ല.

സുരക്ഷാസേന ധരിപ്പിച്ച ചുളിവ് വീഴാത്ത ഏറ്റുമുട്ടൽ കുപ്പായത്തിലെ വെടിയുണ്ടകൾ തുളകളും സ്ഥാനം മൃതദേഹത്തിലെ വെടിയുണ്ടകളുടെ സ്ഥാനവുമായി പൊരുത്തപ്പെട്ടിരുന്നുമില്ല. വൈത്തിരി വ്യാജ ഏറ്റുമുട്ടലിൽ പൊലീസിന്റെ വെടിയുണ്ടകൾ കിട്ടിയെങ്കിൽ മഡ്കം ഹെദ്മയുടെ കൊലപാതസ്ഥലത്തു നിന്ന് ഒരൊറ്റ വെടിയുണ്ട പോലും ശേഖരിച്ചില്ല. അതും 125 വട്ടം തങ്ങൾ വെടിയുതിർത്തു എന്ന് പൊലീസ് അവകാശപ്പെട്ട ഒരു ഏറ്റുമുട്ടലിൽ! എന്നിട്ടും ഇപ്പോഴും ഇത് സംബന്ധിച്ച ഒരന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കാട്ടിൽ നക്‌സൽ വേട്ട തുടരുകയാണ്.

ഇത്തരം എത്രയോ സംഭവങ്ങൾ മാവോവാദി വേട്ടയുടെ പേരിൽ നടക്കുന്നു. നൂറുകണക്കിന് മനുഷ്യരെയാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ സായുധ സേനകൾ കൊല്ലുന്നത്. ഇത് മാവോവാദി വേട്ടയിൽ മാത്രമല്ല. 1979-നും 2012-നും ഇടയിൽ മണിപ്പുരിൽ 1528 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നു എന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് കോടതിയിൽ ഹർജി വന്നപ്പോൾ ദേശീയ സുരക്ഷയുടെ പേരിലായിരുന്നു കേന്ദ്രം അതിനെ എതിർത്തത്.

വ്യാജ ഏറ്റുമുട്ടലുകൾ കൂടിയേതീരൂ ദേശീയസുരക്ഷയ്ക്ക് എന്നും അതിനെ ചോദ്യം ചെയ്യുന്നത് ദേശദ്രോഹമാണെന്നും ഒരു അബോധമായി ഈ സമൂഹത്തിൽ പടർത്തുന്നുണ്ട്. എന്തുകൊണ്ടാണ് മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ കുറ്റക്കാരായ സൈനികോദ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാത്തത് എന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചപ്പോൾ, അതിന്റെ പേരിൽ തങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടു എന്നും അതുകൊണ്ട് ഈ കേസ് ജസ്റ്റിസുമാരായ മദൻ ബി. ലോകൂറും യു.യു. ലളിതും അടങ്ങുന്ന ബെഞ്ചിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് 700 ഉയർന്ന സൈനിക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇത് കോടതി തള്ളി എന്നത് മറ്റൊരു കാര്യം. നിയമവാഴ്ച എന്നത് ബാധകമല്ലാത്ത വേട്ടക്കാരും ഇരകളുമുള്ള പ്രത്യേക പ്രദേശങ്ങളാണ് വ്യാജ ഏറ്റുമുട്ടൽ കൊലകളുടെത് എന്നാണ് അവർ പറയാൻ ശ്രമിച്ചത്.

ഹൈദരാബാദിൽ 2019 ഡിസംബർ 6ന് ഒരു ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. എന്നാൽ ആ കൊലപാതകത്തിന്റെ മറവിൽ രാജ്യത്തെങ്ങും ഭരണകൂടം വളർത്തിയെടുത്തത് നീതി എന്നത് നിയമവാഴ്ചയുടെ വിപരീതമാണ് എന്നാണ്. രാജ്യത്ത് ശക്തി പ്രാപിച്ച ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽക്കൂടി വേണം ഇത് കാണാൻ. ആൾക്കൂട്ടനീതി സാധൂകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയകാലത്തിൽ പൊലീസിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വളരെ വേഗം പൊതുബോധത്തിലേക്ക് സ്വീകാര്യത നേടും. ഹിംസ എന്നത് ചരിത്രപരമായ ധാർമ്മികതയുടെ ഒരു തലത്തിലേക്ക് ഉയർത്തപ്പെടുന്നു. പൗരുഷം എന്നതിന്റെ സ്വാഭാവികമായ പൊതുപ്രദർശനമായി ഹിംസ മാറുന്നു. നീതി ഒരു ആൾക്കൂട്ടത്തിന്റെ സങ്കൽപമായി രൂപപ്പെടുന്നു.

വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നവരെല്ലാം ദളിതരും മുസ്‌ലിംകളും ആദിവാസികളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുറത്തു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകരുമാണ് എന്നത് യാദൃശ്ചികമല്ല. രാഷ്ട്രീയ പ്രതിഷേധം ഒരു പ്രഹസനം മാത്രമാകുന്നിടത്തോളം മാത്രം നിങ്ങൾക്ക് സ്വാതന്ത്ര്യമുള്ള ഒരു വ്യവസ്ഥിതിയിൽ അതിനപ്പുറം മനുഷ്യനുണരുമ്പോൾ ഏറ്റുമുട്ടലുണ്ടാകുന്നു എന്നത് വാസ്തവത്തിൽ ഈ വ്യവസ്ഥിതിയിൽ സ്വാഭാവികമാണ്.

ആ ഏറ്റുമുട്ടൽ വ്യാജമല്ല. എന്നാൽ ആ ഏറ്റുമുട്ടലിലെ ഹിംസയ്ക്ക് ഒരേ മാനദണ്ഡങ്ങളല്ല ഉണ്ടാകേണ്ടത്. പതിനായിരക്കണക്കിന് അർദ്ധ സൈനികരെ വിന്യസിച്ചുകൊണ്ട് ഇന്ത്യയിലെ വനമേഖലകളിലെ ആദിവാസി പാർപ്പിട പ്രദേശങ്ങളിൽ നടത്തുന്ന വേട്ടയും അതിനോടുള്ള ചെറുത്തുനിൽപ്പും ഹിംസയുടെ ഒരേ മാനദണ്ഡങ്ങൾ വെച്ചളക്കാൻ കഴിയില്ല എന്നതൊരു രാഷ്ട്രീയബോധ്യമാണ്. കോർപ്പറേറ്റുകൾക്കും ഉപരിവർഗത്തിനും വേണ്ടി നയങ്ങൾ നടപ്പാക്കുന്ന മധ്യവർഗത്തിന് അതിന്റെ ബാക്കിയാകുന്ന അപ്പക്കഷ്ണങ്ങൾ എറിഞ്ഞുകൊടുക്കുന്ന ഒരു ഭരണകൂടത്തിന്റെ വിദൂര പരിഗണനകളിൽപ്പോലും കടന്നുവരാത്ത മനുഷ്യർക്ക്, ജീവിക്കാനുള്ള അവകാശം കൂടി ഇല്ലാതാകുമ്പോൾ അതിനോടുള്ള രാഷ്ട്രീയ പ്രതിഷേധത്തിനുകൂടി കഴിയാതെ വരുമ്പോൾ തീർച്ചയായും ജീവിതത്തിനുള്ള അവകാശത്തിനായി അവർക്ക് ചേർന്നുനിൽക്കേണ്ടതുണ്ട്.

കേരളത്തിൽ വർഗീസിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് പൗരസമൂഹം ഏതാണ്ട് മറന്നുപോയിരുന്നു. വർഗീസിന്റെ കൊലപാതകം നടന്ന രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ നിന്ന് കേരളം ഏറെ മാറി. എന്നാൽ ഭരണകൂടത്തിന്റെ സ്വഭാവം തരിമ്പുപോലും മാറുന്നില്ല എന്ന് അത്രയൊന്നും അത്ഭുതപ്പെടാതെ ജലീൽ അടക്കമുള്ള മാവോവാദി കൊലകളിലൂടെ നമുക്ക് മനസിലാകുന്നുണ്ട്.

2016-ൽ നിലമ്പൂർ കരുളായി വനത്തിൽ പൊലീസ്​ വെടിവെച്ചുകൊന്ന കുപ്പു ദേവരാജ്, അജിത

പക്ഷെ കേരളത്തിലെ പൗരസമൂഹത്തെ അമ്പരപ്പിക്കേണ്ട ഒന്ന്, ഈ ഭരണകൂട ഭീകരതയോടും മനുഷ്യാവകാശ ലംഘനത്തോടും തങ്ങൾ പുലർത്തുന്ന കുറ്റകരമായ നിശബ്ദതയാണ്. യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമം ഉപയോഗിച്ച് അലൻ, താഹ എന്ന രണ്ടു പൗരന്മാരെ മാവോവാദികൾ എന്നാരോപിച്ച് പൊലീസ് തടവിലാക്കിയപ്പോൾ ആ രണ്ടു പേർക്കുവേണ്ടി ഉണ്ടായ പ്രതിഷേധത്തിന്റെ നിഴൽക്കാഴ്ച പോലും ഈ വ്യാജ ഏറ്റുമുട്ടൽ കൊലകളോടുള്ള പ്രതികരണമായി ഉണ്ടായില്ല.

അലൻ-താഹ വിഷയത്തിലെ പ്രതിഷേധത്തിന് മധ്യവർഗ പൗരസമൂഹത്തിന്റെ അസ്തിത്വാശങ്കകൾ ഒരു കാരണമായിരുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള കുട്ടിയെ പിടിച്ചുകൊണ്ടുപോയി എന്നതായിരുന്നു അതിലെ പലരേയും ഞെട്ടിച്ച ഒരു കാര്യം. ആ വിഷയം ഒരു രാഷ്ട്രീയ പ്രതിഷധത്തിന്റെ രൂപത്തിലേക്കെത്തി എന്നത് ആ സമരത്തിന് സംഭവിച്ച ഗുണപരമായ ഒരു കാര്യമാണ്. എന്നാലിവിടെ ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് എന്ന് തെളിയുമ്പോൾ, ആ വിഷയമുയർത്തി പ്രതിഷേധിക്കാൻ കേരളത്തിലെ പൗരസമൂഹം കാണിക്കുന്ന സന്ദേഹം ആത്മഹത്യാപരമാണ്.

വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ രാഷ്ട്രീയ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന് കൂട്ടുനിൽക്കുന്ന ഒരു സർക്കാരും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയകക്ഷികളും തങ്ങളെ കമ്യൂണിസ്റ്റുകാർ എന്നാണു വിളിക്കുന്നത് എന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയുടെ ആഴത്തെക്കൂടിയാണ് വെളിപ്പെടുത്തുന്നത്.

സി.പി. ജലീലിന്റെ കൊലപാതകം പൊലീസ് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ്. നിങ്ങളുടെ മുന്നിലാണ് അത് സംഭവിച്ചത്. നിങ്ങൾക്ക് മുന്നിലാണ് അതിന്റെ തെളിവുകൾ. എന്നിട്ടും നിങ്ങൾ നിശ്ശബ്ദരാണെങ്കിൽ, നിങ്ങളെയത് അസ്വസ്ഥരാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഭരണകൂട ഭീകരതയുടെ രാപ്പകലുകൾ തിരിച്ചറിയുന്നില്ലെങ്കിൽ തീയെരിഞ്ഞ നാളുകൾ കാണാൻ കഴിയാത്ത കാൽപനിക ദുഃഖം ഇനി നിങ്ങൾ പറയരുത്. നീതിയുടെ ശവമടക്കിന്റെ ചിത കത്തുന്ന ചൂടിനെക്കുറിച്ച് നിങ്ങൾ ആവലാതിപ്പെടരുത്.

Comments