വിജയ പരാജയങ്ങളേക്കാൾ ഏതൊരു സമരത്തേയും പ്രസക്തമാക്കുന്ന കാര്യം അതൊരു സമൂഹത്തിന്റെ ഉരകല്ലായി മാറും എന്നുള്ളതാണ്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരവും ആ അർഥത്തിൽ കേരളം എന്താണെന്ന് വെളിപ്പെടുത്തിയ സമരമാണ്. ഇവിടെ ഒരു വശത്ത് കുറച്ചു വിദ്യാർഥികളും നാലഞ്ചു തൊഴിലാളികളും മാത്രമാണ്. മറുവശത്താകട്ടെ ഭരണകൂടവും ഭരിക്കുന്ന പാർട്ടികളും അവരുടെ പ്രതിനിധികളായിരിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചെയർമാനും ഒക്കെയാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ മലയാളിക്ക് അത്ര സുപരിചിതനായ വ്യക്തിയൊന്നുമല്ല. എം.ടി. വാസുദേവൻ നായരുടെ മഞ്ഞിലെ നായകൻ എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന മേൽവിലാസം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഒരാൾ, ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് തുടക്കം കുറിച്ച പി.ആർ.എസ്.പിള്ളയുടെ മകൻ, എന്തായാലും കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ
ചെയർമാനുമാകുന്നു.
ഡയറക്ടർക്കെതിരെ ജാതിവിവേചനത്തിന് പരാതി ഉയരുമ്പോൾ- സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും ഒന്നടങ്കം- അത് പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ, അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. ഗവൺമെന്റും സംവിധാനങ്ങളും ഇക്കാര്യത്തിൽ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കേണ്ടതിനുപകരം എന്താണ് അവിടെ നടന്നത് എന്നത് ചരിത്രമാണ്. ഒരു സമൂഹം എന്ന നിലയിൽ നാം എവിടെയാണ് എത്തിനിൽക്കുന്നത് എന്ന് അത് പച്ചയായി വെളിവാക്കുന്നു.
ശങ്കർ മോഹനെ അടൂർ ന്യായീകരിക്കുന്നു, അടൂരിനെ ബേബി ന്യായീകരിക്കുന്നു, ഇതിനെയെല്ലാം സംരക്ഷിക്കുന്ന ഒരു പാർട്ടി/ഗവണ്മെൻറ് സംവിധാനം പുറമേ നിൽക്കുന്നു. അതിന് വിധേയപ്പെട്ടു നിൽക്കുന്ന കുറേ ബുദ്ധിജീവികളും അണികളും.
ഡയറക്ടറെ ന്യായീകരിക്കാൻ അടൂർ നാളിതുവരെ നടത്തിയ പ്രസ്താവനകൾ മുഴുവൻ അങ്ങേയറ്റം മനുഷ്യവിരുദ്ധത പേറുന്നവയാണ്. ‘വിശ്വോത്തരൻ’ എന്ന് നാം വിശ്വസിച്ചിരുന്ന ഒരു സംവിധായകൻ തന്റെ നാലുകെട്ടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങുന്നതാണ് നാം കണ്ടത്. അടൂരിനെ ന്യായീകരിക്കാൻ എം.എ. ബേബി എഴുതിയ കുറിപ്പാണ് അതിലും വിചിത്രം. ഒരാൾ വിളിച്ചുപറഞ്ഞ വൃത്തികേടുകൾ മുഴുവൻ അയാൾ ലോകോത്തരനാണ് എന്നുപറഞ്ഞ് ന്യായീകരിക്കാനാണ് എം.എ. ബേബി ശ്രമിച്ചത്. ശങ്കർ മോഹനെ അടൂർ ന്യായീകരിക്കുന്നു, അടൂരിനെ ബേബി ന്യായീകരിക്കുന്നു, ഇതിനെയെല്ലാം സംരക്ഷിക്കുന്ന ഒരു പാർട്ടി/ഗവണ്മെൻറ് സംവിധാനം പുറമേ നിൽക്കുന്നു. അതിന് വിധേയപ്പെട്ടു നിൽക്കുന്ന കുറേ ബുദ്ധിജീവികളും അണികളും.
ഇതിനേക്കാളെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യം നമ്മുടെ മുഖ്യധാരാ അച്ചടി മാധ്യമങ്ങളുടെ നിശ്ശബ്ദതയാണ്. സാധാരണ ഗതിയിൽ ഗവണ്മെന്റിനെതിരാവുന്ന ഒരു സമരത്തിൽ ആവേശം കാണിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം പാലിച്ച ഈ നിശ്ശബ്ദതയുടെ അർത്ഥം എന്താണ്? ഒറ്റവാക്കിൽ സവർണത എന്ന് അതിന് ഉത്തരം പറയാം. വേറൊരു രീതിയിൽ പറഞ്ഞാൽ അടൂർ ഗോപാലകൃഷ്ണൻ എന്ന ചെയർമാന്റെയും ശങ്കർ മോഹൻ എന്ന ഡയറക്ടറുടെയും സാംസ്‌കാരിക/സവർണ മൂലധനത്തോടാണ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടിയത്.
ഭരിക്കുന്ന പാർട്ടിയും ആ മൂലധനത്തെതന്നെയാണ് ഭയക്കുന്നത്.
അടൂർ മഹാനായ ചലച്ചിത്രകാരനാണ് എന്ന് അസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന എം.എ. ബേബിയായാലും പിണറായി വിജയനായാലും ആ സവർണതയ്ക്ക് അടിയിൽ തന്നെയാണ് നിലകൊള്ളുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും കൊണ്ടാടുന്നത് അതേ സവർണത തന്നെയായതുകൊണ്ടാണ് അവർക്കിതൊരു വിഷയമാവാത്തതും.
‘‘ഒരു നഗരത്തിൽ അനീതി ഉണ്ടായാൽ അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുൻപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്'' എന്ന ബ്രെഹ്തിന്റെ വരികൾ ഏറ്റുപാടുന്നവരാണ് നമ്മുടെ ബുദ്ധിജീവികളിൽ ബഹുഭൂരിപക്ഷവും. പക്ഷേ അതിന് ഒരു അടിക്കുറിപ്പുകൂടി ആവശ്യമുണ്ട്. അത് ഉത്തരേന്ത്യയിലോ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലോ നടക്കണമെന്നുമാത്രം.
കല കാലവുമായുള്ള ഒരു കൊടുക്കൽ വാങ്ങൽ ആണ് എങ്കിൽ അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകന്റെ സിനിമാക്കാലം ഏതാണ്. 1985 നുശേഷമുള്ള കേരളീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന എന്തെങ്കിലും അടൂർ സിനിമകളിലുണ്ടോ. ഇല്ല എന്നാണ് എന്റെ വിശ്വാസം. കേരളീയ ജീവിതത്തിന്റെ എൺപതുകളിലും വ്യക്തിജീവിതത്തിൽ നാല്പതുകളിലും ഉറഞ്ഞുപോയ ഒരു സംവിധായകൻ തന്റെ ഇരുപതുകളിൽ ജാതിവാലുപേക്ഷിച്ചതാണ് എന്നുപറയുമ്പോൾ അത് ഒരു വീമ്പിളക്കലായി മാത്രമേ നമുക്ക് അനുഭവപ്പെടുന്നുള്ളൂ. കഴിഞ്ഞ പത്തുനാൽപ്പതു വർഷമായി കേരളീയ യുവത്വം നടന്നുതീർത്ത ദൂരം അയാൾക്കുമുന്നിൽ നീണ്ടുനിവർന്ന് കിടക്കുന്നു. ഇത് അടൂർ എന്ന വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല എന്നതാണ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തെ എല്ലാക്കാലത്തും പ്രസക്തമാക്കുന്ന കാര്യം. ▮