പ്രവാസിയായി മരിച്ചുപോകുന്നത് പോലെയൊരു അനാഥത്വം മറ്റൊന്നില്ല. അത് ജീവിതത്തിൻ്റെ അനാഥത്വമല്ല, മരണത്തിൻ്റെ അനാഥത്വമാണ്. ആരാലും വേണ്ടാത്തതുപോലെ പലയിടങ്ങളിലും ആ ശരീരങ്ങൾ കിടക്കും. യാന്ത്രികതയുടെ അനേകം നൂൽപാലങ്ങളിൽ അത് ആടിക്കളിക്കും. അരങ്ങൊഴിഞ്ഞ നടനിലെ കഥാപാത്രത്തെപ്പോലെ അസ്തിത്വ പ്രതിസന്ധിയിൽ പെട്ടുഴലും.
ചിലയിടത്ത് ഒരു ഇഖാമ നമ്പർ മാത്രമായും, മറ്റൊരിടത്ത് പാസ്പോർട്ട് നമ്പർ മാത്രമായും ചിലപ്പോൾ തൂക്കത്തിനൊത്ത വിലയുള്ള ചരക്കായുമൊക്കെയുള്ള വേഷപ്പകർച്ചകളിൽ ആ പ്രതിസന്ധി രൂക്ഷമാകും. മരണത്തിൻ്റെ നൂലാമാലകൾ ജീവിതത്തിനെക്കാൾ കടുപ്പമേറിയതാണെന്ന സത്യം അവരറിയില്ലെങ്കിലും ഓരോ നിമിഷവും അവർക്ക് വേണ്ടപ്പെട്ടവർ അറിഞ്ഞുകൊണ്ടിരിക്കും.
ആ ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് അത്രമേൽ വലിയ നൂലാമാലകൾ നിറഞ്ഞ ഒരു ചടങ്ങാണ്. അതിൻ്റെ പിറകിൽ നടന്നിട്ടുള്ളവർക്ക് ആ പ്രയാസം നന്നായറിയാം. പ്രത്യേകിച്ച് സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളിൽ നിന്ന്. തൂക്കി നോക്കി കൂലി നിശ്ചയിച്ചാണ് എയർ ലൈൻ കമ്പനികൾ അത് കൊണ്ട് വരുന്നത്. കാരണം അവർക്ക് ആ പെട്ടിക്കുള്ളിലുള്ള ആളിനെ അറിയില്ല. അറിഞ്ഞാലും അവർക്കതൊരാളല്ല, അതൊരു കാർഗോ മാത്രമാണ്.
കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ഹതഭാഗ്യരുടെ കാര്യത്തിൽ ചെറിയ ചില ഇളവുകളുണ്ടാകും. അപരിചിതത്വത്തിൻ്റെ പകപ്പുകൾക്ക് വിധേയമാകാതെ ആ ശരീരങ്ങൾക്ക് നാട്ടിലെത്താം. അവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്. ദുരന്തത്തിനിരയായവരുടെ മഹാചേതങ്ങൾക്ക് ഇതു കൊണ്ടൊന്നും ഒരു പരിഹാരങ്ങളുമില്ലെങ്കിലും അനാഥത്വത്തിൻ്റെ തട്ടിക്കളിക്കലുകൾക്ക് ആ ശരീരങ്ങൾ വല്ലാതെ വിധേയപ്പെടേണ്ടിവരില്ല. വലിയ ചേതങ്ങൾക്കിടയിലും അതൊരു ചെറിയ ആശ്വാസമാണ്.
പ്രവാസത്തിലെ ഒരു മരണത്തെ ആദ്യമായി കാണുന്നത് ദുബായിൽ വെച്ചാണ്. കമ്പനിയിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന ശേഖരൻ കുട്ടിയെന്ന സഹപ്രവർത്തകൻ്റെ ശരീരം ലേബർ ക്യാമ്പിലെ മച്ചിൻ കൊളുത്തിൽ തൂങ്ങിയാടുന്ന കാഴ്ച ഭീകരമായതായിരുന്നു.
സ്വയം വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളിൽ കിടന്ന് ശ്വാസംമുട്ടിയ ശേഖരൻ കുട്ടിക്ക് ഒടുവിൽ തോന്നിയ ഉപായം അര മുഴം കയറിൻ്റെ അറ്റത്ത് പ്രശ്നങ്ങളെയെല്ലാം കുടുക്കിട്ട് ഭദ്രമായി കെട്ടിയിട്ട് അവയിൽ നിന്നെല്ലാം സമ്പൂർണ സ്വതന്ത്രനാകുക എന്നതായിരുന്നു.
പോലീസും കേസുമായുള്ള നൂലാമാലകളിൽ കുടുങ്ങി ആ ശരീരം ദുബായിലെ ആശുപത്രിയിലെ മോർച്ചറിയിൽ കിടന്ന് കുളിര് കൊണ്ടു. എൻ്റെയൊപ്പം ജോലി ചെയ്തിരുന്ന ശേഖരൻ കുട്ടിയുടെ അനുജൻ ആ ദിവസങ്ങളിൽ അനുഭവിച്ച സംഘർഷങ്ങളുടെ മഹാ കാണ്ഡങ്ങൾ എത്ര കഠിനമായതായിരുന്നുവെന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു. വിഷാദത്തിൻ്റെയും അനാഥത്വത്തിൻ്റെയും മഹാശൈലങ്ങൾ താണ്ടിക്കടക്കാൻ അവൻ കഠിനമായി പരിശ്രമിച്ചു. മോർച്ചറിയുടെ ഇടുക്കത്തിൽ ഒരു പാസ്പോർട്ട് നമ്പറിൻ്റെ മേൽവിലാസം മാത്രമായി ജ്യേഷ്ഠൻ തണുത്ത് വിറച്ച് കിടക്കുമ്പോൾ, ജ്യേഷ്ഠനും അനുജനും ഒന്നിച്ച് കിടന്നിരുന്ന ആ ചെറിയ മുറിയിൽ അവൻ ഏകനായ് കിടന്ന് കണ്ണീർ വാർത്തു. നാട്ടിലെ ചോദ്യങ്ങൾക്കെല്ലാം ഒറ്റക്ക് മറുപടി പറഞ്ഞ് തളർന്നു. ഒടുവിൽ ജ്യേഷ്ഠൻ്റെ ജീവനറ്റ ശരീരവും കൊണ്ട് നാട്ടിലേക്ക് പറക്കുമ്പോൾ അവനും ഒരു ജീവനറ്റ ശരീരം മാത്രമായി മാറിക്കഴിഞ്ഞിരുന്നു.
മാസങ്ങളോളം മോർച്ചറിയിൽ കിടന്ന് വിളറി വെളുത്ത് നാട്ടിലെത്തുന്ന എംബാംഡ് പെട്ടികൾ പൊട്ടിക്കുമ്പോൾ അനുഭവപ്പെടുന്ന ഒരു മണമുണ്ട്. മരണത്തിൻ്റെ മത്തുള്ള ഒരുതരം സുഗന്ധം. വീണ്ടും അനുഭവിക്കുമ്പോൾ വല്ലാത്ത ഒരസ്വസ്ഥ തോന്നുന്ന സുഗന്ധം. ഉള്ളിൽ നിന്ന് ഇപ്പോഴും വിട്ട് പോകാത്തത് ഷാജഹാൻ കാക്കയുടെ ബോഡി കൊണ്ട് വന്ന രംഗമാണ്. ആ കാഴ്ചയും അവിടുത്തെ നിലവിളികളും ആ പെട്ടിയുടെ ഉള്ളിൽ നിന്ന് വമിച്ച രൂക്ഷമായ സുഗന്ധവുമൊന്നും പെട്ടെന്നൊന്നും മറന്നുപോകില്ല.
മറവി മൂടാത്ത ഒരോർമയായി ഷാജഹാൻ കാക്ക ഉള്ളിലുണ്ട്.
സൗദി പ്രവാസത്തിൻ്റെ ആദ്യ നാളുകളിലാണ് തിരുവനന്തപുരം സ്വദേശിയായ ഷാജഹാൻ കാക്കയെ പരിചയപ്പെടുന്നത്. നിർത്താതെ സംസാരിച്ച് കൊണ്ടിരിക്കുന്ന മെല്ലിച്ച, ഉയരം കുറഞ്ഞ മനുഷ്യൻ. വലിപ്പമുള്ള ഷർട്ടും വീതാനുസാരമായ ചെറിയ ഒരു പാൻ്റ്‌സുമാണ് സ്ഥിരം വേഷം. കമ്പനിയിലെ ഡ്രൈവറാണ് ആൾ. ജോലിയുമായി ബന്ധപ്പെട്ട പരിഭവങ്ങൾ സദാ പറഞ്ഞ് കൊണ്ടിരിക്കും. ആദ്യം കാണുമ്പോൾ ഒരു ശണ്ഠക്കാരനാണ് എന്ന് തോന്നുമെങ്കിലും ഒരു പാവം മനുഷ്യൻ. താമസിച്ചാണ് കല്യാണം കഴിച്ചത്. താമസിച്ചാണ് കുഞ്ഞ് ജനിച്ചതും. അക്കാര്യങ്ങളൊക്കെ പറയുമായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുവരെ എന്നെ ഓഫീസിൽ നിന്ന് റൂമിൽ കൊണ്ടാക്കുന്നതും തിരിച്ച് കൊണ്ടു വരുന്നതും ഷാജഹാൻ കാക്കയായിരുന്നു.
സൗദി നിരത്തുകളിൽ വണ്ടിയോടിച്ച് പരിശീലിക്കാൻ അവസരം തന്നത് ഷാജഹാൻ കാക്കായായിരുന്നു. കമ്പനി നിയമപ്രകാരം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെങ്കിലും യാത്രകൾ പോകുമ്പോൾ ഹൈവേകളിൽ വെച്ച് സ്റ്റിയറിംഗ് വീലിനുപിന്നിൽ എന്നെ ഇരുത്തി. മറ്റാരും തരാത്ത ഒരവസരമായിരുന്നു അതെനിക്ക്. പിന്നിട്ട് പോകുന്ന വഴിത്താരകളെ സാക്ഷിയാക്കി യാത്രയിലുടനീളം സ്വന്തം പ്രവാസജീവിതത്തിൻ്റെ പരാജയങ്ങളുടെ കഥകൾ ഷാജഹാൻ കാക്ക പറഞ്ഞുകൊണ്ടിരുന്നു. എന്നോടു മാത്രമല്ല, അതെല്ലാവരോടും പറഞ്ഞു.
ഷാജഹാൻ കാക്കയുടെ ഡ്രൈവിംഗിന് ചെറിയ ചില കുഴപ്പങ്ങളുണ്ടായിരുന്നു. വണ്ടിയെടുത്താൽ സെക്കൻഡുകൾക്കുള്ളിൽ നൂറിലും നൂറ്റി ഇരുപതിലും സ്പീഡോ മീറ്ററിലെ സൂചി എത്തും. ആളുകൾ വഴക്കുണ്ടാക്കുന്നത് ആ ഒറ്റക്കാര്യത്തിൽ മാത്രമായിരുന്നു. പല തവണ ചെറിയ ചെറിയ ആക്സിഡണ്ടുകളുണ്ടാക്കിയിട്ടുണ്ട്. അക്കാര്യം ചോദിക്കുമ്പോൾ ശബ്ദം കേൾപ്പിച്ചുള്ള ഒരു ചിരി ചിരിക്കും. എന്നിട്ട് പറയും, അതങ്ങനൊന്നുമല്ലടേ, അവന്മാർ ഓരോന്ന് ചുമ്മാ പറയുവാടെ..
ഷാജഹാൻ എൺപത് കിലോമീറ്റർ സ്പീഡിനുള്ളിൽ മാത്രം വണ്ടി ഓടിച്ചാൽ മതി എന്നൊരു അലിഖിത നിയമം തന്നെ പിന്നീട് കമ്പനിയിലുണ്ടായി. ഷാജഹാൻ കാക്കയെ പറ്റി സഹ ഡ്രൈവർമാർ പല കഥകളുമുണ്ടാക്കി പറഞ്ഞ് കൊണ്ടിരിക്കും. നർമ്മ ബോധത്തോടെ ആൾ അതെല്ലാം ആസ്വദിക്കുകയും ചെയ്യും.
അതിലൊന്ന് ഇങ്ങനെയായിരുന്നു.
ഷാജഹാൻ കാക്കയുടെ കൈയിലുള്ള വണ്ടി ഒരു ഹ്യുണ്ടായ് വാനാണ്. അഞ്ച് ഗിയറുള്ള ആ വണ്ടി പണിയാൻ ഗാരേജിലേക്ക് വിട്ടു. ഗിയർ ബോക്സ് അഴിച്ച് നോക്കിയ മെക്കാനിക്ക് അതിശയപ്പെട്ടു. വണ്ടിക്ക് ആറാമത് ഒരു ഗിയർ കൂടി കാണുന്നു! മറ്റ് ഡ്രൈവർമാരെ വിളിച്ച് വിവരം തിരക്കി. അവരും അതിശയിച്ചു. ഒടുവിൽ കാര്യം പിടികിട്ടി. ഗിയർ ലിവർ നാലിൽ നിന്ന് വലിച്ച് അഞ്ചിലേക്കിടുന്ന മൂച്ചിൽ ഷാജഹാൻ കാക്ക ഒരു പുതിയ ഗിയർ കൂടി സൃഷ്ടിച്ചുകളഞ്ഞത്രെ. കഥയെന്തായാലും പുള്ളി ഓടിക്കുന്ന വണ്ടി വേറെ ആരും ധൈര്യത്തിൽ എടുത്ത് ഓടിച്ചിരുന്നില്ല.
കമ്പനി ചില തകർച്ചകളെ നേരിട്ടുതുടങ്ങിയപ്പോൾ പലരും പല വഴി നോക്കിപ്പോയി. കൂട്ടത്തിൽ ഞാനും. ഷാജഹാൻ കാക്ക അവിടെ തന്നെ തുടർന്നു. പിന്നീട് എവിടെയൊക്കെയോ വെച്ച് തമ്മിൽ കണ്ടു. കുശലം പറഞ്ഞ് പിരിഞ്ഞു. ഞാൻ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങി. നാട്ടിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ അലക്ഷ്യമായി നോക്കിയ ഒരു വാട്സ്ആപ്പ് മെസേജിലൂടെയാണ് ഷാജഹാൻ കാക്കയുടെ മരണമറിഞ്ഞത്. ഒരു നിമിഷം നിശ്ചലനായി നിന്നുപോയി. ഓർമകളുടെ ഒരു കൂമ്പാരം ഒറ്റനിമിഷം കൊണ്ട് തലച്ചോറിൽ നിന്ന് ഹൃദയത്തിലെത്തി. അത്രമേൽ വേദനിപ്പിച്ച ഒരു മരണമായിരുന്നു അത്. ഹാർട്ട് അറ്റാക്കായിരുന്നു. ചിരിയോടെ കഥയും കാര്യങ്ങളും പറഞ്ഞിരിക്കെ പൊടുന്നനെയങ്ങ് മരിച്ച് പോയി! അങ്ങനെയൊക്കെ ഒരാൾക്ക് മരിക്കാൻ സാധിക്കുമോ? ഷാജഹാൻ കാക്കയെപ്പോലുളള സരളഹൃദയരുടെ ഹൃദയത്തിന് അതൊക്കെ സാധിക്കുമായിരിക്കും.
എളുപ്പമങ്ങ് മരിച്ചെങ്കിലും നിയമക്കുരുക്കിൻ്റെ ഉഗ്ര വേദനയനുഭവിച്ചാണ് ആ ശരീരം നാടെത്തിയത്. മാസങ്ങൾ മോർച്ചറിയുടെ തണുപ്പിലിരുന്ന് ആ ശരീരം വിളറി വെളുത്ത് പോയിരുന്നു. അപ്പോഴെല്ലാം ഭാര്യയും ആറു വയസുള്ള മകളും അറിഞ്ഞിരുന്നത് ആൾ ആശുപത്രിയിൽ കിടക്കുന്നു എന്ന് മാത്രമായിരുന്നു. സുഖമില്ലാതെ വരുന്ന പ്രിയപ്പെട്ടവനെ പരിചരിക്കാൻ കാത്തിരുന്ന അവരുടെ മുന്നിലേക്ക് ഒരു പെട്ടിയിൽ കയറി നിശ്ചലനായി ഇനിയൊരിക്കലും അവർക്കൊപ്പം കൂടാൻ കഴിയാത്ത വിധം വേഷം മാറി വന്ന ഷാജഹാൻ കാക്കയെ നോക്കി അവർ വിളിച്ച നിലവിളികളുടെ ആന്ദോളനങ്ങൾ ഇതെഴുതുമ്പോഴും കാതുകൾക്കുള്ളിൽ പ്രകമ്പനം തീർക്കുന്നത് പോലെ....
ഇനിയുമുണ്ട് കുറെ.
സുഹൃത്തായിരുന്ന അർഷദിൻ്റെ പിതാവിൻ്റെ മരണം. രണ്ട് പേരും ഒരേ നഗരത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾ. രണ്ടുപേരും രണ്ട് കമ്പനികളിലായിരുന്നു. വൈകീട്ട് അർഷദിനൊപ്പം കണ്ടിട്ട് പോയതായിരുന്നു അവൻ്റെ ഉപ്പയെയും. കണ്ടാൽ അർഷദിൻ്റെ ജ്യേഷ്ഠനാണെന്നേ പറയുമായിരുന്നുള്ളൂ. എപ്പോഴും ഷർട്ട് ടക്ക് ഇൻ ചെയ്ത്, ചുണ്ടിൽ ഒരു ചിരിയോടെ കുശലം പറയുന്ന ആ മനുഷ്യൻ വൈകീട്ട് കണ്ട് മടങ്ങിയതിനുശേഷം സ്വന്തം മുറിയിലെത്തി കട്ടിലിൽ കിടന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെ വെറുതെയങ്ങ് മരിച്ചു. അതും ഒരു ഹാർട്ട് അറ്റാക്ക്.
ദിവസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം അറബ് നാട്ടിലെ ശ്മശാനത്തിൽ പിതാവിനെ അടക്കി. അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ വിറയലോടെ ഏറ്റുവാങ്ങി നിൽക്കുന്ന അർഷദിൻ്റെ കണ്ണീർ വാർന്ന മുഖം പ്രവാസത്തിലെ മറ്റൊരു നൊമ്പരപ്പെടുത്തുന്ന ഓർമയാണ്.
ഇനിയും ഇങ്ങനെ കുറെയുണ്ട്...
നിയമക്കുരുക്കിൽ പെട്ട് വർഷങ്ങൾ മോർച്ചറിയിൽ ഇരുന്നവർ. പ്രിയപ്പെട്ടവർ മരിച്ചിട്ട് മാസങ്ങളായിട്ടും അതിനെയൊന്നു മണ്ണോട് ചേർക്കാൻ കഴിയാതെ മരണത്തിൻ്റെ തീരാ വേദന ഓരോ ദിവസവും കടിച്ചിറക്കി കണ്ണീർ വാർക്കുന്നവർ. ആരെങ്കിലും ഒന്ന് നോക്കൂ എന്ന് വിളിച്ചുകൊണ്ട് മോർച്ചറിയിൽ ഇരിക്കുന്ന ആളറിയാത്ത മൃതദേഹങ്ങൾ... അങ്ങനെ ഒരുപാട്...
പ്രവാസ ലോകത്ത് മരിച്ചുപോകുന്നവർ ഹതഭാഗ്യരാണ്. യാത്ര പൂർത്തിയാക്കാതെ പാതിയിലെ വിജനതയിൽ നിർത്തിക്കളഞ്ഞ ഒരു വാഹനത്തിലെ അനാഥരായ യാത്രികരെപ്പോലെയാണവർ. ഇനി അവരുടെ യാത്ര മറ്റാരെങ്കിലുമൊക്കെ ചേർന്ന് വേണം പൂർത്തിയാക്കി കൊടുക്കുവാൻ. പ്രവാസ ലോകത്ത് ജീവൻ പൊലിഞ്ഞ മുഴുവൻ പേർക്കും ആദരാഞ്ജലികൾ...