എറണാകുളം ജില്ലയിൽ വൈപ്പിൻ മേഖലയിലെ വല്ലാർപ്പാടമടക്കമുള്ള പ്രദേശങ്ങളിലെ 17 കുടുംബങ്ങളാണ് വായ്പാ തട്ടിപ്പിന് ഇരയായിരിക്കുന്നത്. വീട് വെക്കുക, മക്കളുടെ കല്യാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടി സഹകരണ ബാങ്കുകളിൽ ലോണിന് അപേഷിച്ചെങ്കിലും, ലോൺ പാസാകാതെ വന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളിൽ നിന്നും പട്ടയം ഈടാക്കി ഈ കുടുംബങ്ങൾ വായപ എടുക്കുന്നത്. പണം നൽകിയ സ്വകാര്യ വ്യക്തികൾ ഇവരുടെ പട്ടയം പണയം വെച്ച് ബാങ്കുകളിൽ നിന്നും ലക്ഷങ്ങൾ വായപയെടുത്തു. ബാങ്കുകളുടെ അടക്കം സഹായത്തോടെ തട്ടിപ്പുകാർ ആ ഭൂമിയും അവരുടെ കൈവശമാക്കി. പല കുടുംബങ്ങൾക്കും ഇന്ന് 35 മുതൽ 40 ലക്ഷം വരെയാണ് കടമുള്ളത്. എന്നാൽ ഭൂമിയുടെ യഥാർഥ അവകാശികൾക്ക് കിട്ടിയത് വളരെ ചെറിയ തുകയും. നിലവിൽ ലോൺ തുക തിരിച്ചടക്കാൻ വിസമ്മതിച്ചതോടെ പല കുടുംബങ്ങളും ജപ്തി ഭീഷണിയിലുമാണ്. തട്ടിപ്പ് സംഘത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.