എന്തുകൊണ്ട് ട്രൈബല്‍ വകുപ്പ് വയനാട്ടിലേക്കും
വിദ്യാഭ്യാസ വകുപ്പ് കോട്ടയത്തേക്കും മാറ്റിക്കൂടാ?

അധികാരം, ഭരണകൂടത്തിലേക്ക്​ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്​, അധികാര വികേന്ദ്രീകരണം എന്ന ആശയം പബ്ലിക്​ ഡൊമെയ്​നിൽ ചർച്ച ചെയ്യപ്പെടണം എന്ന ആശയം മുന്നോട്ടുവക്കുകയാണ്​ എം. കുഞ്ഞാമൻ. കേരളത്തിൽ സാധ്യമാകുന്ന ഒരു അധികാര വികേന്ദ്രീകരണ സംവിധാനത്തെക്കുറിച്ചുള്ള ആശയവും അദ്ദേഹം പങ്കുവെക്കുന്നു.

പുതിയതോ വ്യത്യസ്തമോ ആയ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു പൊതുസ്വഭാവമുണ്ട്: അത് ഇന്ന് പരിഹസിക്കപ്പെടാം, നാളെ ചര്‍ച്ച ചെയ്യപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യാം, മറ്റന്നാള്‍ അംഗീകരിക്കപ്പെട്ടേക്കാം. അത്തരമൊരു പൊതുമണ്ഡലത്തില്‍ മാത്രമേ സാമൂഹികപ്രക്രിയകളെ കാണാന്‍ പറ്റൂ. ഇന്ത്യയില്‍ പല പരിഷ്‌കരണങ്ങളും നടന്നിട്ടുണ്ട്. അതിലൊന്നാണ്, അധികാര വികേന്ദ്രീകരണം. ഭരണഘടനയുടെ 73,74 ഭേദഗതിയിലുള്ളത്, അധികാരം ജനങ്ങളിലേക്ക് എന്നാണ്, അധികാരം ജനപ്രതിനിധികളിലേക്ക് എന്നല്ല. അതായത്, നമ്മള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച സാമൂഹിക വ്യവസ്ഥിതി ജനപ്രതിനിധികളെ കൂടുതല്‍ ശക്തരാക്കാനുള്ളതല്ല, ജനങ്ങളെ കൂടുതല്‍ ശക്തരാക്കാനുള്ളതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിനാണ് പ്രാതിനിധ്യമുള്ളത്​. തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ക്ക് പങ്കില്ല. പങ്കാളിത്ത ജനാധിപത്യം ഇന്ത്യയില്‍ ഇല്ലായിരുന്നു. ഗാന്ധിജി എടുത്തുകാട്ടിയത്, വികേന്ദ്രീകരണത്തിന്റെയും ജനപങ്കാളിത്തമുള്ള രാഷ്ട്രീയത്തിന്റെയും പ്രാധാന്യമാണ്. ഒരു 'ഡയറക്ട് ഡെമോക്രസി'; അതായത്, ജനം നേരിട്ട് അധികാരപ്രക്രിയയില്‍ പങ്കെടുക്കുക. എന്നാല്‍, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വ്യത്യസ്തമായ സാമൂഹിക- രാഷ്ട്രീയ വ്യവസ്ഥിതികളിലൂടെ നിലവില്‍ വന്നത്, പ്രാതിനിധ്യ ജനാധിപത്യമാണ്. ജനങ്ങളില്‍നിന്നകലുന്ന പ്രതിനിധികള്‍, പ്രതിനിധികളില്‍നിന്നകലുന്ന ഭരണകര്‍ത്താക്കള്‍. ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റാത്ത ശക്തിയായി ഭരണകര്‍ത്താക്കള്‍ മാറി. ഇവിടെ നിലനില്‍ക്കുന്നത് 'ഡയറക്ട് ഡെമോക്രസി' അല്ല എന്നത് എഴുപതുകളിലും എണ്‍പതുകളിലും നാം ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിരുന്ന കാര്യവുമായിരുന്നു.

മോദി എന്ന
‘മാക്​സിമം ഗവൺമെൻറ്​’

ഇപ്പോള്‍ സംഭവിക്കുന്നത് എന്താണ്? അധികാരത്തില്‍ വരുന്ന സമയത്ത്, നരേന്ദ്ര മോദി പറഞ്ഞത്, 'മിനിമം ഗവണ്‍മെൻറ്​ മാക്‌സിമം ഗവേണന്‍സ്' എന്നാണ്. ഗവണ്‍മെന്റിന്റെ റോള്‍ മിനിമൈസ് ചെയ്യുക, ജനങ്ങളുടെ റോള്‍ മാക്‌സിമൈസ് ചെയ്യുക. പക്ഷെ, അധികാരങ്ങളെയെല്ലാം കേന്ദ്രീകരിക്കുന്ന വ്യക്തിയായി അദ്ദേഹം മാറി. ഒരു ഏകാധിപതി. അദ്ദേഹത്തെ ചോദ്യം ചെയ്യരുത്, അദ്ദേഹത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യരുത്. 'മാക്‌സിമം ഗവേണന്‍സ്' എന്നത് 'മാക്‌സിമം ഗവണ്‍മെൻറ്​' ആയി മാറി. 'മിനിമം ഗവണ്‍മെൻറ്​' എന്നത് 'മിനിമം ഗവേണന്‍സും'.

ജനാധിപത്യപ്രക്രിയയിലൂടെ ഏകാധിപതികള്‍ തെരഞ്ഞെടുക്കപ്പെടുകയാണ്. അവര്‍ അധികാരത്തിലിരിക്കുന്നു, അവര്‍ അധികാരത്തില്‍ തുടരുന്നു. അവര്‍ മാന്‍ഡേറ്റിനെക്കുറിച്ചാണ് പറയുന്നത്.

ഇപ്പോള്‍ സാങ്കേതികവിദ്യയും രാഷ്ട്രീയ സംവിധാനവും ഉപയോഗിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പഞ്ചായത്ത് അംഗവുമായി സംവദിക്കാന്‍ അവസരമുണ്ട്. മുഖ്യമന്ത്രിക്ക് ഒരു പഞ്ചായത്ത് പ്രസിഡന്റിനോട് രണ്ടു മിനിറ്റിനകം സംവദിക്കാനാകും. അതായത്, അധികാരം കൂടുതല്‍കേന്ദ്രീകരിക്കപ്പെടുകയാണ്. അധികാരത്തിന്റെ സ്വഭാവം തന്നെ, കേന്ദ്രീകരിക്കപ്പെടുക എന്നതാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഗ്രാമത്തിന്റെയും കമ്പനിയുടെയും വീടിന്റെയുമൊക്കെ തലങ്ങളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണ് ചെയ്യുക. പുതിയ സാങ്കേതികവിദ്യയെ രാഷ്ട്രീയ സംവിധാനം ഇത്തരം കേന്ദ്രീകരണത്തിനാണ് പ്രയോജനപ്പെടുത്തുന്നത്.

പുതിയ പാര്‍ലമെന്റ് കെട്ടിടം

ജനാധിപത്യത്തില്‍, ചര്‍ച്ചയുണ്ട്, വിയോജിപ്പുണ്ട്, വിമര്‍ശനമുണ്ട് എന്ന് നാം പറയാറുണ്ട്. വിയോജിപ്പാണ് ജനാധിപത്യവ്യവസ്ഥിതിയുടെ നിര്‍വചനീയമായ ഘടകം. പക്ഷെ, ഇപ്പോഴത്തെ അധികാരികള്‍ക്ക് വിമര്‍ശനം എന്നാല്‍ വിഭാഗീയത സൃഷ്ടിക്കലും കലാപാഹ്വാനം നടത്തലുമൊക്കെയാണ്. ചരിത്രത്തിലെ ഏകാധിപതികളൊക്കെ അങ്ങനെയായിരുന്നു.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ജനാധിപത്യപ്രക്രിയയിലൂടെ ഏകാധിപതികള്‍ തെരഞ്ഞെടുക്കപ്പെടുകയാണ്. അവര്‍ അധികാരത്തിലിരിക്കുന്നു, അവര്‍ അധികാരത്തില്‍ തുടരുന്നു. അവര്‍ മാന്‍ഡേറ്റിനെക്കുറിച്ചാണ് പറയുന്നത്. മാന്‍ഡേറ്റ് എന്നതിനെ അവര്‍ സാങ്കേതികമായും സങ്കുചിതമായുമാണ് കാണുന്നത്. ജനങ്ങള്‍ക്കുള്ള അധികാരത്തെക്കുറിച്ചല്ല, ജനങ്ങളുടെ അധികാരം കവരുന്നതിനുള്ള പ്രക്രിയ എന്ന നിലയ്ക്കാണ് അവര്‍ മാന്‍ഡേറ്റിനെ വക്രീകരിക്കുന്നത്.

സ്‌റ്റേറ്റ് പലപ്പോഴും അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. പൗരന് വളരെയധികം അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അമിതമായ അവകാശങ്ങൾ എന്നു പറയാം. ശരിക്കും ഒരു പൗരന്റെ ഉത്തരവാദിത്തം എന്നു പറയുന്നതുതന്നെ ഈ അവകാശങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തലാണ്. എന്നാൽ, സ്‌റ്റേറ്റിന് അങ്ങനെയല്ല, സ്‌റ്റേറ്റ് സംരക്ഷണം നൽകണം. സ്‌റ്റേറ്റിന് അവകാശങ്ങൾക്കപ്പുറമുള്ളത് ഈ ഉത്തരവാദിത്തമാണ്. പൗരന്മാർക്ക് ഉത്തരവാദിത്തങ്ങൾക്കപ്പുറമുള്ളത് അവകാശങ്ങളാണ്. അവകാശങ്ങൾ അർഥപൂർണമായി സംരക്ഷിക്കുന്നതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെങ്കിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ മാറ്റാം. എന്നാൽ, തെരഞ്ഞെടുപ്പുകൾ എന്നാൽ ജാതി- മത- പ്രാദേശിക പരിഗണനകൾ വരുന്നതാണ്. തന്ത്രങ്ങളാണ്, രാഷ്ട്രീയമല്ല അവിടെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്​, തുടർഭരണം ലഭിച്ച സർക്കാറിനെ നോക്കൂ. അത്തരം സർക്കാറുകൾ പലപ്പോഴും ഒരുതരം വാശിയോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കാരണം, അവർക്ക് മാൻഡേറ്റ് കിട്ടിയിട്ടുണ്ട് എന്ന ന്യായത്തിൽ. ഇത് നമ്മുടെ പരിമിതിയായി വേണം കാണാൻ.

ഭരണാധികാരികളല്ല നമുക്ക് സ്വാതന്ത്ര്യം തരുന്നത്. ഭരണാധികാരികൾക്കുതന്നെ ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകുന്നതാണ്. അതാണ് പരമാധികാരം. അവരാണ് പരമാധികാരികൾ. എന്നാൽ, ഇവിടെ, ഭരണാധികാരികൾ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന ശക്തികളായി മാറുന്നു. അതുകൊണ്ട് വ്യക്തികളും സമൂഹങ്ങളും ഭരണകൂടത്തിന്റെയടുത്ത് നിസ്സഹായരായി മാറുന്നു.
ജനങ്ങളുടെ അഭിപ്രായപ്രകടനങ്ങളേക്കാളും സംവാദങ്ങളെ കേള്‍ക്കുന്നതിനേക്കാളും ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് ഭരണാധികാരികളുടെ ദൈവീകരണമാണ്. നരേന്ദ്രമോദിയുടെ പ്രഭാവം. മമതയുടെ ശക്തി. പിണറായിയുടെ ‘കാരണഭൂതന്‍’. താഴെക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നവരും ജനാധിപത്യത്തില്‍ വരേണ്യവര്‍ഗങ്ങളുടെ ആശയവാഹകരാകും. നരേന്ദ്രമോദി, മമത, സ്റ്റാലിന്‍, പിണറായി എന്നിവരൊക്കെ ശക്തരായ നേതാക്കളാണ്. അവര്‍ ശക്തരാകുന്നത് ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍, അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ജനാധിപത്യത്തിന്റെ ജനകീയവല്‍ക്കരണത്തിനായിട്ടാണ് സര്‍ക്കാറുകള്‍ നവീകരണനയങ്ങള്‍ നടപ്പാക്കുന്നത്. ഭൂമിയില്ലാത്ത ഭൂരിപക്ഷം ജനങ്ങള്‍ക്കും ഭൂമി വേണമെന്ന് ആവശ്യപ്പെടാന്‍ ജനാധിപത്യത്തില്‍ സാധിക്കുന്നില്ല. ഹരിത വിപ്ലവത്തിന് മുന്നോടിയായി ഭൂപരിഷ്‌കരണം കൊണ്ടുവന്നു. ഭൂമിയുള്ളവര്‍ക്കുമാത്രമേ കൃഷി ചെയ്യാനാവൂ. കൃഷി ചെയ്യണമെങ്കില്‍ ബാങ്കില്‍നിന്ന് കടമെടുക്കാന്‍ കഴിയണം. അങ്ങനെ മാത്രമേ ഗ്രാമീണമേഖല സാമ്പത്തികമായി മുന്നോട്ടുപോകുകയുള്ളൂ. ഈ നവീകരണനയങ്ങള്‍ ഒറ്റനോട്ടത്തില്‍ ജനകീയ മുന്നേറ്റമായും ജനാധിപത്യത്തിന്റെ നടപ്പിലാക്കലായും തോന്നുമെങ്കിലും മുതലാളിത്തത്തിന്റെയും വ്യക്തിഗത മൂലധന നിക്ഷേപങ്ങളുടെയും ഫലമായിട്ടാണ് ഇതൊക്കെ ഇന്ത്യയില്‍ നടന്നത്. നടപ്പിലാക്കുന്ന അധികാരിവര്‍ഗം / ജാതി ഒന്നുതന്നെ. ആരാണോ ജനാധിപത്യത്തിലൂടെ ഭരണാധികാരികളായി തീര്‍ന്നത്, അവര്‍ ഭൂപ്രഭുത്വത്തിലും ജാതിവ്യവസ്ഥയിലും അധികാരികളായിരുന്നു. പലപ്പോഴും ജനാധിപത്യം ഒരു മുഖം കൂടിയാണ്, അഥവാ, പൊയ്മുഖമാണ്. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല പുതിയ നയങ്ങള്‍ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ജനങ്ങളുടേതാണെന്ന മട്ടില്‍ ഭരണവര്‍ഗം അത് നടപ്പിലാക്കുന്നു എന്നുവേണം കരുതാന്‍.

മിടുക്കനായ കോരനെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു. എന്നിട്ട്, ആ കോരനെ കൊണ്ട് മറ്റു കോരന്മാര്‍ക്ക് കഞ്ഞി കൊടുപ്പിക്കുന്നു. അതും കുമ്പിളില്‍ തന്നെയാണ്. മറ്റൊരു രീതിയില്‍ കൊടുക്കാന്‍ അയാള്‍ക്ക് അധികാരവും അവകാശവുമില്ല. അതായത്, എല്ലാം ജനകീയമായി തന്നെ നിഷേധിക്കപ്പെടുന്ന ഒരവസ്ഥ.

സെക്രട്ടറിയേറ്റിൽ
എന്തു നടക്കുന്നു?

കേരള വികസന മാതൃകയുടെ ചരിത്രം എന്നുപറയുന്നത് ആദിവാസികളെയും മറ്റ് കീഴാള വിഭാഗങ്ങളെയും പുറന്തള്ളിയതിന്റെയും പിൻതള്ളിയതിന്റെയും ചരിത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം നടക്കുന്നത് ഇത്തരം വിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടാണ്. സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ ഇത് ബാധിക്കില്ല. കാരണം അവിടെ ശരാശരിയാണ്. ആദിവാസികളെയും മറ്റു പാർശ്വവത്കൃത സമൂഹങ്ങളെയും ഒഴിച്ചുനിർത്തിയാലും കേരളത്തിന്റെ വികസന ചിത്രം വളരെ തിളക്കമുള്ളതായിരിക്കും. ഇത്ര ശോഭനമായ ഒരു ചിത്രം ഉണ്ടാകുമ്പോഴും ഈ അവാന്തര വിഭാഗങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വികസനം സംഭവിക്കുമ്പോൾ ശക്തൻ എപ്പോഴും കൂടുതൽ ശക്തനാകും. ബി.ആർ. അംബേദ്കറും ഇതാണ് പറഞ്ഞത്. ഒരു സമൂഹത്തിന്റെ പുരോഗതി മനസ്സിലാക്കേണ്ടത്, സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് പരിഗണിച്ചായിരിക്കണം.

ഇത്തരമൊരവസ്ഥയില്‍, അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഏത് ആശയവും പബ്ലിക് ഡെമൊയ്‌നിലൂടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇപ്പോള്‍, എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് സെക്രട്ടേറിയറ്റിലാണ്. മന്ത്രിമാരും കുറേ ഉദ്യോഗസ്ഥരും ചേര്‍ന്ന് അവിടെ എന്താണ് ചെയ്യുന്നത് എന്നത് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ല, വിവരാവകാശമുണ്ടെന്ന് നമ്മള്‍ എത്ര തന്നെ പറഞ്ഞാലും. വിവരാവകാശവുമായി ബന്ധപ്പെട്ട എന്റെ ഔദ്യോഗിക ജീവിതത്തില്‍ നടന്ന ഒരു സംഭവം പറയാം. ഞാന്‍ തുല്‍ജാപുര്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡായിരിക്കുന്ന സമയത്ത്, ഏതാനും ശിവസേന പ്രവര്‍ത്തകര്‍ വന്നിട്ട്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, വ്യത്യസ്ത കാറ്റഗറിയിലുള്ള ജീവനക്കാര്‍ ഏതെല്ലാം പ്രദേശങ്ങളില്‍നിന്നും ഏതെല്ലാം സാമൂഹിക വിഭാഗങ്ങളില്‍നിന്നും വരുന്നു എന്ന വിവരം നല്‍കാനാവശ്യപ്പെട്ടു. എന്തിനാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത് എന്ന് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എന്നോട് ചോദിച്ചപ്പോള്‍, അത് അവര്‍ക്കറിയാന്‍ അവകാശമുണ്ട്, ഈ വിവരം കൊടുക്കാം എന്നാണ് ഞാന്‍ നിര്‍ദേശിച്ചത്.

Photo: Wikipedia

അപ്പോള്‍, അഡ്മിനിസ്‌ട്രേഷന്‍ രസകരമായ ഒരു നിര്‍വചനം മുന്നോട്ടുവച്ചു: ‘റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍’ എന്നു പറഞ്ഞാല്‍, ‘റൈറ്റ് ടു റൈറ്റ് ഇന്‍ഫര്‍മേഷന്‍’ അല്ല. അവര്‍ക്ക് ഒരു ഇന്‍ഫര്‍മേഷന്‍ കൊടുത്താല്‍ മതി, അത് 'റൈറ്റ്' ആകണമെന്നില്ല.

അവര്‍ക്ക് കൃത്യമായ വിവരം തന്നെ കൊടുക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അധികാരികള്‍ക്ക്, ഏതൊരു പ്രക്രിയയെയും ചുരുക്കാനും മറികടക്കാനുമുള്ള മാര്‍ഗങ്ങളുണ്ട്. ഒരു നിയമം ഉണ്ടാക്കുമ്പോള്‍ തന്നെ അതിനുള്ള പഴുതും ഉണ്ടാക്കും. അതുകൊണ്ടാണ്, കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്. ഇന്ത്യയിലെ കോടതികളില്‍ 500 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് ഒരു കണക്ക് കാണിക്കുന്നത്. ജനങ്ങള്‍ക്ക് മനസ്സിലാകാത്ത രീതിയില്‍, ജനങ്ങളുടെ കപ്പാസിറ്റിക്ക് അതീതമായ രീതിയില്‍ നിയമങ്ങളുണ്ടാക്കുമ്പോള്‍ അത് പല പഴുതുകളും നല്‍കും. ആര് അധികാരത്തില്‍ വന്നാലും, ഇതാണ് നടക്കുന്നത്. അതായത്, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. നല്ലൊരു കോരനെ തെരഞ്ഞെടുത്തതുകൊണ്ട് കാര്യമില്ല. മിടുക്കനായ കോരനെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു. എന്നിട്ട്, ആ കോരനെ കൊണ്ട് മറ്റു കോരന്മാര്‍ക്ക് കഞ്ഞി കൊടുപ്പിക്കുന്നു. അതും കുമ്പിളില്‍ തന്നെയാണ്. മറ്റൊരു രീതിയില്‍ കൊടുക്കാന്‍ അയാള്‍ക്ക് അധികാരവും അവകാശവുമില്ല. അതായത്, എല്ലാം ജനകീയമായി തന്നെ നിഷേധിക്കപ്പെടുന്ന ഒരവസ്ഥ.

ആദിവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ തന്നെ, അവരുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ആസ്ഥാനങ്ങളും പ്രവര്‍ത്തിക്കുകയാണെങ്കില്‍, അത് വലിയ തോതില്‍ ഗുണം ചെയ്യും. അതുപോലെ, വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ആസ്ഥാനം എന്തുകൊണ്ട് കോട്ടയത്തോ പാലക്കാട്ടോ ആയിക്കൂടാ?

വകുപ്പുകൾ
പുനർവിന്യസിക്കണം

ഇതിന് ഒരു പരിഹാരം വികേന്ദ്രീകരണമാണ്. കേരളത്തില്‍ ഇപ്പോഴുള്ള പല വകുപ്പുകളുടെയും ആസ്ഥാനങ്ങളും പുനര്‍വിന്യസിക്കാവുന്നതാണ്. ട്രൈബല്‍ ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് എന്തുകൊണ്ട് വയനാട്ടിലോ അട്ടപ്പാടിയിലോ ആയിക്കൂടാ? ആദിവാസി ജനസംഖ്യ കൂടുതലുള്ളത് വയനാട്ടിലും അട്ടപ്പാടിയിലുമാണ്. വയനാട്ടില്‍നിന്ന് ഒരു കാര്യത്തിന് തിരുവനന്തപുരത്തേക്കുവരാന്‍ ഇന്ന് അസൗകര്യങ്ങള്‍ ഏറെയാണ്- യാത്രാച്ചെലവ്, താമസിക്കാനുള്ള ചെലവ്, രണ്ടോ മൂന്നോ ദിവസത്തെ കൂലി നഷ്ടം തുടങ്ങിയവ. ആദിവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ തന്നെ, അവരുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ആസ്ഥാനങ്ങളും പ്രവര്‍ത്തിക്കുകയാണെങ്കില്‍, അത് വലിയ തോതില്‍ ഗുണം ചെയ്യും. അതുപോലെ, വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ആസ്ഥാനം എന്തുകൊണ്ട് കോട്ടയത്തോ പാലക്കാട്ടോ ആയിക്കൂടാ? സാംസ്‌കാരിക വകുപ്പ് എന്തുകൊണ്ട് തൃശൂരിലായിക്കൂടാ?

Representative image

ഇന്ന്, കോ ഓര്‍ഡിനേഷന്‍ ഒരു പ്രശ്‌നമല്ല, കാരണം അത് ടെറസ്ട്രിയല്‍ ആയല്ല നടക്കുന്നത്. ഇന്‍ഫോ ടെക്കിനെയാണ് ആശ്രയിക്കുന്നത്. ഏതൊരാളുമായും രണ്ടോ മൂന്നോ മിനിറ്റിനകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയും. മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നിട്ടും ഭരണം നടന്നില്ലേ? എവിടെയിരുന്നും കാര്യങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാം.

അധികാരം വിട്ടൊഴിയാനുള്ള വൈമുഖ്യമാണ്​ ഒഴിവുകഴിവുകളില്‍ കാണുന്നത്. ഭരണം കൂടുതല്‍ കൂടുതല്‍ ബ്യൂറോക്രാറ്റിക് ആകുകയാണ്. ഭരണാധികാരികള്‍ ബ്യൂറോക്രസിയെ ഡീ- ബ്യൂറോക്രാറ്റൈസ് ചെയ്യുകയല്ല, ബ്യൂറോക്രാറ്റുകള്‍ ഭരണാധികാരികളെ ബ്യൂറോക്രാറ്റൈസ് ചെയ്യുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല ബ്യൂറോക്രസി. രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അതുണ്ട്. ബ്യൂറോക്രസി ഒരു യൂണിവേഴ്‌സല്‍ ക്ലാസ് ആണെന്ന ഹെഗലിന്റെ നിഗമനം കൃത്യമാണ്. ബ്യൂറോക്രസിക്ക് എല്ലാവരെയും ബ്യൂറോക്രാറ്റിക് ആക്കി മാറ്റിയെടുക്കാന്‍ കഴിയുന്നു. അത് ബ്യൂറോക്രസിയുടെ വിജയമാണ്. ആ വിജയം അധികാരത്തില്‍ അധിഷ്ഠിതമാണ്.

ഒരു ഭരണാധികാരി ജനങ്ങള്‍ക്ക് കൊടുക്കാനുദ്ദേശിക്കുന്നത് മിനിമം മൂന്ന് അവകാശങ്ങളാണ്: ഒന്ന്; വോട്ടു ചെയ്യാന്‍. രണ്ട്: നികുതി അടയ്്ക്കാന്‍, മൂന്ന്; അധികാരിയെ അംഗീകരിക്കാനും ആദരിക്കാനും.

നീതിയും സമത്വവും ഉണ്ടാകണമെങ്കില്‍ അധികാരം അപ്രത്യക്ഷമാകണം. power and freedom cannot go together. അധികാരമില്ലാതാകണമെങ്കില്‍ ആളുകള്‍ തുല്യരാകണം. ആളുകള്‍ തുല്യരാകണമെങ്കില്‍ അവര്‍ സാമ്പത്തികമായി തുല്യരാകണം. ഒരു ‘ഐഡിയല്‍ സൊസൈറ്റി’യെക്കുറിച്ച് മാര്‍ക്‌സ് പറഞ്ഞത്​, A Society of freely associated producers എന്നാണ്​. 'വര്‍ക്കേഴ്‌സ്' എന്നല്ല മാര്‍ക്‌സ് പറഞ്ഞത്. എല്ലാവരും ഉല്‍പാദകരാകുന്ന ഒരു സമൂഹം. ഉല്‍പാദന ഘടകങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുക- അത്തരത്തിലുള്ള ഉല്‍പദാകര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്ന സമൂഹത്തെയാണ് മാര്‍ക്‌സ് വിഭാവനം ചെയ്തത്. അല്ലാതെ, കുറെ തൊഴിലാളികളെയുണ്ടാക്കി അവര്‍ക്ക് കൂടുതല്‍ കൂലി നല്‍കുന്ന സമൂഹത്തെയല്ല. ആ രീതിയില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നില്ല. ഇതിനുള്ള ആവശ്യം ജനങ്ങളില്‍നിന്നുയരുമ്പോള്‍ അതിനെ മര്‍ദ്ദനോപധികള്‍ കൊണ്ട് അടിച്ചമര്‍ത്തുന്നു.

Representative image

ഒരു ഏകാധിപതിക്ക് ഏതു കാര്യവും നടപ്പാക്കാന്‍ കഴിയും. അവര്‍ക്ക് സ്‌റ്റേറ്റ് പവറിന്റെ മോണോപോളിയുണ്ട്. സ്‌റ്റേറ്റ് പവര്‍ ഉപയോഗിക്കാന്‍ജനങ്ങള്‍ക്ക് അധികാരവും അവകാശവുമില്ല. അത് ഭരണാധികാരിയുടെ കുത്തകയാണ്. അങ്ങനെ വരുമ്പോള്‍ ഒരു ഭരണാധികാരിക്ക് ഏതൊരു നയവും തീരുമാനവും നടപ്പാക്കാന്‍ കഴിയുന്നു.

ഒരു ഭരണാധികാരി ജനങ്ങള്‍ക്ക് കൊടുക്കാനുദ്ദേശിക്കുന്നത് മിനിമം മൂന്ന് അവകാശങ്ങളാണ്: ഒന്ന്; വോട്ടു ചെയ്യാന്‍. രണ്ട്: നികുതി അടയ്്ക്കാന്‍, മൂന്ന്; അധികാരിയെ അംഗീകരിക്കാനും ആദരിക്കാനും.

ഈ മൂന്ന് കാര്യങ്ങളാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങളുടേതായി നിര്‍വചിക്കപ്പെടുന്നത്. ഇത് മാറണമെങ്കില്‍, കാലക്രമത്തില്‍ മാറ്റിയെടുക്കണമെങ്കില്‍, ബ്യൂറോക്രസിയുടെ അധികാരം കുറയ്ക്കണം. ഒഫീഷ്യല്‍ ബൂറോക്രസിയുടെ മാത്രമല്ല, രാഷ്ട്രീയ ബ്യൂറോക്രസിയുടെയും. അത് ജനങ്ങളിലേക്ക് എത്തണം. അതിന്റെ ഭാഗമായിരിക്കണം, ഭരണതലത്തിലെ പുനര്‍വിന്യാസങ്ങളും വികേന്ദ്രീകരണവും നടക്കേണ്ടത്. അധികാരം ജനങ്ങളിലേക്ക് എന്ന നമ്മുടെ അടിസ്ഥാന തത്വം സാര്‍ഥകമാകണമെങ്കില്‍ ഇത്തരം പുനര്‍വിന്യാസവും വികേന്ദ്രീകരണവും അനിവാര്യമാണ്. ഇതിനുള്ള സാങ്കേതിക വിദ്യയും അറിവും നമുക്കുണ്ട്. അത് മാറ്റിവക്കുന്നത് ശാസ്ത്രത്തോടും ജനാധിപത്യത്തോടും കാണിക്കുന്ന അവഗണനയാണ്.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments