ഡോക്ടർ എന്ന നിലയിൽ പ്രാക്റ്റീസ് ചെയ്യുന്നതിനുള്ള യോഗ്യത, നടപടിക്രമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ തീരുമാനിക്കുന്നതിനും നിശ്ചയിക്കപ്പെട്ട നിലവാരവും ചട്ടങ്ങളും പെരുമാറ്റസംഹിതകളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുമുള്ള സ്ഥാപനമാണ് മെഡിക്കൽ ബോർഡ് ഓഫ് ഓസ്ട്രേലിയ. ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഉൾപ്പടെ മെഡിക്കൽ ബോർഡിന്റെ നയപരവും നിയമപരവുമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് AHPRA (Australian Health Practitioner Regulation Agency)-യാണ്. പ്രൊഫഷണൽ ഇൻഫർമേഷനോടൊപ്പം, ഒരു ഡോക്ടർ എന്തെങ്കിലും നിയമനടപടികൾക്കോ, പ്രാക്ടീസ് സംബന്ധമായ നിയന്ത്രണങ്ങൾക്കോ വിധേയമായിട്ടുണ്ടോ ഇല്ലയോ എന്നതിന്റെ വിശദാംശങ്ങളും AHPRA വെബ് സൈറ്റിൽ ആർക്കും ലഭ്യമാകുന്ന വധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രജിസ്‌ട്രേഷൻ തുടരാനും നിയമ-അച്ചടക്ക നടപടികൾ ഒഴിവാക്കാനുമായി നിലനിറുത്തേണ്ട പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഡോക്ടർമാരെ ഓർമ്മപ്പെടുത്താൻ വേണ്ടി മെഡിക്കൽ ബോർഡിന്റെ ബുള്ളറ്റിനുകളിൽ സമീപകാലസംഭവങ്ങളും അവയുടെ അനന്തരഫലങ്ങളും വ്യക്തികളുടെ ഐഡൻറിറ്റി വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു യഥാർത്ഥസംഭവമാണ് J-A-B കേസ്. ഓസ്‌ട്രേലിയൻ സിസ്റ്റമനുസരിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു ജനറൽ പ്രാക്റ്റീഷണറെയാണ് ആദ്യം കാണേണ്ടത്. (എം.ബി.ബി.എസ് കഴിഞ്ഞ് നാല് കൊല്ലത്തെ ട്രെയിനിംഗും ഡിഗ്രിയും ഉള്ളവരാണ് ജനറൽ പ്രാക്ടീഷ്ണേഴ്സ്. എം.ബി.ബി.എസ് മാത്രമുള്ളവർക്ക് ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായി മാത്രമേ ജോലി ചെയ്യാൻ പറ്റുകയുള്ളു).
J എന്ന ഫീമെയ്ൽ പേഷ്യന്റ് ഡോക്ടർ B-യെ ആണ് വർഷങ്ങളായിട്ട് കാണാറുള്ളത്. ഒരു ദിവസം ഡോക്ടർ B ഇല്ലാതിരുന്നത് കൊണ്ട് ഡോക്ടർ A യെ കണ്ടു. അതിന് ശേഷം ഡോക്ടർ A ആയി J യുടെ പ്രൈമറി ഡോക്ടർ. അവർ ഫേസ്ബുക്ക് വഴിയും, ടെക്സ്റ്റ് മെസ്സേജ് വഴിയും കൂടുതൽ അടുത്തു. J തനിക്ക് ഡോക്ടർ A-യോടുള്ള തന്റെ ഫീലിംഗ് തുറന്ന് പറഞ്ഞു. അവർ പരസ്പരം പലയിടത്തും വെച്ച് കണ്ടുമുട്ടാൻ തുടങ്ങി. ക്രമേണ അതൊരു സെക്ഷ്വൽ റിലേഷൻഷിപ്പിലോട്ട് മാറി. ഡോക്ടർ A തന്റെ കണക്ഷൻ ഉപയോഗിച്ച് J ക്ക് ഒരു തവണ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ സഹായിക്കുകയും, ടെസ്റ്റുകളുടെ റിസൾട്ട് നോർമലാണെന്ന് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 16 മാസത്തോളം അവർ രണ്ടുപേരും ഇന്റിമേറ്റ് റിലേഷൻ തുടർന്നു. അവർ തമ്മിൽ പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.

ഒരു ദിവസം അവിചാരിതമായി ക്ലിനിക്കിൽ വന്നപ്പോൾ ഡോക്ടർ A ഇല്ലാതിരുന്നത് കൊണ്ട് പഴയ ഡോക്ടർ എന്ന നിലയിൽ J ഡോക്ടർ B യെ കാണാനിടയായി. വർത്തമാനത്തിനിടയിൽ തന്റെ മാര്യേജ് ഫെയിലറിനെ കുറിച്ചും പുതിയ റിലേഷൻഷിപ്പിനെ കുറിച്ചും J ഡോക്ടർ B-യോട് പറഞ്ഞു. ഡോക്ടർ A-യുമായുള്ള ബന്ധത്തിൽ ഹാപ്പിയാണെങ്കിലും ഇടക്ക് ചില മാനസികസംഘർഷങ്ങൾ ഉണ്ടാവാറുണ്ടെന്ന കാര്യം J മറച്ചുവെച്ചില്ല. നിയമമനുസരിച്ച് J ഈ ബന്ധത്തിന്റെ വിശദവിവരങ്ങൾ ഡോക്ടർമാരുടെ രജിസ്ട്രേഷനും, പ്രൊഫഷണൽ സ്റ്റാൻഡേർഡും തീരുമാനിക്കാൻ അധികാരമുള്ള റെഗുലേഷൻ അതോറിറ്റിയെ (മെഡിക്കൽ ബോർഡ്) അറിയിക്കണമെന്ന് ഡോക്ടർ B ഉപദേശിച്ചു. J സമ്മതിച്ചില്ല. അങ്ങനെയാണെങ്കിൽ അറിയിക്കേണ്ടത് തന്റെ നിയമപ്രകാരമുള്ള ബാദ്ധ്യത (Statutory Obligation) ആണെന്ന് ഡോക്ടർ B പേഷ്യന്റ് J യോട് പറഞ്ഞു.
പിറ്റേദിവസം തന്നെ J ഈ കാര്യങ്ങൾ ഡോക്ടർ A യെ അറിയിച്ചു. അങ്ങനെ സംഭവിച്ചുപോയതിലുണ്ടായ ദുഃഖവും, പശ്ചാത്താപവും J പ്രകടിപ്പിച്ചു. പിന്നീട് അയച്ച ടെക്സ്റ്റ് മെസ്സേജിൽ പേഴ്സണൽ കാര്യങ്ങൾ വെളിപ്പെടുത്തിയതിന് J ഡോക്ടർ A-യോട് അപ്പോളജെയ്‌സും ചെയ്തിരുന്നു. ഡോക്ടർ A ഉടനെ J-യുമായി തനിക്കുള്ള റിലേഷൻഷിപ്പ് മെഡിക്കൽ ബോർഡിനെ അറിയിച്ചു. പിന്നാലെ ഡോക്ടർ B യുടെ റിപ്പോർട്ടും എത്തി. ബോർഡ് സംഭവം ട്രിബ്യൂണലിന് തുടർ നടപടികൾക്കായി റഫർ ചെയ്തു. ട്രിബ്യൂണൽ ഡോക്ടർ A തന്റെ മോശം ഇടപെടൽ സമ്മതിച്ചതായും ഡോക്ടർ B യുടേത് ഉചിതമായ നടപടിയായിരുന്നുവെന്നും വിലയിരുത്തി.
പ്രൊഫഷണൽ ബൗണ്ടറി മറികടന്നുവെന്ന് മാത്രമല്ല, ഡോക്ടർ A-യുടേത് Unprofessional conduct എന്നതിനപ്പുറം ഗൗരവമേറിയ Professional misconduct ആണെന്നായിരുന്നു ട്രിബ്യൂണലിന്റെ ഫൈനൽ വേർഡിക്ട്. ബോർഡിന്റെ കടുത്ത ശുപാർശ സ്വീകരിച്ചില്ലെങ്കിലും, ട്രിബ്യൂണൽ ഡോക്ടർ A-യുടെ രജിസ്‌ട്രേഷൻ രണ്ടു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഉഭയസമ്മതപ്രകാരമാണെങ്കിലും, സെക്ഷ്വൽ തലം ഒഴിവാക്കി നിറുത്തിയാൽ പോലും കൃത്യമായ Power Imbalance ഈ റിലേഷൻഷിപ്പിൽ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് സസ്പെൻഷൻ ഒരു ശിക്ഷയായി നൽകാതിരുന്നാൽ ഇത്തരം സംഭവങ്ങൾ ഈ മേഖലയിൽ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് ട്രിബ്യൂണൽ വിധിയിൽ വിശദികരിച്ചത്.

Professional boundaries and ethical decision-making-നെ കുറിച്ചുള്ള ഒരു എജ്യുക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്ത് അതുണ്ടാക്കിയ പരിവർത്തനം പ്രതിഫലിക്കുന്ന ഒരു റിപ്പോർട്ട് ഹാജരാക്കണമെന്നും ഡോക്ടർ A-യോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടു. J-യുമായിട്ടുള്ള ബന്ധം ഫോർമലായി തന്നെ അവസാനിപ്പിച്ചതായി ഡോക്ടർ A വിചാരണവേളയിൽ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അസമത്വം തീവ്രമായി നിലനിൽക്കുന്ന ഈ ലോകത്ത് നിയമപരിരക്ഷ വഴി അത് മറികടക്കാൻ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ പ്രൊഫഷൻ എന്തുമാകട്ടെ, ദേശം ഏതുമാകട്ടെ, അധികാരം (Power) അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ Be careful, the relationship can be a dangerous game!
Cheers!
