2020ന്റെ തുടക്കത്തിൽതന്നെ ദുരിതം വിതറിക്കൊണ്ടാണ് കോവിഡ്-19 കടന്നുവന്നത്. ഈ വൈറസ് ആരുമറിയാതെ രാജ്യംമുഴുവൻ പടരാൻ തുടങ്ങി. ഇതോടെ രാജ്യം "ലോക്ഡൗൺ' ചെയ്യാൻ പ്രധാനമന്ത്രി നിർബന്ധിതനായി. ഇതിന് അദ്ദേഹത്തെ നിർബന്ധിച്ചത് രാഷ്ട്രീയ എതിരാളികളായിരുന്നില്ല. ലോക്ഡൗണിലേക്ക് എത്തിച്ച ഈ ചെറിയ വൈറസ്, രാജ്യത്തെ ഉല്പാദനകേന്ദ്രങ്ങളും തൊഴിലിടങ്ങളും മാത്രമല്ല, മനുഷ്യപ്രവർത്തനങ്ങളുടെ സകലകേന്ദ്രങ്ങളും അടച്ചിട്ടു. ജോലിയും കൂലിയും നഷ്ടപ്പെട്ട ജനത ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ അന്ധാളിപ്പിലും ദുരിതത്തിലും ആണ്ടുപോയി. ഈ വൈറസ് ഇടയാക്കിയത് പലതരം പ്രതികരണങ്ങൾക്കാണ്. ദരിദ്രരായ ജനങ്ങൾക്ക് ദുരിതത്തിന്റെ ഒരുശൃംഖലതന്നെയൊരുക്കി. എന്നാൽ സമ്പന്നരിൽ സൃഷ്ടിച്ച പ്രതികരണം ചെറുതായിരുന്നു, നിരാലംബർ താങ്ങാനാവാത്തവിധം മുറിവേൽക്കെപ്പടുകയും വലിയ അസ്വസ്ഥതകൾക്കിരയാവുകയും ചെയ്തു. ഇപ്രകാരം ദുരിതതീമഴയിൽ അകപ്പെട്ടുപോയ ജനസഞ്ചയത്തിലെ ഒരു ചെറുവിഭാഗമാണ് രാജ്യത്താകമാനമുള്ള അതിഥിതൊഴിലാളികൾ.
ദീർഘയാത്ര
ഇന്ത്യൻ ഗ്രാമങ്ങളിൽനിന്നും തൊഴിൽതേടി നിരവധിപ്പേർ വിദൂരനാടുളിലെത്തിയിട്ടുണ്ട്. ജന്മദേശത്ത് വേണ്ടത്ര തൊഴിലവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും ദൂരമവർക്ക് പിന്നിടേണ്ടിവരുമായിരുന്നില്ല. ഉയർന്ന വേതനവും ബോണസ്സും ആവശ്യപ്പടാതെ കിട്ടിയതുകൊണ്ട്, തൃപ്തമായ ജീവിതം ഇവർ നയിച്ചുപോന്നു. ലോക്ക്ഡൗൺ ആരംഭിച്ചതോടെ ഇവർക്ക് ജോലിയും കൂലിയും ഇല്ലാതായി. ജീവസന്ധാരണത്തിന് മാർഗമില്ലാതായി. ആശയറ്റ ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു. തീർച്ചയായും വീട് സുരക്ഷിതത്വവും സ്വാന്തനവും നൽകുന്ന ഒന്നുതന്നെയായിരുന്നു. തീവണ്ടിക്കായി കാത്തിരുന്നുവെങ്കിൽ അവരുടെ ഊഴം എപ്പോഴായിരിക്കും എന്നവർക്കറിയില്ലായിരുന്നു. മുന്നറിയിപ്പില്ലാതെ യാത്രാവണ്ടികൾ റദ്ദാക്കി. ഇത് ഇവരുടെ പ്രതിഷേധത്തിനും പൊലീസ് നടപടികൾക്കും വഴിവച്ചു.
സ്വന്തം ഗ്രാമത്തിലേക്കുള്ള ദൂരമത്രയും താണ്ടുവാനായി കാൽനട തന്നെയായിരുന്നു അവർ തിരഞ്ഞെടുത്തത്. വേദനയിൽനിന്നുള്ള മോചനത്തിന്റെ അദമ്യമായ ആഗ്രഹമാണ് ഈ പദയാത്രകളിൽ പ്രതിഫലിച്ചത്. ഗർഭിണികളും, കുട്ടികളും, യുവാക്കളും, വൃദ്ധരുമെല്ലാമായിരുന്നു രാജ്യത്തെ ദേശീയപാതകളിലൂടെ നടന്നുനീങ്ങുന്നത്. കരളലിയിക്കുന്നതായിരുന്നു ഈ ദൃശ്യം. കയ്യിൽ പണമുണ്ടായിരുന്നവർ ബസ്സിലും ട്രക്കിലും തിക്കിതിരക്കി ഇടംനേടി. മറ്റുചിലർ ചരക്കുലോറികളുടെ മുകളിൽ കയറിപ്പറ്റി. കുറച്ചുപേർ സൈക്കിൾ തിരഞ്ഞെടുത്തു. മുടക്കാൻ പണമില്ലാത്തവർ പാതയോരത്തുകൂടി വേച്ചുവേച്ചുനടന്നുനീങ്ങി. ഇതുമാത്രമായിരുന്നു അവർക്ക് മുമ്പിലുണ്ടായിരുന്ന മാർഗം, ഒരുരാജ്യത്തുനിന്ന് മറ്റൊന്നിലേക്കു യാത്രചെയ്യുന്നവരെപോലെ പലപ്പോഴും സംസ്ഥാന അതിർത്തികളിൽ പൊലീസിന്റെ അനുമതിപത്രം ഇല്ലാത്തവർ തടയപ്പെട്ടു. ഇവരിൽപലരും സ്വന്തം വീടെത്തുംമുമ്പ് പരലോകം പൂകി.
ഗർഭിണിയായ ഭാര്യയെയും മകളെയും വണ്ടിയിൽ ഇരുത്തി റോഡിലൂടെ പൊരിവെയിലിൽ വലിച്ചുകൊണ്ട് നീങ്ങുന്ന യുവാവ്, കാളവണ്ടിയിൽ അമ്മയെ ഇരുത്തി കാളക്കൊപ്പം വണ്ടിവലിക്കുന്ന ഗ്രാമീണൻ, റെയിൽവെ പ്ലാറ്റ്‌ഫോമിൽ മരിച്ചുകിടക്കുന്ന അമ്മയുടെ മുഖത്തെ പുതപ്പുവലിച്ചു നീക്കി അവരെ ഉണർത്തുവാൻ ശ്രമിക്കുന്ന കുഞ്ഞ്, ഇവയെല്ലാം കാഴ്ചക്കാരെ ദുഖിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. നിലനിൽപ്പിനായുള്ള യുദ്ധത്തിന്റെ തനിപ്പകർപ്പുകളായിരുന്നു ഇവ. എന്നാൽ, ജീവസന്ധാരണത്തിനായി മേഷണത്തിനോ ഭിക്ഷാടനത്തിനോ തുനിയാതെ ഈ ഭൂമുഖത്ത് സത്യസന്ധമായി നിലനിൽക്കാനാണ് ഇവർ ആഗ്രഹിച്ചത്. നമ്മുടെ രാജ്യത്തിന്റെ ജീവനാഡികളാണ് ഈ അതിഥിതൊഴിലാളികൾ. എന്നാൽ നമ്മൾ അവരെ കണ്ടത് വെറും കൂലിവേലക്കാർ മാത്രമായാണ്. നിർഭാഗ്യവശാൽ ഇവരിൽ കുടികൊള്ളുന്ന മനുഷ്യനെ കാണുവാൻ നമുക്കായില്ല. ഈ പക്ഷഭേദങ്ങൾക്കെല്ലാം അപ്പുറമായിരുന്നു കാൽനടയായുള്ള അവരുടെ യാത്ര. അസ്തിത്വ സ്വാതന്ത്യത്തിന്റെ പ്രകടനം കൂടിയായിരുന്നു ഈ യാത്ര. അസമത്വം എന്നത് സമ്പത്തിൽ വേരൂനിയതാണെങ്കിലും അധികാരികളുടെ നയപരമായ നിലപാടുകളിലും അത് പ്രതിഫലിക്കുന്നുണ്ട്. നിങ്ങൾ പണി എടുത്ത് കൂലിനേടൂ, എന്നിട്ട് ആ പണം നൽകി സേവനം നേടൂ, എന്ന ശാസനം അധികാരികൾ ശിരസാവഹിക്കുന്നതായാണ് കാണുന്നത്. ഈ യുക്തിയുടെ മറുവശമാണ് പണം നൽകാനില്ലെങ്കിൽ സേവനവും ലഭിക്കില്ല എന്നത്. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം, മൂലധനശക്തികൾ വഴിയുള്ള നിക്ഷേപവും ഇതിലൂടെ ലഭ്യമാകുന്ന തൊഴിലും ഉല്പാദനവർദ്ധനയും സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയും, ആണെന്ന് അധികാരികൾ കരുതുന്നു. നിർഭാഗ്യവശാൽ ഈ പാത തീർത്തും വിഭിന്നമാണ്.
ജോസ് ഒർടേഗ വൈ ഗാസെറ്റിന്റെ (ഇരുപതാം നൂറ്റാണ്ടിലെ സ്പാനിഷ് ചിന്തകൻ) "സാമാന്യജനങ്ങൾ' (Mass man) എന്ന ആശയം ഈ സന്ദർഭത്തിൽ വ്യക്തമായ ഒരു അർത്ഥം നൽകുന്നു. ഗാസെറ്റിയുടെ "സാമാന്യജനങ്ങൾ' രാജ്യത്തെ സാധാരണക്കാരല്ല. ഡോക്ടർമാർ, എഞ്ചിനിയർമാർ, അധ്യാപകർ, അഭിഭാഷകർ, വ്യവസായികൾ, വ്യാപാരികൾ, സാഹിത്യകാരന്മാർ തുടങ്ങി സാമൂഹ്യ നേതൃനിരയിലെ പ്രൊഫഷണലുകളുടെ ഒരുകൂട്ടത്തെയാണ് ഈപദം പ്രതിനിധാനം ചെയ്യുന്നത്. ഇത്തരക്കാർ അധികാരികളെ പിന്തുണക്കുകയും അനുകൂലിക്കുകയും ചെയ്യുന്നു. ഇവർ സാധാരണക്കാർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ഭാവിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അങ്ങിനെയല്ല. അവർ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം മൂലധനത്തിന്റെ താല്പര്യവും പരിരക്ഷിക്കുന്നു. ഇക്കൂട്ടർ ജനാധിപത്യത്തിനും ബഹുസ്വരതക്കുമെതിരാണ്. ഇവർ രാജ്യത്തെ യാഥാർത്ഥ ജനതയായി ഭാവിച്ചുകൊണ്ട് അധികാരികളെ പിന്തുണക്കുന്നു. അധികാരികൾ തിരിച്ചും. മൂലധനശക്തികളുടെ അതിവേഗ പാതതിരഞ്ഞടുക്കുമ്പോൾ നിശബ്ദരാക്കപ്പെട്ടവരെ ആരാണ് പിന്തുണക്കാനുള്ളത്?
അതിവേഗപാത
കോർപ്പറേറ്റ് അതിവേഗ പാതകൾ ദ്രുതഗതിയിലുള്ള സ്വകാര്യവൽക്കരണത്തിനും വിപണി കേന്ദ്രിത നയങ്ങൾക്കും (തിരഞ്ഞെടുക്കലും, മത്സരവും) വാതിൽ തുറന്നുകൊടുക്കുന്നു. ഇത് തൊഴിലാളികളിൽ ഉത്തരവാദിത്വം ഉറപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഉല്പനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.
ഉൽപാദകർക്കിടയിൽ മത്സരത്തിന് ഇത് വഴിയൊരുക്കുന്നു. ഇതിന്റെ ഫലമായി ഉല്പന്നങ്ങളുടെ ഗുണമേന്മ വർദ്ധിക്കുമെന്ന് (പൊതുസംവിധാനം, തൊഴിൽസംഘടനകളുടെ കുത്തക എന്നിവ തകർത്ത്) പ്രതീക്ഷിക്കുന്നു. മൂലധനസംവിധാനം ചിലവ് (ആരോഗ്യ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ) കുറക്കുകയും ലാഭം പരമാവധി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത ശ്രേണീബന്ധിത സംവിധാനങ്ങൾ വഴിയുള്ള നിയന്ത്രണരീതിയിൽ സി.ഇ.ഒ.മാർ ലാഭകരമല്ലാത്ത യൂണിറ്റുകൾ അടച്ചുപൂട്ടുകയും ചെയ്യുന്നു. തങ്ങൾക്കനുകൂലമായ ചട്ടങ്ങളിലും തങ്ങളുടെ ഇംഗിതത്തിനു വഴങ്ങുന്ന ഭരണാധികാരികളിലുമാണ് മൂലധനശക്തികൾക്ക് താല്പര്യം. അടുത്തിടെ ചില സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന പ്രവൃത്തിസമയം 4 മണിക്കൂർ വർദ്ധിപ്പിച്ചത് ഇതിനുദാഹരണമാണ്. മിനിമംകൂലി പരിഷ്‌കരികുന്നത് താല്കാലികമായി നിർത്തിവയ്ക്കാൻ ആലോചനയും നടക്കുന്നു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ ലാഭത്തിനായി സാങ്കേതികവിദ്യയെ വൻതോതിൽ ആശ്രയിക്കുന്നു. വിജ്ഞാനസമ്പദ്‌വ്യവസ്ഥയിൽ മൂലധനശക്തികൾക്ക് നല്ലവേരോട്ടം ലഭിച്ചിട്ടുള്ളതിനാൽ സാങ്കേതികവിദ്യ ഇവരുടെ ജീവനാഡിയാണ്. സാങ്കേതികവിദ്യ തീർച്ചയായും ബദൽ അന്വേഷിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പ്, ജീവനക്കാർക്ക് ബദലായി, ജനങ്ങളുടെ ശരിരോഷ്മാവ് അളക്കുന്നതിന് യന്ത്രമനുഷ്യരെ പ്രയോജനപ്പെടുത്തുന്നു. ഇതുപോലെ ഓൺലൈൻ പഠനം ഒരു തത്വമായി സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നു. അറിവിന്റെ സംപ്രേക്ഷണത്തിന് ഇത് നല്ലൊരുപാധിയാണെങ്കിലും പഠിതാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ആകർഷകമായ ഒരുമാർഗമല്ല. തീർച്ചയായും ഈ രീതിയുടെ സാമ്പത്തിക മികവുകൾ അധികാരികൾ തിരിച്ചറിയുന്നതോടെ അധ്യാപക സമൂഹത്തിന്റെ അംഗസംഖ്യയിൽ വൻ ഇടിച്ചിലുണ്ടാകും.
യന്ത്രങ്ങൾ സൃഷ്ടിക്കുന്നത് വ്യക്തികളെയാണന്നോർക്കണം. അതിനാൽ അവ നിലകൊള്ളുന്നത് വ്യക്തികളുടെ സമൂഹത്തിനായിരിക്കും (Society of individuals). ഇത് സമൂഹത്തെ നേരിട്ട് സ്വാധീനിക്കുവാൻ ഇടയുള്ള ഒരു കാര്യമാണ്. അധ്യാപകർക്കുമാത്രമാണ് മനുഷ്യത്വത്തോടെ കുട്ടികളെ സമീപിക്കാനും അവരിൽ അന്തർലീനമായ മാനവികതയെ വളർത്തിയെടുക്കാനും കഴിയൂ. നമുക്കുവേണ്ടത് മാനവിക സമൂഹമാണ്, മറിച്ച് വ്യക്തികളുടെ സമൂഹമല്ല. സാങ്കേതികവിദ്യ അധ്യാപകർക്കുള്ള ഒരു ഉപകരണം മാത്രമാണ്, അല്ലാതെ അത് അവരുടെ യജമാനനല്ല. യഥാർത്ഥത്തിൽ സാങ്കേതികവിദ്യ അധ്യാപകർക്കുള്ള ഒരു അധിക വിഭവമാണ്. മറിച്ച് പഠനത്തിനുള്ള മുഖ്യമാർഗമല്ല. മൂലധനസ്ഥാപനങ്ങളെയും സാങ്കേതികവിദ്യയെയും മൂലധനശക്തികൾ നയിക്കുന്ന മാർഗത്തിലൂടെ മുന്നേറാൻ അനുവദിച്ചാൽ നമ്മൾ കോവിഡ് മഹാമാരിയെക്കാൾ ഗുരുതരമായ അപകടത്തിനുള്ളിലായിരിക്കും ചെന്നുപെടുക.
മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾതന്നെ ചില അപകടങ്ങളെ തിരിച്ചറിയാനും നമുക്ക് സാധിച്ചു. ഉദാഹരണത്തിന്, ദശലക്ഷക്കണക്കിന് അമേരിക്കക്കാർ കോവിഡ്-19 എന്ന ഭീഷണമായ സത്യത്തെ നേരിട്ടുവരികയാണ്.
കോവിഡ് രോഗികളുടെ എണ്ണവും രോഗംമൂലമുള്ള മരണസംഖ്യയും അമേരിക്കൻ ഐക്യനാടുകളിൽ കുതിച്ചുഉയർന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്തവിധം സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ ചികിത്സാ ചിലവ് വർദ്ധിച്ചുവരുന്നു. ആരോഗ്യ ഇൻഷുറൻസ് ഉടമകൾക്ക് അധികതുക ഒടുക്കേണ്ടതായുംവരുന്നു. അധികത്തുക നൽകാൻ കഴിയാത്തവർ വീടുകളിൽ തങ്ങി, വിധിക്ക് കീഴടങ്ങുന്നു. സാധാരണക്കാർക്ക് സഞ്ചരിക്കാൻ ഒരു ക്ഷേമപാത അവിടെ ആർക്കും കാണാനായില്ല. പണംമുടക്കാൻ കഴിയാത്തവർക്കായി ഒരുസേവനവും അവിടെ ലഭ്യമാകുന്നില്ല. ഈ മനുഷ്യർക്കും ഒരു കഥപറയാനുണ്ടങ്കിലും അതുകേൾക്കാൻ അവിടെ ആരുംതന്നെ ഇല്ല.
ക്ഷേമപാത
വ്യത്യസ്തമായ ഒരു കഥയാണ് കേരളത്തിന് പറയാനുള്ളത്. സ്വാതന്ത്ര്യലഭ്യതയോടെ നമ്മുടെ രാജ്യം വികസനത്തിനായി സ്ഥിതിസമത്വത്തിന്റെ പാതയാണ് തിരഞ്ഞെടുത്തത്. ഇതേപാത പിന്തുടർന്ന് കേരളത്തിന് കാലക്രമത്തിൽ സുസജ്ജമായ ഒരു പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനായി. മികവുറ്റ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രതിജ്ഞാ ബദ്ധരായ ഉദ്യോഗസ്ഥരുടെയും ഒരു നിരതന്നെ കേരളത്തിലെ ആതുരാലയങ്ങളിലുണ്ട്. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളുടെ ഒരു ശൃംഖലയും. എന്നാൽ കോവിഡ് രോഗചികിത്സക്കായി ആദ്യം സജ്ജമായത് സർക്കാർ ആശുപത്രികളാണ്. രോഗചികിത്സയുടെ ഒന്നാംഘട്ടത്തിൽ ആശുപത്രി പ്രവേശനത്തിലൂടെ രോഗിയുടെ ആരോഗ്യം ഉറപ്പുവരുത്തി.
എന്നിരുന്നാലും ഗൾഫ് രാജ്യങ്ങളിലും മറ്റുവിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ തിരിച്ചെത്തുവാൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. രോഗനിലവാരം സൂചിപ്പിക്കുന്ന ഗ്രാഫ് ഉയരാൻതുടങ്ങി. ആരോഗ്യപരിരക്ഷക്കായുള്ള ആസൂത്രിത സംവിധാനങ്ങൾക്ക് സർക്കാർ രൂപംനൽകി. ഇതിനായി മൂന്നുതലമുള്ള സംവിധാനത്തിനാണ് രൂപംനൽകിയത്. പ്രാഥമികതലത്തിൽ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായുള്ള കേന്ദ്രങ്ങൾ. ആദ്യനിര ചികിത്സാകേന്ദ്രങ്ങൾ, രണ്ടാംഘട്ടത്തിൽ സൗമ്യവും മിതവുമായ രോഗലക്ഷണങ്ങളോടെയുമുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള കേന്ദ്രങ്ങൾ. മൂന്നാം തലത്തിൽ ഗുരുതരമായ രോഗമുള്ളവരെ ചികിത്സിക്കുന്നതിനുള്ള കോവിഡ് ആശുപത്രികൾ.
ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് തദ്ദേശസ്വയംഭരണ സംവിധാനങ്ങളുടേയും പ്രാദേശിക ജനവിഭാഗങ്ങളുടേയും പിന്തുണയോടെയാണ്. നിരീക്ഷണകേന്ദ്രങ്ങൾ സംവിധാനംചെയ്തു നടപ്പിലാക്കുന്നതും ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, കുടുംബശ്രീ പ്രവർത്തകർ മറ്റ് സാമൂഹ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ്. സ്വാന്തന പരിചരണവിഭാഗം നിരീക്ഷണത്തിലുള്ളവരുടെ പരിചരണവും മേൽനോട്ടവും നിർവഹിക്കുന്നു. ക്ഷേമപ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. അതിഥിതൊഴിലാളികൾക്കും ഭക്ഷണമാവശ്യമുള്ള മറ്റുവിഭാഗക്കാർക്കും സാമൂഹ്യഅടുക്കളകളുടെ പിന്തുണയോടെ ഭക്ഷണം പാചകം ചെയ്ത് വിതരണംചെയ്യുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അടുക്കളകൾ പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം അങ്കൺവാടി, ബാലവാടി പ്രവർത്തകർ വൃദ്ധർക്കും കുട്ടികൾക്കും വേണ്ട പോഷകാഹാര ക്വിറ്റുകളുടെ വിതരണവും ഉറപ്പുവരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണബാങ്കുകളുടേയും പിന്തുണയോടെ വിവിധ ക്ഷേമപെൻഷനുകൾ വിതരണം ചെയ്തു. സാമൂഹ്യവ്യാപനത്തിന്റെ ഫലമായി രോഗികളുടെ എണ്ണം നിരവധി മടങ്ങായി വർദ്ധിച്ചു. (രോഗികളുടെ എണ്ണം പെരുകാൻ തുടങ്ങിയതോടെ ചികിത്സാ സൗകര്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളുടെ പിന്തുണയും ഉറപ്പുവരുത്തുവാൻ സർക്കാരിനായി. സ്വകാര്യ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ ഇതിനായി നൽകേണ്ട തുകയും നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തി. ആരോഗ്യ പ്രവർത്തകർക്ക് പിന്തുണനൽകാൻ പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചു. രോഗബാധയുള്ള തദ്ദേശസ്വയംഭരണ വാർഡുകൾ പൂർണമായും ലോക്ഡൗൺ ചെയ്യുന്നതിനു ബദലായി രോഗിയുടെ വാസസ്ഥലത്തോടു ചേർന്നുള്ള ഏതാനും വീടുകൾ മാത്രമായി സൂക്ഷ്മതല ലോക്ഡൗൺ പരിമിതപ്പെടുത്തി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ ഈ മഹാമാരിയുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് വിശകലന വിധേയമാക്കി. വ്യവസ്ഥാപിതമായ ആസൂത്രണം, വികേന്ദ്രീകൃതമായ തീരുമാനമെടുക്കൽരീതി, സഞ്ചാരപാതാ രേഖപ്പെടുത്തൽ തന്ത്രങ്ങൾ എന്നിവ രോഗനിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തി. അടിയന്തിരസന്ദർഭങ്ങളിലെ വെല്ലുവിളികൾ നേരിടുന്നതിനായി സർക്കാർ സംയോജിതമായ വ്യത്യസ്ത തന്ത്രങ്ങൾ ആവിഷ്‌കരിച്ചു.
അതുപോലെ മികച്ച അടിസ്ഥാന സൗകര്യമുള്ള വിദ്യാലയങ്ങൾ, അധ്യാപകർ, പാഠ്യപദ്ധതി എന്നിവ എല്ലാവർക്കും ലഭ്യമാക്കാൻ ഇതിനോടകം കേരളത്തിനായി. നീതിആയോഗിന്റെ 2015-16, 2016-17 വർഷങ്ങളിലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഒന്നാമതാണ്. സ്വകാര്യ വ്യക്തികളും/സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് സർക്കാർ വിദ്യാലയങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും കണ്ടത്താനാകും. സ്വകാര്യ ഉടമസ്ഥതയിലുള്ള വൻകിട വിദ്യാലയങ്ങളോട് താരതമ്യം ചെയ്യാവുന്ന ഗുണമേന്മ ഇത്തരം വിദ്യാലയങ്ങൾക്ക് നേടാനായി. സാധാരണക്കാരുടെ മക്കൾക്ക് ഈ വിദ്യാലയങ്ങളിൽ പ്രവേശനം ലഭിച്ചു. തങ്ങളുടെ പരിസരത്തുതന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ അങ്ങിനെ സാധാരണക്കാരുടെ മക്കൾക്കും ലഭ്യമായി. എന്നിരുന്നാലും സമീപകാല ഓൺലൈൻ പഠനസംരഭങ്ങൾ പഠിതാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പര്യാപ്തമാണന്ന് കാണുന്നില്ല. നയപരമായ കാര്യങ്ങളിൽ സാങ്കേതിക വിദഗ്ധർ അക്കാദമിക വിദഗ്ധർക്കു പകരക്കാരായി എത്തുന്നതായി കാണുന്നു. ഓൺലൈൻ വിദ്യാഭ്യാസം ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാലയസംവിധാനം പഴങ്കഥയാക്കി മാറ്റുമെന്ന ഭയം ജനിപ്പിക്കുന്നു. മുന്നേറാനായി കേരളം കൈകൊണ്ട ക്ഷേമപാത കൂട്ടായ ശ്രമത്തിലൂടെയുള്ള ആസൂത്രിതമായ നടപടിയാണ്. ഇത് എല്ലാ ജനവിഭാഗങ്ങൾക്കും അനുകൂല്യങ്ങൾ നൽകാൻ സഹായകമായി. മനുഷ്യവികസനത്തിന്റെ നിർണായകമായ പാതയാണിത്. മാനവികതയെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് പ്രസക്തമാണ്.
പ്രൊഫസർ എം.എ ഖാദർ:*
മുൻ കരിക്കുലം മേധാവി എൻ.സി.ഇ.ആർ.ടി. ന്യൂഡൽഹി
രമേഷ്. കെ:*
മുൻ റിസർച്ച് ആഫീസർ, എസ്.സി.ഇ.ആർ.ടി, തിരുവനന്തപുരം