ജെ. ദേവിക / Photo: J Devika, Fb

തെറിവിളിയെ തൊലിയുരിക്കാൻ കഴിയുന്ന ഒരു മറുഭാഷയെക്കുറിച്ച്

പ്രതികരിക്കുന്ന സ്ത്രീയെ പണ്ടുചെയ്തിരുന്നതു പോലെ കൂകി വിളിച്ച് നിശബ്ദയാക്കാൻ ഇന്നു കഴിയില്ല എന്നതുകൊണ്ടു തന്നെ അവർക്കതിരെ കൂട്ടായ ആക്രമണം നിരന്തരം നടത്താൻ വ്യവസ്ഥാപിത ശക്തികൾ തുനിയുന്നു

ഒന്ന്

കേരളത്തിൽ പൊതുചർച്ചാവേദികളിൽ ചരിത്രപരമായ സ്വാധീനം എന്നും രാഷ്ട്രീയകക്ഷികൾക്കും സമുദായശക്തികൾക്കുമായിരുന്നു. പൂർണമായും ഭരണകൂട കേന്ദ്രിതമല്ലാത്ത രാഷ്ട്രീയം ഉന്നയിക്കുകയും സ്ഥാപനവത്ക്കരിക്കപ്പെട്ട സമുദായങ്ങൾക്കപ്പുറമുള്ള, കൂടുതൽ ജനാധിപത്യപൂർണമായ സമൂഹഭാവനകൾ പങ്കുവയ്ക്കുന്നതുമായ ഒരു എതിർ- സിവിൽ സമൂഹം ഇവിടെ രൂപപ്പെട്ടത് ചരിത്രദൃഷ്ടിയിൽ സമീപകാലത്തു മാത്രമാണ് - ഏകദേശം 40 വർഷത്തിനിടയിൽ. ഈ പുതു സിവിൽസമൂഹം തുറന്നിട്ട ചർച്ചായിടങ്ങളിൽ സജീവമായത് സാഹിത്യ രചയിതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ, ഗവേഷകർ മുതലായവരാണ്. രാഷ്ട്രീയ കക്ഷികൾക്ക് മുൻകൈയുള്ള ഇടങ്ങളിൽ ഇക്കൂട്ടർ മുമ്പൊരിക്കലും ഇല്ലായിരുന്നുവെന്നല്ല. പക്ഷേ രാഷ്ട്രീയക്കാരുടെ ശബ്ദങ്ങളിൽ നിന്ന് ഇവരുടെ ശബ്ദങ്ങളെ വേർതിരിക്കാൻ പലപ്പോഴും എളുപ്പമായിരുന്നില്ല. (രാഷ്ട്രീയക്കാർക്കുമീതെ ശബ്ദമുയർത്താൻ ശ്രമിച്ച ബുദ്ധിജീവികളുടെ അനുഭവം നല്ലതുമായിരുന്നില്ല).

വർഗ രാഷ്ട്രീയത്തെയോ ദേശീയതയെയോ ഉയർത്തിപ്പിടിച്ച രാഷ്ട്രീയകക്ഷികളിൽ നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തിൽ നിശബ്ദരാക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദങ്ങൾക്കും ദേശീയ വികസനത്തിന്റെ സാർവത്രിക സാന്നിധ്യത്തിൽ അദൃശ്യമായ വിഷയങ്ങൾക്കും ഇടയുണ്ടാക്കാനുള്ള ഈ ശ്രമം തീരെ എളുപ്പമായിരുന്നില്ല. മൂന്നു മുഖ്യപ്രശ്‌നങ്ങളാണ് അതിനു തുനിഞ്ഞവർക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.

പൊതുചർച്ചായിടങ്ങളുടെ സമീപകാല വികാസം എതിർ സിവിൽ സമൂഹ ശബ്ദങ്ങൾക്ക് കാര്യമായ ഇടവും ഗുണവുമുണ്ടാക്കിയിട്ടുണ്ടെങ്കിലും മുമ്പു നിലനിന്ന വെല്ലുവിളികളെ അവ കൂടുതൽ സങ്കീർണമാക്കിയിട്ടുമുണ്ട്.

ഒന്നാമതായി, വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും സമുദായശക്തികളും മറ്റും ഈ പുതിയ വിഷയങ്ങളും ഭാഷയും അപ്രസക്തങ്ങളും വരേണ്യത മുറ്റിനിൽക്കുന്നവയുമാണെന്നു സ്ഥാപിക്കാൻ നിരന്തര പരിശ്രമം നടത്തി. തങ്ങൾ ഉയർത്താൻ ശ്രമിക്കുന്ന വിഷയങ്ങളും ഉപയോഗിച്ച ഭാഷയും അപരിചിതമായതുകൊണ്ടുതന്നെ എതിർ സിവിൽ സമൂഹത്തെ കെട്ടിപ്പടുക്കാൻ ശ്രമിച്ച പുതുരാഷ്ട്രീയപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും കാര്യമായ തടസ്സത്തെയും ആക്രമണത്തെയും വ്യക്തിഹത്യയെയും മറ്റും നേരിടേണ്ടി വന്നു. 1980കളിൽ സൈലന്റുവാലി സമരത്തെ പിൻതുണച്ച കവികളെ സിംഹവാലൻ കുരങ്ങിന്റെ ആൾക്കാരെന്നും മറ്റും അപമാനിക്കാനും ഫെമിനിസ്റ്റുകളെ കുടുംബം കലക്കികൾ, ലൈംഗിക അടിമകൾ എന്ന് ചിത്രീകരിക്കാനും ഈ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തി പക്ഷംചേർന്ന ബുദ്ധിജീവികളെ ദന്തഗോപുരവാസികൾ എന്ന് അപഹസിക്കാനും മറ്റും കാര്യമായ ശ്രമങ്ങൾ നടന്നത് ഉദാഹരണമാണ്. അവരെ പൊതുവേദികളിൽ വായടപ്പിക്കാനും സ്ത്രീകളാണെങ്കിൽ കൂകിവിളിച്ചപമാനിക്കാനും മറ്റും ശ്രമങ്ങളുണ്ടായിട്ടുമുണ്ട്, ആ കാലത്ത്.

രണ്ടാമതായി, ഇത്തരം ആക്രമണങ്ങളിൽ നിന്ന് എതിർ സിവിൽസമൂഹത്തിനു വേണ്ടി ശ്രമിക്കുന്നവരെ സംരക്ഷിക്കാനോ ഇവർക്ക് നീതി ഉറപ്പാക്കാനോ ഉള്ള സംവിധാനങ്ങൾ പൊതുവെ കുറവായിരുന്നു. പരിഹാസവും വികൃതവത്ക്കരണവും നിർബാധം നടന്നു (ഫെമിനിസ്റ്റുകളെക്കുറിച്ചുള്ള പരിഹാസം നല്ലൊരു ഉദാഹരണമാണ്). അവയെ ചെറുക്കാൻ പൊതുഇടങ്ങളിൽ സ്ഥലങ്ങളുണ്ടാക്കാൻ എതിർ സിവിൽ സമൂഹ നിർമാതാക്കൾക്ക് അധികമൊന്നും കഴിഞ്ഞിരുന്നില്ല - സ്വന്തം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്ന മാർഗത്തിലൂടെ അല്ലാതെ.

അർത്ഥവഴക്കവും, ലീലാപരതയും, ആന്തരിക കെട്ടുറപ്പും ഉള്ള മറുഭാഷയ്ക്ക് തെറിവിളിയെ തൊലിയുരിക്കാൻ കഴിയും / Photo: UNICEF

മൂന്നാമതായി, പൊതുവെ കേരളത്തിൽ പൊതുചർച്ചകളുടെ ഇടം ദൈനംദിന ജീവിതവുമായി ഗാഢബന്ധം- അതായത്, ദൈനംദിനജീവിതത്തെ പുനർനിർമ്മിക്കാനുള്ള ശക്തി അതിനുണ്ടായിരുന്നില്ല. മലയാള സാഹിത്യ-സാംസ്‌കാരിക പൊതുമണ്ഡലമടക്കമുള്ള നമ്മുടെ പൊതുചർച്ചകളുടെ ഇടം പലപ്പോഴും കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുനിന്നുള്ള ആശയങ്ങളോടും പ്രയോഗങ്ങളോടും രാഷ്ട്രീയങ്ങളോടും മറ്റും കുറേക്കൂടി തുറന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും അതിൽ ഇടപെടുന്നവരുടെ ദൈനംദിന ജീവിതവും ഗാർഹിക- സ്വകാര്യ ഇടങ്ങളെ പലപ്പോഴും അടക്കിഭരിച്ചത് സമുദായ ശക്തിയും പ്രത്യയശാസ്ത്രങ്ങളും തന്നെയായിരുന്നു. എതിർ സിവിൽ സമൂഹത്തിന്റെ നിർമാതാക്കളും ഈ പോരായ്മയ്ക്ക് അടിപ്പെട്ടുതന്നെയാണ് നിന്നിരുന്നത്.
ഈ മൂന്നു തടസങ്ങൾക്കും ഇന്നത്തെ കാലത്ത് - അതായത് ദൃശ്യ മാധ്യമങ്ങളിൽ തുടങ്ങി ഡിജിറ്റൽ സമൂഹ മാധ്യമങ്ങൾ വരെ വളരെ വ്യാപകമാവുകയും നമ്മുടെ ചർച്ചായിടങ്ങളെ അവ നിർണയിക്കുകയും ചെയ്യുന്ന കാലത്ത് - എങ്ങനെ രൂപാന്തരം പ്രാപിച്ചിരിക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. ഗഹനമായി ആലോചിക്കേണ്ട വിഷയമാണിത് - ഇവിടെ പങ്കുവയ്ക്കുന്നത് ചില പ്രാരംഭ ചിന്തകൾ മാത്രമാണ്.

രണ്ട്

ഡിജിറ്റൽ സമൂഹമാധ്യമങ്ങളുടെ വരവ് തീർച്ചയായും മേൽപ്പറഞ്ഞ മൂന്ന് വെല്ലുവിളികളെയും കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. തീർച്ചയായും എതിർ സിവിൽ സമൂഹ ശബ്ദങ്ങൾക്ക് തങ്ങളുടേതായ ഇടവും ശബ്ദവും കണ്ടെത്താൻ അവയുടെ വികാസം ഉപകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പൊതുചർച്ചാവേദികളിൽ കൂകിവിളി കൊണ്ട് നിശബ്ദരാക്കപ്പെട്ടിരുന്ന സ്ത്രീകൾ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളിൽ അധികമധികം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ മേൽപ്പറഞ്ഞ മൂന്നു വെല്ലുവിളികളും ഡിജിറ്റൽ മാധ്യമങ്ങളുടെ വരവോടെ അതിസങ്കീർണങ്ങളായി മാറിയിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീയെ പണ്ടുചെയ്തിരുന്നതു പോലെ കൂകി വിളിച്ച് നിശബ്ദയാക്കാൻ ഇന്നു കഴിയില്ല എന്നതുകൊണ്ടു തന്നെ അവർക്കതിരെ കൂട്ടായ ആക്രമണം നിരന്തരം നടത്താൻ വ്യവസ്ഥാപിത ശക്തികൾ തുനിയുന്നു. പലപ്പോഴും ആ ആക്രമണങ്ങളുടെ ഊക്ക് വേണ്ടതിലധികമാണെന്നു തോന്നാം, പക്ഷേ അതിൽ അത്ഭുതപ്പെടാൻ ലേശവുമില്ല - കാരണം സമൂഹമാധ്യമങ്ങളിൽ അപമാനവർഷം കൊണ്ട് ഒരു സ്ത്രീയെ നിശബ്ദയാക്കിയെന്ന് ഉറപ്പിക്കാൻ മാർഗമൊന്നുമില്ല. അവർ ചെറിയ ആക്രമണം കൊണ്ട് പിൻതിരിയണമെന്നില്ല. അതുകൊണ്ടു തന്നെ ദൗത്യം നിറവേറാൻ വല്ലാത്ത ഊക്കു തന്നെ വേണമെന്ന് ശിക്ഷിക്കാനിറങ്ങിയ വ്യവസ്ഥാപിത ശക്തികൾ പരസ്പരം ചർച്ച ചെയ്യാതെ തന്നെ തുനിയുന്നു.

ഇപ്രകാരം ചെറുത്തുനിന്നുകൊണ്ടുതന്നെ എതിർ സിവിൽ സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവർ തങ്ങളുടെ പ്രവർത്തനം തുടരുന്നു. പക്ഷേ ഡിജിറ്റൽ സമൂഹമാധ്യമങ്ങളുടെ വരവുകൊണ്ട് അവർക്ക് നീതി കൂടുതലായി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യമെടുത്താൽ, അവയുടെ ഉപഭോക്താക്കൾ തന്നെ അവർക്കുവേണ്ടി ഉള്ളടക്കം സൃഷ്ടിക്കുന്ന തൊഴിലാളികളായി ഫലത്തിൽ പ്രവർത്തിക്കുന്ന വിധത്തിലുള്ള മുതലാളിത്ത ചൂഷണമാണ് നടപ്പിലുള്ളത്. അതുകൊണ്ടു തന്നെ സെൻസേഷണലായ അപവാദ പ്രചാരണം, കൂട്ട ആക്രമണം മുതലായവയെ സമൂഹ മാധ്യമ മുതലാളികൾ കാര്യമായി എതിർക്കാനുള്ള ഘടനാപരമായ സാഹചര്യങ്ങൾ തന്നെ നിലവിലില്ല. സൃഷ്ടിക്കപ്പെടുന്ന കണ്ടൻറ്​, അത് എത്രതന്നെ ജനാധിപത്യവിരുദ്ധമായാലും ശരി, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും അവരെയും സമൂഹ മാധ്യമ ഉള്ളടക്ക രചയിതാക്കളാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, സമൂഹ മാധ്യമ മുതലാളിമാർക്ക് സ്വീകാര്യമാകാനാണിട - ജനാധിപത്യ വിരുദ്ധ- മനുഷ്യ വിരുദ്ധ കണ്ടൻറിനെതിരെ ചില ചില്ലറ ശബ്ദങ്ങൾ പുറപ്പെടുവിക്കുമെങ്കിലും ഈ മുതലാളിമാർ കാര്യമായ സുരക്ഷയൊന്നും എതിർ സിവിൽസമൂഹത്തിന് നൽകിയിട്ടില്ല, നൽകുകയുമില്ല.

ഓൺലൈൻ- ഓഫ്‌ലൈൻ ഇടങ്ങളിൽ ഒരുപോലെ നടത്തേണ്ടുന്ന ഇടപെടലുകൾ പലപ്പോഴും ഓൺലൈൻ മാത്രമാകുന്നു. തീർച്ചയായും ഓഫ്‌ലൈൻ ലോകത്തെ പരിമിതമായ ഇടപെടലുകൾക്ക് ഓൺലൈൻ ദൃശ്യത പതിന്മടങ്ങ് ശക്തി നൽകുന്ന സംഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്, നിഷേധിക്കുന്നില്ല - കിസ് ഒഫ് ലവ് സമരങ്ങൾ, ഉദാഹരണത്തിന്.

ദൃശ്യമാധ്യമങ്ങളുടെ കാര്യമെടുത്താൽ ഇത് സുവ്യക്തമാണ്. തികച്ചും സാമൂഹ്യവിരുദ്ധരായവരെ ചർച്ചയ്ക്കു വിളിക്കുന്നതുകൊണ്ട് പൊതുചർച്ചകൾക്ക് എന്തുഗുണം എന്ന ചോദ്യം ഇന്ന് ദൃശ്യമാധ്യമങ്ങളെ സംബന്ധിച്ച് അപ്രസക്തമാണ്. കാരണം, കാഴ്ചക്കാരുടെ എണ്ണം കൂട്ടുക, അതുവഴി ലാഭം കൊയ്യുക, എന്ന ലക്ഷ്യത്തിന് പറ്റിയ മാർഗങ്ങളേ ദൃശ്യമാധ്യമ മുതലാളിത്തം സ്വീകരിക്കൂ. ഈ ചർച്ചകളിൽ പഴയ പൊതുമണ്ഡല ചർച്ചകളുടെ മര്യാദകൾ പാലിക്കാൻ ശ്രമിക്കുന്നവർ- ഗഹനമായ അർത്ഥത്തിൽ ജനാധിപത്യത്തെപ്പറ്റി പറയുന്നവരിന്ന് അധികവും വ്യവസ്ഥാപിത രാഷ്ട്രീയത്തിനു പുറത്ത്, എതിർ സിവിൽ സമൂഹത്തിൽ നിൽക്കുന്നവരാണ് - ഇത്തരം ചർച്ചകളിൽ കൂടുതൽ അരക്ഷിതരാകുന്ന കാഴ്ചയാണ് കാണാനുള്ളത്.

കിസ് ഒഫ് ലവ് സമരം

ദൈനംദിന ജീവിതത്തെ സാമുദായികവും മറ്റുമായ യാഥാസ്ഥിതികതകൾ കൈയടക്കിവയ്ക്കുകയും സാമൂഹ്യ തുറവിയെപ്പറ്റിയുള്ള ചിന്തയും പ്രവൃത്തിയും പൊതുചർച്ചാവേദികളുടെ മാത്രം ഭാവമായിരിക്കുകയും ചെയ്യുന്ന ആ വിടവ് തിരുത്താനുള്ള സാധ്യത ഡിജിറ്റൽ സമൂഹ മാധ്യമങ്ങൾ ഉയർത്തുന്നു എന്ന വാദം വളരെയധികം കേട്ടിരുന്നു, ഒരു സമയം വരെ. ഗാർഹിക ഇടത്തിലിരുന്നുകൊണ്ടു തന്നെ പൊതുകാര്യങ്ങളിൽ ഇടപെടാനുള്ള സാധ്യത ഇവയിലൂടെ ഉയർന്നുവന്നത് പരക്കെ ശ്രദ്ധിക്കപ്പെട്ടു. എന്നാലിത് ഇടങ്ങളുടെ വേർതിരിവിനെയോ അതിന്റെ രാഷ്ട്രീയത്തെയോ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. തന്നെയുമല്ല, എതിർ സിവിൽ സമൂഹത്തിന്റെ രാഷ്ട്രീയ ഊർജത്തെ ഇത് കുറയ്ക്കാൻ ഇടവരുത്തിയില്ലേ എന്നു കൂടി ശങ്കിക്കേണ്ടിയിരിക്കുന്നു. കാരണം, എതിർ സിവിൽ സമൂഹ രാഷ്ട്രീയങ്ങൾ ജീവിതപ്രയോഗങ്ങളെത്തന്നെ മാറ്റിമറിയ്ക്കാൻ ശ്രമിക്കുന്നവയാണ്. ഏതെങ്കിലും ചില രാഷ്ട്രീയ പാർട്ടികളോട് ചേർന്നുനിൽക്കുക, അവയെ പിന്തുണച്ചാൽ മതി, സാമൂഹ്യമാറ്റം താനേ ഉണ്ടായിക്കൊള്ളും എന്നു കരുതുക - മുതലായ നിഷ്‌ക്രിയതയാർന്ന രാഷ്ട്രീയ പ്രവർത്തനം പോരാ, അവയ്ക്ക്. സമൂഹ മാധ്യമങ്ങൾ, പക്ഷേ, ഇതിനെയാണ് പരമാവധി പ്രോത്സാഹിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ ജാതിവിരുദ്ധമോ പിതൃമേധാവിത്വവിരുദ്ധമോ ആയ പ്രവൃത്തികളിൽ യഥാർത്ഥത്തിൽ ഏർപ്പെടുന്നുണ്ടോ എന്നത് സത്യത്തിൽ അപ്രസക്തമാണ്. അത്തരം പ്രവർത്തനങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ് അവിടെ പ്രസക്തം. ഇത് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്ക് പ്രശ്‌നമാകുന്നില്ല, കാരണം വാ കൊണ്ട് അവ എന്തു പറഞ്ഞാലും മനുഷ്യരുടെ ജീവിതപ്രയോഗങ്ങളെ ജനാധിപത്യദിശയിലേക്കു തിരിച്ചുവിട്ട് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമൊന്നുമല്ല ഇന്ന് അവയുടേത്. എതിർ സിവിൽ സമൂഹ നിർമാണശ്രമങ്ങൾക്ക് ഇതുപോരാ.

മുതലാളിത്തശക്തികളുടെ കടന്നുകയറ്റത്തിന്റെ മറ്റൊരുദാഹരണം ഇന്ന് പാറമട മുതലാളിമാർക്കും പൊതുവെ നിർമാണത്തെ കേന്ദ്രീകരിക്കുന്ന വൻകിടവികസനത്തിനും വേണ്ടി അത്യുച്ചത്തിൽ സംസാരിക്കുന്ന സംഘടിതമെന്ന തോന്നലുളവാക്കുന്ന ഇടപെടൽ സംഘങ്ങളുടെ വളർച്ചയാണ്.

ഉദാഹരണത്തിന്, ജനാധിപത്യപരമായ സാമൂഹ്യ നിർമിതിയുടെ കാര്യത്തിൽ അധരസേവനം മാത്രം നടത്തുന്ന രാഷ്ട്രീയകക്ഷിക്ക് വരവിലയുടെ വിഷയത്തിൽ സ്ത്രീധന വിരുദ്ധ കാമ്പയിൻ മതിയെന്നു തോന്നിയാൽ അതിശയിക്കാനൊന്നുമില്ല. അതിന് സമൂഹ മാധ്യമങ്ങൾ ധാരാളം ഉതകും. എന്നാൽ എതിർ സിവിൽ സമൂഹ പക്ഷത്തുനിന്ന് ഈ പ്രശ്‌നത്തെ സമീപിച്ചാൽ സമൂഹ മാധ്യമങ്ങളുടെ ഇടം അത്യാവശ്യമെങ്കിലും പര്യാപ്തമല്ലാത്ത ഇടമാണെന്നു കാണാം. ഓൺലൈൻ-ഓഫ്‌ലൈൻ ഇടങ്ങളിൽ ഒരുപോലെ നടത്തേണ്ടുന്ന ഇടപെടലുകൾ പലപ്പോഴും ഓൺലൈൻ മാത്രമാകുന്നു. ഓഫ്‌ലൈൻ ലോകത്തെ പരിമിതമായ ഇടപെടലുകൾക്ക് ഓൺലൈൻ ദൃശ്യത പതിന്മടങ്ങ് ശക്തി നൽകുന്ന സംഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്, നിഷേധിക്കുന്നില്ല - കിസ് ഒഫ് ലവ് സമരങ്ങൾ, ഉദാഹരണത്തിന്. പക്ഷേ ആ സമരത്തിന്റെ ഓഫ്‌ലൈൻ മാനങ്ങൾ വേണ്ടത്ര വികസിപ്പിക്കാൻ കഴിയാത്തത് അതിന്റെ മുഖ്യ പരാജയഹേതുക്കളിൽ ഒന്നായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ.
ചുരുക്കിപ്പറഞ്ഞാൽ, പൊതുചർച്ചായിടങ്ങളുടെ സമീപകാല വികാസം എതിർ സിവിൽ സമൂഹ ശബ്ദങ്ങൾക്ക് കാര്യമായ ഇടവും ഗുണവുമുണ്ടാക്കിയിട്ടുണ്ടെങ്കിലും മുമ്പു നിലനിന്ന വെല്ലുവിളികളെ അവ കൂടുതൽ സങ്കീർണമാക്കിയിട്ടുമുണ്ട്.

മൂന്ന്

മുകളിൽ പറഞ്ഞ ഗതിവിഗതികൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ നാം ഒരുപക്ഷേ കേരളീയ ജനജീവിതത്തിന്റെ മിക്ക മേഖലകളിലും കഴിഞ്ഞ ഇരുപതു വർഷക്കാലത്തിനിടയിലുണ്ടായ പ്രധാനപ്പെട്ട ചില മാറ്റങ്ങളെ പരിഗണിക്കേണ്ടി വരും. മുഖ്യമായും രണ്ടു മാറ്റങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത് - മറ്റു പലതും പ്രസക്തമാണെങ്കിലും.

അവയിൽ ആദ്യത്തേത് സമസ്ത ജീവിതമേഖലകളിലും മുതലാളിത്ത താത്പര്യങ്ങളുടെ പൂർവാധികം ശക്തിയോടെയുള്ള കടന്നുകയറ്റമാണ്. സാഹിത്യ പൊതുമണ്ഡലം പോലെ വിപണി ശക്തിക്ക് അധികം സ്വാധീനമില്ലായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് അതിന്റെ സാന്നിധ്യം കാര്യമായിത്തന്നെയുണ്ട്. പുസ്തക പ്രസാധനത്തിൽ ഇന്ന് ആകർഷകമായ പരസ്യം, കവർചിത്ര ഡിസൈൻ, എഴുത്താളുടെ സോഷ്യൽ മീഡിയ സാന്നിധ്യം എന്നിവ വളരെ പ്രധാനമാണ്. മറിച്ച്, സോഷ്യൽ മീഡിയ സാന്നിധ്യം കൊണ്ടുതന്നെ എഴുത്തിന്റെ വിപണിയിൽ ഉയർന്നുപൊങ്ങിയ പലരുമുണ്ട്. ഈ മാധ്യമത്തിൽ എഴുതുക എന്നതല്ല, സമൂഹമാധ്യമങ്ങളിൽ ധാരാളം ജനപ്രീതി നേടിയെടുത്തതിനുശേഷം എഴുതുക, പ്രസിദ്ധീകരിക്കുക എന്നതാണ് ഇവിടെ വിജയമരുളുന്ന തന്ത്രം. സ്വാഭാവികമായും, ഈ ആശ്രിതത്വം നമ്മുടെ ഏറ്റവും കഴിവുറ്റവരായ എഴുത്തുകാരെപ്പോലും ആത്മ-സെൻസർഷിപ്പിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം. ഫേസ്ബുക്കിൽ ആരാധകക്കൂട്ടത്തെ സൃഷ്ടിച്ചുപോയ എഴുത്തുകാർ പിന്നെ അതിനെ വെറുപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൂടല്ലോ.

സ്ത്രീധന വിഷയത്തിൽ വിവിധ യുവജന സംഘടനകൾ ആരംഭിച്ച ഓൺലൈൻ ക്യാമ്പയ്നുകൾ

(സാഹിത്യവിമർശകനെന്ന പിതൃസാന്നിധ്യത്തിന്റെ പിൻവാങ്ങലിലാണ് ഈ പ്രവണതയുടെ തായ്‌വേര് കിടക്കുന്നത് - ഒരു കാലത്ത് നല്ലതും ചീത്തയുമായി സാഹിത്യത്തെ ഈ സാന്നിധ്യം വേർതിരിച്ചു കഴിഞ്ഞാൽ നല്ലതെന്ന് പറയപ്പെട്ട സാഹിത്യം എത്ര മോശം പുറംചട്ടയായാലും വിൽക്കപ്പെടുമായിരുന്നു. പക്ഷേ ഈ പിതൃസാന്നിധ്യം നഷ്ടമായതുകൊണ്ട് ധാരാളം ഗുണമുണ്ടായിട്ടുണ്ടെന്നതും കാര്യംതന്നെ. ഇന്ന് മലയാള സാഹിത്യത്തിൽ കേൾക്കുന്ന പുതുശബ്ദങ്ങളും മുൻപ് ശബ്ദം നിഷേധിക്കപ്പെട്ടിരുന്നവർക്കിടയിൽ കാണാവുന്ന ആത്മവിശ്വാസവും എല്ലാം ആ തിരോധാനത്തിന്റെ കൂടി ഫലമാണ്.)

മുതലാളിത്തശക്തികളുടെ കടന്നുകയറ്റത്തിന്റെ മറ്റൊരുദാഹരണം ഇന്ന് പാറമട മുതലാളിമാർക്കും പൊതുവെ നിർമാണത്തെ കേന്ദ്രീകരിക്കുന്ന വൻകിടവികസനത്തിനും വേണ്ടി അത്യുച്ചത്തിൽ സംസാരിക്കുന്ന സംഘടിതമെന്ന തോന്നലുളവാക്കുന്ന ഇടപെടൽ സംഘങ്ങളുടെ വളർച്ചയാണ്. പൊതുചർച്ചയിലേർപ്പെടുക എന്നതിലുപരി, പൊതുചർച്ചകളെ പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യമാണ് ഇവർക്കെന്ന് ഇവരുടെ ബൗദ്ധിക വിരുദ്ധ വ്യവഹാരതന്ത്രങ്ങൾ വ്യക്തമാക്കുന്നു. വാദരൂപീകരണത്തിന്റെ അടിസ്ഥാനപരമായ യുക്തിനിയമങ്ങളെയും ഭാഷാവ്യാഖ്യാനനിയമങ്ങളെയും തള്ളിക്കളയുന്ന, ജ്ഞാനരൂപീകരണ നിയമങ്ങളെ പാടെ പുച്ഛിച്ച് പൊതുചർച്ചാസ്ഥലങ്ങൾ കൈയടക്കുന്ന കൂട്ടങ്ങൾ പഠിക്കപ്പെടേണ്ട പ്രതിഭാസം തന്നെ. നേരത്തെ പറഞ്ഞതുപോലെ, ഇത് സമീപകാല പ്രവണതയല്ല - അത് ഡിജിറ്റൽ സമൂഹമാധ്യമത്തിന്റെ സാധ്യത മൂലം വലുതാകുന്നുവെന്നേയുള്ളൂ. പൊതുചർച്ചായിടങ്ങൾ രാഷ്ട്രീയ അഭിപ്രായരൂപീകരണത്തിന്റെ വേദികളാകാതിരിക്കുക എന്നതാണ് മുതലാളിത്ത താത്പര്യങ്ങളുടെ അടിയന്തരാവശ്യം. അതിനുവേണ്ടി എന്തും പറയാൻ തയ്യാറായ ഒരു കൂട്ടർ ഇടതു- വലതു രാഷ്ട്രീയകക്ഷികൾക്കൊപ്പമുണ്ട്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കേരളത്തിലും തീവ്രവലതുപക്ഷം സ്വതന്ത്ര സർഗപ്രവർത്തനത്തോടു കാട്ടുന്ന വിരോധവും ഹിംസയും മലയാളി പുരോഗമന വാദികളായ ബുദ്ധിജീവികളിൽ അതിയായ ഭീതി ഉണർത്തിയിട്ടുണ്ട്.

രണ്ടാമത്തെ രാഷ്ട്രീയവികാസം, മലയാളി രാഷ്ട്രീയമണ്ഡലത്തിൽ സി.പി.എം. നേതൃത്വം കൊടുക്കുന്ന മുഖ്യധാരാ ഇടതുപക്ഷവും തീവ്രവലതുപക്ഷ ഹിന്ദുത്വവും തമ്മിലാണ് മുഖ്യമത്സരം എന്ന തോന്നൽ അതീവ ശക്തമായതാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കേരളത്തിലും തീവ്രവലതുപക്ഷം സ്വതന്ത്ര സർഗപ്രവർത്തനത്തോടു കാട്ടുന്ന വിരോധവും ഹിംസയും മലയാളി പുരോഗമന വാദികളായ ബുദ്ധിജീവികളിൽ അതിയായ ഭീതി ഉണർത്തിയിട്ടുണ്ട്. തങ്ങളുടെ ശബ്ദങ്ങളെ സംരക്ഷിക്കാൻ മുഖ്യധാരാ ഇടതിനെക്കുറിച്ചുള്ള നിശബ്ദത ആവശ്യമാണെന്നുതന്നെ അവരിൽ പലർക്കും ബോദ്ധ്യം വന്നതു പോലെയാണ്. മറിച്ച്, സംഘപരിവാർ നോട്ടമിട്ടയാൾ എന്ന് വരുത്തിത്തീർക്കാൻ കഴിഞ്ഞാൽ - അത് സത്യമായാലും അസത്യമായാലും - മറ്റെന്തു തെറ്റു ചെയ്താലും "ജാമ്യം' ലഭിക്കുകയും ചെയ്യും - ഈയടുത്തിടെ ആശയമോഷണക്കേസുകളിൽ അത്തരം ‘ജാമ്യം' തെറ്റുചെയ്തവർ വളരെ എളുപ്പം നേടിയെടുക്കുക തന്നെ ചെയ്തു. ഇത്തരം ഭീതികൾ എതിർ സിവിൽ സമൂഹനിർമാണത്തെ പിന്തുണച്ചവർക്കിടയിൽ കാര്യമായ വേർതിരിവുകളുണ്ടാക്കുന്നുമുണ്ട്.

നാല്

എന്നെ സംബന്ധിച്ച് ഏറ്റവും ആശങ്കാജനകമായ കാര്യം, പക്ഷേ, ഈ കഷ്ടകാലത്തിന്റെ അതിജീവനത്തിനായി കിണഞ്ഞു പ്രവർത്തിക്കുന്നവർക്ക് ഈ ചർച്ചായിടങ്ങളിൽ ശബ്ദമില്ലാത്തതാണ്. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുമായി നേരിട്ടു മല്ലിട്ട്, വീണ്ടും വീണ്ടും കൃഷി ചെയ്യാൻ തയ്യാറാകുന്ന കുടുംബശ്രീ കാർഷികസംഘങ്ങളിലെ സഹോദരിമാർ, വനസമീപ്രദേശങ്ങളിൽ നമ്മുടെ അധികാരികളുടെ ഉത്തരവാദിത്വമില്ലായ്മ മൂലം ഉണ്ടായിരിക്കുന്ന കഷ്ടസാഹചര്യങ്ങളെ ഫേസ്ബുക്ക് വികസനവാദികളുടെ കണ്ണുകാണായ്ക ലേശവും ബാധിക്കാതെ, മറ്റു ജീവജാലങ്ങളോടുള്ള പരിഗണനയെ കുറയ്ക്കാതെ, പരിഹരിക്കാൻ ശ്രമിക്കുന്ന ചെറുകിട കർഷകർ, രാപ്പകലില്ലാതെ പൊതുജനക്ഷേമാർത്ഥം പ്രവർത്തിക്കുന്ന പഞ്ചായത്തുതല പ്രവർത്തകർ, ആരോഗ്യമേഖലയിലും അധ്യാപനത്തിലും ഇല്ലായ്മകളെ തരണം ചെയ്ത് പ്രവർത്തിക്കുന്നവർ, ജനാധിപത്യത്തെ കൂടുതൽ വിശാലമാക്കാൻ പ്രവർത്തിക്കുന്ന ലിംഗ-ലൈംഗിക ന്യൂനപക്ഷ ശബ്ദങ്ങൾ, ജാതിവിരുദ്ധ-പിതൃമേധാവിത്വ വിരുദ്ധ ശബ്ദങ്ങൾ - ഇവയെ ശ്വാസംമുട്ടിക്കാനുള്ള ശ്രമങ്ങളെ നേരിട്ട് എതിർത്തു തോൽപിക്കുകതന്നെ വേണം.

എതിർ സിവിൽ സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ച് ഇവരുടെ ശബ്ദങ്ങൾക്ക് ഇടം തുറക്കുന്ന ജോലിയാണ് സർവപ്രധാനം. ഇതിന് ഒരുപക്ഷേ മൂലധനപക്ഷ വാദികളുടെ തന്ത്രങ്ങൾക്ക് മറുതന്ത്രങ്ങൾ മെനയേണ്ടിവരും- പഴയകാല ലിബറൽ പൊതുമണ്ഡല മര്യാദകളല്ല ഇവിടെ പ്രയോജനകരം. മൂലധന പക്ഷവാദികളെ സൂക്ഷ്മമായി വിവരിക്കുന്ന വിശേഷണപദങ്ങളും അവരുടെ ജനാധിപത്യ- മനുഷ്യവിരുദ്ധ രാഷ്ട്രീയത്തെ പച്ചക്കുതന്നെ തൊലിയുരിച്ചു കാട്ടുന്നതുമായ, മൂർച്ചയും തെളിച്ചവുമുള്ള, പുതിയ സങ്കല്പനങ്ങളും ഇടതു-വലതുപക്ഷങ്ങളിൽ പെരുകുന്ന മനുഷ്യവിരുദ്ധക്കൂട്ടങ്ങൾ പറഞ്ഞു പരത്തുന്ന അസത്യങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന ഉള്ളുറപ്പുള്ള ഗവേഷണവും അന്വേഷണങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഉറപ്പുള്ള വാദങ്ങളുടെ അടിസ്ഥാനവും ബൗദ്ധിക ധാർമികതയുടെ പിൻബലവുമുള്ള പോളിമിക്‌സിനെ കലയാക്കി വളർത്തിയെടുക്കേണ്ട കാലം ആസന്നമായിരിക്കുന്നു. അർത്ഥവഴക്കവും, ലീലാപരതയും, ആന്തരിക കെട്ടുറപ്പും ഉള്ള മറുഭാഷയ്ക്ക് തെറിവിളിയെ തൊലിയുരിക്കാൻ കഴിയുമെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ▮


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments