മതം നോക്കി വാടകവീട്​ നിഷേധിക്കുന്നത്​ ഒഴിവാക്കാൻ ഇതാ, ഒരു പരിഹാരം

മുസ്​ലിം ആയതിന്റെ പേരിൽ കളമശ്ശേരിയിലെ ഒരു ഹൗസിങ്​ കോളനിയിൽ വാടകവീട്​ നിഷേധിക്കപ്പെട്ട അനുഭവം എഴുത്തുകാരനായ പി.വി. ഷാജികുമാർ വെളിപ്പെടുത്തിയിരുന്നു. മതം നോക്കി വാടകക്കാരെ തെരഞ്ഞെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ, നിയമവിധേയമായ ഒരു പരിഹാരത്തെക്കുറിച്ച്​ എഴുതുകയാണ്​ ഷുക്കൂർ വക്കീൽ.

പി.വി. ഷാജി കുമാറും മറ്റു നിരവധി പേരും കഴിഞ്ഞ രണ്ട് ദിവസമായി പറയുന്നത്, മുസ്​ലിംകൾക്ക് താമസിക്കാൻ വീട് വാടകക്ക് നൽകാത്തതിനെ കുറിച്ചാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്തരമൊരു രീതി നേരത്തെ ഉണ്ടായിരുന്നില്ല. താമസിക്കാൻ വരുന്നവരുടെ മതമോ ജാതിയോ നമുക്ക് പ്രശ്നമായിരുന്നില്ല.

ഇതര സംസ്ഥാനങ്ങളിൽ ബാബരി മസ്ജിദ്​ തകർച്ചക്കുശേഷം പല രീതിയിലും മുസ്​ലിം വിരുദ്ധത അല്ലെങ്കിൽ ഇസ്​ലാമോഫോബിയ ആഴത്തിലുണ്ടായിട്ടുണ്ട്​. മുസ്​ലിംകൾക്ക് താമസിക്കാൻ കെട്ടിടവും മറ്റു സൗകര്യങ്ങളും ലഭിക്കാത്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് നമ്മൾ കണ്ടതാണ്. എന്നാൽ കേരളം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമെന്ന് നമ്മളാരും പ്രതീക്ഷിച്ചതല്ല.

ഒരുപാട് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഇടപെടലുകളുടെയും ബാക്കിയാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന മതേതര സ്പേസ്. വിദ്വേഷത്തിന്റെ വിത്തുപാകി, മുസ്​ലിം വിദ്വേഷം പ്രധാന അജണ്ടയാക്കി, താമസിക്കാൻ വീട് കൊടുക്കാൻ പറ്റാത്തവരാണ്​ മുസ്​ലിംകൾ എന്ന രീതിയിലുള്ള പ്രചാരണം നമ്മുടെ സോഷ്യൽ ഫാബ്രിക്കിനെ വലിയ തോതിൽ ദോഷകരമായി ബാധിക്കും. ഇതുണ്ടാക്കുന്ന കൗണ്ടർ ഇംപാക്​റ്റ്​ അത്ര നിസ്സാരവും അല്ല.

പി.വി ഷാജി കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുസ്​ലിം സമുദായാംഗങ്ങളെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ സ്വാഭാവികമായും അവരിൽ രൂപപ്പെടുന്ന സ്വത്വബോധവും അതുവഴിയുണ്ടാകുന്ന ഐക്യപ്പെടലും നമ്മൾ കൈവരിച്ച മതേതര- ജനാധിപത്യ ബോധത്തെ തകിടം മറിക്കുന്ന ഒന്നായിരിക്കും. അത്തരമൊരു സാഹചര്യം വന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതര മത ബഹുമാനവും ഇതര മതസ്ഥരോടുള്ള ആദരവും പൂർണമായും നശിക്കുകയും പകരം വിദ്വേഷത്തിന്റെയും പകയുടെയും അന്തരീക്ഷം രൂപപ്പെടുകയും ചെയ്യും.

ഇത്തരമൊരു സാഹചര്യം ബോധപൂർവം ഒഴിവാക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാനതാൽപര്യങ്ങളും സംസ്കാരവും ഉയർത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഉത്തരവാദിത്വമാണ്. പരിവാറും അവരുടെ മീഡിയകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഫലം കൂടിയാണ് ഈ മുസ്​ലിം വിദ്വേഷം. ഷാജി കുമാറിന്റെ പോസ്റ്റിൽ പറയുന്നതുപോലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരാണ് ഇത്തരം വിദ്വേഷത്തിന്റെയും പകയുടെയും വ്യാപാരികളായി മാറുന്നത്. ഈ വെറുപ്പുകച്ചവടം നമ്മുടെ സംസ്ഥാനത്ത് ഒരു നിലക്കും തുടർന്നുപോകാൻ അനുവദിച്ചുകൂടാ.

നമ്മൾ ഓരോരുത്തരും സ്വകാര്യ ആവശ്യത്തിന് നിർമ്മിക്കുന്ന കെട്ടിടങ്ങൾ പൂർണമായും സ്വകാര്യമാണ്​, അതേസമയം അവ ലീസിനോ വാടകക്കോ നൽകാൻ അധികാരമുള്ളതുമാണ്. അങ്ങനെ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട്​ കൺട്രോൾ ആക്ട് നിലവിലുണ്ട്. അതിനുകാരണം, സ്വകാര്യ സ്വത്താണെങ്കിലും ഓരോ കെട്ടിടവും നിർമിക്കുമ്പോൾ സമൂഹത്തിന്റെ നിരവധി സൗകര്യങ്ങളും മറ്റും ഓരോ വ്യക്തിയും ഉപയോഗിക്കുന്നുണ്ട് എന്നതാണ്​. വൈദ്യുതി, റോഡ്, വെള്ളം തുടങ്ങി നിരവധി പബ്ലിക് യൂട്ടിലിറ്റി സർവീസുകൾ ഉപയോഗപ്പെടുത്തിയാണ് ഓരോ കെട്ടിടവും നിർമ്മിക്കുന്നത്. ഇവ വാടകയ്ക്ക് നൽകുന്നതിന്​ കൃത്യമായ നിയമവും നിലവിലുണ്ട്.

ഷുക്കൂർ വക്കീൽ

അതേസമയം, കെട്ടിടങ്ങൾ ആർക്ക് വാടകയ്ക്ക് നൽകണമെന്നതിനെക്കുറിച്ച്​ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ല. ഓരോ കെട്ടിട ഉടമയ്ക്കും അയാൾക്ക് ഇഷ്ടപ്പെടുന്നവർക്ക്​ നൽകാം. ഇത്തരം അധികാരം ‘അബ്സല്യൂട്ട്’ ആയി നൽകുന്നതിനുപകരം, അത് ക്രമപ്പെടുത്തി ഓരോ പ്രദേശത്തും സർക്കാർ ഏജൻസി വഴി ആവശ്യക്കാർക്ക് നൽകുന്നതിനെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ടതുണ്ട്. വാടകയ്ക്ക് നൽകാനുദ്ദേശിക്കുന്ന കെട്ടിടവും അതിന്റെ വലിപ്പവും ആഗ്രഹിക്കുന്ന വാടകയും കാണിച്ച്​ കെട്ടിട ഉടമ അപേക്ഷ സമർപ്പിക്കുകയും വാടക കെട്ടിടം ആവശ്യമുള്ളയാൾ അതിനായി അപേക്ഷിക്കുകയും ചെയ്താൽ സർക്കാർ സംവിധാനത്തിലൂടെ ഉടമക്ക് മികച്ച വാടക ലഭിക്കുന്ന രീതിയിൽ സ്വന്തം കെട്ടിടം വാടകക്കു നൽകാനാകും. ഇത്തരമൊരു സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. അ​തോടെ, കെട്ടിടമുടമക്ക് മനുഷ്യരുടെ മതവും ജാതിയും തൊലിയുടെ നിറവും നോക്കി വാടകക്കാരെ നിശ്ചയിക്കാനുള്ള അധികാരം നഷ്ടപ്പെടുകയും ആവശ്യക്കാർക്ക് കൃത്യമായി സ്ഥലം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.

Comments