അപർണ വിശ്വനാഥൻ

‘ജെൻഡർ ന്യൂട്രൽ’ വേഷവുമായി കുട്ടികൾ
​തിരിച്ചുപോകുന്നത്​ നമ്മുടെ വീടുകളിലേക്കല്ലേ?

ഈ ഒരു തുടക്കം കൊണ്ടോ ഈ ഒരു മാറ്റം കൊണ്ടോ മാത്രം ജെൻഡർ ന്യൂട്രൽ സ്പെയ്സിലേക്കോ ജെൻഡർ ഈക്വൽ സ്പെയ്സിലേക്കോ നമ്മൾ എത്തും എന്ന് പ്രതീക്ഷിക്കുകയാണെങ്കിൽ നമ്മുടെ ചർച്ച അനാരോഗ്യകരമാണ് എന്നാണ് തോന്നുന്നത്.

അലി ഹൈദർ: സാമൂഹിക- സാമ്പത്തിക പശ്ചാത്തലങ്ങൾക്കതീതമായി ലോകത്തെല്ലായിടത്തുമുള്ള കുട്ടികളിൽ പത്താം വയസ്സു മുതലാണ്‌ ജെൻഡർ സ്റ്റീരിയോടൈപിങ്ങുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടുകൾ രൂപപ്പെടുകയെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ലിംഗപരമായ നടപ്പു വ്യവസ്ഥ ഏറ്റവും അടിച്ചേൽപിക്കപ്പെടുന്നതും കുട്ടികളിൽ തന്നെ. വസ്ത്രധാരണം ഉൾപ്പടെയുള്ള കാര്യങ്ങളിലൂടെ വിദ്യാർത്ഥികളിൽ ആരംഭിക്കുന്ന ‘ജെൻഡർ ന്യൂട്രൽ’ പ്രക്രിയ കൊണ്ടുമാത്രം മെച്ചപ്പെട്ട ലൈംഗികാവബോധമുള്ള സമൂഹത്തെ രൂപപ്പെടുത്തുക സാധ്യമാണോ?

അപർണ വിശ്വനാഥൻ : കുട്ടികളോട് പറയുന്ന വാക്കുകളും ഇടപെടുന്ന രീതിയും അവരുടെ വളർച്ചാ - രൂപപ്പെടൽ കാലഘട്ടത്തെ സ്വാധീനിക്കുമെന്നത് തീർച്ചയാണ്. വീടുകളിലെ സംഭാഷണ രീതിയും കുട്ടികളെ വേർതിരിച്ച് കാണുന്ന രീതിയുമാണ് ആദ്യം നിർത്തേണ്ടത്. ജെൻഡർ ന്യൂട്രൽ സ്പെയ്സ് / ജെൻഡർ ഈക്വൽ സ്പെയ്സിലേക്കുള്ള ആദ്യ ചുവട് എപ്പോഴും വീട്ടിൽ നിന്നാണ്. എന്നാൽ സ്‌കൂളിൽ നിന്ന് അത് തുടങ്ങുന്നതിന്റെ യുക്തി, സ്കൂൾ നിയതമായ ഘടനയുള്ള ഒരു യൂണിറ്റാണ് എന്നതും ഒരോ സ്‌കൂളിലും പരീക്ഷിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നതുമാണ്. എല്ലാ വീടുകളിലും നമുക്കിത് പരീക്ഷിച്ച് പ്രാവർത്തികമാക്കാൻ കഴിയില്ല. അതാണ് സ്‌കൂളുകളിൽ ജെൻഡറുമായി ബന്ധപ്പെട്ട സംവാദങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത. പക്ഷെ ഒരു കുട്ടി ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ചും ജെൻഡർ ഇക്വാലിറ്റിയെ കുറിച്ചും പഠിക്കുകയും മനസിലാക്കുകയും ചെയ്ത് വൈകുന്നേരം തിരിച്ചു പോകുന്നത് വീടെന്ന ഇക്കോ സിസ്റ്റത്തിലേക്കാണ്. അവിടത്തേത് സ്‌കൂളിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകമാവുമ്പോൾ കുട്ടിക്ക് വരുന്നൊരു ആശയക്കുഴപ്പമുണ്ട്. അത് നമ്മൾ എങ്ങനെ നികത്തും?. ഒരു ഭാഗത്ത് ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ, ആ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വീടുകളിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളേണ്ടതുണ്ട്. അവിടെയും സമാന്തരമായ അവബോധ നിർമിതിയും കാമ്പയിനും നടന്നിട്ടില്ലെങ്കിൽ ഉണ്ടാകുന്ന കോൺഫ്ലിക്​റ്റ്​ കുട്ടികളെ മാനസികമായി സംഘർഷത്തിലാക്കും.

അധ്യാപകരുടെ ഇഷ്ടത്തിനും സൗകര്യത്തിനും വസ്ത്രം ധരിക്കാനുള്ള സ്പെയ്സും സ്വാതന്ത്ര്യവും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നൽകുന്നുണ്ടോ? ഇതും തീർച്ചയായും കുട്ടികളുടെ ചിന്താലോകത്തെ ഏറെ സ്വാധീനിക്കും

ഈ വൈരുധ്യം സ്‌കൂളുകളിലും നിലനിൽക്കുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ പ്രാബല്യത്തിൽ വരുത്തണമെന്ന് പറയുന്ന സ്‌കൂളുകളിൽ തന്നെ വസ്ത്രധാരണത്തിൽ അധ്യാപകർക്കുള്ള ചോയ്‌സ് ഇന്നും പരിമിതമാണ്. കുട്ടികൾ സ്വയമെന്ന പോലെ മറ്റുള്ളവരേയും ഉത്സാഹത്തോടെയും കൗതുകത്തോടെയും അതേ സ്പെയ്സിൽ കാണാൻ ശ്രമിക്കുന്നുണ്ട്. അവിടെ ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവരുന്നുണ്ടോ, അധ്യാപകരുടെ ഇഷ്ടത്തിനും സൗകര്യത്തിനും വസ്ത്രം ധരിക്കാനുള്ള സ്പെയ്സും സ്വാതന്ത്ര്യവും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നൽകുന്നുണ്ടോ, ഇതൊക്കെ തീർച്ചയായും കുട്ടികളുടെ ചിന്താലോകത്തെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ പ്രാബല്യത്തിൽ വരുത്തണമെന്ന് പറയുന്ന സ്‌കൂളുകളിൽ തന്നെ വസ്ത്രധാരണയിൽ അധ്യാപകർക്കുള്ള ചോയ്‌സ് ഇന്നും പരിമിതമാണ് / Photo : A.L.P.School, Thokkampara

നമ്മൾ കാണാത്ത രീതിയിലൂടെയാണ് കുട്ടികൾ ലോകം കാണാൻ ശ്രമിക്കുന്നത്. പുസ്തകത്തിലുള്ളതും അധ്യാപകർ പറയുന്നതും മാത്രമല്ല ഇന്നത്തെ കുട്ടികളുടെ ലോകം. ലീനിയറായി മാത്രം ചിന്തിക്കുകയും ലോകത്തെ കാണുകയും ചെയ്യുന്ന പ്രവണതയിൽ നിന്ന്​ വ്യത്യസ്തമായി വൈവിധ്യബോധത്തിലും, റിഫ്ലക്ടീവ് ആയിട്ടുമാണ് കുട്ടികൾ ലോകം കാണുന്നത്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ചോദ്യങ്ങൾ അവരിൽ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നൊരു സംവിധാനം നടപ്പാക്കുന്നതിനോടൊപ്പം, ജെൻഡർ ന്യൂട്രൽ ആയ ഭാഷ കൂടി നമ്മുടെ ക്ലാസ് റൂമുകളിൽ കൊണ്ടുവരണം. അത് അധ്യാപകരായാലും രക്ഷിതാക്കൾ ആയാലും ഒരേ പോലെ മുൻകൈ എടുത്ത്, പരിശ്രമം നടത്തിയിട്ടില്ലെങ്കിൽ ഫലം ചിലപ്പോൾ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ ആവണമെന്നില്ല.

നമ്മുടെ സ്‌കൂളുകളിലെ അധ്യാപകരിൽ ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ട എത്രപേരെ കാണാം?. അതും ഇൻക്ലൂസിവ് ആയൊരു സ്പെയ്സ് ആക്കി മാറ്റണ്ടേ?. ഇത് വലിയൊരു സാമൂഹിക മുന്നേറ്റത്തിന്റെ, ചെറിയൊരു തുടക്കം മാത്രമാണ്. ഈ ഒരു തുടക്കം കൊണ്ടോ ഈ ഒരു മാറ്റം കൊണ്ടോ മാത്രം ജെൻഡർ ന്യൂട്രൽ സ്പെയ്സിലേക്കോ ജെൻഡർ ഈക്വൽ സ്പെയ്സിലേക്കോ നമ്മൾ എത്തും എന്ന് പ്രതീക്ഷിക്കുകയാണെങ്കിൽ നമ്മുടെ ചർച്ച അനാരോഗ്യകരമാണ് എന്നാണ് തോന്നുന്നത്.

ആൺകുട്ടികൾ ഇപ്പോൾ ധരിക്കുന്ന വസ്ത്രത്തിലേക്ക് പെൺകുട്ടികളെയും കൊണ്ടു വരിക എന്നതല്ല, ജെൻഡർ ന്യൂട്രാലിറ്റി. പാൻറ്​ അല്ലെങ്കിൽ ത്രീ ഫോർത്ത് എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നുണ്ടോ നമ്മുടെ ചർച്ചകൾ ?

പെൺകുട്ടികളുടെ ശരീരത്തെ ചരക്കുവൽക്കരിക്കുന്ന രീതിയാണ് പലപ്പോഴും നമ്മുടെ സ്‌കൂളുകളിലുള്ളത്​. അതുകൊണ്ടാണ് സ്‌കേർട്ട് ഇട്ട് ലോംഗ് ജമ്പോ ഹൈജമ്പോ ചാടരുതെന്ന് നിരന്തരം പെൺകുട്ടികളെ ഓർമപ്പെടുത്തുന്നത്. അവിടെയൊക്കെ വസ്ത്രത്തിന്റെ പേരിൽ പെൺകുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്. കാലങ്ങളായുള്ള പെൺകുട്ടികളുടെ ശരീരത്തിന്മേലുള്ള ഫോക്കസ് ഇതു കൊണ്ട് ഇല്ലാതാക്കാം.

ആൺകുട്ടികൾ ഇപ്പോൾ ധരിക്കുന്ന വസ്ത്രത്തിലേക്ക് പെൺകുട്ടികളെയും കൊണ്ടു വരിക എന്നതല്ല, ജെൻഡർ ന്യൂട്രാലിറ്റി. പാൻറ്​ അല്ലെങ്കിൽ ത്രീ ഫോർത്ത് എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നുണ്ടോ നമ്മുടെ ചർച്ചകൾ ?. അതിൽ മാത്രം ചുരുങ്ങി നിൽക്കരുത് നമ്മുടെ ജെൻഡർ ന്യൂട്രാലിറ്റി ചർച്ചകളും ഇടപെടലുകളും. ഐഡന്റിറ്റിയും എക്‌സ്പ്രഷനും ആരോഗ്യകരമായി പ്രകടിപ്പിക്കാനും അത് അംഗീകരിക്കാനും കഴിയുന്ന ലിബറൽ സ്‌പെയ്‌സുകൾ ഉണ്ടാക്കുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ളൊരു ഇൻക്ലൂസിവ് സ്‌പെയിസാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കാൻ കഴിയൂ.

ഇത് സ്‌കൂളിൽ മാത്രം ചുരുക്കാതെ കോളേജുകളിലേക്കും കൊണ്ടുവരണം. പല കോളേജുകളിലും പെൺകുട്ടികൾക്ക് ലെഗിൻസ് ഇടാനുള്ള സ്വാതന്ത്ര്യം ഇന്നുമില്ലാ എന്നത് എത്രത്തോളം സെക്സിസ്റ്റ് ആയ കാര്യങ്ങളാണ്. ഒരു കുട്ടിക്ക് ഏറ്റവും കൺഫർട്ടായ വസ്ത്രമായിരിക്കാം ലെഗിൻസ്, അതിട്ട് കാമ്പസിൽ കടക്കരുതെന്നാണ് പല സ്ഥാപനങ്ങളും പറയുന്നത്. ആൺകുട്ടികൾക്ക് ടൈറ്റ് ജീൻസ് ഇട്ട് വരാൻ കഴിയുമ്പോൾ പെൺകുട്ടികളുടെ ലെഗിൻസ് അവരുടെ ബോഡിയെ പ്രദർശിപ്പിക്കുന്നതാണെന്ന് പറഞ്ഞുവെക്കുകയുയാണ് ചെയ്യുന്നത്. ഇത്തരം പ്രവണതകൾ നിലനിൽക്കുമ്പോൾ ജെൻഡ്രൽ ന്യൂട്രാലിറ്റിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സംവാദങ്ങളും ഒന്നുകൂടെ വിപുലീകരിച്ചേ മതിയാകൂ.

നമ്മൾ കാണാത്ത രീതിയിലൂടെയാണ് കുട്ടികൾ ലോകം കാണാൻ ശ്രമിക്കുന്നത്. പുസ്തകത്തിലുള്ളതും അധ്യാപകർ പറയുന്നതും മാത്രമല്ല ഇന്നത്തെ കുട്ടികളുടെ ലോകം.

ഇതേ ന്യൂട്രാലിറ്റിയും ആക്സപ്റ്റെൻസും കൊളേജിലാണ് നമ്മൾ കൂടുതൽ കാണിക്കേണ്ടത്. കൗമാരപ്രായത്തിലാണ് ഐഡന്റിറ്റിയും എക്‌സ്പ്രഷൻസും
വ്യക്തികളിൽ കുറച്ചുകൂടി വിശാലമായി വികസിക്കുന്നത്. അതുകൊണ്ട് കൊളേജ് കാലത്താണ് കുട്ടികൾക്ക് കൂടുതലായി എക്സ്പ്രസ് ചെയ്യാനുള്ള സ്പെയ്സ് ക്രിയേറ്റ് ചെയ്തു കൊടുക്കേണ്ടത്. കുട്ടികൾക്കൊപ്പം അധ്യാപകരും മാനേജ്മെന്റും ജെൻഡർ ന്യൂട്രൽ ആശയത്തെ ഉൾക്കൊള്ളുന്നെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താൻ കഴിയൂ. ഇല്ലെങ്കിൽ പകുതിയിൽ വെച്ച് മുറിഞ്ഞുപോകും.

സോഷ്യൽ മീഡിയയിൽ ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾക്കു കീഴെ ടീച്ചർമാരുൾപ്പടെ ഈ ആശയത്തിന് എതിരായി കമൻറിടുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ഇതിന്റെ ആവശ്യകത എന്തെന്ന് രക്ഷിതാക്കൾക്കും അധ്യാപകർക്കും ആദ്യം തന്നെ പൂർണമായും മനസിലാക്കിക്കൊടുത്ത് അവബോധം സൃഷ്ടിക്കാൻ കഴിയണം.

ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട നടപടികളും ചർച്ചകളും സ്വാഗതാർഹമാകു​മ്പോൾ തന്നെ, അവ പ്രാഥമികതലത്തിൽനിന്ന്​ കൂടുതൽ വിപുലമാക്കപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്​. ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോം ധരിച്ച്​ ക്ലാസിലിരിക്കുന്ന വിദ്യാർഥികളുടെ മുന്നിലുള്ള അധ്യാപകർ തന്നെ ഇതേക്കുറിച്ച്​ എന്തുമാത്രം ബോധവാന്മാരാണ്​? പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു സാമൂഹിക ചിന്ത എന്ന നിലക്കുള്ള ഈ വിഷയത്തിന്റെ വികാസം എങ്ങനെയാണ്​ സാധ്യമാകുക?​

ജെൻഡർ ന്യൂട്രൽ സ്‌പെയ്‌സിന്റെ ആവശ്യം എന്താണെന്ന് ഒരു കുട്ടിക്ക് മനസിലാക്കിക്കൊടുക്കണമെങ്കിൽ ലൈംഗികതയെക്കുറിച്ചും ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുമുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. എങ്കിൽ മാത്രമാണ് എന്താണ് ജെൻഡർ എന്നും അതിന്റെ വ്യത്യാസം എന്താണെന്നും കുട്ടികൾക്ക് മനസിലാകൂ. ലിംഗഭേദത്തിൽ ആണും പെണ്ണും മാത്രമല്ല ഉള്ളതെന്നും അതിനിടയിൽ ജെൻഡറിന്റെ അനേകം വകഭേദങ്ങളുണ്ടെന്നും അവയെല്ലാം സ്വാഭാവികമാണെന്നും പഠിപ്പിക്കണം. ലൈംഗികാഭിമുഖ്യങ്ങളെക്കുറിച്ചും പഠിപ്പിക്കണം. സ്‌കൂളുകളിൽ നിന്ന് ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നില്ല എങ്കിൽ ആ അറിവ് നേടാൻ വേറെ വഴി കണ്ടെത്തുകയും അത് ചിലപ്പോൾ തെറ്റായ ധാരണ ലഭിക്കാൻ ഇടവരുത്തുകയും ചെയ്യും.

അവൻ കരഞ്ഞപ്പോൾ അപ്പുറത്തിരിക്കുന്ന ഒരാൾ വളരെ ലാഘവത്തോടെ പെൺകുട്ടികളെ പോലെ കരയരുത് എന്നുപറഞ്ഞു. അതുകേട്ട് അവൻ എന്നോടുവന്ന് ചോദിച്ചു, എനിക്കെന്താ കരയാൻ പാടില്ലേ എന്ന്.

എന്തുകൊണ്ട് ഞങ്ങൾ ഇതുവരെ ഇട്ടിരുന്ന യുണിഫോം മാറ്റി എന്ന് ഒരു കുട്ടി വന്ന് ടീച്ചറോട് ചോദിക്കുമ്പോൾ ആ കുട്ടിയ്ക്ക് തൃപ്തികരവും ജൻഡർ സെൻസിറ്റീവുമായ ഉത്തരം നൽകാൻ അധ്യാപകർക്ക് കഴിയണം. എല്ലാവരെയും ഒരു പോലെ കാണാൻ വേണ്ടിയാണെന്ന് ഉത്തരം നൽകിയാലും അവരിൽ പിന്നെയും കുറെ ചോദ്യങ്ങളുണ്ടാകും. അതിന് ഉത്തരം നൽകാനും ആ ചോദ്യങ്ങളെ അഡ്രസ് ചെയ്യാനും കഴിയണം. Zocio എന്നുപറയുന്ന എന്റെ സ്ഥാപനം തന്നെ ഉണ്ടാവാൻ കാരണം എന്റെ മോന്റെ ഒരു ചോദ്യമാണ്. അവൻ കരഞ്ഞപ്പോൾ അപ്പുറത്തിരിക്കുന്ന ഒരാൾ വളരെ ലാഘവത്തോടെ പെൺകുട്ടികളെ പോലെ കരയരുത് എന്നുപറഞ്ഞു. അതുകേട്ട് അവൻ എന്നോടുവന്ന് ചോദിച്ചു, എനിക്കെന്താ കരയാൻ പാടില്ലേ എന്ന്. പെൺകുട്ടികളെ എന്തുകൊണ്ടാണ് ‘ക്രൈ ബേബീസ്’ എന്നുവിളിക്കുന്നത് എന്ന്. ഇന്നും വളരെ സ്വാഭാവികമായി പല വീടുകളിലും ഉയരുന്ന ചോദ്യമാണത്. ആ ചോദ്യത്തിൽ നിന്നായിരുന്നു Zocio എന്ന എന്റെ സംഘടനയുടെ പിറവി.

കൗമാരപ്രായത്തിലാണ് ഐഡന്റിറ്റിയും എക്‌സ്പ്രഷൻസും വ്യക്തികളിൽ കുറച്ചുകൂടി വിശാലമായി വികസിക്കുന്നത്. അതുകൊണ്ട് കൊളേജ് കാലത്താണ് കുട്ടികൾക്ക് കൂടുതലായി എക്സ്പ്രസ് ചെയ്യാനുള്ള സ്പെയ്സ് ക്രിയേറ്റ് ചെയ്തു കൊടുക്കേണ്ടത് / Photo : Muhammed Fasil

ഇത്തരം ഭാഷ അല്ലെങ്കിൽ സമീപനം ഒറ്റ ദിവസം കൊണ്ട് മാറ്റാൻ പറ്റില്ല. വളരെ ആഴത്തിലുള്ള കോൺഷ്യസ് ആയ കാമ്പയിൻ വേണം അതിന്. നിങ്ങൾ ഒരു പെൺകുട്ടിയാണെന്ന് നിരന്തരം കുട്ടികളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചർമാരുണ്ട്. അത് കുട്ടികളിലുണ്ടാക്കുന്ന ഡാമേജ് എന്താണെന്ന് അവർ മനസിലാക്കുന്നില്ല. അതുകൊണ്ട് യൂണിഫോമിനൊപ്പം അധ്യാപകരുടെ സമീപനത്തിലും സംഭാഷണത്തിലും പെരുമാറ്റത്തിലുമൊക്കെ ജെൻഡർ സെൻസിറ്റിവിറ്റിയോടെ ഇടപെടാൻ കഴിഞ്ഞാൽ മാത്രമേ ഇതിനൊരു ഇംപാക്ട് ഉണ്ടാവുകയുള്ളൂ.

ഒരു പേടിയും കൂടാതെ എന്തുപ്രശ്‌നമാണെങ്കിലും അത് എന്റെയടുത്ത് ഷെയർ ചെയ്യാൻ ഒരു സ്‌പെയ്‌സ് കുട്ടികളുടെയടുത്ത് ഞാൻ ഉണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

ടീച്ചർ കുട്ടികളുമായി എങ്ങനെ കണക്​റ്റ്​ ചെയ്യുന്നു എന്നതിനേക്കാൾ കൂടുതൽ ആ ടീച്ചറുടെ വസ്ത്രധാരണ രീതിയിലൂടെ എങ്ങനെ കണക്​റ്റു ചെയ്യാം എന്ന പുരാതനമായ ചിന്തയിലൂടെയാണ് ഇന്നും നമ്മുടെ സംവിധാനം ട്രാവൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ടീച്ചർ ജീൻസ് ഇട്ടുവന്നാൽ കുട്ടികളുമായി കണക്​റ്റു ചെയ്യാൻ പറ്റില്ല എന്നാണോ. അധ്യാപക- വിദ്യാർത്ഥി ബന്ധം വസ്ത്രത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല. കുട്ടിക്കൊരു പ്രശ്‌നം വരുമ്പോൾ ടീച്ചർ എങ്ങനെ അഡ്രസ് ചെയ്യുന്നു എന്നതിലൂടെയാണ്​, അല്ലെങ്കിൽ കുട്ടിക്ക് ടീച്ചറുടെ അടുത്ത് എത്താൻ പറ്റുന്നുണ്ട് എന്നതിലൂടെയാണ്​. അല്ലാതെ വസ്ത്രം ഒരു ഘടകമല്ല. ടീച്ചർക്ക് കംഫർട്ടായ വസ്ത്രം ഏതാണോ അതിടാൻ പറ്റുന്ന സ്‌പെയ്‌സ് എല്ലാ കലാലയങ്ങളിലും ഉണ്ടാവണം. ഒരു പേടിയും കൂടാതെ എന്തുപ്രശ്‌നമാണെങ്കിലും അത് എന്റെയടുത്ത് ഷെയർ ചെയ്യാൻ ഒരു സ്‌പെയ്‌സ് കുട്ടികളുടെയടുത്ത് ഞാൻ ഉണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സാരി ഉടുത്താലേ കുട്ടികൾക്ക് അധ്യാപകരോട് ബഹുമാനം ഉണ്ടാവൂ എന്ന ചിന്ത എത്ര ബാലിശമാണ്. അധ്യാപകരുടെ ചിന്ത പൂർണമായും നവീകരിച്ചേ പറ്റൂ. ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അലി ഹെെദർ

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റർ

അപർണ വിശ്വനാഥൻ

എഴുത്തുകാരി, എഡ്യൂക്കേഷനിസ്റ്റ്, സാമൂഹിക പ്രവർത്തക. സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപക.

Comments