ഡോ. പ്രസന്നൻ പി.എ / Photo: Muhammed Hanan

കറക്​റ്റ്​ ​ചെയ്യേണ്ടത്​ ഏതാണ്​?
ഉന്തിയ പല്ലോ പി.എസ്​.സി മാന്വ​ലോ?

മുമ്പ് എഴുതിവക്കപ്പെട്ട ഒരു വ്യവസ്​ഥ അന്ധമായി പിന്തുടരുന്നതിലെ പ്രശ്‌നം ഇതിലുണ്ട്​. ഫോറസ്റ്റ് ഓഫീസർക്ക് നല്ല ഉയരമുണ്ടായിരിക്കണം, ശരീരം വളരെ ഹെൽത്തിയായി തോന്നണം തുടങ്ങി പരമ്പരാഗതമായി പിന്തുടരുന്ന ചില കോൺസെപ്റ്റുകളുണ്ടല്ലോ. ‘കോസ്‌മെറ്റിക് അപ്പിയറൻസി’ന്റേതായ ഒരളവുകോലുണ്ട്, അതൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്.

കെ. കണ്ണൻ: അട്ടപ്പാടി ആനവായ് ഊരിലെ ഗോത്രവർഗക്കാരനായ മുത്തുവിന് ഉന്തിയ പല്ലുണ്ട് എന്നത് അയോഗ്യതയായി കണ്ട് പി.എസ്.സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിച്ച സംഭവം ചർച്ച ചെയ്യപ്പെടുകയാണല്ലോ. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ച മുത്തുവിന്റെ മെഡിക്കൽ പരിശോധനയിലാണ്, ഉന്തിയ പല്ലിന്റെ കാര്യം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നത്. ഈ ജോലിക്കുള്ള യോഗ്യതയുടെ മാന്വലിൽ, ഉന്തിയ പല്ല് ഒരു അയോഗ്യതയായി പറയുന്നുണ്ട്. ചെറുപ്പത്തിൽ വീണതിനെതുടർന്നാണ് മുത്തുവിന്റെ മുൻനിരയിലെ പല്ല് മുന്നോട്ട് ഉന്തിയത്. ഇത് ചികിത്സിച്ച് ശരിപ്പെടുത്താവുന്ന താൽക്കാലിക അയോഗ്യതയാണെന്നും പറയുന്നു. മികവിനെയും യോഗ്യതകളെയും കുറിച്ച് പുതിയ തിരിച്ചറിവുകളിലേക്ക് സമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മികവിനെയോ ജോലി ചെയ്യാനുള്ള ശേഷിയെയോ ബാധിക്കാത്ത ഇത്തരം ശാരീരിക പ്രശ്‌നങ്ങൾ യോഗ്യതാ മാനദണ്ഡമാക്കുന്നത് അനീതിയല്ലേ?

ഡോ. പ്രസന്നൻ പി.എ.: ശാരീരിക പ്രശ്‌നങ്ങൾ അയോഗ്യതയായി പരിഗണിക്കപ്പെടുന്ന ചില മേഖലകളുണ്ട്. ഉദാഹരണത്തിന്, ഒരുപാട് സംസാരവ്യക്തത വേണ്ട, കൗൺസിലർ പോലെയോ കോൾ സെന്ററിലേതുപോലെയോ ഉള്ള ജോലിയാണെന്നുവക്കുക. അങ്ങനെയുള്ളവർക്ക് ഉന്തിയ പല്ലിനൊപ്പം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കരുതുക. അത് ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. എന്നാൽ, ഇവിടെ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികക്ക് ഉന്തിയ പല്ല് എങ്ങനെയാണ് അയോഗ്യതയാകുന്നത് എന്നതിന് പ്രത്യേക വിശദീകരണം പി.എസ്.സി മാന്വലിൽ ഇല്ല. മാത്രമല്ല, പല്ലിന്റെ കാര്യത്തിൽ വിദഗ്ധരായവർക്കുതന്നെ, ഈ തസ്തികക്ക് ഉന്തിയ പല്ലുണ്ടായാൽ എന്താണ് അയോഗ്യത എന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയത്തിലെത്താനുമായിട്ടില്ല.

മുത്തു

മുമ്പ് എഴുതിവക്കപ്പെട്ട ഒരു വ്യവസ്​ഥ അന്ധമായി പിന്തുടരുന്നതിലെ പ്രശ്‌നം ഇതിലുണ്ടെന്നാണ് തോന്നുന്നത്. ഒരു ഓഫീസർ കാണാൻ എങ്ങനെയായിരിക്കണം എന്നതിന് പരമ്പരാഗതമായി പിൻതുടരുന്ന ചില കോൺസെപ്റ്റുകളുണ്ട്. ‘കോസ്‌മെറ്റിക് അപ്പിയറൻസി’ന്റേതായ ഒരളവുകോൽ. അതൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. കറുത്തവരെ എയർ ഹോസ്റ്റസ് ആക്കില്ല, ‘ശരീരഭംഗി'യില്ലാത്തവരെ ഹോസ്പിറ്റാലിറ്റി ജോലിക്ക് എടുക്കില്ല തുടങ്ങിയ പരമ്പരാഗത വ്യവസ്ഥകൾ ഇപ്പോഴും നടപ്പാക്കപ്പെടുന്നുണ്ട്​. എന്നാൽ, ഒരു ഗവൺമെൻറ്​ ജോലിയിൽ കാലാകാലങ്ങളായി പിന്തുടരുന്ന മാന്വലുകൾ ഒരുതരം പുനരാലോചനയുമില്ലാതെ, വിവേകരഹിതമായി അപ്ലൈ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. ബാക്കി എല്ലാ സെലക്ഷൻ പ്രോസസിലും യോഗ്യത തെളിയിച്ച ഒരാൾക്ക് ഇതുമാത്രമാണ് പ്രശ്‌നമെങ്കിൽ, ഇത്ര സമയത്തിനുള്ളിൽ പരിഹരിച്ചുവരണം എന്ന് പറയാവുന്നതേയുള്ളൂ. കാലിന് വളവുള്ളതുകൊണ്ടുമാത്രം ജോലി നിഷേധിക്കപ്പെട്ട നിരവധി പേരുണ്ടാകാം. അവർ ആ അവസ്ഥ സ്വഭാവികമെന്നവണ്ണം സ്വീകരിച്ചതുകൊണ്ടാകാം മുമ്പ് ചർച്ചയാകാതിരുന്നത്. ഇപ്പോൾ ഈ വിഷയം ചർച്ചയായത് വളരെ നല്ല കാര്യമാണ്.

ഇത്തരത്തിൽ ഒരു നിയമം മുന്നിലുള്ളപ്പോൾ, അതുവച്ച് ഒഴിവാക്കപ്പെടുന്ന മനുഷ്യരിൽ ഏറെയും ആദിവാസികളും പിന്നാക്കക്കാരുമൊക്കെയാകാനുള്ള സാധ്യത ഏറെയാണ് എന്നത് ശരിയാണ്. ഈ വ്യക്തി ഫോറസ്റ്റ് ഓഫീസറായി വരുമ്പോൾ, ഈ പറയുന്ന ‘അയോഗ്യത' വച്ച് സമൂഹം അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന തോന്നലുണ്ടാകാം.

വ്യക്തിപരമായ ഒരനുഭവം പറയാം. 1993-94 കാലത്ത്, എം.ബി.ബി.എസ് കഴിഞ്ഞ സമയത്ത് സൈന്യത്തിൽ ജോലി ചെയ്യണമെന്ന തോന്നലുണ്ടായി. ഡൽഹിയിലായിരുന്നു ഇന്റർവ്യൂ. എല്ലാ പ്രോസസും വിജയകരമായി പൂർത്തിയാക്കി, മെഡിക്കൽ ടെസ്റ്റാണ് ബാക്കിയുള്ളത്. വായിക്കാൻ ഗ്ലാസ് വെക്കേണ്ട ഒരു പ്രശ്‌നം മാത്രമാണ് കണ്ണിനുള്ളത്. ഒഫ്താൽമോളജിസ്റ്റ് ഹിന്ദി സെൻസിറ്റീവ് ആയി ഉപയോഗിക്കുന്നയാളാണ്. ആദ്യം മുതലേ പരുഷമായാണ് അദ്ദേഹം എന്നോട് പെരുമാറുന്നത്. എനിക്ക് ഹിന്ദി അറിയില്ല എന്നറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഭയങ്കര ദേഷ്യം വന്നു. കണ്ണട വച്ച് ഞാൻ വായിച്ചെങ്കിലും അദ്ദേഹം പറയുന്ന ചില ഹിന്ദി വാക്കുകൾ എനിക്ക് മനസ്സിലായില്ല. റിപ്പോർട്ടിൽ ‘ഗ്രേഡ് 3 ബൈനോക്കുലർ വിഷൻ, യു ആർ പെർമെനൻറ്​ലി ഡിസ്‌ക്വാളിഫൈഡ് ഫോർ ആർമി ജോബ്' എന്നാണ് എഴുതിയത്. ഞാൻ തിരിച്ചുവന്ന് ഒഫ്താൽമോളജിസ്റ്റുകളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ഇതൊരു അയോഗ്യത അല്ല എന്നാണ്. കാരണം, യുദ്ധമുന്നണിയിൽ യുദ്ധം ചെയ്യലല്ല, പരിക്കേറ്റവരെ ചികിത്സിക്കുന്നതാണ്​ ഈ ജോലി. അതിൽ ഇത് ഒരു വിഷയമേയല്ല. ഒന്നുകിൽ, ഡൽഹിയിലെ ഡോക്​ടർ അപ്പോഴത്തെ മൂഡ് അനുസരിച്ച് എഴുതിവച്ചതാകാം. അപ്പീൽ പോകാം എന്നല്ലാതെ മറ്റുവിധത്തിൽ ഇതിനെ ചോദ്യം ചെയ്യാനാകില്ല. ആ സമയത്ത്​ എൻട്രൻസ്​ കിട്ടിയതുകൊണ്ട്​ ഞാൻ അപ്പീലിലിന് പോയില്ല. സൈന്യത്തിലേക്കുള്ള റിക്രൂട്ടുമെന്റിൽ ഹെർണിയ ഒരു ടെംപററി അയോഗ്യതയാണ്. ഹെർണിയ നമ്മുടെ വയറിന്റെ മാംസപേശികളുടെ വീക്ക്‌നസ് മൂലമുണ്ടാകുന്നതാണ്. മസിൽ നന്നായി ഉപയോഗിക്കുന്ന അവസരത്തിൽ ഹെർണിയ കൂടുതൽ പ്രശ്‌നമാകാം. സെലക്ഷൻ പ്രോസസിൽ, അത് കറക്റ്റുചെയ്തിട്ടുവരൂ എന്നു പറയും. അതിനുശേഷം നിയമനം നൽകുകയും ചെയ്യും.

പി.എസ്.സി മാന്വലിൽ നിന്ന്

മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർ, തന്റെ മുന്നിലുള്ള മാന്വലിലെ വ്യവസ്ഥ അനുസരിച്ച് എന്തൊക്കെ ശാരീരികപ്രത്യേകതകളാണ് ഈ വ്യക്തിയിലുള്ളത് എന്നാണ് നോക്കുക. മറ്റൊരു ഫിൽറ്ററിംഗ് പ്രോസസ് ഇല്ല. ഉന്തിയ പല്ലുണ്ടെങ്കിൽ, അത് ഈ ജോലിക്ക് പ്രശ്‌നമാകാൻ സാധ്യതയുണ്ടോ, നേരെയാക്കാൻ പറ്റുമോ, എങ്കിൽ അതിന് എത്ര സമയം കൊടുക്കാം, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് എന്ത് സഹായം നൽകാം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്ന ഒരു ഫിൽറ്ററിംഗ് പ്രോസസ് ഉണ്ടായിരുന്നുവെങ്കിൽ, ഈ പ്രശ്‌നം ഒഴിവാക്കാനാകുമായിരുന്നു.

പരമ്പരാഗതമായി പിന്തുടരുന്ന ഇത്തരം ഫിൽറ്ററിംഗ് പ്രോസസുകളുടെ പ്രധാന പ്രശ്‌നം, ഇവയിലൂടെ ഒഴിവാക്കപ്പെടുന്നവരിൽ ഏറെയും ഇത്തരം ആദിവാസി, പിന്നാക്ക, ദലിത് മേഖലയിലുള്ളവരായിരിക്കും എന്നതാണ്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ ഉന്തിയ പല്ലാണോ പി.എസ്.സി മാന്വലാണോ കറക്റ്റ് ചെയ്യപ്പെടേണ്ടത് എന്നതാണ് കാതലായ ചോദ്യം എന്നു തോന്നുന്നു. തുല്യതയിലും മനുഷ്യാവകാശങ്ങളിലും അധിഷ്​ഠിതമായി, നിയമങ്ങളുടെ നവീകരണമല്ലേ ഇതിനുള്ള യഥാർഥ പരിഹാരം?

ആദിവാസിയായതുകൊണ്ടാണ് മുത്തു എന്ന യുവാവിന് ജോലി നിഷേധിക്കപ്പെട്ടത് എന്ന് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ വച്ച് എനിക്ക് തോന്നിയിട്ടില്ല. ആദിവാസി അല്ലെങ്കിലും ഈ നിബന്ധന വച്ച് ജോലി നിഷേധിക്കപ്പെടുമായിരുന്നു. അതേസമയം, ഇത്തരത്തിൽ ഒരു നിയമം മുന്നിലുള്ളപ്പോൾ, അതുവച്ച് ഒഴിവാക്കപ്പെടുന്ന മനുഷ്യരിൽ ഏറെയും ആദിവാസികളും പിന്നാക്കക്കാരുമൊക്കെയാകാനുള്ള സാധ്യത ഏറെയാണ് എന്നത് ശരിയാണ്. ഈ വ്യക്തി ഫോറസ്റ്റ് ഓഫീസറായി വരുമ്പോൾ, ഈ പറയുന്ന ‘അയോഗ്യത' വച്ച് സമൂഹം അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന തോന്നലുണ്ടാകാം. ഒരു ഐ.എ.എസ് ഓഫീസർ ആദിവാസിയാണെങ്കിൽ, അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് ലഭിക്കുന്ന വെയ്‌റ്റേജും ആദിവാസിയല്ലാത്ത ഒരു ഐ.എ.എസുകാരൻ പറയുന്നതിന് കിട്ടുന്ന വെയ്‌റ്റേജും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പല അനുഭവങ്ങളും കാണിച്ചുതരുന്നത്. അത് യാഥാർഥ്യം തന്നെയാണ്. എന്നാൽ, മുത്തുവിന്റെ വിഷയത്തിൽ ഇത് വർക്കൗട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള വിവരങ്ങൾ വച്ചുകൊണ്ട് പറയാനാകില്ല.

പുതിയ കാലത്ത്​, അസെസ്സ്‌മെൻറ്​ പ്രോസസ് പൊസീറ്റീവായിരിക്കണം. ഒരു അസെസ്സ്‌മെന്റിൽ ഒരാളെ എങ്ങനെ ജോലിക്കെടുക്കാം എന്ന പൊസിറ്റീവ് അപ്രോച്ച് ആണോ അതോ ജോലി കൊടുക്കേണ്ട എന്ന അപ്രോച്ചാണോ വർക്ക് ചെയ്യുന്നത് എന്നതാണ് പ്രശ്‌നം.

ശരീരത്തിന്റെ അപ്പിയറൻസ് ഇപ്പോഴും സ്വാധീനിക്കപ്പെടുന്ന ഒരു കാര്യമാണ്. ഇന്റർവ്യൂവിന് ടൈയും കോട്ടുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ. ഈ അവസ്ഥ കുറെയൊക്കെ മാറുന്നുണ്ട്, എങ്കിലും സെലക്ഷനിൽ സ്വാധീനിക്കപ്പെടുന്നുണ്ട്.
സാമ്പത്തിക സാഹചര്യമുള്ള ഒരാളായിരുന്നുവെങ്കിൽ ഉന്തിയ പല്ല് കറക്റ്റ് ചെയ്‌തേനേ. ഇത് ചെലവേറിയ ഒരു കാര്യമാണ്. ക്ലിനിക്കോ ആശുപത്രിയോ പറയുന്ന ചാർജാണ് സാധാരണ ഈടാക്കുന്നത്, അല്ലാതെ ഈ ചികിത്സക്ക് സ്റ്റാൻഡഡൈസേഷനില്ല. സർക്കാർ തലത്തിൽ ഇത് എത്രമാത്രം ചെയ്തുകിട്ടുന്നുണ്ട് എന്നറിയില്ല. അതുകൊണ്ടുതന്നെ, ഇത്തരം കാര്യങ്ങൾ കൂടുതൽ ബാധിക്കുക പിന്നാക്കാവസ്ഥയിലുള്ളവരെയാണ്. ഉന്തിയ പല്ല് ശരിയാക്കാൻ ഈ യുവാവ് ശ്രമിച്ചിട്ടുണ്ടാകും, അത് നടക്കാതെവന്നപ്പോൾ ജോലി കിട്ടിയശേഷം ശരിയാക്കാം എന്നും വിചാരിച്ചിട്ടുണ്ടാകാം.

ഒരു ഐ.എ.എസ് ഓഫീസർ ആദിവാസിയാണെങ്കിൽ, അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് ലഭിക്കുന്ന വെയ്‌റ്റേജും ആദിവാസിയല്ലാത്ത ഒരു ഐ.എ.എസുകാരൻ പറയുന്നതിന് കിട്ടുന്ന വെയ്‌റ്റേജും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പല അനുഭവങ്ങളും കാണിച്ചുതരുന്നത്. ഡോ: ബാബാസാഹിബ് അംബേദ്കർ എന്ന സിനിമയിൽ നിന്ന്

പുതിയ കാലത്ത്​, അസെസ്സ്‌മെൻറ്​ പ്രോസസ് പൊസീറ്റീവായിരിക്കണം. ഒരു അസെസ്സ്‌മെന്റിൽ ഒരാളെ എങ്ങനെ ജോലിക്കെടുക്കാം എന്ന പൊസിറ്റീവ് അപ്രോച്ച് ആണോ അതോ ജോലി കൊടുക്കേണ്ട എന്ന അപ്രോച്ചാണോ വർക്ക് ചെയ്യുന്നത് എന്നതാണ് പ്രശ്‌നം. ഈ വ്യക്തിയെ സഹായിക്കണം, ഒരു വഴിയുമില്ലെങ്കിൽ മാത്രമേ അയോഗ്യനാക്കാവൂ എന്ന സമീപനമാണ് വേണ്ടത്. പരിഷ്‌കൃത സമൂഹത്തിലെ അസെസ്സ്‌മെന്റുകൾ അങ്ങനെയാണ് പ്രയോഗിക്കേണ്ടത്. യോഗ്യതാനിർണയ പ്രക്രിയ ഒരാളെ നിഷേധിക്കാനാകരുത് എന്നർഥം. പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും തൊഴിൽ തെരഞ്ഞെടുപ്പിലും ഇത്തരമൊരു സമീപനമാണുള്ളത്​. ടെക്‌നോളജിക്കലായ പല കാര്യങ്ങൾക്കും ഇപ്പോൾ വിദ്യാഭ്യാസയോഗ്യത മാത്രമല്ല മാനദണ്ഡം. എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാൻ അറിയും എന്നാണ് ടെക് കമ്പനികളടക്കം നോക്കുന്നത്. പരമ്പരാഗത പരീക്ഷകളിൽ തിളങ്ങുന്നവരാകണമെന്നില്ല തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ സമ്പ്രദായത്തിൽ അക്കാദമിക് ബ്രില്യൻസ് എന്നത് ഏറ്റവും പ്രധാന ഘടകമല്ല. പുതിയ ലോകത്ത് പുതിയ തെരഞ്ഞെടുപ്പുസമ്പ്രദായം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

പി.എസ്.സിയുടെ മാന്വൽ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായതാണെങ്കിൽ അതിനൊരു നവീകരണപ്രക്രിയ ഉണ്ടായിട്ടില്ല. വീണ്ടും ഇവാലുവേറ്റ് ചെയ്ത് മാറ്റണം എന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ, വൈകാരികമായ അംശം മാറ്റിവച്ച് മുത്തുവിന് ജോലി കിട്ടാൻ പ്രായോഗികമായി എന്തുചെയ്യാൻ കഴിയും എന്ന് സർക്കാർ തലത്തിൽ പരിശോധന നടക്കണം. താൽക്കാലിക തടസം മാത്രമാണെങ്കിൽ അദ്ദേഹത്തിന് ആ ജോലി കൊടുക്കാനുള്ള തീരുമാനമുണ്ടാകണം. അതിലൂടെ, ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ നയപരമായ തീരുമാനത്തിലെത്താനും കഴിയണം. ▮


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments