പേവിഷബാധ മരണങ്ങൾ സംഭവിക്കരുത്

രോഗബാധയുണ്ടായാൽ നൂറ് ശതമാനം മരണപ്പെടാനും അതേ അവസരത്തിൽ വേണ്ട പ്രതിരോധ ചികിത്സ നൽകിയാൽ നൂറ് ശതമാനം രക്ഷ നേടാനും പറ്റുന്ന ഒരു രോഗമായാണ് പേവിഷബാധയെ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് വരുന്നത്. അതേ അവസരത്തിൽ വേണ്ട വാക്സിൻ ഡോസുകൾ നൽകിയാലും അപൂർവ്വ അവസരങ്ങളിൽ രോഗികൾ പേവിഷബാധ മൂലം മരണപ്പെടാറുള്ളത് മുൻപ് ഉദ്ധരിച്ച പാഠത്തിന് അപവാദമായി വിരളമായി സംഭവിക്കാറുമുണ്ട്. ഇത് വാക്സിൻ അതിന് വേണ്ടതായ പ്രതിരോധ ഉത്തേജനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് മുമ്പ് തന്നെ റാബീസ് വൈറസുകൾ ഞരമ്പുകൾ വഴി തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നത് കൊണ്ടാണത് എന്ന് ശാസ്ത്രീയ വിശദീകരണവുമുണ്ട്.

മുറിവുകളുടെ ആഴം, എണ്ണം, സ്ഥാനം - പ്രത്യേകിച്ച് അവയുടെ തലച്ചോറിലേക്കുള്ള ദൂരം - ഇവയൊക്കെയാണ് ഈ ഇങ്കുബേഷൻ സമയത്തെ നിർണ്ണയിക്കുന്നത്. അതിനാൽ മുഖത്തേൽക്കുന്ന മുറിവുകളിൽ ഇതിന് സാധ്യത കൂടുതലുമുണ്ട് എന്നതു ശാസ്ത്രീയമായി അംഗീകരിച്ച സത്യവുമാണ്.

മുമ്പ് കാലത്ത് സാധരണ ഇന്ത്യയിൽ നൽകപ്പെട്ടിരുന്ന പൊക്കിളിന് ചുറ്റും നൽകപ്പെടുന്ന നെർവ്‌ ടിഷ്യൂവാക്സിൻ ഫലപ്രാപ്തിക്കുറവിന്റെയും തീവ്രമായ പാർശ്വഫലങ്ങളുടേയും പേരിൽ 2004ൽ കേന്ദ്ര സർക്കാർ നിർത്തലാക്കിയതാണ്. അതേ അവസരത്തിൽ ഉയർന്ന ഫലപ്രാപ്തിയും തീരെ പാർശ്വഫലങ്ങളുമില്ലാത്ത സെൽ കൾച്ചർ വാക്സിനുകൾ വില കൂടുതലുള്ളതിനാൽ സാധാരണക്കാർക്ക് ലഭ്യമല്ലാതെയുമായി.

വാക്സിൻ കിട്ടാത്തതിനാൽ രാജ്യത്ത് പേവിഷബാധകൂടി വരാൻ തുടങ്ങി. ഇതേ അവസരത്തിൽ തന്നെ ഇവിടെ പേശികളിൽ നൽകപ്പെടുന്ന സെൽ കൾച്ചർ കുത്തിവെയ്പ്പ് (1 ml) അഞ്ചിലൊന്ന് മാത്രം അളവിൽ (0.1 ml×2) തൊലിക്കിടയിൽ ( Intradermal ) നൽകിയാൽ ഇതിനോടൊപ്പമോ, കൂടുതലോ പ്രതിരോധം ലഭിക്കുമെന്ന തെളിവിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ തൊലിക്കിടയിൽ കൂടി വാക്സിൻ നൽകുന്ന രീതി തൊണ്ണൂറുകളിൽ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പിൻബലത്തിൽ രാജ്യത്തെ പൊതുജനാരോഗ്യ പ്രവർത്തകർ സുപ്രിം കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് ഇന്ത്യയിൽ 2007 ൽ അഞ്ചിലൊന്ന് ഔഷധവും, സാമ്പത്തിക ചെലവും മാത്രം വേണ്ട ഇൻട്രാ ഡെർമൽ രീതി രാജ്യത്ത് അംഗീകരിച്ച് നടപ്പിലാക്കി തുടങ്ങിയത്.

പേശികളിൽ നൽകപ്പെടുന്ന സെൽ കൾച്ചർ കുത്തിവെയ്പ്പ് അഞ്ചിലൊന്ന് മാത്രം തൊലിക്കിടയിൽ നൽകിയാൽ മെച്ചപ്പെട്ട പ്രതിരോധം ലഭിക്കുമെന്ന തെളിവിൻറെ അടിസ്ഥാനത്തിൽ തൊലിക്കിടയിൽ വാക്സിൻ നൽകുന്ന രീതി തൊണ്ണൂറുകളിൽ തന്നെ ആരംഭിച്ചിരുന്നു.

ഇതിന് ശേഷം മൃഗങ്ങളുടെ കടിയേൽക്കുന്ന മിക്കപേർക്കും വാക്സിൻ ലഭ്യമാക്കുന്നതിനാൽ പേവിഷബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണം വളരെക്കുറഞ്ഞ് വന്നു കൊണ്ടിരിക്കയായിരുന്നു.

കേരളത്തിലെ കണക്ക് നോക്കിയാൽ പ്രതിവർഷം ശരാശരി ഒന്നര ലക്ഷത്തോളം പേർ പേവിഷ ബാധക്കെതിരായി കുത്തിവെയ്പുകൾ എടുക്കുന്നുണ്ട്. ഇൻട്രാ ഡെർമൽ കുത്തിവെയ്പ്പ് നടപ്പിലാക്കിയതിന് ശേഷം (2009 )പേവിഷബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണം കുറഞ്ഞ് പത്തിൽ താഴെ മാത്രമാണ് (രണ്ട് തൊട്ട് ഏഴു വരെ). എന്നാൽ ഇതിന് വിരുദ്ധമായി കഴിഞ്ഞ രണ്ട് വർഷമായി പേവിഷബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം കൂടിവരികയാണ്. 2021 ൽ പതിനൊന്ന് പേരും 2022 ൽ ഇത് വരെ മാത്രം പതിനാലു പേരും പേവിഷബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ഇവരിൽ വലിയൊരു ശതമാനം പേവിഷബാധക്കെതിരെ 3- 4 ഡോസ് കുത്തിവെയ്പ്​ എടുത്തവരുമാണ്.

രാജ്യത്ത് 18,000ലേറെ പേരാണ് പേവിഷബാധമൂലം മരിക്കുന്നത് എന്നാണ് കണക്ക്. ഇത് ഏഷ്യയിൽ മരിക്കുന്നവരുടെ 60 ശതമാനം വരും. പ്രതിവർഷം മൂന്നുകോടി പേവിഷ വാക്‌സിൻ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ഇമ്യുണോളജിക്കൽസ് എന്ന പൊതുമേഖലാ കമ്പനി നിർമിച്ച് സൗജന്യമായാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്.

പ്രതിരോധം ലഭിക്കുവാൻ മൂന്ന് ഡോസ് വാക്സിൻ മതി എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ ഗൈഡ് ലൈനിൽ നിർദ്ദേശിക്കുന്നത്.
അതിനാൽ വാക്സിൻ എടുത്തിട്ടും മരണപ്പെട്ട പാലക്കാടുള്ള കോളേജ് വിദ്യാർത്ഥിനിയുടെ മരണം വെറും ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിവിധ ജില്ലകളിൽ നിന്നും ഇത്തരം മരണങ്ങൾ അസാധാരണമായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിനാൽ പതിവിന് വിപരീതമായ ഇതിന്റെ കാരണങ്ങളെ കണ്ടെത്തി പരിഹാരം കണ്ടെത്താൻ എപിഡിമിയോളജി ശാസ്ത്രീയ രീതികളിലുള്ള ഇൻവെസ്റ്റിഗേഷനുകൾ സർക്കാർ തലത്തിൽ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്.

റാബീസ് മരണങ്ങൾ കൂടുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി വിശദമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്:

ഒന്ന് - നമ്മുടെ നാട്ടിൽ 95% ലധികം പേർക്കും പേവിഷ ബാധയേൽക്കുന്നത് പട്ടികളുടെ കടിയേറ്റിട്ടാണ്. അതിനാൽ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്ത് പട്ടി കടിയേൽക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടോ എന്ന് പരിശോധിക്കണം. ചിലപ്പോൾ പട്ടികളുടെ എണ്ണം കൂടുമ്പോൾ ഇതിനുള്ള സാധ്യതയുണ്ട് - അതിനാൻ അതിന്റേയും കണക്കെടുക്കേണ്ടതുണ്ട്.

കോവിഡിന്റെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭക്ഷ്യ ലഭ്യത മൂലവും മാലിന്യ മാനേജ്മെന്റ് ശരിയായി നടക്കാത്തതിനാലും തെരുവ് പട്ടികളുടെ എണ്ണം കൂടി വരാനായി സാധ്യത ക ളുണ്ടായിട്ടുണ്ട്.

രണ്ട്: മനുഷ്യരുടെ ഇടയിൽ കഴിയുന്ന പട്ടികളിലേക്ക് റാബീസ് വൈറസുകൾ എത്തപ്പെടുന്നത് വന്യമൃഗങ്ങളിൽ നിന്നാണ്. പ്രത്യേകിച്ച് നാട്ടിലിറങ്ങുന്ന കുറുക്കന്മാരിൽ നിന്നാണ്. കഴിഞ്ഞ വർഷങ്ങളിലെ ലോക്ക് ഡൗൺ കാലത്ത് കുറുക്കന്മാരടക്കം പല വന്യമൃഗങ്ങളും എണ്ണം കൂടി നാട്ടിലിറങ്ങി പട്ടികളുമായി അധികമായി ഇടകലർന്നിട്ടുള്ളത് വൈറസിന്റെ വ്യാപനം ഇവിടെ കൂടാൻ കാരണമായിട്ടുണ്ടാവണം.

മൂന്ന്: വൈറസുകളിലെ ജനിതക വ്യതിയാനം മൂലം അവയുടെ വ്യാപക രീതിക്കും( Transmission) വീര്യത്തിനും( Virulence)
വ്യത്യാസങ്ങൾ വരാം. അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കിൽ സമീപ സംസ്ഥാനങ്ങളിലും ഈ സമയത്ത് പേവിഷബാധ കേസുകൾ കൂടേണ്ടതാണ്. ഇത് ശരിയായി തിരിച്ചറിയാൻ വൈറോളജി പഠനങ്ങൾ വേണ്ടതുണ്ട്.

നാല്: പേവിഷബാധക്കെ തിരെ പ്രതിരോധം ലഭ്യമാകണമെങ്കിൽ ഒരു ഡോസ് വാക്സിന് 2.5 ഇന്റർനാഷനൽ യൂനിറ്റ് പൊട്ടൻസി വേണ്ടതുണ്ട്.
വിവിധ കമ്പിനികളിൽ നിന്ന് ഓരോ ബാച്ചും വാക്സിനുകൾ നിർമ്മിച്ച് വിതരണം ചെയ്യുമ്പോൾ അതിന്റെ പൊട്ടൻസി( Potency) ടെസ്റ്റ് നടത്തിയാണ് നൽകേണ്ടത് എന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഫാർമസികളിൽ നിന്നും റാൻഡം സാമ്പിളുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാരം ഡ്രഗ് കൺട്രോൾ വിഭാഗം നോക്കേണ്ടതുണ്ട്.

നിലവിലുള്ള വാക്സിനുകൾ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനങ്ങളുടെ പരിപാലനം കാര്യക്ഷമതയും പരിശോധിക്കണം.

നിർമ്മാണ കമ്പിനികളിൽ നിന്ന് വിതരണം ചെയ്ത് രോഗികൾക്ക് നൽകുന്നത് വരെ വാക്സിനുകൾ 4 തൊട്ട് 8 ഡി ഗ്രി സെന്റീ ഗ്രേഡിൽ കോൾഡ് ചെയിനിൽ സൂക്ഷിക്കണമെന്നുണ്ട്. അതിനാൽ ഫാർമസികൾ, ആശുപത്രികളിൽ ഇവിടങ്ങളിൽ വിതരണത്തിനെത്തിയ വാക്സിനുകളുടെ സാമ്പിളുകൾ വിവിധ ജില്ലകളിൽ നിന്നെടുത്ത് അവയുടെ പൊട്ടൻസി ടെസ്റ്റ് ചെയ്തു ഗുണനിലവാര പരിശോധന നടത്തേണ്ടതുണ്ട്. ഒപ്പം നിലവിലുള്ള വാക്സിനുകൾ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനങ്ങളുടെ പരിപാലനം കാര്യക്ഷമതയും പരിശോധിക്കണം.

അഞ്ച്: റാബിസിനെതിരെ പ്രതിരോധം ലഭിക്കണമെങ്കിൽ വ്യക്തിയുടെ ശരീരത്തിൽ റാബിസ് വൈറസിനെതിരെ നിശ്ചിത അളവ് ( 0.5 IU/ ml) ആൻറീ ബോഡി ഉണ്ടായിരിക്കണം. സാധാരണ ഇത് വാക്സിൻ എടുത്തതിന് ഏഴുദിവസം കഴിഞ്ഞ് ലഭിക്കേണ്ടതാണ്‌. ഇപ്പോൾ സംസ്ഥാനത്ത് വാക്സിൻ ലഭ്യമാകുന്നവരിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് ആന്റീബോഡി നിലവാരം നിശ്ചിത ഇടവേളകളിൽ എസ്റ്റിമേറ്റ് ചെയ്ത് വിവിധ വാക്സിനുകളുടെ പ്രതിരോധ ഫലപ്രാപ്തി ഉറപ്പ് വരുത്തിനോക്കാവുന്നതാണ്. രണ്ടായിരത്തി ആറിൽ ലേഖകന്റെ നേതൃത്വത്തിൽ ഇങ്ങനെ നടത്തിയ പഠനത്തിൽ ഒരു പ്രത്യേക കമ്പനിയുടെ വാക്സിൻ നൽകിയവരിലെ ആന്റീബോഡി ലെവൽ കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് ആ കമ്പിനി കേരളത്തിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു.

ആറ്: വാക്സിന്റെ ഗുണമേൻമ പോലെത്തന്നെ അത് തൊലിക്കിടയിൽ - ഇൻട്രാ ഡെർമൽ നൽകുന്ന ടെക്നിക്കും പ്രധാനമാണ്. ഇപ്പോൾ വാക്സിൻ രണ്ട് കൈ തണ്ടയിലും 0, 3, 7, 28 ദിവസ ഇടവേളയിൽ നാല് ഡോസുകളായാണ് നൽകുന്നത്. പേശികൾക്ക് പകരം ഇങ്ങനെ തൊലിക്കിടയിൽ വാക്സിൻ നൽകാൻ തുടങ്ങിയ വർഷം തൊട്ട് റാബീസ് കേസുകൾ ഇങ്ങനെ കുറഞ്ഞ് വന്നത് സൂചിപ്പിക്കുന്നത് വാക്സിൻ ശരിയായ രീതിയിൽ നൽകുന്നുണ്ടെന്ന് തന്നെയാണ്. എങ്കിലും എല്ലായിടത്തും ശരിയായ രീതിയിൽ തന്നെയാണെന്ന് ഇതും ഇപ്പോൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. അഞ്ചിലൊന്ന് വാക്സിൻ അളവ് മാത്രം ആവശ്യമുള്ള , അത്ര തന്നെ ചെലവ് കുറക്കുന്ന
ഇൻട്രാ ഡെർമൽ വാക്സിൻ നൽകുന്നതിന് വിരുദ്ധമായി നിർമ്മാണ കമ്പിനികൾ മുമ്പ് വാദമുയർത്തിയതും ഇത് ചൂണ്ടി കാട്ടിയാണ്.

കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡിന് വിപരീതമായും റാബീസ് മരണങ്ങൾ കൂടി വരുന്നതും അതും ആ പേക്ഷികമായി കൂടി വരുന്ന വാക്സിൻ എടുത്തവരിലെ മരണങ്ങളും ഗൗരവപ്രശ്നമായി കണേണ്ടതുണ്ട്. ആദ്യം സൂചിപ്പിച്ചത് പോലെ ഒരോ പേവിഷബാധമരണവും തടയാൻ പറ്റുന്നതാകുന്നതിനാൽ ഇതിലെ പിഴവുകൾ ഗൗരവകരവുമാണ്. ആരോഗ്യ നേട്ടങ്ങളിൽ അഭിരമിക്കുന്നവർ തന്നെ മരണത്തിന് മേൽ നിന്ന് പക്ഷം തിരിഞ്ഞ് രാഷ്ട്രീയ വാചക കസർത്ത് നടത്തി വിരേചനം നടത്തുകയോ, അധികാരികൾ വെറും ഐ വാഷിന് വേണ്ടി അന്വേഷണം നടത്തുകയോ പഴിചാരുകയോ അല്ല ഇതിന് വേണ്ട പരിഹാരം; മേൽ നൽകിയ സൂചനകൾ അടിസ്ഥാനമാക്കിയിട്ടുള്ള വിദഗ്ധ ടീം അംഗങ്ങൾ അടങ്ങിയിട്ടുള്ള സംസ്ഥാന തല ഫീൽഡ് ലെവൽ ശാസത്രീയ പഠനങ്ങളാണ്.
സർക്കാരിന്റെ പക്ഷത്ത് നിന്ന് ഇത് ഉടൻ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments