പേവിഷബാധ മൂലമുള്ള മരണങ്ങൾ ഈ ദിവസങ്ങളിൽ കേരളം ഏറെ ആശങ്കയോടെ ചർച്ച ചെയ്യുകയാണ്. പേവിഷബാധ മൂലം ആളുകൾ ഇപ്പോഴും മരിക്കുന്നു എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഈ വർഷം, പേവിഷബാധ മൂലം മരിച്ചവരിൽ, ഭൂരിഭാഗവും പ്രതിരോധ ചികിത്സ എടുത്തിരുന്നില്ല എന്നത് അതിലേറെ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട ഒന്നാണ്.
പേവിഷബാധ കൂടുന്നു, കാരണമെന്ത്?
മുൻകാലങ്ങളെ അപേക്ഷിച്ച് പേവിഷബാധ കൂടാനുള്ള കാരണങ്ങൾ എന്തൊക്കെ ആയിരിക്കാം?
പട്ടികളാണ് മനുഷ്യർക്ക് റാബീസ് പരത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ(90%). തെരുവുനായകളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു ഗണ്യമായി കൂടിയതായി പലരും നിരീക്ഷിക്കുന്നു. ഇതോടൊപ്പം ഇവയിൽ പേ വിഷ ബാധയുടെ തോതും കൂടിയിട്ടുണ്ടാവാനുള്ള സാധ്യതയുമുണ്ട്. തെരുവുനായ്ക്കളുടെ എണ്ണത്തെക്കുറിച്ചും, അവയിൽ നിലവിൽ റാബീസ് വൈറസിന്റെ സാന്നിധ്യത്തിന്റെ തോതിനെക്കുറിച്ചും ഒരു ശാസ്ത്രീയ കണക്കെടുപ്പ് സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. മനുഷ്യരിലെ പേവിഷബാധ തടയുന്നതിന് വാക്സിനേഷനോടോപ്പം, സ്വീകരിക്കേണ്ട മാർഗ്ഗം എന്നത്, പട്ടികൾക്കിടയിലെ റാബീസ് വൈറസ് പകർച്ചയുടെ കണ്ണികൾ മുറിയ്ക്കുക എന്നതുതന്നെയാണ്.
40% മുതൽ 70% വരെ പട്ടികൾക്ക്, റാബീസിനെതിരെ വാക്സിനുകൾ കൃത്യമായി നൽകാൻ സാധിച്ചാൽ, അവയ്ക്കിടയിൽ സജീവമായി നടക്കുന്ന വൈറസ് കൈമാറ്റത്തിന് തടയിടാനും, അതുവഴി മനുഷ്യനിലേക്ക് പേവിഷബാധ ഉണ്ടാവാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. സാങ്കേതികവും പ്രായോഗികവുമായ പലതരം തടസങ്ങൾ കൊണ്ട് സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണ സംരംഭം മുടങ്ങിക്കിടക്കുകയാണ്. വന്ധ്യംകരണത്തോടൊപ്പം, പട്ടികൾക്ക് വാർഷിക വാക്സിനുകൾ കൂടി ഉറപ്പുവരുത്തുന്ന സമഗ്രസമീപനം, പേവിഷബാധ നിർമ്മാർജ്ജനത്തിന് ആവശ്യമാണ്.
പേവിഷബാധമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലെത്തി നിൽക്കുന്ന, ഇന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനമായ ഗോവ ഇതിന് നല്ലൊരു മാതൃകയാണ്. അവിടെ സർക്കാരും, സന്നദ്ധ സംഘടനകളും ഒരുമിച്ച്, 70% വരുന്ന നായകൾക്കും വാക്സിൻ നൽകുകയും, ഇതോടൊപ്പം പ്രതിരോധത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും, മനുഷ്യരിലും മൃഗങ്ങളിലും ശക്തമായ സർവൈലൻസ് ഏർപ്പെടുത്തുകയും ചെയ്തതുവഴി, മനുഷ്യരിൽ പേവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയിലെത്താൻ ഗോവയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രാദേശികമായി മാപ്പ് ചെയ്ത്, സംഘങ്ങളായി വീടുകളിൽ പോയി വളർത്തുമൃഗങ്ങൾക്കും, തെരുവുപട്ടികൾക്കും വാക്സിൻ നൽകുന്ന യജ്ഞമായിരുന്നു പ്രധാനമായി അവിടെ അവലംബിച്ചത്.
പ്രതിരോധ കുത്തിവെപ്പ് എടുക്കണം
സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്ത 18 പേവിഷബാധ മരണങ്ങളിൽ, 14 പേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നില്ല.
• പട്ടിയോ, പൂച്ചയോ, നാൽക്കാലികളോ, ഏത് സസ്തനിയുമാകട്ടെ, കടിയ്ക്കുകയോ, മാന്തുകയോ ചെയ്താൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ ഒരു അമാന്തവും കാണിക്കരുത്. മരണം ഉറപ്പായ വൈറസ് ബാധയാണ്, പേവിഷബാധ.
• കുറുക്കന്മാർ, മറ്റ് വന്യമൃഗങ്ങൾ എന്നിവ പേവിഷബാധയുടെ വാഹകരാവാം. ഇവയുടെ കടിയേറ്റാൽ സസ്തനികളായ വളർത്തുമൃഗങ്ങൾക്കും വിഷബാധയുണ്ടാവും.
• പശു, ആട് തുടങ്ങിയ നാൽക്കാലികളിൽ നിന്ന് പേവിഷബാധയേൽക്കാൻ സാധ്യതകളുണ്ട്. പേവിഷബാധയേറ്റ പശുവോ, ആടോ , മറ്റ് സസ്തനികളോ കടിച്ചാലോ, മുറിവിൽ നക്കിയാലോ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. പലപ്പോഴും പേയിളകി ചത്ത വളർത്തുമൃഗങ്ങളുടെ പാൽ കുടിച്ചു പോയതിനാൽ പരിഭ്രാന്തരായി കൂട്ടത്തോടെ ആളുകൾ പ്രതിരോധകുത്തിവെപ്പിനായി എത്താറുണ്ട്. തിളപ്പിച്ച പാൽ കുടിച്ചവർക്ക് യാതൊന്നും ആശങ്കപ്പെടാനില്ല, ആ ചൂടിൽ വൈറസ് പൂർണമായും നശിച്ചു പോവും. ഇനി തിളപ്പിക്കാത്ത പാൽ കുടിച്ച് പേവിഷബാധയേറ്റതായി ഇത് വരെ ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വായിലെയോ മറ്റോ, ചെറിയ മുറിവുകളിലൂടെ പാലിലെ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത തത്വത്തിൽ നിലനിൽക്കുന്നുണ്ട്. ഇനി ഇല്ലെങ്കിൽ പോലും, തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. പാസ്ചറൈസ് ചെയ്ത പാലിലും റാബീസ് വൈറസ് നശിച്ചു പോവും.
• ചെറിയ അണ്ണാൻ, മുയൽ, വീടുകളിൽ കാണുന്ന ചെറിയ എലികൾ എന്നിവ റാബീസ് പടർത്തുന്നതായി കണ്ടെത്തിയിട്ടില്ല. അതു കൊണ്ട്, ഇവ കടിച്ചാൽ പ്രതിരോധകുത്തിവെപ്പുകൾ സാധാരണയായി നൽകാറില്ല.
• വലിയ പെരുച്ചാഴി (bandicoot rats) മാന്തിയാലോ കടിച്ചാലോ പേവിഷബാധയേൽക്കാതിരിക്കാനുള്ള കുത്തിവെപ്പുകൾ എടുക്കേണ്ടതാണ്. വലിയ മലയണ്ണാനും റാബീസ് വൈറസ് വാഹകരാവനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ ആവില്ല.
• ഇന്ത്യയിൽ സാധാരണ കാണാറുള്ള വവ്വാലുകളിൽ ഇത് വരെ റാബീസ് വൈറസ് കണ്ടെത്താനായിട്ടില്ല. എന്നാൽ പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്ന, ചിലയിനം വവ്വാലുകൾ ( വാമ്പയർ ബാറ്റ്സ്) രോഗവാഹകരാണ്.
കടിക്കുമ്പോൾ ഉമിനീരിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന റാബീസ് വൈറസ്, നാഡികൾ വഴി, തലച്ചോറിൽ എത്തുന്നു. ഇടയ്ക്കിടെ കാൽപാദങ്ങൾ നക്കിത്തുടച്ചു വൃത്തിയാക്കുന്ന ശീലമുള്ള മൃഗങ്ങൾ, മാന്തിയാലും, നഖങ്ങളിലെ ഉമിനീരിലുള്ള വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാം. തുടർന്ന് തലച്ചോറിൽ ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് അഥവാ മസ്തിഷ്കവീക്കം പല വിധ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും തുടക്കം തലവേദനയോട് കൂടിയ ഒരു പനിയിൽ നിന്നാണ് . ചിലർക്ക് കടിയേറ്റ ഭാഗത്ത് തരിപ്പോ, ചൊറിച്ചിലോ അനുഭവപ്പെടാം. എന്നാൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ, പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ, ഉറക്കമില്ലായ്‌മ, വിഭ്രാന്തി എന്നിവ പ്രകടിപ്പിക്കുന്നു. വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും വെള്ളം കാണുമ്പോഴുള്ള പേടി (hydrophobia) ആയാണ് രോഗി പ്രകടിപ്പിക്കുക. അന്ത്യം പലപ്പോഴും ദാരുണമാണ്.
ചെറിയ വെളിച്ചമോ, ഇളം കാറ്റോ പോലും കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന, ഇടയ്ക്കിടെ അപസ്മാരമുണ്ടാവുന്ന, ബോധത്തിനും അബോധാവസ്‌ഥയ്ക്കുമിടയിൽ മുങ്ങിനിവരുന്ന ദാരുണമായ അവസ്‌ഥ. പേവിഷബാധയുണ്ടായാൽ മരണം നൂറുശതമാനത്തോളം ഉറപ്പാണ്. അപൂർവമായി ചിലർ, ലോകത്ത് പല ഭാഗങ്ങളിലായി രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയുണ്ടെങ്കിൽ പോലും, അതൊക്കെ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.
കടിയോ മാന്തലോ ഉണ്ടായാൽ എന്തുചെയ്യണം?
• കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് മുറിവ് പത്ത് പതിനഞ്ച് മിനിറ്റോളം, സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നതാണ്. മുറിവിന്റെ വായിലുള്ള വൈറസുകളെ നശിപ്പിക്കാനാണിത്. വെറും കൈ കൊണ്ട് കഴിവതും മുറിവിൽ തൊടാതെ നോക്കണം, കൈകളിൽ മറ്റു മുറിവുകൾ ഉണ്ടെങ്കിൽ അതിലൂടെ വൈറസ് പകരാതിരിക്കാനാണിത്.
പ്രതിരോധചികിത്സാരീതി നിർണയിക്കുന്നത് പലവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ്. ആന്റിറാബീസ് വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പ്രതിരോധചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. വിഷബാധയുണ്ടാവാനുള്ള സാധ്യത അളക്കാൻ ചില മാനദണ്ഡങ്ങൾ നിലവിലുണ്ട്.
• മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക, എന്നിവ വഴി വിഷബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ (കാറ്റഗറി 1), കുത്തിവെപ്പുകൾ നൽകേണ്ടതില്ല. ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പത്തു പതിഞ്ചു മിനിറ്റു കഴുകിയാൽ മാത്രം മതിയാവും.
• തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് (കാറ്റഗറി 2) പ്രതിരോധ കുത്തിവെപ്പ് വേണം.
• രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക, വന്യമൃഗങ്ങളുടെ കടി എന്നിവയുടെ അപകടസാധ്യത ( കാറ്റഗറി 3 )വളരെ കൂടുതലായതുകൊണ്ട്, സാധാരണ നൽകാറുള്ള ആൻറി റാബീസ് കുത്തിവെപ്പിനോടൊപ്പം, ആൻറി റാബീസ് ഇമ്യൂണോഗ്ലോബുലിൻ കൂടി നൽകാറുണ്ട്.
മുറിവിന് ചുറ്റുമായി എടുക്കുന്ന ഈ ഇമ്യൂണോഗ്ലോബിനുകൾ, പെട്ടെന്ന് പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. ആൻറി റാബീസ് വാക്‌സിൻ ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന കാലയളവിൽ, ഇമ്യൂണോഗ്ലോബലിൻ സുരക്ഷ ഉറപ്പാക്കും.
മുറിവുകൾ കഴിവതും തുന്നാറില്ല. തുന്നുമ്പോൾ, മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന ചില സാഹചര്യങ്ങളിൽ, ഇമ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നിടാറുള്ളത്.
പൊക്കിളിനു ചുറ്റും, ഒരുമിച്ചെടുക്കുന്ന വേദനാജനകമായ പഴയ കുത്തിവെപ്പുകളൊന്നും ഇപ്പോഴില്ല. തോളിന് താഴെ, തൊലിപ്പുറത്ത് പല ദിവസങ്ങളിലായി എടുക്കുന്ന നാലു ഡോസുകൾ (0,3,7,28 ദിവസങ്ങളിൽ) ആണ് ഇപ്പോഴത്തെ രീതി. പേശികളിൽ പല ദിവസങ്ങളിലായി എടുക്കുന്ന അഞ്ചു ഡോസുകളുള്ള രീതിയും സ്വീകാര്യമാണ്, ചില സ്വകാര്യആശുപത്രികളിൽ ഇങ്ങനെയാണ് നൽകുന്നത്.
• ആർക്ക് കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം, അതിനി ഗർഭിണിയാവട്ടെ, മുലയൂട്ടുന്ന അമ്മയാവട്ടെ, നവജാതശിശുവാവട്ടെ. നൂറു ശതമാനത്തോളം മരണസാധ്യതയുള്ള ഈ രോഗത്തിന്, ആകെയുള്ള ഈ പ്രതിരോധമാർഗ്ഗം, ഒരു കാരണവശാലും നല്കാതിരിക്കേണ്ടതില്ല.
• ഒരിക്കൽ കടിയേറ്റ്, മുഴുവൻ കുത്തിവെപ്പുകളും എടുത്തവർക്ക്, മൂന്നു മാസത്തിനുള്ളിൽ വീണ്ടും കടിയേറ്റാൽ, ഒരിക്കൽ കൂടി കുത്തിവെപ്പുകൾ എടുക്കേണ്ടതില്ല.
• പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വർഷങ്ങളോളം പ്രതിരോധശേഷി നിലനിൽക്കുമെന്ന് തന്നെയാണ് പഠനങ്ങൾ കാണിക്കുന്നത്. എന്നാലും, മൂന്നു മാസത്തിനുശേഷം, വീണ്ടുമുണ്ടാവുന്ന കടികൾക്ക്, രണ്ട് ഡോസുകൾ കൂടി (0,3 ദിവസങ്ങളിൽ), ഒരു തോളിൽ തന്നെ കൊടുക്കാറുണ്ട്. മുൻപ് ഉണ്ടാക്കിയ ആൻറി ബോഡികളെ ഒന്നുകൂടി ഉണർത്തി, പ്രതിരോധം ശക്തിപ്പെടുത്താനാണിത്. എന്നാൽ ഇവർക്കും ഇമ്യൂണോഗ്ലോബുലിനുകൾ ആവശ്യമില്ല.
സർക്കാർതലത്തിൽ സൗജന്യമായി ആൻറി റാബീസ് വാക്സിനുകൾ ലഭ്യമാണ്. മിക്ക സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും, എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഇവ ലഭ്യമാണ്. ഇമ്യൂണോഗ്ലോബുലിൻ കുത്തിവെപ്പുകൾ മിക്ക ജില്ലാ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ഉണ്ടാവാറുണ്ട്. ചില സ്വകാര്യ ആശുപത്രികളിൽ ഇവ രണ്ടും ലഭ്യമാണ്. ശരീര ഭാരത്തിനനുസൃതമായാണ് ആൻറി റാബീസ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്.
ചിലർ കടിയേറ്റ് രണ്ടു മാസമൊക്കെ കഴിഞ്ഞ്, പ്രതിരോധ കുത്തിവെപ്പ് ഇനി എടുക്കേണ്ടതില്ലല്ലോ എന്ന സംശയത്തിൽ നിൽക്കാറുണ്ട്. കടിച്ചതോ, മാന്തിയതോ ആയ, പട്ടിയോ പൂച്ചയോ പത്തു ദിവസത്തിനുശേഷവും ജീവനോടെയുണ്ടെങ്കിൽ കുത്തിവെപ്പിന് പ്രസക്തിയില്ല. പട്ടിയോ പൂച്ചയോ അല്ലാത്ത, മറ്റേത് മൃഗങ്ങളാണെങ്കിലും, പത്തുദിവസം എന്ന കണക്ക് നോക്കാൻ പാടില്ല. തെരുവുനായ കടിക്കുകയോ, കടിച്ച മൃഗത്തെ പിന്നെ കാണാതാവുകയോ, അത് ചാവുകയോ ചെയ്താൽ, മാസങ്ങൾ കഴിഞ്ഞാൽ പോലും, തീർച്ചയായും സാധ്യമായ ഉടൻ, കുത്തിവെപ്പുകൾ എടുക്കണം. കടിയേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പേവിഷബാധയേറ്റ കേസുകൾ ഉണ്ടെങ്കിലും, ആദ്യ ലക്ഷണങ്ങൾ കാണാൻ ശരാശരി ഒന്നു മുതൽ മൂന്നു മാസങ്ങൾ വരെ സാധാരണ എടുക്കാറുണ്ട് ( ഇൻക്യൂബേഷൻ കാലയളവ്).
കടിയേറ്റ് ആറേഴ് വർഷങ്ങൾക്കുശേഷവും, അപൂർവമായി, പതിനഞ്ചു വർഷങ്ങൾക്കുശേഷമൊക്കെ ചിലരിൽ പേവിഷബാധ കാണാറുണ്ട്.
• മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പേവിഷബാധ പകരുമോ എന്നത് സ്വാഭാവിക സംശയമാണ്. പേവിഷബാധയേറ്റ വ്യക്തിയുടെ അവയവങ്ങൾ സ്വീകരിച്ച മറ്റൊരാൾക്ക് വരുന്നതായി പറയുന്നുണ്ടെങ്കിലും, ലോകത്തെവിടെയും, മനുഷ്യൻ കടിച്ചതോ, മാന്തിയതോ വഴി രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവസാനഘട്ടത്തിൽ രോഗിയുടെ ഉമിനീരിൽ റാബീസ് വൈറസ് ഉണ്ടായിരിക്കാം എന്നിരിക്കെ, കടിയ്ക്കുന്നതിലൂടെ പകരാനുള്ള സാധ്യത തത്വത്തിൽ നിലനിൽക്കുന്നുണ്ടെന്നു മാത്രം. മൃഗങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് അഞ്ചാറു ദിവസം മുമ്പുമുതൽ, അവ ചാവുന്നതുവരെ ഉമിനീരിൽ റാബീസ് വൈറസ് ഉണ്ടായിരിക്കും.
വീടുകളിൽ വളർത്തുന്ന മൃഗങ്ങൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടുകളിൽ വളർത്തുന്ന മൃഗങ്ങളുമായി സമ്പർക്കമുണ്ടാവുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
• അവയെ കൃത്യമായി മൃഗഡോക്ടർക്കരികിൽ കൊണ്ടുപോയി, കുത്തിവെപ്പ്എടുപ്പിക്കുക.
മൂന്നാം മാസത്തിലുള്ള പ്രതിരോധ കുത്തിവെപ്പിനുശേഷം ഓരോ വർഷവും ബൂസ്റ്റർ ഡോസുകളും എടുക്കേണ്ടതുണ്ട്. കുത്തിവെപ്പ് എടുത്തതിന്റെ രേഖകൾ കൃത്യമായി സൂക്ഷിക്കണം. മൃഗങ്ങൾക്ക് കുത്തിവെപ്പെടുത്തു എന്നുണ്ടെങ്കിലും, അവയിൽ നിന്ന് മാന്തലോ, കടിയോ ഏറ്റാൽ പേവിഷബാധ കുത്തിവെപ്പുകൾ നമ്മളും എടുത്തിരിക്കണം. നമ്മുടെ നാട്ടിലെ കുത്തിവെപ്പുകളുടെ നിലവാരമോ, അത് മൃഗങ്ങളിലുണ്ടാക്കുന്ന പ്രതിരോധശേഷിയുടെ അളവോ, നിരീക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഈ മുൻകരുതൽ.
• മറ്റു തെരുവ്/വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള സംരഷണത്തിന്, വളർത്തുമൃഗങ്ങളെ, രാത്രി സമയങ്ങളിലെങ്കിലും, അടച്ചുറപ്പുള്ള കൂടുകളിലാക്കുക. പകൽ പുറത്തിറക്കുന്നുണ്ടെങ്കിൽ തന്നെ, ഉയർന്ന ചുറ്റുമതിലോ, ചാടി കടക്കാൻ സാധിക്കാത്ത രീതിയിലുള്ള വേലിക്കെട്ടുകളോ വീടിനു ചുറ്റും സ്ഥാപിക്കുക. പുറത്ത് നടക്കാൻ കൊണ്ടുപോകുന്നത് നേരിട്ടുള്ള നിരീക്ഷണത്തിലാക്കുക.
മേൽപറഞ്ഞ കാര്യങ്ങളൊക്കെ പൂച്ചകളുടെ കാര്യത്തിൽ ഒരല്പം ബുദ്ധിമുട്ടാണ്. പതുങ്ങിനീങ്ങുന്ന പൂച്ചകൾ പലപ്പോഴും മതിൽകെട്ടുകൾ നിഷ്പ്രായസം ചാടിക്കടന്ന്, പുറത്തുപോയി, അവ തിരിച്ചെത്തും. ഒരു പക്ഷെ ഈ പ്രത്യേകതയുള്ളതിനാൽ, പൂച്ചകളെ വളർത്തുപട്ടികളെപ്പോലെ തന്നെ ശ്രദ്ധിക്കണം. അവയ്ക്ക്, തെരുവുനായ്ക്കളുടെയോ, കുറുക്കന്മാരുടെയോ, പേവിഷബാധയുള്ള മറ്റു തെരുവുപൂച്ചകളുടെയോ തന്നെ ദംശനമേൽക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.
• വളർത്തുമൃഗങ്ങളിലുണ്ടാവുന്ന പെരുമാറ്റമാറ്റം തിരിച്ചറിയാൻ ശ്രമിക്കണം. പെട്ടെന്ന് ഭക്ഷണം കഴിക്കാതാവുക, വായിൽ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നത് മൂലം നടക്കുമ്പോൾ വീഴാൻ പോവുക, ആക്രമണോത്സുകരാവുക, പ്രകോപനമില്ലാതെ ഉപദ്രവിക്കുക എന്നിവയൊക്കെ ലക്ഷണങ്ങളാവാം. ചില മൃഗങ്ങളിൽ ആക്രമണോത്സുകതയ്ക്ക് പകരം, മിണ്ടാതെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും കാണാറുണ്ട്.
• വളർത്തുമൃഗങ്ങളുടെ കടിയോ, മുൻപ് പറഞ്ഞ മറ്റേത് രീതിയിലുള്ള എക്സ്പോഷറോ ഉണ്ടായാൽ ഒരു ഡോക്ട്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധചികിത്സ എടുക്കുക.
• ഇത്തരം ലക്ഷണങ്ങളോടുകൂടി വളർത്തുമൃഗങ്ങൾ ചത്താൽ, മൃഗഡോക്ട്ടറെ അറിയിക്കുകയും, ആവശ്യമെങ്കിൽ അവയുടെ മസ്തിഷ്‌കപരിശോധന നടത്തി, പേവിഷബാധ മൂലമാണോ എന്ന് ഉറപ്പിക്കാനും സാധിക്കും.
• സ്ഥിരമായി മൃഗങ്ങളുടെ കടിയോ മാന്തലോ കിട്ടാൻ സാധ്യതയുള്ള ജോലിയോ ,സാഹചര്യമോ, വീടുകളിൽ വളർത്തു മൃഗങ്ങളോ, ഉണ്ടെങ്കിൽ, മുൻകൂർ സംരക്ഷണത്തിനായി മൂന്നു ദിവസങ്ങളിലായുള്ള
(0, 7 ,28 ദിവസങ്ങളിൽ) പ്രതിരോധ കുത്തിവെപ്പ് എടുത്തു വെയ്ക്കാം. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ, പിന്നീട് രണ്ടു കുത്തിവെപ്പുകൾ , ( 0, 3 ദിവസങ്ങളിൽ) മതിയാകും. മുൻകൂർ കുത്തിവെപ്പ് എടുത്തത് കൊണ്ട് ലഭിച്ച പ്രതിരോധത്തെ, ഒന്നു കൂടി ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഇത്. ഇവർക്ക് ഇമ്മ്യൂണോഗ്ലോബുലിൻ പിന്നീട് എടുക്കേണ്ടതുമില്ല.
കുത്തിവെപ്പ് എടുത്തിട്ടും മരണം എന്തുകൊണ്ട്?
പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടും അപൂർവമായി മരണം സംഭവിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടും മരണം സംഭവിക്കുന്നത് ലോകത്ത് പലഭാഗത്തായി അപൂർവമായി മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖത്തോ, കഴുത്തിലോ, നാഡീനിബിഡമായ വിരലുകളിലോ കടിയേൽക്കുമ്പോൾ, പ്രതിരോധ കുത്തിവെപ്പുകൊണ്ട് പ്രതിരോധം ഉണ്ടായിവരുന്നതിനുമുൻപേ ഒരുപക്ഷേ വൈറസ് ബാധ തലച്ചോറിൽ എത്താനുള്ള അപൂർവ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാദ്ധ്യതയുണ്ടെങ്കിൽ പോലും, വാക്സിനുകൾ സ്വീകരിച്ച രീതി, പ്രതിരോധ കുത്തിവെപ്പുകളുടെ ഫലപ്രാപ്തി എന്നിവയും തീർച്ചയായും ഉറപ്പുവരുത്തേണ്ടതുണ്ട്.
മരണവിധി ഉറപ്പായുള്ള ഒരു രോഗമായതുകൊണ്ടുതന്നെ, പേവിഷബാധ തടയാനുള്ള എല്ലാവിധ പ്രതിരോധ മാർഗ്ഗങ്ങളും വലിയ പ്രാധാന്യമർഹിക്കുന്നു.
"ഏക ആരോഗ്യം' അഥവാ "one health' എന്നത് ആരോഗ്യത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ച്ചപ്പാടാണ്. ഇതനുസരിച്ച്, മനുഷ്യരുടേ ആരോഗ്യം അവരുടെ ചുറ്റുമുള്ള മൃഗങ്ങളുടെയും, പരിസ്ഥിതിയുടെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. അതിനാൽ സമഗ്രമായി തന്നെ നേരിടേണ്ട ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് പേവിഷബാധ.