‘വാബി സാബി’ (Wabi-Sabi) എന്ന ജാപ്പനിസ് പദത്തിന് കൃത്യമായ നിർവചനം നൽകുന്നതിനേക്കാൾ എളുപ്പം ആ വാക്കുകൾ തരുന്ന ജീവിതാവസ്ഥയെ അറിയുക എന്നതാണ്. അപൂർണ്ണതയിൽ സൗന്ദര്യം കണ്ടെത്തുന്ന ഈ ജാപ്പനീസ് രീതിയുടെ വാതിൽ ലോകത്തിനു മുമ്പിൽ തുറന്നുതന്നത് ബെത്ത് കെംപ്ടൺ (Beth Kempton) എന്ന ബ്രിട്ടീഷുകാരിയാണ്. സെൻ ബുദ്ധിസത്തിൽ നിന്ന് രൂപം കൊണ്ടതാണ് വാബി സാബി എന്ന തത്വചിന്ത.
പരാജയം എന്ന വാക്ക് ജപ്പാൻകാർക്ക് പൊതുവേ ഇഷ്ടമല്ല. ‘വിജയികൾക്കുള്ളതാണ് ജീവിതം’ എന്ന സന്ദേശം കുഞ്ഞുങ്ങളുടെ തലച്ചോറിൽ വരെ ഇംപ്രിൻ്റ് ചെയ്യുന്ന ജപ്പാൻ, പരീക്ഷകളിലും ജോലി യിലും ബിസിനസ്സിലും കുടുംബ ബന്ധങ്ങളിലുമൊക്കെ ‘പരാജയപ്പെടുന്നവരെ’ അംഗീകരിക്കാൻ മടിയുള്ള അവിടത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഇരയാവുന്നത് പലപ്പോഴും ചെറുപ്പക്കാരാണ്. ഓടിത്തീർക്കാനാവാത്ത ജോലിയുടെയും പഠിപ്പിന്റെയും സമ്മർദ്ദത്താൽ, ജപ്പാൻകാർ പൊതുവേ നിഷ്കർഷിക്കുന്ന പെർഫെക്ഷനിൽ നിന്ന് പുറത്താക്കപ്പെടുമ്പോഴാണ് ഇവരിൽ ചിലരെങ്കിലും ജീവിതത്തിൽനിന്ന് തിരിച്ചു നടക്കുന്നത്. ജപ്പാനിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളെ കുറിച്ച് നടത്തിയ പഠനങ്ങളിൽ ചിലവ പറയുന്നത്, സമ്മർദ്ദമാണ് മിക്കവാറും മരണങ്ങൾക്കും പിന്നിൽ എന്നതാണ്.

വിദ്യാർത്ഥികൾ പഠനത്തിൽ നേരിടുന്ന സമ്മർദ്ദത്തിന് സമാനമാണ്, മുതിർന്നവർ ജോലി സ്ഥലത്തു നേരിടുന്നത്. വളരെ കുറച്ചു മാത്രമുള്ള അവധി ദിവസങ്ങളും സിക്ക് ലീവും ജോലി ആവശ്യപ്പെടുന്ന പെർഫെക്ഷനും എല്ലാം ചേർന്നുണ്ടാക്കുന്ന ഭ്രാന്തിനൊടുവിൽ ചിലർ ജീവനൊടുക്കുന്ന കാഴ്ച. ജപ്പാനിലെ കുപ്രസിദ്ധമായ അയോക്കി ഗാര എന്ന കാട്ടിലും റെയിൽവേ ട്രാക്കിലും ഒക്കെ ഒടുങ്ങുന്ന മനുഷ്യജന്മങ്ങളുടെ എണ്ണം കുറയ്ക്കാൻ ഇന്ന് അധികാരമുള്ളവരും ഇല്ലാത്തവരുമായ നല്ലൊരു ശതമാനം ജപ്പാൻകാരും മനസ്സറിഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെയാവും പരാജയത്തെയും വിജയത്തെയും ആധുനിക ജപ്പാൻ പുനർനിർവചിക്കാൻ ശ്രമിക്കുന്നത്.
വാബി സാബി എന്ന സെൻ രീതി ഇന്ന് ലോകത്തിന് പ്രിയപ്പെട്ടതായി മാറാനുള്ള കാരണം, മനുഷ്യർ മുഴുവൻ ബാലൻസിങ്ങിനായി പൊരുതുന്നു എന്നതുകൊണ്ടുകൂടിയാണ്.
പുതിയ തലമുറയോട് ജപ്പാൻ പറയുന്നു; ‘‘പൂർണ്ണ ശ്രമത്തിനൊടുവിൽ നിങ്ങൾ ഒരു കാര്യത്തിൽ വിജയിച്ചില്ലെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ പരാജയപ്പെട്ടു എന്നല്ല, മറിച്ച്, നിങ്ങളുടെ അറിവ് അഥവാ ആ ശ്രമം ഉയർന്നു എന്നതാണ്. അതുപോലെതന്നെ വിജയം മാത്രം ലക്ഷ്യം വച്ച് ഒന്നും ചെയ്യാതിരിക്കുക. ചെയ്യുന്ന കാര്യങ്ങൾ റിലാക്സ്ഡ് ആയി, പൂർണ്ണ അർപ്പണത്തോടെ ചെയ്യുക. വിജയിച്ചാലും ഇല്ലെങ്കിലും അതിനെ സമചിത്തതയോടെ കാണാൻ ഇതുപകരിക്കും’’.
ജപ്പാന്റെ ഈ തിരിച്ചറിവിനുപിന്നിൽ വാബി സാബിയ്ക്കും വലിയൊരു പങ്കുണ്ട്. ഈ സെൻ രീതി ഇന്ന് ലോകത്തിന് പ്രിയപ്പെട്ടതായി മാറാനുള്ള കാരണം, മനുഷ്യർ മുഴുവൻ ബാലൻസിങ്ങിനായി പൊരുതുന്നു എന്നതുകൊണ്ടുകൂടിയാണ്. കുടുംബം തൊഴിൽ, ബന്ധങ്ങൾ, സൗഹൃദം, യാത്ര അങ്ങനെ എന്തെല്ലാം ഒത്തുചേർന്നു പോയാൽ മാത്രം സാധ്യമാകുന്ന ഒന്നാണ് സാധാരണക്കാർക്ക് ജീവിതം. ഇവയുടെയൊക്കെ കുഴഞ്ഞുമറിയൽ താങ്ങാൻ വയ്യാതായപ്പോഴാണ് ചിലപ്പോഴെങ്കിലും ആളുകൾ ജീവിതത്തെ നേരിടാൻ വേറിട്ട വഴികൾ അന്വേഷിക്കാൻ തുടങ്ങുന്നത്.

വാബി സാബി ഏതു കാര്യത്തെയും ഹൃദയം കൊണ്ട് സ്വീകരിക്കുന്ന രീതിയാണ്. കാരണം ഹൃദയത്തിലൂടെ അറിയുന്ന ലോകം നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയുന്ന ലോകത്തിൽ നിന്ന് വ്യത്യസ്തമാണ്. അപൂർണ്ണതയെ ആഘോഷിക്കുന്ന തത്വശാസ്ത്രമാണ് വാബി സാബി. ജീവിതം ഇസ്തിരിയിട്ട യൂണിഫോം പോലെയാകണമെന്ന് വാശി പിടിക്കുന്നവർ വാബി സാബിയെ തള്ളി പറയും.
ജോലി, കുടുംബന്ധങ്ങൾ, സൗഹൃദം, യാത്രകൾ- എല്ലാം അച്ചിലിട്ട് വാർത്തപോലെ പരിപൂർണ്ണത ഉള്ളതായിരിക്കണം എന്ന് വാശിപിടിക്കുന്നവർക്കു മുമ്പിൽ വാബി സാബിയുടെ വാതിൽ തുറക്കില്ല. പുതിയ തലമുറയ്ക്ക് വാബി സാബി പ്രിയപ്പെട്ടതായതിന് ഒരു കാരണം, അവർ സ്വാതന്ത്ര്യമോഹികളും ചട്ടങ്ങൾക്ക് പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവരും ആയതുകൊണ്ട് കൂടിയാണ്.
ജീവിതം തന്നെ അപൂർണമായ ഒന്നാണ്, അങ്ങനെയുള്ള ഒരു അവസ്ഥയിൽ നമ്മൾ എന്തിനാണ് പൂർണ്ണതയ്ക്ക് വേണ്ടി വാശിപിടിച്ച് സമ്മർദ്ദങ്ങളിൽ പോയി പെടുന്നത്?
ജപ്പാനിൽ സോഷ്യൽ മീഡിയയുടെ അതിപ്രസരം കൊണ്ട് ജീവിക്കാൻ മറന്നുപോയ ചെറുപ്പക്കാരിൽ പലരും ഇന്ന് പ്രായോഗികതയും ലാളിത്യവുമുള്ള, മിനിമലിസവും വാബി സാബിയുമൊക്കെ ഒരുക്കിയ വഴികളിലൂടെ സമാധാനത്തോടെ നടന്നുതുടങ്ങുന്നു.
എന്താണ് വാബി സാബി ലോകത്തിനെ പഠിപ്പിക്കുന്നത്?
പൂർണ്ണത അല്ലെങ്കിൽ ഏറ്റവും ഭംഗിയായതിനെ മാത്രമല്ല നമ്മൾ ആഘോഷിക്കേണ്ടത്, മറിച്ച് അപൂർണമായവയെ കൂടിയാണ്.
ജീവിതം തന്നെ അപൂർണമായ ഒന്നാണ്, അങ്ങനെയുള്ള ഒരു അവസ്ഥയിൽ നമ്മൾ എന്തിനാണ് പൂർണ്ണതയ്ക്ക് വേണ്ടി വാശിപിടിച്ച് സമ്മർദ്ദങ്ങളിൽ പോയി പെടുന്നത്?
വാബി സാബിയുടെ
ചില ഉദാഹരണങ്ങൾ
കിൻ്റ് സുഗി: പൊട്ടിയ കളിമൺ പാത്രങ്ങളെ സ്വർണം കൊണ്ട് റിപ്പയർ ചെയ്യുന്ന രീതി.
റസ്റ്റിക് വുഡ് ഫർണ്ണിച്ചർ: പോളിഷ് ചെയ്യാതെ മരത്തിന്റെ സൗന്ദര്യമില്ലായ്മ അതേപടി എടുത്തു കാണിച്ച് ഫർണിച്ചറുകളും മറ്റും നിർമ്മിക്കുന്ന രീതി.

ഹാൻഡ് മെയ്ഡ് കളിമൺ പാത്രങ്ങൾ: ജപ്പാനിലെ ഏറ്റവും പ്രശസ്ത ബ്രാൻഡായ മഷിക്കോയുടെ കൈ കൊണ്ട് നിർമ്മിക്കുന്ന കളിമൺ പാത്രങ്ങൾ പ്രശസ്തമാണ്.
കൊഴിഞ്ഞുവീഴുന്ന ഇലകൾ: ശരത്കാലത്ത് കൊഴിഞ്ഞുവീഴുന്ന കുത്തു വീണതും നിറം മങ്ങിയതുമായ ഇലകളെ സൗന്ദര്യത്തിന്റെ കണ്ണിലൂടെ കാണുന്ന വാബി സാബീ രീതി ഏറെ പ്രശസ്തമാണ്.
ഇൻറീരിയർ ഡിസൈൻ: വെളിച്ചത്തിനും നിഴലിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. മുളകൾ കൊണ്ടുണ്ടാക്കിയ ഫർണിച്ചറും ചൂരൽക്കൊട്ടകളും പുഴയ്ക്കരികിൽ നിന്ന് കിട്ടുന്ന കൊച്ചു കല്ലുകളും പക്ഷി തൂവലുകൾ കൊണ്ടും അലങ്കരിച്ച സ്വീകരണമുറി.

ഫാഷൻ: ആധുനിക ജപ്പാനിൽ ഫാഷൻ ലോകത്തിന് പ്രിയപ്പെട്ടത് കോട്ടനും ലിനനുമാണ്. മൂജി പോലുള്ള ജപ്പാൻ ബ്രാൻഡുകൾ ലോകപ്രശസ്തമായത് അവരുടെ ലാളിത്യമുള്ള ഡിസൈനുകളും ഇളം നിറങ്ങളും കൊണ്ടാണ്. ലോക ഫാഷൻ രംഗത്ത് വാബി സാബി ഉണ്ടാക്കിയ മാറ്റം വലുതാണ്. കൃത്യമായ തുന്നലുകൾ ഇല്ലാതെ, അൽപം കീറിയതോ സ്ഥാനം തെറ്റിയ ബട്ടൻ ഉള്ളതോ, ചേർച്ചയില്ലാത്ത നിറങ്ങളോട് കൂടിയ തുമായ വാബി സാബി രീതിയിൽ ഉടലെടുത്ത വസ്ത്രങ്ങൾ ഫാഷൻ വിപണിയിൽ ഏറെ മൂല്യ മുള്ളതാണ്. അപൂർണ്ണതയിൽ പൂർണ്ണത കണ്ടെത്തുന്ന ഈ ഫാഷൻ വിപ്ലവം വിലയേറിയതാണ് എന്നൊരു പരിമിതിയുണ്ട്.
ഇക്കാബാന: പരമ്പരാഗത ജാപ്പനീസ് പുഷ്പാലങ്കാര രീതി. ഇത് വാബി സാബിയുടെ വഴിയിലൂടെ വന്നതാണ്. പല നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ ഒരുമിച്ച് തീർക്കുന്ന മനോഹരമായ കാഴ്ച. നിറങ്ങളുടെ വൈവിധ്യമാണ് ഇക്കാബാനയുടെ സൗന്ദര്യം.

ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ: പല തരത്തിലുള്ള, പല നിറത്തിലുള്ള പാത്രങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരേ ഡിസൈനും ഒരേ നിറമുള്ളതുമായ ഡിന്നർ സെറ്റുകൾ വാബി സാബിയ്ക്ക് പ്രിയകരമല്ല. വാബി സാബി പ്ലേറ്റുകളും ഡിന്നർ വെയറുകളുമെല്ലാം അതിൻ്റെ അപൂർണ്ണത കൊണ്ട് മനോഹരമാണ്. ഓരോ പിഞ്ഞാണത്തിലും ജീവിതത്തിൻ്റെ നേർക്കാഴ്ച പോലെ വരകളും കുറികളും പൊട്ടലും ഉണ്ട്.
ഒരേ മാനസികാവസ്ഥയുള്ള ഒരു കൂട്ടം ആൾക്കാർ കാടുകളിലേക്ക് നടക്കാൻ പോകുന്നു. അവർ ആരും പരസ്പരം സംസാരിക്കുന്നില്ല, അവരുടെ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുമില്ല. അവർ മെല്ലെ അടിവെച്ചാണ് നടക്കുന്നത്. ഓരോ തവണയും അടിവെക്കുമ്പോഴും, സ്പീഡ് കുറയ്ക്കുക എന്നതാണ് നടത്തത്തിന്റെ രീതി.
കാട്ടിലൂടെ ഒരു നടത്തം: വാബി സാബി ജീവിതരീതി ഇഷ്ടപ്പെടുന്നവർ നടത്തുന്ന ഫോറസ്റ്റ് വാക്കിംഗ് ഏറെ പ്രശസ്തമാണ്. ഒരേ മാനസികാവസ്ഥയുള്ള ഒരു കൂട്ടം ആൾക്കാർ കാടുകളിലേക്ക് നടക്കാൻ പോകുന്നു. അവർ ആരും പരസ്പരം സംസാരിക്കുന്നില്ല, അവരുടെ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുമില്ല. അവർ മെല്ലെ അടിവെച്ചാണ് നടക്കുന്നത്. ഓരോ തവണയും അടിവെക്കുമ്പോഴും, സ്പീഡ് കുറയ്ക്കുക എന്നതാണ് നടത്തത്തിന്റെ രീതി. അവർ മരങ്ങളുടെ തലപ്പത്ത് കാറ്റുവീശുന്നതും അവ കാറ്റിൽ ഉലയുന്നതും കാണുന്നു, മരങ്ങളെ തൊട്ടു നോക്കുന്നു. താഴെ വീണു കിടക്കുന്ന ഇലകളെയും മരത്തിൽ തളിരിട്ട പുതിയ ഇലകളെ നോക്കുന്നു. പക്ഷികൾ ഉണ്ടാക്കുന്ന ചെറിയ ശബ്ദങ്ങൾക്ക് പോലും ചെവിയോർക്കുന്നു.
ഫോറസ്റ്റ് ബാത്തിംഗ് എന്ന ഈ രീതി ഏറ്റവും വലിയ ഒരു തെറപ്പി ആയിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ബെത്ത് തൻ്റെ വാബി സാബി എന്ന പുസ്തകത്തിൽ പറയുന്നു.

നമ്മൾ മറ്റുള്ളവരെ അവരായി സ്വീകരിക്കാൻ ശ്രമിക്കുന്നതുപോലെ തന്നെ നമ്മളെയും എല്ലാ അപൂർണ്ണതകളോടുകൂടിയും സ്വീകരിക്കാൻ പഠിക്കേണ്ടതാണെന്നുകൂടി വാബി സാബി പറയാതെ പറഞ്ഞുവയ്ക്കുന്നു.
നാളെ ഒരു പക്ഷെ ഈ പരമ്പരാഗത ജാപ്പനീസ് രീതി ലോകം മുഴുവൻ ഏറ്റെടുത്തെന്നു വരാം. ജീവിതം മുഴുവൻ താൻ, മറ്റുള്ളവരുടെ കയ്യിലിരിക്കുന്ന ബൈനോക്കുലറുകളിലെ കാഴ്ചയാണെന്ന അബദ്ധ വിശ്വാസം ചുമക്കാതെ, മനസ്സമാധാനത്തോടെ, ചുണ്ടിൽ പുഞ്ചിരിയുമായി കൈവീശി നടക്കാൻ എല്ലാ മനുഷ്യരും പഠിക്കട്ടെ, അതാണ് വാബി സാബിയും പറയുന്നത്.