ബഹുഭാര്യത്വം;
മിത്തും യാഥാർഥ്യവും

ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകൾ അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്. മതസ്വാതന്ത്ര്യ- മത വിമർശന ദ്വന്ദ്വങ്ങൾക്കപ്പുറത്ത്, മനുഷ്യരുടെ അനുഭവങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നിടത്തേക്ക് ചർച്ചകൾ വളരുകയാണ് ആദ്യം വേണ്ടത്- ഇന്ത്യയിലെ ബഹുഭാര്യത്വ വിവാഹങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക യാഥാർഥ്യങ്ങൾ വി​ശകലനം ചെയ്യുന്നു.

ന്ത്യയിൽ എല്ലാക്കാലത്തും ചൂടേറിയ ചർച്ചകൾക്കും സങ്കീർണമായ വിവാദങ്ങൾക്കും വഴിവച്ചിട്ടുള്ള വിഷയമാണ് ബഹുഭാര്യത്വം. കാലങ്ങളായി കോടതിവിധികളുടെയോ തെരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകളുടെയോ ഭാഗമായി ഇടയ്ക്കിടെ പൊതുചർച്ചകളിൽ വന്നു പോകുന്നുമുണ്ട്.

ഏറ്റവുമൊടുവിലായി, ഏക സിവിൽ കോഡ് ചർച്ചകളുടെയും 2024 ഫെബ്രുവരി 7 ന് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ യൂണിഫോം സിവിൽ കോഡ് ബില്ലിലെ ബഹുഭാര്യത്വ നിരോധനത്തിന്റെയും തുടർച്ചയായി, ഒരിടവേളക്കുശേഷം വീണ്ടും സജീവമായിരുന്നു ഇന്ത്യയിലെ മുസ്‍ലിംകൾക്കിടയിലുള്ള ബഹുഭാര്യത്വം. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല അനാചാരങ്ങളെയും പോലെ ബഹുഭാര്യത്വവും ഏക സിവിൽ കോഡിലൂടെ ഒറ്റയടിക്ക് ഇല്ലാതാക്കാവുന്ന, അങ്ങനെ ഇല്ലാതാക്കേണ്ടുന്ന ഒന്നാണെന്ന വാദം ഒരു ഭാഗത്തുണ്ടാവുമ്പോൾ, അത് മത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും അതിനാൽ തന്നെ ഭരണഘടനാലംഘനവുമാണ് എന്ന് മറുവാദം ഉണ്ടാകുന്നു.

വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല അനാചാരങ്ങളെയും പോലെ ബഹുഭാര്യത്വവും ഏക സിവിൽ കോഡിലൂടെ ഒറ്റയടിക്ക് ഇല്ലാതാക്കാവുന്ന, അങ്ങനെ ഇല്ലാതാക്കേണ്ടുന്ന ഒന്നാണെന്ന വാദം ഒരു ഭാഗത്തുണ്ടാവുമ്പോൾ, അത് മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും അതിനാൽ തന്നെ ഭരണഘടനാലംഘനവുമാണ് എന്ന് മറുവാദം ഉണ്ടാകുന്നു.
വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല അനാചാരങ്ങളെയും പോലെ ബഹുഭാര്യത്വവും ഏക സിവിൽ കോഡിലൂടെ ഒറ്റയടിക്ക് ഇല്ലാതാക്കാവുന്ന, അങ്ങനെ ഇല്ലാതാക്കേണ്ടുന്ന ഒന്നാണെന്ന വാദം ഒരു ഭാഗത്തുണ്ടാവുമ്പോൾ, അത് മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും അതിനാൽ തന്നെ ഭരണഘടനാലംഘനവുമാണ് എന്ന് മറുവാദം ഉണ്ടാകുന്നു.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബഹുഭാര്യത്വ വിവാഹങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക യാഥാർഥ്യങ്ങൾ എന്താണെന്നും നിലവിൽ നടക്കുന്ന ചർച്ചകളുടെ സ്വഭാവ സവിശേഷതകളെന്താണ് എന്നുമുള്ള ഒരന്വേഷണമാണ് ഈ ലേഖനം.

ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലേറെ പങ്കാളികളുണ്ടാവുന്ന വിവാഹബന്ധമാണ് പോളിഗാമി. ഇത് ബഹുഭാര്യത്വമോ (polygyny) ബഹുഭർതൃത്വമോ (polyandry) ആകാം. ലോകത്ത് മിക്കവാറും എല്ലാ സമൂഹങ്ങളിലും, എല്ലാ മതങ്ങളിലും പല രൂപങ്ങളിൽ, പല കാലങ്ങളിലായി ബഹുഭാര്യത്വവും ബഹുഭർതൃത്വവും നിലവിലുണ്ടായിരുന്നു; ഇന്നും നിലനിൽക്കുന്നുമുണ്ട്.

ബഹുഭാര്യത്വം പ്രശ്നമാണ് എന്ന പൊതുബോധത്തിനപ്പുറത്ത്, എവിടെ, ആർക്ക്, എന്ത് പ്രശ്നമാണ് ഉണ്ടാകുന്നത് എന്ന് കൃത്യമായുള്ള തിരിച്ചറിവുകൾ നമുക്കില്ല. പലപ്പോഴും ഭരണസംവിധാനങ്ങൾ പോലും അതറിയാൻ ശ്രമിക്കുന്നുമില്ല.

തുർക്കിയിലെ കുർദുകൾ പിന്തുടർന്നിരുന്ന ‘ലെവിറേറ്റ്’ വിവാഹം (ഭർത്താവിന്റെ മരണശേഷം ഭാര്യയെ ഭർതൃസഹോദരൻ വിവാഹം കഴിക്കുന്ന രീതി) മുതൽ അമേരിക്കയിലേയും കാനഡയിലെയും ചില ക്രിസ്ത്യൻ ഗ്രൂപ്പുകൾ തുടരുന്ന ബഹുഭാര്യത്വം വരെ വിവിധ തരത്തിൽ ബഹുഭാര്യത്വം നിലനിൽക്കുമ്പോൾ, അപൂർവമായെങ്കിലും ബഹുഭർതൃത്വവും ഇന്നും തുടരുന്നുണ്ട്. ഇന്ത്യയിലും നേപ്പാളിലും ടിബറ്റിലും തെക്കൻ പസഫിക് സമുദ്രത്തിലെ മാർക്വസാസ് (Marquesas) ദ്വീപിലും ഉൾപ്പെടെ 28-ഓളം സമൂഹങ്ങളിൽ ബഹുഭർതൃത്വം നിലവിലുണ്ട്. പോളിഗാമി ഏതെങ്കിലും ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ മാത്രമല്ലെന്നാണ് ഈ വ്യാപ്തി സൂചിപ്പിക്കുന്നത്. ബഹുഭാര്യത്വത്തെ എതിർത്തോ അനുകൂലിച്ചോ ഉള്ള വാദങ്ങൾ ഏതെങ്കിലും ഒരു മത-സാംസ്കാരിക വിഭാഗത്തിലേക്ക് മാത്രമൊ തുങ്ങേണ്ടതല്ലന്ന് സാരം.

ബഹുഭാര്യത്വ സംസ്കാരം പിന്തുടരുന്ന ദക്ഷിണാഫ്രിക്കന്‍ കുടുംബം
ബഹുഭാര്യത്വ സംസ്കാരം പിന്തുടരുന്ന ദക്ഷിണാഫ്രിക്കന്‍ കുടുംബം

ബഹുഭാര്യത്വം ഇന്ത്യയിൽ: നിയമവശങ്ങൾ

ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതു മുതൽ ബഹുഭാര്യത്വം എന്ന വിഷയം സജീവ ചർച്ചകളിൽ വന്നുതുടങ്ങിയിരുന്നു. 1936- ലെ പാഴ്സി വിവാഹ-വിവാഹമോചനനിയമം (Parsi Marriage and Divorce Act, 1936) പാഴ്സികൾക്കിടയിലെ ദ്വി ഭാര്യത്വം നിയമം മൂലം നിരോധിച്ചു. അതിനുശേഷം 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റിലും ബഹുഭാര്യത്വം അനുവദിച്ചിരുന്നില്ല. ഒരു വർഷത്തിനുശേഷം, 1955 മെയ് 18ന് നിലവിൽ വന്ന ഹിന്ദു മാര്യേജ് ആക്ട് മുസ്‍ലിംകൾ ഒഴികെ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലും ബഹുഭാര്യത്വം നിരോധിച്ചു. ബുദ്ധ, ജൈന, സിഖ് മതങ്ങളും ഹിന്ദു വിവാഹ നിയമത്തിനുകീഴിൽ വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ക്രിസ്ത്യൻ വിവാഹനിയമവും ദ്വി ഭാര്യത്വം അനുവദിക്കുന്നില്ല.

സ്ത്രീകളുടെ അന്തസ്സിനെയും തുല്യതയെയും ബാധിക്കുന്ന ഒരപരിഷ്കൃത ആചാരമായി ഒരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീവിമോചന പ്രസ്ഥാനങ്ങൾ, ബഹുഭാര്യാത്വത്തെ കാണുമ്പോൾ, മറുവശത്ത് ബഹുഭാര്യത്വം സമകാലിക അവകാശ ചർച്ചകളുടെ ഭാഗമായി മാറുകയാണ്.

ഹിന്ദു മാര്യേജ് ആക്ടിലെ 17-ാം വകുപ്പ് പ്രകാരവും ഇന്ത്യൻ പീനൽ കോഡിലെ 494, 495 വകുപ്പുകൾ പ്രകാരവും ബഹുഭാര്യത്വ വിവാഹത്തിലുള്ള ഒരാൾ ശിക്ഷിക്കപ്പെടും. 494-ാം വകുപ്പ് പ്രകാരം ഏഴു വർഷം വരെ നീളാവുന്ന തടവോ പിഴയോ ആണ് ശിക്ഷ. രണ്ടാം വിവാഹം ചെയ്തയാളോട് ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചുവച്ചാൽ 495-ാം വകുപ്പ് പ്രകാരം തടവ് 10 വർഷം വരെയാകാം. എന്നാൽ മുസ്‍ലിം പുരുഷന്മാർ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും മുസ്‍ലിം വ്യക്തിനിയമം അനുവദിക്കുന്നതിനാൽ നാല് വിവാഹം വരെ കുറ്റകരമല്ലാതാവുകയും ചെയ്തു. ഈ നിയമത്തോടെ ഇന്ത്യയിൽ മുസ്‍ലിംകളിലൊഴികെ മറ്റെല്ലാ മതങ്ങളിലും ബഹുഭാര്യത്വം ഇല്ലാതായെന്നും, അതുകൊണ്ടുതന്നെ ഇത് മുസ്‍ലിം സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ് എന്നുമുള്ള പൊതുബോധം പിന്നീട് നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഔദ്യോഗിക കണക്കുകൾ പറയുന്നത് അപ്രകാരമല്ല.

ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നമ്മുടെ മുൻപിലുള്ളത് കോടതികളിൽ വന്നിട്ടുള്ള കേസുകൾ മാത്രമാണ്. ഈ കേസുകളുടെ വിശകലനം സ്ത്രീകളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ചയാണ്.
ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നമ്മുടെ മുൻപിലുള്ളത് കോടതികളിൽ വന്നിട്ടുള്ള കേസുകൾ മാത്രമാണ്. ഈ കേസുകളുടെ വിശകലനം സ്ത്രീകളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ചയാണ്.

ഇന്ത്യയിലെ ബഹുഭാര്യത്വം:
ചില സ്ഥിതിവിവരക്കണക്കുകൾ

ഇന്ത്യയിലെ ബഹുഭാര്യത്വത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രധാനമായും ലഭ്യമായിട്ടുള്ളത് ദേശീയ കുടുംബാരോഗ്യ സർവേയിലാണ് (National Family Health Survey-NFHS). ഏറ്റവും ഒടുവിൽ പുറത്തുവന്ന 2019-21 ലെ അഞ്ചാം NFHS സർവെ പ്രകാരം ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 1.4 ശതമാനം പേർ ബഹുഭാര്യത്വം പിന്തുടരുന്നുണ്ട്. രാജ്യത്തെ ആകെ മുസ്‍ലിം ജനസംഖ്യയുടെ 1.9 ശതമാനവും ആകെ ഹിന്ദു ജനസംഖ്യയുടെ 1.3% ശതമാനവും ബഹുഭാര്യത്വം പിന്തുടരുമ്പോൾ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവരിൽ 1.6 ശതമാനം പേരുണ്ട്. എന്നാൽ, പൊതുവേ ഇന്ത്യയിൽ ബഹുഭാര്യത്വം കുറഞ്ഞുവരുന്നതായും NFHS-ന്റെ തന്നെ കണക്കുകൾ പറയുന്നുണ്ട്.

ഇന്ത്യയിൽ എല്ലാ ജാതി- മത വിഭാഗങ്ങൾക്കിടയിലും കാര്യമായ അന്തരമില്ലാതെ ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ട്. കാലക്രമേണ അതിലുണ്ടാകുന്ന കുറവും എല്ലാ വിഭാഗങ്ങളിലും ഏതാണ്ടൊരേതോതിലാണ്.

2005-06 കാലത്ത് നടന്ന മൂന്നാം NFHS സർവേയിൽ 2.9 ശതമാനമായിരുന്നു മുസ്‍ലിംകളിലെ ബഹുഭാര്യത്വം. ഇതാണ് 2019-21 കാലത്ത് 1.9 ശതമാനം ആയി കുറയുന്നത്. ഏതാണ്ട് ഇതുപോലെ തന്നെയാണ് മറ്റ് മതങ്ങളുടെയിടയിലുമുണ്ടാകുന്ന കുറവ്. 2005-06 ൽ ഹിന്ദുക്കളിലെ ബഹുഭാര്യത്വം 1.9 ശതമാനമായിരുന്നപ്പോൾ മറ്റ് വിഭാഗങ്ങളിലെല്ലാം കൂടി ഇത് 2.9 ശതമാനമായിരുന്നു. 2019-21 ലാണ് ഇത് യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവുമായി കുറയുന്നത്.

NFHS റിപ്പോർട്ടുകൾക്കുമുൻപ് 1974-ൽ ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെപ്പറ്റി ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വീണാ മജുംദാർ, ലോകിതാ സർക്കാർ എന്നിവർ ചേർന്ന് തയ്യാറാക്കിയ വിശദമായ ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ട് എന്നും, 1951-60 കാലത്ത് ഹിന്ദുക്കൾക്കിടയിൽ ഇത് 5.6 ശതമാനവും മുസ്‍ലിംകൾക്കിടയിൽ 4.3 ശതമാനവും ആദിവാസി വിഭാഗങ്ങളിൽ 17.98 ശതമാനവും ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചുരുക്കത്തിൽ, ഇന്ത്യയിൽ എല്ലാ ജാതി- മത വിഭാഗങ്ങൾക്കിടയിലും കാര്യമായ അന്തരമില്ലാതെ ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ട്. കാലക്രമേണ അതിലുണ്ടാകുന്ന കുറവും എല്ലാ വിഭാഗങ്ങളിലും ഏതാണ്ടൊരേതോതിലാണ്.

2005-06 ൽ ഹിന്ദുക്കളിലെ ബഹുഭാര്യത്വം 1.9 ശതമാനമായിരുന്നപ്പോൾ മറ്റ് വിഭാഗങ്ങളിലെല്ലാം കൂടി ഇത് 2.9 ശതമാനമായിരുന്നു. 2019-21 ലാണ് ഇത് യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവുമായി കുറയുന്നത്.
2005-06 ൽ ഹിന്ദുക്കളിലെ ബഹുഭാര്യത്വം 1.9 ശതമാനമായിരുന്നപ്പോൾ മറ്റ് വിഭാഗങ്ങളിലെല്ലാം കൂടി ഇത് 2.9 ശതമാനമായിരുന്നു. 2019-21 ലാണ് ഇത് യഥാക്രമം 1.3 ശതമാനവും 1.6 ശതമാനവുമായി കുറയുന്നത്.

നിർഭാഗ്യവശാൽ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ നടക്കുന്ന ചർച്ചകളിലൊന്നും ഈ വസ്തുതകളോ, വളരെക്കുറച്ചാണെങ്കിലും ഇവിടെ നടന്നിട്ടുള്ള പഠനങ്ങളോ ഉൾപ്പെടുന്നതേയില്ല. 1955- നുശേഷം, മുസ്‍ലിംകൾക്കിടയിൽ മാത്രം നിലനിൽക്കുന്ന മതപരമായ ഒരനാചാരമോ, മതപരമായ അവകാശമോ മാത്രമാണ് നമുക്കിത്. എന്നാൽ ഈ അനാചാര- അവകാശ സംരക്ഷണ വാദങ്ങൾക്കപ്പുറത്ത് ഈ വിവാഹരീതി പിന്തുടരുന്ന മനുഷ്യരുടെ അനുഭവങ്ങളോ, ജാതി-മത വേർതിരിവുകൾക്കതീതമായി ഈ വിവാഹങ്ങളിലെ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ- പൗരാവകാശ പ്രശ്നങ്ങളോ യഥാർത്ഥത്തിൽ നമ്മളറിയുന്നില്ല. ബഹുഭാര്യത്വം പ്രശ്നമാണ് എന്ന പൊതുബോധത്തിനപ്പുറത്ത്, എവിടെ, ആർക്ക്, എന്ത് പ്രശ്നമാണ് ഉണ്ടാകുന്നത് എന്ന് കൃത്യമായുള്ള തിരിച്ചറിവുകൾ നമുക്കില്ല. പലപ്പോഴും ഭരണസംവിധാനങ്ങൾ പോലും അതറിയാൻ ശ്രമിക്കുന്നുമില്ല.

ബഹുഭാര്യത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായൊരു പ്രകൃതം, അതിന് ശക്തമായൊരു സാമൂഹിക- സാംസ്കാരിക അടിത്തറ ഉണ്ടായിരിക്കും എന്നതാണ്.

വാദങ്ങളും
പ്രതിവാദങ്ങളും

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും ബഹുഭാര്യത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സിനെയും തുല്യതയെയും ബാധിക്കുന്ന ഒരപരിഷ്കൃത ആചാരമായി ഒരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീവിമോചന പ്രസ്ഥാനങ്ങൾ, അതിനെ കാണുമ്പോൾ, മറുവശത്ത് ബഹുഭാര്യത്വം സമകാലിക അവകാശ ചർച്ചകളുടെ ഭാഗമായി മാറുകയാണ്. ഒരാൾ തന്റെ മതാചാരങ്ങളുടെയോ സാംസ്കാരിക പൈതൃകത്തിന്റെയോ ഭാഗമായി ബഹുഭാര്യത്വം പിന്തുടർന്നാൽ, അതയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കണക്കാക്കേണ്ടതെന്നും അതിൽ സ്റ്റേറ്റിനോ പൊതുസമൂഹത്തിനോ ഇടപെടാനാവില്ലെന്നുമാണ് ഈ വാദം. അമേരിക്കയിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗമായ മോർമണുകൾ (Mormon) ഇത്തരത്തിൽ അവരുടെ മതാചാരത്തിന്റെ ഭാഗമായി ബഹുഭാര്യത്വം പിന്തുടരുന്നവരാണ്. അമേരിക്കയിൽ എല്ലാ വിഭാഗങ്ങൾക്കിടയിലും ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മോർമണുകൾക്കിടയിൽ ഇന്നും ഇത് തുടരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ കോടതികളും ഗവൺമെന്റും ഇതിനെതിരെ ശക്തമായ, പലപ്പോഴും വിവാദമായ നടപടികളെടുത്തിരുന്നെങ്കിലും പിൽക്കാലത്ത് അവർ നിലപാട് മയപ്പെടുത്തിയിരുന്നു. മോർമൺ ബഹുഭാര്യത്വം വിവാഹബന്ധത്തിലേർപ്പെടുന്ന പങ്കാളികളുടെ പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും, അതിനുള്ളിൽ മറ്റ് വിവാഹങ്ങളിലില്ലാത്ത തരത്തിലുള്ള എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നതിന് തെളിവുകളൊന്നുമില്ല എന്നുമുള്ള വാദമായിരുന്നു നിലപാട് മയപ്പെടാനുള്ള പ്രധാന കാരണം. ബഹുഭാര്യത്വം പോലൊരു സമ്പ്രദായത്തെ അഭിമുഖീകരിക്കുമ്പോൾ ഗവൺമെന്റും കോടതികളും പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി ശരിയായ വിവരങ്ങളുടെ അഭാവത്തിൽ നടപടിയെടുത്താലുള്ള അവസ്ഥയുടെ വ്യക്തമായ ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗമായ മോർമണുകൾ (Mormon) ഇത്തരത്തിൽ അവരുടെ മതാചാരത്തിന്റെ ഭാഗമായി ബഹുഭാര്യത്വം പിന്തുടരുന്നവരാണ്. അമേരിക്കയിൽ എല്ലാ വിഭാഗങ്ങൾക്കിടയിലും ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മോർമണുകൾക്കിടയിൽ ഇന്നും ഇത് തുടരുന്നു.
അമേരിക്കയിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗമായ മോർമണുകൾ (Mormon) ഇത്തരത്തിൽ അവരുടെ മതാചാരത്തിന്റെ ഭാഗമായി ബഹുഭാര്യത്വം പിന്തുടരുന്നവരാണ്. അമേരിക്കയിൽ എല്ലാ വിഭാഗങ്ങൾക്കിടയിലും ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മോർമണുകൾക്കിടയിൽ ഇന്നും ഇത് തുടരുന്നു.

ബഹുഭാര്യത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായൊരു പ്രകൃതം, അതിന് ശക്തമായൊരു സാമൂഹിക- സാംസ്കാരിക അടിത്തറ ഉണ്ടായിരിക്കും എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ സമൂഹത്തിലും പിന്തുടർന്നുവരുന്ന ബഹുഭാര്യത്വ വിവാഹങ്ങൾക്ക് വ്യത്യസ്തമായ പ്രത്യേകതകളാകും ഉണ്ടാവുക. മോർമൺ ബഹുഭാര്യത്വത്തിനെതിരെയുള്ള നീക്കങ്ങളെ ദുർബലപ്പെടുത്തിയ ഒരു പ്രധാന വാദം, അത് പ്രായ പൂർത്തിയായ വ്യക്തികളുടെ പരസ്പരമുള്ള അറിവോടെയും സമ്മതത്തോടെയുമാണ് നടന്നിരുന്നത് എന്നാണ്. എന്നാൽ നമ്മുടെ രാജ്യത്ത് അതങ്ങനെയാണോ? യഥാർഥത്തിൽ ബഹുഭാര്യത്വ വിവാഹങ്ങളുടെ ഭാഗമായ മനുഷ്യർക്ക് അതേപ്പറ്റി എന്താണ് പറയാനുള്ളത്? ബഹുഭാര്യത്വ സമ്പ്രദായവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങൾ എന്തൊക്കെയാണ്? എത്രപേർ സ്വന്തം തീരുമാനപ്രകാരം ഇത്തരം വിവാഹങ്ങളിലേക്ക് വരുന്നുണ്ട്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തരാൻ നമുക്ക് വളരെക്കുറച്ച് പഠനങ്ങളേയുള്ളൂ. അതും മുസ്‍ലിം ബഹുഭാര്യത്വത്തെക്കുറിച്ച് മാത്രം. അവയുടെ കണ്ടെത്തലുകൾ നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്.

മുസ്‍ലിംകളിലെ ബഹുഭാര്യത്വം:
ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ

ഭാരതീയ മുസ്‍ലിം മഹിളാ ആന്ദോളന്റെ (Bharathiya Muslim Mahila Andolan- BMMA) 2022-ൽ പുറത്തുവന്ന ഒരു പഠന റിപ്പോർട്ടാണ് NFHS- നു ശേഷം ഇന്ത്യയിലെ ബഹുഭാര്യത്വത്തെക്കുറിച്ച് നടന്നിട്ടുള്ള കാര്യമായ ഒരേയൊരു പഠനം എന്നു പറയാം. ‘Status of Women in Polygamous Marriages and Need for Legal Protection’ എന്ന തലക്കെട്ടിൽ വന്നിട്ടുള്ള ഈ പഠനം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി ബഹുഭാര്യത്വ വിവാഹങ്ങളിലുള്ള 289 മുസ്‍ലിം സ്ത്രീകൾക്കിടയിലാണ് നടന്നത്. ഈ പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം, 77 ശതമാനം സ്ത്രീകളുടെയും അറിവില്ലാതെയാണ് ഭർത്താവിന്റെ മറ്റ് വിവാഹങ്ങൾ നടക്കുന്നത്. അറിഞ്ഞാൽപ്പോലും 90 ശതമാനം കേസുകളിലും അവരുടെ സമ്മതം വാങ്ങുന്നില്ല. രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹബന്ധം വേർപിരിയും എന്ന ഭർത്താവിന്റെ ഭീഷണി 45 ശതമാനം സ്ത്രീകളും നേരിട്ടിട്ടുണ്ട് എന്നും പഠനം പറയുന്നു. രണ്ടാം വിവാഹത്തിനു ശേഷം 15 ശതമാനം പുരുഷന്മാരും ആദ്യഭാര്യയെ പൂർണമായും ഉപേക്ഷിക്കുന്നതായും 47 ശതമാനം പേർ ഭാര്യമാർക്ക് ജീവനാംശം നൽകുന്നില്ലെന്നും 13 ശതമാനം പേർ വല്ലപ്പോഴും മാത്രമാണ് സാമ്പത്തിക പിന്തുണ നല്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാ മതവിഭാഗങ്ങളിലുമുള്ള സ്ത്രീകൾ അതിക്രമങ്ങളനുഭവിക്കുന്നുണ്ടെങ്കിലും മുസ്‍ലിം ബഹുഭാര്യത്വവിവാഹങ്ങളിലെ സ്ത്രീകളാണ് കൂടുതലായി അതിക്രമങ്ങൾ നേരിടുന്നത് എന്നും ‘Status of Women in Polygamous Marriages and Need for Legal Protection’ എന്ന പഠനം പറയുന്നു.

അതേസമയം ആദ്യ ഭാര്യമാരിൽ 42 ശതമാനം പേർക്കും സ്വന്തമായി വരുമാനമില്ലെന്നും 40 ശതമാനം പേർക്ക് 1000 രൂപയിൽ താഴെ മാത്രമാണ് മാസവരുമാനമുള്ളതെന്നും പഠനം കണ്ടെത്തുന്നുണ്ട്. രണ്ടാം ഭാര്യമാരിൽ ഇത് യഥാക്രമം 45 ശതമാനവും 34 ശതമാനവുമാണ്. പഠനത്തിൽ പങ്കെടുത്ത പകുതി സ്ത്രീകളിലും ഭർത്താവിന്റെ ബഹുഭാര്യത്വം മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട് എന്നും വിഷാദവും ആത്മഹത്യാ പ്രവണതകളും കണ്ടു വരുന്നുവെന്നും കൂടി പഠനം പറയുന്നുണ്ട്. മറ്റ് വഴികളൊന്നും ഇല്ലാത്തതുകൊണ്ടും കുട്ടികളുടെ ഭാവി അപകടത്തിലാവും എന്ന ഭയമുള്ളതുകൊണ്ടുമാണ് ഇപ്പോഴും വിവാഹത്തിൽ തുടരുന്നത് എന്ന് 45% സ്ത്രീകളും പറയുന്നുണ്ട്. ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു ഗൗരവമായ നിരീക്ഷണം നാലാം NFHS സർവേയുടെ (2015-16) ഒരു വിശകലനത്തിൽ നിന്നുണ്ടായിട്ടുണ്ട്. ബഹുഭാര്യത്വ വിവാഹങ്ങളിലെ സ്ത്രീകൾ മറ്റ് വിവാഹങ്ങളിലെ സ്ത്രീകളേക്കാൾ കൂടുതൽ പങ്കാളിയിൽ നിന്നുള്ള അതിക്രമങ്ങൾക്ക് ഇരയാവുന്നുണ്ട് എന്നാണ് ഈ കണ്ടെത്തൽ. എല്ലാ മതവിഭാഗങ്ങളിലുമുള്ള സ്ത്രീകൾ അതിക്രമങ്ങളനുഭവിക്കുന്നുണ്ടെങ്കിലും മുസ്‍ലിം ബഹുഭാര്യത്വവിവാഹങ്ങളിലെ സ്ത്രീകളാണ് കൂടുതലായി അതിക്രമങ്ങൾ നേരിടുന്നത് എന്നും പഠനം പറയുന്നു.

77 ശതമാനം സ്ത്രീകളുടെയും അറിവില്ലാതെയാണ് ഭർത്താവിന്റെ മറ്റ് വിവാഹങ്ങൾ നടക്കുന്നത്. അറിഞ്ഞാൽപ്പോലും 90 ശതമാനം കേസുകളിലും അവരുടെ സമ്മതം വാങ്ങുന്നില്ല. രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹബന്ധം വേർപിരിയും എന്ന ഭർത്താവിന്റെ ഭീഷണി 45 ശതമാനം സ്ത്രീകളും നേരിട്ടിട്ടുണ്ട് എന്നും പഠനങ്ങൾ പറയുന്നു.
77 ശതമാനം സ്ത്രീകളുടെയും അറിവില്ലാതെയാണ് ഭർത്താവിന്റെ മറ്റ് വിവാഹങ്ങൾ നടക്കുന്നത്. അറിഞ്ഞാൽപ്പോലും 90 ശതമാനം കേസുകളിലും അവരുടെ സമ്മതം വാങ്ങുന്നില്ല. രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹബന്ധം വേർപിരിയും എന്ന ഭർത്താവിന്റെ ഭീഷണി 45 ശതമാനം സ്ത്രീകളും നേരിട്ടിട്ടുണ്ട് എന്നും പഠനങ്ങൾ പറയുന്നു.

മതങ്ങൾക്കപ്പുറത്തെ
മനുഷ്യാവകാശ പ്രശ്നം

നേരത്തേ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിൽ ബഹുഭാര്യത്വം മുസ്‍ലിംകളിൽ മാത്രമൊതുങ്ങുന്നില്ല. എന്നാൽ ഇത്തരമൊരു വശം ചർച്ച ചെയ്യപ്പെടുന്നില്ല എന്നുമാത്രമല്ല, മറ്റ് മതവിഭാഗങ്ങളിലെ ഇന്നും തുടരുന്ന ബഹുഭാര്യത്വ വിവാഹങ്ങളുടെ സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്താണ് എന്നത് സംബന്ധിച്ച കാര്യമായ ഒരു പഠനം പോലും നടന്നിട്ടില്ല. BMMA യുടെ പഠനം മുസ്‍ലിം സ്ത്രീകളിൽ മാത്രമാണ് നടന്നത്. മറ്റ് ബഹുഭാര്യത്വ വിവാഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്? നമ്മുടെ മുൻപിലുള്ളത് കോടതികളിൽ വന്നിട്ടുള്ള കേസുകൾ മാത്രമാണ്. ഈ കേസുകളുടെ വിശകലനം സ്ത്രീകളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ചയാണ്. മറ്റ് മതങ്ങളിലെ പുരുഷന്മാർ ഇസ്‍ലാമിലേക്ക് മതം മാറിയ ശേഷമാണ് രണ്ടാം വിവാഹം ചെയ്യുന്നത് എന്നൊരു ധാരണ പൊതുവേയുണ്ട്. എന്നാൽ മിക്കവാറും അതങ്ങനെയല്ല. സ്വന്തം മതത്തിൽ തുടർന്നു കൊണ്ട് തന്നെ പുരുഷന്മാർ രണ്ടാം വിവാഹം കഴിക്കുന്നുണ്ട് എന്നുമാത്രമല്ല, അവരിൽ ഭൂരിപക്ഷവും നിയമത്തിനുമുന്നിലെത്തുന്നു പോലുമില്ല. ഇനി കോടതികളിലെത്തുന്ന ചുരുക്കം കേസുകളിലാകട്ടെ, നിയമത്തിലെ അവ്യക്തതകളും സങ്കീർണ്ണതകളും മിക്കവാറും പുരുഷന്മാരെ രക്ഷിക്കുകയാണ് ചെയ്യുന്നത്.

ഹിന്ദു മതത്തിലെ നൂറുകണക്കിന് ഉപജാതികളിൽ നടക്കുന്ന വിവാഹചടങ്ങുകളെല്ലാം അംഗീകരിക്കപ്പെട്ടവയല്ലെന്നും, കോടതികളിലെത്തിയ കേസുകളിൽ മിക്കവാറും വാദികളായ സ്ത്രീകൾ പരാജയപ്പെട്ടുപോവുന്നത് വിവാഹത്തിന്റെ സാധുത തെളിയിക്കാനാവത്തതുമൂലമാണെന്നുമാണ് കേസുകൾ പറയുന്നത്.

പ്രാഥമികമായി, ഒരാൾ സാധുവായ രണ്ടു വിവാഹങ്ങൾ (ആദ്യ ഭാര്യ ജീവിച്ചിരിക്കെ) ചെയ്തിട്ടുണ്ട് എന്ന് കോടതിയിൽ തെളിയണം. എന്നാൽ ഇത് ഒട്ടും എളുപ്പമല്ലെന്നുമാത്രമല്ല, അവ്യക്തവും കർശനവുമായ മാനദണ്ഡങ്ങൾ കാരണം പലപ്പോഴും കേസുകൾ മേൽക്കോടതികളിൽ തള്ളിപ്പോവുകയാണുണ്ടായിട്ടുള്ളത്. ഒരു ഹിന്ദു വിവാഹം സാധുവാകാൻ ഹോമവും സപ്തപദിയും പോലുള്ള ചടങ്ങുകൾ നടന്നിരിക്കണം എന്നത് ഹിന്ദു വിവാഹനിയമത്തിലെ ഒരു പ്രധാന മാനദണ്ഡമാണ് (Section 7 of Hindu Marriage act). ഇത്തരത്തിൽ സാധുവായ ചടങ്ങുകളോടെ രണ്ട് വിവാഹങ്ങൾ ഒരാൾ ചെയ്തിട്ടുണ്ട് എന്ന് കോടതിയിൽ തെളിയുമ്പോഴാണ് അയാൾ കുറ്റക്കാരനാകുന്നത്. എന്നാൽ ചടങ്ങുകൾ നടന്നു എന്ന് കോടതിയിൽ തെളിയിക്കാനാകാതെ വരുന്നതാണ് പ്രശ്നം. ചടങ്ങ് നടന്നു എന്ന പുരോഹിതന്റെ മൊഴിയോ വിവാഹം നടന്നതായുള്ള രണ്ടാം ഭാര്യയുടെയോ ഭർത്താവിന്റെയോ മൊഴിയോ പോലും കോടതികൾ തെളിവായി സ്വീകരിക്കില്ല. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹ ചടങ്ങ് സാധുവാകണമെങ്കിൽ അത് ഒരു അംഗീകൃത ചടങ്ങായി ഏതെങ്കിലും നിയമപുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കണം. (ഹിന്ദു മാര്യേജ് ആക്ടിനു കീഴിൽ ബുദ്ധ, ജൈന, സിഖ് വിവാഹങ്ങളും ഉൾപ്പെടും). എന്നാൽ, ഹിന്ദു മതത്തിലെ നൂറുകണക്കിന് ഉപജാതികളിൽ നടക്കുന്ന വിവാഹചടങ്ങുകളെല്ലാം ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടവയല്ലെന്നും, വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും എത്തിയിട്ടുള്ള കേസുകളിൽ മിക്കവാറും വാദികളായ സ്ത്രീകൾ പരാജയപ്പെട്ടുപോവുന്നത് ഇത്തരത്തിൽ വിവാഹത്തിന്റെ സാധുത തെളിയിക്കാനാവത്തതുമൂലമാണെന്നുമാണ് കോടതികളിലെത്തുന്ന കേസുകൾ നമ്മളോട് പറയുന്നത്.

ഒരു ഹിന്ദു വിവാഹം സാധുവാകാൻ ഹോമവും സപ്തപദിയും പോലുള്ള ചടങ്ങുകൾ നടന്നിരിക്കണം എന്നത് ഹിന്ദു വിവാഹനിയമത്തിലെ ഒരു പ്രധാന മാനദണ്ഡമാണ് (Section 7 of Hindu Marriage act). ഇത്തരത്തിൽ സാധുവായ ചടങ്ങുകളോടെ രണ്ട് വിവാഹങ്ങൾ ഒരാൾ ചെയ്തിട്ടുണ്ട് എന്ന് കോടതിയിൽ തെളിയുമ്പോഴാണ് അയാൾ കുറ്റക്കാരനാകുന്നത്.
ഒരു ഹിന്ദു വിവാഹം സാധുവാകാൻ ഹോമവും സപ്തപദിയും പോലുള്ള ചടങ്ങുകൾ നടന്നിരിക്കണം എന്നത് ഹിന്ദു വിവാഹനിയമത്തിലെ ഒരു പ്രധാന മാനദണ്ഡമാണ് (Section 7 of Hindu Marriage act). ഇത്തരത്തിൽ സാധുവായ ചടങ്ങുകളോടെ രണ്ട് വിവാഹങ്ങൾ ഒരാൾ ചെയ്തിട്ടുണ്ട് എന്ന് കോടതിയിൽ തെളിയുമ്പോഴാണ് അയാൾ കുറ്റക്കാരനാകുന്നത്.

വിരോധാഭാസം എന്തെന്നാൽ, കോടതിയിൽ വാദം നടക്കുന്നതിനിടയിൽ ആദ്യ ഭാര്യക്ക് വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ വിവാഹം ഇത്തരത്തിലെ ‘സാധുവായ’ തെളിവുകളുടെ അഭാവം മൂലം തെളിയിക്കാനാവാതെ വരികയും അങ്ങനെ ഭർത്താവിന്റെ ബഹുഭാര്യത്വം തെളിയിക്കാനായില്ലെന്നുമാത്രമല്ല, തന്റെ വിവാഹത്തിന്റെ നിയമസാധുത തന്നെ ഇല്ലാതായിപ്പോവുകയും ചെയ്ത കേസുകളുണ്ടായിട്ടുണ്ട്.

നിയമപരമായ നിരോധനത്തിനുശേഷവും എല്ലാ മതവിഭാഗങ്ങളിലും ബഹുഭാര്യത്വം തുടർന്നു എന്നു മാത്രമല്ല, ആചാരാനുഷ്ഠാനങ്ങൾ അംഗീകരിക്കുന്നതിലെ നിയമപരമായ അവ്യക്തത സ്ത്രീകളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്തു. 1965- ലെ Bhaurao Shankar Lokhande v State of Maharashtra കേസ് മുതൽ1995- ലെ Sarla Mudgal v. Union of India വരെയുള്ള 30 വർഷത്തെ ബഹുഭാര്യത്വ കേസുകളിൽ നിന്ന് തെരഞ്ഞെടുത്ത 13 കേസുകളെ വിശകലനം ചെയ്ത് ഫ്ലാവിയ ആഗ്നസ് എഴുതിയ ലേഖനത്തിൽ, ബഹുഭാര്യത്വ നിരോധനം പൊള്ളത്തരമാണെന്നു തുറന്നടിക്കുന്നുണ്ട്. അത് ഒരിക്കലും ശരിയായി നടപ്പിലായില്ലെന്നതും, ഹിന്ദു വിവാഹങ്ങളെ മുഴുവൻ ഹോമവും സപ്തപദിയും പോലുള്ള ബ്രാഹ്മണിക് ആചാരങ്ങളിലൂടെ മാത്രമേ അംഗീകരിക്കാനാവൂ എന്ന വിചിത്രമായ ഏകരൂപവാദവും അവർ ചോദ്യം ചെയ്യുന്നുണ്ട്. കോടതികളുടെ അവ്യക്തവും വിചിത്രവുമായ ഈ നിലപാട് ബഹുഭാര്യത്വ വിവാഹ കേസുകളിൽ എങ്ങനെയാണ് സ്ത്രീകൾക്കെതിരെ തിരിയുന്നതെന്നും പുരുഷന്മാർ എങ്ങനെയാണ് എളുപ്പം കുറ്റവിമുക്തരാക്കപ്പെടുന്നതെന്നും ഈ കേസുകളിലെ വിധികൾ തന്നെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിന്റെ സാധുത തെളിയിക്കാനാകാത്തപക്ഷം രണ്ടിലൊരു ഭാര്യക്ക് ജീവനാംശം ലഭിക്കാനുള്ള നിയമപരമായ അവകാശവും നഷ്ടമാകുന്നു. കോടതികളിലെത്തുന്ന കേസുകളിൽ ഏതാണ്ടെല്ലാം ഭർത്താവ് ഏതെങ്കിലും ഒരു ഭാര്യയെ ഭാഗികമായോ പൂർണമായോ ഉപേക്ഷിച്ചതുമായിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു പോകുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴും മറ്റുമാണ് ഈ സ്ത്രീകൾ കോടതിയെ സമീപിക്കുന്നത്. ഏതാണ്ടെല്ലാ കേസുകളിലും ആദ്യ ഭാര്യയുടെയോ കുടുംബത്തിന്റെയോ അറിവില്ലാതെയാണ് രണ്ടാം വിവാഹം നടക്കുന്നത്.

ചുരുക്കത്തിൽ, സാമൂഹിക- സാമ്പത്തിക- നിയമ ചൂഷണങ്ങൾക്കെല്ലാം ഒരുമിച്ചിരയാവുകയാണ് ഈ സ്ത്രീകൾ. എന്നാൽ മുസ്‍ലിം ബഹുഭാര്യത്വത്തിനു പുറത്തും സ്ത്രീകൾ അനീതിയിലും നിസ്സഹായതയിലുമാണെന്ന കാര്യം നമ്മുടെ ചർച്ചകളിലൊരിടത്തുമില്ല. ബഹുഭാര്യത്വം എന്ന വിവാഹ സമ്പ്രദായത്തിനുള്ളിൽ മതാതീതമായി മനുഷ്യർ - പ്രത്യേകിച്ച് സ്ത്രീകൾ- കടന്നുപോകുന്ന അനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകളുടെ മാനദണ്ഡങ്ങളാകുന്നില്ല എന്ന് സാരം. എന്നാൽ അതങ്ങനെയല്ലേ വേണ്ടത്?

30 വർഷത്തെ ബഹുഭാര്യത്വ കേസുകളിൽ നിന്ന് തെരഞ്ഞെടുത്ത 13 കേസുകളെ വിശകലനം ചെയ്ത് ഫ്ലാവിയ ആഗ്നസ് എഴുതിയ ലേഖനത്തിൽ, ബഹുഭാര്യത്വ നിരോധനം പൊള്ളത്തരമാണെന്നു തുറന്നടിക്കുന്നുണ്ട്.
30 വർഷത്തെ ബഹുഭാര്യത്വ കേസുകളിൽ നിന്ന് തെരഞ്ഞെടുത്ത 13 കേസുകളെ വിശകലനം ചെയ്ത് ഫ്ലാവിയ ആഗ്നസ് എഴുതിയ ലേഖനത്തിൽ, ബഹുഭാര്യത്വ നിരോധനം പൊള്ളത്തരമാണെന്നു തുറന്നടിക്കുന്നുണ്ട്.

മാറേണ്ട ധാരണകൾ

ഉറപ്പായും, ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട നമ്മുടെ തെറ്റായ ധാരണകൾ അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്. മതസ്വാതന്ത്ര്യ- മത വിമർശന ദ്വന്ദ്വങ്ങൾക്കപ്പുറത്ത്, മനുഷ്യരുടെ അനുഭവങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നിടത്തേക്ക് നമ്മുടെ ചർച്ചകൾ വളരുകയാണ് ആദ്യം വേണ്ടത്. ബഹുഭാര്യത്വം ഒരു ‘മുസ്‍ലിം പ്രശ്നം’ മാത്രമായി ചുരുക്കിക്കളയുന്നതും, മുസ്‍ലിം സ്വത്വത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും ഒഴിവാക്കാനാവാത്ത ഘടകമായി അതിനെ ഉയർത്തിക്കാട്ടുന്നതും ഒരു പോലെ അപകടകരമാണ്. രണ്ടായാലും യഥാർത്ഥ പ്രശ്നത്തെ കണ്ണടച്ചിരുട്ടാക്കലാണത്.
രണ്ടാമത്തെ വിഷയം, ഏക സിവിൽ കോഡ് ബഹുഭാര്യത്വത്തെ പൂർണ്ണമായും ഇല്ലാതാക്കും എന്ന തെറ്റിദ്ധാരണയാണ്. അതങ്ങനെയാവില്ല എന്നതിന് വ്യക്തമായ തെളിവാണല്ലോ ഇന്നും തുടരുന്ന മുസ്‍ലിം ഇതര വിഭാഗങ്ങളിലെ ബഹുഭാര്യത്വം. അപ്പോൾ എന്താണിതിന് പരിഹാരം? എവിടെ നിന്നാണ് നമ്മൾ തുടങ്ങേണ്ടത്? ഏറ്റവുമാദ്യം വേണ്ടത് ബഹുഭാര്യത്വത്തിന്റെ ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യം എന്താണെന്നതിനെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളിലൂടെ കൃത്യമായ ധാരണകൾ രൂപപ്പെടുത്തുക എന്നതാണ്. മുൻവിധികളോ ഊഹാപോഹങ്ങളോ തെറ്റായ പൊതുബോധമോ മൂലമുണ്ടാകുന്ന എടുത്തു ചാട്ടമാകരുത് ഒരു നടപടിയും. അങ്ങനെയായാൽ നേർവിപരീതമായ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനേ അത് ഉപകരിക്കൂ. രണ്ടാമതായി, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പഴുതുകളുണ്ടെന്നും അവ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നുമുള്ള യാഥാർത്ഥ്യ ബോധത്തിലേക്ക് നമ്മുടെ കോടതികളും നിയമ നിർമാതാക്കളും എത്തേണ്ടതുണ്ട്. അത്തരത്തിലൊരു ബോധ്യത്തിലേക്ക് എത്താത്തിടത്തോളം കാലം ഇന്ത്യയിലെ ബഹുഭാര്യത്വ ചർച്ചകൾ അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രയോ അകലെ, മത- രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള മൂർച്ചയുള്ള ആയുധം മാത്രമായി തുടരും.

References:
1.Agnes, F. (1995). Hindu men, monogamy and uniform civil code. Economic and Political Weekly, 3238-3244.
2.Dhawan, S. (2016). To ban or not to ban: lessons for India from America’s endeavour to proscribe polygamy. Jindal Global Law Review, 7(1), 31-47.
3.Ministry of Education and Social Welfare (1974). Towards Equality: Report of the Committee on the Status of Women in India. Government of India.
4.Noorjahan& Soman, Z. (2022). Status of Women in Polygamous Marriages and Need for Legal Protection: A Report by Bharatiya Muslim Mahila Andolan. Nation Press.
5.Rahaman, M., Roy, A., Kapasia, N., & Chouhan, P. (2022). Spousal violence in India: does risk of spousal violence higher among polygynous unions?. Cogent Social Sciences, 8(1), 2103945.
6.Sahoo, H., Nagarajan, R., & Mandal, C. (2022). Polygyny in India: Levels and Differentials. International Institute of Population Science.
7.Zeitzen, M. K. (2020). Polygamy: A cross-cultural analysis. Routledge.


Summary: Rahana SR writes about the lack of clarity about the practice of polygamy in India


രഹന എസ്. ആർ.

തമിഴ്നാട് കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ ഗവേഷക. കേരളത്തിലെ മുസ്‍ലിം ബഹുഭാര്യത്വ വിവാഹങ്ങളിലെ സ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ് ഗവേഷണ വിഷയം.

Comments