എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ സംഗീതസംവിധായകൻ രമേഷ് നാരായണൻ നടൻ ആസിഫ് അലിയെ അപമാനിച്ച വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയരുകയാണ്. ചേരിതിരിഞ്ഞ ചർച്ചകളുടെ വേദിയായ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ഏകദേശം പൂർണമായും ആസിഫ് അലിക്ക് അനുകൂലമായാണ് സംസാരിക്കുന്നത് എന്നത് പ്രതീക്ഷ നൽകുന്ന സംഗതി തന്നെയാണ്. ഒരുവശത്ത് രമേഷ് നാരായണനെ ‘സംഘി’ എന്ന് വിശേഷിപ്പിക്കുമ്പോൾ മറുപക്ഷം അങ്ങനെ വിശേഷിപ്പിക്കാനില്ലെങ്കിലും, ചെയ്തത് ശരിയായില്ല എന്ന നിലപാട് സ്വീകരിക്കുന്നുണ്ട്.
സാംസ്കാരിക വരേണ്യത തന്നെയാണ് മനുഷ്യാന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾക്കുപിന്നിൽ എന്ന് തിരിച്ചറിയപ്പെടണം. കലാരംഗത്ത് ഇത്തരം മേൽ കീഴ് ബന്ധങ്ങൾ ശക്തമാണ്. സിനിമാ മേഖലയിലാകട്ടെ ഇത്തരം ആധിപത്യ പ്രവണതകൾ ചോദ്യം ചെയ്യപ്പെടാതെ മുന്നോട്ടുപോകുന്നു. സിനിമ / ടെലിവിഷൻ രംഗത്ത് ഇത്തരം അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുക എന്നാൽ തുടർന്നുള്ള അവസരങ്ങൾ സ്വയം നിഷേധിക്കുക എന്നതാണ് എന്നതുകൊണ്ടുകൂടിയാണ് അത്തരമൊരു വരേണ്യത വിമർശനാതീതമായിത്തീരുന്നതും.
സാംസ്കാരിക മൂലധനത്തിന്റെ കനത്ത ഈടുവെപ്പുകൾക്കുള്ളിലാണ് നമ്മുടെ കലാസാംസ്കാരികരംഗം തുടരുന്നത് എന്നതുകൊണ്ടുതന്നെ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ വരേണ്യതയ്ക്കോ വരേണ്യതയോടുള്ള ദാസ്യത്തിനോ മാത്രമേ കഴിയൂ എന്ന സ്ഥിതി നിലവിലുണ്ട് എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയായി ഇത് മാറണം. പുറത്തുപോവുക അല്ലെങ്കിൽ നിശ്ശബ്ദരായിരിക്കുക എന്ന വിജ്ഞാപനമാണ് നിലവിലുള്ളത് എന്ന് ചുരുക്കം. ‘ശുദ്ധകല’ എന്ന സങ്കൽപ്പം കൂടി ഇതിനോട് ഇടകലർന്നു പ്രവർത്തിക്കുന്നതോടെ ഇതു കൂടുതൽ വിധ്വംസകരമായിത്തീരുന്നു. ക്ലാസിക്കൽ കല കൈകാര്യം ചെയ്യുന്നു എന്നതിനാൽ ലഭിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ആദരവ് കൂടിയായി രമേശ് നാരായണന്റെ ആക്ഷേപകരമായ വാശിയെ നമുക്ക് വായിക്കാൻ കഴിയും. എല്ലാ കലകൾക്കും വാണിജ്യ താൽപര്യങ്ങളുണ്ടെന്നിരിക്കെ തങ്ങളുടെ ക്ലാസിക്കൽ കലയ്ക്കു മാത്രം പരിപാവനതയാണുള്ളത് എന്ന നിർബന്ധമാണത്. വാണിജ്യ താൽപര്യത്തിൽ പ്രവർത്തിക്കുന്ന കലയും കലാകാരരും ആദരണീയരല്ല എന്നും അത്തരം കലാകാരർക്ക് കൂലിയും തങ്ങൾക്ക് പ്രതിഫലവും ആദരവുമാണ് ലഭിക്കേണ്ടത് എന്നും അത് ശ്രേഷ്ഠപൈതൃകത്തിന്റെ അടയാളമായി സ്വീകരിക്കപ്പെടണമെന്നും നിഷ്കർഷിക്കുന്നു.
വെജിറ്റേറിയൻ, പ്യുവർ വെജിറ്റേറിയനും സസ്യാഹാരി ശുദ്ധ സസ്യാഹാരിയുമൊക്കെയായി മാറുന്ന അതേ യുക്തിയിൽ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത് എന്നുകാണാം. അതിനാൽ തന്നെ സീനിയോറിറ്റി, പാരമ്പര്യം, ശ്രേഷ്ഠത എന്നിവയെല്ലാം അവകാശപ്പെട്ട് വരേണ്യതയുടെ പേരിൽ അഹങ്കാരത്തോടെ പിടിച്ചുവാങ്ങുന്ന മെമന്റോയുടെ പേര് ബ്രാഹ്മണ്യം എന്നുതന്നെയാണ്. അത് രമേശ് നാരായണന്റെയോ ആസിഫ് അലിയുടെയോ ജയരാജിന്റെയോ ഇന്ദ്രജിത്തിന്റെയോ കേവല ജാതിയുടെ പേരല്ല, മറിച്ച് കാലാകാലങ്ങളായി കലയിലും സാമൂഹ്യ ജീവിതത്തിലും രൂഢമൂലമായിക്കിടക്കുന്ന ബ്രാഹ്മണിക് ഹെജിമണിയാണ്.