ഓണം; പാതാളത്തിലാക്കപ്പെട്ട
ചെറുത്തുനിൽപ്പിന്റെ കഥ

സവർണ ആഘോഷമാക്കി മാറ്റപ്പെടുന്ന ഓണത്തെ, അതിന്റെ സവർണ ഐതിഹ്യങ്ങളിൽനിന്ന് മുക്തമാക്കിയാൽ ബാക്കിയാകുന്നത്, ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണമേൽക്കോയ്മയ്ക്കും എതിരായ ശക്തമായ ഒരു ചെറുത്തുനിൽപ്പിന്റെ കഥയാണ്- റസ്നി ബാനു എഴുതുന്നു.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രാധാന്യമുള്ള ഓണം വിളവെടുപ്പുത്സവം എന്നതിനപ്പുറം ഒരു സവർണ്ണ ആഘോഷമായി മാറുകയാണ്. അതുകൊണ്ടുതന്നെ ഓണത്തിന്റെ യഥാർത്ഥ ചരിത്രത്തിലേക്കുള്ള അന്വേഷണങ്ങൾ പ്രസക്തമാകുന്നു. അത്, തദ്ദേശീയ ജനതയുടെ ചരിത്രത്തിലൂടെ വായിച്ചെടുക്കേണ്ടതുമുണ്ട്.

ഓണം പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും മുഖമുദ്രയായ ഒരുത്സവമായി മാറിയത് 1960-ൽ പട്ടം താണുപിള്ള സർക്കാർ ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലൂടെയാണ്. പതിനെട്ടു കറികളും പുതുവസ്ത്രങ്ങളും അണിഞ്ഞ് ഓണം ആഘോഷിച്ചിരുന്നത് അക്കാലത്ത് ജന്മികളും നാടുവാഴികളുമായിരുന്നു. മണ്ണിൽ പണിയെടുക്കുന്ന പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ അദ്ധ്വാനത്തിന്റെ വിളവ് ജന്മികൾ അറകളിലാക്കി സൂക്ഷിച്ച് തിന്നാസ്വദിക്കുന്ന ആഘോഷമായിരുന്നു ഓണം.

കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ മാവേലിയെക്കുറിച്ച് നിരവധി കഥകളുണ്ട്. വയനാട്ടിലെ അടിയാർ സമൂഹത്തിനു പറയാനുള്ള കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്, ഉയർന്ന ജാതിക്കാരായ ഭൂവുടമകളാൽ മാവേലി രാജാവ് ഒറ്റിക്കൊടുക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നാണ്. അതിന്റെ വേദനയാണ് ഓണം അടയാളപ്പെടുത്തുന്നത്. അവർ മാവേലിയെ കൊലപ്പെടുത്തുക മാത്രമല്ല, സമുദായത്തിന്റെ ഭൂമി പിടിച്ചെടുത്ത് അടിമകളാക്കുകയും ചെയ്തു. സ്വന്തം മണ്ണിൽ അടിമകളാക്കപ്പെട്ട തദ്ദേശീയ ജനതയുടെയും അവരുടെ ഭൂമി തട്ടിയെടുത്ത സവർണ്ണ ബ്രാഹ്മണരുടെയും കഥയാണ് ഓണം മുന്നോട്ടുവെക്കുന്നത്.

അസുരരാജാവായ മഹാബലിയിലൂടെയാണ് ഓണത്തിന്റെ ഐതിഹ്യം അറിയപ്പെടുന്നത്. കുടവയറുള്ള, പൂണൂൽ ധരിച്ച, വെളുത്ത നിറമുള്ള ബ്രാഹ്മണ രൂപത്തെയാണ് മഹാബലിയായി കൊണ്ടാടുന്നത്. എന്നാൽ സവർണാധിപത്യത്തിന്റെ തുടക്കത്തിൽ ബലി കൊടുക്കപ്പെട്ട മഹാബലി ഇതാകാൻ സാധ്യതയില്ല. ഭൂമി കവർന്നെടുത്ത്, അധികാരം കൈയ്യടക്കി, ഒടുക്കം രൂപമാറ്റം വരുത്തിയ ഒരു ബ്രാഹ്മണിക്കൽ മേൽക്കോയ്മയാണ് ഇത്തരം ആവിഷ്കാരങ്ങളിലൂടെ പൊതുബോധത്തിലേക്ക് കുത്തിവെക്കപ്പെടുന്നത്.

ഓണം  പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും മുഖമുദ്രയായ ഒരുത്സവമായി മാറിയത് 1960-ൽ പട്ടം താണുപിള്ള സർക്കാർ ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലൂടെയാണ്.
ഓണം പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും മുഖമുദ്രയായ ഒരുത്സവമായി മാറിയത് 1960-ൽ പട്ടം താണുപിള്ള സർക്കാർ ഓണത്തെ കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലൂടെയാണ്.

കീഴാള ജനതയെ ചതിയിലൂടെയും വഞ്ചനയിലൂടെയും കീഴ്പ്പെടുത്തി അടിമകളാക്കിയ സവർണ്ണാധിപത്യത്തിന്റെ കഥയാണ് ഓണം. പാണൻ, പറയൻ സമൂഹങ്ങൾ രചിച്ച മാവേലി ഭരണത്തിന്റെ രാഷ്ട്രീയം പറയുന്ന ഗൃഹാതുരമായ നിരവധി ഗാനങ്ങളുണ്ട്. ഇവയെല്ലാം ബ്രാഹ്മണ ദേവന്മാരുടെ വരവോടെ അവസാനിച്ചവയാണ്.

ബ്രാഹ്മണവത്കരണത്തിനുശേഷം ഓണം എന്നത് ജന്മികളുടെ ഉത്സവമായി മാറി. കുടിയാൻമാർ പച്ചക്കറികളും പഴങ്ങളും ജന്മികളുടെ വീട്ടിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 1970-ൽ ഭൂമി പാട്ടത്തിന് നൽകുന്നത് നിർത്തലാക്കുകയും ഫ്യൂഡൽ ഭൂബന്ധങ്ങൾ കുറയുകയും ചെയ്തതോടെ അത്തരം രീതികൾ ഇല്ലാതായി. എന്നിരുന്നാലും ഓണത്തിന്റെ ഉടമസ്ഥാവകാശം എപ്പോഴും സമ്പന്ന ജാതികളിൽ നിലനിന്നുപോന്നു.

മധുരൈകാഞ്ചി പോലുള്ള സംഘകാല കൃതികളിൽ 'ഇന്ദ്രവിഴ' എന്ന പേരിൽ ഓണത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഓസ്ട്രിയൻ മിഷനറിയായിരുന്ന പാവലിനോ ഡാ സാൻ ബർത്തലോമിയോയുടെ കേരളം പര്യടനകാലമായ 1776 -1778 ൽ രചിച്ച പുസ്തകത്തിലും ഓണത്തെ കുറിച്ച് പറയുന്നുണ്ട്. ദ്രാവിഡ ദൈവമായ മായൻ സങ്കല്പത്തിനോടുള്ള ബഹുമാനാർത്ഥം നടത്തിയിരുന്ന ആഘോഷം പിന്നീട് ആര്യൻ കാലഘട്ടത്തിൽ വിഷ്ണു എന്ന സങ്കല്പത്തിലേക്ക് മാറുകയായിരുന്നു. വടക്കേ മലബാറിൽ ഓണപ്പൊട്ടന്റെ വേഷത്തിലാണ് മഹാബലിയുടെ സന്ദർശനം. ഓണേശ്വരൻ എന്നും അറിയപ്പെടുന്ന ഓണപ്പൊട്ടന്റെ വേഷം അധിവാസ സമൂഹമാണ് കെട്ടിയാടുന്നത്.

ഓണത്തിന് ബുദ്ധമതവുമായുള്ള ബന്ധത്തെ കുറിച്ച് ഡോ. പി. രഞ്ജിത് പ്രതിപാദിച്ചിട്ടുണ്ട്. ബുദ്ധചരിതം അനുസരിച്ച് സിദ്ധാർത്ഥൻ ബോധോദയം നേടി ശ്രവണപദത്തിലേക്ക് വന്നത് ശ്രവണ മാസത്തിലെ തിരുവോണ ദിവസമാണ്. ശ്രവണം എന്നത് പാലി ഭാഷയിലെ സാവണവും ആവണവും ആവുകയും പിൽക്കാലത്ത് ഓണമായിതീരുകയും ചെയ്തു. ബുദ്ധമതത്തിനും മുൻപ് പ്രാകൃതമായ കാർഷിക ആഘോഷത്തിലേക്ക് വെളിച്ചം വീശുന്ന മണ്ണപ്പൻ എന്ന സങ്കല്പവും ഡോ. പി. രഞ്ജിത് മുന്നോട്ടു വെക്കുന്നുണ്ട്. കൃഷിഭൂമിയിലെ പശിമയാർന്ന ചെമ്മണ്ണ് കുഴിച്ചെടുത്ത്‌ കുഴച്ച് ചതുശോണാകൃതിയിൽ നിർമ്മിച്ചതും വിത്തിന്റെ പ്രതീകവുമായ മൺശില്പമാണിത്. ആര്യ കാലഘട്ടത്തിൽ ഈ മണ്ണപ്പനെയും കൂടെ കൂട്ടി, അതാണ് വാമനപൂജ എന്ന നിലയിൽ സവർണ്ണ ഗൃഹങ്ങളിൽ തൃക്കാക്കരയപ്പനായി മാറ്റി പ്രതിഷ്ഠിക്കപ്പെട്ടത്.

ബുദ്ധചരിതം അനുസരിച്ച് സിദ്ധാർത്ഥൻ ബോധോദയം നേടി ശ്രവണപദത്തിലേക്ക് വന്നത് ശ്രവണ മാസത്തിലെ തിരുവോണ ദിവസമാണ്. ശ്രവണം എന്നത് പാലി ഭാഷയിലെ സാവണവും ആവണവും ആവുകയും പിൽക്കാലത്ത് ഓണമായിതീരുകയും ചെയ്തു.
ബുദ്ധചരിതം അനുസരിച്ച് സിദ്ധാർത്ഥൻ ബോധോദയം നേടി ശ്രവണപദത്തിലേക്ക് വന്നത് ശ്രവണ മാസത്തിലെ തിരുവോണ ദിവസമാണ്. ശ്രവണം എന്നത് പാലി ഭാഷയിലെ സാവണവും ആവണവും ആവുകയും പിൽക്കാലത്ത് ഓണമായിതീരുകയും ചെയ്തു.

ഡോ. അജയ് ശേഖറിന്റെ പഠനങ്ങൾ പരിശോധിച്ചാൽ, ഓണം വരുന്നത് ശ്രവണോത്സവത്തിൽ നിന്നാണ്. ശ്രവണമാണ് ഓണമായി മാറുന്നത്. ഓണത്തിന്റെ പദാവലികൾ, ബിംബാവലികൾ, സാംസ്കാരികമായ പരിസ്ഥിതികൾ തുടങ്ങിയവ പരിശോധിച്ചാൽ ഓണം ശ്രമണം ആണെന്ന് മനസിലാക്കാം. വൃത്താകൃതിയിലുള്ള പൂക്കളം ധർമ്മചക്രത്തെ അല്ലെങ്കിൽ ധാർമികതയെ പ്രതീകപ്പെടുത്തിയിരിക്കുന്നു. മണ്ണപ്പൻ ബുദ്ധന്റെ പ്രധാന രൂപമായ ബുദ്ധസ്തൂപത്തെ തന്നെ പ്രതിനിധീകരിക്കുന്നു. മൈത്രേയ ബോധിസത്വനെ തന്നെയാണ് ഓണത്തപ്പൻ പ്രതിനിധാനം ചെയ്യുന്നത്. ഓണത്തെ കുറിച്ചുള്ള നാടോടി പാട്ടായ 'മാവേലി നാട് വാണീടും കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിൽ ജാതിശ്രേണി ഇല്ലാതിരുന്ന നാടായി ബലിരാജ്യത്തെ വിശേഷിപ്പിക്കുന്നുണ്ട്. ഇത് വർണ്ണാശ്രമത്തിനുമുമ്പുള്ള ബുദ്ധമത സമൂഹത്തെയാണ് കാണിക്കുന്നത്. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദലിത് കവിയായിരുന്ന പാക്കനാർ രചിച്ചതാണ് ഈ പാട്ട് എന്ന കീഴാള ചരിത്രകാരർ വിശ്വസിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തിൽ നവോഥാന നായകനും കവിയുമായിരുന്ന സഹോദരൻ അയ്യപ്പൻ കേരളത്തിലും ഇന്ത്യയിലുടനീളവും നിലനിൽക്കുന്ന ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണമേൽക്കോയ്‌മയ്ക്കും എതിരായ ശക്തമായ വിമർശനമായി ഈ വാമൊഴി കവിതയെ വികസിപ്പിക്കുന്നുണ്ട്.
‘വാമനദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം’
എന്ന അഭ്യർഥനയോടെയാണ് സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ട് അവസാനിക്കുന്നത്.

മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫൂലെ രാജാവായ ബാലിയെ (ബലിരാജ) വേദകാലത്തിനു മുമ്പുള്ള ഒരു വീരനായ രാജാവായി വിഭാവന ചെയ്യുന്നു. ആര്യൻ അധിനിവേശത്തിനുമുമ്പ് സമത്വം, നീതി, സമൃദ്ധി എന്നിവയുടെ ഒരു ആദർശ സംസ്ഥാനമായിരുന്നു മഹാബലിയുടെ ബാലി രാജ്യം. ഗുലാംഗിരി (അടിമത്തം) എന്ന പുസ്തകത്തിൽ, അദ്ദേഹം വഞ്ചകനായ കുള്ളൻ വാമനനെയും, ബലിയുടെ ന്യായമായ ഭരണവും എടുത്തുകാണിച്ച് പുരാണത്തെ പുനർവ്യാഖ്യാനിക്കുന്നു. ജാതിരഹിതമായ ഒരു സമൂഹത്തിന്റെ ദർശനം പ്രോത്സാഹിപ്പിക്കുന്നതിനും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്ക് സ്വത്വബോധം നൽകുന്നതിനും അദ്ദേഹം ബലിരാജന്റെ രൂപത്തെ ഉപയോഗിച്ചു.

അടിസ്ഥാന ജനതയുടെ സ്വപ്നമാണ് ഓണം വിഭാവന ചെയ്യുന്നത്. വിമോചനാത്മകമായ ഒരു സങ്കല്പമാണ് ബലിരാജ്യം. ദക്ഷിണേത്യയിൽ വ്യാപിച്ചിരുന്ന ബുദ്ധമതത്തിനുമേലെ ബ്രാഹ്മണമതം നടത്തിയ അധിനിവേശമാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്. അസുരരാജാവായ ബലിയുടെ സമത്വത്തിന്റെയും സമാധാനത്തിന്റെയും നല്ല നാളേക്കായി നമ്മൾ ഓണം ആഘോഷിക്കുന്നു. എം.എൻ. വിജയൻ പറഞ്ഞത് കടം കൊണ്ടാൽ, "നിങ്ങൾ ചവിട്ടിത്താഴ്ത്തിയവരും നിങ്ങൾ പുറത്താക്കിയവരും തിരിച്ചുവരും എന്നൊരു കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം”.

മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫൂലെ രാജാവായ  ബാലിയെ (ബലിരാജ) വേദകാലത്തിനു മുമ്പുള്ള ഒരു വീരനായ രാജാവായി വിഭാവന ചെയ്യുന്നു.
മഹാരാഷ്ട്രയിൽ ജ്യോതിറാവു ഫൂലെ രാജാവായ ബാലിയെ (ബലിരാജ) വേദകാലത്തിനു മുമ്പുള്ള ഒരു വീരനായ രാജാവായി വിഭാവന ചെയ്യുന്നു.

References

-Shakthidharan A.V Anti Gods Own Country: A Short History of Brahmanical Colonisation of Kerala, navayana 2019.
-Phule, Jyotirao, Slavery (Gulamgiri), Translated by S.Arjun Dangle, Critical Quest- 1991.
-ഡോ. അജയ് ശേഖർ- 'ഓണം മിത്തും യാഥാർഥ്യവും'.
-Ajay Sekhar, Sahodaran Ayyappan: Towards a Democratic Future, Other Books, 2012.
-ഡോ. പി. രഞ്ജിത്, ‘മഹാബലിയെ ആർക്കാണ് പേടി’ (മാതൃഭൂമി 2022).
-Narayanan M Sankaran- Onam for Adivasis: Celebration of exclusion, betrayal and exploitation? (Round Table India).

Comments