സൈബർ ലിഞ്ചിംഗിനെതിരെ ഏഴു വർഷം നിയമപോരാട്ടം,
10 ലക്ഷം നഷ്ടപരിഹാരം, വഴിത്തിരിവായി കോടതിവിധി

അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഏഴു വർഷം തളരാതെ നിയമപോരാട്ടം നടത്തി, റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റായ എം.കെ പ്രസാദ് നേടിയെടുത്ത അനുകൂല വിധി, സൈബർ ലിഞ്ചിംഗുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാനുള്ള ആദ്യ വിധി കൂടിയാണ്.

സൈബർ ലിഞ്ചിങ് കേസിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ആദ്യമായി ഒരു കോടതി വിധി. അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഏഴു വർഷം തളരാതെ നിയമപോരാട്ടം നടത്തിയാണ്, റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റായ എം.കെ പ്രസാദ് അനുകൂലവിധി നേടിയെടുത്തത്. പരാതിക്കാരന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട ഈ വിധി, സൈബർ ലിഞ്ചിംഗ് എന്ന കുറ്റകൃത്യത്തിനെതിരായ നിയമപോരാട്ടത്തിലെ പ്രധാന വഴിത്തിരിവുകൂടിയാണ്.

ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.കെ പ്രസാദ് എന്ന പ്രസാദ് അമോർ തൃശ്ശൂർ സബ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. തൃശ്ശൂർ ഒന്നാം അഡീഷണൽ സബ്ബ് ജഡ്ജി രാജീവൻ വാചാലിന്റെ വിധിയിലാണ് നഷ്ടപരിഹാരവും ആറ് ശതമാനം പലിശയും മുഴുവൻ കോടതി ചെലവും നൽകാൻ പ്രതിയായ കോട്ടയം വേവടയിൽ വേഴാവശ്ശേരി വീട്ടിൽഷെറിൻ വി ജോർജിനോട് ഉത്തരവിട്ടത്.

പരാതിക്കാരനായ എം.കെ പ്രസാദ്

ഇത്തരമൊരു കേസിൽ ആദ്യമായിട്ടാണ് പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിധിക്ക് ഏറെ കാലിക പ്രസക്തിയുണ്ട്.

2017-ലാണ് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഷെറിൻ വി. ജോർജ് പ്രസാദിന്റെ തൊഴിലിനെ സാരമായി ബാധിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആലപ്പുഴ അരൂരുള്ള ലക്ഷ്മി ആശുപത്രിയിൽ ലൈസൻസ്ഡ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് എം.കെ. പ്രസാദ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എം ഫില്ലും, ലണ്ടനിലെ എൻ.സി.എഫ്.സിയിൽ നിന്ന് എച്ച്.പി.ഡി ഡിപ്ലോമയും റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ള പ്രസാദിന്റെ ഡിഗ്രികളെല്ലാം വ്യാജമാണെന്നും അദ്ദേഹത്തിന് ഈ മേഖലയിൽ പ്രവർത്തിക്കാൻ യോഗ്യതയില്ലെന്നുമുള്ള ആരോപണങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെറിൻ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇവ തന്റെ തൊഴിലിനെ വലിയ രീതിയിൽ ബാധിച്ചതായി പ്രസാദ് ചൂണ്ടിക്കാട്ടി. ഇവ ശരിയാണെന്ന് പലരും വിശ്വസിക്കുകയും തന്റെ പക്കൽ നിന്ന് ചികിത്സ തേടിയിരുന്ന പലരും അത് അവസാനിപ്പിക്കുകയും ചെയ്തതായും പ്രസാദ് പറയുന്നു. ഇതേതുടർന്നാണ് 10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നു കാണിച്ച് പ്രസാദ് തൃശ്ശൂർ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.

തനിക്കെതിരായ സൈബർ ലിഞ്ചിങ് സൃഷ്ടിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് എം.കെ. പ്രസാദ് ട്രൂകോപ്പി തിങ്കിനോട് സംസാരിച്ചു: '2017-ലാണ് ഷെറിൻ വി. ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. അതിനുശേഷം അയാൾ എന്നെ വിളിക്കുകയും ആരോപണത്തിന് മറുപടി പറയുകയും വേണമെന്ന് ആവശ്യപ്പെട്ടു. നമ്മളറിയാത്ത ഏതോ ഒരാളിട്ട പോസ്റ്റിന് നമ്മൾ ഉത്തരം പറയേണ്ടിവരുന്ന അവസ്ഥയായിരുന്നു അത്. അത് കണ്ടപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയിരുന്നു. ഇങ്ങനെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കൊക്കെ ഉത്തരം പറയേണ്ട അവസ്ഥയുണ്ടോ എന്നുവരെ ചിന്തിച്ചുപോയി. ഈ പോസ്റ്റ് ഒരുപാട് ആളുകൾക്ക് ഷെയർ ചെയ്യുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയുമൊക്കെ ചെയ്തിരുന്നു. ഇത് വായിച്ച് നമുക്ക് അറിയാത്ത പലരും വിളിച്ചു. വലിയ രീതിയിൽആക്രമണങ്ങൾ നേരിട്ടു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ മുമ്പ് ഇത്തരത്തിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നവരോട് സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലർക്കും ആത്മഹത്യാ പ്രേരണയൊക്കെ ഉണ്ടായിട്ടുണ്ട്. പലർക്കും സാമൂഹികമായി ഒറ്റപ്പെട്ട് പോകുന്ന അനുഭവവുമുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സ്റ്റേജിലൂടെ ഞാനും കടന്നുപോയിരുന്നു.

പ്രസാദിനെതിരെ പ്രതിയായ ഷെറിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചില സ്ക്രീൻ ഷോട്ടുകൾ

ഇതിനെ എങ്ങനെ നിയമപരമായി നേരിടാമെന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് അഡ്വ. ശരത് ബാബു കോട്ടക്കലുമായി സംസാരിക്കുന്നത്. ആറ് വർഷം മുമ്പ് കോടതിയിൽ സിവിൽ കേസ് കൊടുത്തു. അതിനോടൊപ്പം, 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ 10 ശതമാനം കോടതിയിൽ കെട്ടിവെക്കണം. ഈ നഷ്ടപരിഹാരം കോടതി അനുവദിക്കുകയും ചെയ്തു.’

പ്രതിയായ ഷെറിനും സൈക്കോളജി മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും വാദിയായ പ്രസാദിനോടുള്ള പ്രൊഫഷണൽ ജലസിയാണ് ഇത്തരമൊരു നടപടിയിലേക്ക് ഷെറിനെ നയിച്ചതെന്നുമാണ് കോടതി നിരീക്ഷണം. പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരക്കണക്കിന് ആളുകൾ വായിച്ചുവെന്നും അതിലെ തെറ്റായ വാദങ്ങൾ വാദിയായ പ്രസാദിന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയും ബാധിച്ചുവെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. വരുമാനത്തിലുണ്ടായ നഷ്ടത്തിന് പുറമെ വാദിയുടെ സുഹൃത്തുക്കൾ പോലും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്തിയെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

അവാസ്തവും വ്യാജവുമായ ഫേസ്ബുക്ക് പോസ്റ്റ് പരാതിക്കാരന് അപകീർത്തിയും മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനുണ്ടായ മാനനഷ്ടത്തിനും അപകീർത്തിക്കും മറ്റുമായി 10 ലക്ഷം രൂപ പ്രതി നഷ്ടപരിഹാരമായി നൽകണമെന്നും, അന്യായം ഫയൽ ചെയ്ത തിയ്യതി മുതൽ നഷ്ടപരിഹാര സംഖ്യ നൽകുന്നവരെ ആറ് ശതമാനം പലിശ നൽകണമെന്നും അതിനുപുറമെ പരാതിക്കാരന്റെ മുഴുവൻ കോടതിച്ചെലവും നൽകണമെന്നും കോടതി വിധിച്ചു.

സമൂഹത്തിൽ പല തലങ്ങളിലുള്ളവർക്കുനേരെ, പ്രത്യേകിച്ച് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുനേരെ, ഇത്തരത്തിൽ സൈബർ ആക്രമണം വ്യാപകമായി ഉണ്ടാകാറുണ്ടെങ്കിലും അത് ഒരുതരം ‘നോർമലൈസേഷന്’ വിധേയമാക്കപ്പെട്ട് അവഗണിക്കുകയാണ് പൊതു സമൂഹം ചെയ്യുക. എന്നാൽ, അതിനിരയാകുന്നവർ പലതരം ട്രോമകളിലൂടെ കടന്നുപോകേണ്ടതായും വരും. പൊലീസ് മുതൽ നീതിന്യായസംവിധാനം വരെയുള്ള നിയമനടപടികൾ ഏറെ കാലം നീണ്ടുപോകുന്നതിനാൽ, നിയമപരമായി മുന്നോട്ട് പോകുന്നവർ വളരെ കുറവാണ്. സൈബർ നിയമത്തെ കുറിച്ചുള്ള അജ്ഞതയും സ്ഥിതി രൂക്ഷമാക്കുന്നു.[ Judgement pdf ]

സൈബർ നിയമം (അപകീർത്തിപ്പെടുത്തൽ)

സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകൾ സമൂഹത്തിൽ വൻതോതിൽ മാറ്റം സൃഷ്ടിക്കുമ്പോഴും അതിന്റെ ദുരു​പയോഗം പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. അനിയന്ത്രിതമായി ഉയർന്നുവരുന്ന സൈബർ ക്രൈമുകൾ ഇതിനുദാഹരണമാണ്. ഓൺലൈൻ ആക്സസ്സിബിലിറ്റി നിരവധി അപകടസാധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് കുറ്റങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. സൈബർ ഡിഫമേഷൻ ഇക്കാലത്ത് വളരെയധികം വർധിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന രീതിയാണ് സൈബർ ഡീഫമേഷൻ. ഒരു വ്യക്തി മറ്റൊരാൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ സാമൂഹ്യമാധ്യമങ്ങളിലോ വെബ്സൈറ്റിലോ പ്രസിദ്ധീകരിക്കുകയോ അപകീർത്തികരമായ കാര്യങ്ങൾ അടങ്ങിയ ഇ-മെയിലുകൾ അയയ്ക്കുകയോ ചെയ്താൽ അത് സൈബർ ഡിഫമേഷന് തുല്യമാണ്.

ശിക്ഷകൾ

വകുപ്പ് 499: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499ാം വകുപ്പ് പ്രകാരം വാക്കുകൊണ്ടോ അടയാളങ്ങളിലൂടെയോ ദൃശ്യങ്ങളിലൂടെയോ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉന്നയിച്ചാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ആ പ്രവർത്തി തന്റെ പ്രശസ്തിയെ ബാധിക്കുന്നുണ്ടെന്ന് ഒരു വ്യക്തിക്ക് തോന്നിയാൽ ഡിഫമേഷൻ കേസെടുക്കാവുന്നതാണ്.

വകുപ്പ് 500: 499-ാം വകുപ്പിൽ പ്രതിപാദിക്കുന്ന കുറ്റം ചെയ്ത ഏതൊരു വ്യക്തിക്കും രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

വകുപ്പ് 469: 469ാം വകുപ്പ് വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ടതാണ്. ഒരു വ്യക്തിയുടെ പ്രശസ്തിക്ക് ഹാനികരമായ ഒരു തെറ്റായ രേഖയോ വ്യാജ അക്കൗണ്ടോ ആരെങ്കിലും സൃഷ്ടിക്കുകയാണെങ്കിൽ ഈ വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്. ഈ കുറ്റത്തിന 3 വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

വകുപ്പ് 503: ഒരു വ്യക്തി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തികൾ ചെയ്യുന്നവർ ഈ വകുപ്പിന്റെ പരിതിക്കുള്ളിലാണ് വരുന്നത്.

കേരളത്തിൽ മാത്രം ഓരോ ദിവസവും ആയിരക്കണക്കിന് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പരാതി ലഭിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നത് വളരെ ചുരുക്കമാണ്. പല കേസുകളും ഒത്തുതീർപ്പുകളിലേക്കാണ് പോകുന്നത്. സൈബർ പോലീസിന്റെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും പല പരാതിക്കാരും ആരോപിക്കുന്നുണ്ട്. തനിക്ക് നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ചും ഇതുവരെയും നടപടിയെടുക്കാത്ത സൈബർ പോലിസിന്റെ അനാസ്ഥയെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് സാമൂഹ്യപ്രവർത്തകയായ ശ്രീജ നെയ്യറ്റിൻകര: ‘സൈബർ അറ്റാക്കുമായി ബന്ധപ്പെട്ട് 19 പരാതികൾ ഞാൻ കേരള പോലീസിന് നൽകിയിട്ടുണ്ട്. മൂന്ന് കേസുകൾ മാത്രമെ അവർ കാര്യമായി പരിഗണിച്ചിട്ടുള്ളൂ. അതും പോലിസ് സ്‌റ്റേഷനിൽ പോയി പ്രശ്‌നമുണ്ടാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുമ്പിൽ സമരം നടത്തുമെന്ന് ആഹ്വാനം ചെയ്തശേഷമാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുന്നത്. അതിൽ പ്രധാന കേസ്, വയനാട് തിരുന്നേലി അഡീഷണൽ സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിനെതിരെ നൽകിയ പരാതിയാണ്. പോലിസ് യൂണിഫോമിലുള്ള പ്രൊഫൈൽ ചിത്രം വെച്ചിട്ടാണ് അയാൾ എന്റെ പോസ്റ്റിന് താഴെ വന്ന് തെറി പറയുന്നത്. അയാളൊരു സംഘപരിവാറുകാരനാണ്. അതിന്റെ പിന്നാലെ നടന്നതിനൊടുവിൽ മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും അയാളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്‌പെൻഷനിലിരിക്കുമ്പോഴും അയാൾ എന്റെ പോസ്റ്റിന് താഴെ വന്ന് തെറിപറയുന്നുണ്ട്. എനിക്കെതിരെയുള്ള അറ്റാക്കിനെ കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. സൈബറിടങ്ങളിൽ വർഗീയ ധ്രുവീകരണ നിലപാടെടുക്കുന്ന മനുഷ്യർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ആ പരാതികളിലൊക്കെ ലഭിക്കുന്ന മറുപടികൾ വലിയ തമാശയാണ്. പേജ് കാണാനില്ല, അക്കൗണ്ട് റിമൂവ് ചെയ്തു പോലെയുള്ള കേവല ന്യായീകരണങ്ങളാണ് പോലീസിന്റെയും സൈബർ ഡിപ്പാർട്ട്‌മെന്റിന്റെയും ഭാഗത്തുനിന്നുമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഞാനിപ്പോൾ പരാതിയൊന്നും നൽകാറില്ല. സ്വയം ഇതിനെയൊക്കെ നേരിടുകയാണ് ചെയ്യുന്നത്.
എന്റെ രാഷ്ട്രീയ അഭിപ്രായമാണല്ലോ ഞാൻ മുന്നോട്ട് വെക്കുന്നത്. അതിനെതിരെ ആരോഗ്യപരവും ജനാധിപത്യപരവുമായ വിമർശനമല്ല നടക്കുന്നത്. പകരം ലൈംഗിക അധിക്ഷേപവും വ്യക്തിഹത്യയുമൊക്കെയാണ്. വധഭീഷണിയും റേപ്പ് ഭീഷണിയും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ വരെ തെറിവാക്കെഴുതി പ്രചരിപ്പിച്ചിട്ടുണ്ട്.’

ശ്രീജ നെയ്യാറ്റിൻകര

സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നടപടിയെടുക്കുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. കഴിഞ്ഞ ദിവസം എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയിലെ ചിലർ നൽകിയ സൈബർ ആക്രമണക്കേസ് പരിഗണിക്കവേ, സൈബർ സ്​പെയ്സ് എന്നത് ഒരു മിത്തല്ല, യാഥാർഥ്യമാണ് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഹൈകോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഫേക് അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായ നടപടികൾ നടത്തുന്നവരെ കണ്ടെത്താൻ പോലും സൈബർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതും പ്രതികൾക്കും കുറ്റകൃത്യങ്ങൾക്കും ഉത്തേജനമാകുന്നു.

Comments