അനർഹമായി ആരും ഒന്നും നേടിയിട്ടില്ല;
സർക്കാർ സർവീസിലെ പ്രാതിനിധ്യക്കണക്ക് തെളിവ്

വിവിധ മത-സമുദായ-ജാതി വിഭാഗങ്ങൾക്കിടയിൽ അകൽച്ചയും വിദ്വേഷവും ഉണ്ടാക്കാനും കാര്യമറിയാത്ത ‘നിഷ്കളങ്കരെ’ ബി.ജെ.പിയിലേക്ക് റിക്രൂട്ടു ചെയ്യാനും ചില കേന്ദ്രങ്ങൾ ബോധപൂർവ ശ്രമങ്ങൾ നടത്തുമ്പോൾ സർക്കാർ പുറത്തുവിട്ട, ഗവൺമെൻ്റ് സർവീസിൽ ജോലി ചെയ്യുന്നവരുടെ സമുദായ പ്രാതിനിധ്യക്കണക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നവർ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക- ഡോ. കെ.ടി. ജലീൽ എഴുതുന്നു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗവൺമെൻ്റ് സർവീസിൽ ജോലി ചെയ്യുന്നവരുടെ സമുദായ പ്രാതിനിധ്യം സർക്കാർ പുറത്തുവിടുന്നത്. ഓരോ സമുദായ- ജാതി വിഭാഗത്തിന്റെയും മൊത്തം ജനസംഖ്യയും അവരുടെ ഉദ്യോഗ പ്രാതിനിധ്യവുമാണ് ഇ.സി ഡെസ്ക് (e-CDESK, Electronic Caste Database of Employees in Service Kerala) നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. പി. ഉബൈദുല്ല എം.എൽ.എയുടെ വിശദ ചോദ്യത്തിനുള്ള മറുപടിയായാണ് രണ്ടാം പിണറായി സർക്കാരിലെ മുൻമന്ത്രി കെ. രാധാകൃഷ്ണൻ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.

എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവരുടേതടക്കമുള്ള മുഴുവൻ ജീവനക്കാരുടെയും ജാതിയും സമുദായവും തിരിച്ചാണ് സർക്കാർ ജീവനക്കാരുടെ പ്രാതിനിധ്യം ഔദ്യോഗികമായി രേഖാമൂലം വെളിപ്പെടുത്തിയിരിക്കുന്നത്. 316 സർക്കാർ- അർധസർക്കാർ- എയ്ഡഡ്- പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 5,45,423 ജീവനക്കാരുടെ സമുദായവും ജാതിയും തിരിച്ചുള്ള വിശദവിവരങ്ങൾ സാമാന്യം സുദീർഘമായാണ് മന്ത്രി നൽകിയിരിക്കുന്നത്.

വിവിധ മത- സമുദായങ്ങളും ജാതികളും ഉപജാതികളുമായി 238 എണ്ണം വരും. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. വിവിധ മത-സമുദായ-ജാതി വിഭാഗങ്ങൾക്കിടയിൽ അകൽച്ചയും വിദ്വേഷവും ഉണ്ടാക്കാനും കാര്യമറിയാത്ത ‘നിഷ്കളങ്കരെ’ ബി.ജെ.പിയിലേക്ക് റിക്രൂട്ടു ചെയ്യാനും ചില കേന്ദ്രങ്ങൾ ബോധപൂർവ ശ്രമങ്ങൾ നടത്തുമ്പോൾ സർക്കാർ പുറത്തുവിട്ട കണക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നവർ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ചില സമുദായങ്ങൾ അനർഹമായത് നേടുന്നു എന്ന തരത്തിൽ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെ പൊള്ളത്തരം എത്രമാത്രമുണ്ടെന്ന് സർക്കാർ സഭയിൽ വെച്ച കണക്കുകൾ വ്യക്തമാക്കുന്നു.

പി. ഉബൈദുല്ല എം.എൽ.എയുടെ വിശദ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.
പി. ഉബൈദുല്ല എം.എൽ.എയുടെ വിശദ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.

മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം മുസ്‍ലിംകൾക്ക് 5,45,423 സർക്കാർ ഉദ്യോഗങ്ങളിൽ 73,774 ഉദ്യോഗസ്ഥപദവികളാണ് ഇതുവരെയായി ലഭിച്ചത് (13.51%). സംവരണ പട്ടിക അനുസരിച്ച് നിർബന്ധമായും അവർക്ക് കിട്ടേണ്ടത് 12 ശതമാനമാണ്. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ പണിയെടുക്കുന്നവർ അടക്കമാണ് 13.5%.

ഈഴവർ ജനസംഖ്യയുടെ 22.05% വരും. അവർക്ക് 1,15,075 ഉദ്യോഗപദവികൾ ലഭിച്ചിട്ടുണ്ട് (21.09%). സംവരണ പട്ടികയിൽ നിർബന്ധമായും അവർക്ക് ലഭിക്കേണ്ടത് 14 ശതമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ 21.09 ശതമാനത്തിൽ അടങ്ങും.

മുന്നാക്ക ജാതിക്കാരായ നായർ- പിള്ള- തമ്പി-അനുബന്ധ വിഭാഗങ്ങൾ ജനസംഖ്യയുടെ 15.02 ശതമാനം വരും. അവരുടെ ഉദ്യോഗപ്രാതിനിധ്യം 1,08012 ആണ് (19.8%). സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായാണ് ഇത്രയും ഉദ്യോഗ പദവികൾ ലഭിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, നാരായണഗുരുവിന്റെ സന്ദേശങ്ങൾ ഏറ്റെടുത്ത് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി സാമൂഹ്യമായും സാമ്പത്തികമായും പിറകിൽ നിന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടർച്ച നൽകി.

ബ്രാഹ്മണരും നമ്പൂതിരിമാരും ഉൾപ്പടെയുള്ളവർ മൊത്തം കേരളീയ ജനസംഖ്യയുടെ 2.01 ശതമാനം വരും. അവരുടെ സർക്കാർ സർവീസ് പ്രതിനിദ്ധ്യം 7112 (I.30%) ആണ്. സംവരണം ഇല്ലാത്തതിനാൽ യോഗ്യതാക്വോട്ടയിലും എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെയാണിത്.

ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വർഗ്ഗക്കാരുടെ ഉദ്യോഗ പ്രാതിനിധ്യം 62,296 (11.41%) ആണ്. നിർബന്ധമായും ഇരുകൂട്ടർക്കുമായി സംവരണപ്രകാരം ലഭിക്കേണ്ടത് 10 ശതമാനമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ നാമമാത്രമായ പ്രാതിനിധ്യവും ഇതിൽ അടങ്ങും.

ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന ലത്തീൻ കത്തോലിക്കരുടെ ഉദ്യോഗപ്രാതിനിധ്യം 22,542 (4.13%) ആണ്. സംവരണനിയമപ്രകാരം അവർക്കു ലഭിക്കേണ്ടത് 4% ആണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ക്രൈസ്തവ (എസ്.ഐ.യു.സി) നാടാർ വിഭാഗത്തിന്റെ ഉദ്യോഗ പ്രാതിനിധ്യം 7589 (1.39 %) ആണ്. സംവരണ നിയമപ്രകാരം അവർക്കു ലഭിക്കേണ്ടത് ഒരു ശതമാനവും.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന വിശ്വകർമ്മ വിഭാഗത്തിനുള്ള ഉദ്യോഗ പ്രാതിനിധ്യം 16,564 (3.03%) ആണ്. സംവരണ നിയമപ്രകാരം അവർക്കു ലഭിക്കേണ്ടത് 3 ശതമാനമാണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധീവര വിഭാഗത്തിന്റെ ഉദ്യോഗപ്രാതിനിധ്യം 6,818 (1.25 %) ആണ്. സംവരണ നിയമപ്രകാരം നിശ്ചയമായും അവർക്കു കിട്ടേണ്ടത് ഒരു ശതമാനവും.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഹിന്ദു നാടാർ ഉദ്യോഗപ്രാതിനിധ്യം 5,089 (0.93 %) ആണ്. സംവരണ നിയമപ്രകാരം നിശ്ചയമായും അവർക്കു ലഭിക്കേണ്ടത് ഒരു ശതമാനമത്രെ.

ജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന പരിവർത്തിത ക്രൈസ്തവരുടെ ഉദ്യോഗപ്രാതിനിധ്യം 2399 (0.43 %) ആണ്. സംവരണ നിയമപ്രകാരം അവർക്കു നിർബന്ധമായും ലഭിക്കേണ്ടത് ഒരു ശതമാനമാണ്.

9.84 ശതമാനം മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിന്റെ ഉദ്യോഗപ്രാതിനിധ്യം 73,713 (13.51%) ആണ്. സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങൾ ഉൾപ്പെടെയാണ് 13.51%.

കുലത്തൊഴിലുകളുടെ വളയം ഭേദിച്ച് മുന്നോട്ട് നടക്കാൻ കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്ക് കരുത്തുപകർന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയപാർട്ടി എന്ന സ്ഥാനം മലയാളക്കരയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

കേരളത്തിന്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാൻ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നിൽ. കേരളത്തിന്റെ മതേതര ബോധത്തിൽ വർഗീയവിഷം കലർത്താൻ ശ്രമിക്കുന്നവരിൽ ഉത്തരവാദപ്പെട്ടവർ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്. കേരളത്തിൽ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികൾ കരസ്ഥമാക്കിയിട്ടുള്ളൂ. മുന്നാക്ക സമുദായങ്ങൾക്ക് താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് അവർ കുറ്റക്കാരല്ല. വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം പണ്ടേക്കുപണ്ടേ അവർ മനസ്സിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ മുന്നോട്ടുവന്നു. പി.എസ്.സി പരീക്ഷകളിൽ സജീവമായി പങ്കെടുത്തു. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ജനറൽ മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. മുന്നാക്ക സമുദായക്കാരും പിന്നാക്ക സമുദായങ്ങളിലെ വിദ്യാസമ്പന്നരും അങ്ങനെ നേടിയതാണ് സർക്കാർ ജോലികൾ. അല്ലാതെ ഓട് പൊളിച്ച് അകത്തുകടന്ന് ജോലി കരസ്ഥമാക്കിയവരല്ല അവരാരും.

ഓരോ മത- ജാതി സമൂഹങ്ങൾക്കും ഓരോ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലമുണ്ട്. ഹൈന്ദവ സമുദായത്തിലെ വിവിധ ജാതികൾക്ക് വിവിധങ്ങളായ ജോലികളും പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിരുന്നു. പൊതുവെ അധ്വാനവും കായബലവും ആവശ്യമായി വരുന്ന ജോലികൾ താഴ്ന്ന ജാതിയിൽ പെടുന്നവർക്കായി നീക്കിവെക്കപ്പെട്ടു. ജാതിശ്രേണിയിൽ മുകളിലേക്ക് പോകുന്തോറും ജോലിയുടെ ഭാരം കുറഞ്ഞുവന്നു. അങ്ങിനെയാണ് ഭരണനിർവ്വഹണജോലികളും ഓഫീസ് ജോലികളും മേൽജാതിക്കാരുടേതായി മാറിയത്. ഉയർന്ന ജോലി കിട്ടാൻ ഉയർന്ന വിദ്യാഭ്യാസയോഗ്യത ആവശ്യമായി വന്നു. കായികശേഷി വേണ്ട ജോലികൾ ചെയ്യാൻ വിജ്ഞാനത്തിന്റെ ആവശ്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ ഹൈന്ദവ സമൂഹത്തിലെ മേൽജാതിക്കാരും മറ്റു മതവിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിൽ നിന്നവരും ഉന്നത വിദ്യാഭ്യാസം നേടാൻ ഉൽസാഹം കാണിച്ചു. താഴ്ന്ന ജാതിയിൽ പെട്ടവരും ഇതര മതസമുദായങ്ങളിലെ ശേഷി കുറഞ്ഞവരും സ്കൂളിലും കോളേജിലും പോകാൻ മടിച്ചു.

ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും. / Photo : keralaculture.org
ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും. / Photo : keralaculture.org

ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ഡോ. പൽപ്പുവും നവോത്ഥാനത്തിന്റെ കൈത്തിരി അവരവരുടെ സമുദായങ്ങളിൽ കത്തിച്ചുവെച്ചതോടെ പതുക്കെപ്പതുക്കെ ബന്ധപ്പെട്ട ജനവിഭാഗങ്ങളിൽ നിന്ന് ഇരുട്ട് അകലാൻ തുടങ്ങി. ഈഴവരും പട്ടികജാതിക്കാരും അറിവിന്റെ കവാടങ്ങൾ തേടി സഞ്ചാരം ആരംഭിച്ചു. ജാതിയുടെ പാരമ്പരാഗത തൊഴിൽവൃത്തങ്ങൾ തകർത്ത് പിന്നാക്കജാതിയിൽ പെടുന്ന മിടുക്കർ മുന്നേറി. സ്വാതന്ത്ര്യലബ്ധിക്കുശേഷം, നാരായണഗുരുവിന്റെ സന്ദേശങ്ങൾ ഏറ്റെടുത്ത് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി സാമൂഹ്യമായും സാമ്പത്തികമായും പിറകിൽ നിന്നവരെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടർച്ച നൽകി. പ്രഥമ കമ്യൂണിസ്റ്റ് സർക്കാരിന് ഇ.എം.എസ് നേതൃത്വം നൽകിയ 1958-ൽ സമൂഹത്തിന്റെ എല്ലാ തലത്തിലും പിന്നാക്കം നിൽക്കുന്ന മത- സമുദായ വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം പാസാക്കി. അതോടെ അറിവിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പുറപ്പെട്ട പിന്നാക്ക വിഭാഗങ്ങളിൽ പെടുന്ന വിദ്യാസമ്പന്നർക്ക് സംവരണാനുകൂല്യത്തിന്റെ പിൻബലത്തിൽ സർക്കാർ ജോലികൾ ലഭിച്ചു. കാലചക്രം പിന്നിട്ടപ്പോൾ ജനറൽ മെറിറ്റിലും അവർ സ്ഥാനം പിടിച്ചു തുടങ്ങി.

പടിക്കുപുറത്ത് നിർത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങൾ അതോടെ അധികാരം കയ്യാളുന്നവരായി മാറി. അയിത്തം കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ടവർ മറ്റുള്ളവരുടെ തോളോടു ചേർന്ന് സർക്കാർ ഓഫീസുകളിൽ പണിയെടുക്കാൻ സാഹചര്യമൊരുങ്ങി. കേരളം ജാതീയതയുടെ ദുർഭൂതങ്ങളെ പടിയടച്ച് പിണ്ഠം വെച്ചു. കാലത്തിന്റെ കൂലംകുത്തിയൊഴുക്കിൽ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും പരമ്പരാഗത ധാരണകളും കീഴ്മേൽ മറിഞ്ഞു. കുലത്തൊഴിലുകളുടെ വളയം ഭേദിച്ച് മുന്നോട്ട് നടക്കാൻ കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്ക് കരുത്തുപകർന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയപാർട്ടി എന്ന സ്ഥാനം മലയാളക്കരയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ലോകത്തിന്റെ നാനാഭാഗത്തേക്കും നഴ്സുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ പങ്ക് അനിഷേധ്യമാണ്. കാലത്തിനുമുമ്പേ സഞ്ചരിക്കാൻ ഓരോ സഭയും അതിന്റെ അനുയായികളെ പഠിപ്പിച്ചു.

ഹൈന്ദവ സമുദായത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെയും മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവരുടെയും മുസ്‍ലിംകളാദി പിന്നാക്ക സമുദായങ്ങളുടെയും പുരോഗതിയുടെ പന്ഥാവുകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിന്റെ നാൾവഴികൾ കൂടിയാണ്. പിന്നാക്ക അധഃസ്ഥിത സമൂഹങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് സർവീസ് & സബോഡിനേറ്റ് റൂൾസ് അഥവാ കെ.എസ്.എസ്.ആർ (K.S.S.R) സർക്കാർ ഉദ്യോഗ മേഖലയിൽ പ്രഥമ കമ്യൂണിസ്റ്റ് ഗവൺമെൻ്റ് നടപ്പിലാക്കിയതോടെയാണ്, ഹൈന്ദവ സമുദായത്തിലെ പട്ടികകജാതി- പട്ടികവർഗ്ഗ- ഈഴവ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പിന്നാക്കക്കാരും, ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യശ്രേണിയിൽ പിന്നിലായ മുസ്‍ലിംകളും ക്രൈസ്തവ സമൂഹത്തിൽ പിന്നിലേക്ക് തള്ളപ്പെട്ടവരും ഭരണനിർവ്വഹണത്തിൽ പങ്കാളികളായിത്തുടങ്ങിയത്. അതോടെ സർക്കാർ ജോലികളിൽ നിന്ന് തീണ്ടാപ്പാടകലെ അകറ്റി നിർത്തപ്പെട്ട ജനതതികൾ ഗവൺമെൻ്റ് സംവിധാനത്തിന്റെ ഭാഗമായി.

ക്രൈസ്തവ സമൂഹം ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ വിദ്യാഭ്യാസം ആർജ്ജിക്കുന്ന കാര്യത്തിലും ജോലി കരസ്ഥമാക്കുന്നതിലും മുന്നിൽ നിന്നവരാണ്. വ്യത്യസ്ത മിഷനറിമാർ തിരുകൊച്ചിയിൽ മഹാരാജാക്കൻമാരുടെ പിന്തുണയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു. താന്താങ്ങളുടെ ഭരണ പ്രദേശങ്ങളിൽ പ്രജകൾക്ക് വിജ്ഞാനം നൽകാൻ മഹാരാജാക്കൻമാരും ശ്രദ്ധ ചെലുത്തി. ക്രൈസ്തവ സമുദായത്തിൽ നന്നായി പഠിച്ചവർ ഭരണസിരാകേന്ദ്രങ്ങളിൽ എത്തിപ്പെട്ടു. കാലത്തിന്റെ മാറ്റമുൾക്കൊണ്ട് ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ മേഖലയിലും മറ്റു തൊഴിൽ രംഗങ്ങളിലും ശോഭിക്കാൻ ഉതകുന്ന വിജ്ഞാനശാഖകളിലേക്ക് യുവതലമുറയെ പറഞ്ഞയക്കാൻ ക്രൈസ്തവ സഭകളും പുരോഹിതരും കാണിച്ച താൽപര്യം ക്രിസ്ത്യൻ സമൂഹത്തിന്റെ കുതിപ്പിന് ആക്കം കൂട്ടി. ലോകത്തിന്റെ നാനാഭാഗത്തേക്കും നഴ്സുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ പങ്ക് അനിഷേധ്യമാണ്. കാലത്തിനുമുമ്പേ സഞ്ചരിക്കാൻ ഓരോ സഭയും അതിന്റെ അനുയായികളെ പഠിപ്പിച്ചു.

മുസ്‍ലിംകളാകട്ടെ സാമ്രാജ്യത്വ വിരോധത്താൽ ഇംഗ്ലീഷുകാരുടെ ഭാഷയോടും അവർ നടപ്പിലാക്കിയ വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞുനിന്നു. പെൺകുട്ടികളെ സ്കൂളിലയക്കാൻ മലബാറിലെ ഭൂരിഭാഗം മുസ്‍ലിം കുടുംബങ്ങളും വിമുഖത കാണിച്ചു. പഠനത്തേക്കാൾ കച്ചവടത്തിലായിരുന്നു പരമ്പരാഗതമായി അവർക്ക് താൽപര്യം. പോർച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടും ഇഞ്ചോടിഞ്ച് പൊരുതി നിന്നത് അവരുടെ സാമ്പത്തിക പുരോഗതിയേയും പ്രതികൂലമായി ബാധിച്ചു. മഹാഭൂരിഭാഗം മുസ്‍ലിംകളും കുടിയാൻമാരോ കർഷക തൊഴിലാളികളോ ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് അരുചേർന്നു നിന്ന കുബേര മുസ്‍ലിംകളായ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഭൂജന്മിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്.

മുസ്‍ലിം സംവരണ ക്വോട്ടയിൽ പോലും യോഗ്യരായ അപേക്ഷകർ ഇല്ലാത്തത് കാരണം സർക്കാർ ഉദ്യോഗത്തിൽ കയറിപ്പറ്റാൻ അറുപതുകളിലും എഴുപതുകളിലും അവർക്ക് പരിമിതമായേ സാധിച്ചുള്ളൂ.

1921-ലെ മലബാർ കലാപം മാപ്പിളമാരുടെ സ്ഥിതി കൂടുതൽ ദയനീയമാക്കി. നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകളെ അന്തമാനിലേക്ക് നാടുകടത്തി. അനവധി പേർ ബെല്ലാരിയിലും കോയമ്പത്തൂരിലുമെല്ലാമുള്ള ജയിലുകളിൽ അടക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനെ കുറിച്ച് മുസ്‍ലിം സമുദായത്തിലെ പ്രമാണിമാർ പോലും വേണ്ടത്ര ആലോചിച്ചില്ല. സ്വാതന്ത്ര്യാനന്തരം മുസ്‍ലിംകളുടെ പരിതാപകരമായ അവസ്ഥ ഒച്ചിന്റെ വേഗതയിൽ മാറിത്തുടങ്ങി. നവോത്ഥാനത്തിന്റെ വെളിച്ചം മററുള്ള സമുദായങ്ങളെ അപേക്ഷിച്ച് വൈകിയാണ് മുസ്‍ലിംകളിൽ എത്തിയത്. മതനേതാക്കളും സംഘടനകളുമാണ് അതിന് ചുക്കാൺ പിടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ കാർമികത്വത്തിൽ നിലവിൽ വന്ന കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഭൂപരിഷ്കരണ നിയമവും മലബാറിലെ മാപ്പിളമാരെ ഭൂമിയുടെ ഉടമസ്ഥരാക്കി. അതോടെ അവർ തല ഉയർത്തി നടന്നു. ജീവിത പ്രാരാപ്തങ്ങളും സാമ്പത്തിക കഷ്ടപ്പാടുകളും എൺപതുകൾക്ക് ശേഷം അവരെ ഗൾഫ് കുടിയേറ്റത്തിന് പ്രേരിപ്പിച്ചു. ജീവൻ പണയപ്പെടുത്തിയുള്ള രണ്ടും കൽപ്പിച്ച ആ സാഹസിക യാത്രകളാണ് മലബാറിലെ മുസ്‍ലിം ജനവിഭാഗത്തിന്റെ തലവര മാറ്റിയെഴുതിയത്. ഉപജീവനം തേടിയുള്ള കടൽയ കടൽയാത്രയിൽ ഒരുപടാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ശ്വാസം ശരീരത്തിൽ അവശേഷിച്ചവർ മണലാരണ്യത്തിൽ ചോര നീരാക്കി പണിയെടുത്തു.

1967-ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ്- ലീഗ് മന്ത്രിസഭ മലബാറിലെ മുസ്‍ലിംകൾക്കിടയിൽ സ്ഥായിയായ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മലപ്പുറം ജില്ല വന്നതും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായതും ജില്ലയുടെ നാനാഭാഗങ്ങളിലും സർക്കാർ സ്കൂളുകൾ വന്നതും മുസ്‍ലിംകളുടെ വിദ്യാഭ്യാസ- സാമൂഹ്യ ഉന്നതിക്ക് ആക്കം കൂട്ടി. ഇ.എം.എസും സി.എച്ച്. മുഹമ്മദ് കോയയും കൈകോർത്തതോടെ അസാദ്ധ്യമെന്ന് കരുതിയ പലതും സാദ്ധ്യമായി. മുസ്‍ലിം സംവരണ ക്വോട്ടയിൽ പോലും യോഗ്യരായ അപേക്ഷകർ ഇല്ലാത്തത് കാരണം സർക്കാർ ഉദ്യോഗത്തിൽ കയറിപ്പറ്റാൻ അറുപതുകളിലും എഴുപതുകളിലും അവർക്ക് പരിമിതമായേ സാധിച്ചുള്ളൂ. പേരിനെങ്കിലും കയറിയവരാകട്ടെ ഏറിയകൂറും തിരു-കൊച്ചിയിലെ മുസ്‍ലിംകളും കണ്ണൂർ- തലശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള സമ്പന്ന മുസ്‍ലിം കുടുംബങ്ങളിലെ വിദ്യാസമ്പന്നരുമായിരുന്നു. എയ്ഡഡ് സ്കൂളുകളും കോളേജുകളും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വെച്ചുകെട്ടി കൊടുത്തിട്ടുപോലും ഏറ്റെടുക്കാൻ തയ്യാറായത് വിരലിലെണ്ണാവുന്ന സംഘടനകളും വ്യക്തികളും മാത്രം.

പെൺകുട്ടികൾ വീട്ടിലിരുന്ന കാലം പൊയ്മറഞ്ഞു. മുസ്‍ലിം പെൺകുട്ടികൾ മൽസരപ്പരീക്ഷകളിൽ തിളങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അവർ പറന്നു. ഒരിക്കലും എത്തില്ലെന്ന് കരുതിയ പദവികളിൽ അവരെത്തി.

മുസ്‍ലിംകൾക്ക് ഭൗതികവിദ്യാഭ്യാസം നൽകുന്നതിൽ സംഘടന എന്ന നിലയിൽ മുന്നിട്ടുനിന്നത് എം.ഇ.എസ് ആണ്. ബാഫഖി തങ്ങളും, കെ.എം സീതിസാഹിബും സി.എച്ചും അബ്ദുസ്സലാം മൗലവിയും അബുസ്സബാഹ് മൗലവിയും ഡോ. ഗഫൂർ സാഹിബും മുസ്‍ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചു. മുസ്‍ലിം ലീഗിന്റെ ഭരണപങ്കാളിത്തവും അതിന് പ്രോൽസാഹനം നൽകി. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മത- ജാതി ഭേദം മറന്നുള്ള പ്രോൽസാഹനവും ലീഗിന്റെ ഇടപെടലും ഉൾച്ചേർന്നതോടെ ചിത്രം മാറാൻ തുടങ്ങി. പതിനെട്ട് വയസ്സായ മുസ്‍ലിം ചെറുപ്പക്കാർ ഗൾഫ് നാടുകൾ സ്വപ്നം കണ്ട് ജീവിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‍ലിം പ്രാതിനിധ്യക്കുറവിന് വഴിയൊരുക്കി. കടൽകടന്നുപോയ മാപ്പിളമാർ ലോകം കണ്ടതോടെ പുതുതലമുറയെ വിദ്യാഭ്യാസം ആർജ്ജിക്കാൻ പ്രോൽസാഹിപ്പിച്ചു. മുസ്‍ലിംകൾക്കിടയിലെ വിവിധ സമുദായ സംഘടനകൾ മൽസരിച്ച് സ്ഥാപനങ്ങൾ തുടങ്ങി. പെൺകുട്ടികൾ വീട്ടിലിരുന്ന കാലം പൊയ്മറഞ്ഞു. മുസ്‍ലിം പെൺകുട്ടികൾ മൽസരപ്പരീക്ഷകളിൽ തിളങ്ങി. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അവർ പറന്നു. ഒരിക്കലും എത്തില്ലെന്ന് കരുതിയ പദവികളിൽ അവരെത്തി. വീടിന്റെ അകത്തളങ്ങളിൽ നിന്ന് സർക്കാർ സർവീസുകളിലേക്കും വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളിലേക്കും കച്ചവട- വ്യാപാര മേഖലകളിലേക്കും അവർ വ്യാപരിച്ചു. കേരളത്തിന് പുറത്തുള്ള എണ്ണംപറഞ്ഞ സർവകലാശാലകളിൽ അടക്കം മലപ്പുറത്ത് നിന്നുള്ള പെൺകുട്ടികൾ സ്ഥാനം പിടിച്ചു. നിശ്ചയിക്കപ്പെട്ട സംവരണ ക്വോട്ട തികക്കാനായതുപോലും രണ്ടായിരത്തിന് ശേഷമുണ്ടായ വിദ്യാഭ്യാസക്കുതിപ്പിന് ശേഷമാണ്.

അനർഹമായി യാതൊന്നും മുസ്‍ലിംകൾ നേടിയിട്ടില്ല. നേടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണെന്ന് കരുതുന്നവരാണ് മുസ്‍ലിംകൾ. അന്യായമായി വല്ലതും അവർ കൈവശപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാൽ അർഹർക്ക് അത് തിരിച്ചു നൽകാൻ മുസ്‍ലിംകൾ സന്നദ്ധരാകും.

നാട്ടിൽ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകൾ മെനയരുത്. മദ്രസ്സാദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്നതടക്കം എന്തൊക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു മദ്രസ്സാദ്ധ്യാപകനും ശമ്പളമോ പെൻഷനോ സർക്കാർ നൽകുന്നില്ല. അവരുടെ ക്ഷേമനിധിയിലേക്ക് അറുപത് വയസ്സുവരെ മാസാമാസം അവർ അടക്കുന്ന അംശാദായത്തിൽനിന്ന് നൽകുന്ന സഹായമല്ലാതെ മറ്റൊരു ആനുകൂല്യവും മദ്രസ്സാദ്ധ്യാപകർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. പച്ചക്കള്ളമാണത്. ക്ഷേത്രജീവനക്കാർക്കും ക്ഷേമനിധിയുണ്ട്. അതും സർക്കാർ ഖജനാവിൽ നിന്ന് നൽകുന്നതല്ല. അവർ അടക്കുന്ന അംശാദായത്തിൽ നിന്ന് വിതരണം ചെയ്യുന്നതാണ്.

‘‘അനർഹമായി യാതൊന്നും മുസ്‍ലിംകൾ നേടിയിട്ടില്ല. നേടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. നാട്ടിൽ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകൾ മെനയരുത്’’.
‘‘അനർഹമായി യാതൊന്നും മുസ്‍ലിംകൾ നേടിയിട്ടില്ല. നേടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. നാട്ടിൽ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകൾ മെനയരുത്’’.

എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയിൽ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയിൽ പ്രതിബന്ധങ്ങളല്ല. ഒരാൾ വിചാരിച്ചാലും മറ്റൊരാളുടെ പുരോഗതിയെ തടയാനാവില്ല. ഒരു കവാടം അടഞ്ഞാൽ വേറൊരു കവാടം നമുക്ക് മുന്നിൽ തുറക്കപ്പെടും. ഈ ഭൂമുഖത്ത് എത്ര കോടി മനുഷ്യരുണ്ടോ അത്രയും കോടി അവസരങ്ങളുമുണ്ട്. അത് അന്വേഷിച്ച് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ നാട്ടിൽ തെറ്റിദ്ധാരണ പരത്താനും ജനങ്ങളെ തമ്മിൽ അകറ്റാനുമല്ല പൊതുപ്രവർത്തകർ ഇടപെടേണ്ടത്.

സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് 15-ാം കേരള നിയമസഭയിൽ പി. ഉബൈദുള്ളയുടെ ചോദ്യത്തിന് മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ മറുപടിയും അനുബന്ധ പട്ടികയും [PDF]

Comments