സംവരണം, മതം, കലാപരാഷ്ട്രീയം: ചില ആശയക്കുഴപ്പങ്ങൾ

സംഘപരിവാറിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളോട് ദലിത് ക്രിസ്ത്യൻ സംവരണവാദം മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ സംഘപരിവാറിന്റെ പ്രധാനപ്പെട്ട ഇരകളിലൊന്നായ മുസ്​ലിംകൾ നിലകൊണ്ടതെവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ദലിത് ക്രിസ്ത്യൻ സംവരണ വാദത്തെ പരിഹസിച്ച്​സംഘപരിവാറിന്റെ കരങ്ങൾക്ക് ശക്തിപകരാനാണ് അവർ ശ്രമിച്ചത്. ഹിന്ദുമതത്തിലെ ആന്തരികമായ പ്രതിഭാസമാണ് ജാതിയെന്ന സങ്കൽപ്പം മാറിയാൽ മാത്രമേ, സംവരണക്കാര്യത്തിൽ മതനിരപേക്ഷവും ശാസ്ത്രീയവുമായ നിലപാടുകൾ കൈക്കൊള്ളാനാവൂ.

മുസ്​ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം റദ്ദാക്കി, അത് 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം രാജ്യവ്യാപകമായി ബി.ജെ. പി പയറ്റുന്ന ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന്റെ വലിച്ചുനീട്ടൽ മാത്രമാണെങ്കിലും ഇതിനുപുറകിലെ ചില അടിയൊഴുക്കുകയും വസ്​തുതകളും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്​.

മുസ്​ലിം വിഭാഗത്തിന് ലഭിച്ചിരുന്ന സംവരണം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ചുനൽകിയതാണ് കൂടുതൽ ശ്രദ്ധേയമാവുന്നത്. കലാപരാഷ്ട്രീയം സംവരണത്തിന്റെ മേഖലയിൽ കൂടി പറിച്ചുനടാനുള്ള നീക്കമെന്ന നിലക്കാണ്​ ഇതിനെ പരിശോധിക്കേണ്ടത്​. സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള തന്ത്രം. സംവരണം വീണ്ടെടുക്കാൻ മുസ്​ലിംകൾ നടത്തുന്ന ഓരോ നീക്കവും ഇപ്പറഞ്ഞ സമുദായങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തും. സാമുദായിക കലാപങ്ങളുടെ ലക്ഷ്യവും ഇതു തന്നെയായിരുന്നു. മുസ്​ലിംകൾക്കെതിരായ മിക്ക കലാപങ്ങളിലും ചാവേറുകളായി അണിനിരത്തിയിരുന്നത് ദലിത് വിഭാഗത്തിലുളള ആളുകളെ ആയിരുന്നുവല്ലോ. സ്വാഭാവികമായും മുസ്​ലിംകളുടെ രോഷം ദലിതുകൾക്ക് നേരെ തിരിയും. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളെ മുസ്​ലിംകൾക്കെതിരെ തിരിച്ചുവിടാനാണ് നീക്കം. ഈ തീരുമാനത്തിന് ന്യായീകരണമായി എഴുന്നള്ളിക്കുന്നത്, പഴകിയ ചില വാദങ്ങളാണ്. മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കാനാവില്ലെന്നത് അവയിൽ പ്രധാനപ്പെട്ട ഒന്നാണ്

സംവരണം മതത്തിന്റെ അടിസ്​ഥാനത്തിലോ?

സമകാലിക ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, സംവരണം മതാടിസ്ഥാനത്തിലോ എന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനാ സാധുതയുണ്ടോ എന്നത് ഇതിന്റെ പ്രധാനപ്പെട്ട ഒരു ഉപചോദ്യമാണ്. ഹിന്ദുമത വിശ്വാസികളായിത്തീർന്ന പട്ടികജാതിക്കാർക്ക് സംവരണവും പട്ടികജാതിക്കാരുടെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ മുസ്​ലിംകളോ ക്രിസ്ത്യാനികളോ ആയിത്തീർന്ന പട്ടികജാതിക്കാർക്ക് അവ ലഭിക്കാത്തത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മതാടിസ്​ഥാനത്തിലുള്ള സംവരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ചോദിക്കുന്നതിനു മുമ്പ് ചിന്തിക്കേണ്ട വിഷയം, മതം ഒരു സമൂഹത്തിൽ എത്രത്തോളം ജൈവികമാണെന്നതാണ്. സംവരണത്തിനുള്ള മാനദണ്ഡമാകാൻ അതിനുള്ള അർഹത നിശ്ചയിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം.

സംവരണത്തിന്റെ പ്രാഥമിക അടിസ്ഥാനം ദേശീയതയാണല്ലോ. ഒരു ഫെഡറൽ സമൂഹത്തിൽ ഘടകദേശീയതകൾക്ക് നീതിയുക്തമായ പങ്കാളിത്തം ലഭിച്ചെങ്കിൽ മാത്രമേ അവയ്ക്കിടയിൽ ഉദ്ഗ്രഥനം സാധ്യമാകുകയുള്ളൂ. അല്ലെങ്കിൽ വിഘടനവാദം പൊങ്ങിവരും. ഭൂമിശാസ്ത്രപരയ ഏകകങ്ങളാണ് ഫെഡറലിസത്തിന്റെ യാന്ത്രികമായ നിർവചനത്തിലുൾപ്പെടുന്നത്. അൽപംകൂടി അത് യാഥാർത്ഥ്യത്തോടടുക്കുമ്പോൾ ഭാഷാപരമായ ദേശീയതകൾക്ക് അംഗീകാരം കൈവരുന്നു. വംശവും ഭാഷയും സംസ്‌കാരങ്ങളുമെല്ലാം ആഴത്തിലിറങ്ങിച്ചെല്ലുമ്പോൾ ദേശീയസ്വത്വത്തിന്റെ ഭാഗമായി വരുന്നു. ഇവയിൽ സംസ്‌കാരത്തിന്റെ അതിർത്തി വളരെ വലുതാണ്. ഒരു സമുഹം തലമുറകളായി ആർജ്ജിച്ചതെല്ലാം അതിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വസ്തുനിഷ്ഠമായി പറയുകയാണെങ്കിൽ, മതാചാരങ്ങളും ഇവയിലുൾപ്പെടും.

മതപരമായ ആചാരങ്ങളിൽ മിക്കവയിലും അവ വളർന്നുവന്ന സാഹചര്യത്തിന്റെ കൈയൊപ്പുണ്ടല്ലോ. ഇന്ത്യയിലെ ജാതികളെയും ട്രൈബുകളെയും കുറിച്ചും ഇത്​ ശരിയാണ്. ഓരോ ജാതിയും ഗോത്രവർഗ്ഗ വിഭാഗവും നിലനിൽക്കുന്നത് അതിന്റേതായ അനുഷ്ഠാനപരമായ ചുറ്റുപാടിലാണ്. ബന്ധപ്പെട്ട സമുദായങ്ങളിലെ മൂപ്പന്മാരാണ് അനുഷ്ഠാനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത്. ഇത്തരം സമ്പ്രദായങ്ങളും ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങളും സമുദായം പ്രതി വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സംവരണത്തിന് അർഹത നിർണയിക്കുന്ന ഘടകങ്ങളിൽ മതവുമുണ്ടെന്ന വാദത്തിന് ചെറിയൊരു ന്യായീകരണമുണ്ട്. ഈ വാദത്തെ ബലഹീനമാക്കുന്നത് മറ്റുചില ഘടകങ്ങളാണ്.

ലോകത്ത് ഇന്നുകാണുന്ന മതങ്ങളെല്ലാം അവ ഉത്ഭവിച്ച സാംസ്‌കാരിക ചുറ്റുപാടിനപ്പുറത്തുള്ള ലോകത്ത് കുടിയേറിയിട്ടുണ്ട്. വാർത്താവിനിമയ സൗകര്യങ്ങളുടെ ബാഹുല്യം സംസ്‌കാരങ്ങളുടെ വിനിമയത്തിനും അധിനിവേശത്തിനും അനുകൂല സാഹചര്യമാണ് ഒരുക്കിയത്. സാമൂഹ്യമനഃശാസ്ത്രവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും മതമടക്കമുള്ള സാംസ്‌കാരിക ഘടകങ്ങളുടെ വിനിമയത്തെയും അധിനിവേശത്തെയും ത്വരിതപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന പാശ്ചാത്യവത്കരണം ഉന്നതമെന്നു കരുതപ്പെടുന്ന ഒരു സംസ്‌കാരത്തോടു തോന്നുന്ന അഭിനിവേശത്തിന്റെ ഭാഗമാണല്ലോ. മതങ്ങൾക്കും ദർശനങ്ങൾക്കും രാഷ്ട്രീയചിന്താധാരകൾക്കും മനുഷ്യധിഷണയോട് സംസാരിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ, അവ വളർന്നുവന്ന സാംസ്‌കാരികമായ ചുറ്റുപാടിനതീതമായാണ് ഇന്ന് വിലയിരുത്തപ്പെടുന്നത്. ഏതു സാഹചര്യത്തിൽ ജീവിച്ച വ്യക്തിയാണെങ്കിലും ഒരു നിമിഷനേരം കൊണ്ട് ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഒരു മതത്തിൽ നിന്ന്​ മറ്റൊരു മതത്തിലേക്കു മാറാനും കഴിയും. ഇതുകൊണ്ട് ജീവിതനിലവാരം മാറണമെന്ന് നിർബന്ധമില്ല. ഒരു സമൂഹം ഒന്നിച്ച് മതം മാറുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ശരിയാണ്. വ്യക്തിവാദത്തിന് പ്രാമുഖ്യം കൽപ്പിക്കുന്ന ആധുനിക മനുഷ്യാവകാശസിദ്ധാന്തങ്ങൾ ജീർണിച്ച സാഹചര്യത്തിനതീതമായി ഇഷ്ടമുള്ള മതത്തിലും ദർശനത്തിലും രാഷ്ട്രീയചിന്താധാരയിലും വിശ്വസിക്കാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിലുന്നുന്നു. അതിന്റെ പേരിൽ സാമൂഹിക വിവേചനം കല്പിക്കുന്നത് അനീതിയാണ്.

ഇന്ത്യയിലെ സംവരണത്തിന്​ അടിസ്ഥാനം സാമൂഹിക പിന്നാക്കാവസ്ഥയാണ്. എക്‌സിക്യൂട്ടീവ്​, ലജിസ്​ലേറ്റീവ്​, ജുഡീഷ്യറി എന്നിവയും ബ്യൂറോക്രസിയും അടങ്ങുന്ന ഭരണമണ്ഡലത്തിലെ പ്രാതിനിധ്യക്കുറവാണ് ഇന്ത്യയിൽ ഒരു സമുദായത്തെ സംവരണത്തിനർഹമാക്കുന്നത്. ഇന്ത്യയിലെ ചട്ടങ്ങൾ പ്രകാരം, പ്രസ്തുത സമുദായത്തിലുൾപ്പെടുന്ന മാതാവിനോ പിതാവിനോ ജനിച്ച ഏതു വ്യക്തിയും വ്യക്തിപരമായ വിശ്വാസത്തിനും രാഷ്ട്രീയത്തിനും അതീതമായി സമുദായാംഗമെന്ന നിലയിലുള്ള അവകാശങ്ങൾ അർഹിക്കുന്നു. അതുകൊണ്ടുതന്നെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതും നിഷേധിക്കുന്നതും മനുഷ്യാവകാശലംഘനമാണെന്നു കാണാൻ പ്രയാസമില്ല.

ഭരണഘടനാപരമായി സംവരണം മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സമുദായത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാണല്ലോ. ചില സമുദായങ്ങൾ പരമ്പരാഗതമായി മതാത്മകമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലാണ് അറിയപ്പെടുന്നത്. അവർ സാമൂഹികമായി പിന്നാക്കമാണെങ്കിൽ അവർക്ക് പിന്നാക്ക സംവരണം ലഭിക്കേണ്ടതാണ്. മതാത്മകസ്വത്വം ദ്യോതിപ്പിക്കുന്ന സമുദായത്തെ നാം പിന്നാക്ക ലിസ്റ്റിലുൾപ്പെ ടുത്തുന്നതിനെ മതാടിസ്ഥാനത്തിലുള്ള സംവരണമായി കാണാൻ പാടില്ല. പ്രസ്തുത സമുദായത്തിനുള്ളിൽ മതവിശ്വാസവും മതാചാരങ്ങളും ഉപേക്ഷിച്ചവർക്ക് സംവരണം നിഷേധിക്കുന്നുണ്ടെങ്കിൽ മാത്രമേ മതാടിസ്ഥാനത്തിലുള്ള സംവരണമെന്ന് അതിനെ വിശേഷിപ്പിക്കാനാവൂ. മലയാളി മുസ്​ലിംകളുടേതാണ് ഇക്കാര്യത്തിൽ ഏറ്റവും നല്ല ഉദാഹരണം. ഭാഷ, സംസ്‌കാരം, വസ്ത്രധാരണം തുടങ്ങി മിക്ക കാര്യങ്ങളിലും മലയാളി മുസ്​ലിംകൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ മുസ്​ലിംകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസം പക്ഷേ പ്രകടമാവുന്നത് ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ മുസ്​ലിംകളുമായി മലയാളി മുസ്​ലിംകൾ ഒത്തുകുടുമ്പോഴാണ്. കേരളത്തിന്റെ നാലതിർത്തിക്കുള്ളിലെ മുസ്​ലിംകളിലെ മഹാഭൂരിപക്ഷം മലയാളികളാണെന്നതു കൊണ്ടുതന്നെ ഈ വ്യത്യാസം ഇവിടെ പ്രകടമല്ല. കേരളത്തിൽ മുസ്​ലിംകളായി അവർ മാത്രമേയുള്ളു. അതുകൊണ്ടുതന്നെ മുസ്​ലിംകൾ എന്നപേരിലാണ് അവർ അറിയപ്പെടുന്നത്. മാപ്പിള പോലുള്ള സംജ്ഞകൾ കേരളത്തിലെല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്നില്ല. ഇക്കാരണത്താൽ കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റിൽ മുസ്​ലിംകൾ എന്ന സംജ്ഞ കാണുന്നത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ഉദാഹരണമല്ല. മുസ്​ലിം സമുദായത്തിൽ ജനിച്ച നിരീശ്വരവാദികൾക്കും മതാനുഷ്ഠാനങ്ങൾ പാലിക്കാത്തവർക്കും സംവരണം നിഷേധിക്കുന്നുണ്ടെങ്കിൽ മാത്രമേ മതാടിസ്ഥാനത്തിലുള്ള സംവരണം അതാകുന്നുള്ളു.

കർണാടകയിൽ സംഭവിച്ചത്​

ഇക്കാരണത്താൽ തന്നെ ഇപ്പോൾ കർണാടകയിൽ ഉണ്ടായിരിക്കുന്നത് സംവരണത്തിൽ മതം കലർത്താനുള്ള ശ്രമമാണ്. അവിടെ നിലവിൽ മുസ്​ലിംകൾക്കുള്ള സംവരണം മതാടിസ്ഥാനത്തിൽ ഉള്ളതല്ല. മതവിശ്വാസം ഉപേക്ഷിച്ചവർക്കും അത് ലഭിക്കുന്നുണ്ട്. ഇപ്പോഴാവട്ടെ, സംവരണത്തിൽ മതം എന്ന കൈവന്നിരിക്കുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗം ജനങ്ങളെ അവർ ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നുവെന്ന കാരണത്താൽ സംവരണപ്പട്ടികയ്ക്ക് പുറത്താക്കിയിരിക്കുന്നു.

സംവരണത്തിൽ മതം കലർത്താനുള്ള ഇത്തരം ശ്രമങ്ങൾ ഇന്ത്യയിൽ പുതിയതല്ല. ആധുനിക മനുഷ്യാവകാശ സങ്കൽപങ്ങൾക്കെതിരാണെങ്കിലും സംവരണം മതാടിസ്ഥാനത്തിലാവുന്നതിന്റെ ഉദാഹരണങ്ങൾ ഇന്ത്യയിൽ ധാരാളമുണ്ട്. പട്ടികവർഗങ്ങളിൽ സാംസ്‌കാരികാധിനിവേശത്തിനുള്ള സാധ്യത കുറവായതിനാൽ മതം സംവരണത്തിന്റെ കാര്യത്തിൽ ഒരു പ്രശ്‌നമാവാറില്ല. എന്നാൽ പട്ടികജാതിക്കാരുടെ കാര്യം അങ്ങനെയല്ല. പട്ടികവർഗക്കാർക്ക് മുഖ്യധാരാസംസ്‌കാരം അജ്ഞാതമാണ്. എന്നാൽ പട്ടികജാതികളിലുൾപ്പെടുന്നവർക്ക് മുഖ്യധാരയും മുഖ്യധാരയിലുള്ളവർക്ക് പട്ടികജാതികളിൽ പെട്ടവരും മുമ്പുതന്നെ അജ്ഞാതമായിരുന്നില്ല. പട്ടികവർഗങ്ങളായി ഇന്ന് കണക്കാക്കപ്പെടുന്ന വിഭാഗങ്ങളിലധികവും ഗിരിപ്രദേശങ്ങളിൽ വസിച്ചപ്പോൾ പട്ടികജാതികളിലുൾപ്പെട്ടവരുടെ വാസസ്ഥാനം ഗ്രാമങ്ങളോടടുത്തും എന്നാൽ ഗ്രാമങ്ങളിലെ സവർണകേന്ദ്രങ്ങളുടെ അതിർത്തിക്ക് പുറത്തുമായിരുന്നു. അയിത്തവും തീണ്ടലിന്റെ പ്രശ്‌നവും വഴിനടക്കാനുള്ള അവകാശവുമെല്ലാം ചർച്ചാവിഷയങ്ങളായി മാറിയത് പട്ടികജാതികളിലുൾപ്പെടുന്നവരും മറ്റുമായ അവർണവിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ്. അയിത്തത്തിന് ചെറിയ തോതിലെങ്കിലും മാറ്റമുണ്ടായത് ഫൂലെ- അംബേദ്കർ-പെരിയാർ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെയാണ്.

ജനാധിപത്യത്തിന്റെ വരവോടെ അവർണരുടെ സഹായത്തോടെയല്ലാതെ ഭരണം ലഭിക്കില്ലെന്ന സത്യം സവർണർ മനസ്സിലാക്കി. മുഖ്യധാരാ വ്യവഹാരങ്ങൾ സവർണനിയന്ത്രിതമായിരുന്നതിനാൽ അവർണ ചിഹ്നങ്ങൾ എല്ലായ്‌പ്പോഴും നീചമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. സവർണ സ്വത്വങ്ങൾക്ക് അർഹിക്കാത്ത ആഭിജാത്യവും കൈവന്നിരുന്നു. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന അവർണ വിഭാഗങ്ങൾ അപകർഷതാബോധത്തോടെയാണ് സ്വന്തം സാംസ്‌കാരിക ചിഹ്നങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കണ്ടത്. ഹിന്ദു ആചാരങ്ങൾ സ്വീകരിക്കാനുള്ള, അവർണർക്കിടയിലെ പ്രവണതയെയാണ് എം. എൻ. ശ്രീനിവാസ് സംസ്‌കൃതവൽക്കരണമെന്നു വിശേഷിപ്പിച്ചത്. ഹിന്ദുമതത്തിലേക്കു മാറിയ പട്ടികജാതിക്കാർക്ക് അവരുടെ സംവരണവും മറ്റുള്ള ആനുകുല്യങ്ങളും ലഭിക്കുമ്പോൾ ഇസ്​ലാമിലേക്കും ക്രിസ്തുമതത്തിലേക്കും മാറിയവർക്ക് അത്​ നിഷേധിക്കുന്നത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

സംവരണം ലഭിക്കുന്നതിനും നിഷേധിക്കപ്പെടുന്നതിനും മതം മാനദണ്ഡമാവുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ കണ്ടത്. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണകൂടങ്ങൾ അനുവർത്തിക്കുന്ന ഭിന്നിപ്പിക്കൽ രാഷ്ട്രീയ ത്തിന്റെ ഭാഗമാണ് ഇതെന്ന് പറഞ്ഞുകഴിഞ്ഞു. പിന്നാക്കവിഭാഗങ്ങളുടെ സംവരണപ്പട്ടികയിൽ നിന്ന് മുസ്​ലിംകളെ ഒഴിവാക്കിയശേഷം സാമ്പത്തിക സംവരണത്തിന് അർഹരായ സമുദായങ്ങളുടെ സമൂഹങ്ങളുടെ പട്ടികയിൽ ചേർത്തുവെന്നത് ഈ പ്രശ്‌നത്തിന്റെ മറ്റു ചില മാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

മണ്ഡൽ കമീഷനും മാപ്പിളയും

സ്വാഭാവികമായ മാറ്റമാണ് ഇതെന്നാണ് ഒന്നാമത്തെ കാര്യം. എടുത്തുപറഞ്ഞാലും ഇല്ലെങ്കിലും ഒരു വിഭാഗം സാമുദായികസംവരണത്തിന് അനർഹരാവുന്നതോടുകൂടി സാമ്പത്തിക സംവരണത്തിന് അർഹരാകും. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടത്തിന്റെ ഘടന അങ്ങനെയാണ്. എടുത്തുപറഞ്ഞതോടുകൂടി പ്രകടമായ മുസ്​ലിം വിരുദ്ധത ഈ തീരുമാനത്തിൽ ആരോപിക്കാനാവില്ല എന്ന മെച്ചവുമുണ്ട് . മുസ്​ലിം പുരോഹിത നേതൃത്വത്തെ പ്രീണിപ്പിക്കാനാവും എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ പ്രധാനപ്പെട്ട നേട്ടം . കേന്ദ്ര സർക്കാർ സാമ്പത്തികസംവരണം കൊണ്ടുവന്നപ്പോൾ തന്നെ അതിനെ പിന്തുണയ്ക്കാൻ മുസ്​ലിം മതനേതൃത്വങ്ങളിൽ നിന്ന് ചിലർ രംഗത്ത് വന്നിരുന്നുവെന്നതും വാസ്തവമാണ്. ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെക്കുറിച്ച് മുസ്​ലിം നേതൃത്വം പുലർത്തുന്ന അജ്ഞത അവരെ തുടച്ചുനീക്കാൻ ശ്രമിക്കുന്നവർക്ക് സഹായകമാവുന്നു എന്ന യാഥാർഥ്യവുമുണ്ട്. ഇസ്​ലാമിൽ ജാതിയില്ലെന്ന് സ്ഥാപിക്കാനായി ഏതറ്റം വരെയും പോവാനുള്ള പ്രവണത മുസ്​ലിം മതനേതാക്കളിൽ കണ്ടുവരുന്നുണ്ട്.

ദേശീയതലത്തിൽ മണ്ഡൽ കമ്മീഷൻ വിവാദം കത്തിനിന്ന കാലം. 1990ൽ വി. പി. സിംഗ്, ഇന്ദിരാഗാന്ധിയും രാജീവ്​ ഗാന്ധിയും ഒരുപതിറ്റാണ്ട് പൂഴ്ത്തിവച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ രാജ്യം ഇളകിമറിഞ്ഞു. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നവർ ഒരു ഭാഗത്തും എതിർക്കുന്നവർ മറുഭാഗത്തും അണിനിരന്ന്​ അങ്കത്തിനൊരുങ്ങുകയായിരുന്നു. ഈ സമയത്ത്​ കേരളത്തിലെ മുസ്​ലിം സാമൂഹികവൃത്തങ്ങൾ വേവലാതി പൂണ്ടത് മറ്റൊരു കാര്യത്തെച്ചൊല്ലിയായിരുന്നു; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച ‘മാപ്പിള’ എന്ന പദത്തെച്ചൊല്ലി. കേരളത്തിൽ മുസ്​ലിം എന്ന പേരിലാണ് പി.എസ്​.സി അപേക്ഷാഫോമുകളിലെയും മറ്റും ജാതിക്കോളം പൊതുവെ പുരിപ്പിക്കാറുള്ളതെന്നതിനാൽ മുസ്​ലിംകളിൽ നല്ലൊരു വിഭാഗത്തിന് മണ്ഡൽ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ആശങ്കമാത്രമായിരുന്നു ഈ ചർച്ചകളിൽ ന്യായീകരണം അർഹിക്കുന്നതായി ഉണ്ടായിരുന്നത്. തെക്കൻ കേരളത്തിലെ മുസ്​ലിംകളിൽ പലരും പ്രത്യേക തരത്തിലുള്ള കോംപ്ലക്‌സ് കാരണം തങ്ങൾ മാപ്പിളമാരല്ലെന്നുവാദിക്കുന്നത് മണ്ഡൽ കമ്മീഷൻ എടുത്ത മൊഴികളിൽ പതിഞ്ഞിട്ടുണ്ടാവാം. ഏതായാലും മലയാളം സംസാരിക്കുന്ന മുസ്​ലിംകളെല്ലാം മാപ്പിളയെന്ന നിർവചനത്തിൽ ഉൾപ്പെടുമെന്ന ഒരു വിശദീകരണം കൊണ്ട് പരി ഹരിക്കാവുന്ന പ്രശ്‌നം മാത്രമേയുണ്ടായിരുന്നുള്ളു. പക്ഷേ, ചർച്ചകൾ നീങ്ങിയത് പ്രസ്തുത ദിശയിലല്ല, മുസ്​ലിംകളിലില്ലാത്ത ജാതി അവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ഒരു ഗൂഢാലോചനയായി മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിക്കുന്ന തരത്തിൽ വരെ കാര്യങ്ങൾ ചെന്നെത്തി.

വർഷങ്ങൾ ഏതാനും കഴിഞ്ഞു. തൊണ്ണൂറുകളുടെ മധ്യം. ദലിത് ക്രിസ്ത്യാനികളെ പട്ടികജാതിയിലുൾപ്പെടുത്താമോയെന്ന വിവാദം രാജ്യം മുഴുവൻ കൊടുമ്പിരിക്കൊള്ളുന്ന കാലം. ഭരണരംഗത്ത്​ നിലനിൽക്കുന്ന അശാസ്ത്രീയ കാഴ്ചപ്പാടുകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർക്ക് ആഞ്ഞടിക്കാൻ പറ്റിയ അവസരമായിരുന്നു ഈ വിവാദം. ഇന്ത്യ മതേതരരാഷ്ട്രമായിരിക്കുമെന്ന ഭരണഘടന പ്രഖ്യാപനം എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് പരിശോധിക്കാൻ കൈയിൽ കിട്ടിയ ആയുധമായിരുന്നു ദലിത് ക്രിസ്ത്യൻ സംവരണ വിവാദം. ഒരു പ്രത്യേക സാമുഹിക പരിതസ്ഥിതിയിൽ ജനിച്ചുവളർന്ന ദലിതുകൾ ഹിന്ദുമതം സ്വീകരിച്ചാൽ പട്ടികജാതി സംവരണത്തിനർഹരാവുകയും ക്രിസ്തുമതം സ്വീകരിച്ചാൽ അത്​ നിഷേധിക്കപ്പെടുകയും ചെയ്യുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടാൻ ഇതിനെക്കാൾ വലിയ അവസരം മറ്റൊന്നില്ലായിരുന്നു. പുറത്തുനിന്നുള്ള മതവിശ്വാസങ്ങളുമായി ബന്ധം വരുന്നത് ദലിതുകളുടെ ജൈവികമായ സാമൂഹികഘടനയിൽ മാറ്റം വരുത്തുമെന്ന വാദത്തിന് ന്യായീകരണമില്ലായിരുന്നു; ഈ ഘടനയ്ക്ക് പുറത്തുള്ള ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് ആനുകുല്യങ്ങൾ ലഭിക്കുന്നതാണ് കാരണം. മതേതര ഭാരതത്തിൽ മതവിശ്വാസത്തിന്റെ പേരിൽ പൗരന്മാർക്കിടയിൽ വിവേചനം കല്പിക്കുകയില്ലെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായിരുന്നു ഇത്. ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പട്ടികജാതി- പട്ടികവർഗക്കാരുൾപ്പെടെ മുസ്​ലിംകളും ക്രിസ്ത്യാനികളും പാർസികളും ജൂതന്മാരുമൊഴികെയുള്ള ഇന്ത്യക്കാരെല്ലാം ജന്മനാ ഹിന്ദുക്കളാണെന്ന സംഘപരിവാർ വാദമായിരുന്നു. ഇത്തരത്തിൽ, മുസ്​ലിംകളടക്കമുള്ളവരെ ഇന്നാട്ടിൽ നിന്ന് പിഴുതെറിയാനുദ്ദേശിക്കുന്ന സംഘപരിവാറിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളോട് ദലിത് ക്രിസ്ത്യൻ സംവരണവാദം മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ സംഘപരിവാറിന്റെ പ്രധാനപ്പെട്ട ഇരകളിലൊന്നായ മുസ്​ലിംകൾ നിലകൊണ്ടതെവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ദലിത് ക്രിസ്ത്യൻ സംവരണ വാദത്തെ പരിഹസിച്ച്​സംഘപരിവാറിന്റെ കരങ്ങൾക്ക് ശക്തിപകരാനാണ് അവർ ശ്രമിച്ചത്. ദലിത് ക്രിസ്ത്യാനികൾ പട്ടികജാതി ലിസ്റ്റിലുൾപ്പെടാൻ അർഹരാണെന്ന വാദത്തെ ക്രിസ്തുമതത്തിൽ ജാതി നിലനിൽക്കുന്നതിന്റെ തെളിവായാണ് അവരെടുത്തത്. ക്രിസ്ത്യാനികളിൽ ജാതിയുള്ളതുകൊണ്ട് ദലിത് ക്രൈസ്തവരെ പട്ടികജാതിയിലുൾപ്പെടുത്തണമെന്ന് അവർ വാദിക്കുന്നു. ഞങ്ങളിൽ ജാതിയില്ലാത്തതിനാൽ ദലിത് മുസ്​ലിം സംവരണത്തെക്കുറിച്ച് ഞങ്ങൾ പറയുന്നില്ല എന്ന നിലപാട് കൈക്കൊള്ളുകയായിരുന്നു പല മുസ്​ലിം നേതാക്കളും. ക്രിസ്ത്യാനികൾ മുൻകൈയെടുത്ത്​ നടത്തിയ സമരമായതിനാലാണ് മുസ്​ലിംകൾ പുറംതിരിഞ്ഞുനിന്നതെന്ന വാദത്തിന് പ്രക്തിയില്ല. വിമോചനസമരം മുതൽ ഒരുപാട് കാര്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവ പ്രമാണിമാരെ സഹായിച്ചവരാണല്ലോ മുസ്​ലിം നേതൃത്വം. പിന്നീട് സച്ചാർ പാനൽ റിപ്പോർട്ട് ചർച്ചാവിഷയമായപ്പോഴും പട്ടികജാതികളുടെ നിലവാരത്തിലുള്ള മുസ്​ലിം ഗ്രൂപ്പുകളെ പട്ടികജാതിയിലും മറ്റു പിന്നാക്കവിഭാഗങ്ങളുടെ നിലവാരത്തിലുള്ളവയെ ഒ ബി സിയിലും ഉൾപ്പെടുത്തണമെന്ന റിപ്പോർട്ടിലെ പരാമർശം മുസ്​ലിംകളുടെ ചെവിയിൽ കൊണ്ടില്ല.

മാപ്പിള, മുസ്​ലിം,​ കേരള മുസ്​ലിം

എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്? ഉത്തരം ലഭിക്കണമെങ്കിൽ ഇതിനുപിന്നിലെ ചരിത്രവും മനഃശാസ്ത്രവുമൊക്കെ അല്പം പഠിക്കേണ്ടിവരും. ഇന്ത്യയിൽ മുസ്​ലിംകളുടെ സാമൂഹികമായ ചലനങ്ങൾ അല്പമെങ്കിലും നിലനിൽക്കുന്നത് കേരളത്തിലാണല്ലോ. ഇതിന്റെ കാരണങ്ങൾ പലതാണ്. രാഷ്ട്രവിഭജനം മൂലം മുസ്​ലിം നേതൃത്വത്തിലുണ്ടായ ഒഴിച്ചുപോക്ക് കേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. കമ്യൂണിസ്റ്റുകൾക്ക് കേരളത്തിൽ ആദ്യം തന്നെ മേൽക്കൈ ലഭിച്ചിരുന്നതിനാൽ മുസ്​ലിംകൾ ഇവിടെ നിർഭയരായിരുന്നു. 1967-ൽ രാഷ്ട്രീയരംഗത്ത് മുസ്​ലിംലീഗിനുണ്ടായിരുന്ന അയിത്തം നീക്കിക്കൊടുത്തതും അധികാരരാഷ്ട്രീയത്തിന്റെ സോപാനത്തിലേക്ക് ലീഗിനെ നയിച്ചതും മാർക്‌സിസ്റ്റ് പാർട്ടിയായിരുന്നു. ഇതേ മാർക്‌സിസ്റ്റ് പാർട്ടി കുറേക്കാലം മേധാവിത്വം നിലനിർത്തിയ പശ്ചിമബംഗാളിൽ ഇങ്ങനെ സംഭവിക്കാതിരുന്നത് രാഷ്ട്രവിഭജനം സംസ്ഥാനത്തെ മുസ്​ലിം സമുദായത്തെ കാര്യമായി ബാധിച്ചതിനാലാണ്. ബംഗാളിനെ വെട്ടിമുറിച്ചാണല്ലോ കിഴക്കൻ പാക്കിസ്താൻ ഉണ്ടാക്കിയത്. ഗൾഫിലെ കുടിയേറ്റം കൊണ്ട് ജീവിതനിലവാരത്തിൽ ചെറിയതോതിലുണ്ടായ ഉയർച്ചയും കേരളത്തിലെ മുസ്​ലിം ചലനങ്ങളെ സജീവമാക്കി. ഈ ഉണർവുകളൊഴിച്ചുനിർത്തിയാൽ കേരളീയ മുസ്​ലിംകളിലെ ധൈഷണികത ശുഷ്‌കമായിരുന്നു.

കൊളോണിയൽ കാലഘട്ടം മുതൽ ഇവിടത്തെ മുസ്​ലിം സമുദായവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മതകീയമായ വീക്ഷണങ്ങളുടെ അതിപ്രസരം കാണാം. പലപ്പോഴും മതത്തിന്റെ തെറ്റായ സംവേദനം വഴി രൂപം കൊണ്ടവയായിരുന്നു അവ. മുസ്​ലിംലീഗിലാണെങ്കിൽ അഖിലേന്ത്യ തലത്തിൽനിന്ന് വ്യത്യസ്തമായി മതകീയതയുടെ അതിപ്രസരം 1930-കളിൽ തന്നെ പ്രകടമായിരുന്നു. മതകീയമായ ഒരു ഉൾപ്പിരിവായ വഹാബിസത്തിന്റെ സ്വാധീനം ലീഗിൽ ശക്തമായിരുന്നുവല്ലോ. കെ.എം സീതി സാഹിബിനെ പോലുള്ള പലരും ഒരേ സമയം വഹാബിപ്രസ്ഥാനത്തിന്റെയും ലീഗിന്റെയും നേതാക്കളായിരുന്നു. പിന്നീട് വഹാബിയിതര പരമ്പരാഗത മതനേതൃത്വത്തിന്റെ പ്രതിനിധികളായ ബാഫഖി തങ്ങൾ, പാണക്കാട് തങ്ങൾ കുടുംബങ്ങൾ കുടി ലീഗിലേക്കു വന്നപ്പോൾ മതാത്മകമായ വീക്ഷണങ്ങൾ അരക്കിട്ടുറപ്പിക്കുകയായിരുന്നു.

സി.എച്ച്. മുഹമ്മദ് കോയയെ ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ മുസ്​ലിം സമുദായത്തിന്റെ നേതൃത്വം അലങ്കരിച്ചവരിൽ മിക്കവർക്കും ഇന്ത്യൻ സാമൂഹ്യഘടനയെക്കുറിച്ച് വലിയ പിടിപാടൊന്നുമുണ്ടായിരുന്നില്ല. ഉപരിവർഗത്തിന്റേതായ താല്പര്യങ്ങളിൽനിന്ന് മുക്തരാവയവരാകട്ടെ മതവുമായി ബന്ധപ്പെടുത്തി മാത്രം ലോകത്തെ നോക്കിക്കാണുന്നവരായിരുന്നു. അത്തരക്കാർക്ക് ‘മുസ്​ലിം' അല്ലാത്ത മറ്റൊരു പേരിലും സമുദായം വ്യവഹരിക്കപ്പെടുന്നത് കാണാൻ ഇഷ്ടമല്ലായിരുന്നു. ഈ മനോഭാവമാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ‘മാപ്പിള' സംജ്ഞയുമായി ഏറ്റുമുട്ടിയത്. മുസ്​ലിം എന്നത് ഇസ്​ലാം മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉപയോഗിക്കുന്ന പൊതുസംജ്ഞയാണെന്നും മുസ്​ലിംകൾക്കിടയിൽ ദേശീയമായ വൈജാത്യങ്ങൾ സ്വാഭാവികമാണെന്നും സംവരണത്തിന്റെ അടിസ്ഥാനം മതമല്ലെന്നും ദേശീയവും സാമൂഹികവുമായ വൈജാത്യങ്ങളാണെന്നുമുള്ള കാര്യങ്ങൾ പല മുസ്​ലിം നേതാക്കൾക്കും അജ്ഞാതമായിരുന്നു. അതുകൊണ്ടു തന്നെ അനിസ്​ലാമികമെന്ന് വിധിയെഴുതി, മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ മാപ്പിള സംജ്ഞയെ അവർ തള്ളി.

മലബാറിലെ മുസ്​ലിംകളിൽ നിന്ന് തങ്ങൾ വ്യത്യസ്തരാണെന്ന ഒരു തരം കോംപ്ലക്‌സിലധിഷ്ഠിതമായ വിശ്വാസം പുലർത്തുന്ന തെക്കൻ കേരളത്തിലെ മുസ്​ലിംകളിലാരെങ്കിലും നൽകിയ മൊഴിയായിരിക്കാം മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ മാപ്പിള, മുസ്​ലിം എന്നിങ്ങനെ വെവ്വേറെ പദങ്ങൾ വരാൻ കാരണം. അതിനെക്കാൾ സാധ്യത മറ്റൊരു വഴിക്കാണ്; കാക്ക കലേൽക്കറുടെ നേതൃത്വത്തിൽ നിയമിതമായ ഒന്നാം പിന്നാക്കവർഗ കമീഷന്റെ പല നിഗമനങ്ങളും ബി.പി. മണ്ഡലിന്റെ നേതൃത്വത്തിലുള്ള രണ്ടാം പിന്നാക്കവർഗ കമ്മീഷന് വഴികാട്ടിയായിരുന്നുവല്ലോ. കാക്കാ കലേൽക്കർ കമീഷന്റെ കാലത്ത് കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നില്ല. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മലബാർ, മദിരാശി സംസ്ഥാനത്താവട്ടെ ഭാഷാപരമായ ദേശീയതയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട മുസ്​ലിംകൾ അധിവസിച്ചിരുന്നു. തമിഴ് സംസാരിക്കുന്ന ലബ്ബ മുസ്​ലിംകൾക്കും ഉർദു സംസാരിക്കുന്നവർക്കും തെലുങ്ക് സംസാരിക്കുന്നവർക്കും മറ്റും പുറമെയായിരുന്നു മലബാറിലെ മലയാളം സംസാരിക്കുന്ന മുസ്​ലിംകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു മനസ്സിലാക്കാൻ അവർക്ക് മാപ്പിള സംജ്ഞ ഉപയോഗിക്കുക സ്വാഭാവികമാണ്. എന്നാൽ തെക്കൻ കേരളത്തിലെ അവസ്ഥ അതായിരുന്നില്ല. ചെറിയൊരു ന്യൂനപക്ഷമായിരുന്നു അവിടെ മുസ്​ലിംകൾ. അതുകൊണ്ടു തന്നെ മറ്റുള്ള സമുദായങ്ങളിൽ നിന്നു വേർതിരിച്ചു മനസ്സിലാക്കാൻ മുസ്​ലിം എന്ന പദം തന്നെ ധാരാളമായിരുന്നു. തെക്കൻ കേരളത്തിലെ മുസ്​ലിംകൾ മാപ്പിളയെന്ന പേരിൽ വ്യഹരിക്കപ്പെടാത്തതിന് വേറെയും ചില കാരണങ്ങളുണ്ടാവാം. മാപ്പിളമാർ ഉത്പത്തിപരമായി മലയാളി മുസ്​ലിംകളാണ്. എന്നാൽ തെക്കൻ കേരളത്തിലെ മുസ്​ലിംകൾ ഇന്ന് ഏറെക്കുറെ ഏകശിലാത്കമാണെങ്കിലും ഉൽപത്തിപരമായി എല്ലാവരും മലയാളികളല്ല; തമിഴ് പാരമ്പര്യമുള്ളവരും തിരുവിതാംകൂറിലെ രാജാക്കന്മാർ സൈനികസേവനത്തിനും മറ്റുമായി കൊണ്ടുവന്ന ദഖ് നി മുസ്​ലിംകളുടെ പിൻഗാമികളുമെല്ലാം അടങ്ങിയതാണ് ഇന്നത്തെ തെക്കൻ കേരളത്തിലെ മുസ്​ലിം സമൂഹം. കാക്കാകലേൽക്കർ കമ്മീഷൻ വിവരിച്ച കേരളീയ മുസ്​ലിം സാമൂഹ്യഘടന മണ്ഡൽ കമീഷൻ പകർത്തുകയായിരുന്നു.

പട്ടികജാതികളിൽ നിന്ന് ഒരാൾ ഇസ്​ലാം സ്വീകരിച്ചാൽ തൊട്ടുടനെ അയാളുടെ സംവരണമടക്കമുള്ള പട്ടികജാതി ആനുകൂല്യങ്ങൾ നിഷേ ധിക്കുന്നതിനർത്ഥമില്ല. ഒരാൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കണോ വേണ്ടേയെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ആരെങ്കിലും മതം മാറിയാൽ പിറ്റേന്നുതന്നെ അയാൾ പി.എസ്​.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടണമെന്നില്ല. അതുകൊണ്ടുതന്നെ അയാൾക്ക് മുമ്പുണ്ടായിരുന്ന സംവരണവും മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്നത് അനീതിയാണ്.

#Graphics - Members of #Banjara Community Protested in #Shivamogga, #vijayanagara & #Shiggaon (CM's Village) against New #SC Reservation Policy of Karnataka Govt. One Swamiji attempted suicide by hanging during protest in Shiggaon,he was rescued by other Protestors.. pic.twitter.com/2hGMDHfxnq

പട്ടികജാതികളിൽനിന്ന് മതം മാറി മുസ്​ലിംകളായവർക്ക് പട്ടികജാതിക്കാരുടെ തന്നെ ആനുകൂല്യങ്ങൾ ലഭിക്കണം. ഇക്കാര്യത്തിൽ മുസ്​ലിം നേതൃത്വത്തിന്റെ നിലപാട് നിഷേധാത്മകമാണ്. ഇന്ത്യപോലുള്ള വിശാലമായ രാജ്യത്ത്, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സാമൂഹിക നിലവാരമുള്ള മുസ്​ലിംകൾ അർഹതയനുസരിച്ച് വ്യത്യസ്ത കാറ്റഗറികളിൽ പെട്ടാൽ ഇസ്​ലാമിക സാഹോദര്യവും സമുദായത്തിന്റെ കെട്ടുറപ്പും തകരുകയൊന്നുമില്ല.

കർണാടകയിൽ മുസ്​ലിംകൾക്ക് ലഭിച്ചിരുന്ന സംവരണം മുസ്​ലിം പേരിലായതും ഒരു പ്രശ്‌നമാണ്. മുസ്​ലിംകൾക്ക് അവസരം നിഷേധിക്കുക, അവരും മറ്റുള്ള ജനവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അവിടത്തെ തീരുമാനത്തിന് പിന്നിലെങ്കിലും അവർ പറയുന്ന ന്യായീകരണം അതല്ല. ഒരു മതത്തിൽ വിശ്വസിക്കുന്നവർക്ക് മൊത്തത്തിൽ സംവരണം നൽകുന്നതിന്റെ പ്രശ്‌നമാണ്. ഇവിടെ മതമല്ല, ഒരു സാമൂഹിക ചുറ്റുപാടിലുള്ള ജനനമാണ് പരിഗണിക്കപ്പെടുന്നത് എന്നത് മറ്റൊരു സത്യമാണ്. എങ്കിലും മുസ്​ലിംകൾക്കിടയിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ വിവിധ നിലവാരങ്ങളിലുള്ളവർ അധിവസിക്കുന്ന പ്രദേശങ്ങളിൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട് . കർണാടകയിലെ സംവരണ ലിസ്റ്റിൽ മുസ്​ലിം എന്നതിനുപകരം മുസ്​ലിം സമുദായത്തിനകത്തെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പേരുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉയരുമായിരുന്നില്ല.

ചുരുക്കത്തിൽ, മുസ്​ലിംങ്ങളെ പിന്നാക്ക പട്ടികയ്ക്ക് പുറത്താക്കിയ കർണാടക സർക്കാരിന്റെ നടപടി സംവരണത്തിൽ മതം ചേർക്കാനുള്ള തന്ത്രമാണ്. മതേതര രാഷ്ട്രമാണെങ്കിലും സംവരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലപ്പോഴും മതം കലർത്താൻ തൽപ്പരകക്ഷികൾ ശ്രമിച്ചിട്ടുണ്ട്. മതാത്മക വ്യാഖ്യാനങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് പട്ടികജാതി വിഭാഗത്തെയും ഏറ്റവും കുറവ് പട്ടിക വർഗ വിഭാഗത്തെയുമാണ്. പട്ടികവർഗം മതപരമായ പരികൽപ്പനകളിൽ ഏറെക്കുറെ മുക്തമാണെന്നുതന്നെ പറയാം. ലക്ഷദ്വീപ് നിവാസികൾ മുസ്​ലിംകളാണെങ്കിലും അവർ പട്ടികവർഗത്തിൽ ഉൾപ്പെടുന്നത് അതുകൊണ്ടാണ്.

പട്ടികവർഗങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെട്ട, വിദൂര ഗിരിപ്രദേശങ്ങളിലും മറ്റും ജീവിക്കുന്നവരുടെ കാര്യത്തിലുണ്ടായ ഈ കൃത്യത ഗ്രാമങ്ങളിൽ ജീവിക്കുന്ന പട്ടികജാതിക്കാരുടെ കാര്യത്തിലുണ്ടായില്ല. അവിടങ്ങളിൽ സാമൂഹ്യ മുഖ്യധാരയെ നിയന്ത്രിച്ചിരുന്നത് ചാതുർവർണ്യം അഥവാ ഹിന്ദു സാമൂഹ്യവ്യവസ്ഥ ആയിരുന്നുവെങ്കിലും ജനങ്ങളിൽ ഭൂരിപക്ഷം അതിനുപുറത്തായിരുന്നു. ഗ്രാമങ്ങളുടെ അതിർത്തിക്കുപുറത്ത് പ്രത്യേകമായാണ് അവർ പലപ്പോഴും വസിച്ചിരുന്നത്. രാജഭരണത്തിലൂടെയും പൗരോഹിത്യത്തിന്റെ ഇടപെടലിലൂടെയും മുഖ്യധാരാ ജീവിതത്തിൽ അധികാരം ചെലുത്തിയിരുന്നത് ചാതുർവർണ്യം തന്നെയായിരുന്നു. വിദൂര ഗിരി പ്രദേശങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗക്കാരിൽ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിൽ വസിച്ചവർ വർണാശ്രമികളുടെ അധികാരത്തിന് വിധേയമായിരുന്നുവെന്ന് സാരം. ഭരണാധികാരികൾ ചിലപ്പോൾ ശ്രേണീകൃതമായ ജീവിതത്തിൽ വർണ്ണാശ്രമികൾക്കു താഴെ ഇവരെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ യൊക്കെയാണെങ്കിലും സവർണരിൽ നിന്ന് അവർണ്ണരായ ഗ്രാമീണരുടെ ജീവിതം വ്യത്യസ്തമായിരുന്നുവെന്നുതന്നെ പറയാം. ബ്രാഹ്മണ കേന്ദ്രീകൃതമായ രാഷ്ട്രീയവ്യവസ്ഥയുടെ അധികാരത്തിന് അവർണർ വിധേയരായിരുന്നുവെങ്കിലും ചാതുർവർണ്യത്തിന് അവർ പുറത്തുതന്നെയായിരുന്നു. അവർണരുടെ മതപരയമായ ആചാരങ്ങൾ സ്വന്തം സമുദായത്തിലുള്ള മൂപ്പനെയോ മറ്റോ കേന്ദ്രീകരിച്ചാണ് നിലനിന്നിരുന്നത്. ബ്രാഹ്മണ പുരോഹിതന്റെ ആവശ്യം ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല. സജാതീയ വിവാഹങ്ങളായിരുന്നുവല്ലോ ഇന്ത്യയിൽ സമുദായങ്ങളുടെ അതിർവരമ്പുകൾ നിർണയിച്ചിരുന്നത്. മറ്റ് വർണങ്ങളിലുള്ള ബ്രാഹ്മണരുടെ സംബന്ധം വഴി ഇതിന് ഭാഗികമായ വ്യതിയാനം വരുത്താനും ബ്രാഹ്മണന്റെ ലൈംഗികപ്രവൃത്തി വഴി ഭാഗികമായെങ്കിലും ഒരൊറ്റ എൻഡോഗാമസ് ഗ്രൂപ്പായി സവർണരെ മാറ്റാനും ശ്രമിച്ചിരുന്നു. എന്നാൽ അവർണവിഭാഗങ്ങൾ ഇതിന് പുറത്തായിരുന്നു. ശുദ്രരുമായിട്ട് ബ്രാഹ്മണന് സംബന്ധം ഉണ്ടായിരുന്നുവെങ്കിലും അവർണരുമായി ഉണ്ടായിരുന്നില്ല. ഈ അവർണരിലെ നല്ലൊരു വിഭാഗമാണ് പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെട്ടത്. പട്ടികജാതിയിലെ
‘ജാതി'യാണ് ഇത്തരത്തിൽ മതാത്മകമായ നിർവചനത്തിന് വഴിയൊരുക്കിയത്.

ഹിന്ദുമതത്തിലെ ആന്തരികമായ പ്രതിഭാസമാണ് ജാതിയെന്ന സങ്കൽപ്പം മാറിയാൽ മാത്രമേ മതനിരപേക്ഷവും ശാസ്ത്രീയവുമായ നിലപാടുകൾ കൈക്കൊള്ളാനാവൂ. ദലിത് ക്രൈസ്തവർ ഇപ്പോഴും ഒരു പ്രശ്‌നമായി നിലനിൽക്കുന്നതിന്റെ കാരണം ഇതാണ്. ഇതേ രീതിയിൽ ദലിത് മുസ്​ലിം പ്രശ്‌നവുമുണ്ട്. ഉത്തരേന്ത്യയിൽ അർസൽ (arzal) എന്നറിയപ്പെടുന്ന ഈ വിഭാഗം മുസ്​ലിംകളുടെ ജീവിതനിലവാരം പൊതുസമൂഹത്തിലെ പട്ടികജാതിക്കാരുടേതിനുതുല്യമാണ്. പൊതുവിൽ പട്ടികജാതിക്കാർക്ക് ഇതുവരെയായി പട്ടികജാതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ അവരുടെ ജീവിതനിലവാരം അൽപ്പമെങ്കിലും ഉയർന്നിട്ടുണ്ട്. എന്നാൽ മുസ്​ലിം അർസലുകൾക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ അവരുടെ നില ഇന്നും പരിതാപകരമാണ്. അവർക്ക് പട്ടികജാതി ലിസ്റ്റിൽ പ്രവേശനം നൽകാതിരിക്കുന്നത് രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതരത്വം എന്ന ആശയത്തിനുതന്നെ കളങ്കമാണ്.

1950ലെ പ്രസിഡൻഷ്യൽ ഓർഡർ എന്നറിയപ്പെടുന്ന ഭരണഘടനാ (പട്ടികജാതി) ഓർഡർ പട്ടികജാതി സ്ഥാനത്തിന് ഹിന്ദുവല്ലാത്ത മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരെ അനർഹരാക്കുകയാണുണ്ടായത്. അത്തരക്കാർക്ക് ഒ ബി സി (മറ്റുപിന്നാക്ക വിഭാഗങ്ങൾ) സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത് കടുത്ത അനീതിയാണ്. ഇത്തരത്തിൽ പട്ടികജാതി സ്ഥാനം ലഭിക്കേണ്ടവർക്ക് ഒ ബി സി സ്ഥാനമാണ് ലഭിച്ചതെന്നതിനാൽ തന്നെ മുസ്​ലിംകളായ ഒ ബി സികൾ വളരെയധികം വ്യത്യാസം പുലർത്തുന്ന രണ്ടുവിഭാഗം ആൾക്കാരുടെ സമുച്ചയമാണ്. പൊതുസമൂഹത്തിലെ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യരായവരാണ്, ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗമാവട്ടെ അവരേക്കാൾ വളരെ താഴ്ന്ന ജീവിതനിലവാരമുള്ള അർസലുകളാണ്. ഇവർക്ക് ഒന്നാമത്തെ വിഭാഗവുമായി മത്സരിച്ച്​ ഒ ബി സി ആനുകൂല്യങ്ങൾ നേടിയെടുക്കാനാവില്ല. ജാതിയെന്ന പദത്തിന് ഇന്ന് കൈവന്നിട്ടുള്ള അർത്ഥവിപര്യയമാണ് ഇതിന്റെ കാരണം.

പട്ടികവർഗത്തിനും പട്ടികജാതിക്കും ഇടയിലാണ് ഒ ബി സിയുടെ പ്രശ്‌നം. പട്ടികവർഗത്തെപ്പോലെ പൂർണമായും മതനിരപേക്ഷമായോ പട്ടികജാതി യെപ്പോലെ മതാധിഷ്ഠിതമായോ അല്ല ഒ ബി സിയെ നിർവചിക്കുന്നത്. രണ്ടിനുമിടയിലായാണ്. ഇന്ത്യൻ ഭരണഘടനയുടെ വിവിധ ഖണ്ഡികകളിൽ പിന്നാക്കജാതികൾ എന്നതിനുപകരം പിന്നാക്കവർഗങ്ങൾ (Backwards Classes) എന്നാണുപയോഗിക്കുന്നത്. ഇത് ഒരുപാട് ആശയക്കുഴപ്പങ്ങൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കുന്നതിന് നിയമിതമായ രണ്ട് കമ്മീഷനുകളും - കാക്കാ കൽക്കർ കമ്മീഷനും മണ്ഡൽ കമ്മീഷനും - ജാതിയാണ് പിന്നാക്കാവസ്ഥയുടെ അടിസ്ഥാനമായി എടുത്തത്. വെങ്കട്ടരമണ Vs മദിരാശി സർക്കാർ കേസിൽ മദിരാശി സർക്കാറിന്റെ പിന്നാക്ക ജാതിലിസ്റ്റ് സുപ്രിംകോടതി അംഗീകരി ക്കുകയാണുണ്ടായത്. രാമകൃഷ്ണസിംഗ് Vs മൈസൂർ സർക്കാർ കേസ്സിൽ മൈസൂർ ഹൈക്കോടതിയുടെ തീരുമാനവും ഇതുതന്നെയായിരുന്നു. ചിത്രലേഖ Vs മൈസൂർ സ്റ്റേറ്റ് കേസിലും ഏറെക്കുറെ ഇതുതന്നെയായിരുന്നു അവസ്ഥ. 1986ൽ പി രാജേന്ദ്രൻ Vs മദ്രാസ് സ്റ്റേറ്റ് കേസിലും പിന്നാക്കാവസ്ഥയുടെ ജാതി അടിസ്ഥാനം സ്ഥിരീകരിക്കപ്പെട്ടു. യു.എസ്. വി. ബലറാം Vs ആന്ധ്രപ്രദേശ് സർക്കാർ കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് പിന്നാക്കാവസ്ഥ നിർണയിക്കുന്നതിനുള്ള അടിസ്ഥാനമായി ‘ജാതി'യെ സുപ്രീംകോടതി അംഗീകരിച്ചത്. മണ്ഡൽ കമീഷൻ വിവാദവുമായി ബന്ധപ്പെട്ട ഇന്ദിരാ സാഹ്നി Vs ഭാരത സർക്കാർ കേസിൽ ഒമ്പതംഗ ബഞ്ച് പിന്നാക്കാവസ്ഥ നിർണയിക്കുന്നതിൽ സാമ്പത്തിക മാനദണ്ഡം തള്ളിയതോടുകൂടി ഭരണഘടനയിലെ പിന്നാക്കവർഗ്ഗം (Backward Class) എന്ന പദത്തിന് പിന്നാക്ക ജാതി (Backward caste) എന്ന വ്യാഖ്യാനം സാർവത്രികമായി. ഇതോടുകൂടി ഒരു കടമ്പ കടന്നുവെന്നുപറയാം.

പക്ഷേ അതോടുകൂടി മറ്റൊന്ന് പിറവിയെടുക്കുകയായിരുന്നു. പിന്നാക്ക ജാതികളെക്കുറിച്ചുള്ള ധാരണ ഊട്ടിയുറപ്പിക്കപ്പെട്ടതോടു കൂടി അഹിന്ദു സമുദായങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഭാവിയെക്കുറിച്ച് ഒരുപാട് ആശങ്കകൾ ഉയരാൻ തുടങ്ങി. കാരണം, ജാതിയെന്നത് ഹിന്ദു സമൂഹത്തിന്റെ ആന്തരിക പ്രതിഭാസമായാണല്ലോ അറിയപ്പെട്ടിരുന്നത്. പക്ഷേ, മുസ്​ലിംകൾക്കിടയിൽ സാമുഹികമായി വ്യത്യസ്ത നിലവാരത്തിലുള്ള ഗ്രൂപ്പുകളെ കണ്ടെത്തിയിരുന്നതിനാൽ പിന്നാക്കവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾക്ക് അർഹരായവർ മുസ്​ലിം സമുദായത്തിലുണ്ട് എന്ന കാഴ്ചപ്പാട് എതിർക്കപ്പെട്ടില്ല. വ്യത്യസ്ത കമ്മീഷനുകളുടെ നിലപാടും ഇതു തന്നെയായിരുന്നു.

കർണാടകയിലേത് കലാപരാഷ്ട്രീയം രാഷ്ട്രീയത്തിലേക്കുകൂടി വലിച്ചനീട്ടാനുള്ള തികച്ചും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള തീരുമാനമായിരുന്നുവെങ്കിലും അത് രൂപപ്പെടുത്തിയിരിക്കുന്നത് നാളിതുവരെയായി ഈ രംഗത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളിൽ നിന്ന് മുതലെടുക്കുന്ന രീതിയാണ്. അത്തരം ആശയക്കുഴപ്പങ്ങൾ ദൂരീകരിച്ചുകൊണ്ട് ഈ രംഗത്ത് വ്യക്തതയുണ്ടാക്കുകയാണ് കലാപ രാഷ്ട്രീയത്തെ എതിർക്കുന്നവരുടെ കടമ.


Summary: സംഘപരിവാറിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളോട് ദലിത് ക്രിസ്ത്യൻ സംവരണവാദം മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ സംഘപരിവാറിന്റെ പ്രധാനപ്പെട്ട ഇരകളിലൊന്നായ മുസ്​ലിംകൾ നിലകൊണ്ടതെവിടെയാണെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ദലിത് ക്രിസ്ത്യൻ സംവരണ വാദത്തെ പരിഹസിച്ച്​സംഘപരിവാറിന്റെ കരങ്ങൾക്ക് ശക്തിപകരാനാണ് അവർ ശ്രമിച്ചത്. ഹിന്ദുമതത്തിലെ ആന്തരികമായ പ്രതിഭാസമാണ് ജാതിയെന്ന സങ്കൽപ്പം മാറിയാൽ മാത്രമേ, സംവരണക്കാര്യത്തിൽ മതനിരപേക്ഷവും ശാസ്ത്രീയവുമായ നിലപാടുകൾ കൈക്കൊള്ളാനാവൂ.


Comments