കേരളം എത്രത്തോളം ആധുനികമാണ്​?

പാശ്ചാത്യ ആധുനികതയുടെ അടിസ്ഥാനമായ ശാസ്ത്രീയത, യുക്തി, വസ്തുനിഷ്ഠത, മനുഷ്യകേന്ദ്രിതത്വം, നീതിന്യായം, സാങ്കേതികത എന്നിങ്ങനെയുള്ള അടിസ്ഥാന ഘടകങ്ങളിൽ, ഒരു ഘടകവും സമൂലമായി ഉൾക്കൊള്ളാൻ കേരളജനതക്ക് കഴിഞ്ഞിട്ടില്ല. ആധുനിക കേരളത്തിലെ ജാതി വിനിമയങ്ങളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു

ധുനിക കേരളം എന്ന പ്രയോഗത്തിന് കേരളം ആധുനികമാണെന്നാണ് വിവക്ഷ. കേരളം ആധുനികമാണ് എന്ന വിശ്വാസംകൊണ്ട് കേരളം ആധുനികമാണോ എന്ന് ആരും ചോദിക്കാറില്ല. നമുക്കിവിടെ ഈ പ്രയോഗത്തിലെ വിശേഷണമായ ആധുനികത്തെ ചർച്ചചെയ്തറിയേണ്ടതുണ്ട്.

കേരളസന്ദർഭത്തിൽ ആധുനികതയായി നാം മനസിലാക്കുന്നത് കൊളോണിയൽ ആധുനികത സൃഷ്ടിച്ച സാമൂഹിക മനോഭാവ പരിസ്ഥിതിയെയാണ്. വിമർശനാത്മകമായി നോക്കിയാൽ കൊളോണിയൽ ആധുനികത മായ്ച്ചുകളഞ്ഞ തദ്ദേശീയമായ ഒരു ബദൽ ആധുനികത കേരളത്തിൽ രൂപംകൊണ്ടിരുന്നുവെന്നു കാണാം. പാശ്ചാത്യ ആധുനികതയ്ക്കുപകരമായി കേരളം രൂപംനൽകിയ ബദൽ ആധുനികതാമാതൃകയാണ് ശ്രീനാരായണഗുരു മുന്നോട്ടുവച്ച കേരളാധുനികതയായി ഈ പഠനം നോക്കിക്കാണുന്നത്.

കേരളം ആധുനികമായി എന്ന വിശ്വാസം കൊളോണിയൽ ആധുനികതാമനസിന്റെ സൃഷ്ടിയാണ്. കേരളം ആധുനികമാണോ എന്ന് അന്വേഷിച്ചാൽ പാരമ്പര്യവിച്​ഛേദം നടക്കാത്ത യുക്തിനിഷ്​ഠമല്ലാത്ത അവസ്ഥയെ ആധുനികമെന്ന് നാം വിശ്വസിക്കുകയാണ്.

ആധുനികം, ആധുനികത എന്ന പദസൃഷ്ടി മലയാളത്തിനാവശ്യമായത് പാശ്ചാത്യപഠനമുറ സ്വീകരിച്ചതുകൊണ്ടാണ്. ഇംഗ്ലീഷ് പരിചയം പുതുപദങ്ങളുടെ ആവശ്യം സൃഷ്ടിച്ചു. ഒരുപദത്തിനൊപ്പം അതിന്റെ സങ്കല്പലോകവും കടന്നെത്തുക സ്വാഭാവികമാണ്. ഭാഷാപ്രകൃതമനുസരിച്ച്​ തത്ഭവങ്ങളായോ തത്സമങ്ങളായോ വിവർത്തിതപദമായിട്ടോ ലക്ഷ്യഭാഷ ആവശ്യം നിറവേറ്റും. മോഡേൺ, മോഡേണിറ്റി (ആധുനികത), മോഡേണിസം (നവീനത, ആധുനിക ചിന്താധാര, ആധുനികത, പാരമ്പര്യവിരുദ്ധത) മോഡേണൈസ് (നവീകരിക്കുക, ആധുനികവത്കരിക്കുക), മോഡേണൈസേഷൻ (ആധുനീകരണം/ആധുനികീകരണം, നവീകരണം) എന്നീ ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലും സമാനാർഥത്തിൽ പ്രയോഗിച്ചുവരുന്നു. മോഡേൺ എന്ന ഇംഗ്ലീഷ് പദത്തിന് പാരമ്പര്യവിരുദ്ധത, പുതുമ, നവീനത്വം, ആധുനികത്വം എന്നിങ്ങനെയുള്ള അർത്ഥവിവക്ഷകളുണ്ട്. ചുരുക്കത്തിൽ ‘ആധുനികത' പാരമ്പര്യവിരുദ്ധതയെയും നവീനത്വത്തെയും സൂചിപ്പിക്കുന്നുവെന്നുറപ്പിക്കാം. ആധുനികത ഒരു പരിഭാഷാ പദമായതുകൊണ്ട്​ പാശ്ചാത്യ സന്ദർഭവുമായി ബന്ധപ്പെടുത്തി മനസിലാക്കുന്നതാവും ഉചിതം.

'ആധുനികം, ആധുനികത എന്ന പദസൃഷ്ടി മലയാളത്തിനാവശ്യമായത് പാശ്ചാത്യപഠനമുറ സ്വീകരിച്ചതുകൊണ്ടാണ്. ഒരുപദത്തിനൊപ്പം അതിന്റെ സങ്കല്പലോകവും കടന്നെത്തുക സ്വാഭാവികമാണ്.'

പാശ്ചാത്യർക്കിടയിൽ ആധുനികത വ്യത്യസ്ത സന്ദർഭങ്ങളിൽ ഭിന്നവിവക്ഷകളോടെ പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വ്യാപകമായി അംഗീകാരം നേടിയത് ജ്ഞാനോദയവുമായി ബന്ധപ്പെട്ടാണ്. ആധുനികതയെ യുക്തിയുടെ കാലം എന്നു വിശേഷിപ്പിക്കാറുണ്ട്. യാഥാർഥ്യങ്ങളെ ശാസ്ത്രീയവും യുക്തിനിഷ്ഠവുമായി അന്വേഷിച്ചറിയാം എന്ന സാധ്യതയാണ് ആധുനികതയെ നിശ്ചയിച്ചത്. മനുഷ്യരുടെ അതിജീവനം ശാസ്ത്രീയമായി നിർണയിക്കാനാവുമെന്ന പ്രതീക്ഷയാണ് ശാസ്ത്രയുക്തി പരത്തിയത്. അതനുസരിച്ചുള്ള സമൂഹനിർമാണ പ്രവർത്തനങ്ങളാണ് പാശ്ചാത്യലോകം രൂപപ്പെടുത്തിയത്. പഴയലോകത്തെ പുതുക്കിപ്പണിയാനുതകുന്ന, ശാസ്ത്രവും യുക്തിയും നിറച്ച ജ്ഞാനസമ്പത്ത് കൈമുതലായി വികസിപ്പിച്ചുകൊണ്ടുള്ള ഭൗതികവികസനം സാധ്യമാക്കാൻ പാശ്ചാത്യലോകത്തിന് കഴിഞ്ഞു. ജ്ഞാനവിപ്ലവമായിട്ടും ശാസ്ത്രവിപ്ലവമായിട്ടും വ്യാവസായിക വിപ്ലവമായിട്ടും സാങ്കേതികതയിലെ കുതിച്ചുച്ചാട്ടമായിട്ടുമൊക്കെ ആധുനികതയെ സൂക്ഷ്മമായി വിശേഷിപ്പിക്കാറുണ്ട്. മതം അധീശത്വം നേടിയിരുന്ന ലോകവീക്ഷണത്തിന് ബദലായി യുക്ത്യധിഷ്ഠിതമായ ശാസ്ത്രബോധം പേറുന്ന ലോകവീക്ഷണം പാശ്ചാത്യർക്കിടയിൽ രൂപംകൊണ്ടതോടെ, അന്നുവരെയുള്ള ചരിത്രത്തിന്റെ വിച്ഛേദം യുക്ത്യാധിഷ്ഠിതമായി അടയാളപ്പെടുത്തിയെന്നതിൽ സംശയമില്ല. എങ്കിലും, പൂർണമായും ബൈബിൾ പ്രമാണികതയിൽനിന്നും വിമോചിതമായിരുന്നു പാശ്ചാത്യ ശാസ്ത്രബോധം എന്ന് സൂക്ഷ്മാർഥത്തിൽ നിശ്ചയിക്കാനും ആവില്ല.

ബൈബിൾ ചിന്തയുടെ സ്വാധീനവും അധിനിവേശത്തെ ന്യായീകരിക്കാനുണ്ടായിരുന്നുവെങ്കിലും പ്രധാനലക്ഷ്യം മതപ്രചാരണവും വാണിജ്യവും തന്നെയായിരുന്നു. പാശ്ചാത്യ ആധുനികത മനുഷ്യരെ ഏക ജീവിഗണമായിട്ട് ഉൾക്കൊണ്ടിരുന്നുവെന്ന്​ വാദിച്ചുറപ്പിക്കുന്നതിൽ അപകടമുണ്ട്.

ഇന്ത്യയെ അപേക്ഷിച്ച് സാമൂഹിക വൈവിധ്യ സങ്കീർണത കുറവായിരുന്ന യൂറോപ്പിന് നവമായി ആർജിക്കാനായ ലോകബോധത്തിൽ ജീവിതനിലവാരം പുരോഗമിപ്പിക്കുന്ന കർമപദ്ധതികൾ ആവിഷ്‌കരിക്കാനെളുപ്പമായിരുന്നു. മനുഷ്യരുടെ ഭൗതികമായ നിലനിൽപ്പിലൂന്നിക്കൊണ്ടുള്ള ശാസ്ത്രീയതയ്ക്കാണ് പ്രാധാന്യം കൊടുത്തത്. ഇന്ത്യൻ ദർശനത്തിലെപോലെ മോക്ഷപദ്ധതികൾക്കല്ല. ഭൗതികവികസനം സാധ്യമായതോടൊപ്പം കല, സാഹിത്യം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴ്ന്നിറങ്ങിയിരുന്ന മതാടിസ്ഥാനത്തിൽനിന്നും കുതറിമാറാനും ശാസ്ത്രാവബോധത്തോടെയുള്ള ജീവിതക്രമം രൂപപ്പെടുത്താനും ആധുനിക ശാസ്ത്രവീക്ഷണം സഹായിച്ചു. മനുഷ്യർ പ്രകൃതിക്കുമേൽ അധികാരം സ്ഥാപിച്ച് അതിജീവനം സാധ്യമാക്കുക എന്ന വീക്ഷണവും ശക്തിപ്പെട്ടു. അതായത്, ലോകത്തെ മനുഷ്യകേന്ദ്രിതമാക്കി മാറ്റി. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമായി. യൂറോപ്പിൽ ജ്ഞാനോദയത്തിനുശേഷം രൂപംകൊണ്ട ശാസ്ത്രസാങ്കേതികമുന്നേറ്റം സാധ്യമാക്കിയ ഭൗതികജീവിതം പ്രദാനംചെയ്ത സാമൂഹികപരിസ്ഥിതിയാണ് ആധുനികതയുടെ പ്രധാന ആകർഷണം.

ചുരുക്കത്തിൽ, പാശ്ചാത്യലോകത്ത് സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ- സാങ്കേതിക മുന്നേറ്റത്തിനു കാരണമാകാൻ ആധുനികതയ്ക്കുകഴിഞ്ഞു. ജ്ഞാനവിപ്ലവത്തോടെ വ്യക്തിസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കപ്പെട്ടു. ആധുനിക സമൂഹസൃഷ്ടി സാധ്യമായതോടെ പുതിയ ദേശരാഷ്ട്ര ഭരണസങ്കൽപവും ദേശീയത എന്ന മനോഭാവവും ദേശീയ മനുഷ്യൻ എന്ന ചിന്തയും പ്രാവർത്തികമായി. മതാധീശത്വലോകം മാനവകേന്ദ്രിതമായി മാറിയതോടെ മനുഷ്യരുമായി ബന്ധപ്പെട്ട വ്യക്തി, മനസ്​, ശരീരം, സമൂഹം, ഭാഷ, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയെല്ലാ സംവർഗങ്ങളും നവമായ വ്യവഹാരലോകം സൃഷ്ടിച്ചു. മനുഷ്യർക്ക് പ്രകൃതിയെ നവീകരിച്ച് അതിജീവനം സാധ്യമാക്കാമെന്ന പ്രായോഗിക തത്വശാസ്ത്രം അംഗീകരിക്കപ്പെട്ടു. യൂറോപ്പുകാരുടെ ഭൗതികജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള അധികവിഭവ സമാഹരണത്തിന്​ അധിനിവേശത്തെ ഉപകരണമാക്കി. ബൈബിൾ ചിന്തയുടെ സ്വാധീനവും അധിനിവേശത്തെ ന്യായീകരിക്കാനുണ്ടായിരുന്നുവെങ്കിലും പ്രധാനലക്ഷ്യം മതപ്രചാരണവും വാണിജ്യവും തന്നെയായിരുന്നു. പാശ്ചാത്യ ആധുനികത മനുഷ്യരെ ഏക ജീവിഗണമായിട്ട് ഉൾക്കൊണ്ടിരുന്നുവെന്ന്​ വാദിച്ചുറപ്പിക്കുന്നതിൽ അപകടമുണ്ട്.

'മതം അധീശത്വം നേടിയിരുന്ന ലോകവീക്ഷണത്തിന് ബദലായി യുക്ത്യധിഷ്ഠിതമായ ശാസ്ത്രബോധം പേറുന്ന ലോകവീക്ഷണം പാശ്ചാത്യർക്കിടയിൽ രൂപംകൊണ്ടതോടെ, അന്നുവരെയുള്ള ചരിത്രത്തിന്റെ വിച്ഛേദം യുക്ത്യാധിഷ്ഠിതമായി അടയാളപ്പെടുത്തിയെന്നതിൽ സംശയമില്ല.' / Illustration: The Flammarion engraving, Wikimedia Commons

ഇന്ത്യയിലേതുപോലെ വർണവ്യവസ്ഥ രൂപീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും കറുത്തവരോടും അന്യദേശക്കാരോടും വംശീയമായ ഭിന്നത നിലനിർത്തി സവർണ വംശീയതയുടെ അടിസ്ഥാനത്തിലാണ് മനുഷ്യസങ്കൽപം രൂപീകരിച്ചിരുന്നത്. സ്വരാഷ്രസങ്കല്പത്തിൽ ഭിന്നതയോടെയുള്ള രാഷ്ട്രപൗരത്വം എന്ന സങ്കൽപം രാഷ്ട്രീയമായി ഉൾക്കൊണ്ടിരുന്നുവെന്നുമാത്രം. മാനവസമത്വം, മതേതരത്വം എന്നിങ്ങനെ മലയാളത്തിൽ പ്രചരിക്കുന്ന മഹത് അർഥമൊന്നും യൂറോപ്യൻ ആധുനികത മുന്നോട്ടുവച്ച മനുഷ്യസങ്കല്പത്തിനില്ല.
ക്രിസ്തുമത വിശ്വാസികളായ യൂറോപ്യന്മാർ, സവിശേഷമായി ബ്രിട്ടീഷുകാർ മാത്രമാണ് മനുഷ്യർ. യൂറോപ്പിലെ ഇതരഭാഷക്കാർ മതപരമായ ഏകത നിലനിർത്തുന്നതുകൊണ്ട്​ അവരും യുറോപ്യൻ വംശീയത പങ്കിടുന്ന മനുഷ്യഗണത്തിൽപെട്ടു. യൂറോപ്യൻ വംശീയത അവകാശപ്പെടാനില്ലാത്തവരൊക്കെ അന്യരാണ്. മനുഷ്യരാക്കേണ്ടവരാണ് അക്കൂട്ടരൊക്കെ, ആ ഉത്തരവാദിത്വം ഏറ്റെടുത്ത്​ നടപ്പാക്കേണ്ടവരാണ് ബ്രിട്ടിഷുകാർ. അതായിരുന്നു അധിനിവേശ ആധുനികീകരണ പ്രക്രിയയുടെ കൊളോണിയൽ ന്യായീകരണം. ഇന്ത്യയും ആഫ്രിക്കയുമൊക്കെ അപരിഷ്‌കൃത മനുഷ്യർ മാത്രമുള്ള ഇടങ്ങളായാണ് അധിനിവേശക്കാർ കണ്ടത്. അധിനിവേശാനന്തര പഠനങ്ങളുടെ ഉള്ളൊഴുക്ക് ഈ പരിഷ്‌കരണയുക്തി വെളിവാക്കുന്നുണ്ട്.

കൊളോണിയൽ ആധുനികതയും കേരളവും

മലയാള ധൈഷണിക സന്ദർഭത്തിൽ നല്ല പ്രചാരം നേടിയ പദമാണ് ‘കൊളോണിയൽ ആധുനികത'. അധിനിവേശിത സമൂഹങ്ങളെ പാശ്ചാത്യസംസ്‌കാരമൂല്യങ്ങളിലേക്കു മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും അനുകൂലമായി സജ്ജരാക്കാൻ ലക്ഷ്യംവെച്ച് നടപ്പാക്കിയ പാശ്ചാത്യവത്കരണ പദ്ധതിയാണിത്. ആധുനികീകരണ പദ്ധതി (മോഡേണൈസേഷൻ പ്രൊജക്റ്റ് ) എന്നൊക്കെ അറിയപ്പെടുന്ന ഈ പദ്ധതി കേരളസമൂഹത്തിൽ വരുത്തിയ ഘടനാപരവും ധൈഷണികവുമായ മാറ്റത്തെയാണ് കൊളോണിയൽ ആധുനികതയായി നാം തിരിച്ചറിയുന്നത്. വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്ട്രീയവും ധൈഷണികവുമായ പദ്ധതികളായിട്ടാണ് ഇതിവിടെ നടപ്പായത്. നിലവിലെ സമൂഹത്തെ പുതുക്കിപണിതുവെന്നതാണ് ഇതിന്റെ പ്രയോജനമായി കണക്കാക്കുന്നത്. ആധുനിക പാശ്ചാത്യനാഗരികതക്ക് അടിത്തറയായ ആശയാവലികളും ധൈഷണികവും സാംസ്‌കാരികവും ജ്ഞാനപരവുമായ വ്യവഹാരങ്ങളും അധിനിവേശിത സമൂഹങ്ങളിൽ വ്യാപിപ്പിക്കാൻ ലക്ഷ്യംവെച്ച് നടപ്പാക്കിയ പദ്ധതികളാണ് കൊളോണിയൽ ആധുനികത. വിവിധ പദ്ധതികളിലൂടെ കൊളോണിയൽ അധികാരത്തിന്റെ രാഷ്ട്രീയ അധീശത്വത്തോടൊപ്പം അധിനിവേശിത ജനമനസ്സുകളെയും അധിനിവേശിത സമൂഹങ്ങളുടെ സംസ്‌കാരങ്ങളെയും കോളണിവത്കരിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ പൂർത്തീകരിക്കപ്പെട്ടു.അധിനിവേശിത ജനതയുടെമേൽ ഭൗതികവും മാനസികവുമായും നേടിയ കൊളോണിയൽ മേൽക്കോയ്മ അധിനിവേശാനന്തര സമൂഹങ്ങളെ സംബന്ധിച്ച് തൂത്തെറിയാൻ കഴിയാത്ത ഭാരമായി അധിനിവേശാനന്തര പഠനങ്ങൾ ഇന്ന് വിലയിരുത്തുന്നുണ്ട്.

ക്രിസ്തുമതം സ്വീകരിച്ചതുവഴി ഘടനയിൽ നിന്നുള്ള വിമോചനം ഉറപ്പുവന്നതിന് തെളിവാണ് മേൽമുണ്ടുകലാപവും അതേത്തുടർന്നുള്ള ബ്രിട്ടീഷ് ഇടപെടലുകളും. ജാതിവർജനം ഇതുവഴിയില്ലാതായോ എന്നുചോദിച്ചാൽ, പൊയ്കയിൽ യോഹന്നാന്റെ നിരീക്ഷണമാണ് മറുപടി. ക്രൈസ്തവവത്കരണത്തിലൂടെ ജാതിയുടെ സാമൂഹികപദവിയിൽ മാറ്റം വന്നില്ല എന്നാണ് അദ്ദേഹം തെളിയിച്ചത്.

കൊളോണിയലിസം ഇവിടെയുണ്ടാക്കിയ മാറ്റത്തെയാണ് ആധുനികതയെന്നും നവോത്ഥാനമെന്നും ഘോഷിക്കുന്നത്. വൈദേശികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷമായും ഫ്യൂഡലിസത്തിൽ നിന്നുള്ള വിമോചനമായും സാമൂഹികനവോത്ഥാനമായും സാഹിത്യപ്രസ്ഥാനമായുമൊക്കെയാണ് ആധുനികതയെ കേരളം വിലയിരുത്തിക്കാണുന്നത്. കൊളോണിയൽ ആധുനികതയായി കൊണ്ടാടുന്ന പ്രക്രിയ കേരളത്തെ സംബന്ധിച്ച്​ എങ്ങനെയാണ് പ്രവർത്തിച്ചത് എന്നാലോചിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം, ശ്രീനാരായണഗുരു വിഭാവനം ചെയ്ത കേരളാധുനികത എങ്ങനെയാണ് ബദലാധുനികതയായി മാറുന്നതെന്നും അറിയേണ്ടതുണ്ട്.
യൂറോപ്യൻ അധിനിവേശത്തിന്​, കേരളത്തിൽ പ്രധാനമായി രണ്ടുലക്ഷ്യങ്ങളാണ് തുടക്കത്തിലുണ്ടായിരുന്നത്. പ്രകൃതിവിഭവങ്ങളുടെ സമാഹരണവും ക്രിസ്തു മതരാജ്യവിപുലനവും. വാണിജ്യബന്ധങ്ങളിലൂടെയും മിഷണറി പ്രവർത്തനങ്ങളിലൂടെയുമായിരുന്നു തുടക്കമെങ്കിലും ഭരണനിയന്ത്രണത്തിലേക്കതു വളർന്നു.

പൊയ്കയിൽ യോഹന്നാൻ / Illustration: Neelamculture, Twitter

എന്താണ് കൊളോണിയൽ ആധുനികത ലക്ഷ്യംവെച്ചതെന്ന് ആലോചിക്കുമ്പോൾ, ക്രൈസ്തവവത്കരണം ആയിരുന്നു പ്രമുഖമായ നയം എന്നു വ്യക്തമാകും. കഴിയുന്നത്രത്തോളം ക്രിസ്തുമത വിശ്വാസികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള മിഷണറി ശ്രമങ്ങൾ വിവിധതരത്തിൽ കേരള സമൂഹത്തെ സ്വാധീനിച്ചു. കേരളസമൂഹത്തിൽ അക്കാലത്തു നിലനിന്ന സാമൂഹികമായ ദുരവസ്ഥയെ എവ്വിധം പ്രയോജനപ്പെടുത്താം എന്ന ചിന്തയ്ക്കാണ് മുൻതൂക്കം ലഭിച്ചത്. സാമൂഹികമായ വിവേചനത്തിൽ നിന്നുള്ള മതപരമായ രക്ഷാസങ്കേതമെന്ന പ്രതീതി സൃഷ്ടിച്ചു. സാമൂഹികമായി പിന്നാക്കം നിൽക്കേണ്ടിവന്നവർക്ക് സുരക്ഷാകവചമായി മാറി ക്രിസ്തുമതം സ്വീകരിക്കൽ. ക്രിസ്തുമതം സ്വീകരിച്ചതുവഴി ഘടനയിൽ നിന്നുള്ള വിമോചനം ഉറപ്പുവന്നതിന് തെളിവാണ് മേൽമുണ്ടുകലാപവും (ചാന്നാർ ലഹള) അതേത്തുടർന്നുള്ള ബ്രിട്ടീഷ് ഇടപെടലുകളും.

ക്രൈസ്തവവത്കരണം എന്ന കൊളോണിയൽ അജണ്ട പരാജയപ്പെടുകയും ക്രൈസ്തവവിരുദ്ധ ഹൈന്ദവവത്കരണം അവർണർക്കിടയിൽ ഉർജിതമാവുകയും ചെയ്തുവെന്നതാണ് കൊളോണിയൽ ആധുനികതയുടെ കേരള മതപാഠം.

ജാതിവർജനം ഇതുവഴിയില്ലാതായോ എന്നുചോദിച്ചാൽ, പൊയ്കയിൽ യോഹന്നാന്റെ നിരീക്ഷണമാണ് മറുപടി. ക്രൈസ്തവവത്കരണത്തിലൂടെ ജാതിയുടെ സാമൂഹികപദവിയിൽ മാറ്റം വന്നില്ല എന്നാണ് അദ്ദേഹം തെളിയിച്ചത്. സവർണവിഭാഗത്തിലുള്ളവർക്ക്​ സാമൂഹികപദവിയിലും സാമ്പത്തികത്തലത്തിലും മെച്ചപ്പെടാൻ ക്രിസ്തുമതസ്വീകരണം സഹായിച്ചു. ക്രൈസ്തവർ അല്ലാത്തവർക്ക് ആധുനിക വിദ്യാഭ്യാസമാർഗമായി മിഷണറി സ്‌കൂളുകൾ. അവർക്കു സാമൂഹികമൂലധനം മെച്ചപ്പെടുത്താനുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പുവരുത്തി.

കൂടാതെ, ക്രൈസ്തവമതവത്കരണം ഹിന്ദുമത അവർണീകരണത്തെ ത്വരിതപ്പെടുത്തി. അവർണർക്കിടയിൽ മതസ്വത്വചിന്ത വ്യാപകമാക്കാനും സഹായിച്ചു. ഫലത്തിൽ, അവർണർക്കിടയിൽ ഹൈന്ദവവത്കരണം ശക്തിപ്രാപിച്ചത് വൈദേശികമായ ക്രൈസ്തവമതത്തിന്റെ വ്യാപനത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായിട്ടും കൂടിയാണ്. കൊളോണിയൽ ആധുനികത ക്രൈസ്തവവത്കരണത്തിന് സൗകര്യം നൽകിയതിനൊപ്പം ഹിന്ദുമതത്തിന്റെ അവർണവ്യാപനത്തിനും കാരണമായി. അവർണർ കൊളോണിയൽ ആധുനികതായിടത്തെ പ്രയോജനപ്പെടുത്തിയത് ഹിന്ദുമതത്തിൽ അവകാശം സ്ഥാപിച്ചു മതദേശീയതയെ ശക്തമാക്കാനാണ്.

ഹിന്ദുമതത്തിനെതിരെയുള്ള മതദൂഷണപ്രവർത്തനങ്ങൾ മിഷണറിമാർ നടത്തിയെങ്കിലും അവർണർക്കിടയിലെ ഹിന്ദുവത്കരണത്തെ തടയാൻമാത്രം ശക്തി അതിനുണ്ടായിരുന്നില്ല. ക്രൈസ്തവവത്കരണത്തിന്റെ വ്യാപനം തടയാൻ അവർണഹിന്ദുവത്കരണത്തിനു സാധിച്ചു. ക്രിസ്തുമതത്തിൽ ചേർന്ന്​ മുന്നേറുക എന്ന എളുപ്പവഴി ഉണ്ടായിരുന്നിട്ടും സവർണഘടനയിൽനിന്ന്​ ഹിന്ദുമതത്തെ മോചിപ്പിച്ചു അത് തങ്ങളുടേതും കൂടിയാണെന്ന അവകാശം സ്ഥാപിച്ചുറപ്പിക്കലാണ് അവർണർക്കിടയിൽ വേരോടിയ പരിഷ്‌കരണപരിപാടി ചെയ്തത്. ചുരുക്കത്തിൽ, ക്രൈസ്തവവത്കരണം എന്ന കൊളോണിയൽ അജണ്ട പരാജയപ്പെടുകയും ക്രൈസ്തവവിരുദ്ധ ഹൈന്ദവവത്കരണം അവർണർക്കിടയിൽ ഉർജിതമാവുകയും ചെയ്തുവെന്നതാണ് കൊളോണിയൽ ആധുനികതയുടെ കേരള മതപാഠം.

1943-ൽ ബ്രിട്ടിഷ് ഇടപെടൽ സൃഷ്ടിച്ച ക്ഷാമത്തെ ഡോക്യുമെന്റ് ചെയ്ത 'ബംഗാൾ സ്പീക്‌സ്' എന്ന പുസ്തകത്തിൽ നിന്നും. 'യൂറോപ്യൻ വംശീയത അവകാശപ്പെടാനില്ലാത്തവരെ മനുഷ്യരാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പാക്കേണ്ടവരാണ് ബ്രിട്ടിഷുകാർ. അതായിരുന്നു അധിനിവേശ ആധുനികീകരണ പ്രക്രിയയുടെ കൊളോണിയൽ ന്യായീകരണം.' / Photo: Wikimedia Commons

കൊളോണിയൽ ആധുനികതയുടെ ഭാഷാപാഠം

കേരള സന്ദർഭത്തിൽ മലയാളഭാഷയുടെ ശാക്തീകരണം, ഇംഗ്ലീഷ് ഭാഷയുടെ വ്യാപനം എന്നീ ഭാഷാപ്രക്രിയകളാണ് കൊളോണിയൽ ആധുനികതയുമായി ബന്ധപ്പെടുത്തി കാണാവുന്നത്.
വിശ്വാസികളെ സാക്ഷരരാക്കാതിരുന്നാൽ ബൈബിൾ പാരായണം സാധ്യമാവില്ല. ഇംഗ്ലീഷ്​ പരിജ്​ഞാനം ഉണ്ടാക്കിയതിനുശേഷം ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ വായിപ്പിക്കുക എന്ന് തീരുമാനിക്കാനാവില്ല. അതുകൊണ്ട് തദ്ദേശീയഭാഷയിൽ ബൈബിൾ ലഭ്യമാക്കുക എന്നതിനായിരുന്നു പ്രഥമ പ്രധാന്യം. ഇതുവഴി മിഷണറിമാർ മലയാളഭാഷയ്ക്ക് നിർണായകമായ സംഭാവനകൾ നൽകി. ഭാഷയെ ക്രിസ്തുമത പ്രചാരണത്തിനായി പരിഷ്‌കരിക്കുക, ബൈബിൾ വിവർത്തനം സാധ്യമാക്കുക- എന്നീ പ്രവർത്തനങ്ങൾ സ്വാഭാവികമായും നിഘണ്ടു, വ്യാകരണ നിർമിതിയിലുടെ മലയാള ഭാഷാവിഭവശേഷിയുയർത്തി. ഗുണ്ടർട്ടിന്റെയും ബെയ്ലിയുടെയും,കോളിൻസിന്റെയും നിഘണ്ടുക്കളും ഗുണ്ടർട്ടിന്റെ വ്യാകരണവും ഭാഷയ്ക്ക്​ മുതൽക്കൂട്ടായി. ഗദ്യഭാഷാവിനിമയം സാധ്യമാക്കി വിവരവിനിമയത്തിനായി പത്രമാസികകൾ ആരംഭിച്ചു. അച്ചടിയിലൂടെ ഭാഷാവ്യാപനം ത്വരിതമാക്കി. ഒരേസമയം സംസ്‌കൃതപാരമ്പര്യത്തെ അനുകരിച്ചും പ്രാദേശികഭാഷയെ നവീകരിച്ചും ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിച്ചുമുള്ള ശ്രമങ്ങൾ മിഷണറി പ്രവർത്തനങ്ങളിൽ കാണാം.

വിലക്കപ്പെട്ടിരുന്ന അക്ഷരജ്ഞാനം എല്ലാവർക്കും പകർന്നുനൽകാനുള്ള സൗകര്യം ലഭ്യമാക്കി എന്നത് കൊളോണിയൽ ആധുനികതയുടെ വലിയ സംഭാവനകളിലൊന്നാണ്.

സാക്ഷരതയും വിദ്യാഭ്യാസവും

സംഘകാലത്ത്​ ലിപിപരിചയത്തിന്​ സാമൂഹിക വേർതിരിവില്ലായിരുന്നു. ബൗദ്ധകാലത്താരംഭിച്ച എഴുത്തുപള്ളികളിലും ഇല്ലായിരുന്ന വേർതിരിവ് സൃഷ്ടിച്ചാണ്​ ബ്രാഹ്മണാധിപത്യത്തോടെ കേരളത്തിൽ വരേണ്യ വിദ്യാഭ്യാസ സമ്പ്രദായം അരങ്ങേറിയത്. സാക്ഷരത ആർക്കാകാം, ആർക്കരുത് എന്ന് നിശ്ചയിച്ചുകൊണ്ടുള്ള സമീപനമായിരുന്നു ബ്രാഹ്മണർ സ്വീകരിച്ചത്. കേരളത്തിലെ മതവ്യാപനവും വിദ്യാഭ്യാസചരിത്രവുമായി ഇഴചേർന്നിട്ടുണ്ട്.

ബൗദ്ധ വിഹാരങ്ങളോട് ചേർന്നാണ് പ്രാഥമിക സാക്ഷരതാ പരിശീലനകേന്ദ്രങ്ങളായ എഴുത്തുപള്ളികൾ പ്രവർത്തിച്ചിരുന്നത്. ജ്ഞാനപ്രസരണവും മതാനുഷ്ഠാന പരിശീലനവും വിഹാരകേന്ദ്രിതമായിരുന്നു. ബ്രാഹ്മണമേധാവിത്തം വന്നതോടെ ബ്രാഹ്മണർ ഒഴികെയുള്ളവർക്ക്​ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. അതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അക്ഷരജ്ഞാനവും നിഷേധിക്കപ്പെട്ടു. കുലശേഖരകാലത്തു ക്ഷേത്രകേന്ദ്രിതവിദ്യാഭ്യാസത്തിനായിരുന്നു മുൻഗണന. തത്വചിന്ത, വ്യാകരണം വേദം, ജ്യോതിഷം എന്നിവയായിരുന്നു ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി. വേദപാഠ ശാലകളും, സഭാമഠങ്ങളും ബ്രാഹ്മണ വിഭാഗത്തിനുള്ളതായിരുന്നു.

കേരളത്തിലെ സിറിയൻ കൃസ്ത്യൻ സ്ത്രീകൾ ( 1912). 'സവർണവിഭാഗത്തിലുള്ളവർക്ക്​ സാമൂഹികപദവിയിലും സാമ്പത്തികത്തലത്തിലും മെച്ചപ്പെടാൻ ക്രിസ്തുമതസ്വീകരണം സഹായിച്ചിട്ടുണ്ട്.' / Photo: Wikimedia Commons

സാമ്പത്തികമായി ഉയർന്ന അബ്രാഹ്മണർ (ചില വിഭാഗങ്ങൾ) എഴുത്തുപള്ളിയിൽ നിന്നും കളരിയിൽ നിന്നും പ്രാഥമിക എഴുത്തും വായനയും ഗണിതവും പഠിച്ചു. ഭാഷ കൂടാതെ ജ്യോതിഷം, വൈദ്യം എന്നിവ സവിശേഷമായി ഗുരുകുലങ്ങളിൽനിന്നും അഭ്യസിച്ചിരുന്നു. സംസ്‌കൃതസാക്ഷരതയ്ക്കും സംസ്‌കൃതത്തിലുള്ള വിജ്ഞാനത്തിനുമായിരുന്നു മുൻഗണന. ഭാരതീയവും വരേണ്യവുമായ ജ്ഞാനവിനിമയമായിരുന്നു അക്കാലത്ത് പ്രധാനമായിരുന്നത്. നിരവധി സമുദായങ്ങൾക്ക് സാക്ഷരത നിഷേധിച്ചുകൊണ്ടുള്ള ബ്രാഹ്മണ ഭാഷാനയം സംസ്‌കൃതകേന്ദ്രിതമായി നടപ്പാക്കിയെടുക്കാൻ അവർക്കു കഴിഞ്ഞു. ഈ സാക്ഷരതാനിഷേധത്തെയാണ് മിഷണറി വിദ്യഭ്യാസപദ്ധതി പൊളിച്ചെറിഞ്ഞത്.

വിലക്കപ്പെട്ടിരുന്ന അക്ഷരജ്ഞാനം എല്ലാവർക്കും പകർന്നുനൽകാനുള്ള സൗകര്യം ലഭ്യമാക്കി എന്നത് കൊളോണിയൽ ആധുനികതയുടെ വലിയ സംഭാവനകളിലൊന്നാണ്. വിശ്വാസികൾക്ക് വിദ്യാഭ്യാസം നൽകി പാശ്ചാത്യ മൂല്യബോധം ഉൾകൊള്ളുന്നവരാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെങ്കിലും ആധുനികവിദ്യാഭ്യാസം മാതൃഭാഷയിലൂടെ പ്രചരിപ്പിക്കുന്നതിലും ഗുണ്ടർട്ട് തുടങ്ങിയുള്ള മിഷണറിമാർ താത്പര്യമെടുത്തിരുന്നു. അക്കാലത്തു നിലനിന്നിരുന്ന പൗരസ്ത്യ വിദ്യാഭ്യാസ പദ്ധതി ജനകീയമായിരുന്നില്ല എന്നുമാത്രമല്ല, പാരമ്പര്യവിഷയങ്ങളായിരുന്നു പാഠ്യവിഷയങ്ങൾ. അത് യൂറോകേന്ദ്രിതമായി പരിഷ്‌കരിച്ചു. അതുവഴി കേരളജനതക്കു പാശ്ചാത്യ ജ്ഞാനമുറ പരിചിതമായി. കൂട്ടത്തിൽ നമ്മൾ ജ്ഞാന ഉപഭോക്താക്കളായി മാറുകയും ചെയ്തു. ബ്രിട്ടീഷ് അധിനിവേശകാലത്താണ് വിദ്യാഭ്യാസത്തിനും ജ്ഞാനവിനിമയത്തിനും ജനകീയപ്രാധാന്യം കൈവന്നത്. പാശ്ചാത്യ മാതൃകയിലുള്ള ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് മിഷനറിമാരായിരുന്നു. ആധുനികപാഠപുസ്തകങ്ങൾ നിർമിച്ചതും പ്രചരിപ്പിച്ചതും അവർ തന്നെ. ഈ ഘട്ടം വ്യത്യസ്ത സമീപനങ്ങളാൽ സമ്പന്നമാണ്. അവയിൽ എടുത്തുപറയാവുന്ന മൂന്നുസമീപനങ്ങളുണ്ട്.
പാശ്ചാത്യ മാതൃകയിൽ തദ്ദേശീയ ജ്ഞാനനിർമിതിയും വിനിമയവും.
പാശ്ചാത്യ ജ്ഞാനപരിചയം.
പാശ്ചാത്യവും പൗരസ്ത്യവുമായ ജ്ഞാനവിനിമയം.

സമൂഹം മൊത്തമായി ക്രൈസ്തവരായില്ല. അതുകൊണ്ടാണ് അവർക്ക് പാശ്ചാത്യ ആധുനികത ഉൾക്കൊള്ളാനാകാത്തത് എന്ന് പറയാനാവുമോ? ഇല്ല. അപൂർണമായ ആധുനികവത്കരണ പദ്ധതിയായിട്ടാണ് കേരളം ആധുനികതയെ ഏറ്റെടുത്തത്.

നവീന പാഠപുസ്തകങ്ങളുടെ തുടക്കം ഗുണ്ടർട്ട്​ 1843-ൽ തയ്യാറാക്കിയ പാഠാരംഭത്തിൽനിന്നാണ്. 1847-ൽ പുറത്തിറങ്ങിയ പശ്ചിമോദയത്തിൽ ഭാഷയിലൂടെയുള്ള വിജ്ഞാനവിനിമയത്തിന്റെ നയം വ്യക്തമാക്കുന്നുണ്ട്:‘‘വെളിച്ചം പൂർവദിക്കിൽ നിന്നുമാത്രമല്ല, പശ്ചിമത്തിൽ നിന്നു വരുന്നതും ആശ്ചര്യം തന്നെ. ഈ കേരളം ദൈവവശാൽ ഇംഗ്ലീഷുകാർക്കു അധീനമായി വന്നതിനാലോ ഈ നാട്ടിൽ അറിഞ്ഞുകൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റിൽനിന്ന്​ ഇങ്ങോട്ടു കടന്നുവരുവാൻ ഒരു പാലമുണ്ടായിരിക്കുന്നു. ഇവിടെ നടപ്പായ വിദ്യകളും ശാസ്ത്രങ്ങളും ഒഴികെ പിലാത്തിയിൽ നടക്കുന്ന പലതും ഉണ്ട്. രണ്ടു വകക്കും തമ്മിൽ വളരെ ഭേദമുണ്ടുതാനും. പരമാത്മ ജീവാത്മാ തുടങ്ങിയുള്ള മാർമോപദേശങ്ങളെ ധ്യാനിച്ച് ഓരൊന്നു മറ്റുമുണ്ടാക്കി ദിവ്യശ്ലോകങ്ങളെ ചമച്ചു വിദ്വാന്മാരെ രസിപ്പിക്കുന്നത് ഹിന്ദുജ്ഞാനത്തിൽ മര്യാദത്തന്നെ. കാലദേശാവസ്ഥകളുടെ സൂക്ഷ്മം നിദാനിച്ചറിഞ്ഞ്​ കുട്ടികളുടെ ഉപകാരത്തിനായി ഗദ്യമാക്കി പറയുന്നത് പിലാത്തിജ്ഞാനത്തിന്റെ ലക്ഷണമത്രേ. ഈ വക വായിപ്പാനാഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഞങ്ങൾ മാസം തോറും പിലാത്തി ശാസ്ത്രങ്ങളിനിന്ന്​ പറ്റുന്നത്​ ഒരോന്നുമെടുത്ത്​ ഇതിൻകിഴിൽ കാണിച്ചമാതിരിയായി മലയാളികൾക്കു തൊന്നുവാൻ തക്കവണ്ണം ഭാഷയിലാക്കി അച്ചടിച്ചു ആവശ്യ മുള്ളവർക്കയക്കുകയും ചെയ്യും.’’

മേൽപ്രസ്താവന തന്നെയാണ് പിലാത്തി വിജ്ഞാനത്തിന്റെ ഇറക്കുമതിനയം വെളിപ്പെടുത്തിയത്. അക്കാലത്തെ വൈജ്ഞാനിക ഭാഷാസൂത്രണത്തിന്റെ ചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. തദ്ദേശീയ ശാസ്ത്രത്തിനുമുകളിൽ ആധുനിക പാശ്ചാത്യജ്ഞാനത്തെ പ്രതിഷ്ഠിക്കുന്ന നയമാണ് നടപ്പാക്കിയത്. കൊളോണിയൽ ലോകബോധത്തെ ഉൾക്കൊള്ളാനും അംഗീകരിക്കാനും ഉതകുന്ന തരത്തിലുള്ള പാഠപുസ്തകങ്ങളായിരുന്നു ആസൂത്രണം ചെയ്തത്. പാശ്ചാത്യ ആധുനികതയുടെ സ്വഭാവം ഉൾക്കൊണ്ടു ജീവിക്കുന്നതിലേക്കുള്ള മാർഗരേഖകളായാണ് പാഠപുസ്തകങ്ങൾ രൂപകല്പന ചെയ്തത്. പാശ്ചാത്യകേന്ദ്രിതവീക്ഷണം സ്വാഭാവികമാക്കി മാറ്റുകയായിരുന്നു പാഠ പുസ്തകങ്ങൾ. കേരളോൽപത്തിയും (1843) മലയാള രാജ്യത്തിന്റെ ഭൂമിശാസ്ത്രമായ മലയാളരാജ്യം (1868), കേരളപ്പഴമയും (1868) ഗുണ്ടർട്ട്​ രചിച്ചതിനുപിന്നിൽ, തദ്ദേശീയ വിജ്ഞാനം പാശ്ചാത്യ മാതൃകയിൽ അവതരിപ്പിച്ച്​ സംസ്‌കാരത്തിന്റെ ജനകിയാധാര പാശ്ചാത്യ ജ്ഞാനവിനിമയമാതൃകയിൽ ഉറപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യമിട്ടത്.

ഒരേസമയം അധിനിവേശസംസ്‌കാരത്തിന്റെ മേന്മ ബോധ്യപ്പെടുത്തി ജ്ഞാനത്തിന്റെ ആരൂഢനിർമിതി പാശ്ചാത്യവത്കരിച്ചു. പാഠപുസ്തകങ്ങളെ രണ്ടുതരത്തിൽ വിലയിരുത്താവുന്നതാണ്. അച്ചടികേന്ദ്രിതമായ അറിവ് വ്യവസ്ഥപ്പെടുത്തിയെന്നും തദ്ദേശീയമായ വൈജ്ഞാനികബന്ധങ്ങളെ പരിഷ്‌കരിച്ചുവെന്നുമാണിവ.

'സാമൂഹികവൈവിധ്യത്തെ അഭിസംബോധനചെയ്യാനുള്ള സാമഗ്രികൾ പാശ്ചാത്യ ധൈഷണികത വികസിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സാമൂഹിക അസമത്വം അസംബന്ധമാണെന്ന് നിരീക്ഷിക്കാനല്ലാതെ അതില്ലാതാക്കാനുള്ള ഒരു ശാസ്ത്രീയപദ്ധതിയും അവരുടെ പക്കലുണ്ടായിരുന്നില്ല' / photomontage by Marianne Brandt (1930)

മിഷണറി വിദ്യാഭ്യാസം, അച്ചടി, ഗദ്യത്തിലൂടെയുള്ള ജ്ഞാനവിനിമയം എന്നിവയെല്ലാം കൊളോണിയൽ ആധുനികതയുടെ ഭാഗമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പാശ്ചാത്യ ജ്ഞാനവിനിമയത്തിന്റെ ചരിത്രം പാഠപുസ്തക നിർമാണവുമായി ബന്ധപ്പെട്ടു മാനസിലാക്കുന്നതിനൊപ്പം അച്ചടിയുമായും ബന്ധപ്പെട്ടിരുന്നുവെന്നും മനസ്സിലാക്കേണ്ടതാണ്. വാർത്താവിനിമയം, ഗതാഗതം, അച്ചടി തുടങ്ങി വിവിധമേഖലകളിലെ പാശ്ചാത്യ സാങ്കേതികതയുടെ ഉപയോഗം നമ്മുടെ ലോകബോധം മാറ്റിമറിച്ചു. സമുദായവത്കരണം സാമൂഹികപരിഷ്‌കരണം തുടങ്ങി പല ഘടകങ്ങളെയും ഇതിനകം നേട്ടങ്ങളായി ചർച്ചചെയ്തിട്ടുണ്ട്.

പാശ്ചാത്യ ആധുനികതയെ കേരളം ഏറ്റെടുത്തോ?

പാശ്ചാത്യ ആധുനികതയുടെ അടിസ്ഥാനമായ ശാസ്ത്രീയത, യുക്തി, വസ്തുനിഷ്ഠത, മനുഷ്യകേന്ദ്രിതത്വം, നീതിന്യായം, സാങ്കേതികത എന്നിങ്ങനെയുള്ള അടിസ്ഥാന ഘടകങ്ങളിൽ, ഒരു ഘടകവും സമൂലമായി ഉൾക്കൊള്ളാൻ കേരളജനതയ്ക്ക് കഴിഞ്ഞിട്ടില്ല. സമൂഹം മൊത്തമായി ക്രൈസ്തവരായില്ല. അതുകൊണ്ടാണ് അവർക്ക് പാശ്ചാത്യ ആധുനികത ഉൾക്കൊള്ളാനാകാത്തത് എന്ന് പറയാനാവുമോ? ഇല്ല. അപൂർണമായ ആധുനികവത്കരണ പദ്ധതിയായിട്ടാണ് കേരളം ആധുനികതയെ ഏറ്റെടുത്തത്. സാമൂഹികവൈവിധ്യത്തെ അഭിസംബോധനചെയ്യാനുള്ള സാമഗ്രികൾ പാശ്ചാത്യ ധൈഷണികത വികസിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സാമൂഹിക അസമത്വം അസംബന്ധമാണെന്ന് നിരീക്ഷിക്കാനല്ലാതെ അതില്ലാതാക്കാനുള്ള ഒരു ശാസ്ത്രീയപദ്ധതിയും അവരുടെ പക്കലുണ്ടായിരുന്നില്ല. തന്മൂലം എല്ലാത്തിനും പരിഹാരം ക്രൈസ്തവവത്കരണമാണെന്ന ചിന്തയിലുറച്ചു. അതോടെ, പാരമ്പര്യത്തിൽ നിന്ന്​ കേരളസമൂഹത്തെ ആധുനികമാക്കി വിഛേദിക്കുന്നതിൽ അവർ പരാജയപെട്ടു. പുതിയ സമൂഹത്തെ നിർണയിക്കാൻ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ശാസ്ത്രബോധം സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തെ ഇല്ലായ്മചെയ്ത്​ പരിഷ്‌കൃത മനുഷ്യരായി മാറുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നിരിക്കും. പക്ഷേ അതും പൂർണമായി പ്രയോഗികമായില്ല.

സാമൂഹിക പരിഷ്‌കർത്താവ് എന്ന സ്ഥാനം ഗുരുവിന് അർഹമായി എന്നിങ്ങനെ വിവിധ നിലകളിൽ ഗുരുവും കൊളോണിയൽ ആധുനികതയും തമ്മിൽ ബന്ധിപ്പിക്കാറുണ്ട്. വസ്തുനിഷ്ഠമായ ഒരുവിലയിരുത്തൽ ആവശ്യപ്പെടുന്ന സംഗതിയാണിത്.

കൊളോണിയൽ ആധുനികത പാശ്ചാത്യാധുനികതക്ക് വിപരീതമായാണ് കേരളത്തിൽ ഇടം കണ്ടെത്തിയത്. പുതിയ രീതികൾ നടപ്പാക്കി എന്നത് വാസ്തവമാണെങ്കിലും അതിന്റെ അനന്തരഫലങ്ങൾ പരിശോധക്കേണ്ടതാണ്. സാമൂഹികമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ പുതിയ രൂപത്തിൽ സമുദായവത്കരണത്തിലൂടെ പുനർനിർണയിച്ച്​ ജാതിസ്വത്വം സ്ഥിരമാക്കി. ആധുനിക വിദ്യാഭ്യാസത്തിലൂടെ ജാതി- മതസ്വത്വമുള്ള പാശ്ചാത്യനോക്കികളെ സൃഷ്ടിച്ചു. അവർ ശാസ്ത്രബോധവും യുക്തിബോധവുമുള്ള മനുഷ്യരായില്ല. സാമൂഹികമൂലധനത്തിന് പ്രാധാന്യം നല്കുന്നവരായ വ്യക്തികളായി. വിവേചനരഹിതമായ സാമൂഹികപരിസ്ഥിതി എന്ന ആധുനികസമത്വഭാവന കേരളം ഉൾക്കൊണ്ടില്ല. പാശ്ചാത്യ ജ്ഞാന ഉപഭോക്താക്കളെയും ഇംഗ്ലീഷ് ഭാഷാധിപത്യത്തെയും ദേശരാഷ്ട്ര സങ്കല്പത്തെയും രൂപീകരിച്ചുറപ്പിക്കുന്നതിൽ കൊളോണിയൽ ആധുനികത വിജയംവരിച്ചു. ശാസ്ത്രബോധമുള്ള മനുഷ്യരെ സൃഷ്ടിക്കാനോ പാരമ്പര്യവിഛേദം ഉറപ്പുവരുത്താനോ തനത് ജ്ഞാനോത്പാദനം പ്രോത്സാഹിപ്പിക്കാനോ കൊളോണിയലാധുനികത സഹായിച്ചുമില്ല. നിലനിന്ന വരേണ്യതാല്പര്യങ്ങൾക്ക് പകരം പുതിയ വരേണ്യവർഗനിർമിതി സാധ്യമാക്കി. തദ്ദേശീയ ബദൽജ്ഞാനപദ്ധതികളെ ഘടനാബദ്ധമാക്കി സ്വതന്ത്ര വളർച്ച ഇല്ലാതാക്കി. അധിനിവേശതാത്പര്യങ്ങൾക്കനുസരിച്ച്​ ഇന്ത്യൻ ജനതയെ ആധുനികവിദ്യാഭ്യാസം നൽകി പാശ്ചാത്യ ജ്ഞാന ഉപഭോക്താക്കളെ സൃഷ്ടിക്കാനും അവരുടെ സേവനത്തിനായുള്ള വിഭവശേഷി ഉണ്ടാക്കലിനുമപ്പുറം ഇവിടെത്തെ സമൂഹത്തെ ജാതിയേതരമാക്കലും മതേതരമാക്കലും അവരുടെ അജണ്ട ആയിരുന്നില്ല.

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരിൽ അസമത്വബോധം തെളിയിച്ചെടുക്കാനും അതിലൂടെ അസമത്വത്തിനെതിരെയുള്ള പ്രതികരണം രൂപപ്പെടുത്താനും ആധുനിക വിദ്യാഭ്യാസം സഹായിച്ചു. സമുദായവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും പരിഷ്‌ക്കൃത മനുഷ്യൻ യൂറോപ്യൻ മാതൃകയിലുള്ളതാണെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. മതഭിന്നതയ്ക്ക് പരസ്പരം ശത്രുത കൂട്ടുകയല്ലാതെ മതഭിന്നത മറികടന്ന്​ സഹിഷ്ണുത വളർത്താനും കൊളോണിയൽ ആധുനികത ശ്രമിച്ചതായി തെളിവില്ല.

ശ്രീനാരയണഗുരുവും കൊളോണിയൽ ആധുനികതയും

കൊളോണിയൽ ആധുനികത സൃഷ്ടിച്ച സാഹചര്യമാണ് പരമ്പരാഗത വ്യവസ്ഥയിൽ വിള്ളലേൽപ്പിച്ചത്. ആ സാഹചര്യം ശ്രീനാരയണഗുരുവിന്റെ പ്രവർത്തനങ്ങൾക്ക് പശ്ചാത്തലമായി. സാമൂഹിക പരിഷ്‌കർത്താവ് എന്ന സ്ഥാനം ഗുരുവിന് അർഹമായി എന്നിങ്ങനെ വിവിധ നിലകളിൽ ഗുരുവും കൊളോണിയൽ ആധുനികതയും തമ്മിൽ ബന്ധിപ്പിക്കാറുണ്ട്. വസ്തുനിഷ്ഠമായ ഒരുവിലയിരുത്തൽ ആവശ്യപ്പെടുന്ന സംഗതിയാണിത്. ഗുരുവിന്റെ ദർശനത്തെ, ജീവിതത്തെ, കർമമേഖലയെ ഏതുതരത്തിലാണ് കൊളോണിയൽ ആധുനികത സ്വാധീനിച്ചതെന്നു നോക്കാം. ഭൗതിക പരിസ്ഥിതിയുമായി ബന്ധപ്പെടുത്തിയാൽ ഗുരു ട്രെയിൻ യാത്രാസൗകര്യം ഉപയോഗിച്ചിരുന്നുവെന്ന്​ തെളിവുണ്ട്. അച്ചടി സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിവേകോദയം തുടങ്ങിയുള്ള മാസികകളിൽ ഗുരുവിന്റെ രചനകൾ വന്നിരുന്നു. ഗുരുവിന്റെ വിദ്യാഭ്യാസത്തിൽ കൊളോണിയൽ ആധുനികതയ്ക്ക് പങ്കില്ല.

ഇംഗ്ലീഷ് ഭാഷാ വിരോധിയായിരുന്നില്ല. ഇംഗ്ലീഷ് ആധുനികജീവിതത്തിനും മനുഷ്യപുരോഗതിക്കും സഹായിക്കുന്ന ഭാഷയായിക്കാണുകയും ഇംഗ്ലീഷ്​ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവവത്കരണത്തോട് നേരിട്ട് വിരോധിച്ചില്ലെങ്കിലും ക്രിസ്തുമത പ്രചാരത്തോട് കൂറുപുലർത്തിയില്ല. സ്വജനങ്ങൾ ക്രൈസ്തവരകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുമുണ്ട്. ആധുനികതയെ പുരോഗമനവഴിയായി കണ്ടുകൊണ്ട് വ്യവസായശാലകൾ സ്ഥാപിക്കാനും ആധുനികയന്ത്രങ്ങളുൾപ്പെടുത്തി പരമ്പരാഗത വ്യവസായം ശക്തിപ്പെടുത്താനും ഗുരു താത്പര്യം കാണിച്ചിരുന്നു. ഗുരുവിന്റെ രചനകൾ കൊളോണിയൽ ആധുനികതയെ ഉൾക്കൊള്ളുന്നുവെന്ന്​പറയാനാവില്ല. ഭാരതീയ അദ്വൈതവേദാന്തചിന്തയെ ജനകീയവത്കരിക്കുന്നതിലും ഭക്തി പ്രചരിപ്പിക്കുന്നതിലും ഹിന്ദുമതത്തിന്റെ അവർണീകരണത്തിലും സാർവലൗകിക മാനവചിന്ത അവതരിപ്പിക്കുന്നതിലുമായിരുന്നു ഗുരുവിനു താത്പര്യം. പ്രത്യക്ഷത്തിൽ ബ്രിട്ടീഷ്​വിരോധം ഗുരുവിനുണ്ടായിരുന്നുവെന്നും പറയാനാവില്ല. മറിച്ച്, അവരുടെ സാന്നിധ്യം പലഗുണങ്ങളും ചെയ്യുന്നതായി ഗുരു അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

കേരളാധുനികതയും ഗുരുവും

ജാതിയെക്കുറിച്ചുള്ള ഗുരുവിന്റെ ദർശനം കൊളോണിയൽ ആധുനികതാവിരുദ്ധമാണ്. കൊളോണിയൽ ആധുനികതയും ഗുരുവും മുന്നോട്ടുവച്ച മനുഷ്യസങ്കൽപം ഒന്നല്ല. കൊളോണിയൽ ആധുനികത രൂപംകൊടുത്ത സമുദായവത്കരണത്തിന്റെ ഭാഗമാകേണ്ടിവന്നുവെങ്കിലും സംഘടന ജാതിയേതരമല്ല എന്ന ബോധ്യം ഗുരുവിനെ അതിൽനിന്നകറ്റി. ജാതിയേതര മതേതര മനുഷ്യസമത്വ ഭാവനയാണ് ഗുരുവിനുണ്ടായിരുന്നത്. അത് വളർന്നുവികസിക്കാതിരിക്കാനുള്ള സാമൂഹിക- ധൈഷണിക സാഹചര്യങ്ങളാണ് കൊളോണിയൽ ആധുനികത പോഷിപ്പിച്ചത്. കൊളോണിയൽ ആധുനികതക്ക് സാർവലൗകികമായ മാനവിക ഏകത എന്ന സങ്കല്പമല്ലായിരുന്നു ഉണ്ടായിരുന്നത്. അത് യൂറോപ്യൻ ക്രൈസ്തവ മതപൗരത്വത്തെയാണ് മനുഷ്യനായി കണ്ടത്. പരമത ശത്രുതയാണ് കൊളോണിയൽ ആധുനികത ഉൾക്കൊണ്ടത്.

ഗുരുവിന്റെ മനുഷ്യത്വ ജാതിസങ്കല്പവും (‘മനുഷ്യാണാം മനുഷ്യത്വം’ ) ബഹുമത സഹിഷ്ണുതാ സങ്കൽപവും (‘പലമതസാരവുമേകം’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’) അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം എന്ന സ്വ- അന്യ ഭേദമില്ലായ്മയും,എല്ലാവരുമാത്മസഹോദരരെ- ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ- ത്തെല്ലും കൃപയറ്റു ഭുജിക്കയതും?
(‘ജീവകാരുണ്യപഞ്ചകം’) എന്ന് ഭൂമിയുടെ അവകാശികളെക്കുറിച്ചുള്ള
സഹജീവന സമത്വബോധവും എല്ലാ അർഥത്തിലും ആധുനികമായിരുന്നു.

ഗുരുവിന്റെ ദാർശനികമായ പകരംവയ്ക്കലിനെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കൊളോണിയൽ ആധുനികത സജ്ജമായിരുന്നില്ല. അവർ അവർക്കായി നിർമിച്ചെടുത്തിരുന്ന ശാസ്ത്രദേശീയബോധം എന്നവർ വിളിക്കുന്ന പ്രാദേശികബോധത്തെ തകർത്തെറിയുകയായിരുന്നു ഗുരുവിന്റെ ദർശനം.

ഈ ആശയലോകം കൊളോണിയൽ ആധുനികത പ്രചരിപ്പിച്ച ആശയലോകമല്ല. സമാന്തരമായി ലോകത്തിനു കേരളം മുന്നോട്ടുവച്ച മനുഷ്യസങ്കൽപനവും അന്യതാരഹിതമായ സഹജീവനവും, ഭൂമിയുടെ അവകാശികൾ മനുഷ്യരാണെന്ന പാശ്ചാത്യ മനുഷ്യകേന്ദ്രിത ഉപകാരണവാദത്തിനെതിരുമായിരുന്ന കേരളാധുനികതയാണ്. അനുകമ്പയോടെ സഹജീവിസ്നേഹം പകരം വച്ച് പാശ്ചാത്യ പ്രായോഗിക ആധുനികതയുടെ യൂറോകേന്ദ്രിത തത്വത്തിനെതിരായി ആഗോളജനതയുടെ മാനവതത്വശാസ്ത്രം നിർമിച്ചെടുക്കുകയായിരുന്നു ഗുരു ചെയ്തത്. പാശ്ചാത്യാധുനികതക്ക് ദാർശനികമായ ഗുരുവിന്റെ മറുപടിയായിരുന്നു ബദലായ കേരളീയ ആധുനികതാ ഭാവന. മാനവസമത്വവും പ്രാണീകരുണയും സ്വ-അന്യ ഭേദമില്ലായ്മയും, അഹിംസയും, ബഹുമതസഹിഷ്ണുതയും ലോകത്തിനായി മുന്നോട്ടുവച്ചുവെന്നതാണ് ഗുരുവിന്റെ ധൈഷണികസംഭാവന. ഗുരുവിന്റെ ദാർശനികമായ പകരംവയ്ക്കലിനെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കൊളോണിയൽ ആധുനികത സജ്ജമായിരുന്നില്ല. അവർ അവർക്കായി നിർമിച്ചെടുത്തിരുന്ന ശാസ്ത്രദേശീയബോധം എന്നവർ വിളിക്കുന്ന പ്രാദേശികബോധത്തെ തകർത്തെറിയുകയായിരുന്നു ഗുരുവിന്റെ ദർശനം. യൂറോപ്പോഴികെ മറ്റൊരിടത്തും ജ്ഞാനമില്ലെന്നും ശാസ്ത്രീയവും യുക്തിഭദ്രവുമായ ജ്ഞാനനിർമിതി കൈമുതലായുണ്ടെന്ന് അഹങ്കരിച്ച യൂറോപ്യൻ മേധാവിത്വത്തെ നിങ്ങൾ ആധുനികരായിട്ടില്ല എന്ന് ബോധ്യപ്പെടുത്തുകയാണ് ഗുരു ചെയ്തത്.
ഭൗതിക, സാങ്കേതിക വികാസത്തിലൊന്നും ഗുരു അതൃപ്തനല്ല. മനുഷ്യരെയും മതത്തെയും കുറിച്ച് അവർ ഉൾകൊള്ളുന്ന സങ്കല്പങ്ങൾ അപക്വമാണ് എന്ന് ഗുരു വിശ്വസിച്ചു. അതുകൊണ്ടാണ് ക്രൈസ്തവവത്കരണത്തെ ഗുരു ഉൾകൊള്ളാതിരുന്നതും. ബ്രാഹ്മണിക്കലായ പൗരസ്ത്യലോകം മാത്രമല്ല ലോകമെന്ന് ഗുരുവറിയുന്നത്​, അധിനിവേശ സാന്നിധ്യം കൊണ്ടാണ്. അതുകൊണ്ടുതന്നെ ഗുരു തന്റെ ആശയലോകം പാശ്ചാത്യ-പൗരസ്ത്യ ഭേദമെന്യേ സാർവലൗകികമാക്കുകയായിരുന്നു. മനുഷ്യകേന്ദ്രിതമായി എന്നാൽ ദേശ ഭാഷാ മത വൈവിധ്യം ഉൾക്കൊണ്ട്​ സാർവലൗകികമായി ആശയാവലികൾ രൂപീകരിക്കുകയായിരുന്നു ഗുരുവഴി. ഗുരുവിന്റെ സാർവലൗകിക മനുഷ്യ ഏകത അന്നുവരെ പാശ്ചാത്യ പൗരസ്ത്യ ആശയലോകം ഉൾകൊള്ളാത്ത, മുന്നോട്ടുവക്കാത്ത ആശയമായിരുന്നു.

ശ്രീനാരായണ ഗുരു

മനുഷ്യർ എന്ന ജീവിഗണം ഭൗമിക സാംസ്‌കാരിക ഭിന്നതകൾക്കപ്പുറം സാർവലൗകികമായ ഏകതയാണെന്നു നിർണയിച്ച്​ ദർശനം രൂപീകരിക്കാൻ ഗുരുവിനു കഴിഞ്ഞു. ഇത് കൊളോണിയൽ ആധുനികതയുടെ ധൈഷണികസൃഷ്ടിയല്ല. ഗുരു ബദലായി അവതരിപ്പിച്ച ആധുനികതയാണ്. യുക്തിയും ശാസ്ത്രീയതയും ഉൾനിറഞ്ഞ പാരമ്പര്യവിരുദ്ധമായ സാർവദേശീയ ആധുനികത. കേന്ദ്രത്തിൽ മനുഷ്യർ അവർക്കുചുറ്റും ഭൂമിയുടെ മറ്റു അവകാശികൾ, എല്ലാവർക്കും സമത്വമായ സഹജീവനം ഉൾക്കൊള്ളുന്നതാണ് ഗുരുഭാവന. മനുഷ്യരെയും പ്രകൃതിയെയും ഇണക്കി, കാരുണ്യത്തിന്റെയും അനുകമ്പയുടെയും സഹജീവനബന്ധത്തിലുറപ്പിക്കുന്ന വിശ്വമാനവദർശനമാണ് ഗുരു ലോകത്തിനു സംഭാവന ചെയ്ത ബദലാധുനികത. ഗുരുവിനെയറിയാതെ, ഉൾക്കൊള്ളാതെ കൊളോണിയൽ ആധുനികത കേരളാധുനികതയാണെന്നു വിശ്വസിക്കുന്നവർ കേരളത്തിന്റെ തനതു ജ്ഞാനോല്പാദനത്തെക്കുറിച്ച് അജ്ഞരാണ്, പാശ്ചാത്യജ്ഞാനാടിമകളാണ്.

ജാതികേരളത്തിന് ഗുരു ഈഴവ ഗുരുവാണ്. ലോകവൈജ്ഞാനികതയിൽ കേരള ധൈഷണിക സാന്നിധ്യമായി ഉയരേണ്ടിയിരുന്നതും എന്നാൽ കൊളോണിയൽ ആധുനികത മറച്ചുകളഞ്ഞതുമാണ് ഗുരുഭാവന. ഗുരു പകരംവച്ച കേരളാധുനികതയെ വീണ്ടെടുക്കുന്നതെപ്പോൾ എന്ന ചോദ്യം ഉൾക്കൊള്ളാൻ കൊളോണിയൽ ആധുനികതയുടെ അന്ധവിശ്വാസത്തിൽ നിന്ന്​ പുറത്തുവരാതെ കേരളസമൂഹത്തിന് കഴിയില്ല.

കേരളം ആധുനികമായി എന്ന വിശ്വാസം കൊളോണിയൽ ആധുനികതാമനസിന്റെ സൃഷ്ടിയാണ്. കേരളം ആധുനികമാണോ എന്ന് അന്വേഷിച്ചാൽ പാരമ്പര്യവിച്​ഛേദം നടക്കാത്ത യുക്തിനിഷ്​ഠമല്ലാത്ത അവസ്ഥയെ ആധുനികമെന്ന് നാം വിശ്വസിക്കുകയാണ്. പുതുമയ്ക്ക് പുതിയത് എന്നതിനൊപ്പം കൗശലം, നേരംപോക്ക് എന്നീ അർഥങ്ങളും മലയാളത്തിലുണ്ട്. ആധുനികതയുടെ പുതുമ കൗശലവും നേരംപോക്കുമാണോ എന്ന് നാം ഇതുവരെയും സംശയിച്ചിട്ടില്ല. പക്ഷേ യാഥാർഥ്യം അതുതന്നെയല്ലേ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments