വർഷം രണ്ടാകുന്നു, ഇനി പറ്റില്ല; ലോക്ക്ഡൗൺ പിൻവലിക്കണം

സർക്കാരിനോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. ലോക്ക്ഡൗൺ ദയവു ചെയ്ത് ഇനിയും നീട്ടരുത്. ഒരു വർഷത്തേക്ക് പോയിട്ട് ഒരു ദിവസത്തേക്കുപോലും ജീവിക്കാനുള്ള സമ്പാദ്യമില്ല എന്നതിനേക്കാളും ഭാവി വരുമാനത്തെ വിശ്വസിച്ച് വായ്പകളെടുത്ത് അത് തിരിച്ചടക്കാനാകാതെ കടം പെരുകിപ്പെരുകി വരുന്നത് കണ്ട് അന്ധാളിച്ചു നിൽക്കുന്നവരാണധികവും. ചിലയിനം ജോലികൾ തന്നെ ഇനിയില്ല. ഒരുപാട് തൊഴിലിടങ്ങൾ പൂട്ടിപ്പോവുകയും ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി നിൽക്കുകയാണ്. എന്തെങ്കിലും പണിയെടുത്ത് പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളെ നിങ്ങളുടെ ആരോഗ്യ സംവിധാനങ്ങളുടെ പരാധീനത പറഞ്ഞ് ഇനിയും തടഞ്ഞു വെക്കരുത്.

പരമാവധി സമയം കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം കൊടുക്കണം. വ്യവസായ ശാലകൾക്കും ചെറുകിട ഉത്പാദനയൂണിറ്റുകൾക്കും ഓവർ ടൈം ചെയ്തിട്ടെങ്കിലും കുടിശ്ശിക കിടക്കുന്ന ഓർഡറുകൾ തീർക്കാൻ അനുവാദം കൊടുക്കണം.

അൺലോക്ക് വരെ കാത്തു നിൽക്കാതെ ഉയർന്ന ഇന്ധനവില പരിഗണിച്ച് ഓട്ടോ ടാക്‌സി കൂലികൾ ഉയർത്തി നിശ്ചയിച്ച് കൊടുക്കണം. ബസ് യാത്രാക്കൂലിയും ഉയർത്തി നിശ്ചയിച്ചു കൊടുക്കണം. ഈ അടഞ്ഞു കിടന്ന കാലം കൊണ്ട് ഇന്ധനവില റോക്കറ്റ് പോലെ മേൽപ്പോട്ട് പോയി എന്നത് മനസ്സിലാക്കണം.

വ്യാപാരി വ്യവസായികളെയും ചുമട്ടുതൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും വിശ്വാസത്തിലെടുക്കണം. എന്താണ് ചെയ്യേണ്ടത്, എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് അവരോട് പറയൂ. അവരത് ചെയ്തുകൊള്ളും. ഈ കോവിഡ് പ്രതിരോധ പരിപാടിയിലെങ്ങും അവർ തന്നെയല്ലേ ഉണ്ടായിരുന്നത്?

ഏതാണ്ട് രണ്ടു വർഷത്തിൽ ബഹുഭൂരിപക്ഷം സമയവും കൊടുങ്കാറ്റും പേമാരിയും പിന്നെ കോവിഡും കാരണം മീൻപിടിത്തമില്ലാതിരുന്ന കടലിൽ പിന്നെയും ട്രോളിംഗ് നിരോധനം കൊണ്ടു വന്നതെന്തിനെന്ന് മനസ്സിലായില്ല. കടലിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന സാധനമല്ല കൊറോണ. അതെങ്കിലും മനസ്സിലാക്കാനുള്ള വകതിരിവു വേണം.

കടം വാങ്ങിച്ചിട്ടാണെങ്കിലും നഴ്‌സിങ്ങ് പാസായി നിൽക്കുന്ന കുട്ടികളെയൊക്കെ കാശു കൊടുത്ത് ജോലിക്കെടുത്ത് പരമാവധി കോവിഡ് കെയർ സെന്ററുകളുണ്ടാക്കണം. അങ്ങനെ ആശുപത്രികൾക്കു മേലുള്ള സമ്മർദ്ദം കുറക്കാനുള്ള നടപടിയുണ്ടാകണം.
വർഷം രണ്ടാകുന്നു. ഇനി പറ്റില്ല.

Comments