സ്ത്രീ, വിശുദ്ധി, സ്വത്ത്, ആളെണ്ണം കുത്തിത്തിരുപ്പുണ്ടാക്കുന്നവരുടെ തുറുപ്പുചീട്ടുകൾ

‘‘പെൺകുട്ടികളെ മുസ്​ലിം യുവാക്കളിൽ നിന്ന് ‘രക്ഷിക്കാൻ’ കാലങ്ങളായി കുടുംബങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും ഇടവകകളും രൂപതകളും പല തട്ടുകളിലെ കണക്കുക്കൂട്ടലുകളാണ് നടത്തുന്നത്. പേടിപ്പിക്കലുകൾക്കും വളച്ചൊടിക്കലുകൾക്കും തുമ്പിതുള്ളലുകൾക്കും പേരുകേട്ട പല ധ്യാനസംഘങ്ങൾക്കും ഇക്കാര്യത്തിലുള്ള പങ്ക് വലുതാണ്’’- റിമ മാത്യു എഴുതുന്നു.

‘തീവ്രവാദികൾ തട്ടിയെടുക്കുന്ന നമ്മുടെ സ്ത്രീകൾ; സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഞങ്ങളുടെ പെൺകുട്ടികൾ; മുഹമ്മദീയരിൽ നിന്ന് പെൺകുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാൻ ത്യാഗം ചെയ്ത പൂർവീകർ’; ഇതൊക്കെ കേൾക്കുമ്പോൾ പെൺകുട്ടികളെക്കുറിച്ച് എന്തൊരു കരുതലാണീ സീറോ മലബാർ സഭയ്ക്ക് എന്നാണോ തോന്നിയത്? പെൺകുട്ടികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ റിലീജിയനാണല്ലോ കത്തോലിക്കാസഭ എന്നും തോന്നിയോ?

പാലാ ബിഷപ്പ് അൾത്താരയിൽ വന്നുനിന്ന് ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷം പ്രസംഗിച്ചത് പ്രിസിഷൻ ബോംബിങ്ങല്ലാതെ പിന്നെന്താണ്? മതസ്പർദ്ധ ഉണ്ടാക്കലല്ല വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകലായിരുന്നു ഉദ്ദേശ്യമെന്നാണ് രൂപതയുടെ വിശദീകരണം.
ഇസ്​ലാം മതവുമായി ബന്ധപ്പെട്ട് അരക്ഷിതത്വം തോന്നിപ്പിക്കുക എന്ന ഹിന്ദുത്വരാഷ്ട്രീയ അജണ്ടയ്ക്ക് ഒപ്പിച്ച്, അടിമുടി മതാത്മകവും സാമുദായികവും തീവ്രവാദവും നിറഞ്ഞ നിലപാടുകളിലേക്ക് കഴിഞ്ഞ കുറച്ചുനാളുകളായി കത്തോലിക്കാസഭ നടന്നടുക്കുകയാണ്. പ്രത്യേകിച്ച്, ഈ വർഷം തുടക്കത്തിൽ സഭയിലെ മൂന്ന് കർദ്ദിനാളന്മാർ, സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, മലങ്കര സിറിയൻ സഭ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്ലീമസ്, മുംബൈ റോമൻ കാത്തലിക് അതിരൂപത ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ കണ്ടതിനെ തുടർന്നാണ് ഇവരുടെ ഇടയിൽ നിന്ന് സാമുദായികവർഗീയത യാതൊരു മറയുമില്ലാതെ പുറത്തുവരാൻ തുടങ്ങിയത്. ഇതും വൈദികർ പ്രതികളാകുന്ന ക്രിമിനൽക്കേസുകളുടെ എണ്ണം കൂടുന്നതും കൂട്ടിവായിക്കാൻ വലിയ പാടൊന്നുമില്ല. ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി. പക്ഷേ, ബലി ഇപ്പോഴും എപ്പോഴും പെണ്ണുങ്ങളെ കേന്ദ്രീകരിച്ച് തന്നെയാണ്.

എഴുതിവായിച്ച, പ്രൊപ്പഗാൻഡ നിറഞ്ഞ ആ പ്രസംഗത്തിനും തെളിവേതുമില്ലാത്ത ആ ആരോപണങ്ങൾക്കുമാണ് പച്ചയ്ക്ക് വർഗീയത എന്ന് പറയുന്നത്.

അൾത്താരയിലെ വിദ്വേഷപ്രസംഗം

സെപ്റ്റംബർ എട്ടിന് കുറവിലങ്ങാട്ടെ മർത്താ മറിയം പള്ളിയിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ഇരുപത്തിയാറ് മിനിറ്റ് നീണ്ടുനിന്ന പ്രസംഗം തുടങ്ങിയത് തന്നെ വസ്തുതകളുടെ പിൻബലമില്ലാത്ത ഒരു കെട്ടുകഥ, ചരിത്രം എന്നമട്ടിൽ പറഞ്ഞുകൊണ്ടായിരുന്നു. ‘മുഹമ്മദീയരുടെ ആക്രമണം ഭയന്ന് പെൺകുട്ടികളുടെ ചാരിത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട വിശ്വാസിസമൂഹത്തെ' പറ്റിയാണ് ബിഷപ്പ് പറഞ്ഞ് തുടങ്ങിയത്. ‘എട്ടുനോമ്പിന്റെ ചരിത്രം തന്നെ പെൺകുട്ടികളുടെ ചാരിത്ര്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ ഏറ്റെടുത്ത ത്യാഗത്തിന്റെ വലിയ പാരമ്പര്യമാണല്ലോ...'; പ്രസംഗം തുടർന്നു.

മതാന്തര വിവാഹം, ലവ് ജിഹാദ്, നർക്കോട്ടിക് ജിഹാദ്, ഹലാൽ, കലാസാംസ്‌കാരിക ഇടങ്ങളിലെ അന്യമത വിദ്വേഷങ്ങൾ, ആർച്ച് ബിഷപ്പിന്റെ കുർബാനക്രമം സംബന്ധിച്ച ഇടയലേഖനം - ഇതിനെപ്പറ്റിയൊക്കെ ബിഷപ്പ് വിശ്വാസികളോട് പറഞ്ഞതിൽ ബാക്കിയുള്ളവർക്കെന്താണ് കാര്യമെന്ന് ചോദിക്കരുത്. എഴുതിവായിച്ച, പ്രൊപ്പഗാൻഡ നിറഞ്ഞ ആ പ്രസംഗത്തിനും തെളിവേതുമില്ലാത്ത ആ ആരോപണങ്ങൾക്കുമാണ് പച്ചയ്ക്ക് വർഗീയത എന്ന് പറയുന്നത്.

മുഹമ്മദീയരുടെ ആക്രമണം ഭയന്ന് പെൺകുട്ടികളുടെ ചാരിത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട വിശ്വാസിസമൂഹത്തെ' പറ്റിയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ് തുടങ്ങിയത്
മുഹമ്മദീയരുടെ ആക്രമണം ഭയന്ന് പെൺകുട്ടികളുടെ ചാരിത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട വിശ്വാസിസമൂഹത്തെ' പറ്റിയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ് തുടങ്ങിയത്

അപൂർവമായി മാത്രം കേട്ടിരുന്നതാണ് പള്ളിയിലെ കൂർബാനക്കിടെയുള്ള വർഗീയ പ്രസംഗങ്ങൾ. രാഷ്ട്രീയം പോലും ഗോപ്യമായി അവതരിപ്പിക്കുന്നതാണ് ഒരുകാലത്ത് കണ്ടിരുന്നത്. കുർബാനയ്ക്കിടെ അൾത്താരയിലേക്ക് കൊച്ചുകുഞ്ഞുങ്ങൾ ഓടിക്കയറിയാൽ അമ്മമാരെ വഴക്ക് പറയുന്നത് കേട്ടിട്ടുണ്ട്. പരിപാവനമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞുറപ്പിക്കുന്ന ആ സ്ഥലത്ത് നിന്ന് എത്ര സോപ്പിട്ട് കഴുകിയാലും മാറാത്ത വൈരാഗ്യത്തിന്റെ വൈറസിനെ കെട്ടഴിച്ച് വിടുകയായിരുന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്.
ജിഹാദ് എന്ന വാക്കോ ഇസ്​ലാം മതഗ്രന്ഥങ്ങളിലോ വിശ്വാസികളുടെ ഇടയിലോ അത് എങ്ങനെ പരാമർശിക്കപ്പെടുന്നുവെന്നോ ‘ലവ്'നോടും ‘നർക്കോട്ടിക്‌സ്'നോടും ആ വാക്ക് കൂട്ടിചേർത്ത് ആരോപണങ്ങൾ പടച്ചുവിടുന്ന മിക്കവരും ഉത്കണ്ഠയുള്ളവരല്ല. ഒരു വലിയ പറ്റം വിശ്വസിക്കുന്നത്, ജിഹാദ് എന്നാൽ പെണ്ണുങ്ങളെ ലക്ഷ്യമാക്കിയുള്ള എന്തോ പ്രേമസംബന്ധിയായ സംഗതിയാണെന്നാണ്. ബിഷപ്പ് നടത്തിയ വിളിച്ചുപറയൽ വിശ്വാസികളുടെ ഉള്ളിൽ അത്തരത്തിൽ കാലങ്ങളായി നിറച്ചെടുത്ത ആശങ്കകൾക്ക് സാധുത കൊടുക്കുകയാണുണ്ടായത്. ഇങ്ങനെയല്ല അങ്ങനെയാണ് എന്ന് ഇനി സാർവത്രികസ്‌നേഹം പറഞ്ഞാൽപ്പോലും മായ്ച്ചുകളയാനാകുന്നതല്ല ഇത്തരം കുത്തിത്തിരുപ്പുകൾ.

കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് അതിരൂക്ഷമാകുന്ന മയക്കുമരുന്നുപയോഗത്തെപ്പറ്റി ആത്മാർത്ഥമായ വേവലാതിയാണ് ബിഷപ്പിന് ഉണ്ടായിരുന്നതെങ്കിൽ, ‘അമുസ്​ലിംകളായ യുവജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നതിനെ' പറ്റിയല്ലല്ലോ ആ ‘പണ്ഡിത'ഹൃദയം വേദനിക്കേണ്ടത്.

‘ലവ് ജിഹാദി’ലേക്ക് വരാം. അതിനുമുമ്പ്​...

കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് അതിരൂക്ഷമാകുന്ന മയക്കുമരുന്നുപയോഗത്തെപ്പറ്റി ആത്മാർത്ഥമായ വേവലാതിയാണ് ബിഷപ്പിന് ഉണ്ടായിരുന്നതെങ്കിൽ, ‘അമുസ്​ലിംകളായ യുവജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നതിനെ' പറ്റിയല്ലല്ലോ ആ ‘പണ്ഡിത'ഹൃദയം വേദനിക്കേണ്ടത്. ‘നർക്കോട്ടിക് ജിഹാദ്’ എന്നത് അറിയാതെ വായിൽനിന്ന് വഴുതിവീണ വാക്കല്ലാതെ ആകുന്നതിനുപിന്നിൽ ഇനിയും പലതുണ്ട്.
അൽഫാമും കുഴിമന്തിയും തുടങ്ങി ബിരിയാണിയും ജ്യൂസും വരെ കൊതിപ്പിക്കുന്ന രുചിയോടെ ജനപ്രീതിയാർജ്ജിക്കുന്നതിനെ ഇവരിൽ പലരും പേടിയോടെ കാണുന്നത് മിക്കപ്പോഴും ആരോഗ്യത്തെക്കുറിച്ചുള്ള കരുതൽ കൊണ്ടാണെന്നായിരുന്നു ആദ്യമൊക്കെ പറച്ചിൽ. അടുത്തഘട്ടത്തിൽ, ആ ഹോട്ടലുകളിൽ നിന്ന് വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഘടകം അവിടങ്ങളിൽ ഭക്ഷണത്തിൽ ചേർക്കുന്ന മയക്കുമരുന്നുകളാണെന്ന് പതിയെ കിംവദന്തി പരക്കാൻ തുടങ്ങി.

പണ്ഡിതരാണെന്ന് തോന്നുന്നു

ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികളുമായി, പ്രത്യേകിച്ച് പെൺകുട്ടികളുമായി വിനോദയാത്ര പോകുമ്പോൾ മുസ്​ലിംകളുടെ കടകളിൽ കയറരുത് എന്ന് നിർദ്ദേശം കൊടുക്കുന്ന അധ്യാപകരുണ്ട്. ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഹോട്ടലുകാർ വന്ധ്യംകരിക്കുന്ന പൊടി ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുമെന്നാണ് ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്ന ആ കോളേജ് അധ്യാപകർ ന്യായം പറയുന്നത്. അതേത് പൊടി, അതിനൊക്കെ തെളിവുണ്ടോ എന്നൊന്നും ചോദിക്കരുത്. ഇപ്പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലാക്കാൻ എന്താണിത്ര ബുദ്ധിമുട്ട് എന്നും ചോദിക്കരുത്. ഹലാലും അൽഫാമും പോലെയുള്ള വാക്കുകൾ അടിച്ചേൽപ്പിച്ച് ‘അവരുടെ' രാജ്യമാക്കി മാറ്റാനുള്ള കുതന്ത്രമാണ് ഇതിനുപിന്നിൽ എന്ന് വിശ്വസിക്കുന്നവർക്ക് എന്ത് ശാസ്ത്രീയത. സ്വയം മെനഞ്ഞെടുത്ത കഥ അവർത്തിച്ച് വിശ്വസിച്ച് ഇതൊന്നും കഴിക്കാതിരുന്നാൽ അവർക്ക് പോയി എന്ന് കരുതാൻ വരട്ടെ. ഇപ്പറഞ്ഞതൊക്കെയും വൻതോതിൽ പ്രചരിപ്പിക്കുകയാണ്, ഒപ്പം യാതൊരു അടിത്തറയുമില്ലാത്ത ഈ സംഗതികളെ വെള്ളം തൊടാതെ വിഴുങ്ങാൻ തയ്യാറായി നിരവധിപ്പേരും.

അഭിപ്രായം രൂപീകരിക്കുന്നതിൽ പങ്കുവഹിക്കുന്നവരുടെ വിടുവായത്തങ്ങൾ നാടിന്റെ അരക്ഷിതത്വമായി മാറുന്ന കാഴ്ച വേദനാജനകമാണ്. പാലാ, എന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ നിറഞ്ഞ ചെറുനഗരത്തിന്റെ ഉദാഹരണം എടുക്കാം. അവിടെ അധ്യാപകരുടേയും വൈദീകരുടേയും സ്വാധീനം ചില്ലറയല്ല. ഈ സ്ഥാപനങ്ങൾ മിക്കതും സഭയുടെ കീഴിലാണ്; സഭയെന്നാൽ സീറോ മലബാർ സഭ. മറ്റ് മതസ്ഥർ പോയിട്ട് വേറെ സഭകൾക്ക് പോലും കാര്യമായ വേരോട്ടമില്ലാത്ത സ്ഥലമാണ് പാലാ. മറ്റ് സമുദായംഗങ്ങൾ തീരെ കുറച്ച് മാത്രം താമസിക്കുന്ന, വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവരോട് ഇടപഴകാൻ പോലും അവസരങ്ങൾ കുറവുള്ള സ്ഥലം. പാലാ രൂപതയുടെ കീഴിലെ കോളേജുകളിലാകട്ടെ, എഞ്ചിനീയറിംഗ് കോളേജിലെ വിരലിലെണ്ണാവുന്നവരും സെൻറ്​ തോമസ് കോളേജിലെ ഒരു അധ്യാപികയും ഒഴികെ മുസ്​ലിം മതവിഭാഗത്തിൽപ്പെട്ട ആരും ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫുകളിലും ഇല്ല. മറ്റ് മത വിഭാഗങ്ങളിൽപെട്ടവർക്ക് നഗരത്തിൽ ഒരു ആരാധനാലയം തുടങ്ങാനോ കട തുടങ്ങാനോ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് ചില്ലറയല്ലെന്നത് നാടിന്റെ ചരിത്രം നേരിട്ടറിയുന്ന പാലാക്കാർക്ക് നിഷേധിക്കാനാവില്ല.

പാലായോട് ചേർന്നുള്ള, മുസ്​ലിം ജനസംഖ്യ കൂടുതലുള്ള ഈരാറ്റുപേട്ട പോലെയുള്ള പ്രദേശങ്ങളെ ഏത് നേരവും പൊട്ടിത്തെറിക്കാവുന്ന സാമുദായിക കുമിളയാക്കി മാറ്റുന്നതിൽ സഭയുടെ നിലപാട് ഉണ്ടാക്കിയ സ്വാധീനം ചില്ലറയല്ല.

കൊതിക്കെറുവ്

തങ്ങളുടെ കൂട്ടർ മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഭൂമിയും കച്ചവടങ്ങളും ധനസമ്പാദനമാർഗങ്ങളും എന്ന മനോഭാവമാണ്, വിളിച്ചുകൂവുന്ന വർഗീയതയുടെ അടിയിലെ ഒരു അടര്. പച്ചപിടിക്കുന്ന, ലാഭമുണ്ടാക്കുന്ന മറ്റ് മതസ്ഥരുടെ സ്ഥാപനങ്ങളോടും കച്ചവടങ്ങളോടുമുള്ള കൊതിക്കെറുവും കാണാം. ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശത്തോടെ പലയിടത്തും മറ്റുമതസ്ഥരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നുള്ള ജാഗ്രതാനിർദ്ദേശങ്ങളും ഉപദേശങ്ങളും വാട്‌സാപ്പിൽ കറങ്ങി നടക്കുകയാണ്. പാലായോട് ചേർന്നുള്ള, മുസ്​ലിം ജനസംഖ്യ കൂടുതലുള്ള ഈരാറ്റുപേട്ട പോലെയുള്ള പ്രദേശങ്ങളെ ഏത് നേരവും പൊട്ടിത്തെറിക്കാവുന്ന സാമുദായിക കുമിളയാക്കി മാറ്റുന്നതിൽ സഭയുടെ നിലപാട് ഉണ്ടാക്കിയ സ്വാധീനം ചില്ലറയല്ല.

കഴിഞ്ഞ വർഷമാണ് പൂഞ്ഞാർ പുല്ലപ്പാറയിൽ പോയ കുറച്ച് ആൺകുട്ടികൾ കുരിശിന്റെ മേലെ ഇരിക്കുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടത്. കുരിശിനെ അവഹേളിച്ച മുസ്ലിം സമുദായം എന്ന രീതിയിൽ പലകോണുകളിൽ വാർത്ത കത്തിക്കയറി. പല മതസ്ഥരുണ്ടായിരുന്ന ആ കൗമാരസംഘത്തിന്റെ വീണ്ടുവിചാരമില്ലായ്മ എന്ന് കരുതി വിഷയത്തെ കൈകാര്യം ചെയ്യാനുള്ള വിവേകം ലേശം വൈകിയാണെങ്കിലും അന്നുണ്ടായി.

തെളിവുണ്ട്, പക്ഷെ തരൂല

ലവ് ജിഹാദ്/ റോമിയോ ജിഹാദ് അന്വേഷിക്കണം എന്ന് പറഞ്ഞ ശങ്കരൻ ഇപ്പോഴും തെങ്ങുമെത്തന്നെയാണോ എന്ന് അറിയില്ല. പല ഏജൻസികൾ എങ്ങനെയൊക്കെ ഹരിച്ചും ഗുണിച്ചും നോക്കിയിട്ടും കിട്ടാത്ത തെളിവും ഡാറ്റയും പാലാ ബിഷപ്പിന്റെ കയ്യിലുണ്ടെന്ന് ഉറപ്പിച്ചുപറയുന്ന വൈദീകരുണ്ട്. മതം മാറി തീവ്രവാദ സംഘങ്ങളെത്തിയ നിമിഷയേയും സോണിയയേയും പോലെ ‘നിരവധി ഉദാഹരണങ്ങൾ' എന്നല്ലാതെ വേറൊരു പേരോ വിവരമോ ആരും പറയുന്നില്ല. മിക്ക മതസംഘടനകളിലും തീവ്രവാദനിലപാടുകൾ ശക്തമാകുകയും റിക്രൂട്ടുമെന്റുകൾ സജീവമാകുകയും ചെയ്യുന്ന കാലത്ത് തന്നെയാണ്, പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോയ സംഭവങ്ങൾക്ക് തെളിവ് തരാൻ പൊതുസമൂഹം ആവശ്യപ്പെടുന്നത്. ഒരു പ്രുശ്‌നമുണ്ടെങ്കിൽ അതിനെ യുക്തിഭദ്രമായി തന്നെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ വെക്കുന്നതിന് പകരം ഡാറ്റ ചോദിച്ചപ്പോ തിരിഞ്ഞുകളിക്കുകയാണ് സഭ.
കുടുംബങ്ങളിൽ നിന്ന് നേരിട്ടറിഞ്ഞ പ്രശ്‌നങ്ങൾ, കുമ്പസാരത്തിലൂടെയും, വ്യക്തിപരമായ തുറന്നുപറച്ചിലുകളിലൂടെയും അറിഞ്ഞ പ്രശ്‌നങ്ങൾ, പുറത്തുപറയാൻ കുടുംബങ്ങൾ മടിക്കുന്ന പ്രശ്‌നങ്ങൾ. ഇതൊന്നും ഞങ്ങൾക്ക് വെളിപ്പെടുത്താനാകില്ല, നിങ്ങൾ കണ്ടുപിടിക്കൂ എന്നൊക്കെയാണ് തെളിവ് ചോദിച്ചാൽ ചില വൈദീകർ നൽകുന്ന മറുപടി. ഒരു ക്രിമിനൽക്കുറ്റം സമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്‌നമായി വളരുന്നു എന്ന് യഥാർത്ഥമായ ആകുലതയുള്ളവരാണെങ്കിൽ ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ ഊഹോപോഹങ്ങളും വർഗീയതയും വിളമ്പിയിട്ടല്ലല്ലോ പരിഹാരം കാണേണ്ടത്.
ശരിക്കും അങ്ങനെ എന്തേലുമൊക്കെ കാണും അല്ലാതെ എല്ലാവരും ഇങ്ങനൊക്കെ പറയുമോ എന്ന് കരുതുന്ന വിശ്വാസികളുണ്ട്. പ്രസംഗങ്ങളിലും കൈപുസ്തകങ്ങളിലും ധ്യാനക്കൂട്ടായ്മകളിലും പിന്നീടിങ്ങോട്ട് വാട്‌സാപ്പ് ഫോർവേഡുകളിലും തീവ്രവിശ്വാസികളുടെ വെട്ടുക്കിളിക്കൂട്ടങ്ങളിലും പ്രചരിപ്പിക്കുന്ന കെട്ടുകഥകൾ കറങ്ങിത്തിരിഞ്ഞ് പടച്ചുവിട്ടവരുടെതന്നെ ചെവികളിൽ എത്തുമ്പോൾ ശരിയെന്ന് തോന്നുന്ന പ്രതിഭാസം. ബിരിയാണി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞുപറ്റിച്ച് ഒടുവിൽ ഇനി ബിരിയാണി കൊടുത്താലോ എന്ന് കരുതി കൂട്ടത്തിലോടുന്ന സലീംകുമാർ കഥാപാത്രമാകുകയാണ് പലരും.

കേരളത്തിലെ മിക്ക ക്രൈസ്തവസഭകളിലുംപെട്ട വീടകങ്ങളിലും പ്രാദേശികഭേദമന്യെ വേരോട്ടം കിട്ടിയ ഒന്നാണ് മുസ്​ലിം വിരുദ്ധത.

തമ്മിലടിയുടെ വേരുകൾ

ഏകദൈവ വിശ്വാസങ്ങളായ സെമിറ്റിക് മതങ്ങളെന്ന നിലയിൽ ക്രിസ്തുമതത്തിനും ഇസ്​ലാമിനും പൊതുവായി എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരം പേടിയും അതൊക്കെ തന്നെയാണ്. മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിൽക്കാനാണെങ്കിൽ അതിന്റെ ക്രമങ്ങളിൽ അനുസരണയോടെയും വിധേയത്വത്തോടെയും ജീവിതത്തെ കൊണ്ടുപോകുന്നതാണ് സർവപ്രധാനം എന്ന് കരുതുന്നവർ. ഇവരുടെ ഇടയിലെ അപരത്വങ്ങളെ ലോകമെമ്പാടുമുള്ള പല സമൂഹങ്ങളും വ്യത്യസ്തരീതികളിലാണ് നേരിട്ടിട്ടുള്ളത്.
കേരളത്തിലെ മിക്ക ക്രൈസ്തവസഭകളിലുംപെട്ട വീടകങ്ങളിലും പ്രാദേശികഭേദമന്യെ വേരോട്ടം കിട്ടിയ ഒന്നാണ് മുസ്​ലിം വിരുദ്ധത. സ്ഥലത്തെയും വിഭവവിതരണത്തേയും പങ്കുവെക്കലിനേയും ചൊല്ലിയുള്ള തർക്കങ്ങൾ സാമുദായിക അടികളിൽ കലാശിച്ച ചരിത്രമുള്ള പ്രദേശങ്ങളിൽ സ്റ്റീരിയോടിപ്പിക്കൽ ആശങ്കകൾക്ക് വേരോട്ടം കൂടുതലാണ്. താരതമ്യേനെ ബി.ജെ.പി സ്വാധീനം കുറവുള്ള ലത്തീൻ കത്തോലിക്കരുടെ ഇടയിലും സ്ഥിതി വ്യത്യസ്തമല്ല.

മറ്റ് മതസ്ഥർ പോയിട്ട് വേറെ സഭകൾക്ക് പോലും കാര്യമായ വേരോട്ടമില്ലാത്ത സ്ഥലമാണ് പാലാ. മറ്റ് സമുദായംഗങ്ങൾ തീരെ കുറച്ച് മാത്രം താമസിക്കുന്ന, വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവരോട് ഇടപഴകാൻ പോലും അവസരങ്ങൾ കുറവുള്ള സ്ഥലം
മറ്റ് മതസ്ഥർ പോയിട്ട് വേറെ സഭകൾക്ക് പോലും കാര്യമായ വേരോട്ടമില്ലാത്ത സ്ഥലമാണ് പാലാ. മറ്റ് സമുദായംഗങ്ങൾ തീരെ കുറച്ച് മാത്രം താമസിക്കുന്ന, വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവരോട് ഇടപഴകാൻ പോലും അവസരങ്ങൾ കുറവുള്ള സ്ഥലം

സൗഹൃദങ്ങളാകാം; ആഘോഷങ്ങളിലും പങ്കാളികളാകാം; പക്ഷെ കല്യാണമോ എന്തിന് വീട് വാടകയ്ക്ക് കൊടുക്കലോ ജോലി കൊടുക്കലോ വേണ്ടി വന്നാൽപോലും മുസ്​ലിം നാമധാരിയായാൽ രണ്ടാമതൊരു ആലോചനയില്ലാതെ മുഖംതിരിക്കുന്ന എത്രയെത്ര സംഭവങ്ങൾ. വാടകയ്ക്ക് കൊടുത്ത വീട് വൃത്തിയായി സൂക്ഷിക്കുന്നതും ജോലിക്ക് എടുത്ത ആളിന്റെ പ്രകടനം കണ്ടും അക്കാര്യങ്ങളിലെ മുൻവിധി നിറഞ്ഞ അഭിപ്രായങ്ങൾ ചെറുതായെങ്കിലും തിരുത്തുമായിരിക്കും. ഇനി വീഴ്ച ഉണ്ടായാൽ വ്യക്തിക്കൊപ്പമോ അതിനപ്പുറമോ അയാളുടെ മതത്തിനുള്ളതാകും മിക്കവാറും പഴി. പക്ഷെ പ്രണയമോ കല്യാണമോ ആയാൽ കഥ പാടെ മാറി.

ചോരപൊടിയുന്ന അടരുകൾ

ഒരു മുസ്​ലിമിനെ കല്യാണം കഴിക്കുന്നതിലും ഭേദം വീട്ടിലൊരു മുറിക്കുള്ളിൽ വെജിറ്റേറ്റീവ് സ്റ്റേറ്റിലാണെങ്കിലും മകളെ ജീവിതകാലം മുഴുവൻ അടച്ചിടുന്നതാണെന്ന് വിചാരിക്കുകയും പറഞ്ഞുനടക്കുകയും ചെയ്ത ഒരു കത്തോലിക്കാ കുടുംബത്തെ അറിയാം. മുസ്​ലിം യുവാവുമായുള്ള അടുപ്പം അവസാനിപ്പിക്കാനായി പെൺകുട്ടിക്ക് മനോരോഗമാണെന്ന് അവളുടെ ജോലിസ്ഥലത്തും നാട്ടുകാരോട് മുഴുവനും പറഞ്ഞുനടന്ന ക്രിസ്ത്യൻ മാതാപിതാക്കളുണ്ട്. മുസ്​ലിമിനോട്​ തോന്നുന്ന പ്രണയരോഗം മാറ്റാൻ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുന്ന പ്രമുഖ സൈക്കോളജിസ്റ്റുകളുണ്ട്. മകൾ മോശക്കാരിയാണെന്നും ആര് വിളിച്ചാലും കൂടെ പോകുന്നവളാണെന്നും ചെറുക്കന്റെ വീട്ടിൽ വിളിച്ചുപറഞ്ഞ ക്രിസ്ത്യൻ പെൺകുട്ടിയുടെ അമ്മയെ അറിയാം. ഇവിടങ്ങളിലൊക്കെ മേമ്പോടിക്ക് ലവ് ജിഹാദ് എന്ന പരാതിയുമുണ്ടാകും. ജിഹാദിൽ കുടുങ്ങി എന്നാരോപിച്ച് മാസങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ പെൺകുട്ടികളെ അടച്ചിട്ട് മെരുക്കിയെടുക്കുന്ന രഹസ്യകേന്ദ്രങ്ങളുണ്ട്.

പെൺകുട്ടികൾക്ക് സകലസ്വാതന്ത്ര്യവും കൊടുക്കുന്ന മോഡേൺ റിലീജിയനാകുന്നു കേരളത്തിലെ കത്തോലിക്കാസഭ എന്നാണല്ലോ വെപ്പ്. മതം മാറി പോകുമ്പോൾ വസ്ത്രധാരണം മുതൽ സാംസ്‌കാരികവ്യത്യാസങ്ങൾ വരെ പെൺകുട്ടികളെ അടിച്ചമർത്തുന്നു എന്നാണ്, ചികഞ്ഞ് ചോദിച്ചാൽ പലരുടേയും ഉത്തരം

ഏതുവിധേനയും ഒരു മുസ്​ലിമിനെ വിവാഹം കഴിക്കുന്നത് തടയുക എന്നല്ലാതെ ഇവർക്കൊക്കെ പെൺമക്കളോട് എന്ത് കരുതലായിരുന്നു എന്നുവേണം കരുതാൻ? ഇക്കൂട്ടരുടെ കാട്ടിക്കൂട്ടലുകളൊക്കെ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതിയും അവർ വിശ്വാസം ത്യജിക്കുന്നതിലുള്ള ആശങ്കയുമായിരുന്നു എന്ന് പറഞ്ഞാൽ അതിജീവനവാസനയുള്ള മനുഷ്യർക്ക് ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. മുസ്​ലിം വിരോധം കൊണ്ടുമാത്രം ലവ് ജിഹാദും തീവ്രവാദബന്ധവും ആരോപിക്കപ്പെട്ട് നിരീക്ഷണങ്ങളിലും ചോദ്യംചെയ്യലുകളിലും കേസുകളുടെ ഊരാകുടുക്കുകളിലും ചെന്നുപെട്ട എത്രപേർ.

പെൺകുട്ടികൾക്ക് സകലസ്വാതന്ത്ര്യവും കൊടുക്കുന്ന മോഡേൺ റിലീജിയനാകുന്നു കേരളത്തിലെ കത്തോലിക്കാസഭ എന്നാണല്ലോ വെപ്പ്. മതം മാറി പോകുമ്പോൾ വസ്ത്രധാരണം മുതൽ സാംസ്‌കാരികവ്യത്യാസങ്ങൾ വരെ പെൺകുട്ടികളെ അടിച്ചമർത്തുന്നു എന്നാണ്, ചികഞ്ഞ് ചോദിച്ചാൽ പലരുടേയും ഉത്തരം. കൊടുക്കൽ വാങ്ങലുകൾ കുറവാകുമ്പോൾ ഉണ്ടാകുന്ന അപരിചിതത്വവും തെറ്റിദ്ധാരണകളും പേടികളുമാണ് മറ്റ് ചിലരുടെ വർത്തമാനങ്ങളിൽ മുഴച്ചുനിൽക്കുന്നത്. കള്ളക്കടത്ത്. കള്ളപ്പണം. തീവ്രവാദം. ഇപ്പോൾ മയക്കുമരുന്നിൽ വന്നുനിൽക്കുന്നു ആരോപണങ്ങൾ. അവിടെയും ഇവിടെയും ‘കൊടുക്കുന്ന' സ്വാതന്ത്ര്യം തൂക്കിനോക്കും മുൻപ് പുരോഗമനത്തിന്റെ പുറന്തോട് അഴിച്ചുവെക്കാൻ മറക്കണ്ട.

പ്രണയത്തിന്റെ മാറ്റുരച്ച് നോക്കിക്കൊടുക്കപ്പെടും

യഥാർത്ഥ പ്രണയങ്ങൾക്ക് ബിഷപ്പ് പറഞ്ഞത് ബാധകമല്ല എന്ന് പറയുന്ന നിരവധി വൈദികരെ കണ്ടു. മറ്റ് മതസ്ഥരോടുള്ള പ്രണയം വിവാഹത്തിൽ എത്താതിരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്ന അച്ചന്മാർ ഇപ്പോൾ യഥാർത്ഥപ്രണയത്തെപ്പറ്റി വാചാലരാകുന്നത് കണ്ടാൽ കുളിര് കോരും. പയ്യൻ മുസ്ലീമെങ്കിൽ സംഗതി ജിഹാദാണെന്ന് ആദ്യമേ ഉറപ്പിക്കുന്നവർ എന്ത് അളവുകോൽ വെച്ചാണ് യഥാർത്ഥപ്രണയത്തെ അളക്കുന്നത്.

മതം മാറിയ ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരങ്ങളും അവരെ വെച്ചുള്ള അഭിമുഖങ്ങളുമാണ് മറ്റൊരു കാർഡ്. മതം മാറി വിവാഹിതരായ സ്ത്രീകളോട് ഭർത്താവോ കാമുകനോ മോശമായി പെരുമാറി, പീഡിപ്പിച്ചു എന്നൊക്കെയാണ് ഇവർക്ക് പറയാനുള്ളത്. ക്രിമിനൽക്കുറ്റമാണ് സംശയമില്ല. പക്ഷേ, സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് എന്ത് മതവ്യത്യാസം!
ക്രിസ്തുമതത്തിൽ നിന്ന് മാറുമ്പോൾ മാത്രമാണ് മതം മാറ്റം ഓർത്തുള്ള വേദനകൾ. ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കാനും സുവിശേഷവേല ചെയ്യാനും ഉദ്‌ഘോഷിക്കുന്നവർ, മറ്റ് മതസ്ഥർ അവരുടെ മതം പ്രചരിപ്പിക്കുന്നു എന്നോ ആ മതത്തിലേക്ക് ആരെങ്കിലും മാറി എന്നോ കേൾക്കുമ്പോൾ തീവ്രവാദബന്ധം ആരോപിച്ച് നീറുന്നത് എന്തിനാണ്. ആണായാലും പെണ്ണായാലും സഭയിലെ അംഗമായി കല്യാണം കഴിച്ചെത്തുന്നു എന്ന് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളലും അതേ സമയം തിരിച്ചായാൽ വിശ്വാസത്യാഗത്തെച്ചൊല്ലി മനോവ്യഥയും.

പഠിച്ച് പണിയെടുത്ത് സ്വന്തമായി വരുമാനമുണ്ടാക്കിയിട്ട് മാത്രം വിവാഹത്തിലേക്ക് കടക്കുന്ന പെൺകുട്ടികൾ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരിൽ കൂടുതലാണ്

എന്ത് കരുതലാണീ സഭയ്ക്ക്!

‘നമ്മുടെ പെണ്ണുങ്ങളെ ആവശ്യത്തിലധികം പഠിപ്പിച്ച് ജോലിക്ക് വിടുന്നതും പൊതുവേ വൈകി കല്യാണം കഴിപ്പിക്കുന്നതുമാണ് നമുക്ക് പറ്റിയ തെറ്റ്. ആ തക്കത്തിന് സ്‌നേഹവും കെയറും കാണിച്ച് വശത്താക്കുന്ന മുസ്ലീം പയ്യന്മാർ...' പ്രേമിക്കപ്പെടുന്ന പെൺകുട്ടികളെ ഓർത്ത് പരസ്പരം വേദന പങ്കുവയ്ക്കുന്ന അച്ചന്മാരെ സോഷ്യൽമീഡിയയിൽ കണ്ടു.
പഠിച്ച് പണിയെടുത്ത് സ്വന്തമായി വരുമാനമുണ്ടാക്കിയിട്ട് മാത്രം വിവാഹത്തിലേക്ക് കടക്കുന്ന പെൺകുട്ടികൾ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരിൽ കൂടുതലാണ്. അവരുടെ വരുമാനത്തിൽ കണ്ണുവച്ചാണ് രക്ഷിതാക്കൾ ഈ പാതകത്തിന് കൂട്ടുനിൽക്കുന്നത് എന്നാണ് പല വൈദീകരുടേയും ആക്ഷേപം. അവരെ വിവാഹം കഴിച്ച് അയക്കാൻ വേണ്ടത്ര ശുഷ്‌കാന്തി കാട്ടാത്ത മാതാപിതാക്കളോടാണ് അച്ചന്മാർക്ക് പരിഭവം. വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും ആഗ്രഹിക്കുന്ന പെൺകുട്ടികളെ അതിനുവിടാതെ പെറ്റുകൂട്ടാൻ വിളിക്കുന്ന സഭ ഏത് നൂറ്റാണ്ടിലാണ് ഉണ്ടുറങ്ങുന്നത്.

 മർത്താ മറിയം പള്ളി
മർത്താ മറിയം പള്ളി

‘‘മുസ്​ലിം പയ്യന്മാർ മറ്റുള്ളവരെപ്പോലെയല്ല കുറച്ചുകൂടെ ടാക്ടിക്കൽ ആയാണ് പ്രേമിക്കാൻ ആഗ്രഹിക്കുന്ന പെണ്ണിനെ സമീപിക്കുന്നത്. അത് നമ്മുടെ ക്രിസ്ത്യൻ പയ്യന്മാർക്ക് കണ്ടുപഠിച്ചൂടെ...'' അച്ചന്മാർ സംഭാഷണം തുടരുകയാണ്. പെൺകുട്ടികളോട് ഇനി നിങ്ങൾക്ക് പ്രേമിക്കണമെങ്കിൽ ചെറുക്കനെ ഇങ്ങോട്ട് മതം മാറ്റിക്കാണിക്കൂ എന്ന് വെല്ലുവിളിക്കുന്നവരുമുണ്ട്.

ധ്യാനഗുരുക്കന്മാരുടെ വെളിപാടുകൾ

പെൺകുട്ടികളെ മുസ്​ലിം യുവാക്കളിൽ നിന്ന് രക്ഷിക്കാൻ കാലങ്ങളായി കുടുംബങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും ഇടവകകളും രൂപതകളും പല തട്ടുകളിലെ കണക്കുക്കൂട്ടലുകളാണ് നടത്തുന്നത്. പേടിപ്പിക്കലുകൾക്കും വളച്ചൊടിക്കലുകൾക്കും തുമ്പിതുള്ളലുകൾക്കും പേരുകേട്ട പല ധ്യാനസംഘങ്ങൾക്കും ഇക്കാര്യത്തിലുള്ള പങ്ക് വലുതാണ്. കാലങ്ങളായി യുവാക്കൾക്കുള്ള റിട്രീറ്റുകളിലെ ഒരു പ്രധാനഫോക്കസാണ് ഈ വിഷയം.
‘‘ലിംഗത്തിൽ ഊതിച്ച ചരട് കെട്ടുന്നവന്മാരുടെ അടുത്തുപെട്ടാൽ നശിപ്പിച്ച് തിരിച്ചുതരും. പിന്നെ ഒന്നിനും കൊള്ളാതാകും''; എറണാകുളത്തെ ഒരു കോളേജിൽ ക്രിസ്ത്യൻ പെൺകുട്ടികളോട് സംസാരിക്കാൻ വർഷംതോറും എത്തുന്ന ധ്യാനഗുരുവിന്റെ വാക്കുകളാണ്. സുന്നത്ത് ചെയ്ത ലിംഗാഗ്രങ്ങളുമായി നടക്കുന്നവരുടെ ലൈംഗികതൃഷ്ണ കൂടുതലാണെന്നും അവർ ലൈംഗികകാര്യങ്ങളിൽ വലിയ വൈദഗ്ധ്യം കിട്ടിയ ഏതോ പ്രത്യേക ജനുസ്സാണ് എന്നുമൊക്കെയാണ് ഇവരിൽ പലരുടെയും വിദഗ്ധാഭിപ്രായം. സെക്ഷ്വൽ ജെലസിയുടെയും ആണധികാര-കുത്തിത്തിരുപ്പുകളുടെയും ധ്യാനഗുരു വേർഷൻ.
‘‘തീവ്രവാദികളായി സിറിയയിൽ ആടുമേയ്ക്കാനോ അഫ്ഗാനിസ്ഥാനിൽ ലൈംഗിക അടിമയാക്കാനോ ആണ് മുസ്​ലിം ചെറുപ്പക്കാരെല്ലാം പെൺകുട്ടികളെ പ്രേമിക്കുന്നത്; വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വലിച്ചിറക്കി കൊണ്ടുപോയി നശിപ്പിക്കുന്നവർ; സ്ത്രീകളെ ഉപഭോഗവസ്തു മാത്രമായി കണ്ട് ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നവർ; സ്ത്രീകളെ ഉന്നംവെച്ച ആണ് അവരുടെ എല്ലാ പ്രവർത്തികളും; അല്ലാതൊരു പ്രേമം ഇവർക്ക് സാധ്യമല്ല''; നിസ്സംശയം പ്രസ്താവിക്കുന്ന ധ്യാനഗുരു.

ഒരു മതത്തിനെതിരെ ജിഹാദ് എന്ന വാക്കിൽ കുരുക്കി ആരോപണങ്ങൾ എയ്യുന്നതിന് സമാന്തരമായി, ആരോപിക്കുന്നതിനെക്കാൾ ചീഞ്ഞ കാര്യങ്ങൾ ചെയ്യാൻ വിശ്വാസികളോട് ആഹ്വാനം കൂടെ ചെയ്യാൻ ചില്ലറ ഉളുപ്പൊന്നും പോരാ.

ആളെണ്ണം എന്ന കോംപറ്റീഷൻ ഐറ്റം.

ഒരു മതത്തിനെതിരെ ജിഹാദ് എന്ന വാക്കിൽ കുരുക്കി ആരോപണങ്ങൾ എയ്യുന്നതിന് സമാന്തരമായി, ആരോപിക്കുന്നതിനെക്കാൾ ചീഞ്ഞ കാര്യങ്ങൾ ചെയ്യാൻ വിശ്വാസികളോട് ആഹ്വാനം കൂടെ ചെയ്യാൻ ചില്ലറ ഉളുപ്പൊന്നും പോരാ. ആളെണ്ണം കൂട്ടലാണ് ക്രിസ്ത്യാനിയുടെ പരമമായ ജീവിതദൗത്യം എന്നമട്ടിലാണ് ചില നിർദ്ദേശങ്ങൾ. അടിസ്ഥാനപരമായി ആളെണ്ണം എന്നാൽ ഒരു കോംപറ്റീഷൻ ഐറ്റവും ശക്തിപ്രകടനവുമാണല്ലോ. അന്നേരം അവിടെയാണോ ആളുകൂടുന്നത് ഇവിടെയാണോ ആളുകൂടുന്നത് എന്ന് അരിച്ചുപെറുക്കി പതം പറയാൻ തോന്നും. പന്നിയേയും പട്ടിയേയും പോലെ പെറ്റുപെരുകുന്നവർ എന്ന് അവഹേളിച്ച വായകൊണ്ടുതന്നെ നമ്മുടെ സ്ത്രീകൾ പ്രസവിച്ചുകൊണ്ടേയിരിക്കണം എന്നും ദൈവഹിതം അതാണെന്നും പറയും.

അഞ്ചാമത്തെ കുട്ടിയുണ്ടായാൽ ഫാമിലി അപ്പസ്‌തോലിക് വഴി പ്രതിമാസം 1500 രൂപ എന്ന അതിഗംഭീര ഓഫർ കണ്ടാലൊന്നും ജീവിതം കരയ്‌ക്കെത്തിക്കാൻ കഷ്ടപ്പെടുന്ന സാമാന്യബോധമുള്ളവർ വീഴില്ല. എന്നിട്ടും ഓഫറുകൾക്ക് പഞ്ഞമുണ്ടായില്ല. ഗർഭനിരോധനത്തിനും അബോർഷനും എതിരെയുള്ള പേടിപ്പിക്കലുകളും കുഞ്ഞ് വേണ്ടാന്നുവെക്കുന്നതോ കുഞ്ഞുങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോ സ്ത്രീകളുടെ ഭാഗത്തെ വലിയ വീഴ്ചകളാണെന്ന മട്ടിലെ പാപബോധം ഊട്ടി ഉറപ്പിക്കലുകളും എല്ലാം പതിന്മടങ്ങ് തീവ്രതയിലായി. ‘‘ഇരുപത്തിയഞ്ചാകും മുൻപ് സ്ത്രീകളുടെ വിവാഹം നടത്തണം. പ്രായമേറിയിട്ട് പിന്നെ പലതവണ പ്രസവിക്കാൻ വയ്യാന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മറ്റ് മതങ്ങളിലെ, നിസ്സാരമായി പ്രസവിച്ചിട്ടുപോകുന്ന പതിനെട്ട് വയസ്സുകാരികളെ കണ്ടുപഠിക്കണം'' എന്നും മറ്റും നാട്ടുകാരോട് വിളിച്ചുപറയുന്ന രാഷ്ട്രീയക്കാരുണ്ടാകുന്നതും അതിന്റെ തുടർച്ചയാണ്.

ഇൻഫെർട്ടിലിറ്റി ചികിത്സകളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന നിലപാട് മാത്രം പക്ഷെ പലപ്പോഴും ഉറക്കെപ്പറയാൻ മടിയാണ്. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തിനും സഭ നടത്തുന്ന ആശുപത്രികളിലെ ഇൻഫെർട്ടിലിറ്റി ചികിത്സകൾക്കും അന്നേരം ഉത്തരത്തിന് മുട്ടുണ്ടായേക്കും.
എന്തായാലും പള്ളിയിൽ ആളുകയറാത്തതിനും (കോവിഡുകാലത്ത് പ്രത്യേകിച്ചും) പൗരോഹിത്യത്തിലേക്ക് യുവാക്കൾ വരാത്തതിനും ഇതരമതസ്ഥരെ വിവാഹം ചെയ്യുന്നവരുടെ (പുരുഷന്മാരുടെയല്ല, സ്ത്രീകളുടെ) എണ്ണം കൂടുന്നതിനും, പലതിനോടും പൊരുതി ജീവിക്കാൻ നോക്കുന്ന സ്ത്രീകളേയും അവരുടെ ശരീരത്തേയും ലാക്കാക്കി പദ്ധതികൾ മെനയുകയാണ് സഭ.

പാരമ്പര്യം മുതൽ ആഭിചാരം വരെ

പെൺകുട്ടികളെ കേന്ദ്രീകരിച്ചുള്ള ഇത്തരം മൊറാലിറ്റി ആശങ്കകളുടെ വിത്തുപാകുന്ന ഒരു പ്രധാനയിടമാണ് മതബോധന ക്ലാസുകൾ. മുതിർന്ന ക്ലാസുകളിലെത്തുന്ന കൗമാരക്കാർക്കുള്ള വിശ്വാസപ്രബോധനങ്ങളിലും പുസ്തകങ്ങളിലും പണ്ടേക്കുപണ്ടേ പൊതുവായി ഉണ്ടായിരുന്ന ഒന്ന് ഇടതുവിരുദ്ധതയായിരുന്നു. കമ്യൂണിസ്​റ്റുകാരെന്ന ഈശ്വരനിഷേധികളെയും തൊഴിലാളികേന്ദ്രീകൃത വ്യവസ്ഥിതികളെയും പെന്തക്കോസ്തുകാരെയും എന്തുകൊണ്ട് എതിർക്കണമെന്ന് പറയുമ്പോഴും മറ്റ് മതങ്ങളോടുള്ള വിദ്വേഷം എവിടെയും അച്ചടിച്ച് കണ്ടിരുന്നില്ല.

പാലായിലും പരിസരപ്രദേശങ്ങളിലും കെ.സി.വൈ.എമ്മും എസ്​.എം.വൈ.എമ്മും പോലെയുള്ള സംഘടനകൾ സംശയലേശമെന്യേ ബിഷപ്പിനെ പിന്താങ്ങി പരസ്യമായി സഭയ്‌ക്കൊപ്പം നിൽക്കുമ്പോൾ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി

ആരാധനക്രമങ്ങളും പ്രാർത്ഥനകളും ചരിത്രവും പറഞ്ഞിരുന്ന വിശ്വാസ പ്രബോധനക്ലാസുകൾ, പതുക്കെ വിശ്വാസസംരക്ഷണം എന്ന വഴിയിലൂടെ പലയിടത്തും സമുദായബോധത്തിലേക്കും വർഗീയതയിലേക്കും കാലെടുത്തുവെച്ചു. മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെുടുക്കരുതെന്നും അവരുടെ നേർച്ചയോ നിവേദ്യങ്ങളോ കഴിക്കരുതെന്നും ഉറക്കെ പറയുന്ന വൈദീകരും കന്യാസ്ത്രീകളുമുണ്ടായി. ഓരോ സഭകളും അവരുടേതായ കയ്യൊപ്പോടെ ഈ വക ഉദ്‌ബോധനങ്ങളെയും പാരമ്പര്യബോധ്യങ്ങളേയും ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. ഷോർട്ട് ഫിലിമുകളും ആൽബങ്ങളും കൈപ്പുസ്തകങ്ങളും പുറത്തിറങ്ങി. സോഷ്യൽ മീഡിയകളിൽ ട്രോളുകളാൽ അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ആഭ്യന്തരസർക്കിളുകളിൽ ഇവയ്ക്ക് കിട്ടിയത് വൻസ്വീകാര്യതയാണ്.

താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലനകേന്ദ്രം ഇടവകകളിൽ വിതരണം ചെയ്യാൻ ഇറക്കിയ കൈപുസ്തകം, എന്ത് മണ്ടത്തരമാണെന്ന് എഴുതിത്തള്ളാൻ വരട്ടെ. ഇസ്​ലാമിക പുരോഹിതരുടെ നേതൃത്വത്തിൽ നടത്തുന്ന ആഭിചാര ക്രിയകൾ, പെൺകുട്ടിയുടെ പേനയോ തലമുടിയോ തൂവാലയോ കൈവശപ്പെടുത്തി നടത്തുന്ന കൈവിഷം, ഓതിക്കെട്ടൽ, വശീകരണലോകത്ത് എത്തിക്കുന്ന പൊടികൾ എന്നിങ്ങനെ ഒരുപിടി കണ്ടുപിടുത്തങ്ങളുണ്ട് കൈപുസ്തകത്തിൽ. കൗമാരക്കാരായ പെൺകുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കുന്ന ജിഹാദികൾ, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണത്തിൽ പോലും വശീകരണ പ്രയോഗം നടത്തുന്നുവെന്നും പെരുന്നാളിന് വീട്ടിലേക്ക് വിളിക്കുന്നത് പോലും ഗൂഢമായ ലൗ ജിഹാദിന്റെ ഭാഗമാണെന്നും പറയുന്നത് വിശ്വസിക്കാൻ ആളുണ്ട്. ബൗദ്ധികവും വൈകാരികവുമായ മാർഗങ്ങളിലൂടെ നടപ്പിലാക്കുന്നതാണ് ലൗ ജിഹാദ്, എങ്കിലും ബന്ധന പ്രാർത്ഥനകളിലൂടെയും പരിഹാരമരുന്നുകളിലൂടെയും മാറ്റിയെടുക്കാവുന്നതാണ് എന്ന ആശ്വാസമാണ് രൂപതയുടെ തലപ്പത്ത് ഇരിക്കുന്നവർക്ക്.

അനുസരണ, വിധേയത്വം

ക്രിസ്ത്യാനിയുടെ സമുദായബോധം കൂട്ടാനുള്ള ദീർഘകാല പദ്ധതികളുടെ വരവായതോടെ പലയിടത്തും കുറേക്കൂടി സങ്കുചിതമായ നിലപാടുകളിലേക്ക് ഔദ്യോഗികമായി തന്നെ പല സംഘടനകളും മാറി. പാലായിലും പരിസരപ്രദേശങ്ങളിലും കെ.സി.വൈ.എമ്മും എസ്​.എം.വൈ.എമ്മും പോലെയുള്ള സംഘടനകൾ സംശയലേശമെന്യേ ബിഷപ്പിനെ പിന്താങ്ങി പരസ്യമായി സഭയ്‌ക്കൊപ്പം നിൽക്കുമ്പോൾ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി. യുവാക്കളെ ബാധിക്കുന്നതെന്ന് കാർന്നോന്മാര് ആവർത്തിക്കുന്ന പ്രശ്‌നങ്ങളായിട്ടുപോലും മിക്കയിടത്തും യുവജനസംഘടനകൾ പരസ്യമായോ രഹസ്യമായോ ഒരു നിലപാടും എടുത്തുകണ്ടില്ല. വിമതശബ്ദങ്ങൾ ഉയരാറുള്ള എറണാകളം അങ്കമാലി അതിരൂപതയുടെ കീഴിൽ പോലും വർഗീയതയോട് അഭിപ്രായവ്യത്യാസം ഏതെങ്കിലും വിധത്തിൽ പ്രകടിപ്പിക്കാൻ തയ്യാറാകുന്ന യുവജനങ്ങളെ അധികം കണ്ടില്ല. പകരം സ്വകാര്യസംഭാഷണങ്ങളിൽ പോലും ആരുടെയും ഇഷ്ടക്കേട് പിടിച്ചുപറ്റണ്ടാന്ന് വിചാരിച്ച് മൗനം പാലിക്കുന്ന സംഘടനാനേതാക്കളെ നിറയെ കാണാനും കഴിഞ്ഞു. വിശ്വാസം എന്നാൽ വിധേയത്വവും അനുസരണയുമാണല്ലോ.

ആരാണ് കള? ആരാണ് വിള?

പരസ്യമായി നിലപാട് പറയുന്നവരുടെ എണ്ണം തുലോം കുറവായിരിക്കുമ്പോഴും, അക്ഷരം തെറ്റാതെ അച്ചാ എന്ന് വിളിക്കാൻ വിശ്വാസികൾക്ക് തോന്നുന്ന ചിലരെങ്കിലും ഇപ്പോഴും തെളിവോടെ, വെളിവോടെ സംസാരിക്കുന്നുണ്ട്. പക്ഷെ, ബൈബിളിനെ മുൻനിർത്തിയും മാറിവരുന്ന ലോകക്രമങ്ങളെ തിരിച്ചറിയാൻ ശ്രമിച്ചും സാഹോദര്യം സംസാരിക്കുന്നവരെ വിശ്വാസികളുടെ കടന്നൽക്കൂട്ടം പഞ്ഞിക്കിടുകയാണ്. ക്രിസ്തുവിന് സാക്ഷ്യം നൽകുക എന്നാൽ വിശ്വമാനവികത പ്രസംഗിക്കുക എന്നല്ലെന്നും, സെക്കുലർ മാനവികതയാണ് മറ്റെന്തിനെക്കാളും വിശ്വാസികൾ നേരിടുന്ന പ്രശ്‌നമെന്നും ഇക്കൂട്ടർ ആത്മാർത്ഥമായി വിചാരിക്കുന്നു.

പഴുത്തുപൊട്ടാറായി നിൽക്കുന്ന വ്രണമാണ് നിങ്ങളുടെ മതവികാരമെങ്കിൽ നിങ്ങൾക്കുള്ളത് സമുദായവാദവും മതാത്മകതയുമാണെന്ന് വിളിച്ചുപറഞ്ഞ ഫാ.ജെയിംസ് പനവേലിലിനെ സൈബർലോകത്തെ തീവ്രവാദികൾ വളഞ്ഞിട്ടാക്രമിച്ചു. അപരമത വിദ്വേഷത്തിൽ കുളിച്ചുനിൽക്കുന്നവരോട് സ്‌നേഹത്തേയും സഹിഷ്ണുതയേയും പറ്റി പറയാൻ ശ്രമിച്ച വൈദികരുടെ നെഞ്ചത്ത് ചവിട്ടി, വിദ്വേഷത്തിന്റെ അപ്പസ്‌തോലർ അലറിവിളിക്കുകയാണ്. സാമൂഹ്യനീതിയുടെ നിലപാട് എടുക്കുന്നവരെ നോക്കി, ഇരിക്കുന്ന കൊമ്പുമുറിക്കുന്നവരെന്ന് ആക്രോശിച്ചിട്ട്, അതേ, ഞങ്ങൾ ക്രിസംഘികളാണെന്ന് നെഞ്ചുവിരിക്കുന്നു.

സഭയ്ക്കകത്തെ ചില കോണുകളിലെങ്കിലും ദൈവത്തിന്റെ പ്രതിപുരുഷനും തെറ്റുപറ്റാത്തവനും എന്ന വൈദിക സങ്കൽപങ്ങളൊക്കെ പണ്ടേക്കുപണ്ടേ മാറിത്തുടങ്ങിയതാണ്.

ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല പള്ളികളിലും സത്യത്തിന്റെ നവയുഗപ്രവാചകനാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടെന്ന് വാഴ്ത്തുകയാണ് വൈദീകർ. ബിഷപ്പിനെ അനുകൂലിക്കുന്നവർ നൈസായിട്ട് വിശ്വാസസംരക്ഷണം എന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ട് പരസ്യമായിത്തന്നെ സംസാരം തുടരുന്നു. അവർ സഭാഐക്യത്തിന്റെ ഭാഗമാകുകയാണെന്ന് ഊറ്റം കൊള്ളുമ്പോൾ വേറിട്ട അഭിപ്രായം പറയുന്നവരെ ഒറ്റുകാരെന്ന് വിളിക്കുന്നു. മാർപ്പാപ്പക്കു മാത്രമല്ല അൾത്താരയിൽ വന്നുനിന്ന് ദൈവവചനസന്ദേശം നൽകുന്ന പുരോഹിതനുമുണ്ട് അപ്രമാദിത്തം, എന്നുവിചാരിക്കുന്ന സാധാരണവിശ്വാസിക്ക് മുന്നിലായിരുന്നു ബിഷപ്പിന്റെ വായ്​ത്താരി. ആ അൾത്താരക്കുമുന്നിൽ നിന്ന് കത്തിച്ചുവിട്ടത് സകലയിടത്തേക്കും ഇന്ന് ആളിപ്പിടിക്കുകയാണ്.
സഭയ്ക്കകത്തെ ചില കോണുകളിലെങ്കിലും ദൈവത്തിന്റെ പ്രതിപുരുഷനും തെറ്റുപറ്റാത്തവനും എന്ന വൈദിക സങ്കൽപങ്ങളൊക്കെ പണ്ടേക്കുപണ്ടേ മാറിത്തുടങ്ങിയതാണ്. ചില ബിഷപ്പുമാർ ഇനി എന്ത് സത്യം വിളിച്ചുപറഞ്ഞാലും രണ്ടാമതൊന്ന് ആലോചിക്കാതെ ഉള്ളിലേക്ക് എടുക്കില്ലെന്ന് കട്ടായം പറയുന്ന വിശ്വാസികളുമുണ്ട്.

മറക്കരുതാത്ത ചിലത്

ഫ്രാൻസിസ് മാർപ്പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമായ ‘ഫ്രറ്റേലി തൂത്തി' - എല്ലാ സോദരരും, ഇറങ്ങിയിട്ട് ഒരു വർഷമാകുന്നേയുള്ളു. മനുഷ്യർ വ്യത്യസ്തതകൾക്കപ്പുറം സാഹോദര്യത്തിലേക്ക് നടന്നടുക്കേണ്ടതിനെപ്പറ്റി പറയുന്നതാണ് ആ പുസ്തകം. ആർക്കും ഒറ്റയ്ക്ക് നിലനിൽപ്പ് സാധ്യമല്ലാത്ത കാലത്ത് എല്ലാവരേയും കൂടെപ്പിറപ്പുകളായിക്കണ്ട് പുലരേണ്ടതിനെപ്പറ്റി സംസാരിക്കുന്നു അദ്ദേഹം. മധ്യകാലഘട്ടത്തിലെ ഒരു ഉദ്ധരണിപ്രകാരം, ഇസ്​ലാം വളർന്നത് വാളുകൊണ്ട് എന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞതുമാത്രം പരസ്പരം ഓർമിപ്പിക്കുന്നവർക്ക് കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞ സംഗതികളൊന്നും ഓർമയിൽ വരില്ല. ബെനഡിക്ട് പതിനാറാമൻ തന്നെ ക്രിസ്ത്യൻ- മുസ്​ലിം വിഭാഗങ്ങൾക്കിടയിൽ സജീവമായ സംഭാഷണങ്ങളും കൊടുക്കൽവാങ്ങലുകളും ഉണ്ടാകണമെന്ന് പലപ്പോഴായി പറഞ്ഞതും പലർക്കും ഓർമയില്ല. മതപ്രചാരണത്തിനും അധികാരപ്രയോഗങ്ങൾക്കും ആക്രമണങ്ങളുടെ മാർഗം പിന്തുടർന്ന ക്രൈസ്തവസഭയുടെ ചരിത്രത്തിലെ പല ഏടുകളും ഓർമയില്ല. ഓരോരുത്തർക്കും അന്നേരത്തെ ആവശ്യംപോലെ ഉദ്ധരിക്കാൻ വേണ്ടുവോളമുള്ള മതഗ്രന്ഥം തന്നെയാണ് ബൈബിളും എന്നും ഓർമയില്ല.

ഇന്നലെ വരെയുണ്ടായിരുന്ന, ഇനിയും ഉണ്ടാകേണ്ട സംയമനത്തിന്റെയും സഹിഷ്ണുതയുടെയും ശീലങ്ങളുംകൂടി മറന്നുപോകാതിരിക്കാൻ ചില വർഗീയവിഷങ്ങളുടെ തനിനിറം വെളിയിൽ വരുന്നതാണ് ഉള്ളിൽ കുഴിച്ചുമുടുന്നതിലും നല്ലത്. വിദ്വേഷം പറയാനെടുക്കുന്നത്ര ബദ്ധപ്പാട് സ്‌നേഹത്തെയും ക്ഷമയേയും പറ്റി സംസാരിക്കാനെടുക്കില്ലെന്ന് അറിയാഞ്ഞിട്ടല്ലല്ലോ. എന്തായാലും പ്രേമിക്കുന്നവരുടേയും പുരോഗമന നിലപാട് എടുക്കുന്നവരുടേയും യുക്തിഭദ്രമായി സംസാരിക്കുന്നവരുടേയും മേൽ കുതിരകയറാൻ വെമ്പുന്ന സഭ, ആത്യന്തികമായി ചങ്ങലകൾക്ക് പതിയെ മുറുക്കം കൂട്ടുകയാണെന്ന് ഇന്നത്തെ പെൺകുട്ടികൾ അങ്ങനെ പെട്ടെന്നൊന്നും മറന്നുപോകില്ല. ▮

(പലരോട് നേരിട്ട് സംസാരിച്ച അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുുള്ളത്. എവിടെയും പേരുകൾ പരാമർശിക്കാത്തത് വ്യക്തികളുടെ സ്വകാര്യതയേയും അവരുടെ അഭ്യർത്ഥനകളേയും മാനിച്ചാണ്)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


റിമ മാത്യു

എഴുത്തുകാരി, മാധ്യമപ്രവർത്തക, ചലച്ചിത്രപ്രവർത്തക.

Comments