ദൈവത്തെപോലും സംശയനിഴലിൽ നിർത്തുന്ന പുതിയ ജീവി, മനുഷ്യൻ

കോവിഡ് നമ്മുടെ സർവത്രനിലയും തെറ്റിച്ചു. ജീവിതരീതിയെ, സാമൂഹിക ഇടപെടലുകളെ എല്ലാം അത് തിരുത്തി. നമ്മൾ ഇതുവരെ പരിചയിച്ച അല്ലെങ്കിൽ നേടിയെടുത്ത അറിവും അഭ്യാസവും തീർത്തും നിശ്ചലമാവുന്ന അനിശ്ചിതാവസ്ഥ. ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെയും മനുഷ്യന്റെയും കൈയൊപ്പില്ലാതെ പ്രകൃതിയെ പഠിക്കാൻ കിട്ടുന്ന സുവർണാവസരമാണ്- കോവിഡുമായി ബന്ധപ്പെട്ട അനിശ്​ചിതാവസ്​ഥയെക്കുറിച്ച്​ നവീന തത്വശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരു അന്വേഷണം

രു സംസ്‌കാരത്തിനോ വ്യക്തിക്കോ ബുദ്ധിക്കോ വ്യക്തമായ തീർച്ചകളും തീരുമാനങ്ങളും ഇടപാടുകളുമൊക്കെ അസാധ്യമാകുന്ന നിമിഷങ്ങളെയാണ് അനിശ്ചിതത്വം (uncertainty) എന്ന വാക്കുകൊണ്ട് അർത്ഥമാക്കുക. നമ്മൾ ഇതുവരെ പരിചയിച്ച അല്ലെങ്കിൽ നേടിയെടുത്ത അറിവും അഭ്യാസവും തീർത്തും നിശ്ചലമാവുന്ന മുഹൂർത്തങ്ങൾക്ക് മാത്രമേ അനിശ്ചിതത്വം എന്ന പേര് ചാർത്തികൊടുക്കൂ. അറിവും അഭ്യാസവും വ്യക്തിയിൽ നിഷ്ഠമായതിനാൽ ഒരു വ്യക്തിയുടെ അനുഭവമാണ് അനിശ്ചിതത്വം. കൃത്യമായി പറഞ്ഞാൽ അനിശ്ചിതാവസ്ഥ ഒരു വ്യക്തിയുടെ അറിവിന്റെയും അഭ്യാസത്തിന്റെയും പരിധി (limit) വെളിവാക്കുന്ന നിമിഷങ്ങളാണ്.

എങ്ങും അനിശ്ചിതത്വം

അറിവും അഭ്യാസവുമാണ് അനിശ്ചിതാവസ്ഥയുടെ ആദ്യ ഇരകളെന്നതിനാൽ മനുഷ്യജീവിതത്തിന്റെ ഒരുവിധം എല്ലാ വശങ്ങളെയും അനിശ്ചിതത്വം സ്പർശിക്കുന്നുണ്ട്. ചിലപ്പോൾ അനിശ്ചിതത്വം ഉരുൾപൊട്ടുന്നത് സാമ്പത്തിക മേഖലയിൽ ആവാം, അല്ലെങ്കിൽ ധാർമിക ഇടപാടുകൾക്കിടയിലാവാം, അതുമല്ലങ്കിൽ ആരോഗ്യമേഖലയിലോ സാഹിത്യത്തിലോ ആവാം.

എവിടെയാണെങ്കിലും ഒന്നുറപ്പാണ്, സാധാരണക്കാർ ഇത്തരം സാഹചര്യങ്ങളിൽ അടിയും തടയും മറന്ന്​ ഗതികെട്ട് നിൽക്കും. എന്നാൽ മറ്റുചിലരുണ്ട്, അവർ അസാധാരണക്കാരാണ്. അവരെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ മുതൽ വാരിക്കൂട്ടാനുള്ള ഏറ്റവും നല്ല മുഹൂർത്തമാണ്. മനുഷ്യബുദ്ധി നിശ്ചലമാവുന്ന നിമിഷങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന അസാധാരണക്കാരാണ്; പ്രവാചകന്മാർ, ആൾദൈവങ്ങൾ, കൈനോട്ടക്കാർ, പ്രകൃതിചികിത്സകർ മുതലായവർ. തിരുമാനമെടുക്കാൻ പറ്റാതെ സ്തബ്ധരായി പോകുന്ന ഒരു ശരാശരി മനുഷ്യന്​ പരിഹാരം എന്ന വ്യാജേന നിഷ്ഫലമായ തിരുമാനകൾ വിൽക്കുന്നവരാണ് ഇപ്പറഞ്ഞവർ.

അനിശ്ചിതത്വത്തെ ഏതു വിധേനയും വിറ്റ്​ കാശാക്കുന്ന ഇവർ അനിശ്ചിതത്വം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ ശാസ്ത്രവും ചിന്തയും സാഹിത്യവുമെല്ലാം ഇവർക്ക്​പുച്ഛമായിരിക്കും. എന്നാൽ, ഈ പുച്ഛത്തിനിടയിലും ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും വിപണന സാധ്യത ഇവർ തേടും. അതിൽ അതിശോക്തിയൊന്നുംവേണ്ട. മുതലെടുപ്പാണ് ലക്ഷ്യമെങ്കിൽ പിന്നെ മാർഗത്തിന്​ പഞ്ഞമില്ലല്ലോ!

സയന്റിഫിക് റീസൺ

എന്നാൽ വ്യക്തമായ അറിവ് രൂപപ്പെടുത്തി അനിശ്ചിതത്വം കുറയ്ക്കുക എന്ന വിവേകപൂർണമായ തന്ത്രമാണ് ശാസ്ത്രം പയറ്റുക. അതിന്റെ ആദ്യപടിയായി, ശാസ്ത്രം മനുഷ്യസഹജമായ എല്ലാ ആശകളും പ്രതീക്ഷകളും സാമാന്യവൽക്കരണങ്ങളും ഗവേഷണത്തിൽനിന്നും അതിന്റെ രീതിശാസ്ത്രത്തിൽനിന്നും മാറ്റിനിർത്തുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, പ്രകൃതിയുടെ പ്രതിച്ഛായയിൽ മനസിന്റെ ഭാവങ്ങൾ ചേർത്തിളക്കരുതെന്ന മുന്നറിയിപ്പ് പാലിക്കുകയാണ് ശാസ്ത്രീയ അനേഷണത്തിനുവേണ്ട മുന്നൊരുക്കം.

ഈ മുന്നറിയിപ്പും അതിനെ പിൻചെല്ലുന്ന അറിവുമെല്ലാം ഒരു പരിധിവരെ അനിശ്ചിതാവസ്ഥയുടെ മൂർത്തഭാവങ്ങളെ മനസ്സിലാക്കുന്നതിൽ നമ്മെ സഹായിച്ചിട്ടുണ്ട്, അല്ലെങ്കിൽ സഹായിക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് നമ്മിൽ പലരും സയന്റിഫിക് റീസൺ എന്ന കുപ്പായം അണിയുന്നത്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യർ, ഒരു പരിധിവരെ, അനിശ്ചിതത്വത്തെ നേരിടാൻ കോലം കെട്ടാറില്ല. മറിച്ച്, ഒരു കോലംകെട്ടും ശാശ്വത പരിഹാരമല്ല എന്ന നിശ്ചയമാണ് അത്തരക്കാരെ നയിക്കാറ്.

എന്നിരുന്നാലും ചെറുതായിട്ടൊന്ന് ബുദ്ധിയോ ശക്തിയോ പകയ്ക്കുമ്പോഴേക്കും കോലം കെട്ടാനൊരുങ്ങുകയെന്നത് മനുഷ്യന്റെ സഹജവാസനയാണുതാനും.
തന്നെ പേടിപ്പെടുത്തുന്നതിനെ ഭയപ്പെടുത്തി കീഴ്​പ്പെടുത്തുക എന്നതാണ് എല്ലാ കോലംകെട്ടിന്റെയും ലക്ഷ്യം. നീണ്ടുകിടക്കുന്ന നെൽപ്പാടത്ത്​ വിള തിന്നുന്ന പക്ഷികളെ എങ്ങനെ ആട്ടിപ്പായിക്കാം എന്ന പ്രശ്നത്തിൽ നിന്ന് തുടങ്ങിയതാണ് മനുഷ്യന്റെ കോലംകെട്ടുകൾ.

​വിള തിന്നുന്ന പക്ഷികൾക്ക് കൃഷിക്കാരനെ പേടിയാണെന്ന ദൈനംദിന അറിവിൽനിന്നാണ് മനുഷ്യകോലംകുത്തി അവയെ പേടിപ്പിക്കാൻ കർഷകൻ തീരുമാനിക്കുന്നത്. അങ്ങനെ, കിടനാശിനികളും കളനാശിനികളും വരുന്നതിനുമുമ്പ് കോലം ഭയം എറിഞ്ഞ്​ പക്ഷികളെ പാടത്തുനിന്ന് ​മാറ്റിനിർത്തി. മറ്റൊരർത്ഥത്തിൽ ഓരോ കർഷകനും പേടിയെ, പക്ഷിയെ ഭയപ്പെടുത്തി തോൽപിച്ചു. ഒരുപക്ഷെ, നാം ഇന്നുതേടുന്ന ജൈവകൃഷിയുടെ ആദ്യഭാവം പേടിയുടെ ഈ നൈസർഗിക പ്രയോഗമാവാം.

എന്നാൽ, വയലിലെ ഈ കോലംകെട്ടിന് നിനയ്ക്കാത്ത ലാഭമുണ്ടായി. പകൽ പറക്കുന്ന പക്ഷികൾക്ക് കോലം പേടിയായിരുന്നുവെങ്കിൽ രാത്രി ഇരപിടുത്തതിനിറങ്ങുന്ന മൂങ്ങക്ക് ഓരോ കോലവും മൂങ്ങക്കോൽ ആയി വേഷംമാറി. ഓരോ പ്രാണിയെയും പറന്നുപിടിക്കുന്ന മൂങ്ങക്ക് അടുത്ത പ്രാണിക്കുവേണ്ടിയുള്ള വേണ്ടിയുള്ള കാത്തിരിപ്പിന് കോലം തോളൊരുക്കികൊടുത്തു, തലയും. രാത്രി മാത്രം പുറത്തിറങ്ങുന്ന മൂങ്ങ പകൽ പുറത്തിറങ്ങുന്ന കർഷകനെ കാണാനും അടുത്തറിയാനും ശ്രമിക്കാറില്ലല്ലോ. അതുകൊണ്ടുതന്നെ കർഷകനെ പേടിക്കാൻ അതിന് അവസരം കിട്ടിയില്ല.
സ്വാഭാവികം! കോലം മൂങ്ങയെ പേടിപ്പിച്ചില്ല. പക്ഷേ, കിളികൾ പേടിച്ചു, വിളവ് കൂടി. അങ്ങനെ മനുഷ്യൻ പ്രായോഗിക ബുദ്ധിയിലൂടെ വയലിലെ അനിശ്ചിതാവസ്ഥയെ നേരിടാൻ തുടങ്ങി.

എന്നാൽ, സാമൂഹിക ജിവിതത്തിലെ വെട്ടുകിളികളായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒപ്പം അവ ഉൽപാദിപ്പിക്കുന്ന അനിശ്ചിതാവസ്ഥയെയും പ്രതിരോധിക്കുന്നതിൽ വയൽവിട്ട് സമൂഹത്തിലെത്തിയ കർഷകൻ നന്നേ പരാജയപ്പെട്ടു.

വിളവിന്റെ നീക്കിയിരിപ്പിൽനിന്ന്​ ഭവനനിർമ്മാണം തുടങ്ങിയ മനുഷ്യരെ, പ്രത്യേകിച്ചും മലയാളിയെ, മറ്റൊരു ഭയം പിടികൂടി. തന്റെ നിർമാണത്തിലിരിക്കുന്ന വീടിന്​ അസൂയാലുക്കളുടെ കണ്ണേറ് കിട്ടുമോ എന്ന് മലയാളി പേടിച്ചു. ഈ പേടിയെ, കണ്ണേറിനെ നേരിടാൻ വയലിൽ വിജയകരമായി പരീക്ഷിച്ച കോലത്തെതന്നെ മലയാളി ആശ്രയിച്ചു. പണിതുടങ്ങിയ ഓരോ വീടിന്റെ മുൻപിലും കോലങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കേരളത്തിൽ കോലം താമസിക്കാതെ ഒരു വീടും ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

ഭവനനിർമാണത്തിലെ എല്ലാ അനിശ്ചിതാവസ്ഥയെയും കോലം തടുത്തുനിർത്തുമെന്നുള്ള നമ്മുടെ വിശ്വാസമാകാം ഒരു പക്ഷെ, എല്ലാ അനിശ്ചിതാവസ്ഥയെയും ‘കോലം കെട്ടി' നേരിടാൻ നമ്മെ ശീലിപ്പിച്ചത്. ഇതേ ശീലമാവാം ഈ കോവിഡുകാല അനിശ്ചിതാവസ്ഥ നേരിടാൻ ആൾദൈവത്തിന്റെയും പ്രകൃതിചികിത്സകളുടെയും കോലംകെട്ടിൽ ആശ്രയിക്കാൻ നമ്മെ നിർബന്ധിതരാകുന്നത്.

ചെറുജീവി സൃഷ്ടിച്ച പ്രതിസന്ധി

കോവിഡ് നമ്മുടെ സർവത്ര നിലയും തെറ്റിച്ചു. ജീവിതരീതിയെ, സാമൂഹിക ഇടപെടലുകളെ എല്ലാം അത് തിരുത്തി. വർഷങ്ങളുടെ തഴക്കത്തിൽനിന്ന് സ്വാഭാവികം എന്ന് കരുതി നമ്മൾ പരിചയപ്പെട്ടതെല്ലാം മാറ്റിവെക്കേണ്ടിവന്നു. ഒപ്പം, അസ്വാഭാവികം എന്നുകരുതിയ പലതും അടുത്തു പരിചയിച്ചും തുടങ്ങി. അപരനോടുള്ള ബന്ധങ്ങൾ മാത്രമല്ല, നമ്മുടെ സ്വന്തം ശരീരത്തിന്മേലുള്ള ഇടപാടുകൾ പോലും ഇനി ഭരണകൂടത്തിന്റെ മേൽനോട്ടത്തിലൂടെ മാത്രമേ സാധിക്കു എന്ന ദുരവസ്ഥയിലാണ് ആധുനിക ജനാധിപത്യവിശ്വാസികൾ.

കോവിഡിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ മൂന്ന് കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്, ഒന്ന്, സാമൂഹിക അകലം എത്ര നാൾ നീളും എന്ന് ഊഹിക്കാൻപോലും നമുക്കോ ഭരണകൂടത്തിനോ പറ്റുന്നില്ല. രണ്ട്, കോവിഡ് നമ്മിൽ വരുത്താൻ പോകുന്ന അസുഖങ്ങളുടെ പ്രത്യാഘാതം ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല. മൂന്ന്, ഈ പാൻഡെമിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമായ വാക്സിൻ വിദൂര സാധ്യതമാത്രമായി അവസാനിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ. ആധുനിക വിപണിയിലേക്കും സമൂഹത്തിലേക്കും വന്നുകയറിയത് ഒരു ചെറിയ ജീവി; പക്ഷെ നമ്മുടെ കൈയിലുള്ളത് ഒത്തവലുപ്പത്തിലുള്ള ഒരു മാസ്‌ക്കും ഒപ്പം വലിയ അനിശ്ചിതാവസ്ഥയും.

ഒരുകാലത്ത് മലബാറിലേക്ക് കുടിയേറിവർക്ക് ആന മുതൽ പാമ്പുവരെയുള്ള വന്യജീവികളെയാണ് അനുദിന ജീവിതത്തിൽ നേരിടേണ്ടിയിരുന്നതെങ്കിൽ അർബൻ കുടിയേറ്റക്കാരായ നമുക്ക് ഇന്ന് കാണാൻപോലും കിട്ടാനില്ലാത്ത ഒരു വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. മാസ്‌ക് കെട്ടി ഒരു ചെറിയ കോലംകെട്ട് നടത്തുകയാണ് നമ്മൾ. ഗതികെട്ട്, കോലംകെട്ടിന്റെ അവസാന അടവ് പോലും മലയാളി പ്രയോഗിച്ചു. ഉള്ളിൽ പേടി ചെണ്ടയടിക്കുമ്പോൾ ‘ഓ, ഒരുപക്ഷെ എനിക്ക്​ കോവിഡ് വന്നുപോയിക്കാണുമെന്ന്​' നമ്മൾ പരസ്പരം പറഞ്ഞാശ്വസിച്ചു. കോവിഡിനെതിരെ മലയാളി നിർമിച്ച ആദ്യ വാക്സിൻ ആണ് ഈ പറച്ചിൽ. ഒരുപക്ഷെ, അവസാനത്തേതും.

ചുരുക്കിപ്പറഞ്ഞാൽ, വയലിലായാലും വീട്ടിലായാലും അതുമല്ല കോവിഡാശുപത്രിയിലായാലും നമ്മൾ കോലംകെട്ടിയാണ് അനിശ്ചിതാവസ്ഥയെ അഭിവാദ്യം ചെയ്യാറ്. അതാണ് നമ്മുടെ ശീലം. സ്വല്പമെങ്കിലും നമ്മിൽ അവശേഷിക്കുന്ന സയൻഫിക് റീസൺ മാത്രമാണ് ഈ ശീലത്തിന് അപവാദം. എന്നാൽ അതുപയോഗിക്കുന്ന കാര്യത്തിൽ നല്ല നിശ്ചയമില്ലതാനും.

അനിശ്ചിതാവസ്ഥ എന്ന അനിവാര്യത

എന്നാൽ മനുഷ്യനെയും മനുഷ്യൻ കർതൃത്വം ഏറ്റെടുക്കുന്ന ശാസ്ത്രത്തെയുംകുറിച്ച്​ മറ്റൊരു അഭിപ്രായമാണ് തത്വശാസ്ത്രത്തിന്​. എത്രകണ്ട് ലോകത്തെക്കുറിച്ചുള്ള അറിവ് വാരിക്കൂട്ടിയാലും ശാസ്ത്രത്തിന് ഒരിക്കലും, അനിശ്ചിതാവസ്ഥയെ മാറ്റിനിർത്താൻ കഴിയില്ലെന്ന് തത്വശാസ്ത്രം വാദിക്കുന്നു. അനിശ്ചിതാവസ്ഥ മനുഷ്യന്റെ, മനുഷ്യബുദ്ധിയുടെ കൂടപ്പിറപ്പാണെന്നാണ് ആധുനിക തത്വശാസ്ത്രം (Modern Philosophy) പഠിപ്പിക്കുന്നത്. റെനേ ദെക്കാർത്തും (René Descartes) ഇമ്മാനുവേൽ കാന്റും (Immanuel Kant) മുതൽ ദെറിദ (Jacques Derrida) വരെയുള്ള ഓരോ ചിന്തകരും അനിശ്ചിതാവസ്ഥയെ കുറിച്ച്, ഒരേ ആശയമാണ് മുന്നോട്ടുവെക്കുന്നത്. അനിശ്ചിതാവസ്ഥ മനുഷ്യബുദ്ധിയുടെ അനിവാര്യ ഉൽപ്പന്നമാണെന്നാണ് ആധുനിക തത്വശാസ്ത്രം വാദിക്കുന്നത്.

റെനേ ദെക്കാർത്ത്

തന്നെയും തനിക്കു ചുറ്റിലുള്ള സകലതിനെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാൻ പരിശീലിപ്പിച്ചുകൊണ്ടാണ് ആധുനികചിന്തയ്ക്കും ആധുനിക സയൻസിനും ദെക്കാർത്ത് തിരികൊളുത്തുന്നത്. കാർട്ടീഷ്യൻ ജ്യോമെട്രി (Cartesian Geometry) പോലെത്തന്നെ കാർട്ടീഷ്യൻ സംശയങ്ങളും ലോകപ്രശസ്തമാണ്. വസ്തുക്കളെ കൃത്യമായി, സംശയത്തിന് ഇട നൽകാത്തവിധം രേഖപ്പെടുത്താനാണ് ദെക്കാർത്ത് ജോമെട്രിയിൽ ശ്രമിച്ചത്. മനുഷ്യന്റെ കണ്ണുകൾക്ക്, അല്ലെങ്കിൽ, നമ്മുടെ നോട്ടത്തിന്​ അതിന്റെ കൺവെട്ടത്ത്​ വരുന്നതിനേയെല്ലാം വസ്തുവാക്കി മാറ്റാൻ കഴിവുണ്ടെന്ന് ദെക്കാർത്ത് കണ്ടുപിടിച്ചു.

കേരളത്തിലെ ഓരോ പ്രാദേശിക ചായക്കടയിലും കുത്തിയിരുന്ന് വെടിപറയുന്നവർ അതിലൂടെ പോവുന്ന കുട്ടികളെയും സ്ത്രീകളെയുമൊക്കെ നോക്കി, അവരെ വെറും വസ്തുക്കളായി മാറ്റുന്നത് കണ്ടിട്ടില്ലേ. ഓരോ പ്രാദേശിക ചായക്കടകളും സദാചാരവാദവും അവിടുത്തെ പ്രധാന ചായക്കടിയായ നോട്ടങ്ങളും കാഴ്ചയുടെ, അല്ലെങ്കിൽ, ഒബ്ജെക്റ്റിഫിക്കേഷന്റെ വഴിപിഴച്ച ഒരു സാധ്യതയാണ്. ഒരു ശരാശരി ചായക്കട മുതൽ സിനിമാവ്യവസായത്തിൽ വരെ ഈ വഴിപിഴച്ച ഒബ്ജെക്റ്റിഫിക്കേഷൻ നടക്കുന്നുണ്ട്. അതുകൊണ്ടാണ്, പാർവ്വതിയും, കനി കുസൃതിയുമെല്ലാം അമ്മയും ഇടവേളയും ഇല്ലാത്ത സിനിമ വേണമെന്ന് വാശി പിടിക്കുന്നത്.

സംശയത്തിന്റെ നാടകത്തിൽനിന്ന് ഇടവേളക്ക് ഉറങ്ങിപ്പോയ ഒരു കഥാപാത്രം; മനുഷ്യൻ

വ്യക്തിയുടെ കാഴ്ച്ചയിൽ X & Y കോർഡിനേറ്റുകളെ കണ്ടെത്തിയാണ് ദെക്കാർത്ത് തീർത്തും വസ്തുനിഷ്ഠമായി വസ്തുക്കളെ അടയാളപ്പെടുത്തിയത്. ഇത് മനുഷ്യകാഴ്ചപ്പാടിന്റെ ഒരു സാധ്യതയാണ്. അതുകൊണ്ടുതന്നെ, ജ്യോമെട്രി ദെക്കാർത്തിന് മനുഷ്യകാഴ്ചപ്പാടിന്റെ (Human Perspective) ഏറ്റവും വലിയ സാധ്യതയാണ്.

എന്നിരുന്നാലും ലോകത്തിന്​ ഈ പറഞ്ഞ കോർഡിനേറ്റ്സുമായി യാതൊരു കരാറുകളുമില്ല. പക്ഷെ, ലോകവുമായുള്ള നമ്മുടെ കരാറുകൾ കൃത്യമായി ഉറപ്പിക്കാൻ കാർട്ടീഷ്യൻ കോർഡിനേറ്റ്സ് സഹായിക്കും. ഈ വിരുതാണ് ജ്യോമെട്രിയുടെ പൊരുൾ.

ജ്യോമെട്രിയിലേതുപോലെതന്നെ, മുൻവിധികൾ (presuppositions) പരമാവധി ഒഴിവാക്കിയാണ് ചിന്തയുടെ കോർഡിനേറ്റ്സി​നെയും അതുപയോഗിച്ചു നിർമിച്ചെടുക്കാവുന്ന തെളിവാർന്ന സത്യങ്ങളെയും ദെക്കാർത്ത് അന്വേഷിക്കുന്നത്. സംശയത്തെ മുൻനിർത്തിയാണ് അന്വേഷണമെങ്കിലും, അയൽക്കാരനെയും ഭാര്യയെയും ഭർത്താവിനെയുമെല്ലാം സംശയത്തോടെ നോക്കിക്കാണുന്ന ഒരു സംശയരോഗിയുടെ രീതിയല്ല ദെക്കാർത്ത് അവലംബിക്കുന്നത്. മറിച്ച്, സംശയം എപ്പോൾ നിർത്തണമെന്ന് ദെക്കാർത്തിന് നല്ല നിശ്ചയമുണ്ട്.

ഉറപ്പുള്ള ഒരു സത്യം കിട്ടുംവരെമാത്രം അവധാനപൂർവ്വം ശീലിച്ച ഒരു മാർഗ്ഗമാണ് സംശയം. കാഴ്ചയുടെ നോട്ടത്തിൽ X&Y കോർഡിനേറ്റ്സാ​ണ് ദെക്കാർത്ത് കണ്ടുപിടിച്ചതെങ്കിൽ മനുഷ്യന്റെ ഉൾക്കാഴ്ചയിൽ, ചിന്തയിൽ ചിന്തയുടേതല്ലാത്ത ഒരു അസാമാന്യ കൈയൊപ്പ് ദെക്കാർത്ത് കണ്ടെത്തി. ഈ കൈയൊപ്പിനെ, ചിന്തയുടെ മൂലക്കല്ലായി പ്രതിഷ്ഠിച്ചാണ് ദെക്കാർത്ത് ആധുനിക തത്വചിന്തക്ക്​ പച്ചക്കൊടി വീശുന്നത്. ദെക്കാർത്തിനെ സംബന്ധിച്ച് ദൈവമാണ് ഉൾക്കാഴ്ചയുടെ പ്രധാന കോർഡിനേറ്റ്. ദൈവമാണ് ചിന്തയുടെ മൂലക്കല്ലും മൂലധനവും.

ദെക്കാർത്ത് സംശയത്തെ പാതിവഴിയിൽ കൈവിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്മാനുവേൽ കാന്റ്, അനിശ്ചിതാവസ്ഥയുടെ ഏറ്റവും നല്ല കൈയൊപ്പായ ആധുനിക മനുഷ്യനെ തത്വചിന്തക്ക് പരിചയപ്പെടുത്തുന്നത്. ദൈവത്തെ മൂലക്കല്ലായി പ്രതിഷ്ഠിച്ച ദെക്കാർത്തിന് തെറ്റി എന്നാണ് കാന്റ് പറയുന്നത്. കാന്റിനെ സംബന്ധിച്ച് ദെക്കാർത്തും അദ്ദേഹം അവതരിപ്പിച്ച മനുഷ്യനും സംശയത്തിന്റെ നാടകത്തിൽനിന്ന് ഇടവേളയ്ക്ക് ഉറങ്ങിപ്പോയ ഒരു കഥാപാത്രമാണ്. സംശയം അവസാനിപ്പിക്കുന്നതിൽ ദെക്കാർത്തിന് സ്വൽപം തിടുക്കം കൂടിപ്പോയി എന്നാണ്​ കാന്റിന്റെ പക്ഷം.

ദൈവം ഉണ്ടോ അതോ ഇല്ലയോ എന്ന ചോദ്യത്തിന് അറുത്തുമുറിച്ച്, നിസംശയം പറയാവുന്ന ഉത്തരങ്ങളില്ലെന്ന് കാന്റ് ചൂണ്ടിക്കാണിച്ചു. ദൈവം ഒരു പ്രഹേളികയാണ്. ദൈവത്തിന്റെ അസ്തിത്വം മനുഷ്യബുദ്ധിക്ക് ഒരു വിരോധാഭാസവും.

ഇമ്മാനുവേൽ കാന്റ്

കാന്റിന്റെ ദൈവം ഒരിക്കലും ചിന്തയുടെയോ മനുഷ്യന്റെയോ അടിസ്ഥാനമല്ല. മറിച്ച് ചിന്തയുടെ വിഷയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന കോർഡിനേറ്റ്സ് ആണ്. ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചുപറയാൻ പറ്റാത്തതിനെ പിടിച്ചു അടിസ്ഥാനമാകാൻ ആധുനിക മനുഷ്യൻ തയാറല്ല. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ഉറപ്പില്ലാത്ത അടിസ്ഥാനത്തിൽ ഭവനം പണിയാനും അതിന്മേൽ കോലംകെട്ടിന്റെ ചുമരൊരുക്കാനും മടികാണിക്കുന്ന വിവേകിക്കുമാത്രമേ മനുഷ്യൻ എന്ന പേരിടാൻ ആധുനിക തത്വചിന്ത തയ്യാറാവൂ.

ചുരുക്കിപ്പറഞ്ഞാൽ, ഒന്നും ഉറപ്പിച്ചു പറയാൻ പറ്റാത്ത, ദൈവത്തെ പോലും സംശയനിഴലിൽ നിർത്തുന്ന ഒരു പുതിയ ജീവിയെയാണ് മനുഷ്യനെന്ന പേരിൽ ആധുനിക തത്വശാസ്ത്രം അവതരിപ്പിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവം വചനമാന്നെന്ന്​ വിശ്വസിച്ച വിശ്വാസിയെ പുറകോട്ടു മാറ്റിയിരുത്തി ഭാഷയും വചനവും മനുഷ്യസത്തയിൽമാത്രം വിരിയുന്ന അനുഭവങ്ങൾ ആന്നെന്ന്​ ആധുനിക ചിന്ത വാദിച്ചു. അതുവഴി, ഭാഷയുടെയും ഭാവനയുടെയും അതിർവരമ്പുകൾക്കപ്പുറമുള്ളതെല്ലാം മനുഷ്യന് എന്നെന്നേക്കുമായി അന്യം നിന്നവയാണെന്നു കാന്റ് ചൂണ്ടിക്കാട്ടി.

അതിരിനപ്പുറമുള്ളത്, അറിവിനപ്പുറമാണ്. ദൈവം ഉണ്ടോയെന്നോ ഇല്ലയെന്നോ തീർച്ചപ്പെടുത്താൻ ബുദ്ധിക്കാവില്ല. ഇത് നമ്മുടെ പരിമിതിയുടെ ആദ്യലക്ഷണമാണ്. ഈ ലക്ഷണത്തെ പ്രശ്നവത്കരിക്കുന്ന ലക്ഷണശാസ്ത്രമാണ് ആധുനിക തത്വചിന്ത. പക്ഷേ, മനുഷ്യബുദ്ധിയുടെ അനിശ്ചിതാവസ്ഥകൾ ഒരു കുറച്ചിലായി കരുതരുത്, മറിച്ചു അനിശ്ചിതാവസ്ഥ മനുഷ്യന് കരുത്തും കരുതലുമാണെന്നാണ് കാന്റിന്റെ വാദം.

ഉപദേശക സ്ഥാനം നഷ്ടമായ ദൈവശാസ്ത്രം

അറിവിന്റെ ഈ അനിശ്ചിതാവസ്ഥ ശാസ്ത്രം എത്രകണ്ട് വളർന്നാലും, എന്നെങ്കിലും ഒരിക്കൽ, മാറ്റിയെടുക്കാവുന്ന ഒരു ശോച്യാവസ്ഥയല്ല. പിന്നെയോ, ഈ അനിശ്ചിതാവസ്ഥയിൽ നിന്നാണ് മനുഷ്യൻ പുതിയ നിയമങ്ങളെയും പുതിയ അനുഭവത്തെയും തേടുന്നത്. മറ്റൊരർത്ഥത്തിൽ, അറിവിന്റെ അതിർത്തികൾ മനുഷ്യന് ഒരു അലങ്കാരമാണ്.

ദൈവങ്ങളുടെ അസ്തിത്വം സംശയത്തിന്റെ നിഴലിൽ ആയതോടെ ദൈവികമെന്നു കരുതി അംഗീകരിച്ചുപോന്ന നിയമങ്ങൾക്ക് പുതിയൊരു അടിത്തറ ആവശ്യമായിവന്നു. ആധുനിക മനുഷ്യൻ നിയമനിർമാണത്തിലും രാഷ്ട്രനിർമാണത്തിലും ദൈവത്തിന്റെ കോലങ്ങൾ എടുത്തുമാറ്റാൻ തീരുമാനിച്ചു. അങ്ങനെ, നിയമങ്ങൾക്കും നിയമങ്ങളുടെ ചട്ടക്കൂടുകൾക്കും ഭേദഗതികൾക്കും കാലാതീതമായ ഒരു മാനദണ്ഡം അന്വേഷിക്കുക നിർബന്ധമായി വന്നു. ദൈവങ്ങളിലെ ഉറപ്പില്ലായ്മയും പ്രകൃതിനിയമങ്ങളിലുള്ള അസംതൃപ്തിയും മനുഷ്യനെ ധാർമ്മികമായ അനിശ്ചിതാവസ്ഥയിലേക്ക് തുറന്നുവെച്ചു.

മരണത്തെ തോൽപിച്ച ദൈവികനിയമങ്ങൾ മരണത്തെച്ചുറ്റിപ്പറ്റി ജീവിക്കുന്ന ആധുനിക മനുഷ്യന് ഭൂഷണമല്ല. അതുകൊണ്ടുതന്നെ, നീതിയെ കുറിച്ചുള്ള അന്വേഷണത്തിൽ ദൈവശാസ്ത്രത്തെ ഉപദേശക സ്ഥാനത്തിരുത്താൻ ആധുനികചിന്ത തയാറായില്ല. പ്രകൃതി നിയമങ്ങൾ തികച്ചും യാദൃച്ഛികവും മാറ്റത്തിന് വിധേയവുമായതിനാൽ അവയും ഒരു ഉത്തമമാതൃക അല്ലാതെ വന്നു. അങ്ങനെ അനിശ്ചിതാവസ്ഥയിൽ വിയർത്തും ആ വിയർപ്പിൽ ജീവിതം ഭക്ഷിച്ചുമാണ് ആധുനിക മനുഷ്യൻ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ, ജീവനവും അതിജീവനവും ആധുനിക മനുഷ്യന് ഒരു പ്രശ്നമാണ്.

നമ്മൾ ഇതുവരെ കണ്ടത്, അനിശ്ചിതാവസ്ഥയെ മുൻനിർത്തി മനുഷ്യൻ അറിവിന്റെയും അനുഭുതിയുടേയുമെല്ലാം അതിർവരമ്പ് അന്വേഷിക്കുന്നതും, ചിലപ്പോഴൊക്കെ ആ വരമ്പുമാന്താൻ ശ്രമിക്കുന്നതുമൊക്കെയാണ്.

അറിവിന്റെയും അനുഭവത്തിന്റെയും അതിർത്തി അനേഷിക്കുക, അവയെ കൃത്യമായി രേഖപ്പെടുത്തുക എന്നിവയാണ് കാന്റിനെ സബന്ധിച്ച്​തത്വശാസ്ത്രത്തിന്റെ പ്രധാന കടമകൾ. അറിയാനുള്ള തൃഷ്ണ യുക്തിയുടെ അതിരുഭേദിക്കുമ്പോഴാണ് ഭൂരിഭാഗം പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് കാന്റ് പറഞ്ഞുവെച്ചു, നമ്മിൽ ഭൂരിഭാഗംപേരും ഇങ്ങനെ അതിരുചാടി കോലംകെട്ടുന്നവരാണ്. അല്ലെങ്കിലും ഓരോ അതിരുചാട്ടങ്ങളും ഓരോ കോലംകെട്ടുകൾതന്നെയാണല്ലോ!.

ശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും പറ്റിയ തെറ്റ്

എന്നാൽ ഇതൊന്നുമല്ലാതെ, അനിശ്ചിതാവസ്ഥയെ നമ്മുടെ, അതായത്, മനുഷ്യരുടെ അറിവിന്റെയും അനുഭവത്തിന്റെയും ഉപോത്പന്നം എന്ന രീതിയിലല്ലാതെ, സമീപിക്കാൻ പറ്റുമോ എന്ന ചോദ്യം ഈ അടുത്തകാലത്തായി ഒരുകൂട്ടം ചിന്തകർ മുന്നോട്ടുവെക്കുകയുണ്ടായി. അവരെ സംബന്ധിച്ച്​, കാന്റിന്റെ മുഖവുരയോടെ തുടങ്ങുന്ന എല്ലാ ചിന്താപദ്ധതികളും ശുദ്ധ കോലംകെട്ടാണ്. ഈ കോലംകെട്ടലുകളിൽനിന്നു തത്വചിന്തയെയും സ്വതന്ത്രമാകുന്നതിൽ പ്രധാനിയാണ് ക്വണ്ടിൻ മെയിലസു (Quentin Meillassoux).

അനിശ്ചിതാവസ്ഥയെ പഠിക്കുന്നതിൽ ശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും കാതലായ തെറ്റുപറ്റി എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. മെയിലസുവിന് അനിശ്ചിതാവസ്ഥ ഒരു മാനുഷിക പ്രശ്നമല്ല, മറിച്ച്​, പ്രകൃതിയുടെ ഒരു അവസ്ഥയാണ്. ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെയും മനുഷ്യന്റെയും കൈയൊപ്പില്ലാതെ പ്രകൃതിയെ പഠിക്കാൻ കിട്ടുന്ന സുവർണാവസരമാണ്.

പ്രകൃതിയുടെ അല്ലെങ്കിൽ ദ്രവ്യത്തിന്റെ തനതുസ്വഭാവമാണ് ഓരോ അനിശ്ചിതാവസ്ഥയിലുടെയും വെളിവാകുന്നത്. പലപ്പോഴും വളർത്തുദോഷംകൊണ്ട് വെളിവുപോയ നമുക്ക്, അനിശ്ചിതാവസ്ഥ അറിവിന്റെ പരിമിതിയായി (Epistemological Problem) തോന്നുന്നതാണ്. നമ്മുടെ വെളിവ് നശിപ്പിക്കുന്നത് പ്രധാനമായും രണ്ടുകാര്യങ്ങളാണ്: ഒന്ന് മതം, രണ്ട്, മതത്തിൽ നീലം മുക്കിയുടുത്ത ആധുനിക തത്വചിന്ത. ഇവ രണ്ടും പ്രകൃതിയെ നമ്മുടെ അനുഭവത്തിന്റെയും അറിവിന്റെയും വിഷയമാകുന്നതിൽനിന്ന് തടയിടുന്നു.

പ്രകൃതി ദൈവത്തിന്റെ കൃതിയാന്നെന്ന് മതവും അതിനെ പിൻചെല്ലുന്ന ആധുനികതത്വശാസ്ത്രവും നന്നേ ചെറുപ്പത്തിലേ നമ്മെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈ തെറ്റിദ്ധാരണയുടെ കുടുക്ക് പൊട്ടിക്കുക അത്ര എളുപ്പമല്ല. ഇനി ദൈവത്തെക്കൂടാതെ എന്തെകിലും പ്രകൃതിയിൽ ഉണ്ടായാൽതന്നെ അത് പ്രകൃതിയുടെ വികൃതിയായി ചിത്രീകരിക്കാനാണ് ദൈവാരാധകർക്കിഷ്ടം.

ഇത്തരത്തിലുള്ള തന്നിഷ്ടത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായി പ്രകൃതിയുടെ തനിസ്വഭാവങ്ങൾ നമ്മുടെ ശ്രദ്ധയിൽപെടാതെ പോകുന്നു. അതുകൊണ്ടാണ്, അനിശ്ചിതാവസ്ഥയിൽ പ്രകൃതിയുടെ സ്രഷ്ടാവെന്ന് കരുതി നമ്മൾ ദൈവത്തെ വിളിക്കുന്നത്. എന്നാൽ അനിശ്ചിതാവസ്ഥയെ പ്രകൃതിയുടെ അനന്തസാധ്യതകളുടെ നോട്ടീസായി കാണാനാണ് മെയിലസുവിനിഷ്ടം. ശാസ്ത്രത്തിനും തത്വചിന്തയ്ക്കും സുപരിചിതമായ പ്രോബ്ലം ഓഫ് ഇൻഡക്ഷനാണ് (Problem of Induction) അനിശ്ചിതത്വത്തെ പ്രകൃതിയുടെ ഭാവമായി പഠിക്കാൻ മെയിലസു തിരഞ്ഞെടുക്കുന്നത്.

ഒരു പ്രതിഭാസത്തിന്റെ ഒന്നിലധികമുള്ള ആവർത്തനങ്ങളെ ക്രോഡീകരിച്ചു പൊതുവായ നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുന്ന രീതിയെയാണ് ഇൻഡക്റ്റീവ് മെത്തേഡ് (Inductive Method) എന്ന് വിളിക്കുന്നത്. എന്നാൽ ഇങ്ങനെ രൂപീകരിക്കുന്ന തത്വങ്ങളെയും നിയമങ്ങളെയും ന്യായീകരിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടാണ് പ്രോബ്ലം ഓഫ് ഇൻഡക്ഷൻ.

ഇൻഡക്റ്റീവ് മെത്തേഡിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നിയമങ്ങൾക്ക് കറകളഞ്ഞ ഒരു ന്യായീകരണം അസാധ്യമാണെന്നാണ് തത്വശാസ്ത്രത്തിൽ ഇന്ന് പൊതുവെ ധാരണ. തോറ്റുപോയവന്റെ ജൽപനം എന്ന രീതിക്ക് ചിലരൊക്കെ ‘എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ന്യായീകരിക്കുന്നത്' എന്നൊക്കെ ചോദിക്കും. ചിലർക്ക് ശാസ്ത്രം ഇൻഡക്ഷനെ ഉപയോഗിക്കുന്നില്ല അതുകൊണ്ടുതന്നെ ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാട് എടുത്ത്​ പിലാത്തോസ് കളിക്കും.

എന്നാൽ ഈ കള്ളക്കളികളിലൊന്നും മെയിലസുവിന് താല്പര്യമില്ല. അദ്ദേഹത്തിന് പ്രോബ്ലം ഓഫ് ഇൻഡക്ഷൻ ശാസ്ത്രവും തത്വചിന്തയും പര്യവേക്ഷണം ചെയ്യാതെ മാറ്റിവെച്ച ഒരു വലിയ അറിവിലേക്കുള്ള വാതായനമാണ്. എന്തുകൊണ്ട് ഇൻഡക്ഷൻ ഒരു പ്രശ്നം​ ആകുന്നു എന്ന ചോദ്യത്തിന് മെയിലസു ലളിതമായ ഒരു ഉത്തരമാണ് കൊടുക്കുന്നത്. വീഴുന്ന പത്തുപതിനാറു ആപ്പിളുകളുടെ വീഴുന്ന രീതിയും ഭാരവും പതനത്തിന്റെ വേഗതയും പരിശോധിച്ച് ഗുരുത്വാകർഷണം എന്ന ഒരു നിയമം ന്യൂട്ടൻ ഉണ്ടാക്കുന്നു. ഗുരുതാകർഷണം കണ്ണുകൊണ്ടു കാണാൻ പറ്റാത്ത ഒരു ആകർഷണം ആയതിനാൽ അതിനെ നമുക്ക് തെളിവിട്ടുറപ്പിക്കേണ്ടിവരുന്നു. എന്നാൽ ആപ്പിളിന്റെ വീഴ്ച​ വിശദീകരിക്കാൻ ഉപയോഗിച്ച ഗുരുതാകർഷണം എന്ന സങ്കൽപം (Presupposition) നമുക്ക് നിരുപാധികമായി (unconditional) തെളിയിക്കാൻ പറ്റുന്നില്ല.

അതുകൊണ്ടുതന്നെ ഇൻഡക്ഷനിലുടെ രൂപപ്പെടുത്തുന്ന തത്വങ്ങളെയും നിയമങ്ങളെയും ഒരു സാർവ്വലൗകിക (universal) നിയമമായി മുന്നോട്ടു വെക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. ഇനിയാണ് ഇൻഡക്ഷൻ എങ്ങനെ ഒരു പ്രശ്‌നമാകുന്നു എന്ന ചോദ്യത്തിന് മെയിലസു ഉത്തരം തരുന്നത്. നമുക്ക് ചിരിവരുന്ന ഉത്തരമാണ് അദ്ദേഹത്തിന്റെത്. പക്ഷേ, ഈ ചിരിയുടെ കാരണവും മിയ്യ്ലാസു പറഞ്ഞുതരും.

നിസ്സംശയം ഉറപ്പിച്ചുപറയാവുന്ന സാർവലൗകികമായ ഒരു നിയമവും പ്രകൃതി മുന്നോട്ട് നീട്ടാത്തതുകൊണ്ടാണ് ഇൻഡക്ഷൻ നമുക്ക് ഒരു പ്രശ്നമായി മാറുന്നതെന്നാണ് മെയിലസുവിന്റെ ഉത്തരം. നമ്മുടെ വെളിവുകേടിന്റെ ഉത്തരവും കഴുക്കോലുമിളക്കുന്നുണ്ട് മെയിലസുവിന്റെ ഉത്തരം. ഒരുപക്ഷെ, നമ്മുടെ താൽപര്യം കെടുത്തുന്ന ഒരു ഉത്തരമാണിത്. പ്രകൃതിക്ക് അതിന്റെ എല്ലാ നിയമങ്ങളും കണ്ടിജന്റ്‌റാണ് (contingent) ആണ്. ദൈവസന്നിധിയിൽ ഗൃഹപാഠം ചെയ്തിട്ടൊന്നുമല്ല പ്രകൃതി സൃഷ്ടി നടത്തുന്നത്. നിയമങ്ങൾ നിർമിക്കുന്നതിലും പാലിക്കുന്നതിലും തന്നിഷ്‌ഠക്കാരനാണ് പ്രകൃതി. പ്രകൃതി സ്വൽപം കുറുമ്പുള്ള ഒരു കുട്ടിയാണ്. ചുരുക്കിപ്പറഞ്ഞാൽ, കണ്ടിജൻസിയാണ് പ്രകൃതിയുടെ ആകൃതി. അതാണ് അതിന്റെ സ്വഭാവം.

പ്രകൃതി അതുതന്നെ നിർമിച്ച നിയമങ്ങളെയും അതിന്റെ തന്നെ സ്വഭാവത്തെയും അപനിർമിച്ചുകൊണ്ടാണ് സമയം ചെലവഴിക്കുന്നത്. നിമിഷം ചെല്ലതോറും പ്രകൃതിയിൽ സങ്കീർണത കൂടിക്കൂടിവരുന്നു. മറ്റൊരർത്ഥത്തിൽ, പ്രകൃതി അതിന്റെ സമയം സങ്കീർണതകളെ നിർമിച്ചുകൊണ്ടാണ് ചെലവഴിക്കുന്നത്. തെർമോ ഡയനാമിക്കൽ ആശയമായ എൻട്രോപ്പി (entropy) ഇത്തരം സങ്കീർണതകളുടെ ചിത്രമാണ് വരക്കുന്നത്. പ്രകൃതി അതിന്റെ കണികകളെ വ്യത്യസ്തമായ മൈക്രോ സ്റ്റേറ്റുകളിലൂടെ സങ്കീർണമായി, എന്നാൽ നിർബന്ധങ്ങളോ പ്രത്യേകിച്ച് ഉദ്ദേശ്യങ്ങളോ ഒന്നുംതന്നെയില്ലാതെ ക്രമീകരിക്കുന്നു.

പ്രകൃതിയുടെ ഈ സമയംകൊല്ലലിൽ അല്ലെങ്കിൽ ഈ ക്രമീകരണത്തിൽ നിലവിലുള്ള നിയമങ്ങൾ വെറും മഴവില്ലുപോലെ മാഞ്ഞുപോയേക്കാം. പ്രകൃതി ആദ്യമായി ആറ്റത്തിൽനിന്ന്​ തന്മാത്രയിലേക്ക് രൂപം മാറിയപ്പോൾ പുതിയ നിയമങ്ങളും പുതിയ സ്വഭാവവും നിർമിച്ചെടുത്തു. പഴയതിന്റെ തനിയാവർത്തനം അല്ല ആറ്റത്തിൽനിന്ന്​ മോളിക്യൂളിലേക് മാറ്റിച്ചവിട്ടുമ്പോൾ പ്രകൃതി നടത്തുന്നത്.

മോളിക്യൂളിൽനിന്ന്​ മനുഷ്യബുദ്ധിയിലേയ്ക്കുള്ള എടുത്തുചാട്ടം തികച്ചും നവീനമായ മറ്റൊരു മാറ്റമാണ്. ഇത്തരത്തിലുള്ള ഓരോ ചാട്ടത്തിലൂടെയും പ്രകൃതി ആകസ്​മികമായി പുതുമയെ നിർമിച്ചെടുക്കുകയാണ്. ചുരുക്കത്തിൽ മൗലിക മാറ്റങ്ങൾ പ്രകൃതിയുടെ സ്വഭാവംതന്നെയാണ്.

അതിനാൽ, അറിവിന്റെ ഓരോ അനിശ്ചിതാവസ്ഥയും പ്രകൃതിയുടെ തനിസ്വഭാവം വിളിച്ചറിയിക്കുന്നു. ആറ്റത്തിൽനിന്ന്​ തന്മാത്രയിലേക്കും, തന്മാത്രയിൽനിന്ന്​ സാർവലൗകിക നിയമങ്ങൾ തേടുന്ന മനുഷ്യബോധത്തിലേക്കും കളം മാറിച്ചവിട്ടുന്ന പ്രകൃതിയുടെ അടുത്ത അതീവസങ്കീർണമായ സാധ്യത എന്തായിരിക്കും? ഈ സാധ്യതയെ ചിന്തിച്ചെടുക്കുക എന്നതാണ് മെയിലസുവിന്റെ ശ്രമങ്ങളിലൊന്ന്.

ദൈവം, ഏറ്റവും സങ്കീർണമായ സാധ്യത

പക്ഷേ, മെയിലസുവിനെ സംബന്ധിച്ച് ഈ സാധ്യതയെ ശാസ്ത്രീയമായി ചിന്തിക്കാൻ സമ്മതിക്കാതിരിക്കുക എന്നതാണ് ദൈവശാസ്ത്രവും അതിനെ പിൻചെല്ലുന്ന ആധുനിക തത്വചിന്തയും ചെയ്യുന്നത്. പ്രകൃതിയുടെ ഏറ്റവും ഒടുവിലത്തെ മാക്രോസ്റ്റേറ്റ് എന്ന് വിളിക്കാവുന്ന, ഏറ്റവും സങ്കീർണമായ സാധ്യതയാണ് ദൈവം. സർവശക്തനും സർവവ്യാപിയുമാണല്ലോ ദൈവം. പക്ഷെ, ദൈവത്തെ ദൈവശാസ്ത്രം പ്രകൃതിക്ക് മുന്നേ രൂപംകൊണ്ട ജീവിയായി പ്രതിഷ്ഠിക്കുന്നു. അതുവഴി ചിന്തയുടെ ഒരു വലിയ സാധ്യതതന്നെ അടഞ്ഞുപോയി.

യഥാർത്ഥത്തിൽ പ്രകൃതി ദൈവത്തിന്റെ സ്രഷ്ടാവും നമ്മൾ ജനിക്കാൻ സാധ്യതയുള്ള ദൈവത്തിന്റെ പൂർവപിതാക്കന്മാരുമായിരിക്കെ നേരെ മറിച്ചുള്ള കെട്ടുകഥയാണ് മതങ്ങൾ പറയുന്നത്. ഒരുപക്ഷെ, അവസാനം മാത്രം സാധ്യമാവുന്ന, ഏറ്റവും സങ്കീർണമായ മാക്രോസ്റ്റേറ്റ് ആണ് ദൈവം. ചുരുക്കി പറഞ്ഞാൽ, ഓരോ അനിശ്ചിതാവസ്ഥയും ദൈവത്തിന്റെ ജനത്തിലേക്ക് പ്രകൃതിയെ അടുപ്പിക്കുന്ന സങ്കീർണമായ സാദ്ധ്യതകളാണ്.

ദൈവം ഉണ്ടായിട്ടില്ല എന്നെ മെയിലസുവിനു ഉറപ്പുള്ളു. പക്ഷെ, ഉണ്ടാവുമെന്ന് ഉറപ്പൊന്നും ഇല്ല. ഉണ്ടാവണമെന്ന് നിർബന്ധമൊന്നുമില്ല. എന്നുവെച്ച്​, ഉണ്ടായില്ലെങ്കിൽ കുഴപ്പവും ഇല്ല. ഉണ്ടായാൽ നന്ന്. അത്രമാത്രം എന്നിരുന്നാലും, ഉണ്ടാവുകയാണെങ്കിൽ അത് നമുക്കു ശേഷമേ ഉണ്ടാകു എന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. നിരീശ്വരവാദികളെയും ഈശ്വരവിശ്വാസികളെയും മാത്രം പരിചയിച്ച നമുക്ക് പെ​​ട്ടന്ന് ദഹിക്കാൻ പറ്റാത്ത ഒരു സുവിശേഷമാണ് മെയിലസുവിന്റെത്. ഒരു ചിന്തകന്റെ സുവിശേഷം ആണ് അത്. ഇനിമുതൽ ചിന്തയുടെ സുവിശേഷമാണ് തത്വശാസ്ത്രം.

നമുക്ക്, സ്വതവേ, ദൈവം ആരാധനാപാത്രവും മതം ദൈവാരാധകരുടെ കൂട്ടവുമാണല്ലോ. സിനിമാനടന്മാരുടെ ഫാൻസ് ക്ലബ് പോലെയാണ് മതം. ആരാധനാമൂർത്തയെ ചോദ്യംചെയ്താൽ കൊലപാതകം വരെ നടന്നേക്കാം. ദൈവം എന്നും മതത്തിന് ഒരു ആരാധനാപാത്രം മാത്രമാണ്. എന്നാൽ, അമിതാരാധനയില്ലാതെ ദൈവത്തെ സമീപിക്കാനുള്ള ഒരു മാർഗമാണ് മെയിലസു തുറന്നുതരുന്നത്. മതത്തിന്റെയും വർഗീയവാദത്തിന്റെയും കോലം കെട്ടലുകൾ ഇല്ലാതെ ദൈവത്തെ സമീപിക്കാൻ ഇനി അവശേഷിക്കുന്ന ഏക മാർഗ്ഗം, ഒരുപക്ഷെ, തത്വശാസ്ത്രം മാത്രമായിരിക്കും.

ഈശ്വരവിശ്വാസിയുടെയും നിരീശ്വരവാദിയുടെയും നിത്യജീവിതത്തിന്റെ ഭാഗമായ ദൈവത്തെ പ്രകൃതിയുടെ ഭാഗമാക്കുകയാണ് മെയിലസുവും നവീനതത്വചിന്തയും. ഇനി ദൈവത്തിലേക്കുള്ള വഴി വിശ്വാസം മാത്രമല്ലെന്ന് തെളിയുന്നു. എന്നാൽ വഴിതെളിക്കുന്നത് ദൈവശാസ്ത്രവും മതവുമല്ല, മറിച്ച് പ്രകൃതിയെയും അതിന്റെ തനതുഭാവമായ അനിശ്ചിതാവസ്ഥയെയും ശ്രദ്ധവെയ്ക്കുന്ന നവീന തത്വശാസ്ത്രമാണ്. ദൈവത്തിൽനിന്നുള്ള വഴിക്കല്ല നമ്മളും പ്രകൃതിയും. പ്രകൃതിയുടെ വഴിക്കാണ് ദൈവം.

അനിശ്ചിതാവസ്ഥകൾ നമ്മുടെ അറിവിന്റെയും അഭ്യാസത്തിന്റെയും കിതപ്പുമാത്രമല്ല, പുതുമയിലേക്കുള്ള പ്രകൃതിയുടെ നടത്തം കൂടിയാണ്. പക്ഷേ, അനിശ്ചിതാവസ്ഥകൾ ചിന്തയുടെയും അനുഭവത്തിന്റെയും വിഷയമായി മാറണമെങ്കിൽ കോലംകെട്ടലുകൾ നമ്മൾ അവസാനിപ്പിച്ചേപറ്റൂ. അനിശ്ചിതാവസ്ഥയോടുള്ള ഭയം നമ്മുടെ പ്രതിരോധശക്തിയെ മാത്രമല്ല അനുഭവത്തെത്തന്നെയും കാർന്നുതിന്നും. അനിശ്ചിതാവസ്ഥകളോട് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കോലംകെട്ടലുകൾ ഒഴിവാക്കിയുള്ള ജാഗ്രത.

Comments