സർക്കാർ സ്ഥാപനങ്ങളിൽ പുൽക്കൂട് പണിയാമോ ?

മതേതരത്വം എന്ന വാക്കോ, ലക്ഷ്യമോ ഒരു മതഗ്രന്ഥത്തിലും ഇല്ല. അതുകൊണ്ട് മതേതരത്വം എന്നത് ഒരു മതപരമായ വിഷയമോ ലക്ഷ്യമോ അല്ല- അതു രാഷ്ട്രീയമായ ഒരു വിഷയമാണ്. അതുകൊണ്ട് മതേതരത്വം എന്ന് കേൾക്കുമ്പോഴേ "ഇന്ത്യൻ മതേതരത്വം എന്നാൽ മതനിരാസമല്ല" എന്ന പതിവു ഡഫനിഷനുമായി മതങ്ങൾ ഓടി വരണ്ടതില്ല. കാരണം അതു മതങ്ങൾക്ക് മനസിലാക്കാവുന്ന ഒരു പദമല്ല.

ഭൗതികലോകത്തിന്റെ മരുഭൂമിയ്ക്കും സഭയാകുന്ന പൂന്തോട്ടത്തിനുമിടയിലെ വേർതിരിവിന്റെ ചുറ്റുമതിൽ (wall of separation between the garden of the church and the wilderness of the world) സഭ പൊളിച്ചുകളഞ്ഞിരിക്കുന്നു എന്നും അങ്ങനെ സഭയെ ദൈവം ഒരു മരുഭൂമിയാക്കിമാറ്റി എന്നും ആദ്യമായി പറഞ്ഞത് 1644-ൽ വില്ല്യം റോജർ എന്ന സുവിശേഷകനാണ്.

ചർച് ഓഫ് ഇംഗ്ലണ്ടിന്റെ അധാർമിക രാഷ്ട്രീയ ഇടപെടലുകളും അഴിമതിയും കണ്ട് മടുത്തിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഈ മഹാഅപരാധത്തിന്റെ പേരിൽ അദ്ദേഹത്തിന് ഇംഗ്ലണ്ട് വിട്ടുപോകേണ്ടിവന്നു.

1791-ൽ അമേരിക്കൻ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി പ്രാഥമികമായും ഇതേ പ്രശ്നം കൈകാര്യം ചെയ്യുന്നതിനായിരുന്നു. അമേരിയ്ക്കൻ ഫെഡറൽ ഗവർണമെന്റിനോ, സ്റ്റേറ്റ് ഗവണ്മെന്റുകൾക്കോ ഏതെങ്കിലും മതത്തെ അനുകൂലിച്ചോ നിരോധിച്ചുകൊണ്ടോ നിയമവും നിലപാടുകളും എടുക്കുന്നതിനെ ഒന്നാം ഭേദഗതി വിലക്കു കൽപ്പിക്കുന്നു. ഭരണഘടന നിലവിൽവന്നതിന്റെ രണ്ടുവർഷത്തിനുള്ളിൽ ഇത്രയും നിർണായകമായ ഒരു ഭേദഗതി നടത്തി എന്നത് ശ്രദ്ധേയമാണ്. ഇത് വിശദീകരിച്ചുകൊണ്ട്, മൂന്നാമത്തെ യു.എസ്. പ്രസിഡന്റ്‌ തോമസ് ജഫേഴ്സൺ, ഡാൻബറി ബാപ്റ്റിക് അസോസിയേഷന് എഴുതിയ കത്തിലെ പ്രശസ്തമായ "wall of separation between the church and the state' എന്ന പ്രയോഗം മതേതരസമൂഹം എന്ന സ്വപ്നലക്ഷ്യത്തിലേയ്ക്കുള്ള യാത്രചെയ്യുന്ന എല്ലാ മനുഷ്യസ്നേഹികളുടെയും വേദവാക്യമാണ്.

വർഷങ്ങൾക്കുശേഷം ഈ ഭരണഘടനാ ഭേദഗതിയെ അടിസ്ഥാനമാക്കി 1962-ൽ യു.എസ്. സുപ്രീം കോടതി ജസ്റ്റിസ് ഹ്യൂഗോ ബ്ലാക് നിർണായകമായ ഒരു വിധിപ്രസ്താവം നടത്തുകയുണ്ടായി. സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഏതെങ്കിലും ദൈവത്തോട് പ്രാർഥന നടത്തുന്നത് അനുവദനീയമല്ല എന്നതായിരുന്നു വിധി. ഹ്യൂഗൊ ബ്ലാക്കിന്റെ അവസ്ഥയും വില്യം റോജറുടേതിൽ നിന്നും വ്യത്യസ്ഥമായിരുന്നില്ല- രാജിവച്ചില്ലെങ്കിൽ ഹ്യൂഗോയെ ഇമ്പീച്ച് ചെയ്യണമെന്ന് അഭിഭാഷരടക്കം പ്രതിഷേധപ്രകടനങ്ങൾ നടത്തി.

അവിടെയും പ്രസിഡന്റ് സഹായത്തിനെത്തി. വിശ്വാസമുള്ളവർ വീടുകളിലും സമൂഹമായി പ്രാർഥിക്കണമെങ്കിൽ പള്ളികളിലും ആകുന്നതാണ് അഭികാമ്യം എന്നും സുപ്രീം കോടതിയെ മാനിയ്ക്കണമെന്നും പ്രസിഡന്റ് കെന്നഡി ജനങ്ങളെ ഉദ്ബോധിപ്പിച്ചു. സർക്കാർ ഇടങ്ങളുടെയും ദൈവത്തിന്റെയും ഇടയിൽ മതിൽ പണിയുന്നതിൽ വിജയിച്ച ഒരു ഭരണഘടനയാണ് അമേരിയ്ക്കൻ ഭരണഘടന. (അമേരിയ്ക്കൻ ജനത മതേതരസ്വഭാവമുള്ളവരാണെന്ന് വിവക്ഷയില്ല)

ഇന്ന് ഇന്ത്യയിൽ ഈശ്വര പ്രാർഥനയില്ലാത്ത ഏതെങ്കിലും സർക്കാർ സ്കൂളുകൾ ഉണ്ടോ എന്ന് അറിയില്ല. മതേതരത്വം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലെ ഒന്നാമത്തെ പ്രതിലോമകരമായ പ്രവൃത്തിയാണത്. അവിടെ ഒരു നാസ്തികന്റെ അവകാശത്തിന് ഒരു വിലയും ഇല്ലേ? അതോ നാസ്തികനായി ഒരു കുട്ടി വളരുന്നതിനെ നമ്മുടെ സ്റ്റേറ്റ് അനുകൂലിയ്ക്കുന്നില്ല എന്നാണോ?

മതേതരത്വം എന്ന വാക്കോ, ലക്ഷ്യമോ ഒരു മതഗ്രന്ഥത്തിലും ഇല്ല. അതുകൊണ്ട് മതേതരത്വം എന്നത് ഒരു മതപരമായ വിഷയമോ ലക്ഷ്യമോ അല്ല- അതു രാഷ്ട്രീയമായ ഒരു വിഷയമാണ്. അതുകൊണ്ട് മതേതരത്വം എന്ന് കേൾക്കുമ്പോഴേ "ഇന്ത്യൻ മതേതരത്വം എന്നാൽ മതനിരാസമല്ല' എന്ന പതിവു ഡെഫനിഷനുമായി മതങ്ങൾ ഓടിവരണ്ടതില്ല. കാരണം അത് മതങ്ങൾക്ക് മനസിലാക്കാവുന്ന ഒരു പദമല്ല.

1976 ലെ ഇന്ത്യൻ ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. (ഇതേ വിഷയത്തിൽ അമേരിക്കൻ ഭരണഘടനഭേദഗതി നടത്തി 177 വർഷം കഴിഞ്ഞ്). സെക്യൂലറിസം എന്നതിന്റെ ഡെഫനിഷന്റെ ചർച്ച പാർലമെന്റിൽ നടക്കുന്ന സമയത്ത് പൊതുവായി അംഗീകരിക്കപ്പെട്ട പ്രയോഗം "സർവധർമ സമഭാവന' എന്ന ഉപനിഷദ് വാക്യമാണ്.

മതസൗഹാർദത്തെ സംബന്ധിച്ച് ഇത്രയും പൊള്ളയായ മറ്റൊരു വാക്കും ഇല്ലെന്നതാണ് യാഥാർഥ്യം. എന്റെ ധർമഗ്രന്ഥം മേത്തരമാണെന്നും, എന്റെ ദൈവം ഏറ്റവും വലിയ ദൈവമാണെന്നും, എന്റെ പ്രവാചകൻ അവസാനത്തേതാണെന്നും, ഞങ്ങൾ മാത്രം സ്വർഗത്തിൽ പോകുമെന്നും, പറയാത്ത ഏതെങ്കിലും മതമുണ്ടോ? പ്രത്യേകിച്ച് സെമറ്റിക് മതങ്ങൾ. മറ്റു മതത്തെ രണ്ടാമതായി കാണാത്ത ഏത് മതമാണുള്ളത്? താണ ജാതിക്കാരനെ മൃഗത്തിലും ഹീനമായി കാണുകയും മനുഷ്യസ്ത്രീയെ കാണുകപോലും വേണ്ടാത്ത ദൈവങ്ങളുള്ള "ആർഷഭാരത സംസ്കാരവും', സെമറ്റിക് മതങ്ങളും തങ്ങളുടേതല്ലാത്ത എന്തിനെയും തരംതാണതായി കാണുന്ന പൊതുസ്വഭാവമുള്ളവരാണ്- ഈ വിഷയത്തിൽ എല്ലാവരെയും ഒരേ നുകത്തിൽ കെട്ടാവുന്നതാണ്.

മതങ്ങൾ തന്നെ തമ്മിൽതമ്മിൽ സമഭാവന പുലർത്താത്തപ്പോൾ "സർവധർമ സമഭാവന' ഭാവനയിൽ മാത്രമേ സാധ്യമാകൂ. എന്തായാലും രാജ്യസഭയിലെ ചർച്ചയിൽ ഈ പദപ്രയോഗം നീക്കപ്പെടുകയുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് നാരായണഗുരുവിന്റെ വാക്കുകൾ ഓർക്കേണ്ടത്. മനുഷ്യനോട് നന്നാകാൻ പറഞ്ഞത് വെറുതെയല്ല. മതമേതായാലും വേണ്ടില്ല. എന്നുവച്ചാൽ ഒരു സാമൂഹികപ്രാധാന്യവും ഇല്ലാത്ത ഒന്നായി മതവും വിശ്വാസവും മാറേണ്ടിയിരിക്കുന്നു. അത് ഒരു സ്വകാര്യ ഇടപാടായി മാറണം. നല്ല മുനുഷ്യനെയാണ് സമൂഹത്തിനാവശ്യം, വെറും ഒരു മതവിശ്വാസിയെയല്ല.

ഇന്ത്യയിൽ മതങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്, ഇനി വേണ്ടത് മതങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.

ലോകത്തിൽ ഇന്നുവരെ നിലനിന്നതിൽ ഏറ്റവും ശക്തമായ മതരാഷ്ട്രമായിരുന്നു ഫ്രാൻസ്. മരണവും ജനനവും കത്തോലിക്ക പള്ളിയിൽ രജിസ്റ്റർ ചെയ്യണമായിരുന്നു, സ്ഥലം വില്പനയും വാങ്ങലും പള്ളിയിൽ രേഖപ്പെടുത്തണമായിരുന്നു, വിദ്യാഭ്യാസം പള്ളിയുടെ നിർദേശപ്രകാരമായിരുന്നു- നീതിന്യായ വ്യവസ്ഥ കർദിനാളന്മാരുടെ അധീനതയിൽ ആയിരുന്നു. പക്ഷേ, സെക്യൂലറിസിന്റെ പാതയിൽ ഇന്ന് ഫ്രാൻസ് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും മുന്നിൽ എത്തിനിൽക്കുന്നു. അതുകൊണ്ട് അമിത മതസ്വാധീനമുള്ള സമൂഹങ്ങൾ സെക്യൂലർ ആയി മാറുന്നത് സാധ്യമല്ല എന്ന ധാരണ തെറ്റാണ്. (ഇപ്പോൾ ഫ്രാൻസിൽ ഇസ്‌ലാമിനോട് പ്രത്യേകാൽ ശത്രുതയുണ്ട് എന്നത് മറക്കുന്നില്ല)

യൂറോപ്പിൽ ഏകമതത്തിൽ നിന്നും സ്റ്റേറ്റിനെ മോചിപ്പിച്ചതുപോലെ ഇന്ത്യൻ പശ്ചാത്തലത്തിൽ അത് ബുദ്ധിമുട്ടാണ് എന്നതു ശരി തന്നെ. രാവിലെ നിലവിളക്കു കത്തിയ്ക്കുന്നതുതൊട്ട് ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ആചാരവും അനുഷ്ഠാനങ്ങളും മതവിശ്വാസവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അതിസങ്കീർണമായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ wall of separation എളുപ്പമല്ല. ഹൈന്ദവമത ആചാരങ്ങളെ സെക്യുലർ ആയി വെള്ളപൂശുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ പരിപാടിയും ഒരുവശത്ത് തകൃതിയായി നടക്കുന്നു.

സർക്കാർ സ്കൂളിൽ ഈശ്വര പ്രാർഥന പാടില്ലെന്ന് വിധിപറഞ്ഞ അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് ഹ്യൂഗോ ബ്ലാക്, ബാപ്റ്റിസ്റ്റ് ചർച്ചിലെ ഒരു സൺഡേ സ്കൂൾ അധ്യാപകനായിരുന്നു എന്നതാണ് രസകരമായ കാര്യം! ഇതെങ്ങനെ സാധ്യമാകുന്നു എന്നാണ് പഠിക്കേണ്ടത്. സെക്യുലറിസം എന്നുപറഞ്ഞാൽ നിരീശ്വരവാദമാണെന്ന് മതങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം കൊടുക്കുന്നതാണ് എന്ന നിർവചനവുമായി മതങ്ങൾ രംഗത്ത് വരുന്നത് അതുകൊണ്ടാണ്.

ഇന്ത്യ സെക്യുലറിസത്തിന്റെ പാതയിൽ ഒരു പരിണാമഘട്ടത്തിലാണ്. സാമൂഹികജീവിതത്തിൽ നിന്നും സ്വകാര്യജീവിതത്തിലേയ്ക്ക് മതങ്ങൾ പിൻവാങ്ങുന്നതുവരെ മതേതരത്വം ഫലപ്രദമായി പ്രായോഗികമാകുകയില്ല.

മതങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രീതി, അത് തുല്യമായാലും, വിശേഷാൽ ആണെങ്കിലും അത് മതേതരത്വം എന്ന സങ്കൽപത്തിൽ നിന്ന് പിന്നോട്ടുള്ള യാത്രയാണ്. ശാസ്ത്രീയ വിദ്യാഭ്യാസം കൊണ്ടും ശാസ്ത്രബോധം വളർത്തിയും ജനതയെ മുന്നോട്ടുനയിക്കാൻ സ്റ്റേറ്റിനു കഴിയണം.

പഴകിയ മതമൂല്യങ്ങൾ തിരികെ കൊണ്ടുവന്ന് ആചാരങ്ങളിൽ മത-ദൈവിക പരിവേഷങ്ങൾ കൊടുക്കുന്നവർ പുരോഗമനസമൂഹത്തിലെ പുഴുക്കുത്തുകളാണ്. അത്തരക്കാർക്ക് ഇപ്പോൾ നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് മാറണം.

ചുരുക്കത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ ഭരണഘടന വിഭാവനംചെയ്യുന്ന മതേതരത്വം പുലരാൻ ഇനിയും കുറെ കാത്തിരിയ്ക്കേണ്ടിവരും- എന്നുവച്ചാൽ, ശാസ്ത്രബോധമുള്ള ഒരു തലമുറ ജനിയ്ക്കുന്നകാലം വരെ!

യൂറോപ്പിലെ ക്രിസ്തുമസ് ആഘോഷം മതപരമായ ആഘോഷമല്ല. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായ സ്വീഡനിലെ ഭീമാകാരമായ വയ്ക്കോൽ ആടിനും, ഫിൻലാൻഡിലെ സാന്റാക്ളോസിനും ക്രിസ്തുവുമായോ ബൈബിളുമായോ ഒരു ബന്ധവുമില്ല. നമ്മുടെ ഓണത്തിനും മതവുമായി കാര്യമായി ബന്ധമില്ലായിരുന്നു. പക്ഷേ, ആ സാഹചര്യം മാറിവരുന്നു.

അതുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ പുൽക്കൂട് പണിയാമോ എന്നു ചോദിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പാടില്ലെന്നാണ് എന്റെ അഭിപ്രായം.

പക്ഷേ, അത് നടപ്പാക്കേണ്ടത് ഒരു മതമൗലിക വാദിയല്ല - മതേതര സർക്കാരാണ് എന്ന് മാത്രം.


Summary: മതേതരത്വം എന്ന വാക്കോ, ലക്ഷ്യമോ ഒരു മതഗ്രന്ഥത്തിലും ഇല്ല. അതുകൊണ്ട് മതേതരത്വം എന്നത് ഒരു മതപരമായ വിഷയമോ ലക്ഷ്യമോ അല്ല- അതു രാഷ്ട്രീയമായ ഒരു വിഷയമാണ്. അതുകൊണ്ട് മതേതരത്വം എന്ന് കേൾക്കുമ്പോഴേ "ഇന്ത്യൻ മതേതരത്വം എന്നാൽ മതനിരാസമല്ല" എന്ന പതിവു ഡഫനിഷനുമായി മതങ്ങൾ ഓടി വരണ്ടതില്ല. കാരണം അതു മതങ്ങൾക്ക് മനസിലാക്കാവുന്ന ഒരു പദമല്ല.


സജി മാർക്കോസ്​

എഴുത്തുകാരൻ, യാത്രികൻ. ബഹ്​റൈനിൽ ജോലി ചെയ്യുന്നു.

Comments